ലൈലതുല്‍ ഖദര്‍ ,വ്യത്യസ്ത വീക്ഷണങ്ങള്‍
ഖദര്‍ എന്ന പദത്തിന് നിര്‍ണയം(തഖ്ദീര്‍) എന്നാണര്‍ഥമെന്ന് ഭാഷാപണ്ഢിതന്‍ വാഹിദി പറയുന്നുണ്ട്. ഒരു വസ്തുവിനെ സമതുലിതാവസ്ഥയില്‍ സംവിധാനിക്കുക എന്നാണ് നിര്‍വചനം. ഇതിനോട് ലൈലത്(രാവ്) എന്നുകൂടി ചേര്‍ക്കുമ്പോള്‍ നിര്‍ണയത്തിന്റെ രാവ് എന്നാകുന്നു. അല്ലാഹു വിശാലമായി വസ്തുതാ നിര്‍ണയം നടത്തുന്ന രാവാണ് ലൈലതുല്‍ഖദ്ര്. ലൈലതുല്‍ഖദ്ര് എന്ന് പേരു വരാന്‍ പണ്ഢിതന്മാര്‍ പല കാരണങ്ങളും പറയുന്നുണ്ട്. കാര്യങ്ങളും വസ്തുതകളും കണക്കാക്കുന്ന രാവാണത്. ഇബ്നു അബ്ബാസ്(റ)വിന്റെ വിവരണം ഈ വിവക്ഷ അംഗീകരിക്കുന്നു. ഈ രാവിലാണ് വര്‍ഷാവര്‍ഷത്തെ മുഖ്യപ്രാപഞ്ചിക പ്രശ്നങ്ങള്‍ അല്ലാഹു നിര്‍ണയിക്കുന്നത് എന്നാണ് അദ്ദേഹത്തി ന്റെ അഭിപ്രായം, ജീവികളുടെ ഭക്ഷണം, ജനനം, മരണം, മഴ തുടങ്ങി പ്രധാന കാര്യങ്ങളെല്ലാം ഈ രാവില്‍ കണക്കാക്കപ്പെടുന്നു. അടിസ്ഥാനപരമായ ഖദര്‍ ഈ രാവിലാണെന്നത് ഇതിനര്‍ഥമില്ല.സര്‍വ ശക്തനായ അല്ലാഹു എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചിരിക്കെ ഈ ഖദര്‍ കൊണ്ടുള്ള ഉദ്ദേശ്യമെന്ത്? പ്രസ്തുത കാര്യങ്ങളെല്ലാം വകുപ്പുകള്‍ തിരിച്ച് അതാത് വകുപ്പിനു നിയോഗിക്കപ്പെട്ട മാലാഖമാരെ അല്ലാഹു അറിയിക്കുകയും ഏല്‍പ്പിക്കുകയും ചെയ്യുന്നുവെന്നാണ് ഒരു വ്യാഖ്യാനം. ഇക്‌രിമ(റ) പറയുന്നു: "ലൈലതുല്‍ ഖദ്‌റില്‍ തന്നെയാണ് കഅ്ബാലയ തീര്‍ഥാടകരായ ഹാജിമാരുടെ കാര്യങ്ങള്‍ വരെ നിര്‍ണയിക്കപ്പെടുക. ഓ രോ വര്‍ഷത്തെയും ഹാജിമാരുടെ നാമങ്ങള്‍, പിതൃനാമങ്ങള്‍ തുടങ്ങിയവയെല്ലാം ഈ രാവില്‍ രേഖപ്പെടുത്തുന്നു'. രണ്ടാമത്തെ വീക്ഷണം ഇമാം സുഹ്‌രി(റ)യില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നതിങ്ങനെയാണ്. ഖദര്‍ എന്ന വാക്കിനര്‍ഥം സ്ഥാനം, മഹത്വം, ബഹുമതി എന്നിങ്ങനെയാണ്. സാധാരണ അറബികള്‍ ഈ അര്‍ഥത്തില്‍ ഖദര്‍ എന്ന പദം പ്രയോഗിക്കാറുണ്ട്. വിശുദ്ധ ഖുര്‍ആന്‍ ഈ അര്‍ഥത്തില്‍ ഖദര് പ്രയോഗിച്ചിട്ടുണ്ട്. ഇതനുസരിച്ച് ലൈലതുല്‍ ഖദര്‍ രണ്ട് രൂപത്തില്‍ മഹത്വപൂര്‍ണമാണെന്ന് ഇമാം റാസി(റ) പറയുന്നു. ഒന്ന്: കര്‍ത്താവിനെ ലക്ഷ്യമാക്കുന്നു. അഥവാ ഈ രാവില്‍ പ്രവര്‍ത്തന നിരതരാകുന്നവര്‍ മഹത്വങ്ങള്‍ക്കു പാത്രീഭവിക്കുന്നു. രണ്ട്: കര്‍മത്തെ ആധാരമാക്കുന്നു. അഥവാ ഈ രാവില്‍ സുകൃതങ്ങള്‍ക്ക് ഏറെ ബഹുമതികള്‍ അവകാശപ്പെടാവുന്നതാണ്.അബൂബക്‌റുല്‍ വര്‍റാഖ്(റ) മറ്റൊരു കാരണമാണ് ചൂണ്ടിക്കാട്ടുന്നത്. ലൈലതുല്‍ ഖദര്‍ എന്ന പേരിനു പിന്നിലെ ഉദ്ദേശ്യം അദ്ദേഹം ഇങ്ങനെ അനുമാനിക്കുന്നു. 'ഈ രാവിലാ ണ് മഹത്വമേറിയ ഗ്രന്ഥം, മഹത്വമേറിയ മലകുവഴി മഹത്വമേറിയ സമൂഹത്തിലേക്ക് അവതീര്‍ണമായത്. ഇതുകൊണ്ടാകാം ഇതു സംബന്ധമായ ഖുര്‍ആന്‍ സൂറത്തില്‍ മൂന്നുതവണ ലൈലതുല്‍ ഖദര്‍ എന്ന് ആവര്‍ത്തിച്ചു പറഞ്ഞത്.' ഖദര്‍ എന്ന പദത്തിനു തിങ്ങിനിറഞ്ഞു എന്ന അര്‍ഥമുണ്ട്. ഈ രാവില്‍ വാനലോകത്തു നിന്ന് മാലാഖമാര്‍ ഇറങ്ങിവ ന്നു ഭൗമലോകത്ത് നിറയുന്നു. ഈ അടിസ്ഥാനത്തിലാണ് ലൈലതുല്‍ ഖദര്‍ എന്ന പേരുവന്നത് എന്നും ചിലര്‍ അനുമാനിക്കുന്നുണ്ട്. ഈ രാവില്‍ പ്രത്യേക ബഹുമതികളുള്ള മലകുകള്‍ ഇറങ്ങിവരുന്നത് കൊണ്ടാണെന്നും അല്ലാഹു വിശ്വാസികള്‍ക്കു സവിശേഷമായ അനുഗ്രഹം കണക്കാക്കുന്നത് കൊണ്ടാണെന്നും മറ്റും അഭിപ്രായങ്ങളുമുണ്ട്.ഖുര്‍ആന്‍ പറയുന്നു ലൈലതുല്ല്‍ഖദ്‌റിനെ പരാമര്‍ശിക്കുന്ന ഒരധ്യായം തന്നെ വിശുദ്ധ ഖുര്‍ആനിലുണ്ട്. പ്രസ് തുത സൂറത്തിന്റെ ആശയം ശ്രദ്ധിക്കുക: 'ഖുര്‍ആന്‍ നാം അവതരിപ്പിച്ചത് ലൈലതുല്‍ഖദ്‌റിലാകുന്നു. ലൈലതുല്‍ ഖദ്ര് എന്താണെന്നാണ് തങ്ങള്‍ മനസ്സിലാക്കുന്നത്. ലൈലതു ല്‍ ഖദര്‍ ആയിരം മാസത്തെക്കാള്‍ പുണ്യപൂരിതമാണ്. അല്ലാഹുവിന്റെ ആജ്ഞാനുസരണം മലകുകളും ആത്മാവും ആ രാവില്‍ ഇറങ്ങും. പ്രഭാതം വരെ തുടരുന്ന സലാമിന്റെ രാവാണത്'. ഈ സൂക്തത്തില്‍ പ്രധാനമായ ചില വസ്തുതകളുണ്ട്. ഒന്ന്: ഖുര്‍ആന്‍ അവതരണം റമ ള്‍വാനിലെ ലൈലതുല്‍ ഖദ്‌റിലാണെന്നു തീര്‍ത്തു പറയുന്നു. ലൈലതുല്ഖദര്‍ ആയിരം മാസത്തെക്കാള്‍ പുണ്യമുള്ളതാണെന്നും പറയുന്നു. മഹത്തായ ഈ രാവ് അല്ലാഹു നമുക്കു നല്‍കാന്‍ എന്താണ് കാരണം? ഈ സൂക്തത്തിന്റെ അവതരണ പശ്ചാതലത്തില്‍ നിന്ന് ഇതിനുള്ള ഉത്തരംകിട്ടും. ഹദീസ്, ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ നല്‍കുന്ന വീക്ഷ ണം ശ്രദ്ധിക്കുക. മാലികുബ്ന്‍ അനസ്(റ) പറയുന്നു: "പൂര്‍വ്വകാല സമുദായത്തിന്റെ ആയുര്‍ദൈര്‍ഘ്യത്തെപ്പറ്റി ചിന്തിച്ചപ്പോള്‍ അവരുടെ അടുത്തെത്താന്‍ പറ്റാത്ത അവസ്ഥയിലാണല്ലോ തന്റെ സമുദായത്തിന്റെ ആയുസ്സ് എന്ന് റസൂല്‍കരീം(സ്വ) പരിതപിച്ചു. ഇതിനു പരിഹാരമായിട്ടാണ് ലൈലതുല്‍ഖദര്‍ വിളംബരപ്പെടുത്തുന്ന സൂക്തം അവതീര്‍ ണമായത്' (മാലിക് - മുവത്വ, ബൈഹഖി ഫീ ശുഅ്ബില്‍ ഈമാന്‍).മുജാഹിദ്(റ): 'ബനൂ ഇസ്രാഈല്‍ സമൂഹത്തിര്‍ രാവ് മുഴക്കെ അല്ലാഹുവിന് ആരാധനയും പകല്‍ മുഴുവന്‍ ദീനന്റെ ഉയര്‍ച്ചക്കുവേണ്ടിയുള്ള സമരവും നയിച്ച് ആയിരം മാ സം ജീവിച്ച ഒരു മഹാഭക്തനുണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ചു കേട്ട തിരുനബി(സ്വ)യും അനുചരന്മാരും ആശ്ചര്യപ്പെടുകയും തങ്ങളുടെ സുകൃതങ്ങള്‍ എത്ര കുറവാണെന്നു ഖേദം കൊള്ളുകയും ചെയ്തു. ഈ പശ്ചാതലത്തിലാണ് പ്രസ്തുത സൂറത്ത് അവതീര്‍ണമായത്' (ഇബ്നുജരീര്‍). ഈ വീക്ഷണത്തിനു സമാനമായി ആയിരം മാസം ദീനിനുവേണ്ടി പൊരുതിയ ഒരു യോദ്ധാവിനെപ്പറ്റിയുള്ള വിവരണം ഇബ്നുഅബീഹാതിം, ഇബ്നുല്‍മുന്‍ദിര്‍, ബൈഹഖി - സുനന്‍ തുടങ്ങിയവര്‍ വെളിപ്പെടുത്തുന്നുണ്ട്.
ലൈലതുല്‍ ഖദര്‍ തിരുവചനങ്ങളില്‍
ലൈലതുല്‍ ധാരാളം ഹദീസുകളില്‍ പരാമര്‍ശിക്കപ്പെട്ടതായി കാണാം. സല്‍മാന്‍ (റ)വില്‍ നിന്ന് നിവേദനം: 'ശഅ്ബാന്‍ അന്ത്യത്തില്‍ നബി(സ്വ) ഉത്ബോധനം നടത്തി. 'ജനങ്ങളേ, നിങ്ങള്‍ക്കിതാ പുണ്യം നിറഞ്ഞ ഒരു മാസം വന്നണഞ്ഞിരിക്കുന്നു. ആ മാസത്തില്‍ ഒരു രാവുണ്ട്. ആയിരം മാസത്തെക്കാള്‍ നന്മ നിറഞ്ഞതാണത്' (ഇബ്നുഖുസൈമ, ഇബ്നുഹിബ്ബാന്‍).