Sunday, November 28, 2010

എന്‍ഡോ സള്‍ഫാന്‍; പഠനമല്ല പരിഹാരമാണവശ്യം

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കശുമാവിന്‍ തോട്ടത്തില്‍ തളിച്ചു വന്നിരുന്ന കീടനാശിനി എന്‍ഡോ സള്‍ഫാന്‍ ആളുകള്‍ക്ക് വരുത്തി വെച്ച ദുരിതങ്ങളെ ക്കുറിച്ചോ അത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന ദൂരവ്യാപകമായ വിപത്തകളുടെ വ്യാപ്തിയെക്കുറിച്ചോ ഇനിയും ചര്‍വ്വിതചര്‍വ്വണം നടത്തേണ്ട ആവശ്യമില്ല. അത് പകല്‍ വെളിച്ചം പോലെ എല്ലാവര്‍ക്കും അനുഭവബേധ്യമായ യാഥാര്‍ത്ഥ്യമാണ്. എന്നിട്ടും എന്‍ഡോ സള്‍ഫാന്‍ നിര്‍മ്മാതാക്കള്‍ക്കിനിയുമത് ബോധ്യപ്പെട്ടിട്ടില്ലങ്കില്‍ അവരുടെ കച്ചവട താത്പര്യവും ലാഭക്കൊതിയും കൊണ്ടാണത്. ഇനിയും അത് കണ്ടെത്താനാവാത്ത ശാസ്ത്രജ്ഞരുണ്ടങ്കില്‍ അതവര്‍ക്ക് കിട്ടുന്ന കൈമടക്കിന്റെ കനം കൊണ്ടാണ്. ഉറപ്പില്ലാത്ത സര്‍ക്കാറുകളോ മന്ത്രിമാരോ ഉണ്ടങ്കില്‍ അതവര്‍ക്ക് കുത്തകകളോടുള്ള വിധേയത്വം കൊണ്ട് മാത്രമാണന്നേ പറയാനുവൂ. നിസാര നേട്ടങ്ങള്‍ക്കായി യാതൊരു വിശമവും അനുഭവിക്കുന്നില്ലെന്ന് ആര്‍ക്കോ വേണ്ടി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് സാക്ഷ്യപ്പെടുത്തുന്ന ചില പാവം തൊഴിലാളികള്‍. അവരുടെ കുടുംബത്തില്‍ ഇതിന്റെ വിശമം പ്രത്യക്ഷമാവുന്നത് ഒരു പക്ഷേ അവരുടെ കാല ശേഷമായിരിക്കുമെന്നത് അവരറിയുന്നില്ല. അവര്‍ക്കെന്ത് ഹിരോഷിമയും നാഗസാക്കിയും ഭോപ്പാലും. അല്ലാതെ മനുഷ്യത്വം മരവിച്ചട്ടില്ലാത്തവര്‍ക്കാര്‍ക്കും ഈ വിപത്തിനെതിരെ മുഖം തിരിക്കാനാവില്ല.

