Friday, February 20, 2009

ജയരാജന്റെ കുറുക്കുവഴികള്‍

orginal article here


ജയരാജന്റെ കുറുക്കുവഴികള്‍
പ്രേക്ഷകന്‍

കമ്യൂണിസ്റ്റ്‌ താത്വികാചാര്യന്‍ ഇഎം ശങ്കരന്‍ നമ്പൂതിരിപ്പാട്‌ 1998ലാണ്‌ അന്തരിച്ചത്‌. 89-ാം വയസ്സില്‍. ഇന്നദ്ദേഹം ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ തൊണ്ണൂറ്റിയൊമ്പത്‌ വയസ്സ്‌ പ്രായമുണ്ടാകും. പക്ഷെ, ഈ പ്രായാധിക്യം സഖാവ്‌ ഇപി ജയരാജന്റെ ചെകിട്ടത്ത്‌ ഒന്നുവീക്കുന്നതിന്‌ അദ്ദേഹത്തിനു തടസ്സമാകുമായിരുന്നില്ല. വിരോധം കൊണ്ടല്ല; ഇഷ്‌ടക്കൂടുതല്‍ കൊണ്ട്‌. അത്രയ്‌ക്കങ്ങു കേമമായിട്ടുണ്ട്‌ ഇവിടെ സ.ജയരാജന്‍ ആവിഷ്‌കരിച്ച തൊഴിലാളി വര്‍ഗ പരമ്പര കണ്ണിയറ്റു പോകാതിരിക്കാനുള്ള പുതിയ തിയറി.മദ്യപാനം ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്നാണു ജയരാജന്‍ പ്രസംഗിച്ചത്‌. ഏതോ പ്രസംഗത്തിനിടയിലെ കേവല പരാമര്‍ശമൊന്നുമായിരുന്നില്ല അത്‌; വിസ്‌തരിച്ച ഒരു പ്രബന്ധം.തലയില്‍ മുണ്ടിട്ടും പാത്തും പതുങ്ങിയും ഇരുളിന്റെ മറവിലുമാണ്‌ ഇപ്പോള്‍ പലരും മദ്യപിക്കാന്‍ വരുന്നത്‌.അന്തസ്സായി കയ്യും വീശിവന്നു ഹോട്ടലില്‍ കയറി പാനപാത്രം ഓര്‍ഡര്‍ ചെയ്യാവുന്ന സാഹചര്യം ഉണ്ടാക്കണമെന്ന്‌ ഈ സഖാവ്‌ പറയുന്നു. കള്ള്‌ചെത്ത്‌ തൊഴിലില്‍ നിന്നു പുതിയ തലമുറ മാറിനില്‍ക്കുന്നതിലും സഖാവിനു ആശങ്കയുണ്ട്‌. സൗന്ദര്യ പ്രശ്‌നമാണു വില്ലന്‍. ഈ പ്രശ്‌നം പരിഹരിക്കുന്നതിനു കള്ള്‌ ചെത്തുകാര്‍ക്കുള്ള ബ്യൂട്ടിപാര്‍ലറുകള്‍ തുടങ്ങണമെന്നു സഖാവ്‌ പറയാതെ പറഞ്ഞിട്ടുണ്ട്‌.സഖാവ്‌ ജയരാജന്റെ അഭിപ്രായം ചുമ്മാ കുടിയാന്മാരെയും ചെത്തുകാരെയും പ്രതി മാത്രമാണെന്നു ആരും ധരിക്കരുത്‌.

കള്ള്‌ വ്യവസായത്തിന്‌ കേരളത്തിനു വന്‍സാധ്യതയുണ്ടെന്നാണു ജയരാജന്‍ പറയുന്നത്‌. കള്ള്‌ ഭക്ഷണത്തിന്റെ ഭാഗമാക്കുകയും ഹോട്ടലുകളിലും ചായമക്കാനിയിലും തട്ടുകടകളിലും യഥേഷ്‌ടം പാനീയം ലഭ്യമാക്കുകയും ചെയ്‌താല്‍ ഖജനാവില്‍ പണം വന്നുകുമിയും. സുഖമായി ഭരിക്കാം. മന്ത്രിമാരുടെ ചായസല്‍ക്കാരം, ഫോണ്‍വിളി, കറണ്ടുപയോഗം തുടങ്ങിയവക്ക്‌ ഇപ്പോള്‍ മാസം പത്തോ പന്ത്രണ്ടോ ലക്ഷമോ ചെലവാക്കാനാവുന്നുള്ളൂ. ഇവ്വിധം ഖജനാവു നിറഞ്ഞാല്‍ അതു പന്ത്രണ്ടുകോടി വരെ ഉയര്‍ത്താം. ആനുപാതികമായി ശമ്പളം, ആനുകൂല്യം, പാര്‍ട്ടിവിഹിതം മുതലായവയും വര്‍ദ്ധിക്കും. ഇങ്ങനെയാണ്‌ ഒരു നാടുവികസിച്ചു സമത്വസുന്ദരമാകുക.സഖാവ്‌ ഇപി ജയരാജന്റെ ഇക്കണോമിക്‌ തിയറിയെക്കുറിച്ചോര്‍ത്ത്‌ നമ്പൂതിരിപ്പാടിന്റെയും എകെജിയുടെയുമൊക്കെ ആത്മാക്കള്‍ ഇപ്പോള്‍ സന്തോഷംകൊണ്ടു ഞെരിപിരികൊള്ളുന്നുണ്ടാകണം. പരിപ്പുവടയും കട്ടന്‍ചായയും കുടിച്ചു തങ്ങള്‍ കെട്ടിപ്പടുത്ത പ്രസ്ഥാനം നിലനിറുത്താന്‍ പുതിയ തലമുറ നേതാക്കള്‍ കണ്ടെത്തുന്ന ഓരോതരം പുതുപുത്തന്‍ ആശയങ്ങള്‍ കണ്ട്‌ അസൂയപ്പെടുന്നുണ്ടാകണം.

