Sunday, March 22, 2009

ആന്റണി ഇസ്രയേലിലും കേരളത്തിലും


article by :രാമചന്ദ്രന്‍


link here

കേരളത്തെ സംബന്ധിച്ചിടത്തോളം, ഇത്തവണത്തെ ലോക്‌സഭാതെരഞ്ഞെടുപ്പിന്റെ കേന്ദ്രസ്ഥാനത്തുവരുന്നയാള്‍ എ കെ ആന്റണിയാണ്‌. പൊതുവേ ഇക്കാര്യം ആരും അത്ര ശ്രദ്ധിച്ചമട്ടില്ല. എന്നാല്‍, ആന്റണി കരുതലോടെ നീങ്ങുന്ന തെരഞ്ഞെടുപ്പായിരിക്കും ഇതെന്ന കാര്യത്തില്‍ സോണിയാഗാന്ധിക്കോ പ്രണബ്‌ മുഖര്‍ജിക്കോ ഉമ്മന്‍ചാണ്ടിക്കോ സംശയമുണ്ടാവില്ല. വളരെ ഗൗരവമുള്ളതാണ്‌ കാരണം. കേന്ദ്രത്തില്‍ കോണ്‍ഗ്രസ്‌ ജയിച്ചാല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ളയാളാണ്‌ ആന്റണി.

ഇന്നത്തെ നിലയില്‍, കോണ്‍ഗ്രസ്‌ ജയിച്ചാല്‍ ആരോഗ്യകാരണങ്ങളാല്‍തന്നെ മന്‍മോഹന്‍സിംഗ്‌ പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌ പരിഗണിക്കപ്പെടാന്‍ സാധ്യത കുറവാണ്‌. തെരഞ്ഞെടുപ്പിനെ നയിക്കാന്‍തന്നെ അദ്ദേഹത്തിനു പ്രാപ്‌തിയുണ്ടാവില്ല. രാജ്യാന്തരതലത്തില്‍, പ്രത്യേകിച്ചും അമേരിക്കക്ക്‌ താല്‍പര്യമുള്ളയാളാണ്‌ മന്‍മോഹന്‍ എന്നത്‌ കഴിഞ്ഞതവണ പ്രധാനഘടകമായിരുന്നു.ആന്റണിയുടെ കാര്യം വന്നാലും ഇത്‌ പ്രധാനഘടകമായിരിക്കും. മതപരമായി ആന്റണിയോട്‌ അമേരിക്കക്ക്‌ സംതൃപ്‌തിയുണ്ടാകും. പ്രതിരോധമന്ത്രിയെന്ന നിലയില്‍ അനുകൂല നിലപാട്‌ സ്വീകരിച്ചതിലും അമേരിക്കക്ക്‌ മമതയുണ്ടാകാം. പക്ഷേ, ഏത്‌ ഇന്ത്യക്കാരനും അമേരിക്കക്കു പ്രിയപ്പെട്ടവന്‍ ആകണമെങ്കില്‍ വേറൊരു സുപ്രധാന ഘടകമുണ്ട്‌; ആ ഇന്ത്യക്കാരനെ ഇസ്രയേല്‍ കൂടി ഇഷ്‌ടപ്പെടണം.ഇസ്രയേലിന്‌ ആന്റണിയെ ഇഷ്‌ടപ്പെടാതിരിക്കാന്‍ ന്യായമൊന്നുമില്ല. ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം ഏതു രാജ്യത്തിന്റെയും പ്രതിരോധമന്ത്രി പ്രധാനമാണ്‌. ആയുധങ്ങള്‍ വിറ്റാണ്‌ ഇസ്രയേല്‍ ധനികരായത്‌. ഇന്ത്യാഭൂഖണ്ഡത്തില്‍ എവിടെയും സംഘര്‍ഷസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും ഇസ്രയേലിന്റെ സാന്നിധ്യം പ്രകടമാണ്‌. പാക്കിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍, ശ്രീലങ്ക, ഇന്ത്യ- എവിടെയാണ്‌ ഇസ്രയേലിന്റെ അദൃശ്യകരങ്ങള്‍ കാണാത്തത്‌? അമേരിക്കക്കൊപ്പം ചേര്‍ന്ന്‌ പാക്കിസ്ഥാനെയും അഫ്‌ഗാനിസ്ഥാനെയും കുട്ടിച്ചോറാക്കിയ ഇസ്രയേല്‍ ഇപ്പോള്‍ ശ്രീലങ്കയില്‍ ശ്രദ്ധകേന്ദ്രീകരിച്ചതായി ചില സംഭവങ്ങള്‍ കാണുമ്പോള്‍ തോന്നുന്നു.

മുംബൈയിലെ ഭീകരാക്രമണത്തില്‍പെട്ട ഒരു കേന്ദ്രം ജൂതന്മാരുടെ പാര്‍പ്പിടമായ നരിമാന്‍സെന്റര്‍ ആയിരുന്നുവെന്നത്‌ യാദൃഛികം.പ്രതിരോധമന്ത്രിയെന്ന നിലയില്‍, ഇസ്രയേലിന്റെ താല്‍പര്യങ്ങളെ ആന്റണി സംരക്ഷിച്ചിട്ടുണ്ടെന്നു കാണാം. പതിനായിരം കോടി രൂപയുടെ ബറാക്‌ മിസൈല്‍ കരാര്‍ ഇസ്രയേലിനു കിട്ടിയതു തന്നെ ഉദാഹരണം. പ്രണബ്‌ മുഖര്‍ജിയും പി ചിദംബരവുമൊക്കെ ഇസ്രയേലിന്‌ ഇഷ്‌ടപ്പെട്ടവര്‍ തന്നെ. ഇസ്രയേലിന്‌ ഇഷ്‌ടപ്പെടാത്ത ചില വലിയ നേതാക്കള്‍ ഇന്ത്യയില്‍ നിന്ന്‌ ഉന്മൂലനം ചെയ്യപ്പെടുക പോലുമുണ്ടായിട്ടുണ്ട്‌. അതുകൊണ്ടാണ്‌ പ്രധാനമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ മരണത്തെപ്പറ്റി ഇപ്പോഴും സംശയങ്ങള്‍ നിലനില്‍ക്കുന്നത്‌. ഇങ്ങനെ ഉന്മൂലനം ചെയ്യപ്പെട്ടവരെല്ലാം സോവിയറ്റ്‌ യൂണിയനുമായി നല്ല ബന്ധത്തിനു മുതിര്‍ന്നവരായിരുന്നു എന്നതും ആകസ്‌മികമല്ല.ബിജെപി സര്‍ക്കാറാണ്‌ ആദ്യമായി രണ്ടായിരത്തില്‍ ബറാക്‌ മിസൈലുകള്‍ക്കായി 1160 കോടിരൂപയുടെ കരാര്‍ ഇസ്രയേല്‍ എയര്‍ക്രാഫ്‌ട്‌ ഇന്‍ഡസ്‌ട്രീസുമായി (ഐഎഐ) ഒപ്പിട്ടത്‌. ഇന്ത്യയുടെ പ്രതിരോധ ഗവേഷണകേന്ദ്രം (ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്ത തൃശൂല്‍ മിസൈല്‍ പരാജയപ്പെട്ടതാണ്‌ ബറാക്‌ മിസൈല്‍ വാങ്ങാന്‍ അന്നു കാരണമായി പറഞ്ഞത്‌. ഒമ്പതുകിലോമീറ്റര്‍ റേഞ്ചുള്ള ബറാക്‌ ഒന്ന്‌ മിസൈലുകള്‍ അഞ്ച്‌ യുദ്ധക്കപ്പലുകളില്‍ സ്ഥാപിക്കുകയും ചെയ്‌തു. ശത്രുവിന്റെ വിമാനങ്ങളെ നശിപ്പിക്കാന്‍ കഴിയുന്ന, കപ്പലില്‍ നിന്ന്‌ അയയ്‌ക്കുന്ന മിസൈലാണ്‌ ബറാക്‌. ഈ ഇടപാടാണ്‌ ബറാകിന്റെ ഒന്നാം ഘട്ടം.എന്നാല്‍ ജോര്‍ജ്‌ ഫെര്‍ണാണ്ടസ്‌ പ്രതിരോധമന്ത്രിയായിരിക്കെ തുടങ്ങിവച്ച ബറാക്‌ രണ്ട്‌ മിസൈല്‍ ഇടപാടിനാണ്‌ ഇപ്പോള്‍ ടതരഞ്ഞെടുപ്പിനുമുമ്പ്‌ ആന്റണി അനുമതി നല്‍കിയിരിക്കുന്നത്‌. ഈ ഇടപാടില്‍ കൈക്കൂലിയുണ്ടെന്നാരോപിച്ച്‌ ഫെര്‍ണാണ്ടസ്‌, ജയ ജയ്‌റ്റ്‌ലി, ആര്‍ കെ ജയിന്‍ എന്നീ പാര്‍ട്ടീ നേതാക്കള്‍ക്കും സുരേഷ്‌ നന്ദ എന്ന ആയുധ ഇടനിലക്കാരനും എതിരെ സിബിഐ കേസ്‌ എടുത്തിരുന്നു. ഈ പശ്ചാത്തലത്തില്‍, ആന്റണി പ്രതിരോധമന്ത്രിയായ ഉടനെ ഇടപാട്‌ തല്‍ക്കാലത്തേക്കു മരവിപ്പിച്ചു.പക്ഷേ, ഇടപാട്‌ മുമ്പോട്ടു കൊണ്ടുപോകാനുള്ള പ്രവൃത്തികള്‍ അണിയറയില്‍ നടന്നു കൊണ്ടിരുന്നു.

2007 ജനുവരി അഞ്ചിന്‌ ആന്റണി, ഐഎഎസ്‌ ഗോമതി എന്ന യുദ്ധക്കപ്പലില്‍ നിന്ന്‌ വിക്ഷേപിച്ച ബറാക്‌-ഒന്ന്‌ മിസൈല്‍ ലക്ഷ്യം കാണുന്നതു കണ്ട്‌ കോരിത്തരിച്ചതായി പ്രതികരിക്കുകയുണ്ടായി. 2008 ജൂണ്‍ മൂന്നിന്‌ പാര്‍ലമെന്റിന്റെ കൂടിയാലോചനാ സമിതിയിലെ ഇടത്‌ അംഗങ്ങളായ പി ആര്‍ രാജന്‍, ശ്രമിക്‌ ലാഹി എന്നിവര്‍ ആന്റണിയെ കണ്ടു, ഡിആര്‍ഡിഒ വിദേശരാജ്യങ്ങളുമായുള്ള പങ്കാളിത്തം കുറച്ചുകൊണ്ടുവരണമെന്ന്‌ ആന്റണിയോട്‌ നിര്‍ദേശിച്ചു. ഡിആര്‍ഡിഒ മേധാവി എം ആര്‍ രാജന്‍ തന്നെയാണ്‌ ആന്റണിയുടെ പ്രതിരോധ ഉപദേഷ്‌ടാവ്‌.ഫെര്‍ണാണ്ടസിന്റെ കാലത്ത്‌ 1505 കോടി രൂപയുടെ ഇടപാടായിട്ടാണ്‌ ബറാക്‌-രണ്ട്‌ കരാര്‍ അറിയപ്പെട്ടിരുന്നത്‌. എന്നാല്‍ ആന്റണിയുടെ കാലത്ത്‌ ഇതെങ്ങനെ പതിനായിരംകോടി രൂപയുടെതായി വളര്‍ന്നുവെന്ന്‌ അറിഞ്ഞുകൂടാ. ഇത്രയും കോടി രൂപയുടെ കരാറില്‍ നിന്നു കമ്മീഷനുണ്ടെങ്കില്‍, അതുകൊണ്ട്‌ കോണ്‍ഗ്രസിനു തെരഞ്ഞെടുപ്പു ചെലവുകള്‍ എളുപ്പത്തില്‍ നടത്താന്‍ കഴിയും. പതിനായിരംകോടി രൂപയ്‌ക്കു കിട്ടുന്നത്‌ 12 ബറാക്‌ മിസൈല്‍ സംവിധാനങ്ങളാണ്‌. 60 കിലോമീറ്ററാണ്‌ ഇതിന്റെ പരിധി. ബറാക്‌ ഒന്നിന്റേത്‌ ഒമ്പത്‌ കിലോമീറ്റര്‍ മാത്രമാണ്‌.ഈ ഇടപാടിനെതിരെ കഴിഞ്ഞ മാസം ഒമ്പതിന്‌ പ്രകാശ്‌കാരാട്ടും, എ ബി ബര്‍ദാനും ചേര്‍ന്ന്‌ മന്‍മോഹന്‍സിംഗിന്‌ കത്തുനല്‍കിയിട്ടുണ്ട്‌. ആന്റണിക്കും കോപ്പി നല്‍കിയിട്ടുണ്ട്‌. ബറാക്‌-രണ്ട്‌ ഇതുവരെ ഇസ്രയേല്‍ വികസിപ്പിച്ചിട്ടു തന്നെയില്ല എന്നു കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഡിആര്‍ഡിഒ ഇത്തരം മിസൈല്‍ വികസിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്‌. ഇന്ത്യ വികസിപ്പിച്ചുകഴിഞ്ഞ മിസൈലിന്‌ മിസൈലുകളെയും വിമാനങ്ങളെയും നേരിടാന്‍ കഴിയും. എന്നാല്‍ ബറാക്‌-രണ്ട്‌ വികസിപ്പിച്ചാല്‍ അതിന്‌ വിമാനങ്ങളെ മാത്രമേ നേരിടാനാവൂ എന്നും കത്തില്‍ നിരീക്ഷിക്കുന്നു.ഇസ്രയേലിന്റെ ആയുധചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടാണ്‌ ഇത്‌. 2003 ഒക്‌ടോബറില്‍ ബിജെപിയുടെ കാലത്ത്‌ 5160 കോടി രൂപ കൊടുത്ത്‌, മൂന്ന്‌ ഫാല്‍ക്ക ചാരവിമാനങ്ങള്‍ ഇസ്രയേലില്‍ നിന്ന്‌ ഇന്ത്യ വാങ്ങിയിരുന്നു.ബിജെപിയുടെ ഇസ്രയേല്‍ നയം പിന്തുടരുകയാണ്‌ കോണ്‍ഗ്രസും ചെയ്‌തത്‌ എന്നു വ്യക്തമാണ്‌.

എന്നാല്‍ ആദ്യം മരവിപ്പിച്ച മിസൈല്‍ കരാര്‍ ആന്റണി ഇപ്പോള്‍ പുനരുജ്ജീവിപ്പിച്ചെങ്കില്‍ അതിന്റെ കാരണം എന്താണ്‌? അതു തുറന്നു പറയാന്‍ ആന്റണി തയ്യാറുണ്ടോ?ആന്റണി കളിക്കുന്ന ഈ രാജ്യാന്തര രാഷ്‌ട്രീയം മനസ്സില്‍ വച്ചുകൊണ്ട്‌ ദേശീയ രാഷ്‌ട്രീയത്തെ സമീപിക്കുകയും അവിടെ നിന്ന്‌ കേരളരാഷ്‌ട്രീയത്തിലേക്കു വരികയും ചെയ്‌താല്‍ അതു ചിന്തയ്‌ക്കു നല്ല വളമാകും. ഗാസയില്‍ മുസ്‌ലിംകളെ ഇസ്രയേല്‍ കൂട്ടക്കൊലചെയ്‌ത സംഭവം തീര്‍ച്ചയായും മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി പ്രസംഗങ്ങളില്‍ ഉയര്‍ത്തുമെന്നു നമുക്കറിയാം. അതോടൊപ്പം നമുക്കറിയേണ്ട ഒരു കാര്യം, ആ കൂട്ടക്കൊലയെ ആന്റണി അപലപിച്ചോ എന്ന ചോദ്യം കൂടി സിപിഎം ഉയര്‍ത്തുമോ എന്നതാണ്‌. ഇസ്രയേലിനെസംബന്ധിച്ച തന്റെ നിലപാട്‌, ഫലസ്‌തീന്‍ പ്രശ്‌നങ്ങളില്‍ ഇസ്രയേല്‍ സ്വീകരിക്കുന്ന രാക്ഷസീയ സമീപത്തോടുള്ള തന്റെ നിലപാട്‌ ആന്റണി തുറന്നുപറയാന്‍ തയ്യാറുണ്ടോ?