2003 ല്‍ ഈ വിനീതന്‍ ജനറല്‍ സെക്രട്ടറിയായിരിക്കെ സമസ്തകേരള സുന്നി യുവജനസംഘം ജില്ലാ കമ്മിറ്റിയാണ് ജില്ലയിലാദ്യമായി സംഘടിത പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്. ജില്ലയിലൊട്ടുക്കും എന്‍ഡോ സള്‍ഫാന്‍ നിരോധിക്കണമെന്നും ദുരിതബാധിതരെ പുനരാധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒപ്പു ശേഖരണവും പ്രചരണവും സംഘടിപ്പിച്ചു. അതിന്റെ ഉദ്ഘാടനം പെര്‍ളയില്‍ വെച്ച് കേന്ദ്ര അക്കാദമി അവാര്‍ഡ് ജേതാവ് ആര്‍ട്ടിസ്റ്റ് ശ്രീ പുണിഞ്ചിത്തായാണ് നിര്‍വ്വഹിച്ചത് പിന്നീട് ഇതേ ആവശ്യത്തിന് ധര്‍ണ്ണ സംഘടിപ്പിക്കുകയും ശേഖരിച്ച ഒപ്പുകളടങ്ങുന്ന നിവേധനം കളക്ടര്‍ക്ക് നല്‍കുകയും ചെയ്തു . ഇത് പല രാഷ്ട്രീയ, സാമൂഹ്യ സംഘടനകള്‍ക്കും പ്രക്ഷോഭ രംഗത്ത് കടന്ന് വരാന്‍ ഹേതു വായതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. എന്‍ഡോ സള്‍ഫാന്‍ വിഷയത്തില്‍ പുതിയ പുതിയ അന്വേഷണ നാടകങ്ങള്‍ നടത്തി ദുരിതബാധിതരെ അപമാനിക്കുന്ന സാഹചര്യം ഉണ്ടാവുകയോ അതിന് ഭരണകൂട സഹായമോ നീക്കമോ, ഉണ്ടാവാനോ പാടില്ല. ഈ വിഷയത്തില്‍ തീര്‍ത്തും ബോധപൂര്‍വ്വ സമീപനം സര്‍ക്കാറുകള്‍ കൈക്കൊള്ളണ്ടത് അനിവാര്യമാണ്. ജനങ്ങളുടെ നിലനില്‍പ്പിനാവശ്യമായ നടപടികള്‍ കൈകൊള്ളുക എന്നതാണ് അല്ലാതെ അവരെ ഉന്‍മൂലനം ചെയ്യുകയോ ജീവഛവങ്ങളാക്കുകയോ ചെയ്യുന്നതിന് സഹായകമായി വര്‍ത്തിക്കുക എന്നതല്ലാല്ലോ ജനാധിപത്യസംവിധാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഏതൊരു സര്‍ക്കാറിന്റെയും ബാധ്യത.

എന്‍ഡോ സള്‍ഫാന്റെ നിര്‍മാണവും ലഭ്യതയും ഉപഭോഗവും പൂര്‍ണ്ണമായും നിരോധിക്കുകയും അത് നടപ്പില്‍ വരുത്തുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുകയുമാണ് വേണ്ടത് ദുരിതബാധിതരെ സമ്പൂര്‍ണ്ണമായി പുനരധിവസിപ്പിക്കണം. ചികിത്സ, വിദ്യാഭ്യാസം........ അങ്ങിനെ ആവശ്യമായതല്ലാം അവര്‍ക്ക് ലഭ്യമാക്കുകയും ജീവിതം മുന്നോട് കൊണ്ട് പോകുന്നതിനാവശ്യമായ ചുറ്റുപാടുകള്‍ ഏര്‍പ്പെടുത്തികൊടുക്കുകയും ചെയ്യണം. നിര്‍മ്മാതകളോട് അര്‍ഹമായ നഷ്ടപരിഹാരം വാങ്ങികൊടുക്കാനുള്ള ബാധ്യത സര്‍ക്കാറുകള്‍ക്കുണ്ട് അവരതിന് മുതിരാത്ത പക്ഷം മനുഷ്യാവകാശ കമീഷനോ ജുഡീഷ്യറിയോ ഇടപ്പെട്ട് കൊണ്ട് ആവശ്യമായത് ചെയ്യേണ്ടത് അനിവാര്യമാണ്.

