Friday, July 09, 2010

സമുദായത്തെ കവചമാക്കരുത് :എന്‍ എം സ്വാദിഖ് സഖാഫി

എന്‍ എം സ്വാദിഖ് സഖാഫി (SSF State President)
www.sirajnews.com
08-07-2010

അധ്യാപകന്റെ കൈ വെട്ടിയ സംഭവം, കേരളം പോലെയുള്ള സാമുദായിക സൗഹൃദം നിലനില്‍ക്കുന്നിടത്താകുമ്പോള്‍ അത്യധികം ഭീകരമാണെന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല. അധ്യാപകന്‍ ചെയ്തിട്ടുള്ളത് അതിഹീനമായ പ്രവൃത്തിയാണെന്നത് കൈവെട്ടലിനെ ന്യായീകരിക്കാന്‍ മതിയായ കാരണമല്ലെന്നു സാമാന്യബോധമുള്ള ആര്‍ക്കും അറിയാവുന്നതാണ്. അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബിയെയും ഇസ്‌ലാം മതത്തെയും ഹീനമായ വിധത്തില്‍ ദ്രോഹിക്കുകയായിരുന്നു, ചോദ്യക്കടലാസിലെ വിവാദ പരാമര്‍ശങ്ങളിലൂടെ ജോസഫ് ചെയ്തത്. എന്നിട്ടും കേരളീയ സാമൂഹിക പരിസരത്തെ വേറിട്ടു നിര്‍ത്തുന്ന ആരുറപ്പുള്ള സമുദായ സൗഹൃദാവസ്ഥയും മതസാമുദായിക നേതൃത്വത്തിന്റെ ഉണര്‍ന്നുള്ള പ്രവര്‍ത്തനവും ഒപ്പം സര്‍ക്കാറിന്റെ അവസരോചിതമായ ഇടപെടലും മൂലം പ്രത്യാഘാതങ്ങളൊന്നും ഉണ്ടാകാതെ സമാധാനന്തരീക്ഷത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടയിലാണ് വളരെ ഞെട്ടലോടെ കേരളീയ സമൂഹം കൈ വെട്ടല്‍ സംഭവം കേള്‍ക്കുന്നത്. കൈ മാത്രമല്ല, കഴുത്തും കാലും വെട്ടിയിടുന്ന ക്രൂര ചെയ്തികള്‍ നമ്മുടെ കേരളത്തില്‍ പലപ്പോഴുമുണ്ടായിട്ടുണ്ട്. അത്തരം വാര്‍ത്തകളെ വായിച്ചു സങ്കടപ്പെടുകയും ധാര്‍മികരോഷം കൊള്ളുകയും ചെയ്യുന്നവരാണ് നാം. അതിനപ്പുറത്തുള്ള കാര്യങ്ങളെ നാം പോലീസുകാര്‍ക്കും കോടതിക്കും ഏല്‍പ്പിച്ചു കൊടുക്കുകയാണ് പതിവ്. എന്നാല്‍ ഇത് അല്‍പ്പം ബേജാറുള്ള സംഭവം തന്നെയാണ്. ഇസ്‌ലാമിന്റെ പ്രവാചകനെ ഇകഴ്ത്തിയതു കാരണം സസ്‌പെന്‍ഷനടക്കമുള്ള നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ജോസഫിന്റെ കൈ വെട്ടിയിട്ടപ്പോള്‍ കേരളത്തില്‍ മുസ്‌ലിം, കൈസ്ത്രവ വര്‍ഗീയ ചേരിതിരിവ് വളരാന്‍ ഇടവരുത്തുമോ എന്ന ഭീതിയാണ് എല്ലാവരിലുമുണ്ടായത്. പ്രതീക്ഷക്കു വക നല്‍കിക്കൊണ്ട് മത സാമുദായിക സംഘടനകളും ആധികാരിക മുസ്‌ലിം നേതൃത്വവുമെല്ലാം ഇതിനെ ശക്തമായി അപലപിച്ചു രംഗത്തുവന്നു. ഇസ്‌ലാമിന്റെ നിയമ ശാസനകളും വിധിവിലക്കുകളും അറിയാവുന്നവര്‍ക്കൊന്നും ഇതിനെ ഒരു വിധത്തിലും ന്യായീകരിക്കേണ്ടതില്ലല്ലോ. മുഹമ്മദ് നബി(സ)യെ ദേഹോപദ്രവം വരുത്താനും വധിക്കാനും മുതിര്‍ന്ന സംഭവങ്ങള്‍ ഒന്നല്ല. പലതുണ്ട് ചരിത്രത്തില്‍. പ്രവാചകസ്‌നേഹത്തിന്റെ നിറകുടങ്ങളായിരുന്ന അനുചരന്മാര്‍ അവര്‍ക്കു അര്‍ഹിക്കുന്ന ശിക്ഷ നല്‍കേണ്ടതല്ലേ എന്ന് ചോദിച്ചപ്പോഴൊക്കെ അതെല്ലാം സര്‍വശക്തനായ അല്ലാഹുവിലേക്ക് വിടുകയാണ് വേണ്ടതെന്ന അധ്യാപനമാണ് മുഹമ്മദ് നബി (സ)നല്‍കിയത്. എന്നിരിക്കെ നൂറ്റാണ്ടുകള്‍ക്കുശേഷം ഇത്തരമൊരു ഹീനകൃത്യം നടന്നതിനെ പിന്തുടര്‍ന്ന് പക വീട്ടേണ്ട മതപരമായ ഒരു ആവശ്യവും മുസ്‌ലിംകള്‍ക്കില്ലെന്ന പോലെ അക്രമികളെ ന്യായീകരിക്കേണ്ട ഒരു ബാധ്യതയുമില്ല. എന്നല്ല ഇത്തരം അക്രമം പ്രവര്‍ത്തിച്ച കരങ്ങള്‍ പ്രവാചക നിന്ദ നടത്തിയ ജോസഫിന്റെ കരങ്ങളെ പോലെ തന്നെ പാപപങ്കിലമാണ്.

