Thursday, May 28, 2009

അടുക്കളയിലെ അധിനിവേശം

രിസാല ഓൺലൈൻ പ്രസിദ്ധീകരിച്ച ലേഖനം.

അടുക്കളയിലെ അധിനിവേശം
by : കെ എം മുസ്‌തഫ്‌


വൈകിയെത്തുന്ന രാത്രികളിലൊന്നില്‍ ഉണ്ണാനിരിക്കുമ്പോള്‍ എന്റെ മനസ്സില്‍ പൊടുന്നനെ ഒരു സംശയമുണര്‍ന്നു: `എന്റെ വീട്ടിലെ രുചിയില്‍ ഈയിടെ എന്തോ ഒരു മാറ്റമില്ലേ? ഒരു നല്ല മാറ്റം?' അന്നം മണത്തുനോക്കാന്‍ പാടില്ലെന്നാണ്‌ പഴമക്കാര്‍ പറയാറ്‌. എന്നാല്‍ മണത്തുനോക്കാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന്‌ എനിക്കു മുന്നിലിരിക്കുന്ന ഭക്ഷണത്തിലുണ്ടായിരുന്നു. ആ മണം എന്റെ മൂക്കിലൂടെ കടന്നു നാക്കിന്‍തുമ്പിലെത്തി കൊതിയുടെ അനേകം രസമുകുളങ്ങള്‍ മുളപ്പിക്കുകയാണ്‌. എന്റെ ഭാര്യ ഒരു നല്ല പാചകക്കാരിയല്ല. ചില വിഭവങ്ങളുണ്ടാക്കുന്നതില്‍ മാത്രമാണ്‌ ഉമ്മക്ക്‌ പ്രാവീണ്യം. പുതുതായി ആരും വീട്ടില്‍ വന്നതായി കേട്ടിട്ടില്ല. പിന്നെയെങ്ങനെ ഈ മാറ്റം?``നീയിപ്പൊ പാചകപുസ്‌തകങ്ങളാണോ വായിക്കുന്നത്‌?''കൈകഴുകി സുഖദമായ ഒരു ഏമ്പക്കവും വിട്ട്‌ ഉമ്മറത്തിരിക്കുമ്പോള്‍ ഞാന്‍ ഭാര്യയോട്‌ ചോദിച്ചു.``പാചകം പോയിട്ട്‌ പി എസ്‌ സിക്ക്‌ പഠിക്കാന്‍ നേരംല്ല. എന്താ ചോദിച്ചത്‌?''``ഏയ്‌ വെറുതെ ചോദിച്ചതാ, ഇപ്പൊ ഇവിടെ ആരാ പാചകം ചെയ്യുന്നത്‌?''``കൂടുതലും ഉമ്മയാ..'' അവള്‍ പറഞ്ഞു.മരുമക്കള്‍ വീട്ടില്‍ വരുമ്പോഴാണ്‌ അമ്മായിമ്മമാര്‍ കൂടുതല്‍ നല്ല പാചകക്കാരികളാവുന്നത്‌. ഇതൊരു അമ്മായിയമ്മ മനശ്ശാസ്‌ത്രമാണ്‌. എന്റെ വീട്ടിലും ഇത്തരം മനശ്ശാസ്‌ത്രപ്രക്രിയകള്‍ അരങ്ങേറുന്നുണ്ടെന്ന പുതിയ നിഗമനത്തിലാണ്‌ ഞാനന്ന്‌ ഉറങ്ങാന്‍ കിടന്നത്‌.

പിറ്റേന്ന്‌ ഒരു അവധിദിവസത്തിന്റെ ആലസ്യത്തില്‍ വൈകിയാണ്‌ ഉണര്‍ന്നത്‌. ഭാര്യ കൊണ്ടുവന്നുവച്ച ആവിപറക്കുന്ന ചായ ഒരിറക്ക്‌ കുടിച്ചപ്പോള്‍ തലേന്നുണ്ടായ അതേ സംശയം വീണ്ടും തലപൊക്കി. ഈ ചായക്കുമില്ലേ ഒരു പ്രത്യേക രുചി? ഞാന്‍ മൂക്കു വിടര്‍ത്തി. വീണ്ടും വീണ്ടും മണക്കാന്‍ പ്രേരിപ്പിക്കുന്ന ഗന്ധം.ഞാന്‍ ഭാര്യയെ വിളിച്ചു.``ഈ ചായ ഏതാ?''``ഞാന്‍ കൊണ്ടുവന്നു വച്ചതാ.''പെണ്ണുങ്ങള്‍ ഇങ്ങനെയാണ്‌. കേള്‍ക്കുന്ന മാത്രയില്‍ പ്രതികരിച്ചുകളയും; ഒട്ടും ചിന്തിക്കാതെ. വിപണിയുടെ തന്ത്രങ്ങള്‍ പെണ്ണുങ്ങളില്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്‌ ഈ സ്‌ത്രീമനശ്ശാസ്‌ത്രത്തെ അടിസ്ഥാനമാക്കിയാണ്‌.``അതല്ല ചോദിച്ചത്‌. ഈ ചായയുടെ ബ്രാന്‍ഡേതാണെന്നാണ്‌?''അവള്‍ ബ്രാന്‍ഡു പറഞ്ഞപ്പോള്‍ ഞാനാകെ തരിച്ചുപോയി. തികച്ചും വിദേശിയായ ആ സാധനത്തിന്റെ ഏറ്റവും ചെറിയ പാക്കറ്റുവാങ്ങാന്‍ എന്റെ ഒരു ദിവസത്തെ ശമ്പളം മതിയാവില്ല.``ആരാണിതു വാങ്ങിച്ചത്‌?''``ആ, അത്‌ ഉമ്മക്കാരോ ഫ്രീ കൊടുത്തതാ.''``ഫ്രീയോ? ഉമ്മക്കാര്‌ ഫ്രീ കൊടുക്കാനാ?''``ആ, എനിക്കറിയില്ല. ഉമ്മാന്റെ കൂടെ വര്‍ക്ക്‌ ചെയ്യുന്ന ആരോ. വേറെയും കുറെ സാധനങ്ങളുണ്ട്‌.''എനിക്ക്‌ ഒന്നും മനസ്സിലായില്ല. പതിവായി എത്താറുണ്ടെങ്കിലും വീട്ടിലെ കാര്യങ്ങളൊന്നും ഞാനറിയുന്നില്ലേ എന്നൊരു ചിന്ത ആദ്യമായി എനിക്കുണ്ടായി.

വീട്ടുകാര്യങ്ങള്‍ മിക്കവാറും പണ്ടുമുതലേ ഉമ്മയുടെ നിയന്ത്രണത്തിലാണ്‌. പണത്തില്‍ മാത്രമേ എന്റെ പങ്കുള്ളൂ. വെറുതെ ഒരു ടെന്‍ഷന്‍ കൂടി തലയിലേറ്റേണ്ട എന്നതായിരുന്നു എന്റെ സമീപനം.ഉണ്ടാക്കിവയ്‌ക്കുന്ന ഭക്ഷണം മൂക്കറ്റം തട്ടുകയല്ലാതെ അത്‌ എങ്ങനെ ഉണ്ടാക്കുന്നു എന്നതിനെക്കുറിച്ചോ അതിനെന്ത്‌ ചെലവ്‌ വരും എന്നതിനെക്കുറിച്ചോ ചിന്തിക്കേണ്ട ഒരു സാഹചര്യം ഇത്ര കാലമായിട്ടും ഉണ്ടായിട്ടില്ല. അടുക്കള എനിക്ക്‌ അജ്ഞാതമായ ഇടമായിരുന്നു. പെണ്ണുങ്ങള്‍ക്കു മാത്രമല്ല ആണുങ്ങള്‍ക്കും അടുക്കളയില്‍ പ്രവേശിക്കാം എന്ന തത്വശാസ്‌ത്രമൊക്കെ മനസ്സിലുണ്ടെങ്കിലും സൗകര്യപൂര്‍വം വിസ്‌മരിക്കുകയാണ്‌ പതിവ്‌.എന്നാല്‍ ഇപ്പോള്‍ ആദ്യമായി അടുക്കളയിലൊന്ന്‌ കയറിയാലെന്താ എന്നൊരു ചിന്ത എന്നെ പിടികൂടി. എന്നു മാത്രമല്ല മറ്റെന്തിലേക്കെങ്കിലും ശ്രദ്ധ തിരിയുംമുമ്പ്‌ ഞാനവിടെ പ്രവേശിക്കുകയും ചെയ്‌തു.

അരമണിക്കൂര്‍ അവിടെ ചെലവഴിച്ചപ്പോഴേക്കും ഞാന്‍ തീര്‍ത്തും ഹതാശനായി. എന്റെ രാഷ്‌ട്രീയബോധത്തെ ക്രൂരമായി പരിഹസിക്കുന്ന ഭീകരമായ കാഴ്‌ചയാണ്‌ എനിക്കവിടെ കാണാന്‍ കഴിഞ്ഞത്‌.ലോകത്ത്‌ നടക്കുന്ന കടന്നുകയറ്റങ്ങളെക്കുറിച്ച്‌ ലോകബുദ്ധിജീവികളെഴുതുന്ന ലേഖനങ്ങള്‍ വായിച്ച്‌ അതിനെതിരെ വ്യക്തമായ ഒരു രാഷ്‌ട്രീയബോധവും മാനസികമായ പ്രതിരോധവും രൂപപ്പെടുത്തിയിട്ടുണ്ട്‌ ഞാന്‍. എന്നാല്‍ ഉമ്മറത്തിരുന്ന്‌ രാഷ്‌ട്രീയബോധം രൂപപ്പെടുത്തുന്നതിനിടയില്‍ ഞാനറിയാതെ അധിനിവേശം എന്റെ അടുക്കളയില്‍ പണിതുടങ്ങിയിരുന്നു.അടുക്കളയിലെ അലമാരയില്‍ നിരത്തിവച്ചിരിക്കുന്ന പാക്കറ്റുകളിലെ ബ്രാന്‍ഡ്‌ നെയിമുകള്‍ വായിക്കെ ഞാന്‍ ഉമ്മയോട്‌ ചോദിച്ചു:``ഈ സാധനങ്ങളൊക്കെ എങ്ങനെ നമ്മുടെ ബജറ്റിലൊതുങ്ങുന്നു?''``അതറിയാന്‍ നിനക്കെവിടെ സമയം?'' ഉമ്മ എടുത്തടിച്ചതുപോലെ ചോദിച്ചു.``ഏതുനേരോം പുസ്‌തകത്തിന്റെ ഉള്ളിലല്ലേ.. ഇതില്‌ ഓരോരുത്തര്‌ ഫ്രീയായി തന്നതും ഞാന്‍ കാശ്‌ കൊടുത്ത്‌ വാങ്ങിയതുമൊക്കെയുണ്ട്‌. നാക്കിന്‌ രുചിയുള്ളത്‌ വല്ലതും കഴിക്കണമെങ്കില്‍ നല്ല സാധനം വാങ്ങണം.

''വീടിന്റെ ഉമ്മറത്തു വച്ച്‌ അധിനിവേശത്തെ തടയാന്‍ ശക്തമായ ഒരു ചിന്താമണ്‌ഡലം ഞാന്‍ വാര്‍ത്തെടുത്തിരുന്നു. എന്നാല്‍ ഈ ചിന്താമണ്ഡലം വാര്‍ത്തെടുക്കാന്‍ ഞാന്‍ വിനിയോഗിച്ച സമയത്തിന്റെ നൂറിലൊരംശം കൊണ്ട്‌ അധിനിവേശം പിന്നാമ്പുറത്തുകൂടെ എന്റെ വീടിന്റെ അടുക്കളയില്‍ കയറി ആക്രമണം തുടങ്ങിയിരുന്നു എന്ന സത്യത്തിനു മുന്നില്‍ ഞാന്‍ തളര്‍ന്നുപോയി. യഥാര്‍ത്ഥത്തില്‍ എന്റെ കണ്ണുവേണ്ടിയിരുന്നത്‌ ഉമ്മറത്തല്ല. അടുക്കളയിലായിരുന്നു. അതാണ്‌ ഒരു വീടിന്റെ ഹൃദയം. അവിടെ നിന്നാണ്‌ എല്ലാ ധമനികളിലേക്കും രക്തമെത്തുന്നത്‌. കടന്നുകയറ്റത്തിന്‌ ചോരയെക്കാള്‍ മികച്ച മാധ്യമമില്ല.ഞാനോര്‍ക്കുകയായിരുന്നു; പണ്ടൊക്കെ ഉമ്മ, ഞങ്ങളുടെ തൊടിയിലെ ചേനയും മുരിങ്ങയിലയും കാച്ചിലും പപ്പായയുമൊക്കെകൊണ്ട്‌ രുചികരമായ വിഭവങ്ങളുണ്ടാക്കുമായിരുന്നു. ഉമ്മയുടെ ഈ താത്‌പര്യംകണ്ട്‌ കണ്ടത്തില്‍ ഞാന്‍ ചീരവിത്ത്‌ പാകി മുളപ്പിച്ചിരുന്നു. എന്നാല്‍ കുറച്ചുകാലമായി അത്തരം വിഭവങ്ങളൊന്നും തീന്‍മേശയില്‍ കാണാറേയില്ല. ഉമ്മക്കിപ്പോള്‍ അതൊന്നും പറ്റാതായോ?

``ഉമ്മാ... ഉമ്മാന്റെ ചേമ്പുംതാള്‍ എന്തുരസമായിരുന്നു. അതൊക്കെപ്പൊ എവിടെ?''``ആര്‍ക്കാവ്‌ടെ ചേമ്പും ചേനയുമൊക്കെ നട്ടു നനയ്‌ക്കാന്‍ നേരം... അതൊക്കെണ്ടാക്ക്‌ണ നേരംകൊണ്ട്‌ നാലുമുക്കാല്‌ണ്ടാക്ക്യാ പീടീല്‍ കിട്ടാത്ത സാധനംണ്ടോ..?''ഉമ്മ പറഞ്ഞു.ഞാന്‍ തൊടിയിലേക്കിറങ്ങി. ആരും ഒന്നും ചെയ്യാതെ തന്നെ പൊട്ടിമുളച്ച്‌ പടര്‍ന്നിരുന്ന ചേമ്പിന്റെയും ചേനയുടെയുമൊന്നും മുളപോലും കാണാനില്ല. തടിയില്‍ പൊത്ത്‌ബാധിച്ച മുരിങ്ങാമരം മരണാസന്നനിലയിലാണ്‌. പുഴുക്കളരിച്ച്‌ കറിവേപ്പ്‌മരം ഉണങ്ങിപ്പോയിരിക്കുന്നു. പപ്പായമരം ചൊറിബാധിച്ച്‌ മുരടിച്ചുപോയിരിക്കുന്നു.എനിക്ക്‌ വല്ലാത്ത സങ്കടംതോന്നി. ഒരു വര്‍ഷംമുഴുവനും അങ്ങാടി പൂട്ടിക്കിടന്നാലും മുന്നുനേരം സുഭിക്ഷമായും ആരോഗ്യകരമായും ഭക്ഷിക്കാന്‍ കഴിയുംവിധം സ്വയംപര്യാപ്‌തമായിരുന്നു എന്റെ മണ്ണ്‌.ആരാണ്‌ എന്റെ തൊടിയിലെ പച്ചപ്പുകളെയെല്ലാം കരിച്ചുകളഞ്ഞത്‌?എന്റെ ഉമ്മയോ? ഭാര്യയോ?അതോ കാലങ്ങളായി തൊടിയുടെ അവസ്ഥയെന്തെന്ന്‌ ചിന്തിക്കാതെ ഒരു ബുദ്ധിജീവിയുടെ നാട്യത്തില്‍ ഉമ്മറത്തിരുന്ന്‌ പുസ്‌തകങ്ങള്‍ കരണ്ടുതിന്നുകയും മറ്റുള്ളവരെ നന്നാക്കാന്‍വേണ്ടി ലേഖനമെഴുതുകയും ചെയ്‌ത ഞാനോ?ചിന്തിച്ചിരിക്കാന്‍ എനിക്ക്‌ സമയമില്ലായിരുന്നു. അധിനിവേശം എന്റെ അടുക്കളയിലാണ്‌. പെട്ടെന്ന്‌ പ്രതിരോധിച്ചില്ലെങ്കില്‍ അതെന്റെ കുടുംബത്തിന്റെ നാഡിഞരമ്പുകളിലെല്ലാം കടന്നുകയറും.പിറ്റേന്നുമുതല്‍ ഉണര്‍ന്നെണീറ്റ ഉടന്‍ ഒരു തൂമ്പയുമെടുത്ത്‌ ഞാനെന്റെ തൊടിയിലിറങ്ങി. വര്‍ഷങ്ങളായി തൂമ്പ കണ്ടിട്ടില്ലാത്ത മണ്ണിന്റെ കാഠിന്യത്തില്‍ പുതിയൊരാവേശത്തോടെ കൊത്തി. അവിടെ ചേമ്പും ചേനയും കാച്ചിലും വാഴയും നട്ടു. പുതിയ രണ്ടു പപ്പായ മരങ്ങള്‍ പിടിപ്പിച്ചു. കറിവേപ്പു മരത്തിനു ചുറ്റും മണ്ണിട്ട്‌ തടമെടുത്തു. ടെറസിലേക്ക്‌ പടര്‍ന്നുകയറാന്‍ പാകത്തില്‍ ഒരു കോവക്കാവള്ളി പിടിപ്പിച്ചു. അടുക്കളച്ചെളിയില്‍ മുളക്‌ വിത്തുകളും ചീരവിത്തുകളും പാകി.വൈകുന്നേരം ഓഫീസില്‍ നിന്ന്‌ കൃത്യസമയത്തിറങ്ങി. ബുദ്ധിജീവി ചര്‍ച്ചകള്‍ക്കും വായനശാലയിലെ അലസവായനക്കുമുള്ള ടെംപ്‌റ്റേഷന്‍ പിടിച്ചുകെട്ടി നേരെ വീട്ടിലെത്തി. തൊടിയിലേക്കിറങ്ങി നട്ടതെല്ലാം നനച്ചു. രണ്ടുമാസമായപ്പോഴേക്കും എന്റെ തൊടിയുടെ മുഖച്ഛായ തന്നെ മാറി. അവിടെ സ്വയംപര്യാപ്‌തതയുടെ പച്ചപ്പ്‌ പടര്‍ന്നുപന്തലിച്ചു. വായിച്ച പുസ്‌തകങ്ങളെക്കാള്‍, എഴുതിയ ലേഖനങ്ങളെക്കാള്‍ സംതൃപ്‌തമായിരുന്നു എനിക്കാ കാഴ്‌ച.

ഈയിടെ വീടുവിറ്റ്‌ പുതിയ താമസസ്ഥലത്തേക്ക്‌ മാറുമ്പോള്‍ പുതിയ ഉടമസ്ഥന്‍ ചോദിച്ചു:``ഇതെല്ലാം നട്ടുപിടിപ്പിച്ച്‌ പിന്നെ എന്തേ വില്‍ക്കുന്നത്‌?''ഞാന്‍ അയാളോട്‌ പറഞ്ഞു:``നട്ടുനനയ്‌ക്കല്‍ ഒരു രാഷ്‌ട്രീയ പ്രവര്‍ത്തനമാണ്‌. ഏതൊരാള്‍ക്കും ചെയ്യാന്‍ കഴിയുന്നതും ഏറെ മാനങ്ങളുള്ളതുമായ ഒരു രാഷ്‌ട്രീയ പ്രവര്‍ത്തനം. നമ്മുടെ അടുക്കളയിലേക്കുള്ള കടന്നുകയറ്റങ്ങളെ ചെറുക്കാന്‍ അതിനു കഴിയും.''അടുക്കളയിലെ അധിനിവേശ രാഷ്‌ട്രീയംഒരു വ്യക്തിയോ സമൂഹമോ രാഷ്‌ട്രമോ സംസ്‌കാരമോ തങ്ങളുടെ സ്വാര്‍ത്ഥമായ അജണ്ടകള്‍ നടപ്പിലാക്കുന്നതിനുവേണ്ടി മറ്റൊരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ രാഷ്‌ട്രത്തിന്റെയോ സംസ്‌കാരത്തിന്റെയോ നിലനില്‍പ്പിനെ ചോദ്യംചെയ്യുകയും നശിപ്പിച്ചുകളയുകയും ചെയ്യുന്നതിനെയാണ്‌ അധിനിവേശം എന്നു പറയുന്നത്‌. കാരണവന്മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരാള്‍ മറ്റൊരാളുടെമേല്‍ നടത്തുന്ന കുതിരകയറ്റം. ഭൂവിഭാഗങ്ങളുടെ കോളനി വല്‍ക്കരണമായിരുന്നു പണ്ട്‌ അതിന്റെ അജണ്ട. ഇന്നത്‌ രൂപംമാറി ആഗോളമുതലാളിത്തത്തിന്റെ വിപണിവല്‍ക്കരണമായി മാറിയിരിക്കുന്നു. അതായത്‌ ഓരോ പ്രദേശത്തെയും വിഭവങ്ങളെ കയ്യടക്കാനുള്ള കടന്നുകയറ്റമായിരുന്നു കോളനിവല്‍ക്കരണമെങ്കില്‍ മുതലാളിത്തത്തിന്റെ മിച്ച ഉല്‍പ്പന്നങ്ങള്‍ എളുപ്പം വിറ്റഴിക്കാന്‍ കഴിയുന്ന ചന്തകളാക്കി ഓരോ പ്രദേശത്തെയും മാറ്റിയെടുക്കലാണ്‌ വിപണിവല്‍ക്കരണം. സമൂഹത്തിന്റെ സ്വയം പര്യാപ്‌തതയെ വേരോടെ നശിപ്പിക്കലാണ്‌ അധിനിവേശത്തിനുള്ള എറ്റവും മികച്ച ഉപായം.