ഇതൊരു മനുഷ്യത്വത്തിന്റെ വിഷയമാണ് ഇതിനെ രാഷ്ട്രീയ വിഴുപ്പലക്കലുകള്‍ക്കും അവരവരുടെ രാഷ്ട്രീയ നേട്ടത്തിനും വിനിയോഗിക്കുന്നത് മഹാപാതകമാണ് അത്‌കൊണ്ട് തന്നെ രാഷ്ട്രീയ വൈരവും കക്ഷി വ്യത്യാസവും മറന്ന് കൂട്ടായ നീക്കം ഈ കാര്യത്തില്‍ ഉണ്ടാവണം ദുരിതബാധിതരെ സമര പന്തലുകളിലും പാര്‍ട്ടി പരിപാടികളിലും പ്രദര്‍ശിപ്പിച്ച് മുതലെടുപ്പ് നടത്തുന്നതും ജനം തിരസ്‌ക്കരിച്ച തങ്ങളുടെ ആദര്‍ശത്തിന് കമ്പോളമുണ്ടാക്കുന്നതും കടുത്ത അപരാധമാണ് . ആ പാവങ്ങളെ അപമാനിക്കലുമാണ്. ജില്ലയിലെ ജനങ്ങള്‍ എല്ലാം മറന്ന് ഈ ദുരന്തത്തിനെതിരെ, വിപത്തിനെതിരെ ആഞ്ഞടിക്കുക. തീര്‍ച്ചയായും പ്രതിരോധത്തിന് ഉപായങ്ങള്‍ കണ്ടെത്തുന്നവര്‍ ഗത്യന്തരമില്ലാതെ മാളത്തിലേക്ക് വലിയും. കൂട്ടായ പ്രതിഷേധാ ഗ്നിയില്‍ കത്തിച്ചാമ്പലാവാത്ത കുത്തകകളുണ്ടോ? നമ്മുക്കാവശ്യപ്പെടാനുള്ളതിതാവണം. എന്‍ഡോ സള്‍ഫാന്‍ പഠനമല്ല പരിഹാരമാണ് ആവശ്യം

കടപ്പാട് :മുഹിമ്മാത്ത്.കോം


Sunday, November 14, 2010

ഹാജി



(ബുദ്ധി ജീവിയും സഞ്ചാര സാഹിത്യകാരനുമായ മൈക്കൽ വൂൾഫ്‌ അബ്ദുൽമാജിദിന്റെ ഹജ്ജ്‌ യാത്രാ അനുഭവത്തിൽ നിന്ന്‌)

നീ അവർക്ക്‌ ഹജ്ജ്‌ വിളംബരം ചെയ്യുക. എല്ലാ മലയിടുക്കുകളിൽ നിന്നും കാൽനടയായും മെലിഞ്ഞൊട്ടിയ ഒട്ടകങ്ങളേറിയും അവർ വന്നെത്തും(ഖുർആൻ).

ഹാജി ആത്മ സമർപ്പണത്തിന്റെ ശ്രേഷ്ഠനാമമാണ്‌. ലളിതമായ വസ്ത്രം ധരിച്ച്‌ ജീവിതം പാതിവഴിയിൽ ഉപേക്ഷിച്ച തീർത്ഥാടകനുമേൽ വിശ്വാസത്തിന്റെ വെളിച്ചം പകർന്ന പേര്‌. മോക്ഷത്തിലേക്കുള്ള പലായന വഴിയെ ശരീരത്തിന്റെ അംഗചലനത്തിലൂടെ സുത്രായമാക്കിയെടുത്ത ദൈവദാസന്റെ വിളിയാളം. അമരിക്കൻ ബുദ്ധിജീവിയും സഞ്ചാരസാഹിത്യകാരനുമായ മൈക്കൽ വൂൾഫ്‌ അബ്ദുൽമാജിദിന്റെ വാക്കുകളിൽ... ഹജ്ജ്‌ അധികമാളുകൾക്കും പൂർണതയുടെ സാഫല്യമാണ്‌. എനിക്കതൊരു തുടക്കമായാണ്‌ അനുഭവപ്പെട്ടത്‌. കേട്ടതൊന്നുമായിരുന്നില്ല കണ്ടത്‌. പ്രത്യക്ഷദൃഷ്ടിയിൽ പതിഞ്ഞതൊന്നുമായിരുന്നില്ല ഹൃദയം അറിഞ്ഞത്‌. കഅ‍്ബ അറിഞ്ഞതിലും ആഗ്രഹിച്ചതിലും അപ്പുറമാണ്‌. ഒരേസമയം ശരീരത്തിന്റെയും ആത്മാവിന്റെയും ലയനം. പുറമെ വ്യാപാരവും ജീവിതവും തുടിച്ചുനിൽക്കുമ്പോൾ തന്നെ ജഢത്തിനുമപ്പുറത്തേക്ക്‌ ഹാജി യാത്രയാകുന്നു. ഇഹ്‌റാമിന്റെ വസ്ത്രങ്ങളിൽ അയാൾ ജീവിതം പാതിവഴിയിൽ ഉപേക്ഷിക്കുന്നു. രണ്ട്‌ തുണ്ട്‌ തുണി. ഒന്നുകൂടി ചേർന്നാൽ അവസാന യാത്രക്കുള്ളതായി. ഹജ്ജ്‌ ഒരേ സമയം ശരീരത്തിന്റെയും ആത്മാവിന്റെയും അയനമാണ്‌.
ലേഖനം തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക


Saturday, November 13, 2010

ധർമപക്ഷത്ത്‌ സംഘം ചേരുക

എൻ എം സ്വാദിഖ്‌ സഖാഫി

നേരും നെറികേടും ഒന്നല്ല, രണ്ടാണെന്ന്‌ വിളിച്ചുപറയുന്നത്‌ പോലും ധീരമായ ഇടപെടലായി വിവക്ഷിക്കുംവിധം തിന്മ ആധിപത്യമുറപ്പിച്ച സാമൂഹിക സാഹചര്യത്തിൽ നന്മക്കുവേണ്ടി ഉയർത്തുന്ന ശബ്ദങ്ങൾക്കും കുറിച്ചിടുന്ന അക്ഷരങ്ങൾക്കും പ്രപഞ്ചത്തോളം തന്നെ പ്രസക്തിയുണെ‍്ടന്ന്‌ എസ്‌ എസ്‌ എഫ്‌ കരുതുന്നു. തിരുത്താനും ചോദ്യങ്ങളുയർത്താനും കഴിയാതെ കാൽമുട്ട്‌ വിറക്കുന്നവർക്ക്‌ മലയാളത്തിൽ ധാർമികവിപ്ലവം സൃഷ്ടിച്ച എസ്‌ എസ്‌ എഫിന്റെ മുന്നേറ്റങ്ങളിൽ അസൂയയോ അമ്പരപ്പോ ഉണ്ടാകുമെങ്കിലും മനുഷ്യത്വത്തിന്റെ അർഥം തന്നെ ചോദ്യം ചെയ്യപ്പെടുംവിധം അധാർമികതകളിൽ അഭിരമിക്കുന്ന കൗമാര -യൗവനത്തെ നേരിന്റെ വഴിയിലേക്ക്‌ കൈപ്പിടിച്ചുയർത്താൻ ഒരിക്കൽകൂടി കർമസജ്ജമാവുകയാണ്‌; കൂടുതൽ ഉണർവുള്ള ഒരു സംഘടനാവർഷത്തെക്കൂടി മുന്നിൽ കണ്ട്‌.