ഇഎംഎസ്‌ ജീവിച്ചിരുന്നെങ്കില്‍ ഈ ചോദ്യം ഉയര്‍ത്തുമായിരുന്നു എന്നാണ്‌ എനിക്കു തോന്നുന്നത്‌. തെരഞ്ഞെടുപ്പ്‌രംഗത്ത്‌ അഗാധമായ വിഷയങ്ങള്‍ ഉയരാതെപോകുന്നു എന്നത്‌ ഇഎംഎസിന്റെ അസാന്നിധ്യം വരുത്തിയ ശൂന്യതകളില്‍ ഒന്നാണ്‌. ഇഎംഎസ്സിന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ പോലും കെഇഎന്‍ കുഞ്ഞഹമ്മദ്‌ യോഗ്യനല്ല എന്നത്‌, അഗാധമായ ഒരു വിഷയവും ഇന്നുവരെ ഉയര്‍ത്തിയിട്ടില്ലാത്ത അദ്ദേഹം തന്നെ സമ്മതിക്കും. പക്ഷേ, നിര്‍ഭാഗ്യവശാല്‍ പിണറായി വിജയന്‍ ഇന്നത്തെ ഇഎംഎസായിപ്പോയി കുഞ്ഞഹമ്മദ്‌!ഇസ്രയേലിന്റെ കാര്യത്തില്‍ ആന്റണി വാ തുറക്കില്ല എന്ന സത്യം വച്ച്‌ നാം മനസ്സിലാക്കേണ്ടത്‌, ആന്റണി ഇന്ന്‌ കേരളരാഷ്‌ട്രീയത്തിലെ കളിക്കാരന്‍ മാത്രമല്ല, രാജ്യാന്തര രാഷ്‌ട്രീയത്തിലെ പാവകളില്‍ ഒരാള്‍ കൂടിയാണ്‌ എന്നാണ്‌. മറ്റെവിടെ നിന്നോ സന്ദേശങ്ങള്‍ പിടിച്ചെടുക്കുന്ന ആന്റിനയാണ്‌ ഇന്ന്‌ ആന്റണി.അതുകൊണ്ട്‌ ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ ആന്റണിയെ സംബന്ധിച്ചിടത്തോളം ദേശീയതലത്തിലും പ്രാദേശികതലത്തിലും മാത്രമല്ല, രാജ്യാന്തര തലത്തില്‍കൂടി പ്രാധാന്യമുള്ളതായി മാറുന്നു. അദ്ദേഹത്തിന്‌, കേരളത്തില്‍ എറ്റവുമധികം കോണ്‍ഗ്രസുകാരെ ജയിപ്പിക്കണം. കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ആന്റണി ഗംഭീരമായി ഇടപെടുന്നത്‌ ഇക്കാരണങ്ങളാലാണ്‌.ഉമ്മന്‍ചാണ്ടിയും കരുണാകരനും ചെന്നിത്തലയുമൊക്കെ കേരളത്തില്‍ അതതു സ്ഥാനങ്ങളില്‍ തുടരുന്നത്‌ ആന്റണി സഹിക്കും. പക്ഷേ, കേരളത്തിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക അവര്‍ മാത്രമായി തയാറാക്കുന്നത്‌ അദ്ദേഹം സഹിക്കില്ല. മറ്റുള്ളവരുടെ രാഷ്‌ട്രീയ സമ്മര്‍ദ്ദം തന്റെമേല്‍ ഉണ്ടാകുന്നത്‌ ആന്റണിക്കു പഥ്യമല്ല. ഒരുപക്ഷേ, രാഷ്‌ട്രീയ സമ്മര്‍ദ്ദം തെരഞ്ഞെടുപ്പിനു ശേഷം തനിക്കുമേല്‍ ചെലുത്താത്ത തരം സ്ഥാനാര്‍ത്ഥികളെ കേരളത്തില്‍ ആന്റണി കണ്ടെത്തുന്നത്‌ ഇക്കാരണങ്ങളാലായിരിക്കും. ഇതുകൊണ്ടാണ്‌ പൊതുവേ രാഷ്‌ട്രീയത്തില്‍ കരുത്തുകാട്ടിക്കഴിഞ്ഞവര്‍ക്കു പകരം, ശശി തരൂരിനെപ്പോലെയും ടി പി ശ്രീനിവാസനെപ്പോലെയുമുള്ളവരുടെ പേരുകള്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികളായി ആദ്യം മുതലേ നാം കേട്ടത്‌. ആന്റണി മത്സരിക്കുന്നില്ല എന്ന ന്യായംപറഞ്ഞ്‌ മുതിര്‍ന്ന ചില നേതാക്കളെ ഒഴിവാക്കാനും എളുപ്പമാകും.

കേരളത്തിലെ മുസ്‌ലിംകള്‍ ഇടതുപക്ഷത്തോടു ചായുന്നതും ആന്റണിയെപ്പോലുള്ള കോണ്‍ഗ്രസുകാര്‍ ഇസ്രയേല്‍ പക്ഷത്തേക്കു ചായുന്നതും പരസ്‌പരം ബന്ധപ്പെട്ട കാര്യങ്ങളും പരസ്‌പരം മനസ്സിലാക്കിയിട്ടുള്ള കാര്യങ്ങളും ആണെന്നു ഞാന്‍ കരുതുന്നു. ആന്റണി തന്റെ രാഷ്‌ട്രീയജീവിതത്തില്‍ രണ്ടു തവണയെങ്കിലും ന്യൂനപക്ഷവിരുദ്ധ പ്രസ്‌താവന നടത്തിയിട്ടുണ്ട്‌. ന്യൂനപക്ഷങ്ങള്‍ക്കു സംഘടിതശക്തിയുള്ളതു കൊണ്ട്‌ അവര്‍ വിലപേശുകയും സ്ഥാനങ്ങള്‍ കൈക്കലാക്കുകയും ചെയ്യുന്നു എന്നാണ്‌ ആന്റണി പറഞ്ഞത്‌. ഇതാദ്യം ആന്റണി പറഞ്ഞത്‌ മത്തായിമാഞ്ഞൂരാന്‍ സ്‌മാരക പ്രഭാഷണത്തിലായിരുന്നു. രണ്ടാമത്‌ പറഞ്ഞത്‌ ഒടുവില്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും. രണ്ടാമതു പറഞ്ഞപ്പോഴാണ്‌ മുസ്‌ലിംലീഗ്‌ ആന്റണിയോട്‌ ഇടഞ്ഞതും ആന്റണിക്കു മുഖ്യമന്ത്രിസ്ഥാനം നഷ്‌ടപ്പെട്ടതും.ആന്റണി ന്യൂനപക്ഷങ്ങളെ വിമര്‍ശിച്ചപ്പോള്‍ എതിര്‍ത്തതു മുസ്‌ലിംലീഗാണെന്നതും കത്തോലിക്കാ സഭ ആന്റണിക്കെതിരെ രംഗത്തുവന്നില്ല എന്നതും ശ്രദ്ധിക്കണം. ആന്റണിയുടെ പ്രസ്‌താവന ക്രൈസ്‌തവരെ ലക്ഷ്യമാക്കിയായിരുന്നില്ല, മുസ്‌ലിംകളെ ലക്ഷ്യമാക്കിക്കൊണ്ടായിരുന്നുവെന്ന്‌ മുസ്‌ലിംലീഗിനു മനസ്സിലായി എന്നര്‍ത്ഥം. തിരുത്തല്‍വാദത്തിനു ശേഷം ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ ഉപതെരഞ്ഞെടുപ്പില്‍ തിരൂരങ്ങാടിയില്‍ ലീഗ്‌ ആന്റണിയെ ചുമന്നകാലത്ത്‌ ആന്റണി ലീഗിനു പ്രിയപ്പെട്ടവനായിരുന്നു. പിന്നീട്‌ ആന്റണി മുസ്‌ലിം വിരുദ്ധനായതില്‍ ആന്റണിക്ക്‌ രഹസ്യഅജണ്ടയുണ്ട്‌ എന്നു നാം കാണണം. ഈ അജണ്ട ഫലസ്‌തീന്‍ പ്രശ്‌നത്തില്‍ പാലിക്കുന്ന മൗനവുമായി കൂട്ടിവായിച്ചാല്‍ സംഗതി പിടികിട്ടും. കെ വി തോമസ്‌ പണ്ട്‌ ഇസ്രയേലിനോടു സ്‌നേഹം കാണിച്ചു പുലിവാല്‍ പിടിച്ചതിനാലും ആന്റണി സ്വന്തം അജണ്ട നടപ്പാക്കുന്ന കാര്യമായതിനാലും ആന്റണി ഒന്നും വിട്ടുപറയുകയില്ല. പക്ഷേ, ആന്റണിയുടെ ഇത്തരം അജണ്ടകള്‍ നന്നായി അറിയുന്ന ആളാണ്‌ കുറഞ്ഞപക്ഷം ഇ അഹമ്മദ്‌ എന്നു കരുതണം. അഹമ്മദ്‌ കേന്ദ്രമന്ത്രിയായത്‌ ആന്റണിയുടെ സഹായത്താലല്ല, കരുണാനിധിയുടെ കരുണയാലാണ്‌. അഹമ്മദ്‌ അന്നു മുഖ്യമന്ത്രിയായിരുന്ന ആന്റണിയെ വിശ്വസിച്ചില്ല; തങ്ങളുമായി തമിഴ്‌നാട്ടില്‍ സഖ്യത്തിലായ ഡിഎംകെയെ ആണ്‌ വിശ്വസിച്ചത്‌.സിപിഎം പതിവുപോലെ മുസ്‌ലിംകളെ ആകര്‍ഷിക്കുന്നത്‌ ആന്റണിയുടെ വലിയ അജണ്ടകള്‍ മനസ്സിലാക്കിയിട്ടാണ്‌ എന്നു കരുതുകവയ്യ. 1991ല്‍ ജില്ലാ കൗണ്‍സിലുകള്‍ സദ്ദാംഹുസൈന്റെ പേരില്‍ സിപിഎം തൂത്തുവാരിയപ്പോള്‍ ഈയൊരു ലൈന്‍ കൊണ്ടു ഗുണമുണ്ട്‌ എന്നു തോന്നുകയും ആ പ്രായോഗികതയ്‌ക്ക്‌ അടിപ്പെടുകയും ചെയ്‌തു എന്നതാണു വാസ്‌തവം. മുസ്‌ലിം സംഘടനകള്‍ പൊതുവെ അമേരിക്കന്‍ വിരുദ്ധരായതിനാല്‍ സിപിഎമ്മില്‍ കണ്ട അമേരിക്കന്‍ വിരുദ്ധതയുമായി കൂട്ടുചേരുകയും ചെയ്‌തു. ഈ ചേര്‍ച്ചകൊണ്ടു സിപിഎമ്മിനു മഞ്ചേരിയില്‍ കിട്ടിയ ഗുണം വ്യാപിപ്പിക്കാന്‍ കഴിയുമോ എന്നതാണ്‌ പാര്‍ട്ടി ഈ തെരഞ്ഞെടുപ്പില്‍ ഉറ്റുനോക്കുന്ന പ്രധാന ഉന്നം. അതുകൊണ്ട്‌, സിപിഎമ്മിന്‌ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംകള്‍ മറ്റേതു സമുദായത്തെക്കാളും പ്രധാനമാണ്‌. ഇന്നത്തെ നിലയില്‍ ജമാഅത്തെ ഇസ്‌ലാമി മാത്രമല്ല, സിപിഎം ആക്രമണം നേരിട്ട എന്‍ഡിഎഫ്‌ അഥവാ പോപ്പുലര്‍ ഫ്രണ്ട്‌ ഉള്‍പ്പെടെ, മുസ്‌ലിംകള്‍ക്കിടയിലെ മുള്ളുമുരടു മൂര്‍ഖന്‍പാമ്പുകളെല്ലാം സിപിഎം പാളയത്തിലായിരിക്കും. പൊതുവെ ആഭ്യന്തരക്കുഴപ്പത്തില്‍ പെട്ടുഴലുകയും മോശം ഭരണത്തില്‍ പരിതപിക്കുകയും ചെയ്‌ത സിപിഎമ്മിന്റെ പ്രതീക്ഷ മുസ്‌ലിംകളിലും മലബാറിലുമായിരിക്കും. കോണ്‍ഗ്രസ്‌ മുന്നണി ജയിക്കുകയും സിപിഎമ്മും ലീഗും ക്ഷീണിക്കുകയും ചെയ്യുമെന്ന്‌ തോന്നുന്ന സാഹചര്യത്തില്‍ നിന്ന്‌ സിപിഎം മുന്നണിയെ പിടിച്ചുകയറ്റാന്‍ കഴിയുന്ന ഒരേ ഒരാള്‍ ആന്റണിയാണ്‌. പക്ഷേ, ആന്റണിക്കെതിരായ പണി എടുക്കാന്‍ ഇന്ന്‌ ഇഎംഎസില്ല. അതുകൊണ്ട്‌ ഈ തെരഞ്ഞെടുപ്പില്‍ രക്ഷപ്പെടുന്നയാള്‍ ആന്റണിയായിരിക്കും.

Tuesday, March 17, 2009

Wednesday, March 11, 2009

പൊറുക്കുക പ്രഭോ, ഞങ്ങള്‍ കുറ്റവാളികളാണ്‌...!

link to the article here
പൊറുക്കുക പ്രഭോ, ഞങ്ങള്‍ കുറ്റവാളികളാണ്‌...!
ഇബ്‌റാഹിം സഖാഫി പുഴക്കാട്ടിരി