റഷ്യയില്‍ സാമ്രാജ്യത്വം ഈ തന്ത്രമാണത്രെ ഉപയോഗിച്ചത്‌. ആട്ടിറച്ചി റഷ്യയിലെ മുഖ്യ ആഹാരങ്ങളിലൊന്നാണ്‌. ഒരു സംഘം ആളുകള്‍ചേര്‍ന്ന്‌ സഹകരണാടിസ്ഥാനത്തില്‍ ആടുകളെ വളര്‍ത്തിയാണ്‌ ഇവിടെ ആട്ടിറച്ചി വിതരണം സാധ്യമാക്കിയിരുന്നത്‌. അതായത്‌ തങ്ങള്‍ക്ക്‌ ആവശ്യമുള്ള ഭക്ഷണം തങ്ങള്‍തന്നെ നിര്‍മിച്ച്‌ തങ്ങള്‍തന്നെ ഉപയോഗിക്കുന്ന രീതി. ഈ രീതിയില്‍ വിപണിയും അതിന്റെ കച്ചവടതന്ത്രങ്ങളും അപ്രസക്തമാണ്‌. ഈ സമൂഹത്തിന്റെ സ്വയം പര്യാപ്‌തതയെ തകര്‍ത്തുകൊണ്ടുമാത്രമേ തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ കഴിയൂ എന്ന്‌ മനസ്സിലാക്കിയ സാമ്രാജ്യത്വം ഈ കര്‍ഷകര്‍ക്ക്‌ ഫ്രീയായി ആട്ടിറച്ചി വിതരണം ചെയ്യാന്‍ തുടങ്ങി. ദിവസവും ഫ്രീയായി ആട്ടിറച്ചി ലഭിക്കുമ്പോള്‍ ആരാണ്‌ ആടുകളെ വളര്‍ത്താന്‍ മെനക്കെടുക? ക്രമേണ ആടിനെ വളര്‍ത്തുന്ന സംസ്‌കാരംതന്നെ ആ സമൂഹം മറന്നു. പാക്കറ്റില്‍ ലഭിക്കുന്ന ആട്ടിറച്ചി അവരുടെ വായയുടെ രുചിയെ കണ്ടീഷന്‍ചെയ്‌തു. അതായി അവരുടെ മുഖ്യആഹാരം. അപ്പോഴാണ്‌ സാമ്രാജ്യത്വം അതിന്റെ യഥാര്‍ത്ഥമുഖം പുറത്തെടുക്കുന്നത്‌. അതുവരെ ഫ്രീയായി കൊടുത്തിരുന്ന ഇറച്ചിക്ക്‌ അവര്‍ വിലയിട്ടു. തങ്ങളുടെ പഴയ സംസ്‌കാരത്തിലേക്ക്‌ തിരിച്ചുപോകാന്‍ കഴിയാത്ത വിധം കര്‍ഷകര്‍ അപ്പോഴേക്കും ഉപഭോഗ സംസ്‌കാരത്തിന്‌ അടിമകളായിരുന്നു.വിപണിയുടെ ഇതേ ഒളിയജണ്ട ഇതേ രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ നമ്മുടെ സ്വയം പര്യാപ്‌തതയുടെ പച്ചപ്പുകളെയെല്ലാം കരിച്ചുകളയുന്നില്ലേ?നോക്കൂ,നമ്മുടെ മണ്ണില്‍ നട്ടുനനച്ചുണ്ടാക്കാവുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍, നമ്മുടെ ജലാശയങ്ങളില്‍ സുലഭമായി ലഭിക്കുന്ന മത്സ്യങ്ങള്‍, നമ്മുടെ മലനിരകളില്‍ വളരുന്ന സുഗന്ധവ്യഞ്‌ജനങ്ങള്‍, നമ്മുടെ വീട്ടിലെ കൂട്ടില്‍ വളരുന്ന കോഴികള്‍ തുടങ്ങി എല്ലാം കുറഞ്ഞ മെനക്കേടില്‍ കൂടുതല്‍ ആകര്‍ഷകമായ രൂപഭാവങ്ങളോടെ റെഡിമെയ്‌ഡ്‌ പാക്കറ്റുകളില്‍ നമുക്കു മുന്നിലെത്തുമ്പോള്‍ നാം നമ്മുടെ തൊടിയിലെ പച്ചപ്പ്‌ മറന്നുപോകുന്നില്ലേ? വെളിച്ചത്തിനു മുന്നിലേക്ക്‌ ആകര്‍ഷിക്കപ്പെട്ട്‌ സ്വയംമരണം വരിക്കുന്ന ഇയ്യാം പാറ്റകളെപ്പോലെ പുറംമോടിയുള്ള ഉല്‍പ്പന്നങ്ങളില്‍ കണ്ണുമഞ്ഞളിച്ച്‌ നാം നമ്മുടെ പണവും ആരോഗ്യവും തുലയ്‌ക്കുകയാണ്‌. അടുക്കളയെ അധിനിവേശത്തിന്റെ പരീക്ഷണശാലകളാക്കാന്‍ വിട്ടുകൊടുക്കുകയാണ്‌.

മുലപ്പാലിനു പകരം മുതലാളിത്ത സപ്ലിമെന്റ്‌ കഴിച്ച്‌ നമ്മുടെ കുഞ്ഞുങ്ങള്‍ വളരുകയാണ്‌. മയക്കുമരുന്നിന്‌ രണ്ടോ മൂന്നോ ഡോസുകൊണ്ട്‌ നിങ്ങളെ അടിമയാക്കാന്‍ കഴിയും. ഉപഭോഗ സംസ്‌കാരം ബ്രൗണ്‍ഷുഗറിനെക്കാള്‍ ഭീകരമായ മയക്കുമരുന്നാണ്‌. ഒരൊറ്റ ഡോസ്‌ മതി, ഒരു ജന്മമല്ല, ഒരു പാട്‌ തലമുറകളോളം അത്‌ നിങ്ങളെ അടിമയാക്കി നിര്‍ത്തും. സ്വന്തം കാലില്‍ നില്‍ക്കാന്‍ ആവതില്ലാത്ത, ഒന്നും ചോദ്യം ചെയ്യാത്ത, എന്തു കൊടുത്താലും സ്വീകരിക്കുന്ന അടിമകളെയാണ്‌ അധിനിവേശം അന്വേഷിക്കുന്നത്‌. സ്വയം പരിശോധിക്കുക: നിങ്ങളിലും നിങ്ങളറിയാതെ പ്രതികരണ പ്രതിരോധശേഷികള്‍ നഷ്‌ടപ്പെട്ട ഒരടിമ വളര്‍ന്നു വരുന്നില്ലേ?ചെക്ക്‌അധിനിവേശത്തിന്റെ അടയാളങ്ങള്‍ നിങ്ങളുടെ അടുക്കളയിലും കാണാനുണ്ടോ? ഒരു തൂമ്പയെടുത്ത്‌ ഇപ്പോള്‍ തന്നെ തൊടിയിലേക്കിറങ്ങുക


രിസാല മാസികയായി ഉടൻ ഗൾഫിൽ നിന്നും പ്രസിദ്ധീകരണം ആരംഭിക്കുന്നു

for subscription
050 9080201, 050 1199786


UAE 055-3187276

SAUDI 555734407

QATAR 5697867

KUWAIT 97331541

OMAN 98007914

BAHRAIN 39834016

www.risalaonline.com


Wednesday, May 20, 2009

അന്യന്റെ വിയര്‍പ്പിന്റെ വില

രിസാല ഓൺലൈൻ പ്രസിദ്ധീകരിച്ച ലേഖനം
ലിങ്ക് ഇവിടെ


അന്യന്റെ വിയര്‍പ്പിന്റെ വില
കെഎം മുസ്‌തഫ്‌

വീട്‌ ഒരു ഡോര്‍മെറ്ററിയായി മാറിയിട്ട്‌ കുറച്ചു മാസങ്ങളായിരുന്നു. രാവിലെ ആളുകള്‍ ഉണരും മുമ്പ്‌ ഇറങ്ങുന്നു. രാത്രി എല്ലാവരും ഉറങ്ങിയതിനുശേഷം തിരിച്ചെത്തുന്നു. വീട്ടിലിരിക്കുമ്പോള്‍ പോലും ഓണ്‍ഡ്യൂട്ടി. ജീവിതവണ്ടി വിശ്രമമില്ലാതെ ഇങ്ങനെ ഓടിക്കൊണ്ടിരിക്കുമ്പോഴാണ്‌ അര്‍ജന്റ്‌ ആന്റ്‌ ഇംപോര്‍ട്ടന്റ്‌ ആയി ഒന്നും ചെയ്യാനില്ലാത്ത ഒരു ദിവസം കടന്നുവരുന്നത്‌. വീണുകിട്ടിയ ഈ സൗഭാഗ്യം ജീവിതപങ്കാളിക്കും മകനുമൊപ്പം ചെലവഴിക്കാമെന്നു നിനച്ച്‌ മകനെ മടിയിലെടുത്തതേയുള്ളൂ, മൊബൈല്‍ഫോണ്‍ ഒരു കട്ടുറുമ്പിന്റെ കുശുമ്പോടെ ക്രൂരമായി ശബ്‌ദിച്ചു. അങ്ങേതലക്കല്‍ അപരിചിതനായ ഒരാള്‍; മിസ്റ്റര്‍ `എക്‌സ്‌'.``ഞാന്‍ റിലയന്‍സില്‍ സിഇഒ ആയി വര്‍ക്ക്‌ ചെയ്യുകയായിരുന്നു. അതിനിടയിലാണ്‌ ഗ്ലോബല്‍വിഷനോടുകൂടിയ ഒരു ബഹുമുഖ പദ്ധതിയുടെ മാനേജറാകാന്‍ ക്ഷണംലഭിക്കുന്നത്‌. പദ്ധതിയെക്കുറിച്ച്‌ പഠിച്ചപ്പോള്‍ വന്‍സാധ്യതകളുണ്ടെന്ന്‌ ബോധ്യപ്പെട്ടതിനാല്‍ ജോലി രാജിവച്ച്‌ ഞാന്‍ ആ ക്ഷണം സ്വീകരിച്ചു.''``വെരിഗുഡ്‌''. അത്ര താല്‍പര്യമില്ലാത്ത കാര്യങ്ങളായതിനാലും വീണുകിട്ടിയ ഒഴിവുദിനം ഇയാള്‍ കവര്‍ന്നെടുത്തേക്കുമോ എന്ന ആശങ്കയുണ്ടായതിനാലും തീര്‍ത്തും യാന്ത്രികമായി ഞാന്‍ ഒരു ഇടപെടല്‍ നടത്തിനോക്കി. ആള്‍ കാര്യത്തിലേക്ക്‌ വരണമല്ലോ.``വാള്‍മാര്‍ട്ടും സ്‌പെന്‍സറുമൊക്കെ ആഗോളവല്‍ക്കരണത്തിലൂടെ നമ്മുടെ ബിസിനസ്സിനെ തകര്‍ക്കുമ്പോള്‍ നാം പ്രതിരോധത്തിലൂന്നിയതു കൊണ്ട്‌ പ്രത്യേകിച്ചെന്താണ്‌ കാര്യം? ഒരു കാര്യവുമില്ല. മറിച്ച്‌, അവരോട്‌ മത്സരിക്കാന്‍ തക്ക ശേഷിയുള്ള പദ്ധതികള്‍, അവരുടെ നാട്ടില്‍ നമ്മുടെ ഉല്‍പ്പന്നങ്ങള്‍ക്ക്‌ മാര്‍ക്കറ്റുണ്ടാക്കാന്‍ പ്രാപ്‌തമായ പദ്ധതികള്‍ നമ്മള്‍ ശാസ്‌ത്രീയമായി രൂപകല്‍പന ചെയ്യുകയാണ്‌ വേണ്ടത്‌.''ഈയിടെ ബിസിനസ്സ്‌ എന്നു കേള്‍ക്കുമ്പോഴേ തലവേദനവരുന്ന ഒരാളാണ്‌ ഞാന്‍. അതുകൊണ്ട്‌ ഈ സംഭാഷണം ഇങ്ങനെ തുടര്‍ന്നുപോയാല്‍ ആവശ്യമില്ലാത്ത ഒരു തലവേദന തികച്ചും ഫ്രീയായി വാങ്ങുന്നതിന്‌ തുല്യമാവും എന്ന്‌ എനിക്കു തോന്നി.

കാര്യത്തിലേക്കു കടക്കാന്‍ അയാള്‍ ഇനിയും തയാറാവാത്ത സ്ഥിതിക്ക്‌ നമ്മള്‍തന്നെ കടക്കുകയാവും രണ്ടുപേര്‍ക്കും നല്ലത്‌.``നിങ്ങള്‍ പറയുന്നതൊക്കെ ശരിയായിരിക്കാം. പക്ഷേ നിങ്ങളെന്തിനാണ്‌ എന്നെ വിളിച്ചതെന്ന്‌ എനിക്കിപ്പോഴും മനസ്സിലായില്ല.''``അന്താരാഷ്‌ട്ര നിലവാരമുള്ള ഉല്‍പ്പന്നങ്ങളും ആശയങ്ങളും രൂപകല്‍പന ചെയ്‌ത്‌ മാര്‍ക്കറ്റു ചെയ്യാനാണ്‌ ഞങ്ങള്‍ പദ്ധതിയിടുന്നത്‌. കേരളത്തിലും ഇന്ത്യയിലും മാത്രമല്ല യുനൈറ്റഡ്‌സ്റ്റേറ്റ്‌സില്‍വരെ ഞങ്ങള്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ പോകുന്നു.''``വെരിഗുഡ്‌. പക്ഷേ എന്താണ്‌ ഇതിലെന്റെ റോള്‍?''``ഞങ്ങള്‍ക്കൊരു ബ്രോഷര്‍ വേണം; അതും വളരെ പെട്ടെന്ന്‌. പദ്ധതിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. ഒരു ബ്രോഷര്‍ മാത്രമേ ബാക്കിയുള്ളൂ.''``ക്ഷമിക്കണം സുഹൃത്തേ, കുറെ കാലമായി ഞാന്‍ കോപ്പിറൈറ്റിംഗ്‌ നിര്‍ത്തിയിട്ട്‌. മാത്രമല്ല, ഈയിടെയായി സര്‍ഗാത്മകരചനകള്‍ക്കുപോലും സമയം കിട്ടാത്തത്ര തിരക്കിലാണ്‌ ഞാന്‍.'' ഞാന്‍ എന്റെ അവസ്ഥ പറഞ്ഞു.``ഞങ്ങളുടേത്‌ അന്താരാഷ്‌ട്രസാധ്യതകളുള്ള ഒരു വന്‍പദ്ധതിയാണ്‌. കുപ്പിവെള്ളം മുതല്‍ കണ്‍സ്‌ട്രക്‌ഷനും റിയല്‍എസ്റ്റേറ്റും വരെ ഞങ്ങളുടെ പദ്ധതിയിലുണ്ട്‌. നിങ്ങളെപ്പോലെ കഴിവുള്ള പ്രൊഫഷനല്‍ റൈറ്റേഴ്‌സിനെക്കൊണ്ട്‌ എഴുതിപ്പിച്ചാലേ ഞങ്ങളുടെ ബ്രോഷര്‍ വ്യത്യസ്‌തമാകൂ. ഈ ബ്രോഷറാണ്‌ ഇന്‍വെസ്റ്റേഴ്‌സിനെ ആകര്‍ഷിക്കാനുള്ള ഞങ്ങളുടെ ഉപകരണവും.''അയാള്‍ ഉപയോഗിക്കുന്ന മാനേജ്‌മെന്റ്‌ കൗശലം മനസ്സിലാക്കാനുള്ള മനഃശാസ്‌ത്രബോധം എനിക്കുണ്ടായിരുന്നു.``സോറി, നമുക്ക്‌ മറ്റാരെയെങ്കിലും തരപ്പെടുത്താം.''``അതല്ല, താങ്കള്‍ തന്നെ ചെയ്‌താലേ അത്‌ ശരിയാവൂ.'' ``എന്നെ നിങ്ങള്‍ക്കെങ്ങനെ അറിയാം.''``അതൊക്കെ അറിഞ്ഞതിനുശേഷമാണ്‌ ഞാന്‍ താങ്കളെ വിളിക്കുന്നത്‌. മിസ്റ്റര്‍ എംഎന്‍ ആണ്‌ താങ്കളെ ഞങ്ങള്‍ക്കുവേണ്ടി നിര്‍ദ്ദേശിച്ചത്‌.''ഇപ്പോള്‍ ഒഴിവുകഴിവുപറയാനാവാത്ത വിധം ഞാന്‍ ബന്ധിതനായിരുന്നു. മിസ്റ്റര്‍ എംഎന്‍ എന്റെ നല്ലൊരു അഭ്യുദയകാംക്ഷിയാണ്‌. ശമ്പളം കടം പറയുന്ന ഒരു ഓഫീസിലായിരുന്നു പണ്ടെനിക്ക്‌ ജോലി. നിവൃത്തിയില്ലാത്തതുകൊണ്ടാണ്‌ സ്ഥാപനത്തിന്‌ അങ്ങനെ ചെയ്യേണ്ടിവരുന്നതെന്ന്‌ അറിയാമായിരുന്നതു കൊണ്ട്‌ ഞാനതിനോട്‌ സഹകരിച്ചുപോന്നു. എന്നാല്‍ സാമ്പത്തികമായി ഞാനാകെ തളര്‍ന്നു. വലിയൊരു പൊസിഷനില്‍ ജോലി ചെയ്യുമ്പോഴും പോക്കറ്റില്‍ ഒരു ചായകുടിക്കാന്‍ കാശില്ലാത്ത അവസ്ഥ. ഈ സമയത്ത്‌ എംഎന്‍ പലപ്പോഴും എന്റെ സഹായത്തിനെത്തിയിട്ടുണ്ട്‌. അദ്ദേഹം നടത്തിയിരുന്ന അഡ്‌വര്‍ടൈസിംഗ്‌ കമ്പനിയില്‍ കോപ്പിറൈറ്റിംഗിന്‌ എനിക്ക്‌ അവസരം തന്നു. അക്കാലത്ത്‌ ഒരു പരസ്യമെഴുത്തുകാരന്‍ മാത്രമാണോ എന്ന്‌ സംശയിക്കുംവിധം ധാരാളം പരസ്യങ്ങള്‍ ഞാന്‍ എഴുതിയുണ്ടാക്കിയിരുന്നു.കടന്നുവരുന്ന വഴികള്‍ മറന്നുപോയേക്കാമെങ്കിലും വഴിയില്‍ ഒരു കൈത്താങ്ങുതന്ന മനുഷ്യരെ മറക്കാനാവില്ലല്ലോ. മിസ്റ്റര്‍ `എക്‌സ്‌' ഫോണ്‍ മിസ്റ്റര്‍ എംഎന്നിന്‌ കൈമാറിയപ്പോള്‍ ഒരിക്കല്‍ വിരാമമിട്ട ആ പരിപാടിക്കുവേണ്ടി എനിക്ക്‌ വീണ്ടും പേന കൈയിലെടുക്കേണ്ടിവന്നു.

ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ട്‌ ബ്രോഷറുകളാണ്‌ അവര്‍ക്കു വേണ്ടത്‌. അവരുടെ എല്ലാ പദ്ധതികളും എഴുതിവരുമ്പോഴേക്കും അന്‍പതോളം പേജ്‌ വരും. ചുരുങ്ങിയത്‌ പത്തു ദിവസമെങ്കിലും അതിന്മേല്‍ അടയിരിക്കണം. ഒരു പുസ്‌തകമെഴുത്തിന്റെ അദ്ധ്വാനം. അതിന്‌ ആനുപാതികമായ ഒരു തുക ഞാന്‍ മിസ്റ്റര്‍ `എക്‌സി'നോട്‌ കൂലിയായി പറഞ്ഞു. അത്‌ വളരെ കുറവാണല്ലോ എന്ന രീതിയിലാണ്‌ അയാള്‍ സംസാരിച്ചത്‌.മകനെ ഭാര്യയുടെ പക്കല്‍ കൊടുത്ത്‌ ഞാനപ്പോള്‍തന്നെ പണിതുടങ്ങി. ഒറ്റയിരുപ്പില്‍ മൂന്നാല്‌ പേജെഴുതി. പിറ്റേന്ന്‌ ഓഫീസിലേക്ക്‌ പോകാനിറങ്ങുമ്പോള്‍ വീണ്ടും മിസ്റ്റര്‍ എക്‌സിന്റെ കോള്‍. എവിടെവരെയായി? വളരെ പെട്ടെന്ന്‌ വേണം എന്ന രീതിയില്‍ അയാള്‍ എന്നെ പ്രചോദിപ്പിച്ചു. ഓഫീസ്‌വിട്ട്‌ ക്ഷീണിതനായി വീട്ടിലെത്തുന്ന ഞാന്‍ പാതിരാവരെ ഉറക്കമിളച്ചിരുന്ന്‌ ഒരു ആഗോള ബിസിനസ്സ്‌പദ്ധതിയുടെ സാധ്യതകളെക്കുറിച്ച്‌ തലപുണ്ണാക്കി. ഒരു ലേഖനമെഴുതുന്നതിനെക്കാള്‍ സൂക്ഷ്‌മത ആവശ്യപ്പെടുന്ന പണിയാണ്‌ പരസ്യമെഴുത്ത്‌. ലേഖനം ഒരാള്‍ സാധാരണഗതിയില്‍ ഒരിക്കലേ വായിക്കൂ. പരസ്യം അങ്ങനെയല്ല. അതുകൊണ്ടുതന്നെ അനുയോജ്യമായ ഒരു തലവാചകത്തിനുവേണ്ടി മാത്രം മണിക്കൂറുകള്‍ ഞാന്‍ തപസ്സിരുന്നു. പിറ്റേന്നും പിറ്റേന്നും പിറ്റേന്നും മിസ്റ്റര്‍ എക്‌സ്‌ വിളിച്ചു. അയാള്‍ക്ക്‌ എത്രയും പെട്ടെന്ന്‌ സാധനമൊന്ന്‌ കൈയില്‍ കിട്ടിയാല്‍ മതിയായിരുന്നു. ഈ ബിസിനസ്സ്‌ മുഴുവനും ഞാനുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഈ ബ്രോഷറിലാണെന്ന്‌ അയാളുടെ വേവലാതി കണ്ടപ്പോള്‍ എനിക്ക്‌ തോന്നി. രാത്രി ഒറ്റക്കുകിടന്ന്‌ എന്റെ ഭാര്യ പിണങ്ങി. അവള്‍ എന്റെ കടലാസുകള്‍ വലിച്ചെറിഞ്ഞു. ഏതായാലും അഞ്ചുദിവസം കൊണ്ട്‌ മലയാളത്തിലുള്ള ബ്രോഷര്‍ ഞാനുണ്ടാക്കി. വിശേഷപ്പെട്ട ആ സാധനം കൊണ്ടുപോകാനായി മാത്രം ദൂരെനിന്ന്‌ രണ്ടുപേര്‍ എന്റെ വീട്ടില്‍ വന്നു. സാധനം ഭദ്രമായി ഏല്‍പിച്ച്‌ കൈ കൊടുക്കുമ്പോള്‍ അഞ്ചുദിവസം ഉറക്കമിളച്ചതിനുള്ള ഒരു കവര്‍ കൈയില്‍ തടയുമെന്നും ഭാര്യക്ക്‌ വസ്‌ത്രമോ മറ്റെന്തെങ്കിലുമോ വാങ്ങിച്ചു കൊടുത്ത്‌ പിണക്കം തീര്‍ക്കാമെന്നും ഞാന്‍ മനപ്പായസമുണ്ടു. എന്നാല്‍ രണ്ടാളും കൃത്യമായ ഒരു ചിരി പാസ്സാക്കി വണ്ടി സ്റ്റാര്‍ട്ടു ചെയ്‌തു പറന്നുപോകുന്നതും നോക്കി ഉറക്കംതൂങ്ങുന്ന കണ്ണുകളുമായി ഹതാശനായി നില്‍ക്കാനായിരുന്നു എന്റെ നിയോഗം.

