Sunday, July 10, 2011

ചെറുശ്ശേരിക്ക് തരുവണയുടെ മറുപടി (ദേശാഭിമാനി ലേഖനം)


(ജൂണ്‍ 13ന് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ ലേഖനം ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് ഒ എം തരുവണ ഇവിടെ മറുപടി പറയുന്നു. സജീവജനശ്രദ്ധയിലുള്ള വിഷയം എന്ന നിലയ്ക്കാണ് "തിരുകേശ"ത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഈ ചര്‍ച്ച ഇവിടെ അവസാനിപ്പിക്കുന്നു- പത്രാധിപര്‍ ദേശാഭിമാനി )


http://deshabhimani.biz/editorialcontent.php?id=26950



ഇനി വായിക്കുക
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാര് ചെയ്യുന്നതെന്തോ, ഒരു വിവേചനവുമില്ലാതെ അതിനെയെല്ലാം കണ്ണടച്ച് എതിര്ക്കുകയാണ് ചെറുശ്ശേരി സമസ്തയുടെ പൊതുനയം. സമസ്ത കേരള ജംഇയ്യത്തുല് ഉലമ വഴിപിരിഞ്ഞിട്ട് രണ്ടു പതിറ്റാണ്ടേ ആയിട്ടുള്ളൂവെങ്കിലും ഈ നിലപാടിന് മൂന്നു പതിറ്റാണ്ടിന്റെയെങ്കിലും പഴക്കമുണ്ട്. ഒരുപക്ഷേ, സമസ്തയിലെ ഭിന്നിപ്പിനുതന്നെ കാരണം കൂട്ടത്തിലെ ചില പണ്ഡിതര്ക്ക് കാന്തപുരത്തോടുണ്ടായ ശമനമില്ലാത്ത വിദ്വേഷമാണെന്നു പറയാം. കാരന്തൂര്
മര്കസിലെ തിരുകേശവും ഇപ്പേരില് നിര്മിക്കാന് പോകുന്ന ഗ്രാന്ഡ് മസ്ജിദും ഇപ്പോള് വിവാദമായതിന് വേറെ കാരണങ്ങള് അന്വേഷിക്കേണ്ടതില്ല.

പുരോഗമനാത്മകമായ നിലപാടുകളെ നിരന്തര വിമര്ശങ്ങള്കൊണ്ട് വഴിമുടക്കുന്നതിനപ്പുറം ചെറുശ്ശേരിയുടെ നേതൃത്വത്തിലുള്ള സമസ്ത മുസ്ലിം സമുദായത്തിനുവേണ്ടി ഒന്നുംചെയ്യുന്നില്ല. ഇപ്പോള് നടക്കുന്ന തിരുകേശ വിവാദവും പ്രശ്നവുമായി ബന്ധപ്പെട്ട് ജൂണ് 13ന് (ദേശാഭിമാനി. പേജ് 6) സൈനുദ്ദീന് മുസ്ലിയാരുടേതായി വന്ന ലേഖനവും ഈ പശ്ചാത്തലത്തില് വേണം കാണാന് . നബി (സ്വ)യുടെ തിരുശേഷിപ്പുകള് സംബന്ധിച്ച് സൈനുദ്ദീന്
മുസ്ലിയാര് ഉന്നയിച്ച വാദഗതികള് അഹ്ലുസ്സുന്നഃയുടെ വിശ്വാസത്തിനെതിരാണ്. തിരുകേശം അംഗീകരിക്കാന് നബി (സ്വ)വരെ എത്തുന്ന സനദ് (കൈമാറ്റപരമ്പര) കണ്ടു ബോധ്യപ്പെടണം എന്ന ആശയം ഇസ്ലാമികമല്ല. മതത്തിലെ ഒരു പ്രമാണവും അങ്ങനെ അനുശാസിക്കുന്നുമില്ല. ഇമാം ഇബ്നുഹജരില്ഹയ്തമി, ഇമാം