Monday, September 19, 2011

ഒരു ചുമക്ക് വീഴുന്നവര്‍ക്കുള്ളതല്ല ഒരു സര്‍ക്കാരും

by  രാജീവ് ശങ്കരന്‍ @ http://www.risalaonline.com/


ബിയര്‍ കുടിച്ച് വറുത്ത കടല കൊറിക്കുന്ന അഞ്ച് വയസ്സുകാരന്‍!

ആശ്ചര്യചിഹ്നമിടാതെ ഈ വാചകം അവസാനിപ്പിക്കാന്‍ സാധിക്കില്ല. പാശ്ചാത്യ രാജ്യങ്ങളിലാണെങ്കില്‍ സംഭവ്യതയുടെ ചെറു അംശം ആശ്ചര്യ ചിഹ്നത്തിലുണ്ടാകുമായിരുന്നു. എന്നാല്‍ ഇങ്ങ് ആന്ധ്രാപ്രദേശില്‍ വിവരവും അറിവും കൊണ്ട് മലിനമാക്കപ്പെടാത്ത ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നിന്നാണ് ഈ ചിത്രമെന്ന് പറഞ്ഞാല്‍ ആശ്ചര്യ ചിഹ്നത്തിന്റെ എണ്ണം കൂട്ടേണ്ടിവന്നേക്കും. അഞ്ച് വയസ്സുകാരന്‍ ബിയര്‍ കുടിച്ച് വറുത്ത കടല കൊറിക്കുന്നത് മാത്രമല്ല, രണ്ടും മൂന്നും വയസ്സുള്ള കുട്ടികള്‍ വ്യാജ കള്ളും നാടന്‍ ചാരായവും കുടിച്ച് ദിവസം മുഴുവന്‍ ഉറങ്ങുന്നുമുണ്ട്. ഇവര്‍ക്ക് കള്ളും ചാരായവും ബിയറുമൊക്കെ നല്‍കുന്നത് സ്വന്തം മാതാപിതാക്കള്‍ തന്നെയാണ്. ഈ മാതാപിതാക്കള്‍ക്ക് അംഗങ്ങളേറെയുള്ള കുടുംബത്തിന് അന്നമെത്തിക്കേണ്ട ഉത്തരവാദിത്വമുണ്ട്. അത് സാധിക്കണമെങ്കില്‍ കിലോമീറ്ററുകള്‍ നടന്ന് വയലുകളിലോ നിര്‍മാണ മേഖലയിലോ എത്തണം. രാവിലെ നേരത്തെ ഇറങ്ങിയാല്‍ വൈകിയേ മടക്കം സാധിക്കൂ. അതുവരെ കുഞ്ഞുങ്ങളെ നോക്കേണ്ട ബാധ്യത പ്രായമേറിയവര്‍ക്കാണ്. ഇവരിലേറെയും രോഗബാധിതരോ എഴുന്നേറ്റ് നടക്കാന്‍ പ്രയാസമുള്ളവരോ ആയിരിക്കും. അപ്പോള്‍ പിന്നെ കരണീയമായത് കുഞ്ഞിനെ എത്രനേരം ഉറക്കിക്കിടത്താമോ അത്രയും നേരം ഉറക്കിക്കിടത്തുക എന്നതാണ്. അതിനാണ് മാതാപിതാക്കള്‍ വ്യാജ കള്ളിനെയും നാടന്‍ ചാരായത്തെയും ആശ്രയിക്കുന്നത്. ഇങ്ങനെ കുഞ്ഞിനെ ഉറക്കിക്കിടത്തി കിലോമീറ്ററുകള്‍ അകലെ ജോലിക്ക് പോയാല്‍ എന്തു കിട്ടും? കുടുംബത്തിന് ഒരു ദിവസം തള്ളിനീക്കാനുള്ള പണം കിട്ടിയാല്‍ ഭാഗ്യം. സ്വതേ കൂലി കുറവാണ്. എഴുത്തും വായനയും അറിയാത്ത ആദിവാസികളാവുമ്പോള്‍ അത് വീണ്ടും കുറയും. ഇടനിലക്കാരന്‍ സ്വന്തം വിഹിതം കൂടി എടുത്തുകഴിയുമ്പോള്‍ ബാക്കി എത്രയുണ്ടാകും?