ഞാന്‍ മിസ്റ്റര്‍ `എക്‌സി'നെ വിളിച്ചു.സാധനം ഒരു കവിതപോലെ മനോഹരമായിട്ടുണ്ടെന്നും ചില മിനുക്കുപണികള്‍ കൂടി നടത്തിത്തരണമെന്നും മിസ്റ്റര്‍ `എക്‌സ്‌'പറഞ്ഞു. അയാള്‍ പറഞ്ഞ പ്രകാരം തൊട്ടടുത്ത ഒഴിവുദിവസം സ്വന്തം പോക്കറ്റില്‍നിന്ന്‌ ബസ്‌കൂലി മുടക്കി ഞാനവരുടെ ഓഫീസിലെത്തി. രാവിലെ മുതല്‍ വൈകുന്നേരംവരെ കുത്തിയിരുന്ന്‌ മിനുക്കുപണികളും ചെയ്‌തുകൊടുത്തു. ഈ സമയമത്രയും ജനറല്‍ മാനേജറുടെ കസേരയിലിരുന്ന്‌ ഉറക്കംതൂങ്ങുകയായിരുന്നു മിസ്റ്റര്‍ `എക്‌സ്‌.' ആഗോളബിസിനസ്സില്‍ മത്സരിക്കാനിറങ്ങിയ ആളുടെ തല താങ്ങില്ലാതെ ആടുന്നതു കണ്ട്‌ എനിക്ക്‌ സഹതാപം തോന്നി. അയാളെ തട്ടിയുണര്‍ത്തി പോകുകയാണെന്ന്‌ പറഞ്ഞ്‌ കൈകൊടുക്കുമ്പോഴും ഒരു കവര്‍ എന്റെ കൈയില്‍ തടയുമെന്ന്‌ വീണ്ടും ഞാന്‍ ആശിച്ചു. എന്നാല്‍ വ്യക്തിത്വവികസനക്ലാസില്‍ നിന്നു പരിശീലിച്ചെടുത്ത ഒരു ജീവനില്ലാത്ത ചിരിയല്ലാതെ എനിക്ക്‌ മറ്റൊന്നും കിട്ടിയില്ല. മൂന്നാലു ദിവസം ഞാന്‍ കാത്തിരുന്നു. മിസ്റ്റര്‍ എക്‌സ്‌ വിളിച്ചതേയില്ല. ബ്രോഷര്‍ എഴുതുന്നതു വരെ ആവശ്യം അയാളുടേതായിരുന്നു. എഴുതുന്നതിനുമുമ്പ്‌ തന്നെ കൂലി വാങ്ങിവയ്‌ക്കാതിരുന്നത്‌ എന്റെ പിഴ. അതുകൊണ്ട്‌ ഇനിയത്‌ വാങ്ങിയെടുക്കുക എന്നത്‌ എന്റെ ആവശ്യമായിത്തീരുന്നു. എന്തൊരുവിധി! ഞാന്‍ മിസ്റ്റര്‍ എക്‌സിനെ വിളിച്ചു. കൂലി ഇതുവരെ കിട്ടിയില്ലെന്നറിയിച്ചു.അയാള്‍ കൈമലര്‍ത്തി: ``ഞാന്‍ പദ്ധതി വിട്ടു.''``ഇത്രയേറെ സാധ്യതകളുള്ള ഒരു ബിസിനസ്സ്‌ ഇത്രവേഗം കൈയൊഴിഞ്ഞെന്നോ?'' എനിക്ക്‌ വിശ്വസിക്കാനായില്ല.അയാള്‍ വിഷയം മാറ്റി.``താങ്കള്‍ക്ക്‌ പദ്ധതിയുടെ എംഡിയുടെ നമ്പര്‍ തരാം; മിസ്റ്റര്‍ `വൈ.' അദ്ദേഹത്തെ വിളിച്ചാല്‍ നിങ്ങളുടെ റെമ്യൂനറേഷന്‍ കിട്ടും.''ഞാന്‍ മിസ്റ്റര്‍ `വൈ'യെ വിളിച്ചു. ഞാന്‍ മിനുക്കുപണിക്ക്‌ ചെന്നപ്പോള്‍ അവിടെയുണ്ടായിരുന്ന ആളാണ്‌. സമൂഹത്തില്‍ സ്ഥാനമാനമുള്ള ആള്‍. ബഹുമാന്യന്‍. കാര്യം പറഞ്ഞപ്പോള്‍ താങ്കളുടെ കാര്യം ഞങ്ങളുടെ പരിഗണനയിലുണ്ടെന്ന മറുപടി.ആളുകള്‍ എന്താണിങ്ങനെയെന്ന്‌ എനിക്ക്‌ ഒരുപിടിയും കിട്ടിയില്ല. ചെയ്‌ത ജോലിക്കുള്ള കൂലി ആരുടെയും ഔദാര്യമല്ല; അവകാശമാണ്‌. സാമാന്യ ലോകവിവരമുള്ള ഒരാള്‍ക്കും ഇതറിയാം. എന്നിട്ടും സമൂഹത്തില്‍ ബഹുമാന്യനായ ഒരു വ്യക്തി താങ്കളുടെ കൂലി ഞങ്ങളുടെ പരിഗണനയിലുണ്ടെന്ന്‌ പറയുമ്പോള്‍ ഞാനെന്താണ്‌ മനസ്സിലാക്കേണ്ടത്‌?പണത്തിന്‌ തല്‍ക്കാലം ബുദ്ധിമുട്ടുണ്ടായിരിക്കുമെന്ന്‌ കരുതി ഞാന്‍ ഒരാഴ്‌ച കൂടി ക്ഷമിച്ചു. പക്ഷേ മിസ്റ്റര്‍ `വൈ'യുടെ ഓഫീസില്‍ നിന്ന്‌ ആരും എന്നെ വിളിച്ചില്ല. ഞാന്‍ മിസ്റ്റര്‍ `വൈ' യെ വീണ്ടും വിളിച്ചു. അയാള്‍ ഫോണെടുത്തില്ല. ദിവസവും ഞാനയാള്‍ക്കുവേണ്ടി റിങ്‌ ചെയ്‌ത്‌ കാത്തിരുന്നു; നൊ റെസ്‌പോണ്‍സ്‌. ഒടുവില്‍ മറ്റൊരാളുടെ നമ്പറില്‍നിന്ന്‌ ഞാനയാള്‍ക്ക്‌ വിളിച്ചു. ഇത്തവണ അയാള്‍ ഫോണെടുത്തു. ചെറിയൊരു ആക്‌സിഡന്റ്‌ പറ്റി ഹോസ്‌പിറ്റലിലാണെന്നായിരുന്നു മറുപടി. ആക്‌സിഡന്റ്‌ ചെറുതാണെങ്കിലും വലുതാണെങ്കിലും സന്ദര്‍ഭത്തിന്റെ ഗൗരവം മനസ്സിലാക്കി ഞാനെന്റെ കൂലിയുടെ കാര്യം പറഞ്ഞു. ഒരാഴ്‌ച കഴിഞ്ഞു വീണ്ടും ഞാനയാളെ വിളിച്ചു. അയാള്‍ ഫോണെടുത്തില്ല. വീണ്ടും വീണ്ടും പല ദിവസങ്ങളില്‍ പലതവണകളായി വിളിച്ചെങ്കിലും അയാള്‍ ഫോണ്‍ എടുത്തതേയില്ല. ഒടുവില്‍ എനിക്കൊരു കാര്യം മനസ്സിലായി. ഉറക്കമിളച്ചെഴുതിയ അഞ്ചു രാത്രികള്‍ എനിക്ക്‌ നഷ്‌ടമായിരിക്കുന്നു. ആ സമയം ക്രിയാത്മകമായ അഞ്ചോ ആറോ ലേഖനങ്ങളെഴുതിയിരുന്നെങ്കില്‍ എനിക്ക്‌ ആറ്‌ വായനക്കാരെയെങ്കിലും കൂടുതല്‍ കിട്ടുമായിരുന്നു. എന്റെ നമ്പറില്‍നിന്നുള്ള ഒരു കാളും അറ്റന്റ്‌ ചെയ്യാത്ത മിസ്റ്റര്‍ `വൈ' യുടെ മൊബൈലിലേക്ക്‌ ഇങ്ങനെയൊരു സന്ദേശമയക്കുക മാത്രമേ എനിക്ക്‌ ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ:`ഞാനെഴുതിത്തന്ന ബ്രോഷര്‍ നിങ്ങള്‍ ഉപയോഗിച്ചോ എന്നെനിക്കറിയില്ല. എന്നാല്‍ എന്റെ വിലപ്പെട്ട അഞ്ചു രാത്രികള്‍ നിങ്ങള്‍ കവര്‍ന്നെടുത്തിരിക്കുന്നു. ആഗോള കച്ചവടത്തിനു വേണ്ടി നിക്ഷേപങ്ങള്‍ സ്വരൂപിക്കുന്ന നിങ്ങള്‍ക്ക്‌ ഒരാളുടെ അദ്ധ്വാനത്തിന്റെ വിലപോലും കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ മറ്റുള്ളവരുടെ വിലപ്പെട്ട സമ്പത്തെങ്ങനെ കൈകാര്യംചെയ്യാന്‍ കഴിയും? താങ്കളുടെ ഭാവിയെന്തെന്നു പ്രവചിക്കാന്‍ ഇത്‌ ധാരാളം!'

***നഷ്‌ടപ്പെട്ട അഞ്ചു രാവുകള്‍ മറന്നു തുടങ്ങിയ സമയത്താണ്‌ സഹപ്രവര്‍ത്തകനൊപ്പം ഞാന്‍ ജോലിയുടെ ഭാഗമായ ഫീല്‍ഡ്‌ സര്‍വേക്കിറങ്ങിയത്‌. ഉച്ചഭക്ഷണത്തിനായി സാമാന്യം നല്ലൊരു ഹോട്ടലില്‍ ഞങ്ങള്‍ കയറി. അത്‌ ഒരു വെള്ളിയാഴ്‌ചയായിരുന്നു. വെയ്‌റ്റര്‍ വന്നപ്പോള്‍ സഹപ്രവര്‍ത്തകന്‍ പറഞ്ഞു: ഇന്ന്‌ വെള്ളിയാഴ്‌ചയല്ലേ, ബിരിയാണിയാക്കാം.ബിരിയാണിയെങ്കില്‍ ബിരിയാണി എന്നു പറഞ്ഞ്‌ ഞങ്ങള്‍ രണ്ട്‌ ഫുള്‍ ചിക്കന്‍ ബിരിയാണി നന്നായി തട്ടി. എഴുപത്‌രൂപയായിരുന്നു ഒരു ബിരിയാണിയുടെ വില. രണ്ടുപേര്‍ക്കും കൂടി നൂറ്റിനാല്‍പത്‌.വെയ്‌റ്റര്‍ക്ക്‌ പത്തുരൂപ ടിപ്‌സ്‌ കൊടുക്കാന്‍ ഞാന്‍ വിസമ്മതിച്ചപ്പോള്‍ സഹപ്രവര്‍ത്തകന്‍ പറഞ്ഞു:``തന്റെ കാശല്ലല്ലോ... പിന്നെ താനെന്തിനാ ഇങ്ങനെ പിശുക്കുന്നത്‌? നാളെ ഓഫീസില്‍ നിന്ന്‌ വൗച്ചറെഴുതി വാങ്ങിക്കാനുള്ളതല്ലേ!''അന്നു രാത്രി എനിക്ക്‌ വല്ലാത്തൊരു മനംപിരട്ടല്‍. സുലൈമാനിയില്‍ നാരങ്ങ പിഴിഞ്ഞ്‌ കഴിച്ചുനോക്കി. മനംപിരട്ടല്‍ കൂടിയതല്ലാതെ യാതൊരു ഭേദവും കണ്ടില്ല. പൊടുന്നനെ എന്റെ മനസ്സില്‍ ഒരു ആളലുണ്ടായി. എന്റെ സ്വന്തം പണമായിരുന്നെങ്കില്‍ ഞാനിന്ന്‌ ഉച്ചക്ക്‌ ബിരിയാണി കഴിക്കുമായിരുന്നോ? മനസ്സാക്ഷി മറുപടി പറഞ്ഞു: ഒരിക്കലുമില്ല. നീയിന്ന്‌ പതിനഞ്ചു രൂപയുടെ സാദാ ഊണായിരിക്കും കഴിച്ചിരിക്കുക. അപ്പോള്‍ യാതൊരു പിശുക്കുമില്ലാതെ വെറുതെ ഞാന്‍ ചെലവഴിച്ചിരിക്കുന്നത്‌ മറ്റൊരാളുടെ സമ്പത്താണ്‌. അയാളുടെ വിയര്‍പ്പാണ്‌. ആ തിരിച്ചറിവില്‍, നാളെ വൗച്ചറെഴുതുമ്പോള്‍ ഭക്ഷണത്തിന്റെ കണക്ക്‌ കാണിക്കില്ലെന്ന്‌ ഞാന്‍ തീരുമാനിച്ചു. അതു പറയാന്‍ സഹപ്രവര്‍ത്തകനെ വിളിച്ചപ്പോള്‍ അവന്റെ ശ്രീമതിയാണ്‌ ഫോണെടുത്തത്‌.``ചേട്ടന്‍ വയറുവേദനയായി കിടക്ക്വാ. എന്തെങ്കിലും പറയാനുണ്ടോ?''എനിക്ക്‌ സംഗതി അവിശ്വസനീയമായി തോന്നി. ഞാന്‍ പറഞ്ഞു: ``ദൈവം പഴയപോലെ അടുത്ത ജന്മത്തിലേക്ക്‌ മാറ്റിവയ്‌ക്കാറില്ലെന്നും എല്ലാം ഇവിടെ വച്ചുതന്നെ തന്നിട്ടേ തിരിച്ചു വിളിക്കൂ എന്നും പറഞ്ഞേക്കുക.


വീക്ഷണങ്ങള്‍ പങ്കുവയ്‌ക്കുക.
kmmusthaf@gmail.com

Wednesday, May 13, 2009

മതത്തിന്റെ അകത്തളം (ജെസ്മിയുടെ ആമേൻ വായിച്ച ശേഷം )

ലൈംഗികത മനുഷ്യസഹജമാണ്‌. രക്തവും മജ്ജയും മാംസവും ഇഴകിച്ചേര്‍ന്നവന്‌ ലൈംഗിക താത്‌പര്യമില്ലെങ്കില്‍ അവനാണ്‌ ചികിത്സ ആവശ്യമുള്ള രോഗി. മനുഷ്യനെ തിരിച്ചറിഞ്ഞ ഒരു സ്‌നേഹ സന്ദേശത്തിനും ലൈംഗികതയെ പൂര്‍ണമായി നിരാകരിക്കാനാകില്ല. എന്നാല്‍, നിയന്ത്രണരേഖകളില്ലാതെ തുറന്നുവിടാനും പാടില്ല. എയ്‌ഡ്‌സിന്റെയും മറ്റും രോഗാതുരതകളില്‍ ചീഞ്ഞു നാറുന്ന പുതിയ ലോകം നിയന്ത്രണമില്ലാത്ത ലൈംഗികതയുടെ ബാക്കി പത്രമാണെങ്കില്‍, പൂര്‍ണമായി നിരാകരിച്ച തത്വങ്ങളുടെ ദുര്‍ഗന്ധമാണ്‌ അഭയയിലൂടെ, ജെസ്‌മിയിലൂടെ മഠങ്ങളിലും കോണ്‍വെന്റുകലിലും നാറുന്നത്‌.

സിസ്‌റ്റര്‍ ജെസ്‌മിയുടെ ആമേന്‍ വായിച്ച ശേഷം / എം ടി ശിഹാബുദ്ദീന്‍ അസ്‌ഹരി
തുടര്‍ന്നു വായിക്കുക
published @ www.risalaonline.com
link here



മതത്തിന്റെ അകത്തളം
എംടി ശിഹാബുദ്ദീന്‍ അസ്‌ഹരി

മതം മനുഷ്യനുവേണ്ടിയുള്ളതാണ്‌. സ്വാഭാവികമായും മാനവികമൂല്യങ്ങളുടെ പൂമരമാവണമത്‌. മനുഷ്യനെ കുത്തിനോവിക്കുന്ന മുള്‍മരങ്ങള്‍ മതമായും മാനുഷികപ്രത്യയശാസ്‌ത്രമായും അംഗീകരിക്കപ്പെടില്ല. മതങ്ങള്‍ക്കുള്ളില്‍ നിന്നുതന്നെ അതിനെതിരെയുള്ള കലാപങ്ങള്‍ക്ക്‌ ചോരയും ചിന്തയും നല്‍കിയതാണ്‌ കഴിഞ്ഞകാല കഥകള്‍. അമ്പലത്തില്‍ ജാതീയതയുടെ പേരില്‍ അയിത്തംപറഞ്ഞ്‌ പടിക്കു പുറത്തു നിര്‍ത്തിയിരുന്ന ഹൈന്ദവ മതസിദ്ധാന്തങ്ങള്‍ക്കെതിരെ ജ്വാലയായി പടര്‍ന്നത്‌ ഹിന്ദുമത വിശ്വാസികള്‍ തന്നെയാണ്‌. സതിയും മനുഷ്യബലിയും ഇല്ലാതാക്കിയതും അവര്‍ തന്നെയാണ്‌.ചുരുക്കത്തില്‍, മതത്തിലെ മാനവീയദര്‍ശനങ്ങളെതേടിയുള്ള യാത്രകള്‍ മതപ്രചാരണ പ്രവര്‍ത്തനങ്ങളില്‍ എന്നും മുഴച്ചുനില്‍ക്കുന്ന കാര്യമാണ്‌. `സ്‌നേഹസ്വരൂപനായ മുഹമ്മദ്‌ നബിയും' `കാരുണ്യവാനായ യേശുക്രിസ്‌തുവും' പലകുറി കവര്‍‌സ്റ്റോറികളാവുന്നതും ഈ അര്‍ത്ഥത്തില്‍ വേണം കാണാന്‍. എന്നാല്‍ ആശയസമഗ്രത വെറും വാക്കുകളില്‍ ഒളിഞ്ഞു നില്‍ക്കുന്ന ശൂന്യതയാണെന്ന ഉത്തമ ബോധ്യമുള്ളതിനാല്‍ മാനവികത മാത്രമാണ്‌ ക്രൈസ്‌തവ മിഷനറിമാര്‍ മതപ്രബോധനത്തിന്‌ ആയുധമാക്കാറുള്ളത്‌. സ്‌നേഹമെന്ന്‌ വലിയ വായില്‍ ആവര്‍ത്തിച്ചുച്ചരിക്കുന്നതും ഇവരാണ്‌.പ്രാമാണികശൂന്യതയെ സ്‌നേഹത്തിന്റെ മുഖംമൂടിയാല്‍ മറച്ചുപിടിക്കുന്ന സഭകള്‍ക്കും മേലധികാരികള്‍ക്കും നല്ല വാര്‍ത്തകളല്ല വന്നുകൊണ്ടിരിക്കുന്നത്‌. സിസ്റ്റര്‍ അഭയ സ്‌നേഹത്തിന്റെ പൂമുഖത്തിനപ്പുറമുള്ള നിഗൂഢലോകത്തിന്റെ ചൂണ്ടുപലകയാവുമ്പോള്‍ സിസ്റ്റര്‍ അനുപമമേരി അതിന്റെ മറ്റൊരു പര്യായമാവുന്നു. ഈ സങ്കീര്‍ണതകളിലേക്കാണ്‌ പീഡനങ്ങളില്‍ മനം നൊന്ത്‌ കന്യാസ്‌ത്രീപദത്തില്‍നിന്നു രാജിവച്ച സിസ്റ്റര്‍ ജെസ്‌മിയുടെ ആത്മകഥ പുതിയ കുരുക്കുകളായി ആ പ്രസ്ഥാനത്തെ ഗ്രസിച്ചിരിക്കുന്നത്‌.മാനവികത ശൂന്യമാണെന്ന സത്യം വിളിച്ചുപറയുന്ന സിസ്റ്റര്‍ ജെസ്‌മി ഒരു പ്രസ്ഥാനത്തിലെ ആഭ്യന്തരപ്രശ്‌നമാണെന്നു പറഞ്ഞ്‌ മാറിനില്‍ക്കാന്‍ ഇന്ത്യന്‍ ഭരണഘടനക്കാവുമെന്ന്‌ തോന്നുന്നില്ല. ആത്മഹത്യാ പ്രേരണ, മനോരോഗിയാക്കി പീഡിപ്പിക്കല്‍, യൂനിവേഴ്‌സിറ്റിയുടെ മാര്‍ക്കുലിസ്റ്റ്‌ തിരുത്തല്‍ തുടങ്ങിയ ഒരിക്കലും മാപ്പര്‍ഹിക്കാത്ത പാതകങ്ങളുടെ പ്രഭവകേന്ദ്രം മതമേധാവികളുടെ കാര്യാലയങ്ങളാണെന്ന വെളിപ്പെടുത്തലുകള്‍ നീതിപൂര്‍വകമായി അന്വേഷിക്കാനുള്ള ബാധ്യത ഇന്ത്യാരാജ്യത്തിന്റെ നീതിന്യായ സംവിധാനങ്ങള്‍ക്കുണ്ട്‌.

ലൈംഗികത മനുഷ്യസഹജമാണ്‌. രക്തവും മജ്ജയും മാംസവും ഇഴുകിച്ചേര്‍ന്നവന്‌ ലൈംഗികതാല്‍പര്യമില്ലെങ്കില്‍ അവനാണ്‌ ചികിത്സ ആവശ്യമുള്ള രോഗി. മനുഷ്യനെ തിരിച്ചറിഞ്ഞ ഒരു സ്‌നേഹ സന്ദേശത്തിനും ലൈംഗികതയെ പൂര്‍ണമായി നിരാകരിക്കാനാവില്ല. എന്നാല്‍ നിയന്ത്രണരേഖകളില്ലാതെ തുറന്നു വിടാനും പാടില്ല. എയ്‌ഡ്‌സിന്റെയും മറ്റും രോഗാതുരതകളില്‍ ചീഞ്ഞുനാറുന്ന പുതിയ ലോകം നിയന്ത്രണമില്ലാത്ത ലൈംഗികതയുടെ ബാക്കി പത്രമാണെങ്കില്‍, പൂര്‍ണമായി നിരാകരിച്ച തത്വങ്ങളുടെ ദുര്‍ഗന്ധമാണ്‌ അഭയയിലൂടെ, ജെസ്‌മിയിലൂടെ മഠങ്ങളിലും കോണ്‍വെന്റുകളിലും നാറുന്നത്‌.ജെസ്‌മി ആത്മകഥയില്‍ പുണ്യവതിയായാണ്‌ സ്വയം അവതരിപ്പിക്കുന്നത്‌ (അതില്‍ ആര്‍ക്കും പരാതിയില്ല). എന്നാല്‍ ചുറ്റും നടക്കുന്ന സ്വവര്‍ഗരതികളുടെയും ചിലപ്പോള്‍ വേലികടന്നുള്ള സ്‌ത്രീപുരുഷബന്ധങ്ങളുടെയും സാക്ഷിയാവുമ്പോള്‍ തന്നെ ചില സിസ്റ്റര്‍മാര്‍ക്ക്‌ വഴങ്ങിക്കൊടുത്ത കഥയും അവര്‍ക്കു പറയാനുണ്ട്‌. ഒരിടത്ത്‌ ബാംഗ്‌ളൂരില്‍വച്ച്‌ ഒരു വൈദികന്റെ ഞരമ്പുരോഗത്തിന്‌ സാക്ഷിയാവുകയും അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്‌ത ഒരു സംഭവം ജെസ്‌മി പറയുന്നുണ്ട്‌. എന്നാല്‍ `പുരുഷ ശരീരം കണ്ടിട്ടുണ്ടോ' എന്ന ചോദ്യത്തിനു മുമ്പില്‍ ആകാംക്ഷാഭരിതയായി പരസ്‌പരം ശരീരപ്രദര്‍ശനത്തിന്‌ തയ്യാറായി എന്ന്‌ ഈ പുണ്യവതി തന്നെ എഴുതുന്നു. അതാണ്‌ മഠത്തിനുതിരിയാത്ത മതം.

