Wednesday, March 11, 2009

പൊറുക്കുക പ്രഭോ, ഞങ്ങള്‍ കുറ്റവാളികളാണ്‌...!

link to the article here
പൊറുക്കുക പ്രഭോ, ഞങ്ങള്‍ കുറ്റവാളികളാണ്‌...!
ഇബ്‌റാഹിം സഖാഫി പുഴക്കാട്ടിരി

``...ഇന്ന്‌ നീ മാത്രമാണ്‌/ എന്റെ പ്രേമഭാജനം,/ എന്റെ ഒരേയൊരു രക്ഷകന്‍;/ നിന്റെ ശിക്ഷയ്‌ക്കര്‍ഹയാണ്‌ ഞാന്‍/ സ്‌നേഹത്തിന്റെ ലഹരിയും / സ്‌നേഹാന്ത്യത്തിന്റെ വ്യഥയും/ ഞാന്‍ എന്നേ പഠിച്ചിരിക്കുന്നു./ സ്‌നേഹത്തിന്റെ ചൂടും/ കൊടും ക്രൗര്യവും/ അനുഭവിച്ചറിഞ്ഞ പ്രേമിക/ നരകാഗ്നിയെ/ എന്തിന്‌ ഭയപ്പെടണം? (കമലാ സുരയ്യ)
സ്‌നേഹമൊരു വികാരമാണ്‌. മാപിനികള്‍ കൊണ്ട്‌ അളന്നെടുക്കാനോ നിയന്ത്രണങ്ങള്‍ വച്ച്‌ പാകപ്പെടുത്താനോ കഴിയാത്ത അമൂര്‍ത്തപ്രതിഭാസം. കാമവും പ്രണയവും പ്രേമവുമൊക്കെ സ്‌നേഹത്തിന്റെ ഭാവതീവ്രതയനുസരിച്ചുള്ള പരിണാമസംജ്ഞകള്‍. മനുഷ്യന്റെയും മറ്റു ജീവികളുടെയും സാമൂഹികചലനങ്ങള്‍ കെട്ടുറപ്പോടെ കൊണ്ടുപോകുന്നത്‌ ഈയൊരു നിര്‍മല സ്വഭാവമാണെന്ന്‌ തിരിച്ചറിയുമ്പോള്‍, അതിനുമുമ്പില്‍ നമുക്ക്‌ ആദരപൂര്‍വം ശിരസ്സുകുനിക്കേണ്ടിവരുന്നു.വിശുദ്ധമതത്തില്‍ സ്‌നേഹത്തിനു വലിയ സ്ഥാനമുണ്ട്‌. കുടുംബ-രക്തബന്ധങ്ങള്‍ക്കപ്പുറവും പരസ്‌പരസ്‌നേഹം പുലര്‍ത്താന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാകുന്നു. `അന്യോന്യം സ്‌നേഹിക്കുന്നതുവരെ വിശ്വാസം പൂര്‍ത്തിയാവുകയോ സ്വര്‍ഗപ്രവേശം സാധ്യമാവുകയോ ഇല്ലെ'ന്ന നബിവചനം സ്‌നേഹത്തിന്റെ അനിവാര്യത കുറിക്കുന്നുണ്ട്‌. അല്ലാഹു ആദരിച്ച വേദഗ്രന്ഥം, കഅ്‌ബ, ആരാധനാലയങ്ങള്‍ തുടങ്ങിയ പ്രാണരഹിത വസ്‌തുക്കളെയും സ്‌നേഹിക്കാന്‍ കല്‍പിക്കപ്പെട്ടവരാണു നാം. മാതാപിതാക്കളോടും ഭാര്യാസന്താനങ്ങളോടുമൊക്കെയുള്ള സ്‌നേഹാഭിനിവേശം പ്രകൃതിയുടെ തന്നെ ആവശ്യമാണു താനും. പക്ഷേ, ഇതിനേക്കാളുമൊക്കെ ഇസ്‌ലാമിന്റെ നായകന്‍ മുഹമ്മദ്‌ (സ) സ്‌നേഹിക്കപ്പെട്ടു. എത്ര ശക്തമായ തൂലികകള്‍ കൊണ്ട്‌ വിശദീകരിച്ചാലും നീതിപുലര്‍ത്താനാവാത്തത്ര തീവ്രമായായിരുന്നു തിരുമേനി (സ)യെ അനുയായികള്‍ ഇഷ്‌ടപ്പെട്ടത്‌. സ്വന്തം കൃഷ്‌ണമണിയേക്കാള്‍ എന്നല്ല ആത്മാവിനേക്കാള്‍ കൂട്ടുകാര്‍ സ്‌നേഹിച്ചാദരിച്ച ചരിത്രത്തിലെ ഏക വ്യക്തിത്വം മുഹമ്മദ്‌ റസൂല്‍(സ) യാണെന്നത്‌ അവകാശവാദമല്ല; ആര്‍ക്കുമറിയാവുന്ന ലളിതയാഥാര്‍ത്ഥ്യം മാത്രം.
