Monday, June 28, 2010

മതവും രാഷ്ട്രീയവും പരസ്പരം ഇടപെടുമ്പോൾ


പ്രോഫ. ഓമാനൂർ മുഹമ്മദ്‌

മതം രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന്‌ രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയം മതത്തിൽ ഇടപെടരുതെന്ന്‌ മതനേതാക്കളും പറയാറുണ്ട്‌. കേരളത്തിൽ ഇത്‌ ഇപ്പോൾ ചൂടുള്ള ചർച്ചാവിഷയമായിട്ടുണ്ട്‌. ഇടതു മുന്നണി വിട്ട്‌ ജോസഫ്‌ ഗ്രൂപ്പ്‌ മാണികോൺഗ്രസിൽ ലയിച്ചതോടെ മതത്തിന്റെ രാഷ്ട്രീയ ഇടപെടലുകളെ മാർക്ക്സിസ്റ്റ്‌ പർട്ടി ശക്തമായ ഭാഷയിൽ അപലപിച്ചിട്ടുണ്ട്‌. ഇരു കേരളകളെയും ഒന്നിപ്പിച്ചതു മെത്രാൻമാരുടെ മാധ്യസ്ഥതയിലാണെന്ന്‌ സി പി എം ആരോപിക്കുന്നു. രാഷ്ട്രീയ പാർട്ടികളെ ഒന്നിപ്പിക്കാനും ഭിന്നിപ്പിക്കാനും മതമേലധ്യക്ഷൻമാർ മെനക്കെടുന്നത്‌ മഹാ അപകടമാണെന്നാണ്‌ അവരുടെ പക്ഷം.

മതത്തെയും രാഷ്ട്രീയത്തെയും പരസ്പരം വേർതിരിക്കുന്ന ഒരതിർവരമ്പുണെ​‍്ടങ്കിൽ അത്‌ ലംഘിക്കപ്പെടാതെ ഇരുവിഭാഗത്തെയും എത്രത്തോളം സംരക്ഷിച്ച്‌ നിർത്താനാവുമെന്നത്‌ ചിന്തിക്കേണ്ട വിഷയമാണ്‌. മതം വിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ കർമപദ്ധതികളാണ്‌. ലോകത്തിന്‌ ഒരു സ്രഷ്ടാവുണെ​‍്ടന്നും മനുഷ്യ ജീവിതം മരണത്തോടെ അവസാനിക്കുന്നില്ലെന്നും മതം പറയുന്നു. മരണത്തിന്‌ മുമ്പുള്ള ഈ ജീവിതത്തിൽ രാഷ്ട്രീയം ഉൾപ്പെടെയുള്ള മേഖലകളിൽ മനുഷ്യൻ ചെയ്ത നന്മ തിന്മകളെ തൂക്കി നോക്കി മരണാനന്തര ജീവിതത്തിൽ ശിക്ഷാ-രക്ഷകൾ വിധിക്കപ്പെടുമെന്നാണ്‌ പ്രധാന മതങ്ങളുടെ വിശ്വാസം. ഈ വിശ്വാസം വെച്ചുപുലർത്തുന്നുണെ​‍്ടന്നുവെച്ച്‌ ഈ ലോകജീവിതത്തെ വിശ്വാസികൾ വിട്ടുകളയുന്നില്ല. ഇവിടുത്തെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെല്ലാം മതം മനുഷ്യന്‌ നിയാമകനിർദേശങ്ങൾ നൽകുകയും മതവിശ്വാസികൾ അത്തരം മണ്ഡലങ്ങളിൽ പ്രവർത്തിച്ചുവരികയും ചെയ്യുന്നുണ്ട്‌. മതവിശ്വാസങ്ങളും നിയമങ്ങളും മനുഷ്യനിർമിതമല്ലെന്നും സ്രഷ്ടാവിൽ നിന്ന്‌ നിയുക്തരായ പ്രവാചകൻമാർ നൽകുന്നതാണെന്നും ഇസ്ലാം പറയുന്നു.