ദഹബി, ഇമാം സുയൂഥി തുടങ്ങി പൂര്വ പണ്ഡിതന്മാരെല്ലാം സ്വീകരിച്ച നിലപാടിനെതിരാണിത്. ഖലീഫമാരും സനദ് പരിശോധിച്ചിരുന്നില്ല. ലോകപ്രശസ്ത പണ്ഡിതന് മുഹമ്മദ് റസാഖാന് ബറേല്വി ഇക്കാര്യം സ്പഷ്ടമാക്കിയിട്ടുണ്ട്. തബര്റുകിന് സനദ് കണ്ട് ബോധ്യപ്പെടണമെന്ന പുത്തന്വാദം ആദ്യം ഉന്നയിച്ചത് വഹാബി- ജമാഅത്ത് വിഭാഗങ്ങളുടെ പൂര്വാചാര്യനായ ഇബ്നുതൈമിയ്യയാണെന്നു വിശ്രുത പണ്ഡിതനും ദാര്ശനികനുമായ യൂസുഫുന്നബ്ഹാനി പ്രസ്താവിച്ചിട്ടുണ്ട് (ജവാഹിറുല്ബിഹാര് : 3/466). ചെറുശ്ശേരി മുസ്ലിയാര് ഇബ്നുതൈമിയ്യയുടെ വാദമാണ് ഉന്നയിച്ചിരിക്കുന്നത്. മതത്തില് കാര്യങ്ങള് രണ്ടുവിധമുണ്ട്. മുഹ്കമാത് (വിധിവിലക്കുകള്), തബര്റുക്- തഅ്ളീം (അനുഗ്രഹം തേടല് - ആദരിക്കല്). ഇതില് വിധി വിലക്കുകള്ക്ക് പൂര്ണമായ കൈമാറ്റരേഖ വേണം. എന്നാല് , ഇത് സാധാരണ വിശ്വാസികളോ പണ്ഡിതര്പോലുമോ കണ്ടു ബോധ്യപ്പെടേണ്ടതില്ല. മുജ്തഹിദുകളായ (ഗവേഷകര്) ഇമാമുകള് പരിശോധിച്ചു നിര്ധാരണം ചെയ്തെടുത്ത നിയമങ്ങള് അനുസരിച്ചാല്മതി. എന്നാല് , തിരുശേഷിപ്പുകളുടെ കാര്യത്തില് ഈ ശാസനയില്ല. നബി (സ്വ)യുടേതാണെന്ന് അറിയപ്പെടുന്ന ഏതൊരു ശേഷിപ്പും വിശ്വാസികള്ക്ക് അംഗീകരിക്കാം, ആദരിക്കാം. ആര്ക്കെങ്കിലും സംശയമോ അവിശ്വാസമോ തോന്നുന്നപക്ഷം അവര്ക്ക് മാറിനില്ക്കാം. "എനിക്കു സംശയമുണ്ട്, നിങ്ങളും സംശയിക്കണം" എന്ന് മറ്റൊരാളോട് പറയാന് പാടില്ല. അവിശ്വാസം തോന്നിയ കാരണത്താല് നിന്ദിക്കാനോ തള്ളിപ്പറയാനോ പാടില്ല. അങ്ങനെ ചെയ്യുന്നത് മതത്തില്നിന്ന് പുറത്തുപോകാന് കാരണമാകുമെന്ന് ഇമാം റാസി (റ) പ്രസ്താവിച്ചിട്ടുണ്ട് (തഫ്സീറുര്റാസി- വാ: 31 പുറം: 200). അതായത്; നിസ്കാരമോ സകാതോപോലെ തിരുശേഷിപ്പുകളുടെ കാര്യത്തില് മതം ആരെയും നിര്ബന്ധിക്കുന്നില്ല. കഴിവുണ്ടായിട്ടും ഹജ്ജ്കര്മം ചെയ്തില്ലെങ്കില് വിചാരണചെയ്യപ്പെടും. തിരുശേഷിപ്പുകളെ ആദരിച്ചില്ല എന്നതിനു ശിക്ഷിക്കപ്പെടുകയില്ല, അനാദരിച്ചാല് ശിക്ഷിക്കപ്പെടും. ഇതാണ് അഹ്ലുസ്സുന്നഃയുടെ വിശ്വാസം. ചെറുശ്ശേരി മുസ്ലിയാരുടെ നിലപാട് അഹ്ലുസ്സുന്നഃയുടെ കാഴ്ചപ്പാടിനെതിരാണ്.