ഒരു സ്‌ത്രീക്ക്‌ പുരുഷശരീരം കാണാനും ആസ്വദിക്കാനുമുള്ള മാനുഷികമായ തേട്ടം സ്വാഭാവികമാണ്‌. അത്‌ വകവച്ചു കൊടുക്കുമ്പോഴാണ്‌ മതം മാനവികമാവുന്നത്‌; പിടിച്ചുകെട്ടിയിട്ട്‌ കയറൂരിച്ചാടാന്‍ പ്രേരിപ്പിക്കുമ്പോഴല്ല.`മാനവിക മതം' പഠനവും സംസ്‌കാരവും നല്‍കി വളര്‍ത്തുന്ന ഈശോയുടെ ഭാര്യമാരോട്‌ കാണിക്കുന്ന ക്രൂരത ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്‌. ഇല്ലാത്ത മനോരോഗത്തിന്റെ പേരുപറഞ്ഞ്‌ ജെസ്‌മിയെ ചികിത്സിക്കാന്‍ ശ്രമിക്കുന്ന പുണ്യവതികള്‍ ജെസ്‌മിയുടെ ആത്മകഥയായ `ആമേനി'ല്‍ വരുന്നുണ്ട്‌. ഡോക്‌ടറുടെ അടുത്തേക്ക്‌ നിര്‍ബന്ധിച്ചു കൊണ്ടുപോവുകയും മരുന്നു കഴിക്കാനാവശ്യപ്പെടുകയും ചെയ്യുന്ന ഇവര്‍ക്കുമുമ്പില്‍ എല്ലാവിധ പരിശോധനകളും നടത്തി ക്ലീന്‍ സര്‍ട്ടിഫിക്കറ്റുമായി പ്രത്യക്ഷപ്പെടുന്ന ജെസ്‌മിയോട്‌ അവര്‍ പറയുന്ന വാക്കുകള്‍ ശ്രദ്ധേയമാണ്‌: `പത്തു കന്യാസ്‌ത്രീകളില്‍ ഒരാള്‍ മനോരോഗിയായിരിക്കും. അവര്‍ക്ക്‌ നിര്‍ബന്ധ ബുദ്ധ്യാ ചികിത്സ നല്‍കണമെന്ന്‌ പുതിയ മാര്‍പ്പാപ്പ പറഞ്ഞിരിക്കുന്നു' എന്നാണ്‌ അവര്‍ പ്രതികരിച്ചത്‌.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കന്യാസ്‌ത്രീകളില്‍ പത്തുശതമാനത്തെയും നിര്‍ബന്ധിച്ച്‌ മനോരോഗികളാക്കി ചികിത്സിക്കുന്നതിന്‌ സഭയുടെ പരമോന്നത മേധാവിയായ മാര്‍പ്പാപ്പ നിര്‍ദ്ദേശം കൊടുത്തെങ്കില്‍ എത്രത്തോളം മാനവികമാണ്‌ ഈ പ്രത്യയശാസ്‌ത്രം? ഒരാളെ നിര്‍ബന്ധിച്ച്‌ മനോരോഗിയാക്കുന്നവരോട്‌ രാജ്യത്തെ നീതിന്യായ സംവിധാനത്തിനുള്ള ബാധ്യതകള്‍ നടപ്പാക്കാന്‍ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ തയ്യാറാവേണ്ടതുണ്ട്‌. അതിനുവേണ്ടി കലാപം കൂട്ടേണ്ടവരായ മനുഷ്യാവകാശസംഘടനകള്‍ വിഷയത്തെക്കുറിച്ച്‌ പഠിച്ച്‌ പ്രതികരിക്കേണ്ടതുണ്ട്‌.കുടുംബബന്ധം പവിത്രമാണ്‌. മാതാപിതാക്കളോടുള്ള കടപ്പാട്‌ ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌. അത്തരം ബന്ധങ്ങള്‍ നിലനിര്‍ത്തേണ്ടതും അതിലെ മൂല്യശോഷണത്തിനെതിരെ പ്രതികരിക്കേണ്ടതും മനുഷ്യന്റെ പ്രത്യയശാസ്‌ത്രങ്ങളുടെ ബാധ്യതയാണ്‌. എന്നാല്‍ സ്വന്തം പിതാവ്‌ മരണപ്പെട്ടുകിടക്കുമ്പോള്‍ ഒരു മകളെ തടഞ്ഞുവച്ച്‌ പീഡിപ്പിക്കുന്നത്‌ എന്തിനോടാണ്‌ ചേര്‍ത്തുവായിക്കേണ്ടത്‌. സിസ്റ്റര്‍ ജെസ്‌മി പ്രതിനിധാനം ചെയ്യുന്ന ഒരു സമൂഹം എന്തെല്ലാം അനുഭവിക്കുന്നു എന്നാണ്‌ നാം മനസ്സിലാക്കേണ്ടത്‌. ഒരു മാതാവ്‌ ജീവിതത്തിലെ ഒരു സുപ്രധാന നിമിഷത്തില്‍ തന്റെ സന്തോഷം മകളുമായി പങ്കുവയ്‌ക്കാന്‍ വരുമ്പോള്‍ ഇരുവരെയും കണ്ണീരിലാഴ്‌ത്തി മടക്കിപ്പറഞ്ഞയക്കുന്നവര്‍ പുണ്യവതികളാണെങ്കില്‍ അവരെ വിശുദ്ധകളായി വാഴ്‌ത്തപ്പെടേണ്ടതുണ്ട്‌. വര്‍ഷത്തിലൊരിക്കല്‍ മാത്രം വീട്ടില്‍ ചെലവഴിക്കാന്‍ മഠനിയമം അനുവദിക്കുമ്പോള്‍ അതിനുപോലും വിലങ്ങു വയ്‌ക്കുന്നതിനെ എന്തു പേരാണു വിളിക്കേണ്ടത്‌.കേരളത്തിലെ ഒരു യൂനിവേഴ്‌സിറ്റിയില്‍ തനിക്ക്‌ ലഭിച്ച എംഎ രണ്ടാംറാങ്ക്‌ അവസാനം സഭാമേലധികാരികളുടെ ഇടപെടല്‍ കാരണം മൂന്നാം റാങ്കാക്കി മാറ്റി എന്ന്‌ ജെസ്‌മി സാക്ഷ്യപ്പെടുത്തുന്നത്‌ ശരിയാണെങ്കില്‍ ഈ ക്രൂരതക്കുള്ള ന്യായീകരണമെന്താണ്‌? മറ്റൊരിക്കല്‍ ഒന്നാംറാങ്ക്‌ കിട്ടിയതിന്‌ വഴക്കുകേള്‍ക്കേണ്ടി വന്നെങ്കില്‍ ഈ മതില്‍കെട്ടുകള്‍ക്കുള്ളില്‍ നടക്കുന്നതെന്തെല്ലാമാണെന്നാണ്‌ നാം മനസ്സിലാക്കേണ്ടത്‌?സേവനത്തിന്റെയും ദൈവവിശ്വാസത്തിന്റെയും പേരില്‍ നടക്കുന്ന കലാലയങ്ങളില്‍ അഡ്‌മിഷന്‍സമയത്ത്‌ നടക്കുന്ന പണംപിടുങ്ങലിന്റെ കഥകളും അതിനോട്‌ വിയോജിച്ചതിന്റെ പേരിലുണ്ടായ പൊല്ലാപ്പുകളും ജെസ്‌മി പങ്കുവയ്‌ക്കുന്നു. വൈദികര്‍ക്ക്‌ ഉയര്‍ന്ന സൗകര്യങ്ങള്‍ നല്‍കുമ്പോള്‍ അത്യാവശ്യകാര്യങ്ങള്‍ക്കുവേണ്ടി യാചകരാവാന്‍ വിധിക്കപ്പെടുന്നവരാണ്‌ കന്യാസ്‌ത്രീകളെന്നും ജെസ്‌മി പറയുന്നു. അസൂയയുടെയും പാരവയ്‌പ്പിന്റെയും കാലുഷ്യം ആദ്യവസാനം നിറഞ്ഞുനില്‍ക്കുന്നു.മഠങ്ങളുടെ പിന്നില്‍ നല്ല ലക്ഷ്യങ്ങളുണ്ടായിരുന്നിരിക്കാം. സ്ഥാപിച്ചവര്‍ക്ക്‌ നല്ല മനസ്സുമുണ്ടാവാം. എന്നാല്‍ എല്ലാറ്റിന്റെയും അടിവേര്‌ അത്‌ പടുത്തുയര്‍ത്തുന്ന ചിന്താധാരയുടെ അന്തഃസത്തയാണ്‌. അത്‌ ശൂന്യമാവുമ്പോഴാണ്‌ മനംമടുപ്പിക്കുന്ന അനുഭവങ്ങളുടെ പ്രഭാവമായി അതുമാറുന്നത്‌. അതിനാലാണീ നിഗൂഢതകള്‍ മതത്തിന്റെ ദുരന്തമായി മാറിയതും.

Monday, May 11, 2009

ചന്ദ്രികയുടെ സവര്‍ണഭാഷ്യങ്ങള്‍


article by :ഡോ. അസീസ്‌ തരുവണ
http://www.risalaonline.com/


`മാസ്‌ കമ്യൂണിക്കേഷനും മനഃശാസ്‌ത്രവും' എന്ന പ്രബന്ധത്തില്‍ ഉബര്‍ട്ടോ എക്കോ ദൃശ്യശ്രാവ്യ മാധ്യമങ്ങള്‍ രൂപകങ്ങളേയും വാര്‍പ്പു മാതൃകകളേയും സൃഷ്‌ടിക്കുന്നതിനെപ്പറ്റി പറയുന്നുണ്ട്‌. അതിലെ ശ്രദ്ധേയമായ ഒരു നിരീക്ഷണം ഇങ്ങനെയാണ്‌: ഒരേ കാര്യം പലതവണ ദൃശ്യശ്രാവ്യമാധ്യമങ്ങളിലൂടെ കാണുകയോ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ നമ്മുടെ അബോധതലത്തില്‍ ഒരു `സബ്‌ലിമിനല്‍ ക്യൂസ്‌' ഉണ്ടാകുന്നു. ഉദാഹരണമായി, ഒരു സിനിമയില്‍ നാം ഒരു വില്ലന്‍ കഥാപാത്രത്തെ കാണുന്നു. കറുത്ത നിറം, കുറിയരൂപം, ചുവന്ന കണ്ണുകള്‍, കഷണ്ടി തുടങ്ങിയവയാണ്‌ ആ വില്ലന്റെ രൂപമെന്ന്‌ കരുതുക. തുടര്‍ന്ന്‌ നിരവധി സിനിമകളില്‍ ഇതേ വില്ലന്‍ കഥാപാത്രത്തെ, ഇതേ രൂപത്തില്‍ കാണുന്നുവെങ്കില്‍ നമ്മുടെ മനസ്സില്‍ വില്ലന്‍ എന്നതിന്റെ പ്രതീകമായി ആ കഥാപാത്രം മാറും. ഇനി ഇതേ രൂപമുള്ള, വില്ലത്തരമൊന്നുമില്ലാത്ത ഒരു നാട്ടുമ്പുറത്തുകാരനെ കാണുമ്പോള്‍ പെട്ടെന്ന്‌ ചിന്തിക്കുക `ഇയാളൊരു വില്ലനാണല്ലോ' എന്നാണ്‌.

മാധ്യമങ്ങള്‍ സൃഷ്‌ടിച്ച ഇത്തരം നിരവധി രൂപകങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്‌. ചില സമുദായങ്ങളെ തിരിച്ചറിയാന്‍ ചില രൂപകങ്ങള്‍ മുമ്പേ സൃഷ്‌ടിച്ചുവച്ചിട്ടുണ്ട്‌. പഴയ നാടകങ്ങളിലും സിനിമകളിലും, അരപ്പട്ടയും കള്ളിത്തുണിയും ബനിയനും അതിലൊരു കത്തിയും മൊട്ടത്തലയും മുസ്‌ലിമിന്റെ രൂപമായിരുന്നു. അക്ഷരശുദ്ധിയില്ലായ്‌മ, പരുക്കന്‍ പ്രകൃതം എന്നിവ ഈ കഥാപാത്രങ്ങളുടെ സഹജ ഭാവങ്ങളും. പലിശക്ക്‌ പണം നല്‍കുന്ന, ഈ രൂപഭാവങ്ങളുള്ള കഥാപാത്രമാണെങ്കില്‍ അതൊരു `ഹാജിയാര്‍' കൂടിയായിരിക്കും. ഇപ്പറഞ്ഞതൊക്കെ ആഗോളതലത്തില്‍ മുസ്‌ലിംകളെ തീവ്രവാദികളെന്നും ഭീകരവാദികളെന്നും ചാപ്പകുത്തുന്നതിന്‌ മുമ്പുള്ള കാര്യമാണ്‌.ഇപ്പോള്‍ ഇത്തരം മുദ്രകളും രൂപകങ്ങളും സൃഷ്‌ടിക്കുന്നത്‌ സാമ്രാജ്യത്വവും അവരുടെ കൈപ്പിടിയിലുള്ള മാധ്യമങ്ങളുമാണ്‌. മുസ്‌ലിംചിഹ്നങ്ങള്‍ സമം ഭീകരത എന്നത്‌ അതിലൊന്നാണ്‌. താടി, തൊപ്പി, ഹിജാബ്‌, നിസ്‌കാരത്തഴമ്പ്‌ തുടങ്ങിയവ ഭീകരവാദിയുടെയും തീവ്രവാദിയുടെയും ലക്ഷണങ്ങളായി മാധ്യമങ്ങള്‍ ബോധപൂര്‍വം പ്രക്ഷേപിക്കുന്നു.എന്നാല്‍ എല്ലാ താടിയും എല്ലാ തലപ്പാവുകളും ഭീകരതയായി കാണാറില്ല എന്ന വൈരുദ്ധ്യം ശ്രദ്ധിക്കേണ്ടതാണ്‌.

മന്‍മോഹന്‍ സിംഗിന്റെ തലപ്പാവും താടിയും ഭീകരതയല്ല; വിശ്വാസത്തിന്റെ ചിഹ്നമാണ്‌. അബ്‌ദുന്നാസിര്‍ മഅ്‌ദനിക്ക്‌ ഈ ആനുകൂല്യം ബാധകമല്ല. കാരണം മന്‍മോഹന്‍ സിംഗ്‌ സിക്കുകാരനും മഅ്‌ദനി മുസ്‌ലിമുമാണ്‌. അപ്പോള്‍ പ്രശ്‌നം താടിയും തലപ്പാവുമല്ല, പിറന്ന സമുദായമാണ്‌.ഇത്‌ ചിഹ്നങ്ങളുടെ മാത്രം പ്രശ്‌നമല്ല, യഥാസ്ഥിതികം/ പുരോഗമനം, മിതവാദം/ തീവ്രവാദം തുടങ്ങി നിരവധി ദ്വന്ദ്വങ്ങള്‍ക്കും ഇത്‌ ബാധകമാണ്‌. താലിബാന്‍ സമം മുസ്‌ലിം എന്നിങ്ങനെയുള്ള സമവാക്യങ്ങളുമുണ്ട്‌. താലിബാന്‍ ചെയ്യുന്ന കാര്യങ്ങള്‍ (അവയില്‍ പലതും ഇസ്‌ലാമിന്റെ അന്തഃസത്തയ്‌ക്ക്‌ അനുയോജ്യമാണോ എന്ന്‌ പരിശോധിക്കേണ്ടതുണ്ട്‌) മുത്തലിക്കിയുടെ രാമസേന ചെയ്‌താല്‍ അതിനെ വിശേഷിപ്പിക്കാന്‍ യാഥാസ്ഥിതികം, പിന്തിരിപ്പത്തം, മൂരാച്ചികള്‍ തുടങ്ങിയ വിശേഷണങ്ങളല്ല, പാരമ്പര്യ സംരക്ഷണം, മൂല്യസംരക്ഷണം, പാശ്ചാത്യ സംസ്‌കാരികാധിനിവേശത്തെ തടയല്‍ തുടങ്ങിയ പരികല്‍പ്പനകളാണ്‌ ദേശീയ മാധ്യമങ്ങള്‍ വരികള്‍ക്കിടയില്‍ ചാര്‍ത്തികൊടുക്കാറുള്ളത്‌.സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും മാത്രമല്ല, രാഷ്‌ട്രങ്ങള്‍ക്കും ഇത്തരം മുദ്രകള്‍ സാമ്രാജ്യത്വവും അവരുടെ വാര്‍ത്താമാധ്യമങ്ങളും ഒരുക്കിവച്ചിട്ടുണ്ട്‌. ഇറാന്‍ ഭീകരരാഷ്‌ട്രവും തീവ്രവാദം കയറ്റി അയക്കുന്ന രാജ്യവുമാണ്‌. ഫലസ്‌തീനും ഏറെക്കുറെ അങ്ങനെ തന്നെ. എന്നാലോ, അമേരിക്കയും ഇസ്രയേലും സമാധാനത്തിന്റെ സംരക്ഷകരും ഭീകരവാദികളുടെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട സംരക്ഷണം അത്യാവശ്യമായ രാജ്യങ്ങളുമാണ്‌. അതുകൊണ്ട്‌ ഇറാന്‍ അണ്വായുധം നിര്‍മിക്കുന്നത്‌ ലോകസമാധാനത്തിന്‌ ഭീഷണിയും ഇസ്രയേലും അമേരിക്കയും അണ്വായുധം കുന്നുകൂട്ടിവയ്‌ക്കുന്നത്‌ സമാധാനത്തിന്റെ സംരക്ഷണത്തിന്‌ അനിവാര്യവുമാണ്‌. ഇപ്പറഞ്ഞതില്‍ പലതും പച്ചയായി പറയാറില്ലെങ്കിലും അബോധതലത്തിലെ അടിയുറച്ച ധാരണകളാണ്‌. ശശി തരൂരിനെ പോലുള്ളവര്‍ ചിലപ്പോഴെങ്കിലും വിളിച്ചു പറഞ്ഞിട്ടുള്ളത്‌ ഈ പൊതുബോധമാണ്‌. അവര്‍ക്ക്‌ ഇസ്രയേലിന്റെ ബോംബുകളെക്കാള്‍ ഭീകരവും മാരകവും ഫലസ്‌തീനികളുടെ കല്ലേറാണ്‌. പതിനഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മോസ്റ്റ്‌ ടെയ്‌ഞ്ചറസ്‌ സ്ഥാനാര്‍ത്ഥിയായ ശശിതരൂരിന്റെ കുപ്രസിദ്ധമായ ഇസ്രയേല്‍ അനുകൂലലേഖനം വേണ്ടവിധം വിശകലനം ചെയ്യപ്പെടാതെ പോയതിന്റെ അനേകം കാരണങ്ങളിലൊന്ന്‌ മേല്‍പറഞ്ഞ പൊതുബോധത്തിന്റെ ശക്തമായ മേല്‍ക്കോയ്‌മ മൂലം കൂടിയാണ്‌.

മഅ്‌ദനി എന്ന ഇരഅബ്‌ദുന്നാസര്‍ മഅ്‌ദനിയുടെയോ പിഡിപിയുടെയോ ആശയാദര്‍ശങ്ങളുമായി യോജിപ്പുള്ള ആളല്ല ഈ ലേഖകന്‍. ചില കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ എതിര്‍ചേരിയിലുമാണ്‌. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ മഅ്‌ദനിയുടെയും പിഡിപിയുടെയും ആശയാദര്‍ശങ്ങള്‍ എന്റെ വിഷയമല്ല. അതേസമയം, മഅ്‌ദനി ഒഴിവാക്കാനാവാത്ത വിഷയമാണ്‌, പഴയശൈലിയില്‍നിന്ന്‌ പൂര്‍ണമായി പിന്‍വാങ്ങി എന്ന്‌ പറയുന്ന മഅ്‌ദനിയോട്‌, `സോറി നിങ്ങള്‍ മാറിയിട്ടില്ല, മാറിയിട്ടില്ല' എന്നാവര്‍ത്തിക്കുന്ന മുഖ്യധാരാ പാര്‍ട്ടികളുടെയും മാധ്യമങ്ങളുടെയും പല്ലവി വിശകലന വിധേയമാക്കേണ്ടതുണ്ട്‌. മഅ്‌ദനിയുടെ ഒമ്പതര വര്‍ഷത്തെ ജയില്‍വാസത്തിന്‌ ശേഷമുള്ള, മാനസാന്തരപ്പെടുകയും പഴയ പാളിച്ചകള്‍ ഏറ്റുപറഞ്ഞ്‌ മുഖ്യധാരയോടൊപ്പം നിലകൊള്ളുകയും ചെയ്യുന്ന പുതിയകാലം തീര്‍ച്ചയായും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്‌. എന്നാല്‍ പ്രശ്‌നം ഇതൊന്നുമല്ല. മഅ്‌ദനി പിന്‍തുണച്ചത്‌ ഇടതുപക്ഷത്തെയാണ്‌. അദ്ദേഹം എതിര്‍ക്കുന്നത്‌ സംഘ്‌പരിവാറിനെയും ആഗോള സാമ്രാജ്യത്വത്തെയും അവരുടെ ഇന്ത്യന്‍ ദല്ലാളുകളെയുമാണ്‌. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ മാനസാന്തരം സ്വീകാര്യമല്ല എന്നാണ്‌ സവര്‍ണ മുഖ്യധാരാ മാധ്യമങ്ങളുടെയും വലതുപക്ഷ പാര്‍ട്ടികളുടെയും നിലപാട്‌. മഅ്‌ദനി സാമ്രാജ്യത്വ വിരുദ്ധ നിലപാട്‌ മാറ്റി, ഹിന്ദുത്വത്തോട്‌ മൃദുസമീപനം സ്വീകരിച്ച്‌ വലത്തോട്ട്‌ ചാഞ്ഞിരുന്നെങ്കില്‍ മഅ്‌ദനി ഇപ്പോള്‍ ആരാകുമായിരുന്നു? മതേതരത്വത്തിന്റെ മിശിഹാപട്ടം സ്വയം അലങ്കരിക്കുന്നവര്‍ അദ്ദേഹത്തെ തോളിലേറ്റുമായിരുന്നില്ലേ? അദ്ദേഹം സുചിന്തിതമായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇടതുപക്ഷത്തെ പിന്തുണച്ചതല്ലേ വീണ്ടും ഭീകരവാദിയും തീവ്രവാദത്തിന്റെ ഹോള്‍സെയിലറുമാവാന്‍ കാരണം?തൊണ്ണൂറുകളില്‍ ഇന്ദിരയേയും രാജീവിനേയും സോണിയയേയും അധിക്ഷേപിച്ച്‌ ഗ്രന്ഥരചന നടത്തിയ ശശി തരൂരിന്റെ നിലപാടുകളെ മറക്കാന്‍ (ഗ്രന്ഥങ്ങള്‍ ഇപ്പോഴും നിലനില്‍ക്കെ തന്നെ) കോണ്‍ഗ്രസിനും രമേശ്‌ ചെന്നിത്തലക്കും കഴിയും. പറഞ്ഞതൊന്നും ഇപ്പോഴും തള്ളിപ്പറഞ്ഞിട്ടില്ലെങ്കിലും തരൂര്‍ അവര്‍ക്ക്‌ മികച്ച സ്ഥാനാര്‍ത്ഥിയുമാണ്‌. എന്നാല്‍ കോണ്‍ഗ്രസിന്റെ ഒത്താശയോടെ ബാബരി മസ്‌ജിദ്‌ തച്ചുതകര്‍ത്ത 1992ല്‍ സംഘ്‌പരിവാറിനെതിരെ മഅ്‌ദനി നടത്തിയ പ്രസംഗങ്ങള്‍ രമേശ്‌ ചെന്നിത്തലക്ക്‌ മറക്കാനാവുന്നില്ല. മാറിയ മഅ്‌ദനിയെ കാണുമ്പോഴെല്ലാം പഴയഓര്‍മകള്‍ തികട്ടിവരുന്നതിന്റെ പിന്നിലെ രാഷ്‌ട്രീയം തുറന്നുകാട്ടപ്പെടേണ്ടതുണ്ട്‌.