ജോസഫ് പ്രവാചക നിന്ദ നടത്തിയതിനാലാണെങ്കില്‍ അക്രമികള്‍ മതത്തെയും സമുദായത്തെയും അപകടപ്പെടുത്തുന്ന ക്രൂരതയാണ് നടത്തിയത്. അതുകൊണ്ട് തന്നെ യാതൊരു മുന്‍വിധിയുമില്ലാതെ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അടക്കമുള്ള മുസ്‌ലിം നേതൃത്വം നിഷ്പക്ഷമായി അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. കാര്യം ഇതാണെന്നിരിക്കെ എന്‍ ഡി എഫ് പോലെയുള്ള ദുരൂഹമായ പശ്ചാത്തലത്തലമുള്ളവരുടെ നിക്ഷിപ്ത താത്പര്യത്തില്‍ ഇപ്പോള്‍ ചിലര്‍ 'മുസ്‌ലിം ഐക്യവേദി' തട്ടിപ്പടച്ചുണ്ടാക്കിയിരിക്കുന്നു . ആരാണ് പവിത്രമായ ഒരു ബാനറിനെ ഇകഴ്ത്തിക്കൊണ്ടു മുസ്‌ലിം സമുദായത്തിന്റെ പേര് ഉപയോഗിക്കാന്‍ ഇവര്‍ക്ക് അധികാരം നല്‍കിയത്? സമസ്തയടക്കമുള്ള പണ്ഡിത സംഘടനകളുടെതോ സാമുദായിക രാഷ്ട്രീയ പ്രസ്ഥാനമായ മുസ്‌ലിം ലീഗിന്റെയോ മറ്റു മുസ്‌ലിം മുഖ്യധാരാ പ്രസ്ഥാനങ്ങളുടെതോ ഒന്നിന്റെയും പിന്തുണയോ ഏതെങ്കിലും തരത്തിലുള്ള പ്രോത്സാഹനമോ ഇല്ലാതെയാണ് 'മുസ്‌ലിം ഐക്യവേദി'യുടെ പേരില്‍ ചിലര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. മുസ്‌ലിം ഐക്യവേദിയും സൗഹൃദ വേദിയുമൊക്കെ കേരളത്തില്‍ പലപ്പോഴായി സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. അതിനൊക്കെ മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന ന്യായമായ കാരണങ്ങളുമുണ്ടായിരുന്നു. ഇപ്പോഴത്തെ മുസ്‌ലിം ഐക്യവേദി രംഗ പ്രവേശത്തിനു പിന്നില്‍ ആര്‍ക്കും അറിയാവുന്ന ചില സില്‍ബന്ധികളുടെതല്ലാതെ ആരുടെ പിന്തുണയാണുള്ളത്? എന്‍ ഡി എഫിനും പോപ്പുലര്‍ ഫ്രണ്ടിനും സംഘടിക്കാം. ന്യായമോ അന്യായമോ ആയ വാദങ്ങളുയര്‍ത്താം. എന്നാല്‍ ബാനര്‍ മാറ്റുന്നത് ഉചിതമായ നടപടിയല്ല. എന്നുമാത്രമല്ല അത് പ്രഹസനവുമാണ്. കുറ്റവാളികളെ പിടികൂടാനെന്ന പേരില്‍ നിരപരാധികളെ വേട്ടയാടുന്നുവെങ്കില്‍ പ്രഥമവും പ്രധാനവുമായി അത്തരം 'നിരപരാധി'കളെ സംരക്ഷിക്കേണ്ട ബാധ്യത അവര്‍ക്ക് പ്രവര്‍ത്തന ഇടം നല്‍കുന്ന