പ്രേമത്തിന്റെ പ്രമാണപക്ഷം
അല്ലാഹുവിലുള്ള വിശ്വാസത്തോടെ മതം പൂര്‍ണമാവുന്നില്ല. തുല്യപ്രാധാന്യത്തോടെ മുഹമ്മദ്‌(സ)യുടെ പ്രവാചകത്വവും വിശ്വസിക്കണം. അംഗീകരിച്ചു പ്രഖ്യാപിക്കണം. മതം അല്ലാഹുവിന്റെതാണെങ്കില്‍, അത്‌ ജനങ്ങളിലേക്കെത്തിക്കാന്‍ അവന്‍ തെരഞ്ഞെടുത്തയച്ച അസാധാരണ മനുഷ്യനാണ്‌ മുത്ത്‌റസൂല്‍(സ). ദൃഷ്‌ടിക്കുവിധേയനോ ശ്രവണേന്ദ്രിയങ്ങള്‍ കൊണ്ട്‌ കേള്‍ക്കാനാവുന്നവന്‍ പോലുമോ അല്ല അല്ലാഹു. അതുകൊണ്ടുതന്നെ മനുഷ്യന്‌ മതവുമായും ദൈവവുമായുമുള്ള പ്രത്യക്ഷബന്ധം പ്രവാചകന്‍ (സ) വഴിയേ സാധ്യമാവുകയുള്ളൂ. ദൈവമുണ്ടെന്ന്‌ അവര്‍ വിശ്വസിക്കുന്നതിന്റെ പ്രധാനകാരണം പോലും നബി(സ) അങ്ങനെ പറഞ്ഞു കൊടുത്തുവെന്നതാണ്‌. നരകവും സ്വര്‍ഗവും ഉള്‍ക്കൊള്ളുന്നതും ധര്‍മാധര്‍മങ്ങള്‍ വിവേചിച്ചറിയുന്നതും അവിടുത്തെ പ്രഖ്യാപനങ്ങള്‍ കൊണ്ടുതന്നെ. ദൈവവചന സമാഹാരമായ ഖുര്‍ആനും നബി(സ) മുഖേനയാണ്‌ ലോകത്തിനു ലഭിച്ചത്‌. ഈയൊരു വസ്‌തുത മുന്നില്‍ വച്ച്‌ ചിന്തിക്കുമ്പോള്‍, പ്രവാചകന്‍(സ)യെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കേണ്ടത്‌ മതത്തിന്റെ പ്രഥമനിബന്ധനകളില്‍ പെടുമെന്നത്‌ മനസ്സിലാക്കാനാവും. ശരിയായ സ്‌നേഹമില്ലെങ്കില്‍ വിശ്വാസം ഉള്‍ക്കൊള്ളാനാവുകയില്ലല്ലോ. പ്രത്യക്ഷ സൂചനകളും അടയാളങ്ങളുമുണ്ടായാല്‍പോലും സ്‌നേഹമില്ലാതെ വിശ്വാസിയായിരിക്കാന്‍ കഴിയില്ല. അതുകൊണ്ട്‌ നബി(സ)യെ സ്‌നേഹിക്കാന്‍ വിശുദ്ധഗ്രന്ഥം പലയാവര്‍ത്തി കല്‍പിച്ചിരിക്കുന്നു. ``മാതാപിതാക്കള്‍, സന്താനങ്ങള്‍, സഹോദരങ്ങള്‍, ഇണകള്‍, സമ്പല്‍സമൃദ്ധി, കച്ചവടവസ്‌തുക്കള്‍ തുടങ്ങി മനുഷ്യനെ സ്വാധീനിക്കുന്ന എന്തൊക്കെയുണ്ടോ അതിനേക്കാളൊക്കെയും നബി(സ)യെ സ്‌നേഹിക്കാനാണ്‌ അല്ലാഹു ആവശ്യപ്പെടുന്നത്‌. (9/24). മുത്ത്‌ നബി(സ) തന്നെ പ്രഖ്യാപിച്ചല്ലോ, ``മറ്റെന്തിനെക്കാളും ഞാന്‍ ഇഷ്‌ടമാവുന്നതുവരെ നിങ്ങളുടെ വിശ്വാസം പൂര്‍ണമല്ല.'' (ബുഖാരി) ശരിയാണ്‌, പ്രവാചകനില്ലെങ്കില്‍ പിന്നെന്ത്‌ വിശ്വാസം? വിശ്വാസനാട്യങ്ങള്‍ കണ്ടേക്കാം. എന്നാല്‍, അതിന്റെ സുതാര്യപ്രകടനത്തിന്‌ നബി(സ)യെ സ്‌നേഹിച്ചേ പറ്റൂ. വികലമായെങ്കിലും അല്ലാഹുവിന്നെ ആരാധിച്ചിരുന്നവരായിട്ടും മക്കയിലെ മുശ്‌രിക്കുകളും വിശ്വാസ പ്രകടനത്തില്‍ മികവ്‌ പുലര്‍ത്തിയിരുന്നിട്ടുകൂടി മുനാഫിഖുകളും അഭിശപ്‌തരായത്‌ മറ്റൊന്നുകൊണ്ടുമല്ല. ചുരുക്കത്തില്‍, നബി സ്‌നേഹമാണ്‌; ഇസ്‌ലാമിന്റെ ജീവല്‍ചൈതന്യം. ഖുര്‍ആനും ഹദീസുകളും പ്രവാചകസ്‌നേഹ പ്രോത്സാഹനവുമായി ശക്തമായി നിലകൊള്ളുന്നത്‌ നമുക്കുവേണ്ടി തന്നെയാണ്‌. എന്നെ സ്‌നേഹിക്കണമെന്ന്‌ തിരുനബി(സ) ഓര്‍മപ്പെടുത്തിയതും നമുക്കുവേണ്ടി മാത്രം. ഭൗതികപ്രേമങ്ങള്‍ നശ്വരമോഹങ്ങളുടെ സാക്ഷാല്‍ക്കാരത്തിനാണെങ്കില്‍ പൂര്‍ണവും അമേയവുമായ മോക്ഷമാണ്‌ നബിസ്‌നേഹത്തിന്റെ ഫലം. എങ്കില്‍, മരണശയ്യയില്‍ പോലും സമൂഹത്തെ ഓര്‍ത്ത്‌ വ്യഥപ്പെട്ട പുണ്യനായകന്‌ അത്‌ നിര്‍ബന്ധമായി കല്‍പിക്കാതിരിക്കാനാവുമോ?