നാം ചോദിക്കുവാന്‍ മറന്നുപോയ ഒരു പ്രധാനചോദ്യം `മാനസാന്തരപ്പെട്ടു' എന്നതിന്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കേണ്ടത്‌ ആരാണ്‌? സംഘ്‌പരിവാറാണോ? രമേശ്‌ ചെന്നിത്തല അടക്കമുള്ള സവര്‍ണ മേധാവികളാണോ? സവര്‍ണമേല്‍ക്കോയ്‌മയല്ല, മതേതരസമൂഹമാണ്‌ അദ്ദേഹത്തെ സ്വീകരിക്കേണ്ടത്‌. ജയില്‍മോചിതനായി വന്നപ്പോള്‍ അദ്ദേഹത്തോടൊപ്പം വേദി പങ്കിട്ടുകൊണ്ട്‌ ഇടതു വലതു മതേതര പ്രസ്ഥാനങ്ങളില്‍പെട്ടവര്‍ അതു ചെയ്‌തിട്ടുമുണ്ട്‌. അദ്ദേഹത്തിന്റെ വേദനകളില്‍ പങ്കുകൊണ്ടിട്ടുണ്ട്‌. മാറിയ മഅ്‌ദനിയെ അന്നാരും പഴയത്‌ പറഞ്ഞ്‌ ആക്രമിച്ചിട്ടുമില്ല. മാറിയ മഅ്‌ദനിക്ക്‌ താന്‍ സ്വീകരിക്കുന്ന മതേതര ജനാധിപത്യ നിലപാടിന്‌ ഏറ്റവും അനുയോജ്യം ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്‌ എന്ന തിരിച്ചറിവുണ്ടായതാണ്‌ പുതിയ അസ്‌ക്യതക്ക്‌ ഹേതു. അതോടെ സവര്‍ണ മുഖ്യധാരയുടെ നെറ്റി ചുളിഞ്ഞു. മഅ്‌ദനി ജയിലിലായിരുന്ന കാലത്തും മോചിതനായ നാളുകളിലും സംഘ്‌പരിവാര്‍ ശക്തികള്‍മാത്രം അദ്ദേഹത്തിനെതിരെ വിഷനാവുകള്‍ കൊണ്ട്‌ ചൊരിഞ്ഞ അപവാദങ്ങളെല്ലാം സവര്‍ണ മാധ്യമങ്ങളുടെയും പാര്‍ട്ടികളുടെയും വാദമുഖങ്ങളായി മാറി. സംഘ്‌പരിവാറിനും സവര്‍ണ പൊതുബോധത്തിനുമിടയിലെ അതിര്‍വരമ്പ്‌ എത്രമാത്രം നേര്‍ത്തതാണ്‌ എന്ന്‌ ഇതിലൂടെ വായിച്ചെടുക്കാവുന്നതാണ്‌. വലതുപക്ഷത്തിനും സവര്‍ണഫാസിസത്തിനും ആശ്ലേഷബദ്ധരാവാന്‍ എത്ര എളുപ്പമാണെന്ന്‌ മഅ്‌ദനി എന്ന പ്രതീകം കാണിച്ചുതന്നു.

മാനസാന്തരപ്പെട്ടു എന്നു വിളിച്ചുപറഞ്ഞ രാമന്‍പിള്ള എന്തുകൊണ്ട്‌ മഅ്‌ദനിയോളം ആക്രമിക്കപ്പെട്ടില്ല. രാമന്‍പിള്ള പണ്ട്‌ വര്‍ഗീയവാദിയായിരുന്നു എന്നും ഇന്ന്‌ മതേതര ചേരിയോടൊപ്പമാണെന്നും സമ്മതിക്കുന്ന പൊതുസമൂഹം രാമന്‍പിള്ള പണ്ടുള്‍പ്പെട്ടിരുന്ന മാനസാന്തരപ്പെടാത്ത ബിജെപി നേതാക്കളെ എന്തുകൊണ്ട്‌ വര്‍ഗീയവാദികള്‍ എന്ന്‌ വിളിക്കാന്‍ ധൈര്യപ്പെടുന്നില്ല? ഒ രാജഗോപാലിനെയും കൃഷ്‌ണദാസിനെയും എന്തുകൊണ്ട്‌ പൊതുമണ്‌ഡലത്തില്‍ അയിത്തം കല്‍പ്പിച്ച്‌ മാറ്റിനിര്‍ത്തുന്നില്ല? മുഖ്യധാരാ പത്രങ്ങള്‍ മുമ്പ്‌ പി പരമേശ്വരനെ ബുദ്ധിജീവിയാക്കി മാറ്റിയതുപോലെ അഡ്വ. പിഎസ്‌ ശ്രീധരന്‍പിള്ള എന്ന കാവി രാഷ്‌ട്രീയ നേതാവിന്‌ പേജുകളും സ്റ്റേജുകളും അനുവദിച്ച്‌ പൊതുമണ്‌ഡലത്തിലേക്ക്‌ ആനയിക്കുമ്പോള്‍ എന്തുകൊണ്ട്‌ ആരും അസ്വസ്ഥരാവുന്നില്ല? കാരണം വ്യക്തം. ഇവരാരും മതന്യൂനപക്ഷങ്ങളിലോ ദലിതുകളിലോ പെട്ടവരല്ല. സവര്‍ണമേധാവികളാണ്‌. പോതുബോധം സവര്‍ണ മേല്‍ക്കോയ്‌മക്ക്‌ അനുകൂലവും അതിനു പുറത്തുള്ളവര്‍ക്ക്‌ എതിരുമാണ്‌. വ്യക്തമായിപ്പറഞ്ഞാല്‍ സവര്‍ണപൊതുബോധമാണ്‌ നമ്മുടെ മേല്‍ക്കോയ്‌മാ സംസ്‌കാരം. മഅ്‌ദനിക്ക്‌ അവരുടെ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുക ഒരിക്കലും സാധ്യമല്ല. അതിനുവേണ്ടി എവിടെയെങ്കിലും അപേക്ഷ നല്‍കി കാത്തിരിക്കുന്ന വ്യക്തിയുമല്ല മഅ്‌ദനിമഅ്‌ദനിയെ സമുദായം വേട്ടയാടിയ വിധംസവര്‍ണ മീഡിയയെ ചാണിന്‌ ചാണായും മുഴത്തിന്‌ മുഴമായും അനുകരിക്കുക എന്നത്‌ മുസ്‌ലിം മീഡിയയുടെ പതിവുരീതിയാണ്‌. എന്നാല്‍ ഒറ്റുകാരുടെ റോളിലെത്തുമ്പോള്‍ കേരളത്തിലെ മുസ്‌ലിം പത്രമാസികള്‍ക്ക്‌ കൈവിറക്കാറുണ്ട്‌. പദപ്രയോഗങ്ങളിലും ടെര്‍മിനോളജിയിലും ബദല്‍ അന്വേഷിക്കാന്‍ പുതിയ ചില പത്രങ്ങളെങ്കിലും തുനിഞ്ഞത്‌ സമീപകാലത്താണ്‌. ഭീകരവാദി, തീവ്രവാദി തുടങ്ങിയ പ്രയോഗങ്ങള്‍ക്ക്‌ പകരം പോരാളികള്‍ എന്ന്‌ പ്രയോഗിക്കുന്ന മുസ്‌ലിം പത്രങ്ങള്‍ പോലുമുണ്ട്‌. ഇതൊക്കെ ഫലസ്‌തീന്‍, ചെച്‌നിയ, ഇറാഖ്‌, ഇറാന്‍ തുടങ്ങിയ രാജ്യക്കാര്‍ക്ക്‌ മാത്രം ബാധകമായ കാര്യം. കണ്‍മുമ്പിലുള്ള മഅ്‌ദനി ചിലപ്പോഴെങ്കിലും തീവ്രവാദിയാണ്‌.

മഅ്‌ദനിക്കെതിരെ സവര്‍ണമീഡിയ ആവര്‍ത്തിക്കുന്ന കള്ളക്കഥകള്‍ അവരും നൂറ്റൊന്നാവര്‍ത്തിക്കുന്നു. മഅ്‌ദനിയെ കോടതി കുറ്റവിമുക്തനാക്കിയിട്ടും സമുദായപ്പത്രങ്ങള്‍ സംഘ്‌പരിവാറിനൊപ്പം പഴയത്‌ ആവര്‍ത്തിക്കുന്നു. വസ്‌തുതാപരമായി തെളിയിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ പത്രത്താളുകളിലെ കാര്‍ട്ടൂണ്‍ ആഭാസങ്ങളിലൂടെ പരിഹാസ്യമായി ചിത്രീകരിച്ചുകൊണ്ട്‌ സ്വന്തം മുഖത്തേക്കുതന്നെ കാര്‍ക്കിച്ചു തുപ്പുന്നു.ഏപ്രില്‍ 3-ാം തിയ്യതി ചന്ദ്രികാ പത്രത്തില്‍ പ്രസിദ്ധീകരിച്ച `നാട്ടിലെങ്ങും ഫ്‌ളാഷായി' എന്ന കാര്‍ട്ടൂണ്‍ എന്തുതരം രാഷ്‌ട്രീയത്തിന്റെ പേരിലായാലും പ്രതിലോമപരമാണ്‌. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ നേതാവ്‌ എന്ന നിലയ്‌ക്ക്‌ മഅ്‌ദനിയെ എതിര്‍ക്കാന്‍ ആര്‍ക്കും അര്‍ഹതയുണ്ട്‌. കാര്‍ട്ടൂണിസ്റ്റുകള്‍ക്ക്‌ ആത്മാവിഷ്‌കരണം നടത്താന്‍ തീര്‍ച്ചയായും സ്വാതന്ത്ര്യം അനുവദിക്കേണ്ടതുമാണ്‌. ജമാല്‍ കൊച്ചങ്ങാടിയുടെ ഭാഷയില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ``നേരുപറയുന്ന നുണയന്മാരാണ്‌'' പ്രവചന സ്വഭാവമുള്ള നിരവധി കാര്‍ട്ടൂണുകള്‍ പ്രതിഭാധനന്മാരായ കാര്‍ട്ടൂണിസ്റ്റുകള്‍ മുമ്പ്‌ വരച്ചതായി നമുക്കറിയാം. എന്നാല്‍ അവയെ വിശകലനം ചെയ്യാനും പ്രതിലോമപരമായിത്തന്നെ തുറന്നുകാട്ടാനും ആര്‍ക്കും അവകാശമുണ്ട്‌. ഈ കാര്‍ട്ടൂണ്‍ പ്രക്ഷേപിക്കുന്ന ആശയ പരിസരം സവര്‍ണഫാസിസത്തിന്റേതാണ്‌. താടിയും തൊപ്പിയുമുള്ള ഒരാള്‍ ടിവിക്കുള്ളില്‍ നിന്നുകൊണ്ട്‌ (വാര്‍ത്താ സമ്മേളനത്തിലോ പ്രസംഗത്തിലോ മറ്റോ നടത്തുന്ന ക്ഷമാപണമാണ്‌) പറയുന്ന ഡയലോഗാണ്‌: ``ബോംബ്‌ വെച്ചിട്ടുണ്ട്‌.. ബസ്‌ കത്തിച്ചിട്ടുണ്ട്‌... തെറ്റുപറ്റി... മാപ്പ്‌ മക്കളേ..'' എന്ന വിളിയില്‍ നിന്ന്‌, പറയുന്ന ആള്‍ മഅ്‌ദനിയാണെന്ന്‌ വ്യക്തമാണ്‌. ടിവിയുടെ പുറത്ത്‌ ഒരു ഭാഗത്ത്‌ ഇതേ തൊപ്പിയും താടിയുമുള്ള വ്യക്തിയും മറുഭാഗത്ത്‌ കണ്ണുകള്‍ മാത്രം പുറത്തു കാണിച്ചുകൊണ്ട്‌ ഹിജാബ്‌ ധരിച്ച ഒരു സ്‌ത്രീയുമുണ്ട്‌. മഅ്‌ദനിയും ഭാര്യ സൂഫിയയുമാണ്‌ ഇവരെന്ന്‌ വ്യക്തം. ``മാധ്യമങ്ങളേ.. തെണ്ടികളെ'' എന്ന ഫ്‌ളാഷ്‌ വാര്‍ത്ത ടിവിക്കടിഭാഗത്തിലൂടെ ഒരു നീണ്ടപേപ്പറിലൂടെ മഅ്‌ദനി കടത്തിവിടുന്നു. സൂഫിയ അത്‌ വലിച്ചെടുക്കുന്നു. ഇതാണ്‌ കാര്‍ട്ടൂണ്‍.

ചോദ്യം ഇതാണ്‌. മഅ്‌ദനി ബോംബ്‌ വെച്ചു എന്ന്‌ കോടതികള്‍ തെളിയിച്ചിട്ടുണ്ടോ? മഅ്‌ദനി അത്തരമൊരു ക്ഷമാപണം നടത്തിയിട്ടുണ്ടോ? ബസ്‌ കത്തിച്ചതില്‍ മഅ്‌ദനിയോ സൂഫിയയോ പ്രതിയാണോ? ഇവയൊക്കെ ചെയ്‌തു കൊണ്ടിരിക്കുന്നവര്‍ സംഘ്‌പരിവാര്‍ ശക്തികള്‍ അല്ലേ?കേരള ചരിത്രത്തില്‍ ആദ്യമായി ബസ്സുകത്തിക്കല്‍ നടന്നത്‌ കളമശ്ശേരിയിലാണോ? ബന്ദുദിനങ്ങളില്‍ ബസ്സു കത്തിക്കാത്ത എത്ര പാര്‍ട്ടികള്‍ കേരളത്തിലുണ്ട്‌? ബസ്സുകത്തിക്കുന്നവരെല്ലാം ഭീകരരാണോ? സംഘ്‌പരിവാര്‍ മുസ്‌ലിംകള്‍ക്ക്‌ എതിരെ ആവര്‍ത്തിക്കുന്ന കള്ളക്കഥകള്‍ മുസ്‌ലിംപത്രങ്ങള്‍ ആവര്‍ത്തിക്കേണ്ടതുണ്ടോ?

കാര്‍ട്ടൂണില്‍ ഉപയോഗിച്ച ചിഹ്നങ്ങളാണ്‌ പ്രശ്‌നം. സൂഫിയയുടെ രൂപം, അബോധപൂര്‍വ്വം സാമാന്യവത്‌കരിച്ചുകൊണ്ടിരിക്കുന്ന ഭീകരതയുടെ അടയാളങ്ങളായ മഅ്‌ദനിയുടെ താടി, തലപ്പാവ്‌... `മഅ്‌ദനിയുടെ താടിക്കുള്ളില്‍ ഒളിപ്പിക്കാന്‍ കഴിയുന്നതല്ല ലാവ്‌ലിന്‍ കേസ്‌' എന്ന ഒരു രാഷ്‌ട്രീയ നേതാവിന്റെ പ്രസ്‌താവനയും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്‌. `താടിക്കുള്ളില്‍' എന്നതിന്റെ അര്‍ത്ഥതലം എന്താണ്‌? ഭീകരതയുടെ മറവില്‍ എന്നുതന്നെയല്ലേ?അബോധപൂര്‍വ്വമാവാം ഇത്തരം പ്രയോഗങ്ങള്‍. തീര്‍ച്ചയായും ഇവ സഹായിക്കുന്നത്‌ സവര്‍ണ ഫാസിസത്തെയാണ്‌. ആത്യന്തികമായി മഅ്‌ദനിയും ചന്ദ്രികയും ഉള്‍പ്പെട്ട സമുദായം ആയിരം തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നതിലും ഭീകരമാണ്‌ സാംസ്‌കാരിക രംഗത്തെ ഫാസിസത്തിന്റെ മേല്‍ക്കോയ്‌മക്ക്‌ തലവെച്ചുകൊടുക്കല്‍. തിരഞ്ഞെടുപ്പില്‍ ജയിച്ചാലും തോല്‍പ്പിക്കാനാവാത്തതാണ്‌ സവര്‍ണമേല്‍ക്കോയ്‌മയുടെ അധിശ്വാധിപത്യം. ഫാസിസത്തിന്റെ ഇരകളായ മുസ്‌ലിംകള്‍ വേട്ടക്കാരനെയും ഇരകളെയും തിരിച്ചറിയുന്നതില്‍ എവിടെയൊക്കെയോ പരാജയപ്പെടുകയും സവര്‍ണ ഭീകരതയ്‌ക്ക്‌ മുമ്പില്‍ തലകുനിച്ചു കൊടുക്കുകയും ചെയ്യുന്ന ചിത്രം ഈ തെരഞ്ഞെടുപ്പിലെ ദയനീയ ദൃശ്യമാണ്‌. ശശി തരൂരിനെ എതിര്‍ക്കുന്നതിന്‌ ഉപയോഗിച്ച ഊര്‍ജത്തേക്കാള്‍ എത്രയോ കൂടുതല്‍ അബ്‌ദുന്നാസിര്‍ മഅ്‌ദനിയെ ആക്രമിക്കുന്നതിന്ന്‌ ഉപയോഗിക്കപ്പെട്ടു. അങ്ങനെ മഅ്‌ദനി സമം ഭീകരത എന്ന സംഘ്‌പരിവാര്‍ വാദം അരക്കിട്ടുറപ്പിക്കുന്നതിന്‌ സമുദായ പത്രങ്ങള്‍ പോലും കൂട്ടുനിന്നു. സമുദായത്തെയും രാജ്യത്തെയും ബാധിക്കുന്ന മുഖ്യവിഷയങ്ങള്‍ മറച്ചുവയ്‌ക്കേണ്ടത്‌ ആരുടെയൊക്കെ ആവശ്യമായിരുന്നുവോ അതു വിജയിക്കുകയും ചെയ്‌തു. അങ്ങനെ ഒരിക്കല്‍ കൂടി നാം ഒരു തോറ്റ ജനതയാണെന്ന്‌ തെളിയിക്കപ്പെട്ടു.
published in http://www.risalaonline.com/
link here

ഇസ്ലാമിക് ബുള്ളറ്റിൻ -ബ്ലോഗ് അറിയിപ്പ് islamic bulletin

ഒരു മുസ്ലിമിന് നിത്യ ജീവിതത്തിൽ പാലിക്കൽ നിർബന്ധമായ അനുഷ്ടാനങ്ങളെകുറിച്ചും ക്രയവിക്രയങ്ങളിൽ ഇസ്ലാം അനുശാസിക്കുന്ന മാർഗങ്ങളെ കുറിച്ചും ഒരു മുസ്ലിമിന്റെ ദിന-രാത്ര ചര്യകളെ കുറിച്ചും ,ഇസ്ലാമിക ചരിത്രങ്ങളെ കുറിച്ചും പരമാവധി വായനക്കാർക്ക് മനസ്സിലാവുന്ന രൂപത്തിൽ മാതൃഭാഷയിൽ തന്നെ പഠനാർഹമായ ചെറിയ ചെറിയ അദ്ധ്യായങ്ങളായാണ് ബുള്ളറ്റിൻ തയ്യാറാക്കിയിട്ടുള്ളത്.


പോസ്റ്റിംഗ് തുടങ്ങിയിരിക്കുന്നു. ആദ്യ ബുള്ളറ്റിൻ ഖുഫ്ഫ തടവൽ ഇവിടെ വായിക്കാം



അണിയറ പ്രവർത്തകർക്ക് എല്ലാ വിജയാശംസകളും നേരുന്നു

പ്രചാരകൻ



Wednesday, May 06, 2009

സയ്യിദ് അഹ്‌മദുൽ കബീർ രിഫാഈ(റ)

സയ്യിദ്‌ അഹ്മദുൽ കബീർ രിഫാഈ(റ)

  • അത്ഭുതസിദ്ധികൾ
  • ജീവകാരുണ്യ പ്രവർത്തനങ്ങൾ
  • അന്ത്യം
  • ദർഗാശരീഫ്‌


    ഔലിയാക്കളിൽ ഏറ്റവും ഉന്നതരായ നാല്‌ ഖുത്വുബുകളിൽ രണ്ടാം സ്ഥാനക്കാരനായി അറിയപ്പെടുന്ന മഹാനാണ്‌ അസ്യ്യിദു അബുൽ അബ്ബാസ്‌ അഹ്മദുൽ കബീർ രിഫാഈ(റ). ബാഗ്ദാദിൽ അന്ത്യവിശ്രമം കൊള്ളുന്ന പ്രസിദ്ധ വലിയ്യ്‌ സുൽത്വാൻ അലി(റ) ആണ്‌ പിതാവ്‌. അവരുടെ പിതാവ്‌ യഹ്‌യന്നഖീബ്‌(റ). തുടർന്നുള്ള പരമ്പര ഇങ്ങനെയാണ്‌. സയ്യിദ്‌ സാബിത്‌, സയ്യിദ്‌ ഹാസിം, സയ്യിദ്‌ അഹ്മദ്‌, സയ്യിദ്‌ അലി, സയ്യിദ്‌ ഹസൻ രിഫാഅ, സയ്യിദ്‌ മഹ്ദി, സയ്യിദ്‌ മുഹമ്മദ്‌, സയ്യിദ്‌, ഹസൻ, സയ്യിദ്‌ ഹുസൈൻ രിളാ, സയ്യിദ്‌ അഹ്മദു അക്ബർ, സയ്യിദ്‌ മൂസസ്സാനി, സയ്യിദ്‌ ഇബ്‌റാഹിം, സയ്യിദ്‌ മുസൽ കാളിം(റ.ഉം). പ്രസിദ്ധ സ്വൂഫിവര്യനായ യഹ്‌യ നെജാരി(റ) ആണ്‌ മാതൃപിതാവ്‌. അദ്ദേഹത്തിന്റെ വംശപരമ്പര പ്രമുഖ സ്വഹാബിയായ അബൂ അയ്യൂബിന്നജാരിൽ അൻസ്വാരി(റ)യിൽ ചെന്നെത്തുന്നു.

    ഹിജ്‌റ 500ൽ ഇറാഖിലെ ഉമ്മുഉബൈദ എന്ന സ്ഥലത്ത്‌ അദ്ദേഹം ഭൂജാതനായി. വളർന്നതും വിദ്യ അഭ്യസിച്ചതും അവിടെ വെച്ചു തന്നെ. ശാഫിഈ ഫിഖ്ഹിൽ പ്രാവീ ണ്യം നേടി. എന്നാൽ തസ്വവ്വുഫിലൂടെ ജീവിതം നയിക്കാനാണ്‌ ആഗ്രഹിച്ചതു.