നാഗര്‍കുര്‍ണൂല്‍, അച്ചാംപേട്ട്, വാനപര്‍തി, കൊല്ലാപൂര്‍, ഗഡ്വാള്‍ എന്നു തുടങ്ങിയ ആന്ധ്രാപ്രദേശിലെ ഉള്‍ഗ്രാമങ്ങളുടെ സ്ഥിതി ഇത്രയും വിശദീകരിക്കാന്‍ കാരണമുണ്ട്. ഏത് വിതരണ ശൃംഖലയെടുത്താലും അതിന്റെ അവസാന കണ്ണി ഈ പ്രദേശങ്ങളോ ഈ കുടുംബങ്ങളോ ഈ വ്യക്തികളോ ആയിരിക്കും. തമിഴ്നാട്ടിലെ ഒട്ടന്‍ചത്രം തക്കാളിക്കൃഷിക്ക് പ്രസിദ്ധമാണ്. വിളവ് ഗംഭീരമാകുന്ന സീസണുകളില്‍ ഇവിടെ തക്കാളിയുടെ വില ഇപ്പോഴും കിലോക്ക് അമ്പത് പൈസയില്‍ വരെ എത്തും. ഈ വിലക്കും വാങ്ങാന്‍ ആളില്ലാതാകുമ്പോള്‍ കര്‍ഷകര്‍ തക്കാളി ദേശീയ പാതയില്‍ വിതറും. ചീറിപ്പായുന്ന വാഹനങ്ങള്‍ക്കടിയില്‍ ചതയുന്ന തക്കാളിയില്‍ നിന്ന് ചീറ്റുന്ന ചറത്തില്‍ കുളിച്ച് ആനന്ദിക്കും. ഇത്തരമൊരു ഘട്ടത്തില്‍ ഒട്ടന്‍ചത്രത്തില്‍ നിന്ന് ആരംഭിക്കുന്ന വിതരണ ശൃംഖല ആലോചിക്കാം. ഗ്രാമവാസികള്‍ വെറുതെകളയുന്ന തക്കാളി ശേഖരിച്ച് ആദ്യം ഹൈദരാബാദിലേക്ക്. ലോറിക്ക് വേണ്ടിവരുന്ന ഇന്ധനത്തിന്റെ ചെലവും കൊണ്ടുപോകുന്നതിനിടെ നശിക്കാന്‍ ഇടയുള്ള തക്കാളിയുടെ തോതും കണക്കിലെടുത്താല്‍ ഹൈദരാബാദിലെത്തുമ്പോള്‍ കിലോക്ക് വില ചുരുങ്ങിയത് രണ്ട് രൂപയെങ്കിലുമാകും. ഇവിടെ നിന്ന് രണ്ടോ മൂന്നോ കൈമറിഞ്ഞാകും നേരത്തെ പറഞ്ഞ തീരെ പരിചിതമല്ലാത്ത സ്ഥലനാമങ്ങളുടെ പരിധിയിലേക്ക് ഈ തക്കാളിയെത്തുന്നത്. തെരുവില്‍ നിന്ന് പെറുക്കിയെടുത്ത തക്കാളിക്ക് അപ്പോഴേക്ക് വിലയെത്രയായിട്ടുണ്ടാകും? കടത്ത് കൂലി, ഓരോ ഇടനിലക്കാരനും നിശ്ചയിക്കുന്ന ലാഭ വിഹിതം എന്നിവയെ ആശ്രയിച്ചിരിക്കുമത്. എന്തായാലും കിലോക്ക് അഞ്ച് രൂപയില്‍ താഴെ വരില്ലെന്ന് ഉറപ്പിക്കാം. ദേശീയ പാതയോരത്തു നിന്ന് പെറുക്കിയെടുത്ത ഉത്പന്നത്തിന്റെ കാര്യത്തിലാണിത്. അപ്പോള്‍ ഉത്പാദനകേന്ദ്രത്തില്‍ തന്നെ കിലോക്ക് അഞ്ചും പത്തുമൊക്കെ രൂപ വിലയുള്ള ഉത്പന്നങ്ങളുടെ കാര്യത്തിലോ!
പകല്‍ സമയത്ത് പരിരക്ഷിക്കാന്‍ ആളില്ലാത്തതുകൊണ്ട് മാത്രമല്ല ആദിവാസി രക്ഷിതാക്കള്‍ കുഞ്ഞുങ്ങളെ മദ്യം കൊടുത്ത് മയക്കിക്കിടത്തുന്നത്. ഉണര്‍ന്നിരുന്നാല്‍ വിശക്കും. അതൊഴിവാക്കാനും ഉറക്കമാണ് നല്ലത്. സ്വാതന്ത്യ്രം ഷഷ്ട്യബ്ധപൂര്‍ത്തി പിന്നിട്ട് കുതിക്കുന്ന കാലത്ത് ഇവരെക്കൂടി ഉള്‍ക്കൊള്ളുന്ന വികസനത്തെക്കുറിച്ച് നാം കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ഒമ്പതിന് മേലേക്ക് കയറാന്‍ ശ്രമിക്കുകയും ഏഴരക്കും എട്ടരക്കുമിടയില്‍ ചാഞ്ചാടുകയും ചെയ്ത സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഡോ. മന്‍മോഹന്‍ സിംഗ്, പ്രണാബ് കുമാര്‍ മുഖര്‍ജി, മൊണ്ടേക് സിംഗ് അലുവാലിയ, പി ചിദംബരം എന്ന് തുടങ്ങി ഒട്ടെല്ലാ കോണ്‍ഗ്രസ് നേതാക്കളെയും രോമാഞ്ചകഞ്ചുകിതരാക്കുന്നതും കണ്ടു. ആ വളര്‍ച്ച നിലനിര്‍ത്താനും എണ്ണക്കമ്പനികളുടെ പെരുകുന്ന നഷ്ടം കുറക്കാനും ലക്ഷ്യമിട്ടാണ് ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വിലയില്‍ അടുത്തിടെ സര്‍ക്കാര്‍ വര്‍ധനവരുത്തിയത്. ഇത് ജനങ്ങളെ ബാധിക്കില്ലെന്ന് എണ്ണകാര്യ മന്ത്രിയും ആന്ധ്രാ പ്രദേശ് സ്വദേശിയുമായ ജയ്പാല്‍ റെഡ്ഢിയും ധനമന്ത്രിയും പശ്ചിമ ബംഗാള്‍ സ്വദേശിയുമായ പ്രണാബ് കുമാര്‍ മുഖര്‍ജിയും പറയുന്നു. ആന്ധ്രയില്‍ നേരത്തെ നിരത്തിയ സ്ഥലനാമങ്ങള്‍ ജയ്പാല്‍ റെഡ്ഢിക്ക് ഒരുപക്ഷേ, പരിചിതമായിരിക്കും. ബംഗാളിലെ മുര്‍ഷിദാബാദിന്റെ ഉള്‍പ്രദേശങ്ങളുടെ അവസ്ഥ മുഖര്‍ജിക്കും.
ഇവിടെ രണ്ട് പേര്‍ക്കും വിശദീകരിക്കാന്‍ ധാരാളമുണ്ടാകും. ദുര്‍ബല വിഭാഗങ്ങളെ സംരക്ഷിക്കാന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന നിരവധി പദ്ധതികളെപ്പറ്റി. സമഗ്ര ശിശു വികസന പദ്ധതി, അതിന് കീഴില്‍ രക്ഷിതാക്കള്‍ ജോലിക്ക് പോകുമ്പോള്‍ കുട്ടികളെ സംരക്ഷിക്കാനും പോഷകാഹാരം നല്‍കാനുമായി ആരംഭിച്ച അംഗനവാടികള്‍, സബ്സിഡി നിരക്കില്‍ ലഭ്യമാക്കുന്ന ഭക്ഷ്യവസ്തുക്കള്‍, അന്ത്യോദയ അന്നയോജന പദ്ധതി, ദേശീയ തൊഴിലുറപ്പ്, സംയോജിത ആദിവാസി വികസന പദ്ധതി, ഇന്ദിരാ ആവാസ് യോജന എന്ന് തുടങ്ങി നിരവധി കാര്യങ്ങള്‍. ആന്ധ്രയിലെ മുന്‍ചൊന്ന പ്രദേശങ്ങളില്‍ അംഗനവാടികള്‍ പ്രവര്‍ത്തിക്കുന്നേയില്ല. ഇക്കാര്യം അധികൃതര്‍ക്ക് അറിയുകയുമില്ല. വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ ഇവിടങ്ങളില്‍ പൊടുന്നനെ ചില നടപടികള്‍ക്ക് അധികൃതര്‍ തയ്യാറായേക്കും, പക്ഷേ, സമാനമായ നൂറ് കണക്കിന് പ്രദേശങ്ങളിലോ? കുട്ടികളെ മദ്യം നല്‍കി മയക്കി രാവിലെ ജോലി തേടിപ്പോകുകയും രാത്രി വൈകി മടങ്ങിയെത്തുകയും ചെയ്യുന്ന ആദിവാസികള്‍ക്ക് സബ്സിഡി നിരക്കിലുള്ള ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനെവിടെയാണ് നേരമുണ്ടാവുക? നാം കണ്ട് പരിചയിച്ചിരിക്കുന്ന പൊതുകമ്പോളത്തിലെപ്പോലെ എല്ലാദിനവും ഇവ വില്‍പ്പനക്ക് വച്ചിട്ടുണ്ടാവില്ലെന്നുറപ്പ്. സര്‍ക്കാര്‍ വിലകുറച്ച് നല്‍കുന്ന ഭക്ഷ്യവസ്തുക്കള്‍ എത്തുന്ന നാളില്‍ ഈ ആദിവാസിയുടെ കൈയില്‍ പണമുണ്ടായിക്കൊള്ളണമെന്നുമില്ല. എണ്ണിയാലൊടുങ്ങാത്ത സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താവെന്ന സ്ഥാനം നിലനിര്‍ത്തുമ്പോഴും സ്വകാര്യ വിതരണ ശൃംഖലകളെ ആശ്രയിക്കേണ്ടതാണ് അവസ്ഥ. അങ്ങനെ വരുമ്പോള്‍ ഡീസല്‍ ലിറ്ററിന് മൂന്ന് രൂപ കൂടിയത് ഇത്തരക്കാരെ ഏത് വിധത്തില്‍ ബാധിക്കുമെന്ന് ആലോചിക്കുന്നുണ്ടോ ഭരണാധികാരികള്‍? അത് ജയ്പാല്‍ റെഡ്ഢി അവകാശപ്പെട്ടതുപോലെ ജനങ്ങളെ ബാധിക്കാത്ത നാമമാത്രമായ ഒന്ന് മാത്രമാണോ?
ഇവിടെ വിലയില്ലാത്തത് മനുഷ്യനാണ്, അവന്റെ പരമ്പരകള്‍ക്കാണ്, അവന്റെ അധ്വാനത്തിനാണ്. കാസര്‍കോട്ടെ ഗ്രാമങ്ങളില്‍ മരുന്ന് വാങ്ങാന്‍ പോലും പണം തികയാതെ ഉഴലുന്നവരുടെയും സര്‍ക്കാര്‍ പതിച്ച് തന്ന ഭൂമിയിലെ വന്‍ പാറക്കൂട്ടങ്ങള്‍ക്ക് മുന്നില്‍ പകച്ച് നില്‍ക്കുന്നവരുടെയും സ്ഥിതി ഇതില്‍ നിന്ന് വ്യത്യസ്തമല്ല. ഇവരെക്കാളൊക്കെ വിലയുണ്ട് പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടത്തിന്. നഷ്ടം പെരുകുന്നതില്‍ ഈ കമ്പനികളുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രകടിപ്പിക്കുന്ന അസ്വസ്ഥതയില്‍. ഇന്നോ നാളെയോ ഒരു ചുമക്ക് അടിയിടറി വീണ് ഒടുങ്ങാവുന്ന ആദിവാസികളുടെയോ കാസര്‍കോട്ടുകാരുടെയോ ദുരിതങ്ങളെ മുന്‍നിര്‍ത്തിയല്ല ദീര്‍ഘ വീക്ഷണമുള്ള ഒരു സര്‍ക്കാറും അതിന് നേതൃത്വം നല്‍കുന്ന ബുദ്ധിമാന്‍മാരും തീരുമാനങ്ങളെടുക്കേണ്ടത്. ഭാവി തലമുറയുടെ ഭാസുരമായ ജീവിതം മുന്നില്‍ക്കണ്ടാണ്. അവര്‍ക്ക് വേണ്ടി കരുതിവയ്ക്കേണ്ട ദേശീയ സമ്പത്തുകള്‍ നഷ്ടം കയറ്റി മുടിക്കുന്നത് പാതകമാണ്. അക്കാലത്തും നിലനില്‍ക്കുമെന്ന് ഉറപ്പുള്ളവന്റെ വാക്കുകള്‍ക്കാണ് വില കല്‍പ്പിക്കേണ്ടത്. അതാണ് 2030ന് ശേഷം അമേരിക്കയുമായി രാജ്യത്തിന് ഉണ്ടാകാന്‍ ഇടയുള്ള ദൃഢബന്ധത്തെക്കുറിച്ച് മന്‍മോഹനാദി നേതാക്കള്‍ വാചാലരാകുന്നത്. ആ ബന്ധം സുദൃഢമാക്കാന്‍ പാകത്തില്‍ ഇപ്പോഴേ തീരുമാനങ്ങളെടുക്കുന്നത്.