സ്‌നേഹം കുത്തിയൊഴുകിയ പൂര്‍വികര്‍
‍പ്രേമഭാജനത്തെ അനുകരിക്കുക സ്വാഭാവികം. ജീവികക്രമണിക തന്നെ അദ്ദേഹത്തിന്റെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ക്കൊത്ത്‌ തയ്യാറാക്കുകയും ചെയ്യും. നബി(സ)യോടുള്ള സ്‌നേഹത്തിനും ഇതിനു സ്ഥാനമുണ്ട്‌. `നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്‍തുടരുക.' (വിഖു 3/31) എന്ന സൂക്തം ഇത്‌ വെളിപ്പെടുത്തുന്നു. അളന്നുമുറിച്ച്‌ വെട്ടിപാകപ്പെടുത്തിയേ നബി(സ)യെ സ്‌നേഹിക്കാവൂ എന്ന ദുരന്തവിശ്വാസക്കാര്‍ സ്‌നേഹത്തെ അനുസരണയില്‍ പിടിച്ചുകെട്ടുന്നു. അതിനപ്പുറമില്ല, പാടില്ല! നബി സ്‌നേഹമെന്നാല്‍ അവിടുന്ന്‌ കല്‍പിച്ച വിധിവിലക്കുകള്‍ പാലിക്കുക മാത്രമാണെന്നാണ്‌ അവരുടെ വിശദീകരണം. വരണ്ടഹൃദയത്തിന്റെ ലാവാപ്രവാഹമാണിത്‌. നബി(സ)യാകുന്ന വ്യക്തിത്വം അവര്‍ക്കൊന്നുമല്ല. അത്യത്ഭുത ജീവിതമോ അസാധാരണശേഷികളോ അഭൗമ സൗന്ദര്യമോ അവര്‍ക്ക്‌ മതിപ്പ്‌ പ്രദാനിക്കുന്നില്ല. അവരുടെ നബി ഏതൊരു സമകാലികനേയും പോലെ കേവലമൊരു അറബിപ്പയ്യന്‍ (എം എം അക്‌ബറിന്റെ പ്രയോഗം). ആധുനിക കപടവിശ്വാസികളാണിവര്‍. അബ്‌ദുല്ലാഹിബ്‌നു ഉബയ്യിന്റെ അനുയായികള്‍. നബി(സ)യെ സ്‌നേഹിക്കുന്നതിന്റെ ഭാഗം തന്നെയാണ്‌ അവിടുത്തെ തിരുചര്യ അനുസരിക്കുക എന്നത്‌. എന്നാല്‍ അതില്‍ മാത്രം നബിസ്‌നേഹം പരിമിതപ്പെടുത്തുന്നതാണ്‌ അപകടം. ചര്യ പിന്‍തുടരുന്നത്‌ സ്‌നേഹം കൊണ്ടുമാത്രമായിരിക്കണമെന്നില്ലല്ലോ. നരകത്തെ പേടിച്ചുമാവാം; പ്രകടനതല്‍പരതകൊണ്ടും ഇസ്‌ലാമിക സമൂഹത്തിലെ നേതൃത്വം കൊതിച്ചതുകൊണ്ടുമാവാം. സ്‌നേഹം അങ്ങനെയല്ല. അത്‌ മുത്ത്‌നബി(സ)യെ ഹൃദയത്തിന്റെ കാതലായി ഉള്‍ക്കൊണ്ടതുകൊണ്ടു തന്നെയാണ്‌. നമ്മെയും ലോകത്തെയും സ്വര്‍ഗനരകങ്ങളെയുമൊക്കെ സൃഷ്‌ടിക്കാന്‍ കാരണക്കാരനായ ലോകത്തിന്റെ പ്രകാശത്തെ സ്‌നേഹിക്കാതിരിക്കാന്‍ മനസ്സ്‌ മരുഭൂമിയായവര്‍ക്കേ കഴിയൂ.യാനബീ, അങ്ങേക്കപ്പുറം മറ്റെന്ത്‌?ദീന്‍ പഠിച്ച പൂര്‍വികര്‍ സ്‌കൈല്‍വച്ചായിരുന്നോ നായകനെ സ്‌നേഹിച്ചിരുന്നത്‌? ഒരിക്കലുമല്ല. നബി സ്‌നേഹത്തിനപ്പുറം അവര്‍ക്കൊന്നുമുണ്ടായിരുന്നില്ല. കുടുംബത്തിന്റെ ഓരോ കണ്ണിയും ഹൃദയത്തിന്റെ കണികകള്‍ വരെ അവര്‍ പ്രവാചകപ്രേമത്തിന്റെ അഗ്നിജ്വാലയില്‍ ഹോമിച്ചത്‌ ചരിത്രം.