അബുശ്ശൈഖ്(റ) നിവേദനം ചെയ്യുന്നു: 'റമദാന്‍ മാസത്തില്‍ ഹലാലായ ഭക്ഷണം കൊ ണ്ട് ഒരു നോമ്പുകാരനെ നോമ്പ് തുറപ്പിക്കുന്നവന് റമദാന്‍ രാവുകള്‍ മുഴുക്കെ മാലാഖമാര്‍ അനുഗ്രഹ പ്രാര്‍ഥന നടത്തുന്നതാണ്. ലൈലതുല്‍ഖദ്‌റില്‍ ജിബ്‌രീല്‍(അ) അവന്റെ കരം ചുംബിക്കുന്നതുമാണ' (ബൈഹഖി, ഇബ്നുഖുസൈമ). അബൂഹുറയ്‌റ(റ)വില്‍ നിന്നു നിവേദനം: 'റമദാന്‍ മാസത്തില്‍ ഒരു രാത്രി അല്ലാഹു സംവിധാനിച്ചിരിക്കുന്നുവെന്നത് സത്യമാണ്. ആയിരം മാസത്തെക്കാള്‍ നന്മയേറിയതാണ് പ്രസ്തുത രാവ്. ആ രാവിന്റെ പുണ്യം നിഷേധിക്കപ്പെട്ടവന്‍ പരാചിതന്‍ തന്നെയാകുന്നു.' (നസാഇ, ബൈഹഖി).ഖദ്‌റിന്റെ രാത്രി റമദാനിലെ ഏതോ രാവിലാണെന്നേ പ്രമാണങ്ങളില്‍ നിന്നു വ്യക്തമാകുന്നുള്ളൂ. ഏത് രാവാണെന്നു കൃത്യമായി പറയുന്നില്ല. താഴെ പറയുന്ന നബിവചനങ്ങള്‍ ശ്രദ്ധിക്കുക.ഉബാദതുബ്നു സ്വാമിതില്‍ നിന്ന്: 'നബി(സ്വ) ഒരിക്കല്‍ ലൈലതുല്‍ ഖദര്‍ ഏതു ദിവസമാണെന്നറിയിക്കാന്‍ സ്വഹാബാക്കളുടെ അടുത്തേക്ക് ചെന്നു.അപ്പോള്‍ രണ്ടുപേര്‍ പള്ളിയില്‍ വെച്ച് എന്തോ കാര്യത്തില്‍ ശബ്ദമുണ്ടാക്കുന്നു. ഇതുകണ്ട് നബി(സ്വ) പറഞ്ഞു: 'ലൈലതുല്‍ ഖദര്‍ ഏതു ദിവസമാണെന്ന് പ്രഖ്യാപിക്കാന്‍ വന്നതായിരുന്നു ഞാന്‍. പ ക്ഷേ, ഇവര്‍ ബഹളമുണ്ടാക്കുന്നത് ഞാന്‍ കാണാനിടയായി. അതോടെ പ്രസ്തുത ജ്ഞാനം അല്ലാഹു എന്നില്‍ നിന്നു പിന്‍വലിച്ചു കളഞ്ഞു എങ്കിലുമത് നിങ്ങള്‍ക്ക് നന്മവരുത്തുമെന്ന് തന്നെയാണെന്റെ പ്രതീക്ഷ'. 'രണ്ടുപേര്‍ തര്‍ക്കിക്കുകയായിരുന്നു. അവരുടെ കൂടെ പിശാചുമുണ്ടായിരുന്നു' എന്നുകൂടി മുസ്ലിമിന്റെ നിവേദനത്തില്‍ കാണുന്നു.അബൂഹുറയ്‌റ(റ)യില്‍ നിന്ന്, നബി(സ്വ) പറഞ്ഞു: 'ലൈലതുല്‍ ഖദര്‍ എനിക്കു നിര്‍ണിതമായ രൂപത്തില്‍ തന്നെ അറിയിക്കപ്പെടുകയായിരുന്നു. അതിനിടക്കാണ് വീട്ടുകാരാ രോ എന്നെ വന്നുണര്‍ത്തിയത്. അതോടെ ഞാനത് മറന്നുപോയി' (മുസ്ലിം).വ്യക്തമായി ഈ ദിനം എന്നാണെന്നു ജ്ഞാനമില്ലെങ്കിലും പണ്ഢിതന്മാര്‍ പല തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ ചില നിഗമനങ്ങള്‍ നടത്തിയിട്ടുണ്ട്. മു സ്ലിം ലോകം കാലാന്തരങ്ങളിലായി ഈ ദിനം റമള്‍വാന്‍ ഇരുപത്തിയേഴാം രാവാണെ ന്നു കണക്കാക്കുന്നു. ആഗോള തലത്തില്‍ തന്നെ പ്രസ്തുത രാവിനെ സജീവമാക്കാന്‍ വിശ്വാസികള്‍ താത്പര്യപ്പെട്ടു കാണുന്നുണ്ട്. ഇരുപത്തിയേഴാം രാവിനെപ്പറ്റി