``...ഇന്ന്‌ നീ മാത്രമാണ്‌/ എന്റെ പ്രേമഭാജനം,/ എന്റെ ഒരേയൊരു രക്ഷകന്‍;/ നിന്റെ ശിക്ഷയ്‌ക്കര്‍ഹയാണ്‌ ഞാന്‍/ സ്‌നേഹത്തിന്റെ ലഹരിയും / സ്‌നേഹാന്ത്യത്തിന്റെ വ്യഥയും/ ഞാന്‍ എന്നേ പഠിച്ചിരിക്കുന്നു./ സ്‌നേഹത്തിന്റെ ചൂടും/ കൊടും ക്രൗര്യവും/ അനുഭവിച്ചറിഞ്ഞ പ്രേമിക/ നരകാഗ്നിയെ/ എന്തിന്‌ ഭയപ്പെടണം? (കമലാ സുരയ്യ)
സ്‌നേഹമൊരു വികാരമാണ്‌. മാപിനികള്‍ കൊണ്ട്‌ അളന്നെടുക്കാനോ നിയന്ത്രണങ്ങള്‍ വച്ച്‌ പാകപ്പെടുത്താനോ കഴിയാത്ത അമൂര്‍ത്തപ്രതിഭാസം. കാമവും പ്രണയവും പ്രേമവുമൊക്കെ സ്‌നേഹത്തിന്റെ ഭാവതീവ്രതയനുസരിച്ചുള്ള പരിണാമസംജ്ഞകള്‍. മനുഷ്യന്റെയും മറ്റു ജീവികളുടെയും സാമൂഹികചലനങ്ങള്‍ കെട്ടുറപ്പോടെ കൊണ്ടുപോകുന്നത്‌ ഈയൊരു നിര്‍മല സ്വഭാവമാണെന്ന്‌ തിരിച്ചറിയുമ്പോള്‍, അതിനുമുമ്പില്‍ നമുക്ക്‌ ആദരപൂര്‍വം ശിരസ്സുകുനിക്കേണ്ടിവരുന്നു.വിശുദ്ധമതത്തില്‍ സ്‌നേഹത്തിനു വലിയ സ്ഥാനമുണ്ട്‌. കുടുംബ-രക്തബന്ധങ്ങള്‍ക്കപ്പുറവും പരസ്‌പരസ്‌നേഹം പുലര്‍ത്താന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാകുന്നു. `അന്യോന്യം സ്‌നേഹിക്കുന്നതുവരെ വിശ്വാസം പൂര്‍ത്തിയാവുകയോ സ്വര്‍ഗപ്രവേശം സാധ്യമാവുകയോ ഇല്ലെ'ന്ന നബിവചനം സ്‌നേഹത്തിന്റെ അനിവാര്യത കുറിക്കുന്നുണ്ട്‌. അല്ലാഹു ആദരിച്ച വേദഗ്രന്ഥം, കഅ്‌ബ, ആരാധനാലയങ്ങള്‍ തുടങ്ങിയ പ്രാണരഹിത വസ്‌തുക്കളെയും സ്‌നേഹിക്കാന്‍ കല്‍പിക്കപ്പെട്ടവരാണു നാം. മാതാപിതാക്കളോടും ഭാര്യാസന്താനങ്ങളോടുമൊക്കെയുള്ള സ്‌നേഹാഭിനിവേശം പ്രകൃതിയുടെ തന്നെ ആവശ്യമാണു താനും. പക്ഷേ, ഇതിനേക്കാളുമൊക്കെ ഇസ്‌ലാമിന്റെ നായകന്‍ മുഹമ്മദ്‌ (സ) സ്‌നേഹിക്കപ്പെട്ടു. എത്ര ശക്തമായ തൂലികകള്‍ കൊണ്ട്‌ വിശദീകരിച്ചാലും നീതിപുലര്‍ത്താനാവാത്തത്ര തീവ്രമായായിരുന്നു തിരുമേനി (സ)യെ അനുയായികള്‍ ഇഷ്‌ടപ്പെട്ടത്‌. സ്വന്തം കൃഷ്‌ണമണിയേക്കാള്‍ എന്നല്ല ആത്മാവിനേക്കാള്‍ കൂട്ടുകാര്‍ സ്‌നേഹിച്ചാദരിച്ച ചരിത്രത്തിലെ ഏക വ്യക്തിത്വം മുഹമ്മദ്‌ റസൂല്‍(സ) യാണെന്നത്‌ അവകാശവാദമല്ല; ആര്‍ക്കുമറിയാവുന്ന ലളിതയാഥാര്‍ത്ഥ്യം മാത്രം.
പ്രേമത്തിന്റെ പ്രമാണപക്ഷം
അല്ലാഹുവിലുള്ള വിശ്വാസത്തോടെ മതം പൂര്‍ണമാവുന്നില്ല. തുല്യപ്രാധാന്യത്തോടെ മുഹമ്മദ്‌(സ)യുടെ പ്രവാചകത്വവും വിശ്വസിക്കണം. അംഗീകരിച്ചു പ്രഖ്യാപിക്കണം. മതം അല്ലാഹുവിന്റെതാണെങ്കില്‍, അത്‌ ജനങ്ങളിലേക്കെത്തിക്കാന്‍ അവന്‍ തെരഞ്ഞെടുത്തയച്ച അസാധാരണ മനുഷ്യനാണ്‌ മുത്ത്‌റസൂല്‍(സ). ദൃഷ്‌ടിക്കുവിധേയനോ ശ്രവണേന്ദ്രിയങ്ങള്‍ കൊണ്ട്‌ കേള്‍ക്കാനാവുന്നവന്‍ പോലുമോ അല്ല അല്ലാഹു. അതുകൊണ്ടുതന്നെ മനുഷ്യന്‌ മതവുമായും ദൈവവുമായുമുള്ള പ്രത്യക്ഷബന്ധം പ്രവാചകന്‍ (സ) വഴിയേ സാധ്യമാവുകയുള്ളൂ. ദൈവമുണ്ടെന്ന്‌ അവര്‍ വിശ്വസിക്കുന്നതിന്റെ പ്രധാനകാരണം പോലും നബി(സ) അങ്ങനെ പറഞ്ഞു കൊടുത്തുവെന്നതാണ്‌. നരകവും സ്വര്‍ഗവും ഉള്‍ക്കൊള്ളുന്നതും ധര്‍മാധര്‍മങ്ങള്‍ വിവേചിച്ചറിയുന്നതും അവിടുത്തെ പ്രഖ്യാപനങ്ങള്‍ കൊണ്ടുതന്നെ. ദൈവവചന സമാഹാരമായ ഖുര്‍ആനും നബി(സ) മുഖേനയാണ്‌ ലോകത്തിനു ലഭിച്ചത്‌. ഈയൊരു വസ്‌തുത മുന്നില്‍ വച്ച്‌ ചിന്തിക്കുമ്പോള്‍, പ്രവാചകന്‍(സ)യെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കേണ്ടത്‌ മതത്തിന്റെ പ്രഥമനിബന്ധനകളില്‍ പെടുമെന്നത്‌ മനസ്സിലാക്കാനാവും. ശരിയായ സ്‌നേഹമില്ലെങ്കില്‍ വിശ്വാസം ഉള്‍ക്കൊള്ളാനാവുകയില്ലല്ലോ. പ്രത്യക്ഷ സൂചനകളും അടയാളങ്ങളുമുണ്ടായാല്‍പോലും സ്‌നേഹമില്ലാതെ വിശ്വാസിയായിരിക്കാന്‍ കഴിയില്ല. അതുകൊണ്ട്‌ നബി(സ)യെ സ്‌നേഹിക്കാന്‍ വിശുദ്ധഗ്രന്ഥം പലയാവര്‍ത്തി കല്‍പിച്ചിരിക്കുന്നു. ``മാതാപിതാക്കള്‍, സന്താനങ്ങള്‍, സഹോദരങ്ങള്‍, ഇണകള്‍, സമ്പല്‍സമൃദ്ധി, കച്ചവടവസ്‌തുക്കള്‍ തുടങ്ങി മനുഷ്യനെ സ്വാധീനിക്കുന്ന എന്തൊക്കെയുണ്ടോ അതിനേക്കാളൊക്കെയും നബി(സ)യെ സ്‌നേഹിക്കാനാണ്‌ അല്ലാഹു ആവശ്യപ്പെടുന്നത്‌. (9/24). മുത്ത്‌ നബി(സ) തന്നെ പ്രഖ്യാപിച്ചല്ലോ, ``മറ്റെന്തിനെക്കാളും ഞാന്‍ ഇഷ്‌ടമാവുന്നതുവരെ നിങ്ങളുടെ വിശ്വാസം പൂര്‍ണമല്ല.'' (ബുഖാരി) ശരിയാണ്‌, പ്രവാചകനില്ലെങ്കില്‍ പിന്നെന്ത്‌ വിശ്വാസം? വിശ്വാസനാട്യങ്ങള്‍ കണ്ടേക്കാം. എന്നാല്‍, അതിന്റെ സുതാര്യപ്രകടനത്തിന്‌ നബി(സ)യെ സ്‌നേഹിച്ചേ പറ്റൂ. വികലമായെങ്കിലും അല്ലാഹുവിന്നെ ആരാധിച്ചിരുന്നവരായിട്ടും മക്കയിലെ മുശ്‌രിക്കുകളും വിശ്വാസ പ്രകടനത്തില്‍ മികവ്‌ പുലര്‍ത്തിയിരുന്നിട്ടുകൂടി മുനാഫിഖുകളും അഭിശപ്‌തരായത്‌ മറ്റൊന്നുകൊണ്ടുമല്ല. ചുരുക്കത്തില്‍, നബി സ്‌നേഹമാണ്‌; ഇസ്‌ലാമിന്റെ ജീവല്‍ചൈതന്യം. ഖുര്‍ആനും ഹദീസുകളും പ്രവാചകസ്‌നേഹ പ്രോത്സാഹനവുമായി ശക്തമായി നിലകൊള്ളുന്നത്‌ നമുക്കുവേണ്ടി തന്നെയാണ്‌. എന്നെ സ്‌നേഹിക്കണമെന്ന്‌ തിരുനബി(സ) ഓര്‍മപ്പെടുത്തിയതും നമുക്കുവേണ്ടി മാത്രം. ഭൗതികപ്രേമങ്ങള്‍ നശ്വരമോഹങ്ങളുടെ സാക്ഷാല്‍ക്കാരത്തിനാണെങ്കില്‍ പൂര്‍ണവും അമേയവുമായ മോക്ഷമാണ്‌ നബിസ്‌നേഹത്തിന്റെ ഫലം. എങ്കില്‍, മരണശയ്യയില്‍ പോലും സമൂഹത്തെ ഓര്‍ത്ത്‌ വ്യഥപ്പെട്ട പുണ്യനായകന്‌ അത്‌ നിര്‍ബന്ധമായി കല്‍പിക്കാതിരിക്കാനാവുമോ?
സ്‌നേഹം കുത്തിയൊഴുകിയ പൂര്‍വികര്‍
‍പ്രേമഭാജനത്തെ അനുകരിക്കുക സ്വാഭാവികം. ജീവികക്രമണിക തന്നെ അദ്ദേഹത്തിന്റെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ക്കൊത്ത്‌ തയ്യാറാക്കുകയും ചെയ്യും. നബി(സ)യോടുള്ള സ്‌നേഹത്തിനും ഇതിനു സ്ഥാനമുണ്ട്‌. `നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്‍തുടരുക.' (വിഖു 3/31) എന്ന സൂക്തം ഇത്‌ വെളിപ്പെടുത്തുന്നു. അളന്നുമുറിച്ച്‌ വെട്ടിപാകപ്പെടുത്തിയേ നബി(സ)യെ സ്‌നേഹിക്കാവൂ എന്ന ദുരന്തവിശ്വാസക്കാര്‍ സ്‌നേഹത്തെ അനുസരണയില്‍ പിടിച്ചുകെട്ടുന്നു. അതിനപ്പുറമില്ല, പാടില്ല! നബി സ്‌നേഹമെന്നാല്‍ അവിടുന്ന്‌ കല്‍പിച്ച വിധിവിലക്കുകള്‍ പാലിക്കുക മാത്രമാണെന്നാണ്‌ അവരുടെ വിശദീകരണം. വരണ്ടഹൃദയത്തിന്റെ ലാവാപ്രവാഹമാണിത്‌. നബി(സ)യാകുന്ന വ്യക്തിത്വം അവര്‍ക്കൊന്നുമല്ല. അത്യത്ഭുത ജീവിതമോ അസാധാരണശേഷികളോ അഭൗമ സൗന്ദര്യമോ അവര്‍ക്ക്‌ മതിപ്പ്‌ പ്രദാനിക്കുന്നില്ല. അവരുടെ നബി ഏതൊരു സമകാലികനേയും പോലെ കേവലമൊരു അറബിപ്പയ്യന്‍ (എം എം അക്‌ബറിന്റെ പ്രയോഗം). ആധുനിക കപടവിശ്വാസികളാണിവര്‍. അബ്‌ദുല്ലാഹിബ്‌നു ഉബയ്യിന്റെ അനുയായികള്‍. നബി(സ)യെ സ്‌നേഹിക്കുന്നതിന്റെ ഭാഗം തന്നെയാണ്‌ അവിടുത്തെ തിരുചര്യ അനുസരിക്കുക എന്നത്‌. എന്നാല്‍ അതില്‍ മാത്രം നബിസ്‌നേഹം പരിമിതപ്പെടുത്തുന്നതാണ്‌ അപകടം. ചര്യ പിന്‍തുടരുന്നത്‌ സ്‌നേഹം കൊണ്ടുമാത്രമായിരിക്കണമെന്നില്ലല്ലോ. നരകത്തെ പേടിച്ചുമാവാം; പ്രകടനതല്‍പരതകൊണ്ടും ഇസ്‌ലാമിക സമൂഹത്തിലെ നേതൃത്വം കൊതിച്ചതുകൊണ്ടുമാവാം. സ്‌നേഹം അങ്ങനെയല്ല. അത്‌ മുത്ത്‌നബി(സ)യെ ഹൃദയത്തിന്റെ കാതലായി ഉള്‍ക്കൊണ്ടതുകൊണ്ടു തന്നെയാണ്‌. നമ്മെയും ലോകത്തെയും സ്വര്‍ഗനരകങ്ങളെയുമൊക്കെ സൃഷ്‌ടിക്കാന്‍ കാരണക്കാരനായ ലോകത്തിന്റെ പ്രകാശത്തെ സ്‌നേഹിക്കാതിരിക്കാന്‍ മനസ്സ്‌ മരുഭൂമിയായവര്‍ക്കേ കഴിയൂ.യാനബീ, അങ്ങേക്കപ്പുറം മറ്റെന്ത്‌?ദീന്‍ പഠിച്ച പൂര്‍വികര്‍ സ്‌കൈല്‍വച്ചായിരുന്നോ നായകനെ സ്‌നേഹിച്ചിരുന്നത്‌? ഒരിക്കലുമല്ല. നബി സ്‌നേഹത്തിനപ്പുറം അവര്‍ക്കൊന്നുമുണ്ടായിരുന്നില്ല. കുടുംബത്തിന്റെ ഓരോ കണ്ണിയും ഹൃദയത്തിന്റെ കണികകള്‍ വരെ അവര്‍ പ്രവാചകപ്രേമത്തിന്റെ അഗ്നിജ്വാലയില്‍ ഹോമിച്ചത്‌ ചരിത്രം.വിശ്വാസികളുടെ ആവേശം കെടുത്താന്‍ ശത്രുക്കളെടുത്ത കുതന്ത്രമായിരുന്നു മുഹമ്മദ്‌ കൊല്ലപ്പെട്ടുവെന്ന കിംവദന്തി. രംഗം നിര്‍ണായകഘട്ടത്തിലേക്കു നീങ്ങുന്ന ഉഹ്‌ദ്‌യുദ്ധം. ശത്രുക്കളുടെ ധാരണ ശരിയായിരുന്നു. സ്വഹാബികള്‍ അതോടെ വിവശരായി. പലരും വാള്‍ താഴെയിട്ടു. നാം ആര്‍ക്കുവേണ്ടി ജീവിക്കുന്നു, ഏതൊരു മുഖം കാണാതെ നമുക്ക്‌ സമാധാനം ലഭിക്കാതിരിക്കുന്നു, ഈ ലോകം ആര്‍ക്കുവേണ്ടി സംവിധാനിക്കപ്പെട്ടു- അദ്ദേഹം മരണപ്പെട്ടിരിക്കുന്നു. സ്‌നേഹാധിക്യത്താല്‍ വരിഞ്ഞുമുറികിയിരുന്ന അവര്‍ക്ക്‌ കൈ പൊങ്ങാതെയായി. വാര്‍ത്ത മദീനയില്‍ പെട്ടെന്നു പ്രചരിച്ചു. കേട്ടമാത്രയില്‍ സ്‌ത്രീകളും കുട്ടികളും നിലവിളിച്ച്‌ പുറത്തിറങ്ങി. പിതാവും ഭര്‍ത്താവും പുത്രനും സഹോദരങ്ങളും ഉഹ്‌ദിലേക്ക്‌ പോയ ഒരു അന്‍സ്വാരി വനിത യുദ്ധക്കളത്തിലൂടെ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കുന്നു. ബന്ധുക്കളില്‍ ഓരുത്തരുടെയും മരണവാര്‍ത്തയറിഞ്ഞിട്ടും നിസ്സംഗതയോടെ ഇത്‌ തുടര്‍ന്നു. ഇണയുടെയും കുടുംബത്തിന്റെയും ദുരന്തമൊന്നുമല്ല മഹതിയെ ആകുലപ്പെടുത്തിയത്‌. അവസാനം സ്‌നേഹസ്വരൂപത്തെ കണ്ടെത്തി അപകടമൊന്നും സംഭവിച്ചില്ലെന്നുറപ്പിച്ചപ്പോഴേ അവര്‍ക്ക്‌ മനശ്ശാന്തി വന്നുള്ളൂ. നബി(സ)യുടെ വസ്‌ത്രം പിടിച്ചുകുലുക്കിക്കൊണ്ട്‌ മഹതി പറഞ്ഞു: ``അങ്ങേക്കൊന്നും പറ്റിയിട്ടില്ലെങ്കില്‍, നേരിട്ട മറ്റു നഷ്‌ടങ്ങളൊന്നും ഒരു പ്രശ്‌നമേ അല്ല, തിരുദൂതരേ...!''