വിശ്വാസികളുടെ ആവേശം കെടുത്താന്‍ ശത്രുക്കളെടുത്ത കുതന്ത്രമായിരുന്നു മുഹമ്മദ്‌ കൊല്ലപ്പെട്ടുവെന്ന കിംവദന്തി. രംഗം നിര്‍ണായകഘട്ടത്തിലേക്കു നീങ്ങുന്ന ഉഹ്‌ദ്‌യുദ്ധം. ശത്രുക്കളുടെ ധാരണ ശരിയായിരുന്നു. സ്വഹാബികള്‍ അതോടെ വിവശരായി. പലരും വാള്‍ താഴെയിട്ടു. നാം ആര്‍ക്കുവേണ്ടി ജീവിക്കുന്നു, ഏതൊരു മുഖം കാണാതെ നമുക്ക്‌ സമാധാനം ലഭിക്കാതിരിക്കുന്നു, ഈ ലോകം ആര്‍ക്കുവേണ്ടി സംവിധാനിക്കപ്പെട്ടു- അദ്ദേഹം മരണപ്പെട്ടിരിക്കുന്നു. സ്‌നേഹാധിക്യത്താല്‍ വരിഞ്ഞുമുറികിയിരുന്ന അവര്‍ക്ക്‌ കൈ പൊങ്ങാതെയായി. വാര്‍ത്ത മദീനയില്‍ പെട്ടെന്നു പ്രചരിച്ചു. കേട്ടമാത്രയില്‍ സ്‌ത്രീകളും കുട്ടികളും നിലവിളിച്ച്‌ പുറത്തിറങ്ങി. പിതാവും ഭര്‍ത്താവും പുത്രനും സഹോദരങ്ങളും ഉഹ്‌ദിലേക്ക്‌ പോയ ഒരു അന്‍സ്വാരി വനിത യുദ്ധക്കളത്തിലൂടെ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കുന്നു. ബന്ധുക്കളില്‍ ഓരുത്തരുടെയും മരണവാര്‍ത്തയറിഞ്ഞിട്ടും നിസ്സംഗതയോടെ ഇത്‌ തുടര്‍ന്നു. ഇണയുടെയും കുടുംബത്തിന്റെയും ദുരന്തമൊന്നുമല്ല മഹതിയെ ആകുലപ്പെടുത്തിയത്‌. അവസാനം സ്‌നേഹസ്വരൂപത്തെ കണ്ടെത്തി അപകടമൊന്നും സംഭവിച്ചില്ലെന്നുറപ്പിച്ചപ്പോഴേ അവര്‍ക്ക്‌ മനശ്ശാന്തി വന്നുള്ളൂ. നബി(സ)യുടെ വസ്‌ത്രം പിടിച്ചുകുലുക്കിക്കൊണ്ട്‌ മഹതി പറഞ്ഞു: ``അങ്ങേക്കൊന്നും പറ്റിയിട്ടില്ലെങ്കില്‍, നേരിട്ട മറ്റു നഷ്‌ടങ്ങളൊന്നും ഒരു പ്രശ്‌നമേ അല്ല, തിരുദൂതരേ...!''ബനൂഖൈന്‍ ഗോത്രത്തിലെ ചില കൊള്ളക്കാര്‍ ഹാരിസ-സഅ്‌ദാ ദമ്പതികളുടെ പൊന്നോമനയെ തട്ടിക്കൊണ്ടുപോയി. കുടുംബത്തിന്റെ വെളിച്ചമായിരുന്ന പ്രിയമകനെ ഓര്‍ത്ത്‌ കരഞ്ഞും നീറിയും ദിനങ്ങള്‍ തള്ളിനീക്കി അവര്‍. പലപ്പോഴും പുത്രനഷ്‌ടത്താല്‍ തീതിന്ന്‌ ഭ്രാന്തനെപ്പോലെ കവിതചൊല്ലി ഹാരിസ നടന്നു. അവസാനം സന്തോഷത്തിന്റെ കുത്തൊഴുക്കുമായി ആ വാര്‍ത്ത അവരുടെ കാതിലുമെത്തി. കൊള്ളക്കാര്‍ വിറ്റ പുത്രന്‍ പലകൈകള്‍ മാറിമറിഞ്ഞ്‌ മക്കയില്‍ ഒരാളുടെ സേവകനായി ജീവിച്ചിരിക്കുന്നു. പുതിയ പ്രവാചകന്‍ മാന്യനായ മുഹമ്മദിന്റെ വിശ്വസ്‌തനായ സൈദ്‌! പുത്രമോചനത്തിനായി വന്‍ സമ്പത്തുമായി തിരുനബി(സ)യെ സമീപിച്ച ഹാരിസയോടും കൂട്ടുകാരോടും അവിടുന്നു പ്രഖ്യാപിച്ചു: ഒരു പ്രതിഫലവും വേണ്ട; അവന്റെ സമ്മതം മാത്രം മതി! ആഹ്ലാദം കൊണ്ട്‌ ആഗതരുടെ ഹൃദയം വീര്‍പ്പുമുട്ടി. വര്‍ഷങ്ങളായി കാണാന്‍ കൊതിക്കുന്ന പിതാവും മാതാവും ജന്മഭൂമിയും കൂട്ടുകാരുമൊക്കെ നോവുന്ന ഓര്‍മകളായി എരിഞ്ഞൊടുങ്ങുകയാവേണ്ട സൈദിന്‌ സ്വദേശത്തേക്ക്‌ രക്ഷപ്പെടാന്‍ അവസരം ലഭിക്കുമ്പോള്‍, അവനത്‌ തെരഞ്ഞെടുക്കാതിരിക്കില്ല. അതോടെ ഒരു പൈസയും നഷ്‌ടപ്പെടാതെ പുത്രനെ വീണ്ടെടുക്കാം...! പക്ഷേ, വെറുതെയായിരുന്നു ഈ വിചാരം. അവിടെ ഒരുമിച്ചുകൂടിയ ബന്ധുക്കളെ മുഴുക്കെ ഞെട്ടിച്ചുകൊണ്ട്‌ സൈദ്‌ പ്രഖ്യാപിച്ചു: ഇല്ല, ഒരിക്കലുമില്ല. എന്റെ പ്രിയനായകന്‍ റസൂലിനെ വിട്ട്‌ എങ്ങോട്ടുമില്ല. ഈ സ്‌നേഹ പ്രവാഹത്തെ ഭൗതികതയുടെ ഏതു അളവുകോല്‍ വച്ച്‌ തിട്ടപ്പെടുത്താനാവും.നബി(സ)യായിരുന്നു അവര്‍ക്കെല്ലാം. അവിടുത്തെ താല്‍പര്യങ്ങള്‍ക്ക്‌ അനുസരിച്ചുമാത്രം അവര്‍ ചലിച്ചു. നബി(സ)യുടെ ഇഷ്‌ടം മാത്രമായിരുന്നു അവരുടെ പരിഗണന. അങ്ങനെയാണ്‌ അതുവരെ താന്‍ കഠിനമായി വെറുത്തിരുന്ന `ചുരങ്ങ' നബി(സ) പ്രത്യേകം തിരഞ്ഞെടുത്ത്‌ ഭക്ഷിക്കുന്നത്‌ കണ്ടതുമുതല്‍ അനസ്‌(റ)ന്‌ ഇഷ്‌ടവിഭവമായത്‌. സ്വപിതാവ്‌ അബൂകുഹാഫ ഇസ്‌ലാമിലേക്ക്‌ കടന്നുവരുന്നതിനേക്കാള്‍ അന്യനായ അബൂത്വാലിബ്‌ പ്രവേശിക്കുന്നതാണ്‌ തനിക്കിഷ്‌ടമെന്ന്‌ അബൂബക്കര്‍(റ) പറഞ്ഞതും ഈയര്‍ത്ഥത്തിലാണ്‌. അഥവാ, അബൂത്വാലിബ്‌ ഇസ്‌ലാമാവുന്നതിലാണ്‌ റസൂല്‍(സ)ക്ക്‌ കൂടുതല്‍ ആനന്ദം. എങ്കില്‍, പിതാവിന്റെ മോചനത്തെക്കാള്‍ അതിഷ്‌ടപ്പെടുകതന്നെ. സമാനമാണ്‌ ഫാറൂഖ്‌ ഉമറി(റ)ന്റെ കാര്യവും. ഒരവസരത്തില്‍, അന്ന്‌ അവിശ്വാസിയായിരുന്ന പ്രവാചക പിതൃവ്യനോട്‌ മഹാന്‍ ഓര്‍മപ്പെടുത്തി: അബ്ബാസ്‌, താങ്കള്‍ സത്യമവലംബിക്കുന്നത്‌ എന്റെ പിതാവ്‌ ഖത്താബ്‌ മുസ്‌ലിമാവുന്നതിനെക്കാള്‍ എനിക്ക്‌ സന്തോഷം പകരും. എന്തുകൊണ്ടെന്നാല്‍ അതാണ്‌ എന്റെ നായകന്‌ കൂടുതലിഷ്‌ടം. നോക്കുക; ഇവിടെയൊക്കെയും സ്വന്തം മാതാപിതാക്കളെക്കാള്‍ സൈദും സിദ്ദീഖും ഫാറൂഖും (റ-ഉം) തിരുദൂതരുടെ ആനന്ദത്തിനു പ്രാധാന്യം നല്‍കുന്നു.