Saturday, February 21, 2009

പിതാവിന്‌ മുന്നിലെന്നപോലെ (അഡ്വ. ശ്രീധരന്‍ മഞ്ചേരി)

this article published in siraj news www.sirajnews.com
republished in www.risalaonline.com
link here

പിതാവിന്‌ മുന്നിലെന്നപോലെ
അഡ്വ. ശ്രീധരന്‍ മഞ്ചേരി

ഉസ്‌താദിന്റെ മകന്‍ കുഞ്ഞു കൊലചെയ്യപ്പെട്ട്‌ ഏതാനും ദിവസങ്ങള്‍ക്കുശേഷം കുണ്ടൂരില്‍ നിന്ന്‌ മൈസൂര്‍ ബാവഹാജി, പികെ മുഹമ്മദ്‌കുട്ടി എന്നിവര്‍ എന്റെയടുത്തുവന്നു. കേസില്‍ ഞാന്‍ പ്രോസിക്യൂട്ടറായി വരണമെന്നായിരുന്നു അവരുടെ താല്‍പര്യം. ഒരുമാസം കഴിഞ്ഞ്‌ ഞാന്‍ എറണാകുളത്തുപോകുന്നവേളയില്‍ കുറ്റിപ്പുറം പാലത്തിനപ്പുറം ഉസ്‌താദും തന്റെ ദഫ്‌ സംഘവും ചായ കഴിക്കുന്നതുകണ്ടു. എനിക്ക്‌ ഉസ്‌താദിനെ അറിയില്ലായിരുന്നു. ഡ്രൈവര്‍ റശീദാണ്‌ കാണിച്ചുതന്നത്‌. വാഹനം നിര്‍ത്തി ഞാന്‍ ഉസ്‌താദിനെ കാണാന്‍ ചെന്നു. നേരില്‍ കണ്ടതില്‍ ഉസ്‌താദ്‌ സന്തോഷമറിയിച്ചുകൊണ്ട്‌ പറഞ്ഞു: ഞാന്‍ അങ്ങോട്ടു വരാനിരിക്കുകയായിരുന്നു.രണ്ടുദിവസംകഴിഞ്ഞ്‌ ഉസ്‌താദ്‌ എന്റെ വീട്ടില്‍വന്നത്‌ വിവിധയിനം പഴവര്‍ഗ്ഗങ്ങളും കൊണ്ടായിരുന്നു. അതില്‍നിന്ന്‌ ഒരു ഉറുമാന്‍ പഴം എടുത്തിട്ട്‌ ഉസ്‌താദ്‌ പറഞ്ഞു: `ഇതിന്റെ വിത്ത്‌ വയറിന്റെ എല്ലാ അസുഖങ്ങള്‍ക്കും നല്ലതാണ്‌. ഇതിന്റെ തൊലി ഉണക്കി വെള്ളത്തിലിട്ട്‌ കാച്ചിക്കുടിക്കുന്നതും വയറിന്റെ അസുഖത്തിന്‌ നല്ലതാണ്‌.'' പിന്നീട്‌ ഉസ്‌താദ്‌ മകനെക്കുറിച്ച്‌ സംസാരിച്ചു. എല്ലാം പടച്ചവന്റെ വിധി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്‌. ആ മനസ്സില്‍ കുറ്റവാളികളോടു പോലും പകയില്ലായിരുന്നു. ഒരു പിതാവിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ വേണ്ടി മാത്രമാണ്‌ അദ്ദേഹം കേസുമായി മുന്നിട്ടിറങ്ങിയത്‌ എന്നെനിക്ക്‌ ബോധ്യമുണ്ട്‌.അനാഥകളോട്‌അനാഥകളോട്‌ ഏറെ സ്‌നേഹമായിരുന്നു ഉസ്‌താദിന്‌. അത്‌ വീട്ടില്‍വന്ന അന്നു തന്നെ എനിക്ക്‌ ബോധ്യമായി.