ബനൂഖൈന്‍ ഗോത്രത്തിലെ ചില കൊള്ളക്കാര്‍ ഹാരിസ-സഅ്‌ദാ ദമ്പതികളുടെ പൊന്നോമനയെ തട്ടിക്കൊണ്ടുപോയി. കുടുംബത്തിന്റെ വെളിച്ചമായിരുന്ന പ്രിയമകനെ ഓര്‍ത്ത്‌ കരഞ്ഞും നീറിയും ദിനങ്ങള്‍ തള്ളിനീക്കി അവര്‍. പലപ്പോഴും പുത്രനഷ്‌ടത്താല്‍ തീതിന്ന്‌ ഭ്രാന്തനെപ്പോലെ കവിതചൊല്ലി ഹാരിസ നടന്നു. അവസാനം സന്തോഷത്തിന്റെ കുത്തൊഴുക്കുമായി ആ വാര്‍ത്ത അവരുടെ കാതിലുമെത്തി. കൊള്ളക്കാര്‍ വിറ്റ പുത്രന്‍ പലകൈകള്‍ മാറിമറിഞ്ഞ്‌ മക്കയില്‍ ഒരാളുടെ സേവകനായി ജീവിച്ചിരിക്കുന്നു. പുതിയ പ്രവാചകന്‍ മാന്യനായ മുഹമ്മദിന്റെ വിശ്വസ്‌തനായ സൈദ്‌! പുത്രമോചനത്തിനായി വന്‍ സമ്പത്തുമായി തിരുനബി(സ)യെ സമീപിച്ച ഹാരിസയോടും കൂട്ടുകാരോടും അവിടുന്നു പ്രഖ്യാപിച്ചു: ഒരു പ്രതിഫലവും വേണ്ട; അവന്റെ സമ്മതം മാത്രം മതി! ആഹ്ലാദം കൊണ്ട്‌ ആഗതരുടെ ഹൃദയം വീര്‍പ്പുമുട്ടി. വര്‍ഷങ്ങളായി കാണാന്‍ കൊതിക്കുന്ന പിതാവും മാതാവും ജന്മഭൂമിയും കൂട്ടുകാരുമൊക്കെ നോവുന്ന ഓര്‍മകളായി എരിഞ്ഞൊടുങ്ങുകയാവേണ്ട സൈദിന്‌ സ്വദേശത്തേക്ക്‌ രക്ഷപ്പെടാന്‍ അവസരം ലഭിക്കുമ്പോള്‍, അവനത്‌ തെരഞ്ഞെടുക്കാതിരിക്കില്ല. അതോടെ ഒരു പൈസയും നഷ്‌ടപ്പെടാതെ പുത്രനെ വീണ്ടെടുക്കാം...! പക്ഷേ, വെറുതെയായിരുന്നു ഈ വിചാരം. അവിടെ ഒരുമിച്ചുകൂടിയ ബന്ധുക്കളെ മുഴുക്കെ ഞെട്ടിച്ചുകൊണ്ട്‌ സൈദ്‌ പ്രഖ്യാപിച്ചു: ഇല്ല, ഒരിക്കലുമില്ല. എന്റെ പ്രിയനായകന്‍ റസൂലിനെ വിട്ട്‌ എങ്ങോട്ടുമില്ല. ഈ സ്‌നേഹ പ്രവാഹത്തെ ഭൗതികതയുടെ ഏതു അളവുകോല്‍ വച്ച്‌ തിട്ടപ്പെടുത്താനാവും.നബി(സ)യായിരുന്നു അവര്‍ക്കെല്ലാം. അവിടുത്തെ താല്‍പര്യങ്ങള്‍ക്ക്‌ അനുസരിച്ചുമാത്രം അവര്‍ ചലിച്ചു. നബി(സ)യുടെ ഇഷ്‌ടം മാത്രമായിരുന്നു അവരുടെ പരിഗണന. അങ്ങനെയാണ്‌ അതുവരെ താന്‍ കഠിനമായി വെറുത്തിരുന്ന `ചുരങ്ങ' നബി(സ) പ്രത്യേകം തിരഞ്ഞെടുത്ത്‌ ഭക്ഷിക്കുന്നത്‌ കണ്ടതുമുതല്‍ അനസ്‌(റ)ന്‌ ഇഷ്‌ടവിഭവമായത്‌. സ്വപിതാവ്‌ അബൂകുഹാഫ ഇസ്‌ലാമിലേക്ക്‌ കടന്നുവരുന്നതിനേക്കാള്‍ അന്യനായ അബൂത്വാലിബ്‌ പ്രവേശിക്കുന്നതാണ്‌ തനിക്കിഷ്‌ടമെന്ന്‌ അബൂബക്കര്‍(റ) പറഞ്ഞതും ഈയര്‍ത്ഥത്തിലാണ്‌. അഥവാ, അബൂത്വാലിബ്‌ ഇസ്‌ലാമാവുന്നതിലാണ്‌ റസൂല്‍(സ)ക്ക്‌ കൂടുതല്‍ ആനന്ദം. എങ്കില്‍, പിതാവിന്റെ മോചനത്തെക്കാള്‍ അതിഷ്‌ടപ്പെടുകതന്നെ. സമാനമാണ്‌ ഫാറൂഖ്‌ ഉമറി(റ)ന്റെ കാര്യവും. ഒരവസരത്തില്‍, അന്ന്‌ അവിശ്വാസിയായിരുന്ന പ്രവാചക പിതൃവ്യനോട്‌ മഹാന്‍ ഓര്‍മപ്പെടുത്തി: അബ്ബാസ്‌, താങ്കള്‍ സത്യമവലംബിക്കുന്നത്‌ എന്റെ പിതാവ്‌ ഖത്താബ്‌ മുസ്‌ലിമാവുന്നതിനെക്കാള്‍ എനിക്ക്‌ സന്തോഷം പകരും. എന്തുകൊണ്ടെന്നാല്‍ അതാണ്‌ എന്റെ നായകന്‌ കൂടുതലിഷ്‌ടം. നോക്കുക; ഇവിടെയൊക്കെയും സ്വന്തം മാതാപിതാക്കളെക്കാള്‍ സൈദും സിദ്ദീഖും ഫാറൂഖും (റ-ഉം) തിരുദൂതരുടെ ആനന്ദത്തിനു പ്രാധാന്യം നല്‍കുന്നു.നീതിയുടെ പര്യായമെന്ന്‌ ലോകം വിശേഷിപ്പിച്ച ഉമര്‍(റ)ന്റെ ഭരണകാലം. യുദ്ധാര്‍ജിത സമ്പത്ത്‌ ഓരോരുത്തരുടെയും യോഗ്യതയും ഇസ്‌ലാമിലെ സ്ഥാനവുമനുസരിച്ച്‌ ഖലീഫ വിതരണം ചെയ്യുകയാണ്‌. സ്വന്തം പുത്രന്‍ അബ്‌ദുല്ലയുടെ ഇരട്ടിസ്വത്ത്‌ ഖലീഫ ഉസാമ(റ)ക്ക്‌ നല്‍കുന്നു. ഉസാമയെ അറിയില്ലേ? ആഫ്രിക്കന്‍ വംശജ ഉമ്മുല്‍ഐമന്‍(റ) യില്‍ സൈദി(റ)നു ജനിച്ച കറുകറുത്ത ധീരന്‍. ഹസന്‍(റ)നെ ഒരു കാലിലും തന്നെ മറുകാലിലുമിരുത്തി പലപ്പോഴും ലോകനായകന്‍ കളിപ്പിച്ചിരുന്ന മിടുക്കന്‍. ഇതില്‍ നീരസം പ്രകടിപ്പിച്ച ആയിശ(റ) യോട്‌ `ഞാന്‍ അവനെ സ്‌നേഹിച്ചതുകൊണ്ട്‌ നീയും സ്‌നേഹിച്ചേ പറ്റൂ'വെന്ന്‌ തിരുനബി(സ) കല്‍പിച്ച ഭാഗ്യവാന്‍. സിദ്ദീഖും ഫാറൂഖും അലിയും(റ) അടങ്ങുന്ന നേതാക്കളുടെ നേതാവായി രണ്ടുലക്ഷത്തില്‍പരം റോമക്കാരെ നേരിടാനുള്ള മുസ്‌ലിംസൈന്യത്തിന്‌ പുണ്യറസൂല്‍(സ) നിയോഗിച്ച ഇരുപതുകാരനായ സൈന്യാധിപന്‍. ഉസാമക്ക്‌ ഇരട്ടിമുതല്‍ ലഭിച്ചതുകണ്ട്‌ മുത്തബിഉസ്സുന്ന ഇബ്‌നുഉമര്‍(റ) പിതാവിനെ തിരുത്താന്‍ ശ്രമിച്ചു:`അദ്ദേഹത്തിന്റെ പിതാവിന്‌ എന്റെ പിതാവിനെക്കാള്‍ ഒരു യോഗ്യതയുമില്ല. അദ്ദേഹത്തിന്‌ എന്നെക്കാള്‍ വല്ല ഗുണവും എനിക്ക്‌ കാണാനുമാവുന്നില്ല. എന്നിട്ടും എന്റെ ഇരട്ടി ഉസാമക്ക്‌ നല്‍കുയോ?' ഉമറുല്‍ഫാറൂഖിന്‌(റ) മറുപടിക്ക്‌ സാവകാശം വേണ്ടിവന്നില്ല. അവിടുന്നു പ്രഖ്യാപിച്ചു: അബ്‌ദുല്ലാ, ഉസാമയുടെ പിതാവ്‌ സൈദിനെ, നിന്റെ പിതാവ്‌ ഉമറിനെക്കാള്‍ മുത്ത്‌നബിക്ക്‌ ഇഷ്‌ടമായിരുന്നു. അവിടുത്തേക്ക്‌ നിന്നെക്കാള്‍ വലിയ സ്‌നേഹം ഉസാമയോടായിരുന്നു. (രിജാലുന്‍ ഹൗലറസൂല്‍: 382) നബി(സ) സ്‌നേഹിച്ചുവെന്നതിനപ്പുറം മറ്റെന്തു യോഗ്യതയാണു വേണ്ടതെന്നു ലോകത്തെ പഠിപ്പിക്കുകയായിരുന്നു ഉമര്‍(റ). ചെറുപ്പക്കാരനായ ഉസാമയെ ഖലീഫയായ ഉമര്‍(റ) `നേതാവേ' എന്നുവിളിക്കുന്നതു കേള്‍ക്കുമ്പോള്‍ ചില സ്വഹാബികള്‍ അതില്‍ അസാംഗത്യം കണ്ടു. ഖലീഫയോട്‌ അവരത്‌ തുറന്നുപറയുകയും ചെയ്‌തു. അപ്പോഴും ഉമറിന്റെ പ്രതികരണം നബി സ്‌നേഹം മുന്‍നിര്‍ത്തിയായത്‌ നാമറിയുക. അദ്ദേഹം വിശദീകരിച്ചതിങ്ങനെ: `ഉസാമയെ എന്റെ നേതാവാക്കി വച്ചത്‌ പുണ്യറസൂലാണ്‌. റസൂലിന്റെ താല്‍പര്യമങ്ങനെയാണെങ്കില്‍ അത്‌ പ്രഖ്യാപിക്കുന്നതിന്‌ എനിക്കെന്തു തടസ്സം?' പറഞ്ഞല്ലോ, അവരുമായി ബന്ധപ്പെടുന്ന എന്തിനേക്കാളും പൂര്‍വീകര്‍ക്ക്‌ റസൂലിന്റെ ഇഷ്‌ടമായിരുന്നു പ്രധാനം. ചില സ്‌നേഹപ്രകടനങ്ങളൊക്കെ നമുക്കും പരിചയമുണ്ട്‌. പക്ഷേ, കളിക്കൂട്ടുകാര്‍, സഹപ്രവര്‍ത്തകര്‍, സമകാലികര്‍, ബന്ധുക്കള്‍, പിഞ്ചുകുഞ്ഞുങ്ങള്‍, നൂറ്റാണ്ടുകള്‍ക്കുശേഷവും യഥാര്‍ത്ഥാനുയായികള്‍ എല്ലാവരും ജീവനെക്കാള്‍ സ്‌നേഹിക്കുന്ന ഒരേയൊരു നേതാവ്‌ തിരുനബി(സ) യല്ലാതെ മറ്റാരുണ്ട്‌?സ്‌നേഹിച്ചതിനെ സ്‌നേഹിക്കുകനബി(സ) സ്‌നേഹിച്ചു എന്നതുകൊണ്ടു മാത്രം സ്വയേച്ഛയുടെ താല്‍പര്യം വിരുദ്ധമായിരുന്നിട്ടും സ്‌നേഹത്തിനു പുനഃക്രമീകരണം നടത്തിയവരായിരുന്നു സ്വഹാബികള്‍. ഞാന്‍ സ്‌നേഹിക്കുന്നതുകൊണ്ട്‌ ഉസാമയെ നീയും സ്‌നേഹിക്കണമെന്ന്‌ ആയിശ(റ)യോട്‌ നബി(സ) കല്‍പ്പിച്ചപ്പോള്‍, ഇക്കാര്യം അവിടുന്ന്‌ വ്യക്തമാക്കുകയും ചെയ്‌തു. സ്വപുത്രി ഫാത്വിമ(റ)യെക്കുറിച്ച്‌ പഠിപ്പിച്ചതിങ്ങനെ. ``ഫാത്വിമ എന്റെ ഭാഗമാണ്‌. അവളെ ഇഷ്‌ടപ്പെട്ടവര്‍ എന്നെയും ഇഷ്‌ടപ്പെട്ടു. വെറുത്തവര്‍ എന്നെയും വെറുത്തിരിക്കുന്നു''. അതായത്‌, നബി(സ)യെ സ്‌നേഹിക്കുന്നതിന്റെ ഭാഗമാണ്‌ അവിടുന്ന്‌ സ്‌നേഹിച്ച കാര്യങ്ങളും വസ്‌തുക്കളും പ്രിയംവെക്കുക എന്നത്‌. ഇവിടെ ദുഃഖത്തോടെ നാം ഒരു വിചാരണക്കൊരുങ്ങേണ്ടതുണ്ട്‌. നബി(സ)ക്കും ഇസ്‌ലാമിനും മാനഹാനി വരുത്തി വൈകൃതങ്ങളുടെ കൂട്ടാളികളായി സമുദായാംഗങ്ങള്‍ മാറുന്നതെന്തുകൊണ്ട്‌? റസൂല്‍(സ)ക്ക്‌ കൊടുത്തതില്‍ പിന്നെ വലതുകരം ലൈംഗികാവയവത്തില്‍ സ്‌പര്‍ശിക്കാതെ സൂക്ഷിച്ച ഉസ്‌മാനുബ്‌നുഅഫാന്‍(റ)വില്‍ നിന്ന്‌ ആധുനികര്‍ എത്ര അകലത്തിലാണുള്ളത്‌. നബി(സ)യുടെ ശബ്‌ദത്തേക്കാള്‍ നിങ്ങളുടെ സ്വരമുയരരുതെന്ന ഖുര്‍ആന്‍ സൂക്തമവതരിച്ചതിനു ശേഷം, ഉയര്‍ന്ന ശബ്‌ദക്കാരനായതിനാല്‍ മുമ്പ്‌ പലപ്പോഴും നബി(സ)യെക്കാള്‍ ഉറക്കെ സംസാരിച്ചതോര്‍ത്ത്‌ ദുഃഖിച്ച്‌ പരവശനായി മരണവക്‌ത്രത്തിലെത്തിയ സാബിതുബ്‌നുഖൈസ്‌(റ)ന്റെ പിന്‍ഗാമികള്‍ക്ക്‌ നബി(സ)യെ വികൃതപ്പെടുത്തുന്ന ഒന്നിലധികം പ്രവണതകളുണ്ടായിട്ടും മനസ്സറിഞ്ഞൊരു നടുക്കംപോലും വരാതിരിക്കുന്നു; നമ്മുടെ കൊഴുത്തശരീരങ്ങള്‍ക്ക്‌ അതുകൊണ്ട്‌ ഒരു ക്ഷീണവും സംഭവിച്ചില്ല. ഉഹ്‌ദിന്റെ തീവ്രതയില്‍ മുത്തിന്റെ പല്ലുപൊട്ടിയപ്പോള്‍, തന്റെ ദന്തനിഗ്രഹത്തിന്‌ തയ്യാറെടുത്ത താബിഈ പ്രമുഖന്‍ ഉവൈസി(റ)ന്റെ പിന്‍മുറക്കാര്‍ക്ക്‌, റസൂലിന്റെ ഖുബ്ബ തകര്‍ക്കുമെന്നും ഖബര്‍ പൊളിക്കുമെന്നുമൊക്കെയുള്ള കവലപ്രസംഗങ്ങള്‍ നിര്‍വികാരതയോടെ കേള്‍ക്കാനാവുന്നതെന്ത്‌? വാഹനപ്പുറത്തേറിയാലും ചെരുപ്പിട്ടാലും അപമര്യാദയാവുമെന്നുറപ്പിച്ച്‌, ചുട്ടുപൊള്ളുന്ന മദീനാഭൂമിയിലൂടെ നഗ്നപാദനായി നടന്ന ഇമാം മാലിക്‌ബ്‌നുഅനസി(റ)ന്റെ പില്‍ക്കാലക്കാര്‍, നബി(സ) ഇഷ്‌ടപ്പെടാത്ത ദുഷ്‌പ്രവര്‍ത്തനങ്ങള്‍ക്ക്‌ സ്ഥലകാല വ്യത്യാസം പോലും നല്‍കുന്നില്ല. പ്രഭോ, പൊറുക്കുക. ആധുനികതയുടെ മക്കള്‍ ഞങ്ങള്‍ കുറ്റവാളികളാണ്‌. ഈ കുറ്റസമ്മതം സ്വീകരിച്ച്‌ ഞങ്ങളില്‍ പ്രസാദിക്കുക. വഴിതെറ്റിക്കുന്ന കാരണങ്ങളില്‍നിന്നു വിട്ടുനില്‍ക്കാന്‍ ഞങ്ങള്‍ക്കുവേണ്ടി നാഥനോടര്‍ത്ഥിക്കുക.``അന്ധകാരം സൃഷ്‌ടിക്കുന്ന വിപത്തുകള്‍ വ്യാപിക്കുമ്പോള്‍ സൃഷ്‌ടികളില്‍ അത്യമുന്നതരെ അങ്ങയിലേക്കല്ലാതെ, മറ്റാരിലേക്ക്‌ ഞങ്ങള്‍ ആവലാതിയര്‍പ്പിക്കും.'' (ഇമാം ബുസ്വീരി)``യാ റസൂല്‍,/ ഞാന്‍ സ്വര്‍ഗരാജ്യം/ ഉറപ്പിക്കുന്നില്ല/ ചെയ്‌തുപോയ തെറ്റുകള്‍/ ഒളിപ്പിക്കുവാന്‍/ ഞാന്‍ ഇച്ഛിക്കുന്നുമില്ല./ കണക്കെടുപ്പിനൊടുവില്‍/ കുറ്റമേറ്റ്‌ ഞാന്‍/ വിഭ്രാന്തിയിലാവുമ്പോള്‍/ നരകത്തീയില്‍/ കുഴഞ്ഞുവീഴാന്‍/ എന്നെ അനുവദിക്കരുത്‌/ ഞാനും അങ്ങയെ/ സനേഹിച്ചവനല്ലോ?'
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക‌