അല്ലാഹുവിന്റെ പ്രതിനിധിയായിട്ടാണ്‌ മനുഷ്യൻ ഭൂമിയിൽ വരുന്നത്‌. ഉത്കൃഷ്ട ശീലങ്ങളെയും സംസ്കാരങ്ങളെയുമാണ്‌ അവർ പ്രതിനിധാനം ചെയ്യുന്നത്‌. ജീവിതത്തിന്റെ മുഴുവൻ വ്യവഹാരങ്ങളിലും നന്മയുടെ ഭാഗം അടയാളപ്പെടുത്തിക്കൊണ്ടാണ്‌ ഇന്നത്തെ മനുഷ്യൻ നാളത്തെ ചരിത്രത്തിന്റെ ഭാഗമാകേണ്ടത്‌. അനിവാര്യമായ ഈ പ്രാതിനിധ്യത്തിൽ കളങ്കം വീഴ്ത്തുന്നത്‌ മനുഷ്യത്വത്തിന്റെ അസ്തിത്വം ചോദ്യം ചെയ്യപ്പെടാൻ കാരണമാകും. അപ്പോൾ മൂല്യങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന ഏതൊരു പ്രസ്ഥാനത്തിനും നിർവഹിക്കാനുള്ളത്‌ ജീവൽ പ്രധാന ദൗത്യമാണ്‌.

സംഘടിക്കുന്നത്‌ പലതിനും പരിഹാരമാണ്‌. അരുതായ്മകളോട്‌ രാജിയാവാനാവാത്ത സുമനസ്സുകൾക്ക്‌ തീർച്ചയായും അതിൽ ആശ്വാസമുണ്ട്‌. വൃത്തികേടുകൾ വ്യാപിക്കുന്ന സാമൂഹികാവസ്ഥയെക്കുറിച്ചോർത്ത്‌ സ്വയം പഴിക്കുന്നതിനു പകരം, സമൂഹത്തിലേക്ക്‌ തിരിക്കപ്പെട്ട മനസ്സുള്ളവർ ഒരു പ്ലാറ്റ്ഫോമിൽ ഒന്നിക്കട്ടെ. തീക്ഷ്ണമായ വിചാരങ്ങളാൽ അലയടിക്കുന്ന മനസ്സുകളിൽനിന്ന്‌ ഉയർന്നുവരുന്ന ആസൂത്രണങ്ങൾക്കും തന്ത്രങ്ങൾക്കും എന്തുകൊണ്ടും ചിലരുടെയെങ്കിലും വിചാരഗതിയെ വഴിതിരിച്ചു വിടാനാകും. രാഷ്ട്രീയമായും സാമൂഹികമായും ധാർമികമായും ഇതിനു പ്രസക്തിയുണ്ട്‌. സംഘടനാ മുന്നേറ്റങ്ങളിലൂടെ ജനതയുടെ ഗതി തിരിച്ചുവിട്ടവരാണ്‌ പിൽക്കാലങ്ങളിൽ നവോത്ഥാന, പരിവർത്തന മേഖലയിൽ വാഴ്ത്തപ്പെട്ടത്‌. നീതികേടുകളെ നോക്കി അടങ്ങിയിരിക്കുന്നിടത്തു നിന്നാണ്‌ സ്വയം നാശത്തിന്റെ അധ്യായങ്ങൾ ആരംഭിക്കുന്നത്‌. അനീതിക്കും അധർമങ്ങൾക്കുമെതിരെ മൗനിയാകുന്നതിലെ അനർഥങ്ങളെ വിശുദ്ധ ഖുർആൻ ചൂണ്ടിക്കാണിക്കുന്നു. ഒരു കൂട്ടം ആളുകളുടെ ദുർനടപ്പുകൾ മൂലം സമൂഹം ഒന്നടങ്കം നശിച്ചുപോകാനിടയാകുന്നതിനെക്കുറിച്ച്‌ ഖുർആൻ മൂന്നാര്റിയിപ്പ്‌ നൽകുന്നു. അധർമങ്ങളെയോർത്ത്‌ മനംനൊന്തിരിക്കുന്നവരോട്‌ നിങ്ങളെന്തുകൊണ്ട്‌ പ്രതികരിച്ചില്ലെന്ന്‌ ഇസ്ലാം ചോദിക്കുന്നു. അധർമങ്ങൾക്കു നേരെ ഉന്നംവച്ച അർഥമുള്ള വാക്കുകൾക്കുപോലും ആയിരം വെടിയുണ്ടകളുടെ പ്രഹരശേഷിയുണെ​‍ടന്ന്‌ ആവേശം കൊള്ളിക്കുന്നു. നീതികേട്‌ കാണിക്കുന്നവന്റെ മുഖത്തു നോക്കി നിർഭയം ചോദ്യങ്ങൾ എറിയുന്നത്‌ ശ്രേഷ്ഠമായ ജിഹാദാണെന്ന്‌ ഇസ്ലാം പഠിപ്പിക്കുന്നു.

