മലയാള വിവര്‍ത്തനം : ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി
വാക്കിലും പ്രവൃത്തിയിലും ജനങ്ങളോടുള്ള പെരുമാറ്റത്തിലും ആര്ദ്രത കാണിക്കുക എന്നതാണ് സൌമ്യത കൊണ്ടുദ്ദേശിക്കുന്നത്. സൌമ്യത ഈമാന്റെ ലക്ഷണവും ഇസ്ലാമിന്റെ മേന്മയുമാണ്. അല്ലാഹുവിന്റെ കാരുണ്യവും സ്നേഹവും ലഭിക്കണമെങ്കില് ഈ സ്വഭാവ ഗുണം നമുക്ക് അനിവാര്യമാണ്.
ഹബീബായ മുഹമ്മദ് മുസ്തഫ (സ) തങ്ങളോടു വിശുദ്ധ ഖുര്ആന് പറയുന്നത് ഇപ്രകാരമാണ് "നബിയെ, അല്ലാഹുവിങ്കല് നിന്നുള്ള മഹത്തായ കാരുണ്യം നിമിത്തം അങ്ങ് അവരോട് സൌമ്യമായി വര്ക്കുന്നു. താങ്കള് അവരോട് പരുഷ സ്വഭാവിയും കഠിന ഹൃദയനുമായിരുന്നെങ്കില് അവര് അങ്ങയുടെ ചുറ്റുപാടില് നിന്ന് വേറിട്ട് പോകുമായിരുന്നു, ആകയാല് അങ്ങ് അവര്ക്ക് മാപ്പ് നല്കുകയും അവര്ക്ക് പാപ മോചനം തേടുകയും ചെയ്യുക (ആലു ഇംറാന്)
പ്രവാചക തിരുമേനിയുടെ സല് ഗുണങ്ങളെ കുറിച്ച് നമ്മെ ആഴത്തില് ചിന്തിപ്പിക്കുന്ന ഖുര്ആന് സൂക്തമാണിത്. നേതാവും മേലധികാരിയുമെന്ന നിലക്ക് അധികാര സ്വരത്തിലും ആക്ഷേപ ശൈലിയിലും അവിടുന്ന് ഒരിക്കലും ആരോടും പെരുമാറിയിരുന്നില്ല. സമൂഹത്തില് ഇടപെടുന്ന നേതാക്കളും പ്രവര്ത്തകരും മാതൃകയാക്കേണ്ട ഒരു സ്വഭാവം ആണിത്.
ജനങ്ങളോട് പരുഷമായി പെരുമാരുന്നവരെ ആളുകള് വെറുക്കും, അത്തരക്കാരെ സമൂഹം അകറ്റി നിര്ത്തുകയും ചെയ്യും. നബി തിരുമേനി (സ) പറയുന്നു "ആര്ക്കെങ്കിലും സൌമ്യ മനസ്സ് നല്കപ്പെട്ടാല് അവന് നന്മയാല് ഭാഗ്യവാനാണ്. സൌമ്യ മനസ്സ് തടയപ്പെട്ടവന് നിര്ഭാഗ്യവാനുമാണ്."
പരസ്പര ബന്ധങ്ങളുടെ പ്രഥമവും പ്രധാനവുമായ ഉപാധിയാണ് സംഭാഷണം. ബന്ധങ്ങള് പലപ്പോഴും ശിഥിലമാകുന്നത് പലപ്പോഴും വലിയ കാരണമായി തീരുന്നതും സംസാരങ്ങളില് വന്നു ചേരുന്ന അപാകതകള് ആണ്. നല്ല ശൈലിയിലും വിനയത്തോടെയും ഉള്ള നല്ല സംസാരങ്ങള് ബന്ധങ്ങള് ഊട്ടി ഉറപ്പിക്കാന് സഹായിക്കും. അത് കൊണ്ട് തന്നെ ജനങ്ങളോട് സംസാരിക്കുമ്പോള് നല്ല ശൈലി പ്രയോഗിക്കണമെന്നു ഖുര്ആന് ആവശ്യപ്പെടുന്നത് കാണാം. മൂസാ (അ) പ്രവാചകനായി നിയുക്തനായപ്പോള് ഫിര്ഔന്റെ അടുത്ത് പോയി പ്രബോധനം ചെയ്യാനും അത് നല്ല വാക്കുപയോഗിച്ചു ആകണമെന്നും ഉണര്ത്തുന്നത് കാണാം
നാം നമ്മുടെ കുടുംബത്തില് മാതാ പിതാക്കളോടും, ഭാര്യമാരോടും, കുട്ടികളോടും മറ്റും വളരെ നല്ല ഭാവത്തിലും രൂപത്തിലും പെരുമാറെണ്ടതിന്റെ ആവശ്യകത നബി തിരുമേനി (സ) ഉണര്ത്തുന്നത് നമുക്ക് കാണാം.
കുടുംബത്തില് സ്നേഹത്തിന്റെയും സഹകരണത്തിന്റെയും അന്തരീക്ഷമുണ്ടാകണം. ഏതെങ്കിലും കുടുംബത്തില് നന്മ കൈവരണമെങ്കില് അവര് സൗമ്യ സ്വഭാവം കൈകൊള്ളണമെന്ന് തിരുമേനി ഉണര്ത്തുന്നുണ്ട്. "നിങ്ങളില് ഏറ്റവും ഉത്തമന് ഭാര്യയോടു നന്നായി വര്ത്തിക്കുന്നവനാണെന്ന്" നബി തിരുമേനി ഉണര്ത്തിയതായി കാണാം.