Monday, March 09, 2009

മുഹമ്മദ് നബിയുടെ വാക്കുകള്‍

    നബിദിനാശംശകളോടെ ഈ മഹത്‌ വചനങ്ങൾ ഏവർക്കുമായി


  • സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.



  • ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില്‍
    ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.



  • ദൈവം ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബ ബന്ധം
    വിഛേദിക്കുന്നതിനാണ്.



  • അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.



  • നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ ന്‍ല്‍കുന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം.
    ദരിദ്രന് നല്‍കുന്ന ദാനം ഒരു പ്രതിഫലം നല്‍കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്‍കുന്നു. ദാനത്തിന്റെതും ബന്ധം ചേര്‍ത്തതിന്റെതും.



  • മതം ഗുണകാഷയാകുന്നു. മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.



  • കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍ പ്പെട്ടവനല്ല.



  • വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.



  • വിവാഹം നിങ്ങള്‍ പരസ്യ പ്പെടുത്തണം.



  • ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പരയരുത്.



  • നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.



  • നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.



  • നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്.



  • മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്.



  • നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം.


  • ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം.



  • ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം.



  • പരസ്പരം കരാറുകള്‍ പലിക്കണം.



  • അതിഥികളെ ആദരിക്കണം.



  • അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.
    ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.



  • തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന് ‍ ശത്രുതയിലായിരിക്കും.



  • വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍.



  • അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക.



  • ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത വഞ്ചനയില്ല.



  • മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും
    ഇല്ല.



  • നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.



  • ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം.



  • നിങ്ങള്‍ കഴിയുന്നതും വിവഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍
    ദൈവ സിംഹാസനം പോലും വിറക്കും



  • സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.



  • ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖ പ്രസന്നയും
    സത്സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും.



  • ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗ രാജ്യത്തേക്കടുപ്പിക്കും.



  • അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം
    അഭ്യസിക്കുന്നവനും.



  • സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്.



  • ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്
    . ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്.



  • ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത്
    ദാനത്തിനും കുടുംബ ബന്ധം ചേര്‍ക്കുന്നതിനുമാണ്.



  • മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപം വരുമ്പോള്‍ അത്
    അടക്കി നിര്‍ത്തുന്നവനാണ്.



  • കോപം വന്നാല്‍ മൌനം പാലിക്കുക.



  • നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക
    . പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്.



  • മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍ നിങ്ങള്‍ക്ക് പുണയമുണ്ട്.



  • നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില്‍ നിങ്ങളും കുട്ടികളെ പോലെയാവുക.



  • നിങ്ങള്‍ക്ക് ള്‍ഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ
    നിങ്ങള്‍ മറച്ചു വെക്കരുത്. അത് നന്ദി കേടാണ്.

  • മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.

  • ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യ നാളില്‍ ദൈവം അവന്റെ ന്യൂനതയും
    മറച്ചു വെക്കും.

  • തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും.

  • കന്യകയുടെ അനുവാദമില്ലാതെ അവളെ വിവാഹം കഴിച്ച് കൊടുക്കരുത്.

  • ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.

  • മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.

  • കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു

  • പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍ പ്രേരിപ്പിക്കും.

  • മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം.

  • സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല.

  • പ്രഭാത പ്രാര്‍ത്ഥന ക്ഴിഞ്ഞാല്‍ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള്‍ വിശ്രമിക്കരുത്.

Thursday, March 05, 2009

മദ്‌റസാ ബോർഡും ചില ആശങ്കകളും


മദ്‌റസാ ബോർഡും ചില ആശങ്കകളും
മൗലാന : എം. എ. അബ്‌ദുൽ ഖാദിർ മുസ്ലിയാരുടെ ലേഖനം
സിറാജ്‌ പ്രസിദ്ധപ്പെടുത്തിയത്‌

യു.പി.എ. സർക്കാർ മത പഠനത്തിൽ ഇടപെടാൻ നടത്തുന്ന നീക്കങ്ങൾ വിശകലനം ചെയ്യപ്പെടുന്നു.

Monday, March 02, 2009

ജമാഅത്തെ ഇസ്‌ലാമി: പാഴായ പരിശ്രമം


കെ എം റിയാളു / ഒ എം തരുവണ

ഓര്‍ക്കുന്നുണ്ടോ രിയാളുസാഹിബിനെ? ജമാഅത്തെ ഇസ്‌ലാമിയുടെ ശൂറാ അംഗമായിരുന്ന, കിം എന്ന ദഅവ വിഭാഗത്തിന്റെ തലപ്പത്തുണ്ടായിരുന്ന, മാധ്യമം ഉള്‍പ്പെടെ പല ജമാഅത്ത്‌ സംരംഭങ്ങളിലും സജീവസാന്നിധ്യമായിരുന്ന രിയാളുസാഹിബ്‌ ഇപ്പോള്‍ എവിടെ? കര്‍മനിരതനായ ഈ ജമാഅത്ത്‌നേതാവ്‌ എങ്ങനെയാണു ജമാഅത്ത്‌ നേതൃനിരയില്‍ നിന്നു തിരോഭവിച്ചത്‌?പ്രാസ്ഥാനികസങ്കുചിതത്വവും സംഘടനാ പക്ഷപാതിത്വവും ഭൗതികപ്രമത്തതയും ചേര്‍ന്നു സങ്കീര്‍ണമാക്കിയ ജമാഅത്ത്‌കൂട്ടായ്‌മയില്‍നിന്നു സ്വയം രക്ഷപ്പെട്ടു ദഅവാ പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുന്ന രിയാളു സാഹിബ്‌ തന്റെ പൂര്‍വ്വാശ്രമത്തിലെ ദുരനുഭവങ്ങളെക്കുറിച്ചു സംസാരിക്കുന്നു. ജമാഅത്ത്‌ നേതൃത്വത്തിന്റെ പിഴച്ചപോക്കില്‍ മനംനൊന്തു പിന്മാറിയ നിരവധി പേരുണ്ട്‌. അവെരയെല്ലാം സംഘടന പിന്നീട്‌ തള്ളിപ്പറഞ്ഞിട്ടുണ്ട്‌. രിസാലയുമായി സംസാരിച്ചതിന്റെ പ്രസക്തഭാഗങ്ങള്‍..
സജീവമായി ജമാഅത്ത്‌ നേതൃനിരയില്‍ ഉണ്ടായിരുന്ന ആളാണല്ലോ താങ്കള്‍. ഇപ്പോള്‍ ആ രംഗത്ത്‌ കാണുന്നില്ല?

അതിന്റെ അടിസ്ഥാനപരമായ കാരണം പറയാം. അല്ലാഹു പ്രവാചകന്മാരെ അയച്ചിരിക്കുന്നത്‌ ജനങ്ങള്‍ക്കു മാര്‍ഗദര്‍ശനം നല്‍കാന്‍ വേണ്ടിയാണ്‌; അല്ലാഹുവിലേക്കുള്ള മാര്‍ഗദര്‍ശനം. അങ്ങനെ മാര്‍ഗദര്‍ശനം ലഭിച്ചവര്‍ക്ക്‌ ഇസ്‌ലാ മികജീവിതരീതി പഠിപ്പിക്കുകയാണ്‌ രണ്ടാമത്തെ പ്രവാചക താത്‌പര്യം. പ്രവാചകന്‍മാര്‍ വരുമ്പോള്‍ മുസ്‌ലിംകള്‍ ഉണ്ടായിരുന്നില്ലല്ലോ. അപ്പോള്‍ അല്ലാഹുവിനെ അവിശ്വാസികളായ ജനതക്കു പരിചയപ്പെടുത്തണം. നൂഹ്‌(അ), ഇബ്രാഹിംനബി(അ), മുഹമ്മദ്‌നബി(സ) തുടങ്ങിയവരെല്ലാം ആദ്യം ചെയ്‌തത്‌ മുശ്‌രിക്കുകളെ സംബോധന ചെയ്യുകയാണ്‌. വിശ്വസിച്ചവരെ ദീനിന്റെ കാര്യങ്ങള്‍ പഠിപ്പിക്കുക രണ്ടാംഘട്ടമാണ്‌.മുസ്‌ലിംകള്‍ എവിടെ ജീവിക്കുന്നുവോ അവിടെയെല്ലാം അവരുടെ പ്രഥമ കടമ ഇസ്‌ലാമിനെ മറ്റുള്ളവരില്‍ എത്തിക്കുകയാണ്‌. ഈ വസ്‌തുത ഓര്‍ക്കേണ്ടവര്‍ അതു മറന്നുപോയി. ഈ ദഅ്‌വാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരുവിഭാഗം എന്നു ധരിച്ചാണ്‌ ഞാന്‍ ജമാഅത്തെഇസ്‌ലാമിയിലേക്കു വരുന്നത്‌. അന്ന്‌ കേരളഇസ്‌ലാമിക്‌ മിഷന്‍ (കിം) എന്നപേരില്‍ ഒരു സ്ഥാപനമുണ്ടായിരുന്നു. 1981ല്‍ അതിന്റെ വൈസ്‌പ്രസിഡന്റായിട്ടാണു ഞാന്‍ വരുന്നത്‌. പിന്നീട്‌ പ്രസിഡന്റായി. അമുസ്‌ലിംകള്‍ക്കിടയില്‍ എങ്ങനെ ഇസ്‌ലാമിനെ പഠിപ്പിക്കാനാവും എന്നതായിരുന്നു എന്റെ പഠനവിഷയം. ആറുവര്‍ഷം ഞാനതിനെക്കുറിച്ചു പഠിച്ചു.`കിം' ആദ്യം സ്വതന്ത്രസ്ഥാപനമായിരുന്നു. 1986ലോ 87ലോ ജമാഅത്തെഇസ്‌ലാമി അത്‌ അവരുടെ നിയന്ത്രണത്തിലാക്കി. ജനങ്ങള്‍ക്ക്‌ ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നത്‌ അവര്‍ക്ക്‌ സ്വീകാര്യമായില്ല. ജമാഅത്ത്‌ നിയന്ത്രണത്തിലായതോടെ അവരെന്നെ അതില്‍നിന്നു പുറത്താക്കി.

ജമാഅത്ത്‌ നേതൃനിരയിലുള്ള ഒരാളായിട്ടാണല്ലോ താങ്കള്‍ അറിയപ്പെടുന്നത്‌?

അതൊക്കെ ഈയൊരു ലക്ഷ്യത്തിനു വേണ്ടി മാത്രമാണ്‌. ദഅവത്ത്‌ ലക്ഷ്യമാക്കി മാത്രമാണ്‌ ഞാനവരുമായി ബന്ധപ്പെട്ടത്‌.

മാധ്യമത്തിന്റെ തുടക്കക്കാരനാണല്ലോ താങ്കള്‍?

ഒരു പത്രം വേണമെന്ന്‌ തീരുമാനിച്ചപ്പോള്‍ അവരാ ചുമതല എന്നെ ഏല്‍പിച്ചതാണ്‌. ആവുന്നതു ചെയ്‌തുവെന്നു മാത്രം. പത്രം എന്റെ വിഷയമായിരുന്നില്ല. മുസ്‌ലിംകള്‍ക്കൊരു പത്രം വേണം എന്നതുശരി; അതു ഞാന്‍ ഉണ്ടാക്കണം എന്നഭിപ്രായം എനിക്കില്ലായിരുന്നു. അതിനു വേണ്ടി ഒരുപാട്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സംഘടന ഏല്‍പിച്ച ചുമതല എന്ന നിലക്കാണ്‌. എന്റെ വിഷയം എങ്ങനെ അമുസ്‌ലിംകള്‍ക്ക്‌ ഇസ്‌ലാം പരിചപ്പെടുത്താമെന്നതായിരുന്നു. അതിന്റെ ശരിയായവിധം ഞാന്‍ ഖുര്‍ആനില്‍നിന്നും പ്രവാചകന്മാരുടെ രീതികളില്‍ നിന്നും പഠിച്ചു. പക്ഷേ, അത്‌ ജമാഅത്തുകാര്‍ക്കു പറ്റിയില്ല. 1987ല്‍ `കിം' ല്‍നിന്ന്‌ അവരെന്നെ പിരിച്ചുവിട്ടു. ദഅവത്തിനെക്കുറിച്ചു സ്റ്റേജില്‍ കയറി പറയാം; കേള്‍ക്കാം. എന്നാല്‍ നബിമാര്‍ ദഅവത്ത്‌ ചെയ്‌ത രീതി ജമാഅത്തിനു പറ്റില്ല. അതപകടമാണെന്നാണ്‌ ജമാഅത്ത്‌ പറയുന്നത്‌.


ഏതു കാലത്താണു ജമാഅത്തുമായി ബന്ധപ്പെട്ടു തുടങ്ങിയത്‌?
എനിക്കു നേരത്തെതന്നെ ജമാഅത്ത്‌ ബന്ധമുണ്ടായിരുന്നു. എന്റെ ജ്യേഷ്‌ഠന്‍ ജമാഅത്തുകാരനായിരുന്നു. 1963മുതല്‍ 1980 വരെ കുവൈത്തിലായിരുന്നു. അവിടെയും ജമാഅത്തുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ദീനീദഅവത്തിന്‌ അവസരം ഉണ്ടാകും എന്നുപറഞ്ഞാണ്‌ പിന്നീട്‌ സജീവമായി ജമാഅത്തിനൊപ്പം ചേരുന്നത്‌. നോക്കുമ്പോള്‍ ദഅവത്ത്‌ നബിമാര്‍ നടത്തിയപോലെ നടത്താന്‍ പറ്റില്ല. ജമാഅത്തെ ഇസ്‌ലാമിയിലേക്ക്‌ ആളുകളെ ക്ഷണിക്കലാണ്‌ അവരുടെ ദഅവത്ത്‌. അല്ലാഹുവിന്റെ മാര്‍ഗത്തിലേക്കു ക്ഷണിക്കാനാണ്‌ ഖുര്‍ആന്‍ പറയുന്നത്‌. ഇവര്‍ പറയുന്നത്‌ മൗദൂദിയുടെ മാര്‍ഗത്തിലേക്ക്‌ ക്ഷണിക്കണമെന്നാണ്‌. അല്ലാഹു കല്‍പ്പിച്ചതെന്താണ്‌, ഇവര്‍ പറയുന്നതെന്താണ്‌? ഇതു തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്‌ ആ വിഭാഗം.

ഒരു സംഘടനയുടെ മാര്‍ഗത്തിലേക്കല്ലാതെ ഒരാളെ വിശ്വാസത്തിലേക്കു ക്ഷണിക്കുന്നത്‌ സ്വീകാര്യമല്ലെന്നര്‍ത്ഥം?

അതെ, ഇത്‌ ഖുര്‍ആന്റെ താത്‌പര്യത്തിനെതിരാണ്‌. ഖുര്‍ആന്‍ പറയുന്നതല്ല അവര്‍ക്കു കാര്യം; മൗദൂദി പറയുന്നതാണ്‌. ഖുര്‍ആനു പകരം മൗദൂദി സാഹിത്യത്തിലേക്കും ചിന്തയിലേക്കുമാണ്‌ അവര്‍ ജനങ്ങളെ ക്ഷണിക്കുന്നത്‌. മൗലികമായ ഈ വിഷയത്തിലാണു ഞാനും ജമാഅത്തെഇസ്‌ലാമിയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായത്‌.അന്നുമുതല്‍ അവരെന്നെ പുറത്താക്കാന്‍ ശ്രമിച്ചതാണ്‌. കെസി അബ്‌ദുല്ല മൗലവി അതിനു സമ്മതിച്ചില്ല. കെസി ദഅവാമൈന്റായിരുന്നു. നിരക്ഷരരായ ഒരു ജനതയില്‍നിന്ന്‌ അല്ലാഹു ഒരാളെ പ്രവാചകനാക്കിയെന്നു വിശുദ്ധഖുര്‍ആന്‍ പറയുന്നു. അദ്ദേഹത്തിന്റെ ദൗത്യം നിരക്ഷരരായ ജനങ്ങള്‍ക്ക്‌ അല്ലാഹുവിന്റെ ആയത്തുകള്‍ ഓതിക്കേള്‍പ്പിച്ചുകൊടുക്കുകയാണ്‌. അന്നു വിശ്വാസികളില്ലല്ലോ. നബി(സ) ആദ്യം ചെയ്‌തത്‌ അവിശ്വാസികള്‍ക്കു ഖുര്‍ആന്‍ ഓതിക്കൊടുക്കുകയാണ്‌. ഖുര്‍ആന്‍ ഓതിക്കൊടുക്കുക എന്നുപറയുന്നതാണ്‌ ജമാഅത്തിനുപേടി. മൗദൂദിയുടെ പുസ്‌തകം കൊടുത്താല്‍ കുഴപ്പമില്ല.

ഖുര്‍ആന്‍ ആശയം തന്നെയല്ലേ ഈ പുസ്‌തകങ്ങള്‍?

ആയത്തുകള്‍ ഓതിക്കൊടുത്തുവെന്നാണു ഖുര്‍ആന്റെ സുവ്യക്തമായ പരാമര്‍ശം. അതിന്റെ വിശദീകരണമല്ല. ഖുര്‍ആന്‍ ആയത്തുകളുടെ പ്രത്യേകത അത്‌ അല്ലാഹുവിന്റെതാണ്‌. ഈ പറയുന്ന വിശദീകരണം മനുഷ്യന്റെതാണ്‌. മനുഷ്യ ഹൃദയങ്ങളെ മാറ്റാന്‍ കെല്‍പ്പുള്ളത്‌ അല്ലാഹുവിന്റെ കലാമിനാണ്‌.ഇതു നബി(സ)യുടെ കാര്യം മാത്രമല്ല; ലോകത്തു വന്ന എല്ലാ പ്രവാചകന്മാരുടെയും രീതിയാണ്‌. അവര്‍ ജനങ്ങള്‍ക്കുമുമ്പില്‍വച്ചത്‌ അല്ലാഹുവിന്റെ കലാമാണ്‌. അതിനെക്കാള്‍ മെച്ചപ്പെട്ട ഒന്നുണ്ടെങ്കില്‍ അത്‌ അല്ലാഹു അവന്റെ പ്രവാചകന്മാരെ പഠിപ്പിക്കുമായിരുന്നു. അല്ലാഹുവിന്റെ ആയത്തുകള്‍ അത്ഭുതകരമാംവിധം പവര്‍ഫുള്‍ ആണ്‌.