സംഘടനകള്‍ക്കാണ്. അക്കൂട്ടത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഉണ്ടെങ്കില്‍ അവര്‍ അവരുടെ ബാനറിന് കീഴില്‍ സംഘടിക്കുകയും പ്രതിഷേധിക്കുകയും ചെയ്യട്ടെ. സത്യമാണെന്നു ബോധ്യപ്പെട്ടാല്‍ നിരപരാധികളുടെ പരിരക്ഷക്കായി ആധികാരിക മുസ്‌ലിം നേതൃത്വം തന്നെ രംഗത്തിറങ്ങും. അതില്‍ അലംഭാവം കാട്ടുന്നവരല്ല കേരളത്തിലെ മുസ്‌ലിം നേതൃത്വം. പ്രഹസനങ്ങളിലൂടെ ഈ സമുദായത്തെ വേദനിപ്പിക്കാന്‍ ഇനിയും മുന്നോട്ടു വരുന്നത് നല്ല ഏര്‍പ്പാടല്ല. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിന്റെ അടിവേരുകള്‍ തേടി ആരും, പതിറ്റാണ്ടുകളായി പരസ്യമായി മതപ്രവര്‍ത്തനം നടത്തി വരുന്ന മുസ്‌ലിം സംഘടനകളുടെ ഓഫീസുകളിലോ നേതാക്കളുടെ വീടുകളിലോ എത്തുന്നില്ലല്ലോ. അവര്‍ക്ക് ഒളിവില്‍ പോകേണ്ടി വരുന്നില്ല. എന്തുകൊണ്ടാണ് തങ്ങളെ തേടി വരുന്നത് എന്ന് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം ആലോചിക്കുന്നത് നല്ലതാണ്. ചെരിഞ്ഞ മരത്തിലേക്കല്ലേ പാഞ്ഞ് കയറുകയെന്നാണ് ന്യായമെങ്കില്‍ എവിടെ നിന്നാണ്, എന്നു മുതലാണ് ഈ ചെരിവ് പ്രത്യക്ഷപ്പെട്ടതെന്ന് വിലയിരുത്താന്‍ നേതൃത്വം മുന്നോട്ടു വരണം. ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മര്യാദകള്‍ അംഗീകരിച്ചാല്‍ പോപ്പുലര്‍ ഫ്രണ്ടിനും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ട്. അത് ഹനിക്കപ്പെടുമ്പോള്‍ ജനാധിപത്യ മര്യാദകള്‍ വെച്ചുപുലര്‍ത്തുന്ന എല്ലാ സംഘടനകളും ഒന്നിച്ചു പൊരുതും. പക്ഷേ വര്‍ഗീയത വളര്‍ത്തുകയെന്ന ഒറ്റ ലക്ഷ്യത്തോടെ ഒരു പ്രസ്ഥാനവും ഇവിടെ വേരു പിടിക്കരുത്. അങ്ങനെ ആഗ്രഹിക്കുന്നവരുണ്ടെങ്കില്‍ അവര്‍ ഒരിക്കലും മുസ്‌ലിം, ഹിന്ദു, ക്രൈസ്തവ ബാനര്‍ ദുരുപയോഗം ചെയ്യുകയുമരുത്

2 comments:

prachaarakan said...

എന്‍ ഡി എഫിനും പോപ്പുലര്‍ ഫ്രണ്ടിനും സംഘടിക്കാം. ന്യായമോ അന്യായമോ ആയ വാദങ്ങളുയര്‍ത്താം. എന്നാല്‍ ബാനര്‍ മാറ്റുന്നത് ഉചിതമായ നടപടിയല്ല. എന്നുമാത്രമല്ല അത് പ്രഹസനവുമാണ്.

MA-ARIFATH said...

good post....