തിന്മകളുടെ ആധിക്യത്താൽ ഇരുൾമുറ്റിയ സമൂഹത്തെ പ്രകാശിപ്പിക്കാൻ പ്രാപ്തമായ ഇലാഹീ സന്ദേശങ്ങൾ കൈവശം വെച്ചുപോകുന്നവർ സടകുടഞ്ഞെഴുന്നേൽക്കാനും സംഘടിച്ച്‌ മുന്നേറാനുമാണല്ലോ ഖുർആൻ ആഹ്വാനം ചെയ്യുന്നത്‌. സമകാലത്തെ മുസ്ലിം മുഖ്യധാര സംഘടിത ശക്തിക്കൊപ്പമാണെന്ന്‌ ആർക്കുമറിയാം. ഇന്ത്യാ രാജ്യത്ത്‌ ജീവിക്കുന്ന സത്യവിശ്വാസികൾ സംഘടിക്കുന്നത്‌ രാജ്യത്തിന്റെ മതേതര കാഴ്ചപ്പാടുകളെ കൂടുതൽ പ്രസക്തമാക്കുകയാണ്‌ ചെയ്യുന്നത്‌. അധർമങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ മാനുഷികമൂല്യങ്ങളിൽ വിശ്വസിക്കുന്നവരെല്ലാം നമുക്കൊപ്പമുണ്ട്‌. വർഗീയത, വംശീയത, ലഹരി, ലൈംഗിക അരാജകത്വം തുടങ്ങിയ വ്യക്തി-സമൂഹ-കുടുംബ മേഖലകളിലൊട്ടാകെ ഇരുട്ടുപരത്തുന്ന ദുർഗുണങ്ങൾക്കെതിരെ പൊരുതുവാനാണ്‌ നാം സംഘടിക്കുന്നത്‌.പലതരം അസ്വസ്ഥതകളാൽ മുഖ്യധാരയിൽനിന്ന്‌ ഒറ്റപ്പെട്ടുപോയവർ നമുക്കിടയിലുണ്ട്‌. സേവനത്തിലോ, സംഘടിക്കുന്നതിലോ മാത്രമല്ല ജീവിക്കുന്നതിൽ പോലും താത്പര്യമില്ലാത്തവർ. ഈ അവസ്ഥകളെ ചൂഷണം ചെയ്യുന്നത്‌ ആത്മശത്രുവായ പിശാചാണ്‌. കൂട്ടം തെറ്റിയവരെ തിരഞ്ഞുപിടിക്കുകയാണ്‌ പിശാചിന്റെ ജോലി. അവരിൽ കുറ്റവാസനകൾ മുളപ്പിക്കുന്നു.