മര്കസിലെ തിരുകേശം സമുദായത്തിലെ എല്ലാ അംഗങ്ങളും അംഗീകരിക്കണമെന്നു പറഞ്ഞിട്ടില്ല. ഗ്രാന്ഡ് മസ്ജിദിന് നിര്ബന്ധിച്ചോ തെറ്റിദ്ധരിപ്പിച്ചോ ഫണ്ട് സ്വീകരിച്ചിട്ടുമില്ല. തെറ്റിദ്ധാരണമൂലം ആരെങ്കിലും സംഭാവന നല്കിയിട്ടുണ്ടെങ്കില് തിരിച്ചുനല്കാമെന്ന് ബന്ധപ്പെട്ടവര് പറഞ്ഞിട്ടുമുണ്ട്. അബുദാബിയിലെ ഷെയ്ഖ് അഹ്മദ് ഖസ്റജിയില്നിന്നു ലഭിച്ച
തിരുകേശത്തിന് കൈമാറ്റപരമ്പരയില്ല എന്ന വാദം വസ്തുതാവിരുദ്ധമാണ്. ഏകദേശം പത്തു രാജ്യത്തുനിന്നും രാജ്യത്തെ ഇരുപതോളം സംസ്ഥാനത്തില്നിന്നുമുള്ള നൂറുകണക്കിനു പ്രമുഖ പണ്ഡിതന്മാരെയും ലക്ഷക്കണക്കിനു വിശ്വാസികളെയും സാക്ഷിനിര്ത്തിയാണ് ഡോ. അഹ്മദ് ഖസ്റജി തിരുകേശം മര്കസിന് കൈമാറിയത്. ഈ ചടങ്ങില് തിരുകേശത്തിന്റെ സനദ് വാക്കാലും രേഖാമൂലവും കൈമാറിയിട്ടുണ്ട്.

തന്റെ കുടുംബപരമ്പരയുടെ വിശദാംശങ്ങള് അദ്ദേഹം വിവരിച്ചത് മുതലെടുത്ത് ആശയക്കുഴപ്പമുണ്ടാക്കാന് ചെറുശ്ശേരി മുസ്ലിയാരുടെ സംഘടന ബോധപൂര്വം ശ്രമിക്കുകയാണ്. സനദ് നല്കുന്നതിന് സമുദായത്തില് ഒരു സാമ്പ്രദായികരീതിയുണ്ട്. വിജ്ഞാനമാണ് മതം എന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്. വിജ്ഞാനംകൊണ്ട് ഒരാള് മതവിധി പ്രഖ്യാപിക്കണമെങ്കില് അയാള്ക്ക് നബി (സ്വ) വരെയെത്തുന്ന ഗുരുപരമ്പര (സനദ്) വേണം. ഉന്നത മതപാഠശാലകളില്നിന്നു പഠിച്ചിറങ്ങുന്ന പണ്ഡിതര്ക്ക് കൊടുക്കുന്ന "സനദ്"
നബി (സ്വ)വരെയെത്തുന്ന ഗുരുപരമ്പരയുടെ സാക്ഷ്യപത്രമാണ്. എന്നാല് , ഈ
സനദുകളിലൊന്നും നബി (സ്വ) വരെയെത്തുന്ന ഗുരുപരമ്പര രേഖപ്പെടുത്തുന്നില്ല. പകരം സ്ഥാപനത്തിന്റെ പ്രിന്സിപ്പല്മാര് ഒപ്പിട്ടുനല്കുകയാണ്. സനദ് നല്കുന്നതിന്റെ ഈ പാരമ്പര്യരീതിയാണ് ഡോ. ഖസ്റജിയും സ്വീകരിച്ചത്. കാരന്തൂര് മര്കസില്നിന്നോ പട്ടിക്കാട് ജാമിഅഃയില്നിന്നോ യുവ പണ്ഡിതര്ക്കു ലഭിക്കുന്ന സനദിന്റെ അതേ രീതി. കാന്തപുരത്തിനോ അദ്ദേഹത്തെ അനുകൂലിക്കുന്നവര്ക്കോ മര്കസിലുള്ള തിരുകേശത്തിന്റെ കാര്യത്തില് സംശയമില്ല. സംശയം തോന്നുന്നവര്ക്ക് അതു തീര്ക്കാന് ഡോ. അഹ്മദ് ഖസ്റജിയെ സമീപിക്കാം. ഈ ആവശ്യത്തിന് യുഎഇയില്പോയ ഇവരുടെ നേതാവ് എന്തുകൊണ്ട് ഡോ. അഹ്മദ് ഖസ്റജിയെ കണ്ടില്ല? ഈ വിവാദത്തിന് സൗമ്യമായ പരിഹാരമുണ്ടാക്കാന് പരാതിക്കാര് സമീപിക്കേണ്ടത് തിരുകേശം കൊടുത്ത ആളിനെയും കിട്ടിയ ആളിനെയുമായിരുന്നു. അതിശയകരമായ കാര്യം ഈ രണ്ടുപേരെയും പരാതി പറയുന്നവര് ഒരിക്കല്പ്പോലും കണ്ടിട്ടില്ല! എന്നല്ല; ബന്ധപ്പെട്ടയാളിനെ കാണുന്നതിനുപകരം അയാളുടെ ജ്യേഷ്ഠന്റേതെന്ന പേരില് രണ്ടു കത്താണ് കൊണ്ടുവന്നത്. കത്തിലെ ആശയങ്ങളാകട്ടെ പരസ്പരവിരുദ്ധവും. കത്തിന് ഒരു സ്ഥിരീകരണവുമില്ലതാനും. തിരുകേശത്തിന്റെ ആധിക്യവും ദൈര്ഘ്യവുമാണ് സംശയത്തിന് നിദാനമെന്നാണ് ചെറുശ്ശേരി മുസ്ലിയാര് പറയുന്നത്. ഇതും ഇസ്ലാമിക പ്രമാണങ്ങള്ക്കെതിരാണ്. ഹിജ്റഃക്കുശേഷം നബി
(സ്വ) നാലുതവണയേ മുടി നീക്കിയിട്ടുള്ളൂവെന്ന് ഇമാം നവവീ(റ) പറയുന്നുണ്ട് (മൗസൂഅത്തുദ്ദിഫാഅ്: 2/31). ഇബ്നുഖയ്യിമിന്റെ "സാദുല്മആദി"ലും ഇതു കാണാം. ഹിജ്റഃക്കുശേഷം ആറുവര്ഷം കഴിഞ്ഞ് ഹുദയ്ബിയ്യയിലാണ് നബി (സ്വ) ആദ്യമായി മുടി നീക്കുന്നത്. ഏറ്റവും അവസാനം മൂന്നുവര്ഷത്തെ ഇടവേളയ്ക്കുശേഷം ഹജ്ജതുല്വിദാഇല്വച്ചും. നബി (സ്വ)മക്കാഫത്ഹിനു വരുമ്പോള് അവിടത്തെ ശിരസ്സില് നെഞ്ചുവരെ നീണ്ടുകിടക്കുന്ന നാലു മുടിക്കെട്ടുകള് ഉണ്ടായിരുന്നെന്ന് ഉമ്മുഹാനിഹ്(റ) പറഞ്ഞത് തുര്മുദിയും ഇബ്നുമാജഃയും ഉദ്ധരിച്ചിട്ടുണ്ട് (ശറഹുസ്സുന്നഃ- ഇമാംബഖ്വി: 12/97). ഈ ഹദീസ് സ്വീകാര്യയോഗ്യമാണെന്ന് അല്ബാനി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ദുല്ഹുലയ്ഫയില്നിന്ന് നബിയുടെ മുടി ഞാന് നാലായി മെടഞ്ഞിട്ടു കൊടുത്തുവെന്ന് നബി പത്നി ഉമ്മുസലമഃ (റ) പറയുന്നുണ്ട് (മഗാസി- വാഖിദി: 2/868). ഖസ്റജിയുടെ കുടുംബത്തില് മുടിക്കെട്ടുകള് ഉണ്ടെന്നാണ് മറ്റൊരാക്ഷേപം. ഉണ്ടാവാം; ഹുദയ്ബിയ്യയില് നീക്കംചെയ്തതില്നിന്നു മുടിക്കെട്ടുകള്തന്നെ ഞാന് കൈവശപ്പെടുത്തി സൂക്ഷിച്ചുവെന്ന് ഉമ്മുഇമാറഃ(റ) അവകാശപ്പെടുന്നുണ്ട് (റൂഹുല്ബയാന് : 9/5, സുബുലുല്ഹുദാ വര്റശാദ്: 5/57). ഹുദയ്ബിയ്യയിലും ഹജ്ജതുല്വിദാഇലും നീക്കംചെയ്ത തിരുകേശങ്ങളുടെ വലുപ്പം ഈ ഹദീസുകളില്നിന്നു വ്യക്തമാകും.

