part-2 >> കൈവെട്ടുകാരുടെ പരമനിന്ദ
ഒ അബ്ദുല്ലയുടെതു തികഞ്ഞ ഭൗതിക വാദമാണ്. ഇവരുടെ കേവല യുക്തിക്ക് കുറുകെ കിടക്കുന്ന ചില ആശയങ്ങൾ ഇനിയുമുണ്ടല്ലോ ഖുർആനിൽ. അൽ ബഖറ അധ്യായം വചനം 248ൽ ഇസ്‌റാഈല്യരുടെ വിജയ പേടകത്തെക്കുറിച്ചാണ് പറയുന്നത്. മൂസാ-ഹാറൂൻ നബിമാരുടെ തിരുശേഷിപ്പുകളായിരുന്നു അതിലെന്നും മലക്കുകൾ അത് ചുമന്നുകൊണ്ട് വരുമെന്നുമാണ് വചനത്തിലുള്ളത്. ഒരു ജനതയുടെ നിരന്തര വിജയത്തിന് ഹേതുവായ (ഖാലിദ്(റ)ന്റെ തൊപ്പി പോലെ) മലക്കുകൾ ചുമന്നു കൊണ്ടുവരാൻ മാത്രം ആദരുവുള്ള ഈ പേടകത്തിന്റെ ഉള്ളടക്കമെന്തായിരുന്നു? പ്രമുഖ ഖുർആൻ വ്യാഖ്യാതാക്കളെല്ലാം വിവരിച്ചതനുസരിച്ച് മൂസാ(അ)ന്റെ വടിയും മൂസാ-ഹാറൂൺ(അ) എന്നിവർ ഉപയോഗിച്ച വസ്ത്രങ്ങളും ചെരിപ്പും അതിലുണ്ടായിരുന്നു. അബ്ദുല്ലയും കൂട്ടരും എന്തു ചെയ്യും? താലൂത്തിന്റെ പേടകം ചാടിക്കടക്കാൻ സ്പോർട്ട്സിലെ പോൾവാൾട്ട് കുന്തം തന്നെ വേണ്ടി വരുമല്ലോ! പക്ഷേ ചാട്ടം പുറത്തെത്തുമ്പോൾ നേരത്തെ പറഞ്ഞതുപോലെ അബ്ദുല്ലയുണ്ടാകില്ല. ഒ മാത്രമേ ഉണ്ടാകുകയുള്ളൂ. സംഗതി ഖുർആനാണ്. കാന്തപുരത്തോട് വൈരാഗ്യം തീർക്കാൻ വേറെ വഴി നോക്കണം സാർ.
ഒരു വ്യക്തിയുടെ ഉണങ്ങിയ യുക്തിക്കു പാകം മതത്തിന്റെ സമുദ്രസമാന ആശയങ്ങളെ ചുരുക്കിക്കെട്ടാൻ ശ്രമിക്കുക എന്നു പറഞ്ഞാൽ ശുദ്ധ മണ്ടത്തരമാണ്. മതത്തിൽ യുക്തിയുണ്ടാകാം. എന്നാൽ മതം യുക്തിയല്ല. വിശ്വാസമാണ്. മതത്തിലെ യുക്തി ചിലപ്പോൾ നമുക്ക് ബോധ്യപ്പെട്ടെന്നും ഇല്ലെന്നും വരാം. അതേതായാലും മതത്തിന്റെ താങ്ങ് വിശ്വാസമാണ്. അതങ്ങനെത്തന്നെ വിശ്വസിക്കാൻ തയ്യാറില്ലാത്തവർക്ക് മതം ഹഡിൽസ് മത്സരം പോലെയിരിക്കും. ചാടിക്കടന്നുകൊണേ്ടയിരിക്കേണ്ടതായി വരും. ഒടുവിൽ ചാടി ഔട്ടാകും. ഒറ്റ ഉദാഹരണം: ഹജ്ജ് കർമങ്ങളുടെ യുക്തിയെന്താണ്? ബുദ്ധിയുടെ ഏതു മൂശയിലിട്ടാണ് ഈ കർമങ്ങളെ വിശ്വാസത്തിന് പാകപ്പെടുത്തുക? മറഞ്ഞ കാര്യങ്ങളിൽ വിശ്വസിക്കുന്നവർ എന്ന് സത്യവിശ്വാസികളെ ഖുർആൻ പ്രകീർത്തിക്കുന്നുണ്ട്. ഇത് അല്ലാഹുവിലുള്ള വിശ്വാസം മാത്രമായിരിക്കാൻ തരമില്ല. കേവല യുക്തിക്കും സ്വയംകൃത ന്യായങ്ങൾക്കും നിരക്കാത്ത ചിലതുകൂടി വിശ്വസിക്കുന്നതുകൊണ്ടുമാകാം. അല്ലെങ്കിൽ ചില വചനങ്ങൾ ഏറ്റുപറയുമ്പോഴേക്ക് അതുവരെ കണ്ടുകൂടാതിരുന്ന, തൊട്ടുകൂടാതിരുന്ന ഒരു മാന്യ വനിത എങ്ങനെയാണ് ഒരാളിന്റെ ഇണയും തുണയുമാകുന്നത്? ഇത് മികച്ചൊരു അന്ധവിശ്വാസമല്ലേ? ഒരു സാധു സ്ത്രീ “ഇതു നിന്റെ വാപ്പയാണെ”ന്നു പറഞ്ഞപ്പോൾ മി. അബ്ദുല്ല കണ്ണടച്ചു വിശ്വസിച്ചില്ലേ? പഴയ കാലം പോകട്ടെ, തനിക്കാം പോന്നപ്പോഴെങ്കിലും ഒരു ഡി എൻ എ ടെസ്റ്റ് നടത്തി ഒരു പിതൃത്വത്തിന് യുക്തിയുടെയും ബുദ്ധിയുടെയും പിൻബലം ഉണ്ടാക്കാമായിരുന്നില്ലേ? അന്ധമായി ഉമ്മ പറഞ്ഞത് അംഗീകരിച്ചുവെന്നതു മാത്രമല്ല കുറച്ചിലായത്; ആ അന്ധവിശ്വാസത്തിന്റെ ബലത്തിൽ പിതൃത്വത്തിന്റെ അനന്തരാവകാശം കൈപ്പറ്റുകയും ചെയ്തിരിക്കുമല്ലോ? യുക്തിയുടെ കരുത്ത് കാണിക്കേണ്ടത് ഇവിയടെയായിരുന്നു. മോശമായിപ്പോയി.