വീട്ടിലെ കുട്ടികളോട് നന്നായി വര്ത്തിക്കണമെന്ന തിരുമേനിയുടെ അരുളപ്പാട് നമുക്ക് പാഠമാകണം. ഹസന്, ഹുസൈന് (റ) എന്നിവരെ തിരുമേനി ഉമ്മ വെക്കുന്നത് കണ്ടപ്പോള് ഒരു അനുയായി പറഞ്ഞു. 'എനിക്ക് പത്തു മക്കളുണ്ടായിട്ടു ഇത് വരെ ഞാന് ഒന്നിനെയും ചുംബിച്ചിട്ടില്ല'
" കരുണ കാണിക്കാത്തവന് അല്ലാഹുവിന്റെ കാരുന്ണ്യം ലഭിക്കുകയില്ല" എന്ന് തിരുമേനി അരുള് ചെയ്തു.
കുടുംബത്തില് മാത്രമല്ല സമൂഹത്തില് മുഴുവനും നാം സൗമ്യ മനോഭാവം ഉള്ക്കൊണ്ടു പ്രവര്ത്തിക്കണം, നമ്മുടെ ഓരോ ചലനങ്ങളും അത്തരം ഗുണങ്ങളില് നിന്ന് ഉടലെടുക്കുന്നതാകണം. മനുഷ്യരുടെ ആവശ്യങ്ങള് നിര്വഹിച്ചു കൊടുക്കുക, കടം വാങ്ങിയവന് നീട്ടി കൊടുക്കുക തുടങ്ങിയവ ഈ ഗുണങ്ങളുടെ ഭാഗമാണെന്നു വേദ ഗ്രന്ഥം പറയുന്നുണ്ട്. "സമൂഹത്തോട് കാരുണ്യത്തോടെ പെരുമാറാത്തവാന് അല്ലാഹുവിന്റെ കാരുണ്യത്തില് നിന്ന് തടയപ്പെട്ടവനാണെന്ന" തിരു വചനം നാം ഓര്ക്കേണ്ടതുണ്ട്. "ഭൂമിയിലുള്ളവരോട് നിങ്ങള് കരുണ കാണിക്കുക, എങ്കില് ആകാശത്തിന്റെ അധിപന് നിങ്ങളോടും കരുണ കാണിക്കുമെന്ന" തിരു വചനം ഏറെ പ്രശസ്തമാണ്.
ഇന്ന് നാം മോട്ടോര് വാഹനങ്ങളില് യാത്ര ചെയ്യുന്നവരാണ്. ആ യാത്രയിലും ആത്മ ദ്രോഹമോ പര ദ്രോഹമോ ചെയ്യാതെ വേണം നാം യാത്ര ചെയ്യേണ്ടത്. അവിവേകത്തോടെയും അശ്രദ്ധയോടെയും അമിത വേഗതയിലും നാം വാഹനം ഓടിക്കരുത്. "കരുണാമയനായ അല്ലാഹുവിന്റെ ദാസന്മാര് ഭൂമിയിലൂടെ വിനീതരായി ചരിക്കുന്നവരാണെന്ന്" വിശുദ്ധ ഖുറാന് നമ്മെ ഓര്മപ്പെടുത്തുന്നുണ്ട്. (അല് ഫുര്ഖാന് - അറുപത്തിമൂന്ന്)
മനുഷ്യരോട് മാത്രമല്ല സസ്യങ്ങളോടും മൃഗങ്ങളോടും മറ്റുജീവ ചാലങ്ങളോടും സൗമ്യമായി ദയയോടെ പെരുമാറണമെന്ന് തിരുമേനി (സ) നമ്മെ അടിക്കടി ഉണര്ത്തുന്നുണ്ട്. "മിണ്ടാ പ്രാണികളായ നാല്ക്കാലികളുടെ കാര്യത്തില് നിങ്ങള് അല്ലാഹുവേ സൂക്ഷിക്കുക, നല്ല നിലയില് നിങ്ങളവയെ വാഹനമായും ഭക്ഷണമായും ഉപയോഗിക്കുക" (അബൂ ദാവൂദ്) എന്ന തിരുവചനം ഇവിടെ നാം ഓര്ക്കേണ്ടതുണ്ട്.
ഇസ്ലാം മുന്നോട്ടു വെക്കുന്ന ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം കൂടി ഈ വിശദീകരണങ്ങളില് നിന്ന് മനസ്സിലാക്കെണ്ടാതുണ്ട്. ലോകത്ത് വര്ധിച്ചു വരുന്ന കൊലപാതകങ്ങളും അതിക്രമങ്ങളും അരുതായ്മകളും എല്ലാം സൗമ്യ സ്വഭാവത്തിന്റെ അഭാവം മൂലമാണെന്ന് നമുക്ക് മനസ്സിലാക്കാന് കഴിയും. അതിനാല് കുടുംബങ്ങളില്, രാജ്യങ്ങളില്, ലോകത്ത്സമാധാനവും സ്നേഹവും കളിയാടണമെങ്കില് മുഹമ്മദ് മുസ്തഫ (സ) തങ്ങളുടെ മാതൃകയും അവിടത്തെ ചര്യയും പിന്തുടരുക മാത്രമേ ഒറ്റ പോംവഴിയുള്ളൂ എന്ന് നാം മനസ്സിലാക്കുക, തിരുനബി(സ)തങ്ങളെ സ്നേഹിക്കാനും അവിടത്തെ ചര്യയെ പിന്തുടരാനും അള്ളാഹു നമുക്ക് തൌഫിഖ് നല്കട്ടെ. ആമീന്..
1 comment:
ജുമുഅ ഖുതുബ 21-10-2011 (സൗമ്യത )"
മലയാള വിവര്‍ത്തനം : ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി
Post a Comment