ദഅവത്ത്‌ എങ്ങനെയാവണമെന്നാണ്‌ ജമാഅത്തെ ഇസ്‌ലാമി പറയുന്നത്‌?

ഞങ്ങളുടെ മാഹിരീതിയില്‍ പറഞ്ഞാല്‍; `മോളെ കാണിച്ച്‌ ഉമ്മാനെ കഴിച്ചുകൊടുക്കുക' എന്നതാണ്‌ ജമാഅത്തെഇസ്‌ലാമിയുടെ രീതി. ദഅവത്ത്‌ എന്നുപറഞ്ഞ്‌ പാര്‍ട്ടിയിലേക്ക്‌ ആളെ കൂട്ടുകയാണവര്‍. സത്യത്തില്‍ ദീനീദഅവത്ത്‌ അവരുടെ ഉദ്ദേശ്യത്തിലില്ല. തര്‍ക്കം വന്നാല്‍ ഞങ്ങള്‍ ദഅവത്തേ നടത്തുന്നുള്ളൂ എന്നു പറഞ്ഞ്‌ അട്ടഹസിക്കും. പി.കോയ ഒരു സര്‍വ്വേ നടത്തി. ജമാഅത്ത്‌ ഒന്നും ചെയ്യുന്നില്ല, അവര്‍ വെറും ആത്മവഞ്ചന മാത്രമാണു കാണിക്കുന്നത്‌ എന്നെഴുതി. അപ്പോഴതാ അവരുടെ പത്രവും പ്രബോധനവുമൊക്കെ ഞങ്ങള്‍ ദഅവത്തേ നടത്തുന്നുള്ളൂ എന്നുപറഞ്ഞു വലിയ അട്ടഹാസം. ആത്മവഞ്ചന എന്നു കോയ എഴുതിയതു മര്‍മ്മത്തു കൊണ്ടു; പഴയ ചെരിപ്പുകൊണ്ടു മുഖത്തടിച്ചതു പോലെയായി. ദഅവത്ത്‌ ജമാഅത്തെഇസ്‌ലാമിയുടെ ഉദ്ദേശ്യമോ ലക്ഷ്യമോ അല്ല. അതുപറഞ്ഞ്‌ ആളെക്കൂട്ടുക. അതുപറഞ്ഞാല്‍ നന്നായി കാശു കിട്ടും. ആരെങ്കിലുംവഴി മുസ്‌ലിമായവരെ കാണിച്ച്‌ ഇതു ഞങ്ങളുടെ ശ്രമമാണെന്നു പറയും. ഒരിക്കലുമല്ലേയല്ല. ഏതോവിധത്തില്‍ പൊന്നാനിപ്പോയി വന്നവരെ സംഘടിപ്പിച്ച്‌ പഠിപ്പിച്ച്‌ ഇതു ഞങ്ങളുടേതാണെന്നു വരുത്തും. ഇവര്‍ വഴി ഇസ്‌ലാം സ്വീകരിച്ചുവെന്നാണു ജനം ധരിക്കുക. ഇവര്‍ക്ക്‌ നേരിട്ടു ദഅവ നടത്താന്‍ ധൈര്യമില്ല. ആരെ ഭയക്കുന്നു ഇവര്‍; അല്ലാഹുവിനെയല്ലാതെ? പിന്നെന്ത്‌ ഈമാന്‍? എന്ത്‌ ഇസ്‌ലാം? എന്തു പ്രസംഗം? ഇത്‌ വെറും പുസ്‌തകക്കച്ചവടമാണ്‌.നബി(സ) ചെയ്‌തതുപോലെ ദഅവത്ത്‌ ചെയ്യണം. പകരം നമ്മളൊരു പുസ്‌തകമടിപ്പിച്ച്‌ അതുകാണിച്ചു ക്ഷണിച്ചാല്‍ അതു ശരിയായ ദഅവത്തല്ല.

ആദ്യമായി സംഘടനയില്‍ വരുന്നവരില്‍നിന്നു പ്രതിജ്ഞ വാങ്ങലും ചൊല്ലിക്കലുമൊക്കെ ഇവരുടെ നടപടിയാണല്ലോ. അതെക്കുറിച്ച്‌?

സംഘടന എന്നത്‌ ബ്രിട്ടീഷുകാരില്‍നിന്ന്‌ നാം കടംകൊണ്ടതാണ്‌. നമ്മുടെ സലഫുകളൊന്നും സംഘടന ഉണ്ടാക്കിയിട്ടില്ല. ഇമാമീങ്ങളോ മുജ്‌തഹിദുകളോ സംഘടന ഉണ്ടാക്കിയിട്ടില്ല. ഇരുപതാം നൂറ്റാണ്ടിന്റെ സംഭാവനയാണത്‌. സംഘടന തെറ്റാണെന്നു ഞാന്‍ പറയുന്നില്ല. എന്നാല്‍ അതു മൗലികമല്ല. സംഘടനയുടെ, പ്രത്യേകിച്ച്‌ ജമാഅത്തെഇസ്‌ലാമിയുടെ സ്വഭാവം: അല്ലാഹുവിന്റെ നിയമം ലംഘിച്ചാല്‍ ഒരു നടപടിയുണ്ടാവുകയില്ല. അവര്‍ ഉണ്ടാക്കിയ നിയമം തെറ്റിച്ചാല്‍ ഭയങ്കര നടപടിയാണ്‌.

ഒ.അബ്‌ദുല്ലയുടെ അനുഭവം?

അതു ഓര്‍മിപ്പിച്ചത്‌ നന്നായി. ഒ അബ്‌ദുല്ല ആണത്തമുള്ള സ്‌ത്രീയുടെ മകനാണ്‌. ചുളുങ്ങാതെ, ചുളിയാതെ കാര്യം ആരുടെ മുഖത്തു നോക്കിയും പറയും. ഇതവര്‍ക്കു പറ്റൂല. ഇതുകൊണ്ടാണയാളെ പുറത്താക്കിയത്‌. അയാളുടെ പേരില്‍ ഇപ്പോഴും ഒരു കുറ്റവും പറയാനില്ല. ഇല്ലാത്ത കുറ്റമാണു പറയുന്നത്‌. മറ്റുള്ളവരെ നിന്ദ്യരാക്കുന്നതിലും മറ്റുള്ളവരെ ഇടിച്ചുതാഴ്‌ത്തുന്നതിലും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാത്തവരാണ്‌ ജമാഅത്തുകാര്‍. സിദ്ദീഖ്‌ സാഹിബ്‌ പറഞ്ഞ കളവുകളെല്ലാം അബ്‌ദുല്ലസാഹിബ്‌ എഴുതിയപ്പോഴാണു മാപ്പുപറയാന്‍ വന്നിരിക്കുന്നത്‌. അങ്ങനെയാണോ മാപ്പുപറയല്‍? എനിക്കു മനസ്സമാധാനമായി. എന്റെ സ്‌നേഹിതനായ ഫൈസല്‍ വൈത്തിരിയെ (അയാള്‍ ജമാഅത്തുകാരനാണ്‌) ഞാന്‍ വിളിച്ചുപറഞ്ഞു; നിരപരാധിയായ എന്റെ പേരില്‍ ആക്ഷേപം പറഞ്ഞതിലെ സങ്കടം തീര്‍ന്നുവെന്ന്‌. കളവുപറയുന്നതിലും നുണ പ്രചരിപ്പിക്കുന്നതിലും ആര്‍ക്കെങ്കിലും അവാര്‍ഡ്‌ കൊടുക്കുകയാണെങ്കില്‍ അത്‌ സിദ്ദീഖ്‌ ഹസന്‍സാഹിബിനാണു കൊടുക്കേണ്ടത്‌; ജമാഅത്തെ ഇസ്‌ലാമിക്കും.സംഘടനയില്‍ സിദ്ദീഖ്‌ഹസന്‍ ചെയ്‌ത കെടുകാര്യസ്ഥതയുടെ ദുരിതം തീരണമെങ്കില്‍ 25വര്‍ഷം പിടിക്കുമെന്നാണ്‌ ജമാഅത്തുകാരായ പ്രവര്‍ത്തകര്‍ പറയുന്നത്‌. ഞാന്‍ ഒരു ഹിന്ദുസ്‌ത്രീയെ വിവാഹം ചെയ്‌ത്‌ ഹൈദരാബാദില്‍ കൂടിയിരിക്കുകയാണെന്നാണ്‌ ഇവര്‍ പ്രചരിപ്പിച്ചത്‌. ഇത്‌ ജമാഅത്ത്‌ ഓഫീസില്‍നിന്ന്‌ എസ്‌എ റശീദ്‌സാഹിബ്‌ എന്നയാള്‍ പറഞ്ഞതാണ്‌; ചേന്ദമംഗല്ലൂര്‍ കോളജിന്റെ മുന്‍ പ്രിന്‍സിപ്പാള്‍. ഇപ്പോള്‍ പ്രിന്‍സിപ്പാളാണോ എന്നെനിക്കറിയില്ല. ഇത്ര ശുദ്ധമായ നുണ എന്റെ ജീവിതത്തില്‍ ഒരാളും പറഞ്ഞിട്ടില്ല. ഞാന്‍ വിവാഹം ചെയ്‌തത്‌ ഒരു പുതുമുസ്‌ലിമിനെയാണ്‌. കുവൈത്തിലെ ഐപിസി എന്ന സ്ഥാപനത്തിലെ ആളുകളുടെ സാന്നിധ്യത്തിലാണ്‌ ആ കല്യാണം നടന്നത്‌. ഐപിസിയെ തള്ളിപ്പറയാന്‍ സിദ്ദീഖ്‌ഹസനോ ജമാഅത്തെ ഇസ്‌ലാമിക്കോ കഴിയുമോ? എനിക്കതില്‍ യാതൊരു പരിഭവവുമില്ല. എന്റെ കര്‍മം കൊണ്ട്‌ എനിക്ക്‌ സ്വര്‍ഗം കിട്ടുകയില്ലായിരിക്കും. ഇവര്‍ പറഞ്ഞ നുണകളുടെ കാരണത്താല്‍ എന്റെതെറ്റുകള്‍ പൊറുക്കപ്പെടും. അതിനാല്‍ ഞാന്‍ സന്തുഷ്‌ടനാണ്‌. അവര്‍ക്ക്‌ ചോക്ക്‌ലേറ്റ്‌ വാങ്ങിക്കൊടുക്കാനും ഒരുക്കമാണ്‌. ഇതിലും രസകരമാണ്‌ മറ്റൊരു നുണ. തിരുവനന്തപുരത്ത്‌ കുറെ ഡോക്‌ടര്‍മാരും എന്‍ജിനീയര്‍മാരും ചേര്‍ന്ന്‌ ഒരു ദഅവായോഗം സംഘടിപ്പിച്ചു, എന്നെ ക്ഷണിച്ചു. സ്‌ത്രീകളും പുരുഷന്മാരും അടങ്ങിയ വലിയ സദസ്സ്‌. ഞാന്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ സദസ്സില്‍നിന്ന്‌ ഒരാള്‍ ചോദിച്ചു: ``താങ്കളെ ഈ പരിപാടിക്കു ക്ഷണിച്ചതറിഞ്ഞ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ പറഞ്ഞത്‌, അഞ്ചാമതൊരു വിവാഹം ചെയ്‌തതിനു ജമാഅത്തില്‍നിന്നു പുറത്താക്കിയ ആളാണ്‌ ഈ രിയാളു എന്നാണ്‌. ഇതുശരിയാണോ?'' മാന്യന്മാരുടെ ഒരു സദസ്സില്‍വച്ച്‌ ഇങ്ങനെ ഒരുചോദ്യം വന്നാല്‍ എന്താണ്‌ അവസ്ഥ? `അതുപറഞ്ഞയാളോട്‌ കടലാസില്‍ എഴുതി ഒപ്പിട്ടുതരാന്‍ പറയുക. എന്നാല്‍ നിയമനടപടി സ്വീകരിച്ചു ഞാനയാള്‍ക്കു കാണിച്ചുകൊടുക്കും' എന്നു ഞാന്‍ മറുപടി പറഞ്ഞു. ഒരു മുസ്‌ലിമിനെക്കുറിച്ചു പറയാന്‍ പാടില്ലാത്ത അങ്ങേയറ്റത്തെ തോന്നിവാസമാണ്‌ ഈ പറഞ്ഞിരിക്കുന്നത്‌. അപമാനിക്കാന്‍ എന്തും അവര്‍ പറയും. അഞ്ചുനേരം നിസ്‌കരിക്കുന്ന ഒരു വിശ്വാസിയെ അപമാനിക്കരുത്‌ എന്ന്‌ ഇതുവരെ അവര്‍ക്കു മനസ്സിലായിട്ടില്ല. സ്വന്തം കാര്യത്തിന്‌ എന്തുകളവും അവര്‍ പറയും. ഇതുപോലെ ഒരുപാട്‌ കാര്യങ്ങളുണ്ട്‌.ജമാഅത്തിന്റെ രാഷ്‌ട്രീയ നിലപാടുകളോടു താങ്കള്‍ യോജിച്ചുവെന്നു പറയുന്നത്‌?അതുശരിയല്ല; ഞാന്‍ ജമാഅത്തുമായി സജീവ ബന്ധമുണ്ടാകുന്നത്‌ 1980 മുതലാണ്‌. അന്നുമുതല്‍ അവരുമായി എനിക്കു വിയോജിപ്പുണ്ട്‌. അതു ദഅ്‌വത്തിന്റെ കാര്യത്തിലാണ്‌. അതിന്റെ പേരില്‍ എന്നെ പുറത്താക്കാന്‍ പലതവണ ശ്രമിച്ചു. ഞാന്‍ പറഞ്ഞല്ലോ; കെ സിയാണു തടസ്സം നിന്നത്‌. ജമാഅത്തിന്റെ രാഷ്‌ട്രീയ നിലപാട്‌ എന്തായാലും എനിക്കതില്‍ താത്‌പര്യമില്ല. ഇവര്‍ ദഅ്‌വത്ത്‌ എന്നു പറഞ്ഞപ്പോള്‍ ഞാന്‍ കരുതി സത്യസന്ധമാണെന്ന്‌. ആ കാപട്യം തിരിച്ചറിയാന്‍ എനിക്കായില്ല. അതെന്റെ വിവേകക്കുറവാണ്‌. ദഅവത്താണ്‌ പ്രശ്‌നം, അതിനവര്‍ക്കു കഴിയില്ല; താത്‌പര്യവുമില്ല. അതുമുടക്കാന്‍ ആവുന്നതെല്ലാം അവര്‍ ചെയ്യും. ദുബൈയില്‍ എനിക്കെതിരെ അവരൊരു ചര്‍ച്ച വച്ചു; നാഫിഅ്‌ ജംഇയ്യത്തുല്‍ ഇസ്‌ലാമി എന്നുപറയുന്ന ഒരു സ്ഥാപനത്തില്‍. ഒപി അബ്‌ദുസ്സലാം മൗലവിയുടെ ഒന്നര മണിക്കൂര്‍ നീണ്ട പ്രസംഗം. ഇന്ത്യയുടെ സങ്കീര്‍ണസാഹചര്യത്തില്‍ ദഅവത്ത്‌ നടക്കുകയില്ല എന്നതിനുള്ള തെളിവുകളാണ്‌ അദ്ദേഹം അതില്‍ സമര്‍ത്ഥിച്ചത്‌. അല്ലാഹുവിന്റെ ഭൂമിയില്‍ അവന്‍ ഏല്‍പ്പിച്ച കാര്യം നടക്കില്ല എന്നു ഞാന്‍ വിശ്വിസിക്കുന്നില്ല. നടക്കാത്ത കാര്യം അല്ലാഹു നമ്മെ ഏല്‍പിക്കുമോ? അല്ലാഹു ഏല്‍പിച്ച കാര്യത്തിനിറങ്ങിയാല്‍ അതിനെന്തു തടസ്സമുണ്ടെങ്കിലും അല്ലാഹു തന്നെ തട്ടിമാറ്റുമെന്നു വിശ്വസിക്കണം മുസ്‌ലിം. ഫിര്‍ഔന്റെ മിസ്‌റില്‍ ദഅ്‌വത്ത്‌ നടത്താന്‍ മൂസാനബി ധൈര്യം കാണിച്ചില്ലേ?ബനീ ഇസ്‌റാഈലില്‍ ജനിക്കുന്ന കുഞ്ഞുങ്ങളെ മുഴുവന്‍ കൊല്ലുന്ന കാലമായിരുന്നില്ലേ അത്‌? അതിനെക്കാള്‍ സങ്കീര്‍ണതയുണ്ടോ ഇവിടെ?