എന്നാൽ രാഷ്ട്രം മനുഷ്യൻ പണിത ഏറ്റവും വലുതും ബലിഷ്ഠവുമായ സാമൂഹിക സ്ഥാപനമാണ്‌. പരമാധികാരമുള്ള ഒരു ഭരണകൂടത്തിന്‌ കീഴിൽ ഒരു നിശ്ചിത ഭൂവിഭാഗത്തിൽ താമസിക്കുന്ന ഒരു കൂട്ടം ജനതക്കാണ്‌ രാഷ്ട്രം എന്നു പറയുന്നത്‌. മനുഷ്യൻ അവരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി ഉണ്ടാക്കുന്ന മറ്റേത്‌ സംഘടനയെയും പോലെ രാഷ്ട്രവും ഒരു സംഘടനയാണ്‌. രാഷ്ട്രത്തെ ബാധിക്കുന്ന പ്രവർത്തനങ്ങളാണ്‌ രാഷ്ട്രീയം. ഒരാൾ ദൈവത്തിലും പരലോകത്തിലും വിശ്വസിക്കുന്നുവേന്ന്‌ വെച്ച്‌ അയാൾക്ക്‌ രാഷ്ട്രീയം പാടില്ലെന്ന്‌ പറയാൻ പറ്റില്ല. നാസ്തികർ രാഷ്ട്രീയം കൈകാര്യം ചെയ്യുക, മതവിശ്വാസികളും മതാധ്യക്ഷന്മാരും ജപവും ആരാധനകളുമായി കഴിയട്ടെ എന്നാരും പറയുമെന്ന്‌ തോന്നുന്നില്ല. ഒരു ജനാധിപത്യ രാജ്യത്ത്‌ ജീവിക്കുന്ന മിക്ക പൗരന്മാർക്കും രാഷ്ട്രീയം കാണും. അയാൾ ഏതെങ്കിലും പാർട്ടിയിൽ അംഗത്വം എടുത്തില്ലെങ്കിലും ഏതെങ്കിലും ഒരു കക്ഷിയോട്‌ കൂടുതൽ കൂറും അടുപ്പവും കാണും.

രാഷ്ട്രമാണ്‌ മതം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിധികർത്താവ്‌. രാഷ്ട്രീയക്കാരോടും പാർട്ടികളോടും മതത്തിൽ ഇടപെടരുതെന്ന്‌ പറയാം. രാഷ്ട്രത്തോട്‌ അങ്ങനെ പറയാൻ പറ്റില്ല. മതത്തിന്റെ നിയമങ്ങളിൽ ഭേദഗതി വരുത്തുന്ന ഇടപെടലുകൾ രാഷ്ട്രം നടത്താൻ പാടില്ലെന്നേ പറയാൻ പറ്റൂ. ഹജ്ജിന്‌ പോകുന്നതിലും സബ്സിഡി നൽകുന്നതിലും പള്ളി പണിയുന്നതിലുമൊക്കെ രാഷ്ട്രത്തിന്റെ ഇടപെടലുകളുണ്ടല്ലോ. മതനിയമങ്ങൾ നടപ്പിലാക്കാനും സംരക്ഷിക്കാനുമൊക്കെ എക്സിക്യൂട്ടീവും ജുഡീഷ്യറിയുമൊക്കെ ഇടപെടാറുണ്ട്‌. ഒരു ബഹുമത രാജ്യമായ ഇന്ത്യയിൽ മതം രാഷ്ട്രീയത്തിൽ ഇടപെടരുതെന്നാണ്‌ ഭരണഘടന അനുശാസിക്കുന്നത്‌. ഒരു മതത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും അവ അംഗീകരിക്കാത്ത മറ്റു മതക്കാരുടെ മേൽ നിയമമാക്കി അടിച്ചേൽപ്പിക്കില്ലെന്നതാണ്‌ ഇതുകൊണ്ട്‌ പ്രധാനമായും ഉദ്ദേശിക്കുന്നത്‌. ഏതെങ്കിലും ഒരു മതത്തിന്റെ ആചാരങ്ങൾക്ക്‌ രാഷ്ട്ര പ്രവർത്തനങ്ങളിൽ പ്രത്യേക പരിഗണന കൊടുക്കില്ലെന്നർഥം. മുസ്ലിംകൾ പൊട്ട്‌ തൊടണമെന്നോ ഹിന്ദുക്കൾ നിസ്കരിക്കണമെന്നോ രാഷ്ട്രം കൽപ്പിക്കില്ല. ഇതുപോലെത്തെന്നെ ഒരു ഹൈന്ദവ വിശ്വാസി ക്ഷേത്രത്തിൽ പോയില്ലെങ്കിലും മുസ്ലിം റമസാൻ വ്രതം അനുഷ്ഠിച്ചില്ലെങ്കിലും രാഷ്ട്രം പൗരനെ ചോദ്യം ചെയ്യില്ല. രാഷ്ട്രം മതത്തിൽ ഇടപെടുന്നില്ലെന്നാണ്‌ ഇത്‌ അർഥമാക്കുന്നത്‌. എന്നാൽ മുസ്ലിംകൾ ആരാധനയുടെ പേരിൽ പള്ളിയിൽ സംഘർഷത്തിലേർപ്പെട്ടാൽ ക്രമസമാധാനത്തിന്‌ സർക്കാർ ഇടപെടും. ഇതിനെ രാഷ്ട്രം മതത്തിലിടപെടന്നതായി ചിത്രീകരിക്കില്ല.