അന്താരാഷ്ട്ര വിപണയില്‍ നിന്ന് എത്ര പണം നല്‍കിയാണോ വാങ്ങുന്നത് അതിന് ആനുപാതികമായ വിലക്ക് തന്നെ ജനങ്ങള്‍ ഉത്പന്നങ്ങള്‍ വാങ്ങണം. അതിന് മാനസികമായും സാമ്പത്തികമായും പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ സബ്സിഡി, നിയന്ത്രണം. ലൈസന്‍സ്, പൊതുവിതരണം എന്ന് തുടങ്ങിയ നൂറു കൂട്ടം നൂലാമാലകളൊക്കെ ഒഴിവായിക്കിട്ടും. ഒട്ടന്‍ചത്രത്തില്‍ നിന്ന് തക്കാളി വാങ്ങി ആന്ധ്രയിലെ ഗ്രാമത്തില്‍ വില്‍ക്കാനെത്തുന്നത് പോലെ എല്ലാ ഉത്പന്നങ്ങളുടെയും വിപണനം നടന്നുകൊള്ളും. അങ്ങനെ ജീവിക്കാന്‍ ശേഷിയുള്ളവര്‍ക്ക് മാത്രമേ നിലനിലനില്‍പ്പുള്ളൂ. അല്ലെങ്കില്‍ അവര്‍ മാത്രമേ നിലനില്‍ക്കേണ്ടതുള്ളൂ. അതിജീവനം സാധ്യമല്ലാത്ത മറ്റുള്ളവരെല്ലാം നശിക്കും. മത്സരിച്ചോടാന്‍ ശ്രമിച്ച് കിതച്ച് വീഴുന്നവര്‍ അന്തസ്സിനേറ്റ മുറിവില്‍ മനംനൊന്ത് സ്വയം പൂര്‍ണവിരാമമിടും. ബാക്കിയുള്ളവരില്‍ കുറച്ചധികം പേരെ ഖനനം, ഉരുക്കു സംസ്കരണം, അണക്കെട്ട് നിര്‍മാണം എന്ന് തുടങ്ങി ഭാവി ഭാസുരമാക്കാന്‍ അനിവാര്യമായ വിവിധ പദ്ധതികളുടെ പേരില്‍ പറിച്ചുനടും. ഇവയില്‍ അതിജീവന സാധ്യതയുള്ള ചെറുകൂട്ടം പിടിച്ചുനില്‍ക്കും. ബാക്കിയൊക്കെ ഉണങ്ങിപ്പോകും.
ഇതിന് സമാന്തരമായി ഇന്ത്യന്‍ കുത്തകകളില്‍ വിദേശ കുത്തകകള്‍ക്ക് നിക്ഷേപമിറക്കാന്‍ അവസരം കൊടുക്കും. പ്രകൃതി വാതക ഖനത്തിനുള്ള തുക പെരുപ്പിച്ച് കാട്ടിയത് അംഗീകരിച്ച് ഉത്പന്നത്തിന്റെ വില വര്‍ധിപ്പിച്ച് നല്‍കി റിലയന്‍സ് പെട്രോളിയത്തിന്റെ ഓഹരി വാങ്ങാന്‍ ബ്രിട്ടീഷ് പെട്രോളിയത്തിന് സൌകര്യമൊരുക്കിയത് പോലെ. ഇതിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയത് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കെ കെയിന്‍ ഇന്ത്യയുടെ ഓഹരി വാങ്ങാന്‍ വേദാന്ത റിസോഴ്സസിന് അനുവാദം നല്‍കിയതുപോലെ. ആദിവാസികളെ വേരോടെ പിഴുതെറിഞ്ഞ് ഒറീസ്സയിലെ ജഗത്സിംഗ്പൂരില്‍ പോസ്കോക്ക് 1,200 കോടി ഡോളറിന്റെ സ്റീല്‍ പ്ളാന്റ് പണിയാന്‍ അവസരമൊരുക്കിയത് പോലെ. ഒടുവില്‍ എല്ലാ കാര്യങ്ങളുടെയും തീരുമാനം വാഷിംട്ണില്‍ നിന്നുള്ള ഒരൊറ്റ ഫോണ്‍ വിളിയില്‍ അറിയിക്കുന്ന നേര്‍ രേഖയിലുള്ള സംവിധാനം ഒരുക്കും.