    അതിശക്തവും സാഹസികവുമായ മുജാഹദയിലൂടെയും ഇബാദത്തിലൂടെയും ഉന്നത സ്ഥാനം കരഗതമാക്കാൻ അവർക്കു സാധിച്ചു. അമ്മാവൻ ശൈഖ്‌ മൻ​‍്വസൂറുൽ ബതാഇഹി, ശൈഖ്‌ അബ്ദുൽ മലികിൽ ഖർനൂബി(റ) തുടങ്ങിയവരുടെ ആത്മീയോപദേശം അവർക്ക്‌ പ്രചോദനമേകി. അബുൽഹസൻ അലിയുൽ ഖാരി(റ)യാണ്‌ മറ്റൊരു ഗുരു.

    ചില അത്ഭുത സംഭവങ്ങൾ വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിൽ നിന്നുണ്ടായി. ഗുരുവും അമ്മാവനുമായ മൻസ്വൂർ(റ) തന്റെ പിൻഗാമിയായി നിശ്ചയിച്ചതു സഹോദരിപുത്രനായ അഹ്മദ്‌(റ)നെയാണ്‌. മരണരോഗത്തിൽ മൻസ്വൂർ(റ)നോട്‌ ഭാര്യ ആവലാതിപ്പെട്ടു. നിങ്ങൾ നമ്മുടെ സ്വന്തം മകനെ പിൻഗാമിയാക്കിയില്ലല്ലോ. മരുമകനെയല്ലേ തിരഞ്ഞെടുത്തത്‌? മകനെ നിങ്ങൾ തിരഞ്ഞെടുത്തെങ്കിൽ എനിക്കും അതൊരഭിമാനമാകുമായിരുന്നു.

    മൻസ്വൂർ(റ): നമുക്ക്‌ പരീക്ഷിക്കാം. ആരാണ്‌ യോഗ്യനെന്ന്‌. അവർ രണ്ടുപേരും നജീൽ (ഒട്ടകം ഭക്ഷിക്കുന്ന ഒരുതരം ചെടി) കൊണ്ടുവരട്ടെ. ഉടൻ സ്വപുത്രൻ കുറേയെണ്ണം പറിച്ചുകൊണ്ടുവന്നു. കുറേ സമയം കഴിഞ്ഞിട്ടും അഹ്മദിനെ കാണുന്നില്ല. അവസാനം വന്നത്‌ വെറും കയ്യോടെ. മൻസ്വൂർ(റ): അഹ്മദ്‌, നിനക്കൊന്നും പിടികിട്ടിയില്ലേ? അഹ്മദ്‌: എല്ലാ നജീൽ ചെടികളും തസ്ബീഹ്‌ ചൊല്ലുന്നു. എനിക്കൊന്നിനെയും പറിക്കാൻ മനസ്സു വന്നില്ല.

    മൻസ്വൂർ ഭാര്യയോട്‌:: നീ അത്ഭുതപ്പെടുന്നുവോ? സ്വപുത്രനെ പിൻഗാമിയാക്കാൻ പലവുരു ഞാൻ റബ്ബിനോട്‌ തേടിയിരുന്നു. പക്ഷേ, മരുമകൻ അഹ്മദാണ്‌ പിൻഗാമിയെന്ന്‌ അല്ലാഹുവിൽ നിന്നുള്ള അറിവ്‌ എനിക്ക്‌ വന്നു.

    തസ്വവ്വുഫിൽ അവർണനീയവും അതിവിപുലവുമായ ഉൾക്കാഴ്ച ശൈഖ്‌ രിഫാഇ(റ) ക്കുണ്ടായിരുന്നു. ആദ്ധ്യാത്മിക വിജ്ഞാനത്തിന്റെ സാരാംശങ്ങളിൽ ഉണ്ടാകുന്ന ഏത്‌ സംശയങ്ങൾക്കും മറുപടി പറയാൻ അദ്ദേഹത്തെ പോലെ കഴിവുള്ളവർ ഉണ്ടായിട്ടില്ല.

    ശവത്തിന്‌ ജീവൻ നൽകൽ, ജന്മനായുള്ള അന്ധതയും വെള്ളപ്പാണ്ടും മറ്റു മാറാവ്യാധികളും സുഖപ്പെടുത്തൽ തുടങ്ങിയ അത്ഭുത സംഭവങ്ങൾ അവരിൽ നിന്നുണ്ടായതായി ചരിത്രം രേഖപ്പെടുത്തുന്നു.

    ജീവിതകാലത്തുതന്നെ മുരീദുമാരുടെ ആധിക്യം കൊണ്ട്‌ പ്രസിദ്ധനാണദ്ദേഹം. ഒരു ബറാഅത്‌ രാത്രി ഒരു ലക്ഷം മുരീദുമാർ അവരുടെ സദസ്സിലുണ്ടായതായി ദൃക്സാക്ഷികൾ പറഞ്ഞത്‌ ഇബ്നുൽ ജൗസി ഉദ്ധരിച്ചിട്ടുണ്ട്‌. മുജാഹദയിൽ അസാധാരണമായ കഴിവ്‌ അവരുടെ മുരീദുമാർക്കുണ്ടായിരുന്നു. സിംഹം, നരി തുടങ്ങിയ പിടിമൃഗങ്ങളെ വാഹനമായി ഉപയോഗിക്കുന്നവർ അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. പാമ്പുകളെക്കൊണ്ട്‌ അമ്മാനമാടുന്നവരും തീയിൽ നിൽക്കുന്നവരും വളരെ ഉയരത്തിൽ നിന്ന്‌ പരിക്കുപറ്റാതെ ചാടുന്നവരും അവരിലുണ്ട്‌.

    അത്ഭുതസിദ്ധികൾ

    അബുൽഫറജ്‌ അബ്ദുറഹ്മാനുബ്നു അലിയ്യിരിഫാഇ(റ) പറയുന്നു: ശാന്തമായ ഒരു ദിവസം. ശൈഖ്‌ അഹ്മദുൽ കബീർ രിഫാഈ(റ) ഏകനായി ഇരിക്കുകയാണ്‌. ഞാൻ കുറച്ചകലെ സ്ഥലം പിടിച്ചു. അദ്ദേഹത്തെ കാണുകയും തിരുമൊഴികൾ കേൾക്കുകയും ചെയ്യുന്ന സ്ഥലത്ത്‌. എന്നെ അവർ കാണുകയില്ല. രംഗത്ത്‌ മറ്റാരുമില്ല. പെട്ടെന്ന്‌ അന്തരീക്ഷത്തിൽ നിന്ന്‌ ഒരു മനുഷ്യൻ ഇറങ്ങിവന്നു ശൈഖിന്റെ മുന്നിലിരുന്നു. ഉടൻ ശൈഖ്‌ പറഞ്ഞു: മശ്‌രിഖി(കിഴക്ക്‌)ന്റെ പ്രതിനിധീ, അങ്ങേയ്ക്ക്‌ സ്വാഗതം.

    ആഗതൻ: ഇരുപത്‌ ദിവസമായി ഞാൻ തിന്നുകയോ കുടിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ട്‌ ഞാൻ ആഗ്രഹിക്കുന്ന ഭക്ഷണം താങ്കൾ എനിക്ക്‌ തരണം.
    ശൈഖ്‌: നിങ്ങൾ എന്താണ്‌ ആഗ്രഹിക്കുന്നത്‌?
    ആഗതൻ: (പറക്കുന്ന അഞ്ച്‌ താറാവുകളെ നോക്കി) ഇവയിൽ നിന്ന്‌ ഒരെണ്ണം പൊരിച്ചതു. കൂടെ ഗോതമ്പു റൊട്ടിയും. ഒരു കൂജയിൽ തണുത്ത വെള്ളവും.
    ശൈഖ്‌: ശരി. തരാമല്ലോ (അന്തരീക്ഷത്തിലെ താറാവുകളെ നോക്കി) ഇദ്ദേഹത്തിന്റെ ആഗ്രഹം പൂർത്തിയാക്കൂ, പറവകളെ.
    ഉടൻ ഒരു താറാവ്‌ നിലത്തുവീണു. ജീവനോടെയല്ല. അറുത്തു പൊരിക്കപ്പെട്ട നിലയിൽ. തുടർന്ന്‌ തന്റെ സമീപമുള്ള രണ്ട്‌ കല്ലുകൾ അദ്ദേഹം കയ്യിലെടുത്തു. തന്റെ മുമ്പിൽ വെച്ചു. അത്ഭുതം. അവ രണ്ടും റൊട്ടികളായി മാറിയിരിക്കുന്നു.പിന്നെ അന്തരീക്ഷത്തിലേക്ക്‌ കൈനീട്ടി ഒരു ചുവന്ന കൂജ എടുത്തു. അതിൽ നിറയെ തണുത്ത വെള്ളവുമുണ്ട്‌. ആഗതൻ സുഭിക്ഷമായി ആഹരിച്ചു. സന്തോഷത്തോടെ യാത്രപറഞ്ഞുപിരിഞ്ഞു. അനന്തരം ശൈഖവർകൾ താറാവിന്റെ എല്ലുകൾ കയ്യിലെടുത്തു കൊണ്ടിങ്ങനെ പറഞ്ഞു: "ചിന്നിച്ചിതറിയ അസ്ഥികൂടമേ, അല്ലാഹുവിന്റെ വേണ്ടുകയാൽ നീ താറാവായി പറന്നുപോവുക. ബിസ്മില്ലാഹി..." ഉടൻ അത്‌ താറാവായി അന്തരീക്ഷത്തിലേക്ക്‌ പറന്നുപോകുന്നത്‌ ഞാൻ കണ്ടു (ഖലാഇദുൽ ജവാഹിർ, പേജ്‌ 84).

    ജീവകാരുണ്യ പ്രവർത്തനങ്ങൾ

    ജീവകാരുണ്യ പ്രവർത്തനത്തിൽ ഏറ്റവും മുൻപന്തിയിലായിരുന്നു ശൈഖവർകൾ. കുഷ്ഠരോഗികളുടെയും പക്ഷവാതരോഗികളുടെയും വസ്ത്രങ്ങൾ അദ്ദേഹം അലക്കിക്കൊടുക്കും. മുടി വാർന്നു കൊടുക്കും. വളരെ സാഹസപ്പെട്ടെങ്കിലും അവർക്ക്‌ ഭക്ഷ ണം എത്തിച്ചുകൊടുക്കും. അവരോടൊപ്പം ഭക്ഷിക്കാനും ശൈഖവർകൾക്ക്‌ മടിയില്ല. ദിക്ര് ഹൽഖയിൽ പങ്കെടുക്കുന്ന ശിഷ്യന്മാർക്കെല്ലാം അവരുടെ വകയായിരിക്കും ഭക്ഷണം. ഹൽഖയിൽ പതിനായിരം ആളുകൾ കുറയാറില്ല.

    നായക്ക്‌ കുഷ്ഠരോഗം. നാട്ടുകാർ അതിനെ ആട്ടിയോടിച്ചു. ശൈഖവർകൾക്ക്‌ ദയ തോന്നി. അദ്ദേഹം അതിനെയുമെടുത്ത്‌ സ്ഥലം വിട്ടു. നദിക്കരയിൽ ഒരൊഴിഞ്ഞ സ്ഥലത്ത്‌ പന്തലുണ്ടാക്കി. നായയെ അവിടെ കിടത്തി ഭക്ഷണം കൊടുത്തു. ശൈഖ്‌ അവിടെതന്നെ താമസിച്ചു രോഗചികിത്സയും തുടങ്ങി. നായയുടെ ശരീരത്തിൽ തൈലം പുരട്ടി 40 ദിവസം ചികിത്സിച്ചു. നായയുടെ കുഷ്ഠം മാറിക്കിട്ടി. ചുടുവെള്ളമുണ്ടാക്കി കുളിപ്പിച്ചു. ആ നായയെയും കൊണ്ട്‌ അനുയായികൾക്കടുത്തെത്തി. അവർക്ക്‌ അത്ഭുതം. ഈ നായക്കുവേണ്ടി ഇത്രയും ബുദ്ധിമുട്ടണോ? അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. ഈ ജീവിയുടെ കാര്യത്തിൽ അന്ത്യനാളിൽ എന്നെ ശിക്ഷിക്കപ്പെടുമോ എന്ന്‌ ഞാൻ ഭയപ്പെടുന്നു (നൂറുൽ അബ്സ്വാർ, പേജ്‌ 253).

    ജമാഅത്ത്‌ നമസ്കാരത്തിന്റെ സമയമായി. തന്റെ കുപ്പായക്കയ്യിൽ പൂച്ച ഉറങ്ങുന്നുണ്ട്‌. എന്തുചെയ്യും? ഈ ജീവിയുടെ ഉറക്കത്തിനു തടസ്സമുണ്ടാക്കരുതല്ലോ. ശൈഖവർകൾ കത്രിക കയ്യിലെടുത്തു കുപ്പായക്കൈ മുറിച്ചുകളഞ്ഞു. ജമാഅത്ത്‌ കഴിഞ്ഞുവന്നു. പൂച്ച ഉണർന്നിട്ടുണ്ട്‌. കുപ്പായക്കൈ എടുത്ത്‌ വീണ്ടും തുന്നിപ്പിടിപ്പിച്ചു.

    തണുത്ത പ്രഭാതം. ശൈഖവർകൾ സ്വുഭിക്കുവേണ്ടി വുളൂഅ​‍്‌ എടുത്ത്‌ വിരിപ്പിൽ വന്നിരുന്നു. ആ സമയം ഒരു കൊതുക്‌ വന്ന്‌ തന്റെ കയ്യിൽ സ്ഥലം പിടിച്ചു. രക്തംകുടിക്കാൻ. ശൈഖ്‌ കരുതി. അല്ലാഹു കണക്കാക്കിയ ഭക്ഷണം അത്‌ കഴിക്കട്ടെ. കൈ അനക്കാതെ പിടിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ ബാങ്ക്‌ കൊടുക്കാൻ മുഅദ്ദിൻ യഅ​‍്ഖൂബ്‌ വന്നു. സലാം ചൊല്ലി ശൈഖർകളുടെ കരംപിടിച്ചു ചുംബിച്ചു. പുഞ്ചിരിച്ചുകൊണ്ട്‌ ശൈഖ്‌ പറഞ്ഞു. ഓ യഅ​‍്ഖൂബ്‌, നീ ആ പാവം കൊതുകിനെ ബുദ്ധിമുട്ടിച്ചു. അത്‌ അതിന്റെ ഓഹരി അകത്താക്കുകയായിരുന്നു (നൂറുൽ അബ്സ്വാർ 253).

    വഴിതെറ്റുന്ന അന്ധന്മാരുടെ കൈപിടിച്ചു അവരുടെ ലക്ഷ്യത്തിലെത്തിക്കുക, വിറക്‌ ശേഖരിച്ചു ദരിദ്രർക്കും വൃദ്ധന്മാർക്കും വിധവകൾക്കും എത്തിച്ചുകൊടുക്കുക, എത്ര ദൂരെയാണെങ്കിലും രോഗികളെ സന്ദർശിക്കുക ഇതെല്ലാം പതിവായിരുന്നു. രോഗിയെ സന്ദർശിച്ചു തിരിച്ചുവരുമ്പോഴേക്കും ദിവസങ്ങൾ രണ്ടു കഴിഞ്ഞെന്നുവരും.

    മഹാനവർകളുടെ ഭാര്യയുടെ പെരുമാറ്റം വളരെ മോശമായിരുന്നു. ശൈഖിനെ ചീത്തപറയാനും മർദ്ദിക്കാനും പോലും അവൾ മടിച്ചില്ല. ശൈഖവർകൾക്ക്‌ സ്വർഗത്തിൽ ഉന്നതസ്ഥാനം ലഭിച്ചതായി സ്വപ്നം കണ്ട ഒരു മുരീദ്‌ ആ വാർത്ത അറിയിക്കാൻ അദ്ദഹത്തിന്റെ വീട്ടിൽ ചെന്നു. അവിടെ കണ്ട രംഗം ശിഷ്യനെ വല്ലാതെ വേദനിപ്പിച്ചു. ശൈ ഖിനെ ഭാര്യ അടിക്കുന്നു. അദ്ദേഹം ഒന്നും പ്രതികരിക്കുന്നുമില്ല.

    വീട്ടിൽ നിന്നും തിരിച്ച മുരീദ്‌ മറ്റുശിഷ്യന്മാരെയെല്ലാം വിളിച്ചു കാര്യം ചർച്ച ചെയ്തു. ആ പെണ്ണിന്‌ അഞ്ഞൂറ്‌ ദീനാറായിരുന്നു മഹ്ര് പറഞ്ഞത്‌. അദ്ദേഹത്തിനത്‌ കൊടുക്കാൻ സാധിച്ചിട്ടില്ല. അതാണത്രെ അടിക്ക്‌ കാരണം.

    ശിഷ്യൻ ആ സംഖ്യ സ്വരൂപിച്ചു ശൈഖിന്റെ വീട്ടിൽ ചെന്നു. ശൈഖ്‌: ഇതെന്താണ്‌. ശിഷ്യൻ: നിങ്ങളെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന ഈ പെണ്ണിന്‌ കൊടുക്കാനുള്ള മഹർ. അത്‌ സ്വീകരിച്ചുകൊണ്ട്‌ ശൈഖ്‌ പറഞ്ഞു: അവളുടെ മർദ്ദനവും പരിഹാസവും ക്ഷമിക്കുന്നതുകൊണ്ടാണ്‌ എനിക്ക്‌ സ്വർഗത്തിൽ നീ കണ്ടതുപോലുള്ള സ്ഥാനം ലഭിക്കുന്നത്‌. ശൈഖിനോട്‌ പറയാതെ തന്നെ തന്റെ സ്വപ്നത്തെക്കുറിച്ചു പ്രവചിച്ചതിൽ ശിഷ്യൻ അത്ഭുതപ്പെട്ടു.

    ശൈഖ്‌ രിഫാഇ(റ) ആത്മീയോപദേശം നൽകാൻവേണ്ടി തന്റെ കസേരയിൽ ഇരുന്നാൽ സദസ്സിലുള്ള പതിനായിരങ്ങൾ ഒരുപോലെ അദ്ദേഹത്തിന്റെ ശബ്ദം കേൾക്കും. എത്രദൂരയുള്ളവരാണെങ്കിലും. സദസ്സിനുപുറത്ത്‌ തെരുവുകളിലുള്ളവർപോലും നന്നായി കേൾ ക്കും. ബധിരന്മാരും ശൈഖിന്റെ ശബ്ദം കേൾക്കാറുണ്ടെന്നുള്ളത്‌ അത്ഭുതകരമാണ്‌.

    ഉറുക്കിന്‌(ഏലസ്സ്‌) ചെല്ലുന്നവർക്ക്‌ ശൈഖവർകൾ എഴുതിക്കൊടുക്കും. സാധാരണക്കാർ എഴുത്തു കാണില്ല. കാരണം മഷിയില്ലാതെയാണ്‌ എഴുത്ത്‌. പരീക്ഷിക്കാൻ വേണ്ടി ഒരാൾ ശൈഖ്‌ മുമ്പ്‌ എഴുതിയ തുണ്ടുമായി വന്നു. ഉറുക്കെഴുതിക്കൊടുക്കാൻ അപേക്ഷിച്ചു. 'ഇതിൽ എഴുത്തുണ്ടല്ലോ.' എന്ന്‌ ശൈഖ്‌ പറഞ്ഞപ്പോൾ അദ്ദേഹം ഇളിഭ്യനായി.

    ബഹു. ജലാലുദ്ദേ‍ീൻ സുയൂഥി(റ) തൻവീർ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നു. ശൈഖ്‌ രിഫാഈ(റ) മദീനയിൽ ചെന്ന്‌ ഹുജ്‌റതുശ്ശരീഫ (റൗള)യുടെ മുമ്പിൽ നിന്ന്‌ താഴ്മയോടെ പാടി. "വിദൂരത്തുള്ള എന്റെ നാട്ടിൽ നിന്ന്‌ ഞാൻ എന്റെ ആത്മാവിനെ ഇങ്ങോട്ടയക്കാറുണ്ട്‌. എന്റെ ശരീരത്തിനു പകരമായി എന്റെ ആത്മാവ്‌ ഈ വിശുദ്ധഭൂവിനെ ചുംബിച്ച്‌ തിരിച്ചുവരും. എന്നാൽ ഇത്‌ ശരീരത്തിന്റെ ഊഴമാണ്‌. അതിവിടെ അങ്ങയുടെ മുമ്പിൽ ഹാജരാക്കിയിരിക്കുന്നു. അതുകൊണ്ട്‌ അങ്ങയുടെ വിശുദ്ധ കരം നീട്ടിത്തരൂ. ഞാൻ അത്‌ എന്റെ ചുണ്ടിൽ വെച്ച്‌ മുത്തി നിർവൃതി കൊള്ളട്ടെ. ഉടൻ നബി(സ്വ)യുടെ തിരുകരം പ്രത്യക്ഷപ്പെടുകയും അദ്ദേഹം ചുംബിച്ചു തൃപ്തിയടയുകയും ചെയ്തു. ഈ സംഭവം അവിടെ പങ്കെടുത്ത ജനങ്ങളെല്ലാം കണ്ടതായി ദുർറുൽ അസ്​‍്വദാഫിലും രേഖപ്പെടുത്തിയിട്ടുണ്ട്‌.

    പ്രസിദ്ധ വലിയ്യ്‌ അലിയ്യുബ്നുൽ ഹീതി(റ) പറയുന്നു: "ശൈഖ്‌ അഹ്മദുൽ കബീർ രിഫാഇക്ക്‌ സുൽത്വാനുൽ ആരിഫീൻ എന്ന സ്ഥാനപ്പേര്‌ ലഭിച്ചതിനെക്കുറിച്ച്‌ ഒരിക്കലദ്ദേഹത്തോട്‌ ഞാൻ ചോദിച്ചു. അദ്ദേഹം പറഞ്ഞു. ഞാൻ അറഫയിൽ നിൽക്കുമ്പോൾ അല്ലാഹുവിന്റെ പ്രത്യാകാനുഗ്രഹത്തോടുകൂടിയുള്ള സ്ഥാന ലബ്ധിയായിരുന്നു അത്‌. അന്ന്‌ അന്ത്യപ്രവാചകർ(സ്വ)യുടെ ആത്മീയ സാന്നിധ്യം എനിക്കനുഭവപ്പെടുകയും സുൽത്വാനുൽ ആരിഫീൻ എന്‌ അഭിസംബോധനം ചെയ്യുകയുമുണ്ടായി. തുടർന്ന്‌ ഞാൻ നാട്ടിലേക്ക്‌ തിരിച്ചു. എന്നെ കണ്ടുമുട്ടിയ മുഴുവൻ ആരിഫീങ്ങളും ഇതേ അഭിസംബോധനത്തിലൂടെ എന്നെ എതിരേൽക്കുകയുണ്ടായി."
    തന്നെ നിന്ദിക്കാനും അപഹസിക്കാനും മുതിരുന്നവരോട്‌ ഒന്നും പ്രതികരിക്കാതെ ക്ഷമ കൈക്കൊള്ളുന്ന പ്രകൃതക്കാരനാണ്‌ ശൈഖ്‌ രിഫാഇ(റ). അത്തരം ആളുകൾ പിൽക്കാലത്ത്‌ വന്നു പശ്ചാത്തപിക്കുകയും ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്‌.

    അന്ത്യം

    ബഹു. ഗൗസുൽ അഅ​‍്ലം ജീലാനി(റ)യുടെ സമകാലീനരായ ഇദ്ദേഹം ജീലാനി(റ)യുമായി അടുത്ത ബന്ധത്തിലായിരുന്നു. അവരെ അതിരറ്റു ബഹുമാനിക്കുകയും ചെയ്യും. ജീലാനി(റ) വഫാത്തായി പതിനേഴ്‌ വർഷങ്ങൾക്കു ശേഷം ഹിജ്‌റ 578 ജമാദുൽ ഊല 12 വ്യാഴാഴ്ച ആ മഹാത്മാവ്‌ വഫാത്തായി. ഉദരസംബന്ധമായ രോഗമാണവസാനം പിടിപെട്ടിരുന്നത്‌. അന്ന്‌ ൾവുഹർ സമയം കലിമ ചൊല്ലിക്കൊണ്ടാണ്‌ അവർ ഈ ലോകവുമായി വിട്ടുപിരിഞ്ഞത്‌.

    ഖുത്വുബുകളുടെ നേതാവായ സ്മര്യപുരുഷൻ ഇമാം അലിയ്യുബ്നു അബീത്വാലിബ്‌(റ)വിന്റെ ഇരുപത്തിമൂന്നാമത്തെ പരമ്പരയിലെ സന്താനമാണ്‌. വിജ്ഞാന ശാഖകളിൽ അഗാധ പാണ്ഢിത്യമുള്ള ഇവർ ശാഫിഈ മധബിലെ ഫഖീഹാണ്‌. ഇമാം റാഫിഈ (റ), ഇമാം സുയൂഥി(റ), ബർസൻജി(റ), ഹാഫിളു ഇബ്നുകസീർ(റ) തുടങ്ങിയ പണ്ഢിതന്മാർ ഇവരെ വാഴ്ത്തിപ്പറഞ്ഞിട്ടുണ്ട്‌. അലിയ്യുൽ ഹൽബി, അബ്ദുറഊഫിൽ മനാവി, ഖത്വീബുൽ ആംദി, ഹാഫിളുസ്സബീദി(റ. ഹും) തുടങ്ങിയവർ ശൈഖവർകളെ ഗ്രന്ഥങ്ങളിലൂടെ ലോകത്തിനു പരിചയപ്പെടുത്തിയവരാണ്‌.


    ത്വരീഖത്‌ പ്രസ്ഥാനത്തെ വളർത്തിയെടുത്തവരിൽ ഏറ്റവും പ്രമുഖനാണ്‌ ശൈഖ്‌ രിഫാഇ(റ). രിഫാഇയ്യ എന്ന്‌ അദ്ദേഹത്തിന്റെ ത്വരീഖത്‌ അറിയപ്പെടുന്നു. ത്വരീഖത്തിൽ അദ്ദേഹത്തിന്റെ ഗുരുപരമ്പര രണ്ട്‌ കണ്ണികളിലൂടെ ജുനൈദുൽ ബഗ്ദാദി(റ)യിൽ എത്തിച്ചേരുന്നു. ഒന്ന്‌: റുവൈമിയ്യ എന്നപേരിൽ അറിയപ്പെടുന്നു. പരമ്പര ഇതാണ്‌. 1. ശൈഖ്‌ രിഫാഈ, 2. മൻസ്വൂറുറബ്ബാനി, 3. അബൂ മൻസ്വൂരിത്തയ്യിബ്‌, 4. അബൂ സഈദുന്നജാർ, 5. അബൂ അലിയ്യിൽ ഖുർമുസി. 6. അബൂൽ ഖാസിമിസ്സൻദൂസി,. 7. റുവൈമുൽ ബഗ്ദാദി, 8. ജുനൈദുൽ ബഗ്ദാദി(റ.ഹും.)
    രണ്ടാമത്തേത്‌ ശിബ്ലവിയ്യ. 1. ശൈഖ്‌ രിഫാഇ(റ). 2. അലിയ്യുൽഖാരി, 3. അബുൽ ഫ അലി, 4. അബൂ അലിഗുലാമുബ്നു തുർകാൻ, 5. അബൂ അലി റുസ്ബാദി, 6. അലിയ്യുൽ അജമി, 7. അബൂബക്ര് ശിബ്ലി,. 8. ജുനൈദുൽ ബഗ്ദാദി (റ.ഹും.) അഹ്ലുബൈത്തിലൂടെ മാത്രമുള്ള ഒരു ഗുരുപരമ്പരയും അദ്ദേഹത്തിനുണ്ടെന്ന്‌ പറയപ്പെടുന്നു.

    ദർഗാശരീഫ്‌

    ഇറാഖിലെ ദീഖാർ പ്രവിശ്യയിൽ അർരിഫാഇ എന്ന സ്ഥലത്താണ്‌ ഇമാം രിഫാഇ(റ)വിന്റെ മഖ്ബറ. കർബലയിൽ നിന്ന്‌ അവിടത്തേക്ക്‌ 450ലധികം കി.മീ ദുരമുണ്ട്‌. കർബലയിൽ നിന്ന്‌ പോകുമ്പോൾ ആദ്യം പുഴകളും പച്ചപിടിച്ച വയലുകളും ഈന്തപ്പനതോട്ടങ്ങളുമുള്ള ഇറാഖിലെ ഫലഭൂയിഷ്ഠമായ പ്രദേശങ്ങൾ കഴിഞ്ഞാൽ പിന്നെ വരണ്ട മരുഭൂമിയിൽക്കൂടി യാത്രചെയ്തുവേണം അർരിഫാഇയിലേക്കെത്താൻ.
    ബസ്വറ ഹൈവേ റോഡിൽ നിന്നും തെറ്റി അർരിഫാഇ റോഡിലേക്ക്‌ കടന്നാൽ വിജനമായ മരുഭൂമിയുടെ ഏകാന്തത്ത അനുഭവപ്പെടും. കുറച്ചുകൂടി സഞ്ചരിക്കുമ്പോൾ മരുഭൂമിയിലെ പൊടിപടലങ്ങൾ വെള്ളമേഘം പോലെ അന്തരീക്ഷത്തെ മൂടിയ പ്രദേശത്തെത്തും. മുന്നിലുള്ള വാഹനങ്ങൾ പോലും കാണാൻ സാധിക്കില്ല. കിലോമീറ്ററുകൾ നീണ്ട ആ പ്രദേശത്തുകൂടെ വാഹനങ്ങൾ ലൈറ്റിട്ടുകൊണ്ടാണ്‌ പോവുക. പൂർവകാലത്ത്‌ പലതരം കാട്ടുമൃഗങ്ങളുടെ സങ്കേതമായിരുന്നു ആ സ്ഥലം.


    ലക്ഷ്യസ്ഥാനത്തെത്തുന്നതിന്‌ മുമ്പുതന്നെ തീർത്ഥാടകന്റെ കണ്ണ്‌ കുളിർപ്പിക്കുന്ന ആ പച്ച ഖുബ്ബ ദുറെനിന്നു കാണാം. ശൈഖ്‌ രിഫാഇ(റ)വിന്റെ ദർഗാശരീഫ്‌. മരുഭൂമിയിലെ മാർഗദർശിയെ പോലെ തലയുയർത്തി നിൽക്കുന്ന ആ മഖ്ബറ ഏതൊരാളെയും ആത്മനിർവൃതിയിലാഴ്ത്തും. വിശാലമായ റുബാത്വും മറ്റു സൗകര്യങ്ങളും അവിടെയുണ്ട്‌. വെള്ളവും സുലഭമാണ്‌.
    മാർബിൾ പതിച്ച വിശാലമായ പ്ലാറ്റ്ഫോമിന്റെ മധ്യത്തിലാണ്‌ മഖ്ബറയുടെ കൂറ്റൻ കെട്ടിടം. നല്ല സൗകര്യമുള്ള നിസ്കാര ഹാളുമുണ്ട്‌. മതഗ്രന്ഥങ്ങളും മുസ്​‍്വഹഫുകളും നിറച്ച ഷെൽഫുകളും കാണാം. അറബികളും അല്ലാത്തവരുമായി ധാരാളമാളുകൾ അവിടെ നിത്യവും സിയാറത്തിനെത്തുന്നു.

    തീർത്ഥാടകരുടെ സൗകര്യാർഥം നടക്കുന്ന ചെറിയ കച്ചവടങ്ങൾ മാത്രമേ അവിടെയുള്ളൂ. മുൻകാലത്ത്‌ ഈ ദർഗയിൽ രാത്രി സാധാരണക്കാർ താമസിക്കുകയില്ല. നല്ല ധൈര്യമുള്ള പ്രത്യേകക്കാർ മാത്രമേ രാപ്പാർക്കുകയുള്ളൂ. ഒരിക്കൽ ശൈഖ്‌ അഹ്മദ്‌ ളരീർ താമസിക്കാൻ ചെന്നു. ദർഗയുടെ ഖാദിം പറഞ്ഞു. ഇവിടെ രാത്രി ഭയപ്പെടുത്തുന്ന പലതും കണ്ടേക്കും. ളരീർ പറഞ്ഞു: തവക്കൽതു അലല്ലാഹ്‌. അദ്ദേഹം ഏകാന്തനായി കിടന്നു. പാതിരാവിൽ ഭയാനകമായ ശബ്ദ കോലാഹലം. കാട്ടുമൃഗങ്ങൾ പുറത്തു നിന്ന്‌ അതിക്രമം കാണിക്കുന്നു. ഒച്ചവെക്കുന്നു. വാതിലിനടിക്കുന്നു. ളരീർ ഭയന്നുവിറച്ചു. അംഗങ്ങളൊക്കെ മുറിഞ്ഞുപോകുന്നതായി അദ്ദേഹത്തിന്‌ തോന്നി. അതിനിടയിൽ ഒരു വ്യക്തി അവിടെ പ്രത്യക്ഷപ്പെട്ടു. ളരീരിനോടൊപ്പം ഖുർആൻ പാരായണം നടത്തി. അദ്ദേഹത്തിനാശ്വാസമായി. ശേഷം ആ വ്യക്തി റൊട്ടിയും പാലും ളരീറിന്‌ എത്തിച്ചുകൊടുത്തു. സ്വൂഭി ആയപ്പോൾ ആ വ്യക്തിയെ കാണുന്നില്ല.
    രാവിലെ ഖാദിം വന്നു. സംഭവം അയാളോട്‌ വിവരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. ആ വന്ന വ്യക്തി സയ്യിദ്‌ അഹ്മദുൽ കബീരിർഫാഇ(റ) ആണ്‌. ഈ മഖ്ബറയിൽ കിടക്കുന്ന ആൾ. നിങ്ങൾ ഭാഗ്യവാൻ തന്നെ (നൂറുൽ അബ്സ്വാർ 254).

    മുസിലിം പാത്ത്.കോം പ്രസിദ്ധീകരിച്ച വിശദമായ ലേഖനങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

ഇരിക്കൂരിൽ ആരാണ് കുഴപ്പമുണ്ടാക്കിയത് ?

ഏപ്രിൽ 22 നു ഇരിക്കൂറിൽ ഉണ്ടായ യഥാർത്ഥ സംഭവങ്ങൾ വിവരിച്ചു കൊണ്ട് ആർ.പി.ഹുസൈൻ മാസ്റ്റർ എഴുതുന്നു. വായിക്കുക.


സിറാജ് ദിനപത്രം പ്രസിദ്ധീകരിച്ചത്
05-05-2009

Tuesday, May 05, 2009

ഒരു പിതാവ്‌ മകനെ വളര്‍ത്തുന്നു !


article published @ http://www.risalaonline.com/

link

by : കെ എം മുസ്‌തഫ്‌

ആറ്റുനോറ്റുണ്ടായ മകന്‍ വീട്ടിലുണ്ടാക്കുന്ന ഉപദ്രവങ്ങള്‍ കൊണ്ട്‌ പൊറുതിമുട്ടി, പ്രവാസിയായ ഒരു പിതാവ്‌ മണലാരണ്യത്തില്‍ നിന്ന്‌ രണ്ടാം തവണയും വിളിച്ചപ്പോഴാണ്‌ അബ്‌ദുല്ലഹാജി എന്ന വലിയ മനുഷ്യന്‍ മനസ്സിലേക്ക്‌ വീണ്ടും കടന്നുവരുന്നത്‌.കുടുംബവൃത്തങ്ങളിലും കൂട്ടുകാര്‍ക്കിടയിലും സ്‌കൂളിലുമെല്ലാം `നല്ലകുട്ടി' എന്ന പേര്‍ കേള്‍പ്പിക്കുന്ന പത്തു വയസ്സുകാരന്‍ സ്വന്തം മാതാവിനെയും അനിയത്തിയെയും വൃദ്ധയായ വല്യുമ്മയെപ്പോലും ദിവസവും വായില്‍ തോന്നിയ ചീത്തപറയുകയും ചിലപ്പോഴൊക്കെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നു എന്നതായിരുന്നു മരുഭൂമിയില്‍ മക്കള്‍ക്കുവേണ്ടി വിയര്‍പ്പ്‌ ചിന്തുന്ന ആ പിതാവിന്റെ പരാതി. ഹിസ്റ്റീരിക്‌ അല്ലെങ്കില്‍ ഹൈപ്പര്‍ ആക്‌ടീവ്‌ എന്നു തോന്നിച്ച ഈ ബാലന്റെ പ്രശ്‌നത്തിന്‌ എന്തെങ്കിലും പരിഹാരം കാണാനാവുമോ എന്ന ഉദ്ദേശ്യത്തോടെ ആ പിതാവിന്റെ താല്‍പര്യപ്രകാരം ഞാനവരുടെ വീട്‌ സന്ദര്‍ശിച്ചു. ചെറുക്കനോടും അവന്റെ മാതാവിനോടും വല്യുമ്മയോടും ദീര്‍ഘനേരം സംസാരിച്ചതില്‍ നിന്ന്‌ എക്‌സ്‌ട്രാ സ്‌മാര്‍ട്ടും ബുദ്ധിമാനുമായ ആ പയ്യന്‌ ഹിസ്റ്റീരിയയോ ഇല്ലെന്നും കാരണവരുടെ ഭാഷയില്‍ പറഞ്ഞാല്‍ ചുട്ട അടികിട്ടേണ്ട സയത്ത്‌ കിട്ടാതെപോയതിന്റെ കുറവാണെന്നും എനിക്ക്‌ ബോധ്യമായി.

സാമ്പത്തികമായി വളരെ ഉയര്‍ന്ന കുടുംബമായിരുന്നു അത്‌. നാട്ടിലും വിദേശത്തും ബിസിനസ്സുണ്ട്‌ പിതാവിന്‌. അതുകൊണ്ടുതന്നെ അയാള്‍ നാട്ടിലും വീട്ടിലുമില്ലാത്ത അവസ്ഥയിലാണ്‌. നാട്ടില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചാല്‍ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടാണെന്ന നിഗമനത്തില്‍ വീട്ടിലിരിക്കാവുന്ന അവസ്ഥയിലും അയാള്‍ വിദേശത്ത്‌ കഷ്‌ടപ്പെടുന്നു. അയാളെ സംബന്ധിച്ചിടത്തോളം ഇതുവരെയുള്ള സമ്പത്തിക സ്ഥിതി ഇനിയും നിലനിര്‍ത്തുക എന്നത്‌ സാമൂഹിക പദവി(ടീരശമഹ ടമേൗേ)െയിലധിഷ്‌ഠിതമായ ഒരു അനിവാര്യതയാണ്‌. ചെറുക്കന്റെ മാതാവും സാധാരണക്കാരിയല്ല. ഹൈസ്‌കൂള്‍ അധ്യാപികയാണവര്‍. മറ്റുള്ളവരുടെ കുട്ടികളെ മുഴുവന്‍ നന്നാക്കാനുള്ള മഹാദൗത്യത്തിനിടയില്‍ സ്വന്തം കുട്ടികളുടെ കാര്യം മറന്നുപോകുന്നു എന്നത്‌ അധ്യാപകര്‍ക്ക്‌ പൊതുവെയുള്ള ഒരു പ്രശ്‌നമാണ്‌.

എന്റെയൊരു മൂത്തമ്മയുടെ മകളുണ്ട്‌; ടീച്ചറാണ്‌. റസിയടീച്ചര്‍ എന്ന്‌ കേട്ടാല്‍ മതി, കുട്ടികള്‍ അറിയാതെ അടിവസ്‌ത്രത്തില്‍ മുത്രമിറ്റിച്ചു പോവും; അത്രക്കുണ്ട്‌ പേടി. നുള്ളിയും പിച്ചിയും കണ്ണുരുട്ടിയും ചന്തിക്കിട്ട്‌ പെടച്ചും ഒരുപാട്‌ കുട്ടികളെ കരകയറ്റിയിട്ടുണ്ട്‌ റസിയ; ഒരു അലോപ്പതി ഡോക്‌ടറുടെ മന്ദബുദ്ധിയായ മകനെ വരെ. പക്ഷേ മറ്റുള്ളവരുടെ മക്കളുടെ കാര്യത്തില്‍ കാണിച്ച ശുഷ്‌കാന്തിയുടെ ഒരംശം പോലും സ്വന്തം മകന്റെ കാര്യത്തില്‍ കാണിക്കാന്‍ റസിയ വിട്ടുപോയി. പയ്യന്‍ മഹാവികൃതി എന്നുപറഞ്ഞാല്‍ പോരാ, വികൃതിക്ക്‌ കൈയും കാലും കൊടുത്ത്‌ പടച്ചവന്‍ ദുന്‍യാവിലേക്ക്‌ പറഞ്ഞുവിട്ടവന്‍. ചെറിയവനെന്നോ വലിയവനെന്നോ വ്യത്യാസമില്ലാതെ ആരെയും ഇടിക്കും. കൈയില്‍ കിട്ടിയ സാധനങ്ങളെല്ലാം നശിപ്പിക്കും. വേദനിപ്പിച്ചുകൊണ്ടാണ്‌ അവന്‍ മറ്റുള്ളവരോട്‌ സ്‌നേഹം പ്രകടിപ്പിക്കുക. ചെറുക്കന്റെ ഈ പീഡനങ്ങള്‍ക്ക്‌ ഒരുപാടു തവണ ഇരയായ ഒരു ഹതഭാഗ്യനാണ്‌ ഞാന്‍. റസിയ പിണങ്ങുമോ എന്നു കരുതി ഉള്ളിലിരമ്പുന്ന ക്രോധം മുഴുവന്‍ അണകെട്ടി നിര്‍ത്തി നിശ്ശബ്‌ദമായി സഹിച്ചിട്ടുണ്ട്‌ പലതവണ. പക്ഷേ ഒരിക്കലെനിക്ക്‌ പിടിവിട്ടുപോയി, അന്ന്‌ പയ്യനെന്നെ സ്വാഗതം ചെയ്‌തത്‌ മുഖത്തേക്ക്‌ തുപ്പിക്കൊണ്ടാണ്‌. ആ നിമിഷം എന്താണ്‌ സംഭവിച്ചതെന്ന്‌ എനിക്കു തന്നെ അറിയില്ല. പയ്യന്‍ ലോകം മുഴുവന്‍ കേള്‍ക്കുമാറുച്ചത്തില്‍ വാവിട്ട്‌ കരയുന്നു. അവന്റെ മുഖം ചുവന്നു തിണര്‍ത്തിരിക്കുന്നു. റസിയയെ താല്‍ക്കാലികമായി പിണക്കേണ്ടി വന്നെങ്കിലും അതുകൊണ്ടെനിക്കൊരു കാര്യമുണ്ടായി. ചെറുക്കന്‍ പിന്നെ എന്റെയടുത്തേക്ക്‌ വരാറില്ല.

സമാനമായ അവസ്ഥതന്നെയായിരുന്നു പ്രവാസിയുടെ മകന്റെയും. വിവാഹം കഴിഞ്ഞ്‌ അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ അവര്‍ക്ക്‌ ആദ്യത്തെ കുഞ്ഞ്‌ പിറക്കുന്നത്‌. വൈകിവന്ന സൗഭാഗ്യത്തിന്‌ ആവശ്യത്തില്‍ കൂടുതല്‍ ശ്രദ്ധയും പരിചരണവും അവര്‍ നല്‍കി. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ആഗ്രഹിക്കുന്നതെല്ലാം അവന്റെ മുമ്പിലെത്തി. ഒന്നിനും വാശിപിടിച്ചു കരയേണ്ട ആവശ്യംപോലും അവനു വന്നില്ല. ഏതൊരു കുട്ടിയെയും പോലെ കൗതുകങ്ങളുടെ ലോകത്തായിരുന്നു അവനും. എന്നാല്‍ ആഗ്രഹിച്ചതെല്ലാം ഞൊടിയിടകൊണ്ട്‌ സ്വന്തമാക്കാന്‍ കഴിയുന്ന ലോകത്ത്‌ അവന്റെ കൗതുകങ്ങള്‍ ആകാശംമുട്ടെ വളര്‍ന്നു. രക്ഷിതാക്കള്‍ക്ക്‌ താങ്ങാനാവാത്തവിധം അവന്റെ സ്വപ്‌നങ്ങള്‍ക്ക്‌ ചെലവുകൂടി. ഒരു പത്തുവയസ്സുകാരന്‍ തനിക്ക്‌ സ്വന്തമായി ഒരു കാര്‍ വേണമെന്ന്‌ വാശിപിടിച്ചാല്‍ ഏത്‌ രക്ഷിതാവിനാണ്‌ പെട്ടെന്നത്‌ സാധിപ്പിച്ചുകൊടുക്കാന്‍ കഴിയുക! ആഗ്രഹങ്ങള്‍ക്ക്‌ കുട്ടിത്തം നഷ്‌ടപ്പെട്ട മകന്‍ വലിയവലിയ ആഗ്രഹങ്ങളുടെ ലോകത്ത്‌ ഇച്ഛാഭംഗവുമായി കഴിഞ്ഞു. മറ്റുള്ളവരില്‍നിന്നുള്ള ഒരു നിഷേധവാക്കും അവന്‌ സഹിക്കാനാവുമായിരുന്നില്ല. കൊച്ചുകൊച്ചു കാര്യങ്ങള്‍ക്കു പോലും അവന്‍ പ്രകോപിതനായി. ദേഷ്യം വരുമ്പോള്‍ കൈയില്‍ കിട്ടിയതെടുത്ത്‌ അവന്‍ മറ്റുള്ളവരെ പ്രഹരിച്ചു. അല്ലെങ്കില്‍ വീട്ടുസാധനങ്ങള്‍ തല്ലിയുടച്ചു. ചെറിയവരെന്നോ വലിയവരെന്നോ വ്യത്യാസമില്ലാതെ വായില്‍ തോന്നിയ വാക്കുകള്‍കൊണ്ട്‌ മറ്റുള്ളവരെ അഭിഷേകം ചെയ്‌തു. മാതാവടക്കം വീട്ടിലെ ഓരോ അംഗത്തിനും ഉള്‍ക്കിടിലമുണ്ടാക്കുന്ന സ്വേച്ഛാധിപതിയും പ്രവചനാതീതനുമായ ഒരു രാജാവായി അവന്‍ ആ വീട്ടില്‍ വാണു. മന്ത്രവാദം മുതല്‍ സൈക്യാട്രിക്‌ മരുന്നുകള്‍ വരെ ആ രക്ഷിതാക്കള്‍ പരീക്ഷിച്ചുനോക്കിയെങ്കിലും ഒരു ഫലവുമുണ്ടായില്ല.