പരാമര്‍ ശിച്ചു തര്‍ശീഹ് ഉണര്‍ത്തുന്നത് കാണുക: 'ഇരുപത്തിയേഴാമത്തെ രാവ് തന്നെയാണ് മു സ്ലിം ലോകം പൂര്‍വ്വികമായി(ലൈലതുല്‍ഖദ്‌റായി) സജീവമാക്കി വരുന്നത്. ഇതുതന്നെയാണ് ഭൂരിപക്ഷ ജ്ഞാനികളുടെ വീക്ഷണവും. ഇമാം റാസി(റ) ഉദ്ധരിക്കുന്നതും ഇതുതന്നെയാണ്'. സിര്‍റുബ്ന്‍ ഹുബൈശി(റ)ല്‍ നിന്ന്: ഞാനൊരിക്കല്‍ ഉബയ്യുബ്ന്‍ കഅ്ബ്(റ)നോട് പറഞ്ഞു. 'വര്‍ഷം മുഴുവന്‍ ആരാധനാ നിമഗ്നരാകുന്നവര്‍ക്ക് ലൈലതുല്‍ ഖദര്‍ പ്രാപിക്കാവുന്നതാണ് എന്ന് നിങ്ങളുടെ സഹോദരന്‍ അബ്ദുല്ലാഹിബ്നു മസ്‌ഊദ്(റ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.' അപ്പോള്‍ അദ്ദേഹം പറഞ്ഞു. 'പാവം അബൂ അബ്ദിറഹ്മാന്‍, അവിടന്നെന്താണാവോ മനസ്സിലാക്കിയത്? ലൈലതുല്‍ ഖദര്‍ റമദാന്‍ അവസാന പത്തിലാണെന്നും അതുതന്നെ ഇരുപത്തിയേഴാം രാവാണെന്നും അറിയപ്പെട്ടതല്ലേ. ജനങ്ങള്‍ ആ രാവിനെ മാത്രം ആശ്രയിക്കാതിരിക്കാനാണ് അത് തറപ്പിച്ചു പ്രഖ്യാപിക്കാതിരുന്നത്. സ ത്യത്തില്‍ ലൈലതുല്‍ ഖദര്‍ റമദാന്‍ ഇരുപത്തിയേഴാം രാവ് തന്നെയാണ്'. എന്തുകാരണത്താലാണ് താങ്കളിങ്ങനെ തറപ്പിച്ചു പറയുന്നതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. 'നബി(സ്വ) പഠിപ്പിച്ചുതന്ന ദൃഷ്ടാന്തങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ്'. (അഹ്മദ്, മുസ്ലിം, അബൂദാവൂദ്, തിര്‍മുദി, നസാഇ, ഇബ്നുഹിബ്ബാന്‍).ഇബ്നുഉമര്‍(റ)വില്‍ നിന്ന്; നബി(സ്വ) പറഞ്ഞു: 'നിങ്ങള്‍ ലൈലതുല്‍ഖദ്‌റിനെ ഇരുപത്തി യേഴാമത്തെ രാവില്‍ പ്രതീക്ഷിക്കുവിന്‍'.ഉമര്‍(റ)വിന്റെ സാന്നിധ്യത്തില്‍ ഇബ്നുഅബ്ബാസ്(റ) പ്രകടിപ്പിച്ചതാണ് മറ്റൊരഭിപ്രായം. സ്വഹാബത്തിനെ ഒന്നിച്ചുചേര്‍ത്ത് ഉമര്‍(റ) ഇതിനെക്കുറിച്ചൊരു ചര്‍ച്ച നടത്തി. കൂട്ടത്തി ല്‍ ചെറുപ്പക്കാരനായ ഇബ്നുഅബ്ബാസ്(റ) പറഞ്ഞു: 'അല്ലാഹുവിന് ഏറെ താത്പര്യം ഒറ്റ സംഖ്യകളോടാണ്. ഒറ്റകളില്‍ തന്നെ ഏഴിനോട് പ്രത്യേക താത്പര്യമുണ്ടെന്നു കാ ണാം. ഭൂമിയും ആകാശവും ദിനങ്ങളും ത്വവാഫിന്റെ എണ്ണവും അവയവങ്ങളും ഏഴായാണ് കാണുന്നത്. ഇത് ലൈലതുല്‍ ഖദര്‍ ഇരുപത്തിയേഴാം രാവാകാനുള്ള സാധ്യത ക്കു തെളിവായിക്കാണുന്നതില്‍ തെറ്റില്ല. ലൈലതുല്‍ ഖദര്‍ എന്ന വാചകത്തില്‍ ഒമ്പത് അക്ഷരങ്ങളാണുള്ളത്. ഇതാവട്ടെ സൂറത്തില്‍ മൂന്നുതവണ ആവര്‍ത്തിക്കുന്നു. ഇത് ഗുണിക്കുമ്പോള്‍ ഇരുപത്തിയേഴ് ലഭിക്കുന്നു. ഇരുപത്തിയേഴാമത്തെ രാവില്‍ ലൈലതുല്‍ ഖദര്‍ വരുമെന്നതിന് ഇതും സൂചനയാകാം' (എഴുത്തില്‍ പ്രയോഗിക്കുന്ന എല്ലാ അക്ഷരങ്ങളും അറബിയില്‍ അക്ഷരമായിത്തന്നെ പരിഗണിക്കണം)ഗാലിം(റ) തന്റെ പിതാവില്‍ നിന്നുദ്ധരിക്കുന്നു: 'ലൈലതുല്‍ ഖദര്‍ ഇരുപത്തിയേഴാം രാവില്‍ താന്‍ ദര്‍ശിച്ചതായി ഒരു സ്വഹാബി നബി(സ്വ)യോട് പറഞ്ഞു. അപ്പോള്‍ അവിടുന്ന് പറഞ്ഞു. 'ലൈലതുല്‍ ഖദര്‍ സംബന്ധമായ നിങ്ങളുടെ ദര്‍ശനങ്ങള്‍ അവസാന പത്തില്‍ ഏകോപിച്ചതായി ഞാന്‍ മനസ്സിലാക്കുന്നു. അതുകൊണ്ട് റമള്‍വാന്‍ അവസാന പത്തിലെ ഒറ്റരാവുകളില്‍ നിങ്ങളതിനെ പ്രതീക്ഷിക്കുക' (മുസ്ലിം).അബൂഹുറയ്‌റ(റ) പറഞ്ഞു: 'ഞങ്ങള്‍ ഒരിക്കല്‍ ലൈലതുല്‍ഖദ്ര് സംബന്ധമായ ചര്‍ച്ചയിലായിരുന്നു. അപ്പോള്‍ നബി(സ്വ) ആരാഞ്ഞു. 'ചന്ദ്രന്‍ ഒരു തളികയുടെ അര്‍ധഭാഗം കണക്കെ പ്രഭമങ്ങി പ്രത്യക്ഷപ്പെടുന്ന രാവിനെ ഓര്‍മിക്കുന്നവര്‍ നിങ്ങളില്‍ ആരാണ്?' അബുല്‍ഹസന്‍(റ) പറയുന്നു: ഇരുപത്തിയേഴാത്തെ രാവാണ് ഇവിടെ ഉദ്ദേശ്യം. കാരണം ചന്ദ്രന്‍ മേല്‍പ്പറഞ്ഞവിധം പ്രത്യക്ഷപ്പെടുന്നത് ഇരുപത്തിയേഴാമത്തെ രാവിലാണ്'.
more @
1 comment:
ഖദര്‍ എന്ന പദത്തിന് നിര്‍ണയം(തഖ്ദീര്‍) എന്നാണര്‍ഥമെന്ന് ഭാഷാപണ്ഢിതന്‍ വാഹിദി പറയുന്നുണ്ട്. ഒരു വസ്തുവിനെ സമതുലിതാവസ്ഥയില്‍ സംവിധാനിക്കുക എന്നാണ് നിര്‍വചനം. ഇതിനോട് ലൈലത്(രാവ്) എന്നുകൂടി ചേര്‍ക്കുമ്പോള്‍ നിര്‍ണയത്തിന്റെ രാവ് എന്നാകുന്നു. അല്ലാഹു വിശാലമായി വസ്തുതാ നിര്‍ണയം നടത്തുന്ന രാവാണ് ലൈലതുല്‍ഖദ്ര്. ലൈലതുല്‍ഖദ്ര് എന്ന് പേരു വരാന്‍ പണ്ഢിതന്മാര്‍ പല കാരണങ്ങളും പറയുന്നുണ്ട്. കാര്യങ്ങളും വസ്തുതകളും കണക്കാക്കുന്ന രാവാണത്. ഇബ്നു അബ്ബാസ്(റ)വിന്റെ വിവരണം ഈ വിവക്ഷ അംഗീകരിക്കുന്നു
.....
Post a Comment