നീതിയുടെ പര്യായമെന്ന്‌ ലോകം വിശേഷിപ്പിച്ച ഉമര്‍(റ)ന്റെ ഭരണകാലം. യുദ്ധാര്‍ജിത സമ്പത്ത്‌ ഓരോരുത്തരുടെയും യോഗ്യതയും ഇസ്‌ലാമിലെ സ്ഥാനവുമനുസരിച്ച്‌ ഖലീഫ വിതരണം ചെയ്യുകയാണ്‌. സ്വന്തം പുത്രന്‍ അബ്‌ദുല്ലയുടെ ഇരട്ടിസ്വത്ത്‌ ഖലീഫ ഉസാമ(റ)ക്ക്‌ നല്‍കുന്നു. ഉസാമയെ അറിയില്ലേ? ആഫ്രിക്കന്‍ വംശജ ഉമ്മുല്‍ഐമന്‍(റ) യില്‍ സൈദി(റ)നു ജനിച്ച കറുകറുത്ത ധീരന്‍. ഹസന്‍(റ)നെ ഒരു കാലിലും തന്നെ മറുകാലിലുമിരുത്തി പലപ്പോഴും ലോകനായകന്‍ കളിപ്പിച്ചിരുന്ന മിടുക്കന്‍. ഇതില്‍ നീരസം പ്രകടിപ്പിച്ച ആയിശ(റ) യോട്‌ `ഞാന്‍ അവനെ സ്‌നേഹിച്ചതുകൊണ്ട്‌ നീയും സ്‌നേഹിച്ചേ പറ്റൂ'വെന്ന്‌ തിരുനബി(സ) കല്‍പിച്ച ഭാഗ്യവാന്‍. സിദ്ദീഖും ഫാറൂഖും അലിയും(റ) അടങ്ങുന്ന നേതാക്കളുടെ നേതാവായി രണ്ടുലക്ഷത്തില്‍പരം റോമക്കാരെ നേരിടാനുള്ള മുസ്‌ലിംസൈന്യത്തിന്‌ പുണ്യറസൂല്‍(സ) നിയോഗിച്ച ഇരുപതുകാരനായ സൈന്യാധിപന്‍. ഉസാമക്ക്‌ ഇരട്ടിമുതല്‍ ലഭിച്ചതുകണ്ട്‌ മുത്തബിഉസ്സുന്ന ഇബ്‌നുഉമര്‍(റ) പിതാവിനെ തിരുത്താന്‍ ശ്രമിച്ചു:`അദ്ദേഹത്തിന്റെ പിതാവിന്‌ എന്റെ പിതാവിനെക്കാള്‍ ഒരു യോഗ്യതയുമില്ല. അദ്ദേഹത്തിന്‌ എന്നെക്കാള്‍ വല്ല ഗുണവും എനിക്ക്‌ കാണാനുമാവുന്നില്ല. എന്നിട്ടും എന്റെ ഇരട്ടി ഉസാമക്ക്‌ നല്‍കുയോ?' ഉമറുല്‍ഫാറൂഖിന്‌(റ) മറുപടിക്ക്‌ സാവകാശം വേണ്ടിവന്നില്ല. അവിടുന്നു പ്രഖ്യാപിച്ചു: അബ്‌ദുല്ലാ, ഉസാമയുടെ പിതാവ്‌ സൈദിനെ, നിന്റെ പിതാവ്‌ ഉമറിനെക്കാള്‍ മുത്ത്‌നബിക്ക്‌ ഇഷ്‌ടമായിരുന്നു. അവിടുത്തേക്ക്‌ നിന്നെക്കാള്‍ വലിയ സ്‌നേഹം ഉസാമയോടായിരുന്നു. (രിജാലുന്‍ ഹൗലറസൂല്‍: 382) നബി(സ) സ്‌നേഹിച്ചുവെന്നതിനപ്പുറം മറ്റെന്തു യോഗ്യതയാണു വേണ്ടതെന്നു ലോകത്തെ പഠിപ്പിക്കുകയായിരുന്നു ഉമര്‍(റ). ചെറുപ്പക്കാരനായ ഉസാമയെ ഖലീഫയായ ഉമര്‍(റ) `നേതാവേ' എന്നുവിളിക്കുന്നതു കേള്‍ക്കുമ്പോള്‍ ചില സ്വഹാബികള്‍ അതില്‍ അസാംഗത്യം കണ്ടു. ഖലീഫയോട്‌ അവരത്‌ തുറന്നുപറയുകയും ചെയ്‌തു. അപ്പോഴും ഉമറിന്റെ പ്രതികരണം നബി സ്‌നേഹം മുന്‍നിര്‍ത്തിയായത്‌ നാമറിയുക. അദ്ദേഹം