സ്നേഹം, കരുണ, ആർദ്രത തുടങ്ങിയ സദ്ഗുണങ്ങളെ ഉള്ളിൽ നിന്നും പറിച്ചുകളയുന്നു. തിരുത്താനും ഉപദേശിക്കാനും ആരും തന്നെ സമീപിക്കേണ്ടതില്ലെന്ന നിശ്ചയത്തിലായിരിക്കുമവർ. മനുഷ്യനെ നാനാർഥത്തിൽ കൊള്ളയടിക്കുന്നവനു മാത്രമേ ഇത്തരക്കാരിൽ പ്രവേശനമുള്ളൂ. ആദർശം, ആത്മീയത, അറിവ്‌ തുടങ്ങി സർവവും കൊള്ളക്കാർക്കു വഴങ്ങും. വെളുക്കെ ചിരിച്ച്‌, വിമോചനത്തിന്റെ രസതന്ത്രങ്ങളുമായി തങ്ങളെ സമീപിക്കുന്നവരുടെ തനിനിറം മനസ്സിലാക്കാൻ ഈ അസംഘടിതർക്കു കഴിയുന്നില്ല. പ്രവാചകൻ മുഹമ്മദ്‌(സ)യുടെ സദുപദേശം പ്രസക്തമാവുകയാണിവിടെ: 'നിങ്ങൾ സംഘടിക്കണം, സംഘടനക്കൊപ്പം നിൽക്കണം, കാരണം കൂട്ടംതെറ്റിയ ആടിനെയാണ്‌ ചെന്നായ പിടികൂടാറുള്ളത്‌.'

ചെന്നായയെപ്പോലെ മനുഷ്യരിൽ ഇരയെത്തേടി അലയുകയാണ്‌ പിശാച്ച്‌. കൂട്ടത്തിൽ നിന്ന്‌ തെറ്റിച്ചിട്ടു വേണം ഈ ചെന്നായക്ക്‌ ആടിനെ പിടിക്കാൻ. സംഘടിക്കാതെ ഇസ്ലാമിക മുഖ്യധാരയിൽ നിന്നു വഴിമാറി സഞ്ചരിക്കുന്നവർക്ക്‌ ശക്തമായ താക്കീതായിട്ടാണ്‌ തിരുനബി ഇത്‌ പഠിപ്പിക്കുന്നത്‌. സ്വന്തം കാര്യങ്ങൾക്കായി സംഘടനകൾക്കെതിരെ പ്രമാണം മെനയുന്നവർ പലപ്പോഴും ഈ ചെന്നായക്കു ഇരകളായി മാറുന്നത്‌ ആർക്കും കാണാവുന്നതാണ്‌.

ഒറ്റപ്പെട്ടുപോകാതെ ധാർമികപക്ഷത്ത്‌ സംഘം ചേരാനുള്ള ആഹ്വാനമായാണ്‌, ഗതകാലത്തെ ത്രസിപ്പിക്കുന്ന ഓർമകളുമായി എസ്‌ എസ്‌ എഫ്‌ പുതിയ അംഗത്വകാലം ഉപയോഗപ്പെടുത്തുന്നത്‌. ധാർമികപക്ഷത്ത്‌ സംഘം ചേരാനുള്ള ഒരുക്കങ്ങൾ കേരളത്തിൽ മാത്രമല്ല, അയൽ സംസ്ഥാനങ്ങളിലും ദ്വീപുകളിലും ഇക്കാലയളവിൽ തന്നെ നടക്കുന്നു. സംഘടനയെ നെഞ്ചിലേറ്റിയ പ്രവാസി സുഹൃത്തുക്കൾ, എസ്‌ എസ്‌ എഫിന്റെ പ്രവാസിഘടകമായ രിസാല സ്റ്റഡി സർക്കിളി (ആർ എസ്‌ സി)ൽ അംഗത്വമെടുത്ത്‌ ധർമപക്ഷത്ത്‌ സംഘം ചേരുന്നു. നേരിനു വേണ്ടി നെഞ്ചുറപ്പോടെ നിലകൊള്ളുന്ന ഈ ആത്മീയകുടുംബത്തിനൊപ്പം നിൽക്കാനും, കൂട്ടുകാരെ ഒപ്പം നിർത്താനും ഇക്കാലത്ത്‌ നാം കാണിക്കുന്ന ജാഗ്രതയെ ചരിത്രം നെഞ്ചിലേറ്റുമെന്ന കാര്യം ഉറപ്പാണ്‌. തിന്മകൾക്കെതിരെയുള്ള ചെറുത്തുനിൽപ്പു സമരങ്ങളെ ഉണർത്തുന്നതാണീ സന്ദേശം. ധാർമിക വിപ്ലവമെന്ന ഉത്കൃഷ്ടമായ ലക്ഷ്യം ഏറ്റെടുത്ത്‌ മുപ്പത്തേഴാണ്ടായി മലയാളി സമൂഹത്തിന്‌ ദിശാബോധം നൽകിക്കൊണ്ടിരിക്കുന്ന എസ്‌ എസ്‌ എഫിന്റെ നെഞ്ചുറപ്പോടെയുള്ള പോരാട്ടങ്ങൾക്ക്‌ ശക്തിപകരുന്നതും ഈ സന്ദേശമാണ്‌. നേര്‌ തേടുന്ന കൗമാര യൗവനത്തെ ഈ ആത്മീയ കുടുംബത്തിൽ അംഗമാക്കുന്നതിനുള്ള ക്യാമ്പയിൻ നടക്കുകയാണിപ്പോൾ. ഗതകാലത്തെ സംഘടനയുടെ വഴിയെന്തായിരുന്നുവേന്ന്‌ വർത്തമാനകാലത്തുനിന്ന്‌ കണ്ണട വെക്കാതെ വായിച്ചെടുക്കാനാകും. അഥവാ പൂർവകാല നേതൃത്വം പകർന്നുനൽകിയ ആദർശത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ടു തന്നെയാണ്‌ അഭിമാനപൂർവം പുതിയ സംഘടനാ വർഷത്തിലേക്ക്‌ കടക്കുന്നത്‌.