മൗദൂദി സാഹിബ്‌ വിഭാവനം ചെയ്‌തതില്‍ വന്ന പിഴവാണോ ഇത്‌,

അല്ല; പിന്നീടുവന്നവര്‍ ഉണ്ടാക്കിയ അട്ടിമറിയോ?മൗദൂദി സാഹിബ്‌ ചിശ്‌തിയ്യാ പരമ്പരയില്‍പെട്ട കുടുംബത്തില്‍ പിറന്ന സയ്യിദാണ്‌. അദ്ദേഹത്തിന്‌ ചില പാകപ്പിഴവുകള്‍ വന്നുവെന്നതു നമുക്കൊക്കെ അറിയാവുന്നതാണല്ലോ. മൗലികമായ ചില കാര്യങ്ങള്‍ പറയേണ്ടതുണ്ട്‌. 1947 വരെ അവിഭക്ത ഇന്ത്യയിലാണ്‌ അദ്ദേഹം ജീവിച്ചത്‌. മഹാഭൂരിപക്ഷം അമുസ്‌ലിംകളും ന്യൂനപക്ഷമായി മുസ്‌ലിംകളും അധിവസിക്കുന്ന സാഹചര്യം. ഈ സാഹചര്യത്തില്‍ അദ്ദേഹം പറഞ്ഞത്‌ ഉള്ള മുസ്‌ലിംകളെ സംസ്‌കരിക്കാനും അമുസ്‌ലിംകള്‍ക്കു ദഅ്‌വത്ത്‌ നടത്താനുമാണ്‌. ഇന്ത്യ വിഭജിക്കുമെന്ന ഘട്ടമായപ്പോള്‍ ഇന്ത്യയില്‍ അവശേഷിക്കുന്ന ജമാഅത്തുകാര്‍ക്ക്‌ അദ്ദേഹം നല്‍കിയ ഉപദേശത്തിലുള്ളത്‌ നിങ്ങള്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഇസ്‌ലാം എത്തിക്കണം, അതിന്‌ എല്ലാ ഭാഷകളിലും ഖുര്‍ആന്‍ അവര്‍ക്കു എത്തിക്കണമെന്നാണ്‌. പിന്നീടദ്ദേഹം പാകിസ്ഥാനിലേക്കുപോയി. അവിടെ മഹാഭൂരിപക്ഷം മുസ്‌ലിംകളും ചെറിയ ന്യൂനപക്ഷം അമുസ്‌ലിംകളുമായിരുന്നു. അവിടെ ഒരു മുസ്‌ലിം രാഷ്‌ട്രമാണ്‌ അദ്ദേഹം കാണുന്നത്‌. ആ രാഷ്‌ട്രത്തെ സംസ്‌കരിക്കാനും ഇസ്‌ലാമികവത്‌കരിക്കാനുമാണ്‌ അദ്ദേഹം സമയം ചെലവാക്കിയത്‌.എന്നാല്‍ മൗദൂദിയെ തഖ്‌ലീദ്‌ ചെയ്‌ത ഇന്ത്യയിലെ ജമാഅത്തെ ഇസ്‌ലാമിക്കു പിഴച്ചു. മൗദൂദി ഇന്ത്യയിലായിരുന്നപ്പോള്‍ രാഷ്‌ട്രീയ നിലപാടുകള്‍ പറഞ്ഞിരുന്നെങ്കിലും ഇവിടെ അദ്ദേഹം ഉദ്ദേശിച്ചത്‌ ദഅവത്താണ്‌. രാഷ്‌ട്രീയ ആശയം നടപ്പാക്കാന്‍ പാകിസ്ഥാന്‍ സാഹചര്യമാണദ്ദേഹം കണ്ടത്‌. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി രണ്ടും വേര്‍തിരിക്കാനാവാതെ കൂട്ടിക്കുഴച്ചു തലയിലേറ്റി. മൗദൂദിയുടെ ഇന്ത്യന്‍താത്‌പര്യവും നേടിയില്ല, പാകിസ്ഥാനീ താത്‌പര്യത്തിലും എത്തിയില്ല. ഇങ്ങനെയാണു ജമാഅത്തിനു ദിശ തെറ്റിയത്‌. ഒടുവില്‍ സ്വയംഗവേഷകരായി ഇജ്‌തിഹാദിനിറങ്ങി. ഇജ്‌തിഹാദില്‍ പിഴച്ചാല്‍ ഒരുകൂലി കിട്ടുമെന്ന്‌ കരുതി എന്തും ഇജ്‌തിഹാദ്‌ ചെയ്യാമെന്നുള്ള നിലപാടിലാണ്‌ അവരിപ്പോള്‍ ഉള്ളത്‌.മൗദൂദി സാഹിബ്‌ ഇന്ത്യന്‍ ജമാഅത്തിനു നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശം പൂര്‍ണമായി തള്ളിയിട്ട്‌ പാകിസ്ഥാനുവേണ്ടി അദ്ദേഹം പറഞ്ഞത്‌ ഇവിടെ നടപ്പാക്കാന്‍ ശ്രമിക്കുകയാണ്‌ ജമാഅത്ത്‌. പാക്‌ ജമാഅത്ത്‌ ഭരണഘടനയില്‍ ഹുകൂമത്തെ ഇലാഹി ലക്ഷ്യമായി മൗദൂദി പറഞ്ഞപ്പോള്‍ ഇന്ത്യന്‍ ജമാഅത്തും അതു ഭരണഘടനയില്‍ കയറ്റി. ഇന്ത്യയില്‍ ഇതു ലക്ഷ്യമാക്കേണ്ട കാര്യമില്ലെന്നു തിരിച്ചറിയാന്‍ ഇവിടുത്തെ നേതൃത്വത്തിനു പ്രാപ്‌തിയുണ്ടായില്ല. അവിടെ നാല്‌ അസി.അമീറുമാര്‍, അപ്പോള്‍ ഇവിടെയും നാല്‌! ചാണിനു ചാണായി തഖ്‌ലീദ്‌ ചെയ്യുകയല്ലാതെ സ്വയം ചിന്തിക്കുന്ന പരിപാടിയേ ഇവര്‍ക്കില്ല.പഴയ നിലപാടുകളില്‍ നിന്നു ജമാഅത്ത്‌ പിറകോട്ടു പോകുന്നല്ലോ. ഹുകൂമത്തെ ഇലാഹി ഉപേക്ഷിച്ചു. ഇപ്പോള്‍ രാഷ്‌ട്രീയപ്രവേശനത്തിന്‌ ഒരുങ്ങുന്നു?പാകിസ്ഥാനില്‍ രാഷ്‌ട്രീയത്തില്‍ പ്രവേശിച്ചാല്‍ ഇവിടെയും പ്രവേശിക്കണമല്ലോ, എന്നാലല്ലേ അന്ധമായ തഖ്‌ലീദാവുകയുള്ളു.
വോട്ടുചെയ്യാന്‍ പാടില്ലെന്നും സര്‍ക്കാറിനോട്‌ സഹകരിക്കരുതെന്നുമായിരുന്നല്ലോ പഴയ നിലപാട്‌?
മൗദൂദിസാഹിബ്‌ ഇന്ത്യയിലായിരുന്നപ്പോള്‍ ഇവിടത്തെ സര്‍ക്കാരിനു വോട്ടുചെയ്യുന്നത്‌ താഗൂത്തിനു വോട്ടുചെയ്യലാണെന്നു സ്ഥാപിച്ചു. താഗൂത്തിനു കീഴിലെ ജോലി ഹറാമാക്കി. ജമാഅത്തെ ഇസ്‌ലാമിക്കാരായ ഉദ്യോഗസ്ഥരെ രാജിവയ്‌പ്പിച്ചു. പലര്‍ക്കും തൊഴില്‍ പോയി. മൗദൂദി പാകിസ്ഥാനില്‍ ചെന്ന്‌ അവിടെ വോട്ടുചെയ്യാമെന്നു പറഞ്ഞു. അപ്പോള്‍ ഇവരും മാറി. `എന്നെ തഖ്‌ലീദ്‌ ചെയ്യരുത്‌' എന്നു പറഞ്ഞയാളാണു മൗദൂദി. എന്നാല്‍, മൗദൂദി പറഞ്ഞതിനെതിരാണെങ്കില്‍ അത്‌ ഹദീസായാലും ഇമാമീങ്ങളുടെ അഭിപ്രായമായാലും ഇവര്‍ തള്ളിപ്പറയും. അത്രയും അന്ധമാണ്‌ ഇവരുടെ തഖ്‌ലീദ്‌
ജമാഅത്തെ ഇസ്‌ലാമി സജീവ രാഷ്‌ട്രീയത്തിലേക്കിറങ്ങാന്‍ പോവുകയാണല്ലോ. ഫലം എന്തായിരിക്കും?
അറുപതുവര്‍ഷമായി ദീനീദഅ്‌വത്ത്‌ എന്നു പറഞ്ഞിട്ട്‌ ഒന്നും ചെയ്യാനവര്‍ക്കു കഴിഞ്ഞിട്ടില്ല. അതിനെക്കാള്‍ പരാജയമായിരിക്കും ജമാഅത്ത്‌ രാഷ്‌ട്രീയം. ദഅ്‌വത്തിനുവേണ്ടതിന്റെ പത്തിരട്ടി ധൈര്യം വേണം രാഷ്‌ട്രീയത്തിന്‌. അതിവര്‍ക്കുണ്ടോ? പിന്നെങ്ങനെയാണ്‌ രാഷ്‌ട്രീയമായി ഇവര്‍ വിജയിക്കുക? ഇന്ത്യയിലെ ഏതെങ്കിലും ഒരു മണ്‌ഡലത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള കപ്പാസിറ്റിയുണ്ടോ? ശാന്തപുരത്ത്‌ കഴിയുമോ? കഴിയില്ല. പിന്നെ ബാക്കി നില്‍ക്കുന്നത്‌ രാഷ്‌ട്രീയ കൂട്ടുകെട്ടാണ്‌. കാര്യം കാണാന്‍ കഴുതക്കാലും പിടിക്കുകയാണല്ലോ രാഷ്‌ട്രീയത്തിന്റെ നിലപാട്‌. ആ നിലവാരത്തിലേക്കു താഴാന്‍ തയാറാണ്‌ എന്നതിന്റെ തെളിവാണ്‌ ഇടതുപക്ഷ ഇസ്‌ലാമിക കാഴ്‌ചപ്പാട്‌. കാര്യസാധ്യത്തിനു വേണ്ടി രാഷ്ട്രീയക്കാര്‍ക്കു വോട്ടുചെയ്യണം എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ആശയപരമായി അവരോടു യോജിക്കുന്നത്‌ തികച്ചും മറ്റൊന്നാണ്‌. ഉമ്മത്തിന്റെ പൊതുതാത്‌പര്യത്തിനു വേണ്ടി വോട്ടുചെയ്യുന്നതുപോലെയല്ല ഇത്‌. മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയും ബ്രാഹ്മണ പാര്‍ട്ടിയാണെന്ന കാര്യം ജമാഅത്തുകാര്‍ക്കറിയുമോ? കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ബ്രാഹ്മണാധിപത്യമാണെന്നു പറഞ്ഞു പി ഗംഗാധരന്‍ എഴുതിയ പുസ്‌തകം എന്റെ കൈവശമുണ്ട്‌. രാഷ്‌ട്രീയ ലാഭത്തിന്‌ എന്തും ചെയ്യേണ്ടതായി വരും. മത്സരിക്കുന്നത്‌ മുസ്‌ലിംലീഗിനോടാണ്‌. അല്ലെങ്കില്‍ മറ്റൊരു മുസ്‌ലിം ഗ്രൂപ്പിനോട്‌. ഇതെങ്ങനെയാണു തത്വാധിഷ്‌ടിതമാവുക?
ജമാഅത്തെ ഇസ്‌ലാമി പണാധിപത്യത്തിനു കീഴടങ്ങുന്നു എന്നൊരാക്ഷേപം നിലനില്‍ക്കുന്നുണ്ടല്ലോ?
കച്ചവടം എന്നുപറഞ്ഞാല്‍ അതു കളിതമാശയല്ല. തിരിവാടും സൂക്ഷ്‌മതയുമുള്ള ആളുകളായിരിക്കണം കച്ചവടത്തിനിറങ്ങുന്നത്‌. ജനങ്ങള്‍ക്കു വലിയ പ്രതീക്ഷ കൊടുത്തു, വലിയതോതില്‍ പണംപിരിച്ചു പ്രശ്‌നമായിട്ടുണ്ട്‌. ജമാഅത്ത്‌ തലപ്പത്തെ ആര്‍ക്കും കച്ചവടത്തെക്കുറിച്ച്‌ ഒരു ധാരണയുമില്ല. നേതാക്കളെ അനുസരിക്കുന്ന അനുയായികള്‍ പണം കൊടുത്തുണ്ടായ ഒന്നുരണ്ട്‌ അപകടങ്ങളാണ്‌ ഇയ്യിടെ പുറത്തുവന്നത്‌. മലപ്പുറത്തെ ഓര്‍ക്കിഡിന്റെ പ്രശ്‌നം അറിയാമല്ലൊ. അതിന്‌ കണക്കും കാര്യവും ഇല്ലാതായി. മുതലില്‍ നിന്നെടുത്തു ലാഭം കൊടുത്തു. ഇതൊക്കെ മനസ്സിലാകുന്ന ആരെങ്കിലും അവരുടെ കൂട്ടത്തിലുണ്ടോ?
നേരത്തെ തന്നെ ഇത്തരം ആക്ഷേപങ്ങള്‍ കേട്ടിരുന്നല്ലോ?
പഴയ കാല അമീറന്മാരുടെ കാലത്ത്‌ ഇത്തരം പ്രശ്‌നങ്ങളില്ല. സിദ്ദീഖ്‌ഹസന്റെ കാലത്താണ്‌ സമ്പത്തുകൊണ്ടുള്ള ഈ കളി തുടങ്ങിയത്‌. ഊഹാടിസ്ഥാനത്തില്‍ പലതിലും ചെന്നുചാടി. അതിലൊക്കെ പൊട്ടുകയും ചെയ്‌തു. ഒരുപാട്‌ സംഭവങ്ങളുണ്ട്‌. അതൊക്കെ എണ്ണിപ്പറയുന്നതു മോശമല്ലേ. തിരുത്ത്‌ അവരുടെ ഡിക്‌ഷ്‌ണറിയില്‍ ഇല്ല.
തിരുത്തുകയില്ല എന്നത്‌ മൗലികമായ പരാജയമല്ലെ, തിരുത്തിയില്ലെങ്കില്‍ കൂടുതല്‍ മലിനപ്പെടുകയല്ലേ ചെയ്യുക?
അവരുടെ നിലപാടുകളില്‍ നിന്നു മനസ്സിലാകുന്നത്‌ ഞങ്ങള്‍ നന്നാവുകയില്ല എന്ന്‌ അവര്‍ ഏകോപിച്ച ഒരു തീരുമാനം എടുത്തിട്ടുണ്ട്‌ എന്നാണ്‌.ജനങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട്‌ അവരെ സംസ്‌കരിക്കുന്ന ഒരു രീതിയല്ലേ ഇസ്‌ലാമികം? അതല്ലേ പ്രവാചകന്മാരുടെ ചര്യ? പകരം, ജനങ്ങളില്‍ നിന്നു വേറിട്ടുനിന്നുകൊണ്ട്‌, അവരെ വിമര്‍ശിച്ചും മുശ്‌രിക്കാക്കിയും, സൗഹൃദത്തില്‍ കഴിയുന്ന മഹല്ലുകളില്‍ പള്ളിയുണ്ടാക്കി ഭിന്നിപ്പിച്ചും സ്‌പര്‍ദ്ധയുടെ വഴി സ്വീകരിച്ചത്‌ ജമാഅത്തിനെ സമുദായ മുഖ്യധാരയില്‍ നിന്ന്‌ ഒറ്റപ്പെടുത്തിയില്ലേ?പൂര്‍വസൂരികള്‍ സമുദായത്തോടൊപ്പം നിന്നാണ്‌ അവരെ സംസ്‌കരിച്ചത്‌. മാറിനിന്നു വിമര്‍ശിക്കുന്ന രീതി സ്വീകരിച്ചിട്ടില്ല. അതു തെറ്റാണ്‌. വിമര്‍ശനം ഇന്ത്യന്‍ മനസ്സിന്റെ ചാപല്യമാണ്‌. ഇത്‌ ആവശ്യത്തിലേറെ മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയും ചെയ്‌തിട്ടുണ്ട്‌. ഈ നിശിത വിമര്‍ശനത്തിന്റെ മനസ്സ്‌ ജമാഅത്തുകാരില്‍ ഉണ്ടാകുന്നതില്‍ മൗദൂദിയുടെ നിലപാടുകള്‍ കാരണമായിട്ടുണ്ട്‌. സ്വഹാബത്തിനെ പോലും മൗദൂദിസാഹിബ്‌ വിമര്‍ശിച്ചത്‌ പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ. ഏതു ജമാഅത്തുകാരനായാലും മറ്റുള്ളവരെ വിമര്‍ശിക്കുന്നതില്‍ മിടുക്കന്മാരായിരിക്കും. തിരിച്ചു വിമര്‍ശിച്ചാലോ; സഹിക്കാനുള്ള ശക്തിയും അവര്‍ക്കില്ല. മൗദൂദി സാഹിബിന്റെ ചിന്തകളെ നിരൂപണം ചെയ്യേണ്ടതുണ്ട്‌ എന്നു പ്രസംഗത്തില്‍ പറയും, നിരൂപണ ബുദ്ധിയോടെ സമീപിച്ചാലോ; പൊട്ടിത്തെറിക്കും.
ഈ നിലപാടുകാരണം സമുദായത്തില്‍ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥ ഉണ്ടായില്ലേ; പ്രത്യേകിച്ച്‌ സമുദായത്തില്‍ വലിയൊരു പക്ഷത്തെ പ്രതിപക്ഷത്തു നിര്‍ത്തി വിമര്‍ശിച്ചപ്പോള്‍?
മുസ്‌ലിം സമുദായത്തില്‍ നിന്ന്‌ ഒറ്റപ്പെടുക എന്നത്‌ പൂര്‍വികന്മാരായ പണ്ഡിതന്മാര്‍ വിലക്കിയ സംഗതിയാണ്‌. ഉമ്മത്തിനോട്‌ ഒന്നിച്ചു നില്‍ക്കണം. ഇവര്‍ക്കതിനു കഴിയില്ല. ഉമ്മത്തിനോടു വിഘടിച്ചു നില്‍ക്കുന്നതാണ്‌ ഇപ്പോഴത്തെ അവസ്ഥ.സമുദായത്തിനിടയില്‍ വന്‍തോതില്‍ പ്രമാണവഴക്കുകള്‍ ഉണ്ടാക്കിയില്ലേ?സമുദായത്തില്‍ എല്ലാവരെയും ഒരുപോലെ കാണുകയും ഒരുപോലെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യണം. സമുദായത്തിലെ ഓരോ വ്യക്തിയും ഓരോരുത്തരും ആദരണീയരായിരിക്കണം. സമുദായത്തിലെ പണ്ഡിതന്മാരെ ആദരണീയരായി കാണണമെന്നാണ്‌ ഇസ്‌ലാമിന്റെ കാഴ്‌ചപ്പാട്‌. ഇതങ്ങനെയല്ല; അവര്‍ക്കിടയിലെ ഏഴാംകൂലികളെപ്പോലും വമ്പിച്ച വിവരമുള്ളവരായി അവതരിപ്പിക്കുകയും മറുവിഭാഗത്തില്‍പെട്ട മഹാന്മാരും ധിഷണ ശാലികളുമായ പണ്ഡിതന്മാരെയെല്ലാം നിസ്സാരരായി കാണുകയും ചെയ്യുന്ന രീതിയാണവര്‍ സ്വീകരിക്കുന്നത്‌. ഇത്‌ ഇസ്‌ലാമിന്റെ മൗലികമായ കാഴ്‌ചപ്പാടിനെതിരാണ്‌.സാധാരണ പറയുന്നതുപോലെ, 1921വരെ കേരളീയ മുസ്‌ലിം സമുദായത്തിന്‌ ഒരു സംഘടനാ നേതൃത്വമോ നേതാവോ ഔപചാരികതയോ ഇല്ലാത്ത ഒരു നേതൃത്വമുണ്ടായിരുന്നു. അതതു കാലത്തെ പണ്ഡിതന്മാരെയും നേതാക്കളെയും അനുസരിച്ച്‌ ഒത്തൊരുമയോടെ കഴിഞ്ഞിരുന്ന അവസ്ഥ. സമുദായത്തിന്റെ പുരോഗതിക്കും സമൂഹത്തിന്റെ പൊതുനന്മക്കും ഒപ്പം അവരുണ്ടായിരുന്നു.
ഇരുപത്തിയൊന്നിനു ശേഷം വഹാബിചിന്തകള്‍ കടന്നുവന്നു, പിന്നാലെ മൗദൂദിചിന്തകള്‍. ഇതിന്റെ വിഭജനം സമുദായത്തെ ദുര്‍ബലമാക്കിയില്ലേ?
ഇബ്‌നു അബ്‌ദുല്‍വഹാബിന്റെ കാര്യം പറയുമ്പോള്‍ ചില വസ്‌തുതകള്‍ ഓര്‍മിക്കേണ്ടതുണ്ട്‌. കേരളത്തിലെ ഈ പ്രസ്ഥാനത്തെ നാം വേര്‍തിരിച്ചു കാണണം. കേരളത്തില്‍ സലഫി പ്രസ്ഥാനത്തിന്റെ തുടക്കം ജമാലുദ്ദീന്‍ അഫ്‌ഘാനി, മുഹമ്മദ്‌ അബ്‌ദു, റശീദ്‌ റിള ടീമിന്റെ ആശയത്തില്‍ നിന്നാണ്‌. അവരുടെ `അല്‍മനാര്‍' എന്ന പത്രമാണ്‌ കേരളത്തില്‍ എത്തിയത്‌. അവര്‍ മൂന്നുപേരും ഹദീസ്‌ നിഷേധികളായിരുന്നു. റശീദ്‌ രിള അവസാനം തിരുത്തിയിട്ടുണ്ട്‌. സലഫിയല്ല; ഇസ്‌ലാഹീ പ്രസ്ഥാനമാണിത്‌. ആ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ പത്രമായ `അല്‍മനാര്‍' തന്നെയാണ്‌ ഇവിടെയും ഇറക്കിയത്‌. `അല്‍മനാര്‍' തഫ്‌സീറാണ്‌ അവിടെ മദ്‌റസകളില്‍ പഠിപ്പിക്കുന്നത്‌. അവിടെ മുഹമ്മദ്‌ബ്‌നു അബ്‌ദുല്‍ വഹാബിന്റെ ഒരു പുസ്‌തകവും പഠിപ്പിക്കുന്നില്ല. ഇങ്ങനെ ഒരു പ്രത്യേക കാഴ്‌ചപ്പാടുള്ള ഇസ്‌ലാഹി പ്രസ്ഥാനമാണ്‌ കേരളത്തില്‍ ഉണ്ടായത്‌. ഹദീസ്‌ സ്വീകാര്യമല്ലാത്തതു കൊണ്ട്‌ ജിന്ന്‌ വിഷയത്തില്‍ ഏകാഭിപ്രായത്തിലെത്താന്‍ അവര്‍ക്കിപ്പോഴും കഴിയുന്നില്ല. മന്ത്രങ്ങളെക്കുറിച്ച്‌ ഏകാഭിപ്രായമില്ല. ഹദീസിലുള്ളതും പൂര്‍വികര്‍ പറഞ്ഞു തന്നതുമായ മന്ത്രങ്ങളൊന്നും അവര്‍ക്കു സ്വീകാര്യമല്ല. അതൊക്കെ ബിദ്‌അത്ത്‌ - ഖുറാഫത്ത്‌ എന്നു പറഞ്ഞു തള്ളുകയാണ്‌ അവര്‍ക്ക്‌ എളുപ്പം.മുഹമ്മദ്‌ ബ്‌നു അബ്‌ദില്‍ വഹാബിന്റെത്‌ വേറെ തന്നെ പ്രസ്ഥാനമാണ്‌. ഹിജാസില്‍ കല്ലിനെയും മരത്തെയും ആരാധിച്ചിരുന്നവരെ സംസ്‌കരിക്കാനുണ്ടായ തൗഹീദ്‌ പ്രസ്ഥാനമാണത്‌. നമ്മുടെ നാട്ടിലും കല്ലിനെയും മരത്തിനെയും ആരാധിക്കുന്നുണ്ടെങ്കില്‍ ഇവിടെയും തുടങ്ങാവുന്ന പ്രസ്ഥാനമാണത്‌. ഇബ്‌നു വഹാബിന്റെ ആശയങ്ങളില്‍ മദ്‌ഹബിനെതിരായ ഒറ്റവാക്കും കാണാന്‍ കഴിയുകയില്ല. മുഹമ്മദ്‌ബ്‌നു അബ്‌ദുല്‍ വഹാബ്‌ തന്നെ ഹമ്പലി മദ്‌ഹബുകാരനാണ്‌. ശയ്‌ഖ്‌ ഇബ്‌നു ബാസ്‌ ഹമ്പലി മദ്‌ഹബ്‌കാരനാണ്‌. അവര്‍ക്കാര്‍ക്കും മദ്‌ഹബിനോട്‌ യാതൊരു വെറുപ്പും പക്ഷപാതിത്വവുമില്ല. പെട്രോള്‍ വന്നശേഷം വഹാബിസം കേരളത്തില്‍ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്‌. ഇങ്ങനെ രണ്ടു ധാരകളാണ്‌ നമുക്കിവിടെ കാണാന്‍ കഴിയുന്നത്‌.ഈ കൂട്ടരില്‍ ആര്‌ ഏതു ധാരയില്‍ എന്നു പറയാന്‍ ഇപ്പോള്‍ കഴിയുന്നില്ല. ആരാണു മന്ത്രത്തിനെതിര്‌, ആര്‌ അനുകൂലം എന്നു വ്യക്തമല്ല. നേരത്തെ വന്ന ഇസ്‌ലാഹി പ്രസ്ഥാനവും പിന്നീട്‌ വന്ന ഇബ്‌നു വഹാബിന്റെ വഹാബിപ്രസ്ഥാനവും തമ്മില്‍ അടിസ്ഥാനപരമായി ഒരു ബന്ധവുമില്ല.കേരളക്കാരനായ ഒരു മുജാഹിദ്‌ നേതാവ്‌ ജിന്നിനെക്കുറിച്ച്‌ എന്നോട്‌ അഭിപ്രായം ചോദിച്ചു. എനിക്ക്‌ അഭിപ്രായമൊന്നുമില്ലെന്നു ഞാന്‍ പറഞ്ഞു. ഖുര്‍ആനിലും ഹദീസിലും കുറെ കാര്യങ്ങളുണ്ടെന്നും ഞാന്‍ പറഞ്ഞു. രണ്ടുമണിക്കൂര്‍ നേരം ജിന്നിനെക്കുറിച്ചു ഞാന്‍ സംസാരിച്ചു. `ഇതുതന്നെയാണ്‌ എനിക്ക്‌ ഈ മുജാഹിദുകളെ പറ്റാത്തത്‌'. അയാള്‍ പറഞ്ഞു. ഈ വിഷയത്തിലുള്ള പുസ്‌തകം വേണമെന്നായി അയാള്‍. ഞാനയാളെ ഒരു ലൈബ്രറിയില്‍ കൊണ്ടുപോയി. അറബിയിലും ഇംഗ്ലീഷിലുമായി ഒരു റാക്ക്‌ നിറയെ ഇതെക്കുറിച്ചുള്ള പുസ്‌തകങ്ങള്‍ അയാള്‍ക്കു കാണിച്ചുകൊടുത്തു. അതില്‍ നിന്ന്‌ `ആലമുല്‍ ജിന്നി വശ്ശയാത്വീന്‍' എന്ന പുസ്‌തകം അയാള്‍ക്കു കൊടുത്തു. അതു പ്രശസ്‌തനായ ഒരു സലഫി പണ്ഡിതന്‍ എഴുതിയതാണ്‌. - മുഹമ്മദ്‌ സുലയ്‌മാനുല്‍ അശ്‌കര്‍. തഫ്‌സീറൊക്കെ എഴുതിയ ആളാണ്‌. ജിന്നിനെക്കുറിച്ച്‌ അഹ്‌ലുസ്സുന്നത്തിന്റെ വിശ്വാസം തന്നെയാണ്‌ അയാള്‍ എഴുതിയിരിക്കുന്നത്‌. ഇബ്‌നു ബാസിന്റെ അനുഭവത്തില്‍ തന്നെ ഒരു ഇന്ത്യന്‍ ജിന്നിന്റെ കഥയുണ്ടല്ലോ. പത്രങ്ങളില്‍ വന്നതാണ്‌. എന്നാല്‍ ജിന്നിനെക്കുറിച്ചു സംശയം തീരാത്തവരാണു നമ്മുടെ നാട്ടിലെ ഇസ്‌ലാഹീപ്രസ്ഥാനത്തില്‍ വലിയൊരു വിഭാഗം.ഞാന്‍ ചോദിച്ചത്‌ 1921നു മുമ്പ്‌ ഇവിടുത്തെ മുസ്‌ലിംകള്‍ക്ക്‌ ഒരു യൂണിറ്റിയുണ്ടായിരുന്നു, തെരഞ്ഞെടുത്തതല്ലെങ്കിലും ശക്തമായ നേതൃത്വം. വിശേഷിച്ചു ഭിന്നതകളൊന്നുമില്ലായിരുന്നു, പോരായ്‌മകളുണ്ടാകാമെങ്കിലും. സ്വഛന്ദമായ ഈ സംവിധാനത്തില്‍ ആകൃഷ്‌ടരായിട്ടാണല്ലോ നിരവധി പേര്‍ ഇസ്‌ലാമിലേക്കു സ്വമേധയാ തന്നെ വന്നത്‌.