സൈനുദ്ദീന് മുസ്ലിയാര്ക്ക് ഈ പ്രമാണങ്ങള് അറിയാതിരിക്കാന് ന്യായമില്ല. അറിഞ്ഞിട്ടും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന് ശ്രമിച്ചത് മതപരമായി കടുത്ത അപരാധമാണ്. "അസ്റാറു ആസാരിന്നബവിയ്യഃ" എന്ന ഗ്രന്ഥത്തില് തങ്ങളുടെ കൈവശമുള്ള തിരുകേശത്തെക്കുറിച്ച് ഡോ. ഖസ്റജി പരാമര്ശിച്ചില്ലെന്ന വാദവും ബാലിശമാണ്. ഒരു ലബനീസ് സൂഫി പണ്ഡിതന്റെ പൂര്വകാല രചനയുടെ പുതിയ പതിപ്പ് ഏറ്റെടുത്തു പ്രസിദ്ധീകരിക്കുക മാത്രമാണ് ഖസ്റജി കുടുംബം ചെയ്തത്. പ്രസാധകന് ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തില് ഇടപെടാനാകില്ലെന്നത് പ്രസാധനത്തിന്റെ പ്രാഥമികമായ കാര്യമാണ്. മുസ്ലിയാര്ക്ക് ഇതറിയില്ലായിരിക്കാം. തിരുശേഷിപ്പുകള് സൂക്ഷിക്കുന്ന പ്രദേശങ്ങളുടെ പട്ടിക കൊടുത്തപ്പോള് യുഎഇയുടെ പേര് മാത്രമില്ല എന്ന വാദവും വിചിത്രമാണ്. തിരുശേഷിപ്പുകള് സൂക്ഷിക്കുന്ന മുഴുവന് പ്രദേശങ്ങളുടെ പേരും ഈ ഗ്രന്ഥത്തില് ചേര്ക്കുന്നു എന്ന് ഗ്രന്ഥകാരന് അവകാശപ്പെടുന്നില്ല. അദ്ദേഹത്തിന്റെ അറിവില്പ്പെട്ടത് ഉള്പ്പെടുത്തുകയും ലോകത്ത് എവിടെയെങ്കിലും ഇനിയും തിരുശേഷിപ്പുകള് സൂക്ഷിക്കുന്നുണ്ടാകാം എന്നു സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. യുഎഇ ഔഖാഫ് മന്ത്രിയായിരുന്ന ഷെയ്ഖ് മുഹമ്മദ് ഹസന് ഖസ്റജി കേരളത്തില് വരികയും പരേതരായ ശംസുല് ഉലമ ഇ കെ അബൂബക്കര് മുസ്ലിയാര് , പാണക്കാട് മുഹമ്മദ് അലി ശിഹാബ് തങ്ങള് എന്നിവരുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നുവെന്നത് ശരിയാണ്. ഇവര് നടത്തിയ സ്വകാര്യ ചര്ച്ചകള്ക്കിടയില് തന്റെ കുടുംബത്തിലുള്ള തിരുകേശത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല എന്ന് മുസ്ലിയാര് എങ്ങനെയാണ് ഇത്ര തിട്ടമായി പറയുന്നത്? ഒരു കാര്യം ഉറപ്പിച്ചുപറയുന്നയാള് ഏതടിസ്ഥാനത്തിലാണ് അതു പറയുന്നത് എന്നുകൂടി വ്യക്തമാക്കേണ്ടതുണ്ട്. ശഅ്റെ മുബാറകും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇസ്ലാമിലെ മൗലിക വിഷയങ്ങളല്ല. ആചാരപരമായ വിശ്വാസത്തിന്റെ വിശദാംശങ്ങളില്പ്പെട്ടതാണ്. അതുകൊണ്ടാണ് മര്കസിലെ ശഅ്റ് മുബാറകും അതുമായി ബന്ധപ്പെട്ട ചടങ്ങുകളും വിശ്വാസികളുടെ സ്വീകാര്യതയാക്കി പരിമിതപ്പെടുത്തിയത്. കഴിഞ്ഞ ജനുവരിയില് ഇതുമായി ബന്ധപ്പെട്ട ചടങ്ങുകളും സാധാരണപോലെ മാത്രമേ മര്കസില് നടന്നിട്ടുള്ളൂ. തിരുകേശമല്ല; അതിന്റെ പേരില് രാജ്യത്തെതന്നെ ഏറ്റവും വലിയ മസ്ജിദ് നിര്മിക്കാന് കാന്തപുരം തീരുമാനിച്ചതാണ് വിവാദങ്ങളുടെ മൂലഹേതു. ചെറുശ്ശേരി മുസ്ലിയാരുടെ ലേഖനത്തിന്റെ അവസാന ഭാഗങ്ങള് വായിക്കുന്ന ആര്ക്കും ഇതു ബോധ്യമാകും. ഗള്ഫ് നാടുകളിലും ലോകത്തിനു പല ഭാഗങ്ങളിലും സഞ്ചരിക്കുമ്പോള് അവിടങ്ങളില് കാണുന്ന തരത്തില് വിശാലമായ സൗകര്യങ്ങളോടുകൂടിയ നല്ലൊരു മസ്ജിദ് തന്റെ നാട്ടിലും ഉണ്ടാകണം എന്ന്
കാന്തപുരം ആഗ്രഹിച്ചു. ഇതൊരപവാദമായിട്ടാണ് എതിര്പക്ഷം കാണുന്നത്.

രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തിന് മുതല്ക്കൂട്ടാകുന്ന ഇത്തരം നിര്മിതികള്ക്ക് പിന്നിലെല്ലാം ഒരു സ്വപ്നവും ഒരുപാട് പ്രതിബന്ധങ്ങളും സാധാരണം. മസ്ജിദുകള് വിശ്വാസികള്ക്ക് ആരാധനകള് നിര്വഹിക്കാനുള്ളതാണ്. അവിടെ തിരുകേശം സൂക്ഷിക്കുന്നത് മതത്തിലെ ഒരു നിയമത്തിനും എതിരല്ല. തിരുകേശമിട്ട വെള്ളം വിറ്റുവെന്ന ആരോപണം വ്യാജമാണ്. തിരുകേശവും അതുമായി ബന്ധപ്പെട്ട ചടങ്ങുകളും നിര്മിതികളും പുതിയ സംഗതിയല്ല. ആഗോളതലത്തില് നടപ്പുള്ളതാണ്. ജിദ്ദയിലെ ഇന്റര്കോണ്ടിനെന്റല് ഹോട്ടലില് 2008ല് "മഅ്റള് അല്ആസാറുന്നബവിയ്യ" എന്ന പേരില് ഒരു പ്രദര്ശനം നടന്നു. 60 രാജ്യത്തുനിന്നുള്ള തിരുശേഷിപ്പുകളുടെ നൂറോളം ചിത്രമായിരുന്നു പ്രദര്ശനത്തിനുവച്ചത്. സൗദി രാജകുമാരന് അമീര്ബന്ദര്ബ്നു നാസറുബ്നു അബ്ദില്അസീസ് ആലുസ്സുഊദാണ് പ്രദര്ശനം ഉദ്ഘാടനംചെയ്തത്. സൗദിയിലെ ഹാശിമി വംശജരുടെ ആഗോളസംഘടനയായിരുന്നു സംഘാടകര് . പ്രദര്ശനത്തോടനുബന്ധിച്ച് എല്ബിസി ചാനലിന് അനുവദിച്ച അഭിമുഖത്തില് സംഘടനയുടെ സെക്രട്ടറി ജനറല് ശരീഫ് മുഹമ്മദ് അല്ഹുസയ്നി പറഞ്ഞത്, ആഗോളതലത്തില് വ്യാപിച്ചുകിടക്കുന്ന തിരുശേഷിപ്പുകള് മദീനയില് മ്യൂസിയം സ്ഥാപിച്ച് സംരക്ഷിക്കാന് സൗദി സര്ക്കാര് സഹകരണത്തോടെ പദ്ധതി നടപ്പാക്കിവരുന്നുവെന്നാണ്. മുസ്ലിം ലോകത്തും യൂറോപ്പിലും അമേരിക്കയിലും ആഫ്രിക്കന് നാടുകളിലും തിരുശേഷിപ്പുകള് സൂക്ഷിക്കുന്നുണ്ട്. അവിടങ്ങളിലെല്ലാം അതുമായി ബന്ധപ്പെട്ട് ആയിരങ്ങള് പങ്കെടുക്കുന്ന ചടങ്ങുകളും നടക്കാറുണ്ട്. എവിടെയും ഇതുപോലെ വിവാദങ്ങള് നടന്ന ചരിത്രമില്ല. ഇത് വിട്ടുവീഴ്ചയില്ലാത്ത കാന്തപുരം വിരോധംമാത്രമാണ്.







No comments: