Sunday, March 22, 2009

ആന്റണി ഇസ്രയേലിലും കേരളത്തിലും


article by :രാമചന്ദ്രന്‍


link here

കേരളത്തെ സംബന്ധിച്ചിടത്തോളം, ഇത്തവണത്തെ ലോക്‌സഭാതെരഞ്ഞെടുപ്പിന്റെ കേന്ദ്രസ്ഥാനത്തുവരുന്നയാള്‍ എ കെ ആന്റണിയാണ്‌. പൊതുവേ ഇക്കാര്യം ആരും അത്ര ശ്രദ്ധിച്ചമട്ടില്ല. എന്നാല്‍, ആന്റണി കരുതലോടെ നീങ്ങുന്ന തെരഞ്ഞെടുപ്പായിരിക്കും ഇതെന്ന കാര്യത്തില്‍ സോണിയാഗാന്ധിക്കോ പ്രണബ്‌ മുഖര്‍ജിക്കോ ഉമ്മന്‍ചാണ്ടിക്കോ സംശയമുണ്ടാവില്ല. വളരെ ഗൗരവമുള്ളതാണ്‌ കാരണം. കേന്ദ്രത്തില്‍ കോണ്‍ഗ്രസ്‌ ജയിച്ചാല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ളയാളാണ്‌ ആന്റണി.

ഇന്നത്തെ നിലയില്‍, കോണ്‍ഗ്രസ്‌ ജയിച്ചാല്‍ ആരോഗ്യകാരണങ്ങളാല്‍തന്നെ മന്‍മോഹന്‍സിംഗ്‌ പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌ പരിഗണിക്കപ്പെടാന്‍ സാധ്യത കുറവാണ്‌. തെരഞ്ഞെടുപ്പിനെ നയിക്കാന്‍തന്നെ അദ്ദേഹത്തിനു പ്രാപ്‌തിയുണ്ടാവില്ല. രാജ്യാന്തരതലത്തില്‍, പ്രത്യേകിച്ചും അമേരിക്കക്ക്‌ താല്‍പര്യമുള്ളയാളാണ്‌ മന്‍മോഹന്‍ എന്നത്‌ കഴിഞ്ഞതവണ പ്രധാനഘടകമായിരുന്നു.ആന്റണിയുടെ കാര്യം വന്നാലും ഇത്‌ പ്രധാനഘടകമായിരിക്കും. മതപരമായി ആന്റണിയോട്‌ അമേരിക്കക്ക്‌ സംതൃപ്‌തിയുണ്ടാകും. പ്രതിരോധമന്ത്രിയെന്ന നിലയില്‍ അനുകൂല നിലപാട്‌ സ്വീകരിച്ചതിലും അമേരിക്കക്ക്‌ മമതയുണ്ടാകാം. പക്ഷേ, ഏത്‌ ഇന്ത്യക്കാരനും അമേരിക്കക്കു പ്രിയപ്പെട്ടവന്‍ ആകണമെങ്കില്‍ വേറൊരു സുപ്രധാന ഘടകമുണ്ട്‌; ആ ഇന്ത്യക്കാരനെ ഇസ്രയേല്‍ കൂടി ഇഷ്‌ടപ്പെടണം.ഇസ്രയേലിന്‌ ആന്റണിയെ ഇഷ്‌ടപ്പെടാതിരിക്കാന്‍ ന്യായമൊന്നുമില്ല. ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം ഏതു രാജ്യത്തിന്റെയും പ്രതിരോധമന്ത്രി പ്രധാനമാണ്‌. ആയുധങ്ങള്‍ വിറ്റാണ്‌ ഇസ്രയേല്‍ ധനികരായത്‌. ഇന്ത്യാഭൂഖണ്ഡത്തില്‍ എവിടെയും സംഘര്‍ഷസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും ഇസ്രയേലിന്റെ സാന്നിധ്യം പ്രകടമാണ്‌. പാക്കിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍, ശ്രീലങ്ക, ഇന്ത്യ- എവിടെയാണ്‌ ഇസ്രയേലിന്റെ അദൃശ്യകരങ്ങള്‍ കാണാത്തത്‌? അമേരിക്കക്കൊപ്പം ചേര്‍ന്ന്‌ പാക്കിസ്ഥാനെയും അഫ്‌ഗാനിസ്ഥാനെയും കുട്ടിച്ചോറാക്കിയ ഇസ്രയേല്‍ ഇപ്പോള്‍ ശ്രീലങ്കയില്‍ ശ്രദ്ധകേന്ദ്രീകരിച്ചതായി ചില സംഭവങ്ങള്‍ കാണുമ്പോള്‍ തോന്നുന്നു.

മുംബൈയിലെ ഭീകരാക്രമണത്തില്‍പെട്ട ഒരു കേന്ദ്രം ജൂതന്മാരുടെ പാര്‍പ്പിടമായ നരിമാന്‍സെന്റര്‍ ആയിരുന്നുവെന്നത്‌ യാദൃഛികം.പ്രതിരോധമന്ത്രിയെന്ന നിലയില്‍, ഇസ്രയേലിന്റെ താല്‍പര്യങ്ങളെ ആന്റണി സംരക്ഷിച്ചിട്ടുണ്ടെന്നു കാണാം. പതിനായിരം കോടി രൂപയുടെ ബറാക്‌ മിസൈല്‍ കരാര്‍ ഇസ്രയേലിനു കിട്ടിയതു തന്നെ ഉദാഹരണം. പ്രണബ്‌ മുഖര്‍ജിയും പി ചിദംബരവുമൊക്കെ ഇസ്രയേലിന്‌ ഇഷ്‌ടപ്പെട്ടവര്‍ തന്നെ. ഇസ്രയേലിന്‌ ഇഷ്‌ടപ്പെടാത്ത ചില വലിയ നേതാക്കള്‍ ഇന്ത്യയില്‍ നിന്ന്‌ ഉന്മൂലനം ചെയ്യപ്പെടുക പോലുമുണ്ടായിട്ടുണ്ട്‌. അതുകൊണ്ടാണ്‌ പ്രധാനമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ മരണത്തെപ്പറ്റി ഇപ്പോഴും സംശയങ്ങള്‍ നിലനില്‍ക്കുന്നത്‌. ഇങ്ങനെ ഉന്മൂലനം ചെയ്യപ്പെട്ടവരെല്ലാം സോവിയറ്റ്‌ യൂണിയനുമായി നല്ല ബന്ധത്തിനു മുതിര്‍ന്നവരായിരുന്നു എന്നതും ആകസ്‌മികമല്ല.ബിജെപി സര്‍ക്കാറാണ്‌ ആദ്യമായി രണ്ടായിരത്തില്‍ ബറാക്‌ മിസൈലുകള്‍ക്കായി 1160 കോടിരൂപയുടെ കരാര്‍ ഇസ്രയേല്‍ എയര്‍ക്രാഫ്‌ട്‌ ഇന്‍ഡസ്‌ട്രീസുമായി (ഐഎഐ) ഒപ്പിട്ടത്‌. ഇന്ത്യയുടെ പ്രതിരോധ ഗവേഷണകേന്ദ്രം (ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്ത തൃശൂല്‍ മിസൈല്‍ പരാജയപ്പെട്ടതാണ്‌ ബറാക്‌ മിസൈല്‍ വാങ്ങാന്‍ അന്നു കാരണമായി പറഞ്ഞത്‌. ഒമ്പതുകിലോമീറ്റര്‍ റേഞ്ചുള്ള ബറാക്‌ ഒന്ന്‌ മിസൈലുകള്‍ അഞ്ച്‌ യുദ്ധക്കപ്പലുകളില്‍ സ്ഥാപിക്കുകയും ചെയ്‌തു. ശത്രുവിന്റെ വിമാനങ്ങളെ നശിപ്പിക്കാന്‍ കഴിയുന്ന, കപ്പലില്‍ നിന്ന്‌ അയയ്‌ക്കുന്ന മിസൈലാണ്‌ ബറാക്‌. ഈ ഇടപാടാണ്‌ ബറാകിന്റെ ഒന്നാം ഘട്ടം.എന്നാല്‍ ജോര്‍ജ്‌ ഫെര്‍ണാണ്ടസ്‌ പ്രതിരോധമന്ത്രിയായിരിക്കെ തുടങ്ങിവച്ച ബറാക്‌ രണ്ട്‌ മിസൈല്‍ ഇടപാടിനാണ്‌ ഇപ്പോള്‍ ടതരഞ്ഞെടുപ്പിനുമുമ്പ്‌ ആന്റണി അനുമതി നല്‍കിയിരിക്കുന്നത്‌. ഈ ഇടപാടില്‍ കൈക്കൂലിയുണ്ടെന്നാരോപിച്ച്‌ ഫെര്‍ണാണ്ടസ്‌, ജയ ജയ്‌റ്റ്‌ലി, ആര്‍ കെ ജയിന്‍ എന്നീ പാര്‍ട്ടീ നേതാക്കള്‍ക്കും സുരേഷ്‌ നന്ദ എന്ന ആയുധ ഇടനിലക്കാരനും എതിരെ സിബിഐ കേസ്‌ എടുത്തിരുന്നു. ഈ പശ്ചാത്തലത്തില്‍, ആന്റണി പ്രതിരോധമന്ത്രിയായ ഉടനെ ഇടപാട്‌ തല്‍ക്കാലത്തേക്കു മരവിപ്പിച്ചു.പക്ഷേ, ഇടപാട്‌ മുമ്പോട്ടു കൊണ്ടുപോകാനുള്ള പ്രവൃത്തികള്‍ അണിയറയില്‍ നടന്നു കൊണ്ടിരുന്നു.

2007 ജനുവരി അഞ്ചിന്‌ ആന്റണി, ഐഎഎസ്‌ ഗോമതി എന്ന യുദ്ധക്കപ്പലില്‍ നിന്ന്‌ വിക്ഷേപിച്ച ബറാക്‌-ഒന്ന്‌ മിസൈല്‍ ലക്ഷ്യം കാണുന്നതു കണ്ട്‌ കോരിത്തരിച്ചതായി പ്രതികരിക്കുകയുണ്ടായി. 2008 ജൂണ്‍ മൂന്നിന്‌ പാര്‍ലമെന്റിന്റെ കൂടിയാലോചനാ സമിതിയിലെ ഇടത്‌ അംഗങ്ങളായ പി ആര്‍ രാജന്‍, ശ്രമിക്‌ ലാഹി എന്നിവര്‍ ആന്റണിയെ കണ്ടു, ഡിആര്‍ഡിഒ വിദേശരാജ്യങ്ങളുമായുള്ള പങ്കാളിത്തം കുറച്ചുകൊണ്ടുവരണമെന്ന്‌ ആന്റണിയോട്‌ നിര്‍ദേശിച്ചു. ഡിആര്‍ഡിഒ മേധാവി എം ആര്‍ രാജന്‍ തന്നെയാണ്‌ ആന്റണിയുടെ പ്രതിരോധ ഉപദേഷ്‌ടാവ്‌.ഫെര്‍ണാണ്ടസിന്റെ കാലത്ത്‌ 1505 കോടി രൂപയുടെ ഇടപാടായിട്ടാണ്‌ ബറാക്‌-രണ്ട്‌ കരാര്‍ അറിയപ്പെട്ടിരുന്നത്‌. എന്നാല്‍ ആന്റണിയുടെ കാലത്ത്‌ ഇതെങ്ങനെ പതിനായിരംകോടി രൂപയുടെതായി വളര്‍ന്നുവെന്ന്‌ അറിഞ്ഞുകൂടാ. ഇത്രയും കോടി രൂപയുടെ കരാറില്‍ നിന്നു കമ്മീഷനുണ്ടെങ്കില്‍, അതുകൊണ്ട്‌ കോണ്‍ഗ്രസിനു തെരഞ്ഞെടുപ്പു ചെലവുകള്‍ എളുപ്പത്തില്‍ നടത്താന്‍ കഴിയും. പതിനായിരംകോടി രൂപയ്‌ക്കു കിട്ടുന്നത്‌ 12 ബറാക്‌ മിസൈല്‍ സംവിധാനങ്ങളാണ്‌. 60 കിലോമീറ്ററാണ്‌ ഇതിന്റെ പരിധി. ബറാക്‌ ഒന്നിന്റേത്‌ ഒമ്പത്‌ കിലോമീറ്റര്‍ മാത്രമാണ്‌.ഈ ഇടപാടിനെതിരെ കഴിഞ്ഞ മാസം ഒമ്പതിന്‌ പ്രകാശ്‌കാരാട്ടും, എ ബി ബര്‍ദാനും ചേര്‍ന്ന്‌ മന്‍മോഹന്‍സിംഗിന്‌ കത്തുനല്‍കിയിട്ടുണ്ട്‌. ആന്റണിക്കും കോപ്പി നല്‍കിയിട്ടുണ്ട്‌. ബറാക്‌-രണ്ട്‌ ഇതുവരെ ഇസ്രയേല്‍ വികസിപ്പിച്ചിട്ടു തന്നെയില്ല എന്നു കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഡിആര്‍ഡിഒ ഇത്തരം മിസൈല്‍ വികസിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്‌. ഇന്ത്യ വികസിപ്പിച്ചുകഴിഞ്ഞ മിസൈലിന്‌ മിസൈലുകളെയും വിമാനങ്ങളെയും നേരിടാന്‍ കഴിയും. എന്നാല്‍ ബറാക്‌-രണ്ട്‌ വികസിപ്പിച്ചാല്‍ അതിന്‌ വിമാനങ്ങളെ മാത്രമേ നേരിടാനാവൂ എന്നും കത്തില്‍ നിരീക്ഷിക്കുന്നു.ഇസ്രയേലിന്റെ ആയുധചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടാണ്‌ ഇത്‌. 2003 ഒക്‌ടോബറില്‍ ബിജെപിയുടെ കാലത്ത്‌ 5160 കോടി രൂപ കൊടുത്ത്‌, മൂന്ന്‌ ഫാല്‍ക്ക ചാരവിമാനങ്ങള്‍ ഇസ്രയേലില്‍ നിന്ന്‌ ഇന്ത്യ വാങ്ങിയിരുന്നു.ബിജെപിയുടെ ഇസ്രയേല്‍ നയം പിന്തുടരുകയാണ്‌ കോണ്‍ഗ്രസും ചെയ്‌തത്‌ എന്നു വ്യക്തമാണ്‌.

എന്നാല്‍ ആദ്യം മരവിപ്പിച്ച മിസൈല്‍ കരാര്‍ ആന്റണി ഇപ്പോള്‍ പുനരുജ്ജീവിപ്പിച്ചെങ്കില്‍ അതിന്റെ കാരണം എന്താണ്‌? അതു തുറന്നു പറയാന്‍ ആന്റണി തയ്യാറുണ്ടോ?ആന്റണി കളിക്കുന്ന ഈ രാജ്യാന്തര രാഷ്‌ട്രീയം മനസ്സില്‍ വച്ചുകൊണ്ട്‌ ദേശീയ രാഷ്‌ട്രീയത്തെ സമീപിക്കുകയും അവിടെ നിന്ന്‌ കേരളരാഷ്‌ട്രീയത്തിലേക്കു വരികയും ചെയ്‌താല്‍ അതു ചിന്തയ്‌ക്കു നല്ല വളമാകും. ഗാസയില്‍ മുസ്‌ലിംകളെ ഇസ്രയേല്‍ കൂട്ടക്കൊലചെയ്‌ത സംഭവം തീര്‍ച്ചയായും മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി പ്രസംഗങ്ങളില്‍ ഉയര്‍ത്തുമെന്നു നമുക്കറിയാം. അതോടൊപ്പം നമുക്കറിയേണ്ട ഒരു കാര്യം, ആ കൂട്ടക്കൊലയെ ആന്റണി അപലപിച്ചോ എന്ന ചോദ്യം കൂടി സിപിഎം ഉയര്‍ത്തുമോ എന്നതാണ്‌. ഇസ്രയേലിനെസംബന്ധിച്ച തന്റെ നിലപാട്‌, ഫലസ്‌തീന്‍ പ്രശ്‌നങ്ങളില്‍ ഇസ്രയേല്‍ സ്വീകരിക്കുന്ന രാക്ഷസീയ സമീപത്തോടുള്ള തന്റെ നിലപാട്‌ ആന്റണി തുറന്നുപറയാന്‍ തയ്യാറുണ്ടോ?

ഇഎംഎസ്‌ ജീവിച്ചിരുന്നെങ്കില്‍ ഈ ചോദ്യം ഉയര്‍ത്തുമായിരുന്നു എന്നാണ്‌ എനിക്കു തോന്നുന്നത്‌. തെരഞ്ഞെടുപ്പ്‌രംഗത്ത്‌ അഗാധമായ വിഷയങ്ങള്‍ ഉയരാതെപോകുന്നു എന്നത്‌ ഇഎംഎസിന്റെ അസാന്നിധ്യം വരുത്തിയ ശൂന്യതകളില്‍ ഒന്നാണ്‌. ഇഎംഎസ്സിന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ പോലും കെഇഎന്‍ കുഞ്ഞഹമ്മദ്‌ യോഗ്യനല്ല എന്നത്‌, അഗാധമായ ഒരു വിഷയവും ഇന്നുവരെ ഉയര്‍ത്തിയിട്ടില്ലാത്ത അദ്ദേഹം തന്നെ സമ്മതിക്കും. പക്ഷേ, നിര്‍ഭാഗ്യവശാല്‍ പിണറായി വിജയന്‍ ഇന്നത്തെ ഇഎംഎസായിപ്പോയി കുഞ്ഞഹമ്മദ്‌!ഇസ്രയേലിന്റെ കാര്യത്തില്‍ ആന്റണി വാ തുറക്കില്ല എന്ന സത്യം വച്ച്‌ നാം മനസ്സിലാക്കേണ്ടത്‌, ആന്റണി ഇന്ന്‌ കേരളരാഷ്‌ട്രീയത്തിലെ കളിക്കാരന്‍ മാത്രമല്ല, രാജ്യാന്തര രാഷ്‌ട്രീയത്തിലെ പാവകളില്‍ ഒരാള്‍ കൂടിയാണ്‌ എന്നാണ്‌. മറ്റെവിടെ നിന്നോ സന്ദേശങ്ങള്‍ പിടിച്ചെടുക്കുന്ന ആന്റിനയാണ്‌ ഇന്ന്‌ ആന്റണി.അതുകൊണ്ട്‌ ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ ആന്റണിയെ സംബന്ധിച്ചിടത്തോളം ദേശീയതലത്തിലും പ്രാദേശികതലത്തിലും മാത്രമല്ല, രാജ്യാന്തര തലത്തില്‍കൂടി പ്രാധാന്യമുള്ളതായി മാറുന്നു. അദ്ദേഹത്തിന്‌, കേരളത്തില്‍ എറ്റവുമധികം കോണ്‍ഗ്രസുകാരെ ജയിപ്പിക്കണം. കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ആന്റണി ഗംഭീരമായി ഇടപെടുന്നത്‌ ഇക്കാരണങ്ങളാലാണ്‌.ഉമ്മന്‍ചാണ്ടിയും കരുണാകരനും ചെന്നിത്തലയുമൊക്കെ കേരളത്തില്‍ അതതു സ്ഥാനങ്ങളില്‍ തുടരുന്നത്‌ ആന്റണി സഹിക്കും. പക്ഷേ, കേരളത്തിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക അവര്‍ മാത്രമായി തയാറാക്കുന്നത്‌ അദ്ദേഹം സഹിക്കില്ല. മറ്റുള്ളവരുടെ രാഷ്‌ട്രീയ സമ്മര്‍ദ്ദം തന്റെമേല്‍ ഉണ്ടാകുന്നത്‌ ആന്റണിക്കു പഥ്യമല്ല. ഒരുപക്ഷേ, രാഷ്‌ട്രീയ സമ്മര്‍ദ്ദം തെരഞ്ഞെടുപ്പിനു ശേഷം തനിക്കുമേല്‍ ചെലുത്താത്ത തരം സ്ഥാനാര്‍ത്ഥികളെ കേരളത്തില്‍ ആന്റണി കണ്ടെത്തുന്നത്‌ ഇക്കാരണങ്ങളാലായിരിക്കും. ഇതുകൊണ്ടാണ്‌ പൊതുവേ രാഷ്‌ട്രീയത്തില്‍ കരുത്തുകാട്ടിക്കഴിഞ്ഞവര്‍ക്കു പകരം, ശശി തരൂരിനെപ്പോലെയും ടി പി ശ്രീനിവാസനെപ്പോലെയുമുള്ളവരുടെ പേരുകള്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികളായി ആദ്യം മുതലേ നാം കേട്ടത്‌. ആന്റണി മത്സരിക്കുന്നില്ല എന്ന ന്യായംപറഞ്ഞ്‌ മുതിര്‍ന്ന ചില നേതാക്കളെ ഒഴിവാക്കാനും എളുപ്പമാകും.

കേരളത്തിലെ മുസ്‌ലിംകള്‍ ഇടതുപക്ഷത്തോടു ചായുന്നതും ആന്റണിയെപ്പോലുള്ള കോണ്‍ഗ്രസുകാര്‍ ഇസ്രയേല്‍ പക്ഷത്തേക്കു ചായുന്നതും പരസ്‌പരം ബന്ധപ്പെട്ട കാര്യങ്ങളും പരസ്‌പരം മനസ്സിലാക്കിയിട്ടുള്ള കാര്യങ്ങളും ആണെന്നു ഞാന്‍ കരുതുന്നു. ആന്റണി തന്റെ രാഷ്‌ട്രീയജീവിതത്തില്‍ രണ്ടു തവണയെങ്കിലും ന്യൂനപക്ഷവിരുദ്ധ പ്രസ്‌താവന നടത്തിയിട്ടുണ്ട്‌. ന്യൂനപക്ഷങ്ങള്‍ക്കു സംഘടിതശക്തിയുള്ളതു കൊണ്ട്‌ അവര്‍ വിലപേശുകയും സ്ഥാനങ്ങള്‍ കൈക്കലാക്കുകയും ചെയ്യുന്നു എന്നാണ്‌ ആന്റണി പറഞ്ഞത്‌. ഇതാദ്യം ആന്റണി പറഞ്ഞത്‌ മത്തായിമാഞ്ഞൂരാന്‍ സ്‌മാരക പ്രഭാഷണത്തിലായിരുന്നു. രണ്ടാമത്‌ പറഞ്ഞത്‌ ഒടുവില്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും. രണ്ടാമതു പറഞ്ഞപ്പോഴാണ്‌ മുസ്‌ലിംലീഗ്‌ ആന്റണിയോട്‌ ഇടഞ്ഞതും ആന്റണിക്കു മുഖ്യമന്ത്രിസ്ഥാനം നഷ്‌ടപ്പെട്ടതും.ആന്റണി ന്യൂനപക്ഷങ്ങളെ വിമര്‍ശിച്ചപ്പോള്‍ എതിര്‍ത്തതു മുസ്‌ലിംലീഗാണെന്നതും കത്തോലിക്കാ സഭ ആന്റണിക്കെതിരെ രംഗത്തുവന്നില്ല എന്നതും ശ്രദ്ധിക്കണം. ആന്റണിയുടെ പ്രസ്‌താവന ക്രൈസ്‌തവരെ ലക്ഷ്യമാക്കിയായിരുന്നില്ല, മുസ്‌ലിംകളെ ലക്ഷ്യമാക്കിക്കൊണ്ടായിരുന്നുവെന്ന്‌ മുസ്‌ലിംലീഗിനു മനസ്സിലായി എന്നര്‍ത്ഥം. തിരുത്തല്‍വാദത്തിനു ശേഷം ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ ഉപതെരഞ്ഞെടുപ്പില്‍ തിരൂരങ്ങാടിയില്‍ ലീഗ്‌ ആന്റണിയെ ചുമന്നകാലത്ത്‌ ആന്റണി ലീഗിനു പ്രിയപ്പെട്ടവനായിരുന്നു. പിന്നീട്‌ ആന്റണി മുസ്‌ലിം വിരുദ്ധനായതില്‍ ആന്റണിക്ക്‌ രഹസ്യഅജണ്ടയുണ്ട്‌ എന്നു നാം കാണണം. ഈ അജണ്ട ഫലസ്‌തീന്‍ പ്രശ്‌നത്തില്‍ പാലിക്കുന്ന മൗനവുമായി കൂട്ടിവായിച്ചാല്‍ സംഗതി പിടികിട്ടും. കെ വി തോമസ്‌ പണ്ട്‌ ഇസ്രയേലിനോടു സ്‌നേഹം കാണിച്ചു പുലിവാല്‍ പിടിച്ചതിനാലും ആന്റണി സ്വന്തം അജണ്ട നടപ്പാക്കുന്ന കാര്യമായതിനാലും ആന്റണി ഒന്നും വിട്ടുപറയുകയില്ല. പക്ഷേ, ആന്റണിയുടെ ഇത്തരം അജണ്ടകള്‍ നന്നായി അറിയുന്ന ആളാണ്‌ കുറഞ്ഞപക്ഷം ഇ അഹമ്മദ്‌ എന്നു കരുതണം. അഹമ്മദ്‌ കേന്ദ്രമന്ത്രിയായത്‌ ആന്റണിയുടെ സഹായത്താലല്ല, കരുണാനിധിയുടെ കരുണയാലാണ്‌. അഹമ്മദ്‌ അന്നു മുഖ്യമന്ത്രിയായിരുന്ന ആന്റണിയെ വിശ്വസിച്ചില്ല; തങ്ങളുമായി തമിഴ്‌നാട്ടില്‍ സഖ്യത്തിലായ ഡിഎംകെയെ ആണ്‌ വിശ്വസിച്ചത്‌.സിപിഎം പതിവുപോലെ മുസ്‌ലിംകളെ ആകര്‍ഷിക്കുന്നത്‌ ആന്റണിയുടെ വലിയ അജണ്ടകള്‍ മനസ്സിലാക്കിയിട്ടാണ്‌ എന്നു കരുതുകവയ്യ. 1991ല്‍ ജില്ലാ കൗണ്‍സിലുകള്‍ സദ്ദാംഹുസൈന്റെ പേരില്‍ സിപിഎം തൂത്തുവാരിയപ്പോള്‍ ഈയൊരു ലൈന്‍ കൊണ്ടു ഗുണമുണ്ട്‌ എന്നു തോന്നുകയും ആ പ്രായോഗികതയ്‌ക്ക്‌ അടിപ്പെടുകയും ചെയ്‌തു എന്നതാണു വാസ്‌തവം. മുസ്‌ലിം സംഘടനകള്‍ പൊതുവെ അമേരിക്കന്‍ വിരുദ്ധരായതിനാല്‍ സിപിഎമ്മില്‍ കണ്ട അമേരിക്കന്‍ വിരുദ്ധതയുമായി കൂട്ടുചേരുകയും ചെയ്‌തു. ഈ ചേര്‍ച്ചകൊണ്ടു സിപിഎമ്മിനു മഞ്ചേരിയില്‍ കിട്ടിയ ഗുണം വ്യാപിപ്പിക്കാന്‍ കഴിയുമോ എന്നതാണ്‌ പാര്‍ട്ടി ഈ തെരഞ്ഞെടുപ്പില്‍ ഉറ്റുനോക്കുന്ന പ്രധാന ഉന്നം. അതുകൊണ്ട്‌, സിപിഎമ്മിന്‌ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംകള്‍ മറ്റേതു സമുദായത്തെക്കാളും പ്രധാനമാണ്‌. ഇന്നത്തെ നിലയില്‍ ജമാഅത്തെ ഇസ്‌ലാമി മാത്രമല്ല, സിപിഎം ആക്രമണം നേരിട്ട എന്‍ഡിഎഫ്‌ അഥവാ പോപ്പുലര്‍ ഫ്രണ്ട്‌ ഉള്‍പ്പെടെ, മുസ്‌ലിംകള്‍ക്കിടയിലെ മുള്ളുമുരടു മൂര്‍ഖന്‍പാമ്പുകളെല്ലാം സിപിഎം പാളയത്തിലായിരിക്കും. പൊതുവെ ആഭ്യന്തരക്കുഴപ്പത്തില്‍ പെട്ടുഴലുകയും മോശം ഭരണത്തില്‍ പരിതപിക്കുകയും ചെയ്‌ത സിപിഎമ്മിന്റെ പ്രതീക്ഷ മുസ്‌ലിംകളിലും മലബാറിലുമായിരിക്കും. കോണ്‍ഗ്രസ്‌ മുന്നണി ജയിക്കുകയും സിപിഎമ്മും ലീഗും ക്ഷീണിക്കുകയും ചെയ്യുമെന്ന്‌ തോന്നുന്ന സാഹചര്യത്തില്‍ നിന്ന്‌ സിപിഎം മുന്നണിയെ പിടിച്ചുകയറ്റാന്‍ കഴിയുന്ന ഒരേ ഒരാള്‍ ആന്റണിയാണ്‌. പക്ഷേ, ആന്റണിക്കെതിരായ പണി എടുക്കാന്‍ ഇന്ന്‌ ഇഎംഎസില്ല. അതുകൊണ്ട്‌ ഈ തെരഞ്ഞെടുപ്പില്‍ രക്ഷപ്പെടുന്നയാള്‍ ആന്റണിയായിരിക്കും.

2 comments:

prachaarakan said...

കേരളത്തെ സംബന്ധിച്ചിടത്തോളം, ഇത്തവണത്തെ ലോക്‌സഭാതെരഞ്ഞെടുപ്പിന്റെ കേന്ദ്രസ്ഥാനത്തുവരുന്നയാള്‍ എ കെ ആന്റണിയാണ്‌. പൊതുവേ ഇക്കാര്യം ആരും അത്ര ശ്രദ്ധിച്ചമട്ടില്ല. എന്നാല്‍, ആന്റണി കരുതലോടെ നീങ്ങുന്ന തെരഞ്ഞെടുപ്പായിരിക്കും ഇതെന്ന കാര്യത്തില്‍ സോണിയാഗാന്ധിക്കോ പ്രണബ്‌ മുഖര്‍ജിക്കോ ഉമ്മന്‍ചാണ്ടിക്കോ സംശയമുണ്ടാവില്ല. വളരെ ഗൗരവമുള്ളതാണ്‌ കാരണം. കേന്ദ്രത്തില്‍ കോണ്‍ഗ്രസ്‌ ജയിച്ചാല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ളയാളാണ്‌ ആന്റണി.

Zulfukhaar-ദുല്‍ഫുഖാര്‍ said...

ആന്റണിയെ നമ്പാന്‍ കൊള്ളില്ല.. മിന്ടാപൂച്ച്ച കലമുടയ്ക്കും