വീട്ടില്‍നിന്ന്‌ പോകുന്നതിനു മുമ്പ്‌ ഉസ്‌താദ്‌ ഒരുകെട്ട്‌ രൂപ എനിക്ക്‌ തന്നു. കഴിവതും ഞാനത്‌ നിരസിച്ചെങ്കിലും ഉസ്‌താദ്‌ വഴങ്ങിയില്ല. ഫീസ്‌വാങ്ങല്‍ ജോലിഭാഗം തന്നെ. പക്ഷേ, സാത്വികനായ ഒരാളില്‍ നിന്ന്‌ അത്‌ വാങ്ങാന്‍ എനിക്ക്‌ താല്‍പര്യമുണ്ടായിരുന്നില്ല.ഇത്‌ ഉസ്‌താദിന്റെ അനാഥാലയത്തിലേക്ക്‌ എടുക്കണം എന്നു പറഞ്ഞപ്പോള്‍ `എനിക്കത്‌ വാങ്ങാതിരിക്കാന്‍ നിവൃത്തിയില്ല' എന്നു പറഞ്ഞ്‌ ഉസ്‌താദ്‌ ആ കാശ്‌ ഏറ്റുവാങ്ങി.സൂക്ഷ്‌മതഒരിക്കല്‍ ഞാന്‍ ഉസ്‌താദിനെ കാണാനായി കുണ്ടൂരിലെത്തിയ സന്ദര്‍ഭം. അദ്ദേഹം യതീംഖാനക്ക്‌ സമീപത്തുള്ള ഓടിട്ടകെട്ടിടത്തില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നു. ഭക്ഷണം കഴിച്ച്‌ ഉസ്‌താദ്‌ ഒരാളെവിളിച്ച്‌ കീശയില്‍ നിന്ന്‌10രൂപ എടുത്ത്‌ ഭക്ഷണത്തിന്റെ കാശായ 8രൂപ ഓഫീസിലേല്‍പ്പിക്കാന്‍ പറഞ്ഞു. അന്ന്‌ യത്തീംഖാനയിലെ ഭക്ഷണമായിരുന്നു ഉസ്‌താദ്‌ കഴിച്ചിരുന്നത്‌. നമ്മുടെ നാട്ടില്‍ എത്ര അനാഥാലയങ്ങളുണ്ട്‌? ഇത്രയും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ഉസ്‌താദിനല്ലാതെ മറ്റാര്‍ക്കു കഴിയും. പൊതുമുതല്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്‌ ഉസ്‌താദിന്റെ ജീവിതത്തില്‍നിന്ന്‌ നമുക്ക്‌ പകര്‍ത്തിയെടുക്കാം.ആര്‍ദ്രതപിതാക്കളുണ്ടായിട്ടും പട്ടിണിയും പരിവട്ടവുമായി കഴിയുന്ന കുഞ്ഞുങ്ങളെ സഹായിക്കാനും സംരക്ഷിക്കാനും ആഗ്രഹിച്ചിരിക്കുന്ന വേളയില്‍ ഉസ്‌താദ്‌ എന്നോടു പറഞ്ഞു:``ഇപ്പണ്ടെങ്കിലും കഞ്ഞിയില്‍ ഇപ്പിടാന്‍ കഴിവില്ലാത്ത കുട്ടികളുണ്ട്‌''. ആ മനസ്സ്‌ സാധുക്കളോടൊപ്പമായിരുന്നു.

വിഷമങ്ങളുടെ ഭാണ്‌ഡങ്ങളുമായി വരുന്നവരെ ഉസ്‌താദ്‌ മടക്കിയയച്ചിരുന്നില്ല. അവരുടെ പ്രശ്‌നം ഏറ്റെടുക്കാറായിരുന്നു പതിവ്‌. ഇതിനെക്കുറിച്ച്‌ ഞാന്‍ ചോദിച്ചപ്പോള്‍ ഉസ്‌താദ്‌ പറഞ്ഞത്‌. അവര്‍വരുന്ന സമയത്ത്‌ അവരെ സഹായിക്കാന്‍ ഞാന്‍ പടച്ചവനോട്‌ പറയാറുണ്ട്‌' എന്നായിരുന്നു.അഗതിസംരക്ഷണം ഉസ്‌താദ്‌ ഏറ്റെടുക്കാനിരിക്കെ ഞാന്‍ കുറച്ചു സംഖ്യ ഉസ്‌താദിന്റെ കയ്യില്‍ കൊടുക്കാനിരുന്നപ്പോള്‍ ഹജ്ജ്‌കഴിഞ്ഞിട്ടു മതി എന്നുപറഞ്ഞു. മുന്‍കൂട്ടി പണം വാങ്ങി കൃത്യതയില്ലാതെ പ്രവര്‍ത്തിക്കുന്നവരായിരുന്നില്ല ഉസ്‌താദ്‌.പ്രകൃതിയോടൊപ്പംമനുഷ്യന്‍, മണ്ണ്‌, ജീവജാലകങ്ങള്‍ എന്നിവയോടെല്ലാം കരുണ എന്നതായിരുന്നു ഉസ്‌താദിന്റെ ശൈലി. ഒരിക്കല്‍ കൂണ്ടൂരില്‍ ഞങ്ങള്‍ ചെല്ലുമ്പോള്‍ ഞങ്ങളുടെ പക്കലേക്കു വന്ന നായയെ അവിടെ കൂടിയവര്‍ ആട്ടിയോടിക്കാന്‍ ശ്രമിച്ചപ്പോള്‍ `അതിനെ ആട്ടണ്ട, അത്‌ നമ്മളെപ്പോലെ പടച്ചോന്റെ സൃഷ്ടിയല്ലേ' എന്നു പറഞ്ഞു. ഞങ്ങളെ അത്‌ വല്ലാതെ സ്വാധീനിച്ചു. കുഞ്ഞുവിന്റെ കേസ്‌ മഞ്ചേരി കോടതിവിധി പറയുന്ന ദിവസം എന്റെ വീടും പരിസരവും പണ്‌ഡിതന്മാരാല്‍ നിറഞ്ഞിരിക്കുന്നു. അതിനിടക്ക്‌ ഉസ്‌താദ്‌ വന്നു. വീടിനു മുമ്പിലുള്ള പൊതുടാപ്പിനു സമീപം ഉസ്‌താദ്‌ മണ്ണില്‍തന്നെ ഇരുന്നു. തന്റെ കഴുത്തിലും തോളിലുമുള്ള ഷാളുകള്‍പോലും അവിടെ വിരിച്ചില്ല. ഇതു കണ്ടപാടെ അവിടെ കൂടിയവരെല്ലാം നിലത്തിരുന്നു. കുണ്ടൂരില്‍ പോവുമ്പോള്‍ ഉസ്‌താദ്‌ പാടത്തും മാവിന്‍ ചോട്ടിലുമൊക്കെയായിരിക്കും. പ്രകൃതിയോട്‌ ഒട്ടയിണങ്ങി തലോടിയുള്ള ആ ജീവിതമാണ്‌ നമുക്ക്‌ പാഠമാവേണ്ടത്‌.ഭക്ഷണ സംസ്‌കാരംഞങ്ങള്‍ ഉസ്‌താദിന്റെ കൂടെ ഭക്ഷണം കഴിക്കാനിരിക്കുമ്പോഴൊക്കെ കഴിച്ചു കൊണ്ടിരിക്കുന്ന കൈകൊണ്ട്‌ തന്നെ ഒരു പിടി ഭക്ഷണം ഞങ്ങള്‍ ക്കൊക്കെ ഉസ്‌താദ്‌ തരാറുണ്ടായിരുന്നു. മഞ്ചേരി ടിബിയില്‍ കേസ്‌ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉസ്‌താദ്‌ വന്നുചോദിക്കും: `നമ്മള്‍ പിസ്‌താക്കല്ലേ? പിസ്‌ത ഞങ്ങള്‍ക്കിഷ്‌ടമാണെന്ന്‌ മനസ്സിലാക്കിയ ഉസ്‌താദ്‌ കൊച്ചുകുട്ടിയുടെ നൈര്‍മല്യത്തോടെ അതുകൊണ്ടുവരാന്‍ ശ്രദ്ധിക്കുമായിരുന്നു.

സാന്ത്വനം

എന്റെ കീഴില്‍ ജോലിചെയ്യുന്ന രാജേഷിന്റെ അമ്മ ആക്‌സിഡന്റില്‍ മരണപ്പെട്ടു. അവര്‍ ഉസ്‌താദിനോട്‌ വിഷമത്തോടെ പറഞ്ഞു: ``എന്റെ അമ്മ ഒരു തെറ്റും ചെയ്‌തിട്ടില്ലല്ലോ, എന്നിട്ടും ഈ വിധത്തില്‍ മരിക്കാന്‍ കാരണമെന്തേ? അപ്പോള്‍ ഉസ്‌താദിന്റെ മറുപടി ഇങ്ങനെയായിരുന്നു: മുഹമ്മദ്‌നബി ജനിക്കുമ്പോള്‍ സ്വന്തം പിതാവ്‌ ജീവിച്ചിരുന്നില്ല, ഗാന്ധിജി എങ്ങനെയാ മരിച്ചത്‌...? രാജേഷിന്റെ സങ്കടം തീര്‍ന്നു.

ദാനം

ഉസ്‌താദ്‌ പലപ്പോഴും `ഇത്‌ ബറകത്തിനാണ്‌' എന്നു പറഞ്ഞ്‌ പൈസ തരാറുണ്ടായിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഉസ്‌താദ്‌ ബറകത്തിന്‌ തന്നു. പിന്നീട്‌ അദ്ദേഹം വന്നപ്പോള്‍ രാജേഷ്‌ പറഞ്ഞു. ഉസ്‌താദ്‌ തന്ന ബര്‍കതിന്റെ പൈസ എന്റെ പക്കല്‍ ഇപ്പോഴുമുണ്ട്‌. ഇവന്‍ അത്‌ മറ്റൊരാള്‍ക്ക്‌ കൊടുത്തു.''രാജേഷിന്റെ സഹപ്രവര്‍ത്തകന്‍ തന്റെ ജൂനിയറിനായിരിക്കും ആ സംഖ്യ ഉപകാരപ്പെടുക എന്നു മനസ്സിലാക്കി നല്‍കുകയായിരുന്നു. ഈ സംഭവം അയാള്‍ ഉസ്‌താദിനോട്‌ വിശദീകരിച്ചു. ഇത്‌ കേട്ടപ്പോള്‍ ഉസ്‌താദ്‌ അയാളുടെ കരങ്ങള്‍ തന്റെ കയ്യില്‍ കൂട്ടിപ്പിടിച്ച്‌ പറഞ്ഞു. ``ഇതാണ്‌ ജീവിതത്തില്‍ കൊണ്ടു പോകേണ്ടത്‌. ആവശ്യക്കാരെ അറിഞ്ഞ്‌ സഹായിക്കാനും ജീവിതം നന്മകളെ ക്കൊണ്ട്‌ അടയാളപ്പെടുത്താനുമായിരുന്നു ഉസ്‌താദ്‌ പഠിപ്പിച്ചിരുന്നത്‌.സത്യംഉസ്‌താദിന്റെ സഹായം സത്യത്തിനു മാത്രമായിരുന്നു. ഒരിക്കല്‍ ഞാന്‍ കുണ്ടൂരില്‍ ചെന്ന സന്ദര്‍ഭം സംസാരത്തിനിടക്ക്‌ മൈസൂര്‍ ബാവഹാജി ഉസ്‌താദിനോട്‌ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു. അപ്പോള്‍ ഉസ്‌താദ്‌ ഇങ്ങനെയാണ്‌ പ്രാര്‍ത്ഥിച്ചത്‌: ``ശ്രീധരന്‍ വക്കീല്‍ ചെയ്യുന്ന എല്ലാ നല്ലകാര്യങ്ങളും വിജയിപ്പിക്കണേ...'' ഇതില്‍ നിന്നു ഞാനൊരു കാര്യം മനസ്സിലാക്കി. ഞാന്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക്‌ മാത്രമേ ഉസ്‌താദിന്റെ പിന്തുണയും പ്രാര്‍ത്ഥനയുമുള്ളു.