കുട്ടികളുടെ ക്ഷേമത്തിനും മാനസികാരോഗ്യത്തിനും വേണ്ടിയുള്ള പരിപാടികള്‍ പലതും ഫലം കാണാതെ പോകുന്നതിന്‌ പ്രധാന കാരണം അവന്‍ ജീവിക്കുന്ന സാഹചര്യങ്ങളെ തിരുത്താന്‍ കഴിയാതെ പോകുന്നതു കൊണ്ടാണ്‌. കുട്ടികളുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം തേടിവരുന്ന രക്ഷിതാക്കളും അധ്യാപകരും സ്‌കൂള്‍ അധികൃതരുമൊക്കെ തന്നെയായിരിക്കും മിക്കപ്പോഴും പ്രശ്‌നകാരണങ്ങള്‍. തങ്ങള്‍ക്കല്ല, കുട്ടിക്കാണ്‌ പ്രശ്‌നം എന്ന്‌ വിശ്വസിച്ചുവച്ചിരിക്കുന്ന ഈ രക്ഷിതാക്കളെയും അധ്യാപകരെയുമൊക്കെ മാറ്റിയെടുക്കുക എന്നത്‌ അതിനെക്കാള്‍ വലിയ പ്രശ്‌നമാണു താനും. കുട്ടികളുടെ മാനസികാരോഗ്യരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ഒരാള്‍ നിസ്സഹായനാകുന്ന സന്ദര്‍ഭമാണിത്‌. പ്രശ്‌നകാരിയായ സാഹചര്യങ്ങളെ മാറ്റിയെടുക്കാതെ പ്രസ്‌തുത ബാലന്‍ സൃഷ്‌ടിക്കുന്ന ഉപദ്രവങ്ങള്‍ക്ക്‌ അവനില്‍തന്നെ ഒരു പരിഹാരം കണ്ടെത്തുക അസാധ്യമായിരുന്നു.

എങ്കിലും വന്ന സ്ഥിതിക്ക്‌ എന്തെങ്കിലുമൊക്കെ ആവട്ടെ എന്നു കരുതി പെരുമാറ്റ നവീകരണ ചികിത്സയുടെ ചില രീതികള്‍ ഞാന്‍ ആ ബാലനില്‍ പ്രയോഗിച്ചുനോക്കി. `സ്‌കിന്നര്‍' എന്നു പേരുള്ള ഒരു ബിഹേവിയറിസ്റ്റ്‌ കണ്ടുപിടിച്ച രീതി: ഓരോ നല്ല പെരുമാറ്റത്തിനും പ്ലസ്‌ സ്‌കോറും ഓരോ ചീത്ത സ്വഭാവത്തിനും മൈനസ്‌ സ്‌കോറും നല്‍കി ഓരോ ആഴ്‌ചയും കിട്ടുന്ന ആകെ സ്‌കോര്‍ കണക്കാക്കി സമ്മാനമോ ശിക്ഷയോ നല്‍കുന്ന ഒരു പരിപാടി. ചീത്ത സ്വഭാവങ്ങളെ പടിപടിയായി പുറംതള്ളുകയും നല്ല സ്വഭാവങ്ങളെ പതുക്കെ കണ്ടീഷന്‍ ചെയ്‌തെടുക്കുകയുമാണ്‌ ഈ രീതിയുടെ ലക്ഷ്യം. ആഴ്‌ചയുടെ അവസാനം കിട്ടാന്‍ പോകുന്ന സമ്മാനം ഒരാളെ പ്രചോദിപ്പിച്ചെങ്കില്‍ മാത്രമേ ഈ രീതി വിജയിക്കുകയുള്ളൂ. പ്രസ്‌തുത ബാലന്റെ കാര്യത്തിലുള്ള പ്രശ്‌നവും അതുതന്നെയായിരുന്നു. തീക്ഷ്‌ണമായി ആഗ്രഹിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു സമ്മാനവും അവന്റെ ജീവിതത്തിലില്ലായിരുന്നു. എല്ലാം അവന്‍ അതിനുമുമ്പേ നേടിയിരുന്നു. ശിക്ഷിക്കാന്‍ അധികാരമുള്ള ഒരാളും അവനില്ലായിരുന്നു. അതുകൊണ്ട്‌ ആ ഭയവും അപ്രസക്തം.കമ്പ്യൂട്ടര്‍ ഗെയിമിനോടും നെറ്റ്‌വര്‍ക്ക്‌ മാര്‍ക്കറ്റിംഗിനോടും സാമ്യമുള്ള ഈ ചികിത്സാരീതിയിലുള്ള കൗതുകം കൊണ്ടാവാം പയ്യന്‍ മൂന്നാലു ദിവസം യാതൊരു ചീത്തസ്വഭാവവും പ്രകടിപ്പിച്ചില്ല. എന്നാല്‍ അഞ്ചാംനാള്‍ ചുമരില്‍ ഒട്ടിച്ചുവച്ചിരുന്ന പെരുമാറ്റ നവീകരണ ചാര്‍ട്ട്‌ വലിച്ചുകീറി അവന്‍ പഴയ സ്വഭാവത്തിലേക്ക്‌ തിരിച്ചുപോയി.ഹതാശനായ ആ പിതാവ്‌ വീണ്ടും എന്നെ വിളിച്ചു. ഇനിയെന്ത്‌ ചികിത്സയാണ്‌ അവന്‌ നല്‍കുക എന്നറിയാതെ ആകെ വിഷമത്തിലാണയാള്‍. ടെക്‌നിക്കുകള്‍ കൊണ്ട്‌ മാറ്റിയെടുക്കാവുന്നതല്ല മകന്റെ പ്രശ്‌നമെന്നും എനിക്ക്‌ കാര്യമായൊന്നും ചെയ്യാനില്ലെന്നും അയാളെ അറിയിച്ചു.``പിന്നെ ഞാനെന്തു ചെയ്യും?'' അയാള്‍ നിസ്സഹായനായി ചോദിച്ചു.``നിങ്ങള്‍ എന്തു ചെയ്യും എന്നല്ല. നിങ്ങള്‍ക്കും നിങ്ങളുടെ ഭാര്യക്കും മാത്രമേ അവനെ രക്ഷിക്കാനാവൂ''``എങ്ങനെ?''``നിങ്ങളുടെ മകന്‍ നിങ്ങളുടെ വീട്ടിലെ രാജാവാണ്‌. അറിഞ്ഞോ അറിയാതെയോ ചെറുപ്പം തൊട്ടേ നിങ്ങളവന്റെ തലയില്‍ ഒരു കിരീടം വച്ചു കൊടുത്തിട്ടുണ്ട്‌. അത്‌ തിരിച്ചുവാങ്ങണം. എന്തും നേടി മാത്രമേ അവന്‌ പരിചയമുള്ളൂ; അതും നിസ്സാരമായി. അങ്ങനെയല്ലാത്ത ഒരു ലോകമുണ്ടെന്ന്‌ അവന്‌ നിങ്ങള്‍ കാണിച്ചു കൊടുക്കണം.

മക്കളെ വളര്‍ത്തുന്നതില്‍ മാതൃകയാക്കാവുന്ന ഒരു പിതാവിനെ ഞാന്‍ നിങ്ങള്‍ക്ക്‌ പരിചയപ്പെടുത്തിത്തരാം.''``ആരാണയാള്‍?''``അബ്‌ദുല്ലഹാജി''അതെ, ഞാന്‍ കണ്ട ഏറ്റവും മഹാനായ പിതാവാണ്‌ അബ്‌ദുല്ലഹാജി. മക്കളെ വളര്‍ത്തുന്നതിന്റെ മന:ശാസ്‌ത്രം ആറാം ക്ലാസ്‌ വിദ്യാഭ്യാസം മാത്രമുള്ള അദ്ദേഹത്തിന്‌ വ്യക്തമായി അറിയാമായിരുന്നു. സന്താനപരിപാലന(ജമൃലിശേിഴ)ത്തെക്കുറിച്ച്‌ പുസ്‌തകമെഴുതിയവര്‍ പോലും സ്വന്തം മക്കളെ അബ്‌ദുല്ലഹാജിയോളം ശാസ്‌ത്രീയമായി വളര്‍ത്തിയിട്ടുണ്ടാവില്ല. എന്താണ്‌ അബ്‌ദുല്ല ഹാജിയുടെ രീതി?എന്റെ സുഹൃത്തിന്‌ ടൗണില്‍ ഗ്ലാസും പ്ലൈവുഡുമൊക്കെ വില്‍ക്കുന്ന ഒരു കടയുണ്ട്‌. ഒരു ദിവസം ഞാനവനെ കാണാനായി കടയില്‍ ചെന്നപ്പോള്‍ മധ്യവയസ്‌കനായ ഒരാള്‍ ഒരു കൊച്ചുബാലനെയും കൂട്ടി അങ്ങോട്ടു കടന്നുവന്നു.``ഇവന്‌ ഇവിടെ ഒരു പണികൊടുക്കുമോ?'' ബാലനെ ചൂണ്ടി ആഗതന്‍ ചോദിച്ചു.``കൊടുക്കാം. പക്ഷേ ഇവന്‌ എന്ത്‌ പണിയറിയാം?''സുഹൃത്ത്‌ യാതൊരു ശങ്കയുമില്ലാതെ ചോദിച്ചു.എന്റെ മനസ്സില്‍ പൊടുന്നനെ ഒരു സ്‌പാര്‍ക്കുണ്ടായി.ബാലവേല. ഇയാള്‍ ബാലവേലക്ക്‌ കുട്ടികളെ എത്തിക്കുന്ന ഒരു ചരടായിരിക്കണം. എന്റെ സുഹൃത്ത്‌ ഇയാളുടെ ഒരു കസ്റ്റമറായിരിക്കണം. ഒരു ലേഖനമെഴുതാനുള്ള വിഷയമായി.``ഇതൊരു ഗ്ലാസ്‌ കടയാണ്‌. നിനക്ക്‌ ഗ്ലാസ്‌ മുറിക്കാനറിയുമോ?''ബാലന്‍ ആശങ്കയുള്ള മുഖഭാവവുമായി അറിയില്ലെന്ന്‌ തലയാട്ടി.``പോട്ടെ, നിനക്ക്‌ ഒരു ഗ്ലാസ്‌ പൊട്ടാതെ വാഹനത്തിലേക്ക്‌ എടുത്തുവയ്‌ക്കാനറിയുമോ?''ബാലന്‍ ഉത്തരമില്ലാതെ നിശ്ശബ്‌ദം നിന്നു.

എന്റെ മനുഷ്യബോധം ഉണര്‍ന്നു.``ദാവൂദേ, ഇത്‌ ശരിയല്ല. ഇയാളെ പിടിച്ച്‌ പോലീസിലേല്‍പ്പിക്കുകയാണ്‌ വേണ്ടത്‌.''സുഹൃത്ത്‌ ചുണ്ടത്ത്‌ വിരല്‍വച്ച്‌ എന്നോട്‌ നിശ്ശബ്‌ദനായിരിക്കാന്‍ ആംഗ്യം കാണിച്ചു.``ഇവന്‌ ഒരു പണിയും അറിയില്ല. അതുകൊണ്ട്‌ ഒരാഴ്‌ച പണി പഠിക്കുന്നതുവരെ കൂലിയൊന്നുമുണ്ടാവില്ല. ഭക്ഷണം മാത്രമേ കിട്ടൂ. അടുത്ത ആഴ്‌ച മുതല്‍ മുപ്പത്‌രൂപ ദിവസം കൂലി ലഭിക്കും. അതും രാവിലെ 9 മണി മുതല്‍ വൈകീട്ട്‌ 5 വരെ കൃത്യമായി കടയില്‍ നിന്നാല്‍ മാത്രം. എന്താ സമ്മതമാണോ?''സുഹൃത്ത്‌ ആഗതനെ നോക്കി. ആഗതന്‍ ബാലനെയും. യാതൊരു മടിയും കൂടാതെ ബാലന്‍ സമ്മതമാണ്‌ എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.സുഹൃത്തിന്റെയും ആഗതന്റെയും മുഖത്ത്‌ ഒരു ചിരി വിടര്‍ന്നുനിന്നു.``എന്നാല്‍ ഇന്നുതന്നെ ജോയിന്‍ ചെയ്യാം.'' സുഹൃത്ത്‌ ഒരു രജിസ്റ്ററെടുത്ത്‌ ബാലന്റെ പേരും വിലാസവുമൊക്കെ കുറിച്ചെടുത്തു. ജോയിന്‍ ചെയ്‌തതായി അവനെക്കൊണ്ട്‌ ഒപ്പുവെപ്പിച്ചു.``അപ്പോള്‍ നമുക്ക്‌ പണി തുടങ്ങാം.''സുഹൃത്ത്‌ ബാലനു നേരെ തിരിഞ്ഞു:``നിന്റെ എത്രാമത്തെ ജോലിയാണിത്‌?''``അഞ്ചാമത്തെ.'' ബാലന്‍ പറഞ്ഞതുകേട്ട്‌ ഞാന്‍ ഞെട്ടിപ്പോയി. പത്തു വയസ്സിനിടയില്‍ ഇവന്‍ നാലു ജോലികള്‍ മാറിമാറി ചെയ്‌തെന്നോ! എത്ര ക്രൂരമായാണ്‌ കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നത്‌.



സുഹൃത്ത്‌ കുറെ പൊട്ടിയ ഗ്ലാസുകഷ്‌ണങ്ങള്‍ക്കിടയിലേക്ക്‌ ബാലനെ നയിച്ചു. അത്‌ വാരി ഒരു ഭാഗത്ത്‌ അടുക്കിവയ്‌ക്കുകയായിരുന്നു അവന്റെ ആദ്യത്തെ ദൗത്യം. ആദ്യത്തെ ശ്രമത്തില്‍ തന്നെ അവന്റെ കൈമുറിഞ്ഞ്‌ ചോരപൊടിഞ്ഞു. യാതൊരു വിഷമവും പ്രകടിപ്പിക്കാതെ അവനത്‌ വായിലിട്ട്‌ ഉറുഞ്ചിക്കളഞ്ഞു.കടയുടെ ഒരു മൂലയില്‍ സുഹൃത്തും ആഗതനും എന്തൊക്കെയോ കുശുകുശുക്കുന്നു. കമ്മീഷന്‍ വിലപേശി വാങ്ങുകയാവുമെന്ന്‌ ഞാന്‍ ഊഹിച്ചു. വികാരനിര്‍ഭരനായി ഞാനവരുടെ അടുത്തേക്ക്‌ ചെന്നു. എങ്ങനെയെങ്കിലും ആ കുട്ടിയെ രക്ഷിക്കണമെന്നായിരുന്നു എന്റെ അപ്പോഴത്തെ ചിന്ത മുഴുവന്‍.``ദാവൂദേ, നീയിത്ര ചീപ്പാണെന്ന്‌ ഞാന്‍ വിചാരിച്ചില്ല.'' ഞാന്‍ സുഹൃത്തിനെ നോക്കി പൊട്ടിത്തെറിച്ചു.``എന്താടാ കാര്യം?''``ഇതിനെക്കാള്‍ വലിയ എന്ത്‌ കാര്യമാണെടാ. എന്തു വന്നാലും ഞാനിത്‌ പുറംലോകത്തെ അറിയിക്കും.''കാര്യം പന്തിയല്ലെന്ന്‌ മനസ്സിലാക്കിയ ആഗതന്‍ പെട്ടെന്ന്‌ സുഹൃത്തിനും എനിക്കും കൈതന്ന്‌ പോകാനൊരുങ്ങി.``എടോ, തന്നെയും ഞാന്‍ വെറുതെവിടില്ല.''ഞാന്‍ അയാള്‍ക്കു നേരെ തിരിഞ്ഞു. അതു കേള്‍ക്കാത്ത ഭാവത്തില്‍ പുഞ്ചിരിതൂകിക്കൊണ്ട്‌ അയാള്‍ ധൃതിയില്‍ നടന്നകന്നു.

ആള്‍ കണ്‍വെട്ടത്തുനിന്നു മറഞ്ഞതും സുഹൃത്ത്‌ ശാന്തമായി എന്നോട്‌ ചോദിച്ചു:``ആ പോയ മനുഷ്യന്‍ ആരാണെന്ന്‌ നിനക്കറിയാമോ?''``കുട്ടികളെ വിറ്റു പോക്കറ്റ്‌ വീര്‍പ്പിക്കുന്ന ഏതോ ചെകുത്താന്‍.''``അല്ല, ഈ നാട്ടിലെ ഏറ്റവും വലിയ ബിസിനസ്സുകാരനാണദ്ദേഹം. കോടീശ്വരന്‍. അബ്‌ദുല്ലഹാജി''``കുട്ടികളെ വിറ്റ്‌ കോടീശ്വരനും കൊക്കോടീശ്വരനുമായില്ലെങ്കിലേ അദ്‌ഭുതമുള്ളു.''``നീയദ്ദേഹത്തെ തെറ്റിദ്ധരിച്ചിരിക്കുകയാണ്‌. ഇന്ന്‌ ഈ നാട്ടില്‍ നയാപൈസയുടെ വഞ്ചന നടത്താതെ ബിസിനസ്സ്‌ ചെയ്യുന്ന ഒരാളുണ്ടെങ്കില്‍ അത്‌ അബ്‌ദുല്ല ഹാജി മാത്രമാണ്‌. ഇനി ആ നില്‍ക്കുന്ന ചെറുക്കന്‍ ആരാണെന്നറിയണോ? അത്‌ അദ്ദേഹത്തിന്റെ ഏറ്റവും ഇളയമകനാണ്‌.''എനിക്ക്‌ കാര്യമൊന്നും മനസ്സിലായില്ല. കോടീശ്വരനായ ഒരാള്‍ എട്ടുംപൊട്ടും തിരിയാത്ത സ്വന്തം മകനെ ഒരു കടയില്‍ തുച്ഛമായ ശമ്പളത്തിന്‌ ജോലിക്ക്‌ നിര്‍ത്തുകയോ?``അതാണ്‌ അബ്‌ദുല്ലഹാജി മക്കളെ വളര്‍ത്തുന്ന രീതി. ഇതിന്റെ മൂത്തത്‌ ഒരാണും രണ്ടു പെണ്ണുമുണ്ട്‌. നീ കാണേണ്ടതാണ്‌. മനുഷ്യന്റെ മക്കള്‍ എന്ന വിശേഷണം പൂര്‍ണമായും അര്‍ഹിക്കുന്ന മൂന്നു മക്കളെ ഞാന്‍ ആ വീട്ടില്‍ മാത്രമേ കണ്ടിട്ടുള്ളു.''ഞാന്‍ വിസ്‌മയഭരിതനായി നില്‍ക്കുമ്പോള്‍ സുഹൃത്ത്‌ തുടര്‍ന്നു:``ക്രിക്കറ്റ്‌ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ ചെറുക്കന്റെ പന്തുകൊണ്ട്‌ അയല്‍വാസിയുടെ ജനലിന്റെ ഗ്ലാസൊന്ന്‌ പൊട്ടി. അറിയാതെ പറ്റിപ്പോയതായതു കൊണ്ടും പ്രതി അബ്‌ദുല്ലഹാജിയുടെ പുത്രനായതു കൊണ്ടും അയല്‍വാസിക്കതൊരു പ്രശ്‌നമേയല്ല. പക്ഷേ അബ്‌ദുള്ളഹാജിക്കത്‌ ഗുരുതരമായ പ്രശ്‌നമാണ്‌. അയല്‍വാസി വേണ്ടെന്ന്‌ തീര്‍ത്തുപറഞ്ഞിട്ടും ഹാജി സ്വന്തം ചെലവില്‍ ഗ്ലാസ്‌ മാറ്റിക്കൊടുത്തു. അതിന്‌ ചെലവായ തുക അബ്‌ദുല്ലഹാജിക്ക്‌ മകന്‍ തിരിച്ചുനല്‍കണം. അതും ഒരു ഗ്ലാസ്‌കടയില്‍ ജോലിക്ക്‌ നിന്നുകൊണ്ട്‌. എത്രപേരുടെ അദ്ധ്വാനത്തിലൂടെയും ശ്രദ്ധയിലൂടെയുമാണ്‌ ഒരു ഗ്ലാസ്‌ പീസ്‌ പരിപാലിക്കപ്പെട്ടുപോകുന്നതെന്ന്‌ അനുഭവത്തിലൂടെ മനസ്സിലാക്കിവരാനാണ്‌ ഹാജി മകനെ ഇവിടെ നിര്‍ത്തിയിരിക്കുന്നത്‌. മകനില്‍നിന്നു വന്നുപോയ തെറ്റിന്‌ പിതാവ്‌ പിഴയൊടുക്കിയാല്‍ ആ തെറ്റ്‌ അവന്‍ നിസ്സാരമായി കാണുമെന്നും വീണ്ടും ആവര്‍ത്തിച്ചേക്കുമെന്നുമാണ്‌ ഹാജിയുടെ നിരീക്ഷണം. യഥാര്‍ത്ഥ അനുഭവത്തിലൂടെ മാത്രമേ ഒരാള്‍ക്ക്‌ ഏതൊന്നിന്റെയും വില മനസ്സിലാക്കാന്‍ കഴിയൂ എന്നതാണ്‌ അദ്ദേഹത്തിന്റെ മതം.''ഇങ്ങനെയും ഒരു പിതാവ്‌ ഈ ഉലകത്തിലുണ്ടെന്ന്‌ അദ്‌ഭുതംകൂറി നില്‍ക്കെ സുഹൃത്ത്‌ പറഞ്ഞു:``ഇനി ഇതു കൂടി കേട്ടോളു: സ്‌കൂളില്‍ നിന്ന്‌ പതിനഞ്ചു ദിവസത്തെ ലീവെടുപ്പിച്ചാണ്‌ മകനെ ഹാജി ഇവിടെ നിര്‍ത്തിയിരിക്കുന്നത്‌. മകന്‌ പാഠങ്ങള്‍ കിട്ടാതെപോകുമോ എന്ന ആശങ്കയൊന്നും അദ്ദേഹത്തിനില്ല. അതിനെക്കാള്‍ വലിയ പാഠങ്ങള്‍ ഇതൊക്കെയാണെന്നാണ്‌ ആ മനുഷ്യന്റെ വീക്ഷണം.''``എനിക്ക്‌ തെറ്റുപറ്റി. മഹാത്മാഗാന്ധിയെക്കാളും നെഹ്‌റുവിനെക്കാളും മഹാനായ ഒരു പിതാവിനെയാണ്‌ ഞാന്‍ തെറ്റിദ്ധരിച്ചത്‌.''``തീര്‍ന്നില്ല.'' സുഹൃത്ത്‌ പറഞ്ഞു.``എനിക്കിവിടെ പത്തു വയസ്സുകാരനായ ഒരു ബാലന്‍ ജോലിക്കു നില്‍ക്കുന്നതു കൊണ്ട്‌ പ്രത്യേകിച്ച്‌ കാര്യമൊന്നുമില്ലെന്ന്‌ നിനക്കറിയാലോ. ഹാജിക്കും അതറിയാം. അതുകൊണ്ട്‌ ഈ ബാലന്‌ കൊടുക്കാനുള്ള കൂലിയും ഭക്ഷണച്ചെലവുമെല്ലാം ഹാജി തന്നെയാണ്‌ തരുന്നത്‌. മകനെ മനുഷ്യനാക്കി വളര്‍ത്താന്‍ പിതാവ്‌ അഭിനയിക്കുന്ന നാടകം. പക്ഷേ മകന്‍ ഒരിക്കലും അതറിയില്ലെന്നു മാത്രം!''