കമ്യൂണിസം മുതലാളിത്തത്തിലേക്കോ, മതലാളിത്തം കമ്യൂണിസത്തിലേക്കോ എന്നുപറയാനാവില്ലെങ്കിലും പരസ്‌പരം ഇടിച്ചുകയറി കമ്യൂണിസത്തിന്റെ അതിര്‍ത്തി നഷ്‌ടപ്പെട്ടു വരുന്ന കാലമാണിത്‌. സാധാ സഖാക്കള്‍വരെ നാലുപുത്തനുണ്ടാക്കി പെറ്റി ബൂര്‍ഷ്വകളായി മിന്നിത്തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ ഭാരം ചുമക്കുന്നവനില്ല; ഗുഡ്‌സ്‌ ഓട്ടോയാണു അതുചുമക്കുന്നത്‌. വണ്ടി വലിക്കുന്നത്‌ മോട്ടോര്‍ യന്ത്രങ്ങളാണ്‌. അരിവാള്‍ പാര്‍ട്ടിപതാകയിലെ ഉള്ളൂ; കൊയ്യുന്നത്‌ യന്ത്രമാണ്‌. ചുറ്റിക കാണാന്‍ പെരുങ്കൊല്ലന്റെ ആലയില്‍ ചെന്നാലും രക്ഷയില്ല; കല്ലുടക്കുന്നത്‌ ക്രഷറുകളാണ്‌. ഇതൊക്കെ കമ്യൂണിസത്തിന്റെ പ്രതിസന്ധികളാണ്‌.ഇവിടെയാണു ജയരാജന്‍ തിയറിയുടെ പ്രസക്തി. മദ്യം ഭക്ഷണത്തിന്റെ ഭാഗമായാല്‍ ചുരുങ്ങിയത്‌ ദിവസം മൂന്നുനേരം മോന്തണം. അധ്വാനിച്ചു കിട്ടുന്നത്‌ ഇതിനു തികയാതെ വരുന്ന പ്രശ്‌നമെയുണ്ടാകൂ. മിച്ചംവരുമെന്ന്‌ പേടിക്കേണ്ട. മിച്ചമില്ലാത്തവന്‍ എന്നും പാവപ്പെട്ടവനും ആശ്രിതനുമായി കഴിഞ്ഞുകൊള്ളും.

പാവപ്പെട്ടവന്റെ കുലം മുടിഞ്ഞുപോകുമെന്നു പേടിവേണ്ട. ലൈഫ്‌ബോയ്‌ എവിടെയുണ്ടോ അവിടെ ആരോഗ്യമുണ്ട്‌ എന്നു പറഞ്ഞതുപോലെ പാവപ്പെട്ടവന്‍ എവിടെയുണ്ടോ അവിടെ കമ്യൂണിസവുമുണ്ടാകും. അണികളുടെ ബൂര്‍ഷ്വവല്‍ക്കരണം തടയാന്‍ ഇതിലും മുന്തിയ ആശയം മറ്റെന്തുണ്ട്‌. വെറുതെയല്ല; സഖാവ്‌ ഇഎംഎസ്‌ ജീവിച്ചിരുന്നുവെങ്കില്‍ സന്തോഷം പെരുത്ത്‌, സഖാവ്‌ ജയരാജന്റെ ചെകിട്ടത്ത്‌ വീക്കുമായിരുന്നുവെന്നു പറഞ്ഞത്‌.

3 comments:

prachaarakan said...

കമ്യൂണിസ്റ്റ്‌ താത്വികാചാര്യന്‍ ഇഎം ശങ്കരന്‍ നമ്പൂതിരിപ്പാട്‌ 1998ലാണ്‌ അന്തരിച്ചത്‌. 89-ാം വയസ്സില്‍. ഇന്നദ്ദേഹം ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ തൊണ്ണൂറ്റിയൊമ്പത്‌ വയസ്സ്‌ പ്രായമുണ്ടാകും. പക്ഷെ, ഈ പ്രായാധിക്യം സഖാവ്‌ ഇപി ജയരാജന്റെ ചെകിട്ടത്ത്‌ ഒന്നുവീക്കുന്നതിന്‌ അദ്ദേഹത്തിനു തടസ്സമാകുമായിരുന്നില്ല. വിരോധം കൊണ്ടല്ല; ഇഷ്‌ടക്കൂടുതല്‍ കൊണ്ട്‌. അത്രയ്‌ക്കങ്ങു കേമമായിട്ടുണ്ട്‌ ഇവിടെ സ.ജയരാജന്‍ ആവിഷ്‌കരിച്ച തൊഴിലാളി വര്‍ഗ പരമ്പര കണ്ണിയറ്റു പോകാതിരിക്കാനുള്ള പുതിയ തിയറി

Baiju Elikkattoor said...

ജയരാജനെ പോലെയുള്ള പോളിറ്റ്ബ്യൂറോ മേംബെരന്മാര്‍ ഏഭ്യത്തരം എഴുന്നള്ളിക്കുമ്പോള്‍, കുറ്റം അവരുടെതല്ല; നമ്മള്‍, മലയാളികളുടെ ആസനത്തിലെ ആല്‍ എന്തുമാത്രം വളര്‍ന്നു എന്ന് തിരിഞ്ഞു നോക്കേണ്ട സമയം ആയിരിക്കുന്നൂ.....!!!!

prachaarakan said...

baiju elikkattoor
thanks for your comment