ട്രാന്‍സ്‌പരന്റ്‌

മഞ്ചേരിയില്‍ വരുമ്പോഴൊക്കെ ഉസ്‌താദ്‌ എന്നെ കണ്ടിട്ടേ പോവാറുള്ളൂ. ഞാനും എന്റെ ജൂനിയേഴ്‌സായ കൃഷ്‌ണന്‍കുട്ടിനമ്പൂതിരി, രാജേഷ്‌, രാജഗോപാല്‍ എന്നിവരെല്ലാവരും കൂടി ഇടക്കൊക്കെ കുണ്ടൂരില്‍ പോവാറുണ്ടായിരുന്നു. ഉസ്‌താദിന്റെ മുമ്പില്‍ എത്തുക എന്നത്‌ വലിയ സന്തോഷമായിരുന്നു. സ്‌നേഹനിധിയായ ഒരു പിതാവിന്‌ മുന്നിലിരിക്കുന്ന കുഞ്ഞുങ്ങളെ പോലെ അവിടം ഞങ്ങള്‍ക്ക്‌ സുരക്ഷിതത്വവും സാമാധാനവും ലഭിക്കാറുണ്ടായിരുന്നു.ഞാനും ജൂനിയേഴ്‌സും അദ്ദേഹത്തെ ട്രാന്‌സ്‌പറന്റ്‌ എന്ന ഇംഗ്ലീഷ്‌ പദം കൊണ്ടായിരുന്നു വിശേഷിപ്പിക്കാറ്‌. തെളിഞ്ഞ, സുതാര്യമായ എന്നാണിതിനര്‍ത്ഥം. കാപട്യങ്ങളൊന്നുമില്ലാതെ തീര്‍ത്തും പരിശുദ്ധമായ മനസ്സായിരുന്നു ഉസ്‌താദിന്റേത്‌.അന്ത്യംഅവസാനമായി ഞാന്‍ ഉസ്‌താദുമായി സന്ധിക്കുന്നത്‌ കോഴിക്കോട്‌ നാഷണല്‍ഹോസ്‌പിറ്റലില്‍ വച്ചായിരുന്നു. ഞാന്‍ ചെല്ലുമ്പോള്‍ ഉസ്‌താദ്‌ കമിഴ്‌ന്നു കിടക്കുകയായിരുന്നു. ഞാന്‍ അവിടെയെത്തിയപ്പോഴേക്ക്‌ എന്റെ വാസന കിട്ടിയ പോലെ ഉസ്‌താദ്‌ പറഞ്ഞു: നമ്മുടെ വക്കീലല്ലേ വന്നിരിക്കുന്നത്‌.'' എഴുന്നേറ്റിരുന്ന്‌ അല്‍പം സംസാരിച്ചു. ആ സമയം ആരുമായും സംസാരിക്കാത്ത സമയമായിരുന്നു.നാലുദിവസം കഴിഞ്ഞ്‌ എന്നെ തേടിയെത്തിയത്‌ ഉസ്‌താദിന്റെ മകന്‍ ലത്വീഫിന്റെ ഫോണ്‍ കോളായിരുന്നു. മരണ വാര്‍ത്തയറിഞ്ഞ ഉടനെഞങ്ങള്‍ കുണ്ടൂരിലേക്ക്‌ പുറപ്പെട്ടു. അപ്പോഴേക്കം കുണ്ടൂര്‍ എന്ന ഗ്രാമം പതിനായിരങ്ങള്‍ കൊണ്ട്‌ തിങ്ങി നിറഞ്ഞിരിക്കുന്നു. ഉസ്‌താദിനെ അവസാനമായി കണ്ട്‌ ഞങ്ങള്‍ മടങ്ങിയെങ്കിലും ഇപ്പോഴും ഞങ്ങള്‍ കുണ്ടൂരില്‍ പോവാറുണ്ട്‌.ഈ ലോകത്ത്‌ സ്വന്തത്തെക്കുറിച്ച്‌ ഉസ്‌താദിന്‌ വേവലാതികളൊന്നുമില്ലായിരുന്നു. എല്ലാം ദൈവത്തിന്റെ വിധിനിശ്ചയങ്ങള്‍ക്കനുസരിച്ചേ നടക്കൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ തത്വം. നിഷ്‌കാമിയായ ഒരാള്‍ ആത്മീയതയുടെ ഒന്നത്യത്തില്‍ എത്തുമ്പോഴേ ഇത്‌ സാധ്യമാവൂ. ഉസ്‌താദിനെ പ്പോലെ ദീനാനുകമ്പയും സഹജീവികള്‍ക്ക്‌ നന്മ ചെയ്യാനുള്ള മനസ്സും നാം നേടിയെടുക്കേണ്ടതാണ്‌.

1 comment:

prachaarakan said...

ഉസ്‌താദിന്റെ മുമ്പില്‍ എത്തുക എന്നത്‌ വലിയ സന്തോഷമായിരുന്നു. സ്‌നേഹനിധിയായ ഒരു പിതാവിന്‌ മുന്നിലിരിക്കുന്ന കുഞ്ഞുങ്ങളെ പോലെ അവിടം ഞങ്ങള്‍ക്ക്‌ സുരക്ഷിതത്വവും സാമാധാനവും ലഭിക്കാറുണ്ടായിരുന്നു.ഞാനും ജൂനിയേഴ്‌സും അദ്ദേഹത്തെ ട്രാന്‌സ്‌പറന്റ്‌ എന്ന ഇംഗ്ലീഷ്‌ പദം കൊണ്ടായിരുന്നു വിശേഷിപ്പിക്കാറ്‌. തെളിഞ്ഞ, സുതാര്യമായ എന്നാണിതിനര്‍ത്ഥം. കാപട്യങ്ങളൊന്നുമില്ലാതെ തീര്‍ത്തും പരിശുദ്ധമായ മനസ്സായിരുന്നു ഉസ്‌താദിന്റേത്‌.

പിതാവിന്‌ മുന്നിലെന്നപോലെ
അഡ്വ. ശ്രീധരന്‍ മഞ്ചേരി