കഴിഞ്ഞ കാലങ്ങളിൽ ഈ ആത്മീയ കുടുംബത്തിൽ രാപ്പാർത്തവരിന്ന്‌ ഇസ്ലാമിക പ്രബോധന വീഥിയിൽ മുഖ്യധാരയിലുണ്ട്‌. അനേക ലക്ഷം കൗമാരങ്ങളിൽ നേരിന്റെ വിചാരം സൃഷ്ടിക്കാൻ സംഘടനക്ക്‌ സാധിച്ചിട്ടുണ്ട്‌. ആദർശ വീഥിയിലെ സംഘടനയുടെ അസ്തിവാരത്തെ കേടുപാടുകൾ കൂടാതെ നിലനിർത്തിക്കൊണ്ടുതന്നെ പുതുകാലത്തിന്റെ പ്രേരണകളും സംഘടന ഉൾക്കൊള്ളുന്നു. ഘടനയിലും സ്വഭാവങ്ങളിലുമൊക്കെ വളർച്ചക്കനുസരിച്ചുള്ള മാറ്റം സംഘടന ഉൾക്കൊണ്ടിട്ടുണ്ട്‌.

വരും കാലങ്ങളിൽ ഇനിയും മാറ്റങ്ങളുണ്ടാവും. ധാർമികതയെ പ്രതീക്ഷയും പരിഹാരവുമായി കാണുന്നവർക്ക്‌ എന്നും തണലായി സംഘടനയുണ്ടാവും. നവംബർ -ഡിസംബർ മാസങ്ങളിലായി 'ധർമപക്ഷത്ത്‌ സംഘം ചേരുക' എന്ന സന്ദേശം നൽകി ആചരിക്കുന്ന അംഗത്വകാല ക്യാമ്പയിനിൽ അനേകായിരം നവാഗതർ എസ്‌ എസ്‌ എഫിൽ അംഗത്വമെടുക്കും. ധാർമികതയുടെ ഈ തണൽവൃക്ഷത്തെ ഒരു പോറലുമേൽക്കാതെ ഈ കൊച്ചുകൂട്ടുകാർ വരുംകാലങ്ങളിൽ പരിരക്ഷിക്കും.

(എസ്‌ എസ്‌ എഫ്‌ സംസ്ഥാന പ്രസിഡന്റാണ്‌ ലേഖകൻ)