ഇക്കാലത്തിനിടെ എല്ലാറ്റിനും വിലകൂട്ടി ജനങ്ങളെ ദ്രോഹിച്ചുവെന്ന കുറ്റം ചുമത്താന്‍ ആരും ശ്രമിക്കരുത്. 1990കളുടെ അവസാനം പലകയുടെ വലുപ്പമുണ്ടായിരുന്ന ഒരു മൊബൈല്‍ ഫോണിന് ഇരുപതിനായിരം രൂപ കൊടുക്കണമായിരുന്നു. ഫോണ്‍ കോള്‍ ഒരു മിനുട്ട് സ്വീകരിക്കണമെങ്കില്‍ രൂപ എട്ടും ഒരു മിനുട്ട് പുറത്തേക്ക് വിളിക്കണമെങ്കില്‍ രൂപ പതിനാറും നല്‍കണമായിരുന്നു. ഇപ്പോള്‍ അര്‍ധ സഹസ്രത്തിന് മൊബൈല്‍ ഫോണ്‍ ലഭ്യമാണ്. സെക്കന്‍ഡിന് ഒരു പൈസ നിരക്കില്‍ രാജ്യത്തെല്ലായിടത്തും വിളിക്കാന്‍ സാധിക്കുന്നുണ്ട്. മാറുന്ന കാലത്തിനൊപ്പിച്ച് നടക്കാന്‍ ശേഷിയില്ലാത്തവരാണ് പരാതികളുയര്‍ത്തുന്നത്. അവരാണ് ഇന്ധന വിലയുടെ വര്‍ധനയെക്കുറിച്ചും അത് അരിവിലയില്‍ ഉണ്ടാക്കാന്‍ ഇടയുള്ള കയറ്റത്തെക്കുറിച്ചും ആകുലപ്പെടുന്നത്. ഇത്തരക്കാര്‍ അതിജീവനത്തിന് യോഗ്യരായവരല്ല. അവരുടെ സ്ഥാനം അമേരിക്കയിലേത് പോലെ മാലിന്യ നിര്‍ഗമനക്കുഴലുകളിലാണ്. ഇതിലേത് വേണമെന്ന് സ്വയം തിരഞ്ഞെടുക്കാം. തലപുകഞ്ഞ് ആലോചിച്ച് തീരുമാനങ്ങളെടുക്കേണ്ടതില്ലാത്ത, സ്വന്തം ഭാഗധേയം സ്വയം നിശ്ചയിക്കണമല്ലോ എന്ന് വ്യാകുലപ്പെടേണ്ടതില്ലാത്ത, അടിസ്ഥാന സൌകര്യങ്ങള്‍ ധാരാളമുള്ള, അത് സ്വന്തം കീശയില്‍ നിന്നുള്ള പണം ചെലവാക്കി ഉപയോഗിക്കാന്‍ സന്നദ്ധരായ ആളുകളുള്ള ഒരു വലിയ കോളനിയെക്കുറിച്ച് ചിന്തിച്ചുനോക്കൂ. ആ ചിന്തപോലും ഉള്‍പ്പുളകം സൃഷ്ടിക്കുന്നില്ലേ! അതിനിടയില്‍ പാലിന് പണം കൊടുക്കാനില്ലാത്ത ആദിവാസിയെക്കുറിച്ചും ടോള്‍ പിരിവില്‍ പ്രതിഷേധിക്കുന്ന ഇടത്തരക്കാരെക്കുറിച്ചും പറയാതിരിക്കൂ.


1 comment:

prachaarakan said...

ബിയര്‍ കുടിച്ച് വറുത്ത കടല കൊറിക്കുന്ന അഞ്ച് വയസ്സുകാരന്‍!