വിശദീകരിച്ചതിങ്ങനെ: `ഉസാമയെ എന്റെ നേതാവാക്കി വച്ചത്‌ പുണ്യറസൂലാണ്‌. റസൂലിന്റെ താല്‍പര്യമങ്ങനെയാണെങ്കില്‍ അത്‌ പ്രഖ്യാപിക്കുന്നതിന്‌ എനിക്കെന്തു തടസ്സം?' പറഞ്ഞല്ലോ, അവരുമായി ബന്ധപ്പെടുന്ന എന്തിനേക്കാളും പൂര്‍വീകര്‍ക്ക്‌ റസൂലിന്റെ ഇഷ്‌ടമായിരുന്നു പ്രധാനം. ചില സ്‌നേഹപ്രകടനങ്ങളൊക്കെ നമുക്കും പരിചയമുണ്ട്‌. പക്ഷേ, കളിക്കൂട്ടുകാര്‍, സഹപ്രവര്‍ത്തകര്‍, സമകാലികര്‍, ബന്ധുക്കള്‍, പിഞ്ചുകുഞ്ഞുങ്ങള്‍, നൂറ്റാണ്ടുകള്‍ക്കുശേഷവും യഥാര്‍ത്ഥാനുയായികള്‍ എല്ലാവരും ജീവനെക്കാള്‍ സ്‌നേഹിക്കുന്ന ഒരേയൊരു നേതാവ്‌ തിരുനബി(സ) യല്ലാതെ മറ്റാരുണ്ട്‌?സ്‌നേഹിച്ചതിനെ സ്‌നേഹിക്കുകനബി(സ) സ്‌നേഹിച്ചു എന്നതുകൊണ്ടു മാത്രം സ്വയേച്ഛയുടെ താല്‍പര്യം വിരുദ്ധമായിരുന്നിട്ടും സ്‌നേഹത്തിനു പുനഃക്രമീകരണം നടത്തിയവരായിരുന്നു സ്വഹാബികള്‍. ഞാന്‍ സ്‌നേഹിക്കുന്നതുകൊണ്ട്‌ ഉസാമയെ നീയും സ്‌നേഹിക്കണമെന്ന്‌ ആയിശ(റ)യോട്‌ നബി(സ) കല്‍പ്പിച്ചപ്പോള്‍, ഇക്കാര്യം അവിടുന്ന്‌ വ്യക്തമാക്കുകയും ചെയ്‌തു. സ്വപുത്രി ഫാത്വിമ(റ)യെക്കുറിച്ച്‌ പഠിപ്പിച്ചതിങ്ങനെ. ``ഫാത്വിമ എന്റെ ഭാഗമാണ്‌. അവളെ ഇഷ്‌ടപ്പെട്ടവര്‍ എന്നെയും ഇഷ്‌ടപ്പെട്ടു. വെറുത്തവര്‍ എന്നെയും വെറുത്തിരിക്കുന്നു''. അതായത്‌, നബി(സ)യെ സ്‌നേഹിക്കുന്നതിന്റെ ഭാഗമാണ്‌ അവിടുന്ന്‌ സ്‌നേഹിച്ച കാര്യങ്ങളും വസ്‌തുക്കളും പ്രിയംവെക്കുക എന്നത്‌. ഇവിടെ ദുഃഖത്തോടെ നാം ഒരു വിചാരണക്കൊരുങ്ങേണ്ടതുണ്ട്‌. നബി(സ)ക്കും ഇസ്‌ലാമിനും മാനഹാനി വരുത്തി വൈകൃതങ്ങളുടെ കൂട്ടാളികളായി സമുദായാംഗങ്ങള്‍ മാറുന്നതെന്തുകൊണ്ട്‌? റസൂല്‍(സ)ക്ക്‌ കൊടുത്തതില്‍ പിന്നെ വലതുകരം ലൈംഗികാവയവത്തില്‍ സ്‌പര്‍ശിക്കാതെ സൂക്ഷിച്ച ഉസ്‌മാനുബ്‌നുഅഫാന്‍(റ)വില്‍ നിന്ന്‌ ആധുനികര്‍ എത്ര അകലത്തിലാണുള്ളത്‌. നബി(സ)യുടെ ശബ്‌ദത്തേക്കാള്‍ നിങ്ങളുടെ സ്വരമുയരരുതെന്ന ഖുര്‍ആന്‍ സൂക്തമവതരിച്ചതിനു ശേഷം, ഉയര്‍ന്ന ശബ്‌ദക്കാരനായതിനാല്‍ മുമ്പ്‌ പലപ്പോഴും നബി(സ)യെക്കാള്‍ ഉറക്കെ സംസാരിച്ചതോര്‍ത്ത്‌ ദുഃഖിച്ച്‌ പരവശനായി മരണവക്‌ത്രത്തിലെത്തിയ സാബിതുബ്‌നുഖൈസ്‌(റ)ന്റെ പിന്‍ഗാമികള്‍ക്ക്‌ നബി(സ)യെ വികൃതപ്പെടുത്തുന്ന ഒന്നിലധികം പ്രവണതകളുണ്ടായിട്ടും മനസ്സറിഞ്ഞൊരു നടുക്കംപോലും വരാതിരിക്കുന്നു; നമ്മുടെ കൊഴുത്തശരീരങ്ങള്‍ക്ക്‌ അതുകൊണ്ട്‌ ഒരു ക്ഷീണവും സംഭവിച്ചില്ല. ഉഹ്‌ദിന്റെ തീവ്രതയില്‍ മുത്തിന്റെ പല്ലുപൊട്ടിയപ്പോള്‍, തന്റെ ദന്തനിഗ്രഹത്തിന്‌ തയ്യാറെടുത്ത താബിഈ പ്രമുഖന്‍ ഉവൈസി(റ)ന്റെ പിന്‍മുറക്കാര്‍ക്ക്‌, റസൂലിന്റെ ഖുബ്ബ തകര്‍ക്കുമെന്നും ഖബര്‍ പൊളിക്കുമെന്നുമൊക്കെയുള്ള കവലപ്രസംഗങ്ങള്‍ നിര്‍വികാരതയോടെ കേള്‍ക്കാനാവുന്നതെന്ത്‌? വാഹനപ്പുറത്തേറിയാലും ചെരുപ്പിട്ടാലും അപമര്യാദയാവുമെന്നുറപ്പിച്ച്‌, ചുട്ടുപൊള്ളുന്ന മദീനാഭൂമിയിലൂടെ നഗ്നപാദനായി നടന്ന ഇമാം മാലിക്‌ബ്‌നുഅനസി(റ)ന്റെ പില്‍ക്കാലക്കാര്‍, നബി(സ) ഇഷ്‌ടപ്പെടാത്ത ദുഷ്‌പ്രവര്‍ത്തനങ്ങള്‍ക്ക്‌ സ്ഥലകാല വ്യത്യാസം പോലും നല്‍കുന്നില്ല. പ്രഭോ, പൊറുക്കുക. ആധുനികതയുടെ മക്കള്‍ ഞങ്ങള്‍ കുറ്റവാളികളാണ്‌. ഈ കുറ്റസമ്മതം സ്വീകരിച്ച്‌ ഞങ്ങളില്‍ പ്രസാദിക്കുക. വഴിതെറ്റിക്കുന്ന കാരണങ്ങളില്‍നിന്നു വിട്ടുനില്‍ക്കാന്‍ ഞങ്ങള്‍ക്കുവേണ്ടി നാഥനോടര്‍ത്ഥിക്കുക.``അന്ധകാരം സൃഷ്‌ടിക്കുന്ന വിപത്തുകള്‍ വ്യാപിക്കുമ്പോള്‍ സൃഷ്‌ടികളില്‍ അത്യമുന്നതരെ അങ്ങയിലേക്കല്ലാതെ, മറ്റാരിലേക്ക്‌ ഞങ്ങള്‍ ആവലാതിയര്‍പ്പിക്കും.'' (ഇമാം ബുസ്വീരി)``യാ റസൂല്‍,/ ഞാന്‍ സ്വര്‍ഗരാജ്യം/ ഉറപ്പിക്കുന്നില്ല/ ചെയ്‌തുപോയ തെറ്റുകള്‍/ ഒളിപ്പിക്കുവാന്‍/ ഞാന്‍ ഇച്ഛിക്കുന്നുമില്ല./ കണക്കെടുപ്പിനൊടുവില്‍/ കുറ്റമേറ്റ്‌ ഞാന്‍/ വിഭ്രാന്തിയിലാവുമ്പോള്‍/ നരകത്തീയില്‍/ കുഴഞ്ഞുവീഴാന്‍/ എന്നെ അനുവദിക്കരുത്‌/ ഞാനും അങ്ങയെ/ സനേഹിച്ചവനല്ലോ?'
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക‌

1 comment:

prachaarakan said...

``...ഇന്ന്‌ നീ മാത്രമാണ്‌/ എന്റെ പ്രേമഭാജനം,/ എന്റെ ഒരേയൊരു രക്ഷകന്‍;/ നിന്റെ ശിക്ഷയ്‌ക്കര്‍ഹയാണ്‌ ഞാന്‍/ സ്‌നേഹത്തിന്റെ ലഹരിയും / സ്‌നേഹാന്ത്യത്തിന്റെ വ്യഥയും/ ഞാന്‍ എന്നേ പഠിച്ചിരിക്കുന്നു./ സ്‌നേഹത്തിന്റെ ചൂടും/ കൊടും ക്രൗര്യവും/ അനുഭവിച്ചറിഞ്ഞ പ്രേമിക/ നരകാഗ്നിയെ/ എന്തിന്‌ ഭയപ്പെടണം? (കമലാ സുരയ്യ)