രാഷ്ട്രീയ പ്രവർത്തനങ്ങൾ മനുഷ്യന്റെ ഭൗതിക പുരോഗതി ലക്ഷ്യമാക്കിയുള്ളതാണ്‌. ഇസ്ലാമിനെക്കുറിച്ച്‌ പറയുകയാണെങ്കിൽ ഭൗതിക പരോഗതിക്ക്‌ വേണ്ടിയുള്ള പ്രവർത്തനങ്ങൾ മതപ്രവർത്തനങ്ങൾ തന്നെയാണ്‌. ആളുകളുടെ പട്ടിണിയകറ്റുന്നതും അവർക്ക്‌ വീട്‌ വെച്ചുകൊടുക്കുന്നതും വൃക്ഷത്തൈ നടുന്നതും പരിസ്ഥിതി സംരക്ഷണവും റോഡുണ്ടാക്കുന്നതും വ്യവസായ സ്ഥാപനങ്ങളുണ്ടാക്കുന്നതുമൊക്കെ മതപ്രവർത്തനങ്ങൾ തന്നെയാണ്‌. ഈ പ്രവർത്തനങ്ങളിലൊക്കെ മനുഷ്യരുടെ ഉദ്ദേശ്യലക്ഷ്യയങ്ങളും പ്രവർത്തന രീതികളും പരലോകത്ത്‌ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുമെന്നതാണ്‌ മതവിശ്വാസം. ഖുർആനിൽ ഒരു കൊച്ചു അധ്യായമുണ്ട്‌. അതിലെ പ്രമേയം ഇങ്ങനെ സംഗ്രഹിക്കാം. അല്ലാഹു നബിയോട്‌ ചോദിക്കുന്നു"മതനിഷേധിയെ താങ്കൾ കണ്ടിട്ടുണേ​‍്ടാ? അനാഥയെ ആട്ടിയകറ്റുന്നവനും അഗതിക്ക്‌ ആഹാരം നൽകാൻ പ്രേരിപ്പിക്കാത്തവനുമാണ്‌ അവൻ.... ആളുകൾക്ക്‌ ചില്ലറ ഉപകാരങ്ങൾ പോലും ചെയ്യാൻ കൂട്ടാക്കാത്തവനാണ്‌ അവൻ'. രാഷ്ട്രീയക്കാർ ചെയ്യുന്ന അല്ലെങ്കിൽ ചെയ്യുന്നെന്ന്‌ നടിക്കുന്ന പ്രവർത്തനങ്ങളാണ്‌ ഇവിടെ മതമായി വിവരിച്ചിട്ടുള്ളത്‌. അപ്പോൾ രാഷ്ട്രീയക്കാർ രാഷ്ട്രീയ പ്രവർത്തനമാണെന്ന്‌ പറയുന്ന പല കാര്യങ്ങളും ഇസ്ലാമിക വീക്ഷണത്തിൽ മതപ്രവർത്തനങ്ങൾ തന്നെയാണ്‌.

മതമില്ലാത്ത രാഷ്ട്രീയമാണ്‌ അപകടകരം. പരലോക വിശ്വാസമില്ലാത്ത രാഷ്ട്രീയക്കാരന്‌ സർക്കാറിനെയും സമൂഹത്തെയുമൊഴിച്ച്‌ ഒന്നും പേടിക്കാനില്ല. അവരുടെ കണ്ണ്‌ വെട്ടിക്കാൻ കഴിയുന്ന സാഹചര്യം അവൻ മുതലാക്കിയെന്നുവരും. ഒരു യഥാർഥ ദൈവവിശ്വാസിക്ക്‌ ആരും കണ്ടില്ലെങ്കിലും പടച്ചവൻ കാണുമെന്ന പേടിയുണ്ടാകും. അവൻ അഴിമതിക്കും അനീതിക്കും കൂട്ട്‌ നിൽക്കുകയില്ല. രാഷ്ട്രീയക്കാർക്കിടയിൽ അഴിമതി വീരൻമാർ വിരാജിക്കുന്നത്‌ ദൈവഭയം ഇല്ലാത്തത്‌ കൊണ്ടാണ്‌. മതവിശ്വാസികളാണെന്ന്‌ പറയുന്നവർ അഴിമതിക്കാരാണെങ്കിൽ അവരുടെ വിശ്വാസം പൂർണമല്ല എന്നാണ്‌ മനസ്സിലാക്കേണ്ടത്‌.

മതമേലധ്യക്ഷൻമാർ മതസംഘടനകളുടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്‌ കൊണ്ട ​‍്‌ അവ ർക്ക്‌ രാഷ​‍്ര്ട്ടീയ പ്രവർത്തനങ്ങൾക്ക്‌ സമയം കാണില്ല. ഭൗതികമായ പ്രൗഢിയും പ്രതാപവും ഭക്തരായ പണ്ഡിതൻമാർ ലക്ഷ്യമിടാറില്ല. മതനേതാക്കളായതുകൊണ്ട്‌ രാഷ്ട്രീയം അവർക്ക്‌ വിലക്കപ്പെട്ട കനിയാണെന്ന്‌ കരുതേണ്ടതില്ല. തങ്ങളുടെ സംഘടനയിൽ പല രാഷ്ട്രീയക്കാരും ഉള്ളതുകൊണ്ട്‌ അവർ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാർട്ടിക്ക്‌ വേണ്ടി വക്കാലത്ത്‌ പിടിക്കാറില്ല. സുഗമമായ മതപ്രവർത്തനങ്ങൾക്ക്‌ സഹായകമായ നിലപാട്‌ സ്വീകരിക്കുന്ന പാർട്ടിയെയോ പാർട്ടികളെയോ മുന്നണികളെയോ അവരും സഹായിക്കുമെന്നതായിരിക്കും അവരുടെ രാഷ്ട്രീയ നിലപാട്‌. കത്തോലിക്കാ സഭ സാമൂഹികാടിത്തറയുള്ള മതസഭയാണ്‌. ഇടവകയിലെ പ്രീസ്റ്റ്‌ തൊട്ട്‌ ആഗോളാടിസ്ഥാനത്തിൽ പോപ്പ്‌ വരെയുള്ള പൗരോഹിത്യ നേതൃത്വമാണ്‌ അവരെ നയിക്കുന്നത്‌. ഭിന്നിച്ച്‌ കഴിയുന്ന ജോസഫിനെയും മാണിയെയും ഒന്നിപ്പിക്കാൻ ബിഷപ്പുമാർ ഇടപെട്ടിട്ടുണെ​‍്ടങ്കിൽ അത്‌ അവരെ സംബന്ധിച്ചിടത്തോളം മതസേവനമാണ്‌. അതിൽ വേവലാതിപ്പെട്ടിട്ട്‌ കാര്യമില്ല.

സിറാജ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചത്

7 comments:

അപ്പൂട്ടൻ said...

മതമില്ലാത്ത രാഷ്ട്രീയമാണ്‌ അപകടകരം. പരലോക വിശ്വാസമില്ലാത്ത രാഷ്ട്രീയക്കാരന്‌ സർക്കാറിനെയും സമൂഹത്തെയുമൊഴിച്ച്‌ ഒന്നും പേടിക്കാനില്ല. അവരുടെ കണ്ണ്‌ വെട്ടിക്കാൻ കഴിയുന്ന സാഹചര്യം അവൻ മുതലാക്കിയെന്നുവരും. ഒരു യഥാർഥ ദൈവവിശ്വാസിക്ക്‌ ആരും കണ്ടില്ലെങ്കിലും പടച്ചവൻ കാണുമെന്ന പേടിയുണ്ടാകും. അവൻ അഴിമതിക്കും അനീതിക്കും കൂട്ട്‌ നിൽക്കുകയില്ല. രാഷ്ട്രീയക്കാർക്കിടയിൽ അഴിമതി വീരൻമാർ വിരാജിക്കുന്നത്‌ ദൈവഭയം ഇല്ലാത്തത്‌ കൊണ്ടാണ്‌. മതവിശ്വാസികളാണെന്ന്‌ പറയുന്നവർ അഴിമതിക്കാരാണെങ്കിൽ അവരുടെ വിശ്വാസം പൂർണമല്ല എന്നാണ്‌ മനസ്സിലാക്കേണ്ടത്‌.

അതെന്ത്‌ നിലപാടാണ്‌ മാഷേ? ചുരുക്കിപ്പറഞ്ഞാൽ ദൈവത്തിന്‌ (അല്ലെങ്കിൽ ദൈവവിശ്വാസത്തിന്‌) ഈ തിന്മയിൽ പങ്കൊന്നുമില്ല, നന്മയിലുണ്ടുതാനും.
രാഷ്ട്രീയക്കാർക്കിടയിൽ മാത്രമല്ലല്ലൊ അഴിമതിക്കാർ. അഴിമതി എന്നത്‌ സമൂഹത്തിലെ എല്ലാ തട്ടിലും ഉണ്ട്‌. അതിന്‌ ദൈവവിശ്വാസവുമായോ അവിശ്വാസവുമായോ ബന്ധമൊന്നുമില്ല. ഇനി, അങ്ങിനെ കാണുകയാണെങ്കിൽത്തന്നെ ദൈവവിശ്വാസമില്ലാത്തവർ വളരെ കുറവാണ്‌, താരതമ്യേന. അങ്ങിനെ വരുമ്പോൾ ഈ തിയറി തിരിച്ചടിക്കുന്നത്‌ വിശ്വാസികളെ തന്നെയാണ്‌, അല്ലെങ്കിൽ ഉദാത്തവിശ്വാസി എന്നുപറയുന്ന ഒരു ഗ്രൂപ്പ്‌, ലിറ്ററലി, ഇല്ലെന്നുതന്നെ പറയേണ്ടിവരും, കാരണം തരം കിട്ടിയാൽ ചിലയിടത്തെങ്കിലും അഴിമതി (ധനലാഭത്തിന്റെ കാര്യത്തിൽ മാത്രമല്ല) കാണിക്കാത്ത ഒരാളെ കണ്ടുപിടിക്കാൻ ഇത്തിരി ബുദ്ധിമുട്ടും.

മതവിശ്വാസികളാണെന്നുപറയുന്നവർ അഴിമതി കാണിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം ദൈവവിശ്വാസത്തിനുപോലും മനുഷ്യനെ നന്നാക്കാൻ കഴിഞ്ഞിട്ടില്ല എന്നല്ലേ?

ദൈവവിശ്വാസമില്ലാത്തവരിൽ അഴിമതി കാണിക്കാത്തവരോ? അതേത്‌ വിഭാഗത്തിൽ പെടും?

വീകെ. said...

അപ്പുട്ടാ, മതവും ദൈവവും വിശ്വാസവുമൊന്നുമല്ല പ്രശ്നം, മനുഷ്യൻ തന്നെയാണു. വിശ്വാസം മനുഷ്യ മനസ്സിനെ എങ്ങി നെ സ്വാധീനിക്കുന്നു എന്നതാണു. കേവല വിശ്വാസവും വിശ്വാസത്തിനനുസരിച്ചുള്ള പ്രവർത്തനവും രണ്ടാണു. മലിനമായ മനസ്സിനെ സംസ്കരിക്കുന്ന രീതിയിൽ വിശ്വാസം ആഴ്‌ന്നിറങ്ങുന്നുവെ ങ്കിൽ തെറ്റിലേക്ക്‌ നയിക്കപ്പെടാനുള്ള സാധ്യത വിരളം തന്നെയാണു. അങ്ങിനെ ജീവിക്കുന്ന, സമൂഹത്തിനു ഉപകാരം മാത്രം ചെയ്യുന്ന എത്രയോ മനുഷ്യർ നമുക്കു ചുറ്റിലും ജീവിക്കുന്നു, വിവിധ മത വിശ്വസികളായിക്കൊണ്ടു. പക്ഷെ നാമവരെ കാണുന്നില്ലെന്നു മാത്രം. യതാർത്ഥ ദൈവവിശ്വാസിക്ക്‌ ഒരിക്കലും അധാർമികമായ ജീവിതം നയിക്കുവനോ തെറ്റിലേക്ക്‌ ഒളിഞ്ഞു ചെല്ലനോ സാധ്യമല്ല തന്നെ.

prachaarakan said...

@ അപ്പൂട്ടൻ,

താങ്കളുടെ സംശയങ്ങൾ ഉചിതം തന്നെ

>മതവിശ്വാസികളാണെന്നുപറയുന്നവർ അഴിമതി കാണിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം ദൈവവിശ്വാസത്തിനുപോലും മനുഷ്യനെ നന്നാക്കാൻ കഴിഞ്ഞിട്ടില്ല എന്നല്ലേ? <

അല്ല. അവർക്ക് വിശ്വാസം ബാഹ്യമായി മാത്രമേ ഉള്ളൂ എന്നാണ്. ശരിയായ വിശ്വാസം അവർക്കുണ്ടായിരുന്നില്ല എന്ന് . യഥാർത്ഥ തഖ്‌വ (ഭയഭക്തി) യും ‘ഇഖ്‌ലാസ്’ (നിഷ്കളങ്ക വിശ്വാസം) ഉണ്ടായിരുന്നില്ല എന്നർത്ഥം.


മനുഷ്യൻ തിരഞ്ഞെടുക്കുന്ന വഴികളാണ് നന്മയും തിന്മയും അതിനുള്ള വിവേചന വിശേഷ ബുദ്ധി ദൈംവം മനുഷ്യനു കനിഞ്ഞ് നൽകിയത് അവൻ ഉപയോഗിക്കുന്നില്ല എന്നേ അർത്ഥമുള്ളൂ..


>ദൈവവിശ്വാസമില്ലാത്തവരിൽ അഴിമതി കാണിക്കാത്തവരോ? അതേത്‌ വിഭാഗത്തിൽ പെടും? <

ദൈവ വിശ്വാസമില്ലാത്ത എല്ലാവരും അഴിമതിക്കാരാണെന്ന് അഭിപ്രായമില്ല ലേഖകന്


@ വി.കെ,

>മലിനമായ മനസ്സിനെ സംസ്കരിക്കുന്ന രീതിയിൽ വിശ്വാസം ആഴ്‌ന്നിറങ്ങുന്നുവെ ങ്കിൽ തെറ്റിലേക്ക്‌ നയിക്കപ്പെടാനുള്ള സാധ്യത വിരളം തന്നെയാണു.<

അത് തന്നെയാണ് ലേഖകൻ ഉദ്ദേശിച്ചിട്ടുള്ളതും

സഹോദരങ്ങൾ അപ്പൂട്ടനും .വി.കെ ക്കും
അഭിപ്രായങ്ങൾ എഴുതിയതിൽ വളരെ നന്ദി

അപ്പൂട്ടൻ said...

പ്രചാരകൻ, വികെ,
ഇത്തരമൊരു പരാമർശം ആദ്യമായല്ല ഞാൻ കാണുന്നത്‌. ഇവിടെ എഴുതിയതെല്ലാം ബ്ലോഗുടമയും അംഗീകരിക്കുന്ന കാര്യമാണോ എന്ന്‌ എനിക്ക്‌ അറിയുകയുമില്ല. എങ്കിലും ചില കാര്യങ്ങൾ പറയട്ടെ.

ഇവിടെ വികെ പറഞ്ഞതുപോലെ പ്രശ്നം മനുഷ്യന്റേതുതന്നെയാണ്‌. അങ്ങിനെയാണ്‌ കാര്യമെങ്കിൽ അതിൽ വിശ്വാസവും അവിശ്വാസവും വേർതിരിച്ച്‌ കാണേണ്ടതുണ്ടോ. സഹജീവിയെ ഉപദ്രവിക്കരുതെന്ന ആദർശമുള്ള ഒരാൾക്ക്‌ അഴിമതിക്കാരനാകാൻ കഴിയില്ല. ഈ ആദർശം കൊണ്ടുനടക്കുന്ന എത്രയോ നിരീശ്വരവാദികളുണ്ടുതാനും.
വിശ്വാസം എന്തോ ആകട്ടെ, മനുഷ്യന്റെ വ്യക്തിപരമായ nature അനുസരിച്ച്‌ അയാൾ സാഹചര്യം മുതലെടുക്കുകയോ സാത്വികനായി തുടരുകയോ ചെയ്യും, അതേ ഞാനും പറയാൻ ശ്രമിച്ചിട്ടുള്ളു.

ഒരു വിശ്വാസിയായാൽപ്പോലും തെറ്റുകൾ മനസിലാക്കുന്നതിൽ ചിലപ്പോൾ ആ വ്യക്തി പരാജയപ്പെട്ടേയ്ക്കാം. അമ്പലത്തിനും പള്ളിക്കും അടുത്തുള്ള പൈപ്പിൽ നിന്നും വെള്ളം ഒഴുകിപ്പോകുന്നത്‌ കണ്ടിട്ടും അവഗണിച്ച്‌ നടന്നുനീങ്ങുന്ന എത്രയോ പേരെ (ദേവാലയത്തിനുള്ളിൽ നിന്നും വരുന്നവർ വരെ) കാണാം. അവിശ്വാസിയായ ഞാൻ എത്രയോ ടാപ്പുകൾ അടച്ചിട്ടുമുണ്ട്‌. (താങ്കളുടെ ബ്ലോഗിൽ സ്ക്രോൾ ചെയ്ത്‌ വരുന്ന വാചകം കണ്ടപ്പോൾ ഓർത്തുപോയതാണ്‌)

മലിനമായ മനസ്സിനെ സംസ്കരിക്കുന്ന രീതിയിൽ വിശ്വാസം ആഴ്‌ന്നിറങ്ങുന്നുവെ ങ്കിൽ തെറ്റിലേക്ക്‌ നയിക്കപ്പെടാനുള്ള സാധ്യത വിരളം തന്നെയാണു

വിശ്വാസം മലിനമായതിനെ സംസ്കരിക്കുകയാണോ അതോ മനസിനെ മലിനീകരണത്തിൽ നിന്നും സംരക്ഷിക്കുകയാണോ ചെയ്യുന്നത്‌?

prachaarakan said...

അപ്പൂട്ടൻ,


.... ആളുകൾക്ക്‌ ചില്ലറ ഉപകാരങ്ങൾ പോലും ചെയ്യാൻ കൂട്ടാക്കാത്തവനെ .മതാനുയായിട്ടല്ല ഇവിടെ കാണുന്നത്.

പള്ളിയിൽ തന്നെയുള്ള ടാപ്പുകൾ ആവശ്യത്തിലധികം ദുരുപയൊഗം ചെയ്യുന്ന വിശ്വാസികളെയും താങ്കൾക്ക് കാണാം. പള്ളിയിൽ വരുന്ന അമ്പലത്തിൽ വരുന്ന എല്ലാവരും അങ്ങിനെയാവണമെന്നുമില്ല.
ഈയുള്ളവൻ തന്നെ പലപ്പോഴും അങ്ങിനെ ചെയ്യുന്നതിനെ വിലക്കേണ്ടി വന്നിട്ടുണ്ട്. ചിലരുടെ പ്രതികരണം നിരാശാജനകവുമായിരിക്കും..


>മലിനമായ മനസ്സിനെ സംസ്കരിക്കുന്ന രീതിയിൽ വിശ്വാസം ആഴ്‌ന്നിറങ്ങുന്നുവെ ങ്കിൽ തെറ്റിലേക്ക്‌ നയിക്കപ്പെടാനുള്ള സാധ്യത വിരളം തന്നെയാണു <

അതാണ് പ്രചാരകനും പറയാനുള്ളത്. മനസിനെ സംസ്കരിച്ചെടുക്കാനുതകുന്ന രീതിയിൽ അവന്റെ വിശ്വാസം മനസിൽ ആഴ്ന്നിറങ്ങണം..


>വിശ്വാസം മലിനമായതിനെ സംസ്കരിക്കുകയാണോ അതോ മനസിനെ മലിനീകരണത്തിൽ നിന്നും സംരക്ഷിക്കുകയാണോ ചെയ്യുന്നത്‌ <


മനസിനെ മലിനീകരണത്തിൽ നിന്നും സംരക്ഷിക്കാനുതകുന്ന മലിനമല്ലാത്ത വിശ്വാസമാണ് വേണ്ടത്.

ബയാന്‍ said...

മതമില്ലായ്മക്കാണ് ഇന്നിന്റെ ലോകത്തോട് മതത്തേക്കാള്‍ പ്രതിബദ്ധത; മതം മനുഷ്യനെ ‘പരലോക‘ത്തേക്കുള്ള മരമാക്കുകയാണ്.

prachaarakan said...

യരലവ,


നന്ദി