പുതിയ ചിന്താധാരകളുടെ വരവോടെ ഈ യൂണിറ്റിക്ക്‌ പരിക്കു പറ്റിയില്ലേ? സമുദായത്തിനകത്ത്‌ ശൈഥില്യം ഉടലെടുത്തില്ലേ?

സംഘടനകള്‍ തമ്മില്‍ തല്ലുന്നത്‌ സമുദായത്തിനു ദോഷമാണെന്നത്‌ കഴിഞ്ഞ പത്തമ്പതു വര്‍ഷത്തെ അനുഭവങ്ങളില്‍നിന്നു മനസ്സിലാക്കാവുന്നതാണ്‌. പിന്നെ; ഇസ്‌ലാഹീ പ്രസ്ഥാനത്തിലേക്ക്‌ ആദ്യം കടന്നുവന്നത്‌ ഇവിടത്തെ പണ്ഡിതന്മാര്‍ തന്നെയാണ്‌. അവര്‍ രണ്ടുചേരിയായപ്പോള്‍ വിമര്‍ശനത്തില്‍ രൂക്ഷതയുണ്ടായത്‌ സ്വാഭാവികമാണ്‌. പിന്നെ `ഗുരു നിന്നു പാത്തിയപ്പോള്‍ ശിഷ്യന്‍ നടന്നു പാത്തി' എന്നു പറഞ്ഞതുപോലെ നേതാക്കളുടെ തര്‍ക്കം അണികള്‍ ഏറ്റെടുത്തു രൂക്ഷമാക്കുകയാണുണ്ടായത്‌. ഉമ്മത്തുമുസ്‌ലിം അകലുന്നത്‌ അവര്‍ക്കു നാശവും ശത്രുക്കളുടെ വിജയവുമാണ്‌. ഇത്‌ നാം മനസ്സിലാക്കുന്നില്ല.
സമുദായത്തില്‍ ഒരു വിഭാഗത്തെ കാഫിറാക്കുന്നതിനെക്കുറിച്ച്‌? ഖബ്‌റാരാധന തുടങ്ങിയ ആക്ഷേപങ്ങളില്‍ കാര്യമുണ്ടോ?
ഏതു വിഭാഗത്തില്‍ പെട്ടവരാകട്ടെ; അവരിലെ വിവരമുള്ള ഒരാളും ഇത്തരത്തില്‍ ആക്ഷേപിക്കുകയില്ല. പറയുന്നവര്‍ക്കറിയില്ല; എത്ര ഗൗരവതരമായ കാര്യമാണീ പറയുന്നതെന്ന്‌. വിശ്വാസിയായ ഒരാളെ ദീനില്‍ നിന്നാര്‍ക്കാണു പുറംതള്ളാനാവുക? അറിവു കുറഞ്ഞ ചില നേതാക്കന്മാരാണ്‌ ഇത്തരം ആക്ഷേപങ്ങള്‍ പറയുന്നത്‌. ഞാന്‍ രാജ്യത്ത്‌ പലേടത്തും സഞ്ചരിച്ചിട്ടുണ്ട്‌. പണ്ഡിതന്മാരോ വിവരമുള്ളവരോ ഏതെങ്കിലും ദര്‍ഗയിലോ മറ്റോ ഖബ്‌റിനെ ആരാധിക്കുന്നത്‌ കണ്ടിട്ടില്ല. ഏതെങ്കിലും അറിവില്ലാത്തവര്‍ കയറി വിഡ്‌ഢിത്തങ്ങള്‍ കാണിക്കുന്നുണ്ടാവാം. ഇതു ഒരു വിഭാഗത്തിന്റെ പേരില്‍ കെട്ടിപ്പറയുന്നത്‌ ശരിയല്ല. ഖബ്‌റ്‌സിയാറത്ത്‌ സുന്നത്തായ കാര്യമാണ്‌. പ്രവാചകനും പിന്‍ഗാമികളുമൊക്കെ സിയാറത്ത്‌ ചെയ്‌തിട്ടുണ്ട്‌. അതിനെയൊന്നും ആര്‍ക്കും തള്ളിപ്പറയാനാവില്ല. ഓരോ വിഭാഗവും അവരുടെ നിലനില്‍പിനു വേണ്ടി കടുപ്പമുള്ള കാര്യങ്ങള്‍ ഉന്നയിക്കാന്‍ നോക്കുകയാണ്‌. ഇതു നിലനില്‍പിന്റെ പ്രശ്‌നമാകാം.

published by www.risalaonline.com