നബി(സ) ഒരു സാധാരണ മനുഷ്യനാണെന്നു കാണിക്കാൻ ലേഖകൻ കിണഞ്ഞു ശ്രമിച്ചു കണ്ടു. ഈയാവശ്യത്തിന് ഇത്ര മസിലു പിടിക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു. ആദം നബി(അ)യുടെ കാലം സാമൂഹിക ക്രമം രൂപപ്പെട്ടിരുന്നില്ല. നൂഹ്(അ)ന്റെ കാലം മുതൽ മുഹമ്മദ് നബി(സ) നിയുക്തനാകുന്നതു വരെയുള്ള സകല നബിമാരും നേരിട്ട വിമർശമാണിത്. ഖുർആനിൽ നിന്നു തന്നെ വായിക്കാം: നൂഹ് നബി(അ)ന്റെ ജനതയുടെ നേതാക്കൾ അവരുടെ നബിക്കു കണ്ട ഏറ്റവും വലിയ പോരായ്മ അദ്ദേഹം ഒരു സാധാരണ മനുഷ്യനായിപ്പേയി എന്നതായിരുന്നു.(ഹൂദ്:27) `ഞങ്ങളെപ്പോലെ ഒരാളെ ഞങ്ങൾ അനുസരിക്കുകയോ?` എന്നാണ് സാമൂദ് ഗോത്രനായകന്മാർ അവരുടെ പ്രവാചകനോട് ചോദിച്ചത്. (അശ്ശുഅറാഅ്:154). യഅ്ഖൂബ് നബി (അ)നോട് തന്റെ ജനതയിലെ ധിക്കാരികൾ `ഞങ്ങളെപ്പോലെയല്ലാതെ നീയാര്?` എന്നാണ് ചോദിച്ചത്. (അശ്ശൂറാഅ്;182), മൂസാ(അ)യും ഈസാ(അ)യും ഇതേ ആക്ഷേപം നേരിട്ടിട്ടുണ്ട്. (അൽ മുഅ്മിനൂൻ; 47). മുഹമ്മദ് നബി(സ)യുടെ കാര്യം പറയാനുമില്ല. ഒ അബ്ദുല്ലയുടെയും എൻ ഡി എഫിന്റെയും ചോദ്യവും ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല.
കാശ്മീരിലെ ഹസ്‌റത്ത് ബാൽ മസ്ജിദിനു പുറത്ത് തിരുകേശം സംബന്ധിച്ച് പ്രദർശിപ്പിച്ച സനദ്(പരമ്പര) പരിശോധിച്ചു നോക്കിയിട്ട് ഒ അബ്ദുല്ല സാഹിബിന് ഒന്നും മനസ്സില്ലായില്ലത്രെ. അതെങ്ങനെ മനസ്സിലാകാനാ? എത്ര ചെറിയ എഴുത്തും വായിക്കാനുള്ള കണ്ണട വില്ക്കുന്നു എന്നു പരസ്യം ചെയ്ത കടയിലേക്ക് പണെ്ടാരു കാരണവർ കയറിച്ചെന്നത്രെ. നന്നേ ചെറുതു മുതൽ മത്തങ്ങ വലിപ്പത്തിലുള്ള വരികൾ വരെ കടക്കാരൻ കാണിച്ചു നോക്കി. കണ്ണട പല ആംഗിളിൽ വെച്ചിട്ടും കാരണവർക്ക് ഒന്നും വായിക്കാൻ കഴിയുന്നില്ല. ഒടുവിൽ കടക്കാരൻ ഒരു സംശയം ചോദിച്ചു: സ്കൂളിൽ പോയിട്ടില്ലേ? കാരണവർ മോണ കാട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു: ഇല്ല! സാക്ഷരത വിശ്വാസത്തിന്റെ കാര്യത്തിലും വേണം. അതില്ലാത്ത അബ്ദുല്ല സനദ് വായിച്ചാൽ മനസ്സിലാകുന്നത് എങ്ങനെ? ഇനിയൊരു കാര്യം ചെയ്യാം; അബ്ദുല്ല സാഹിബിനെ ഞാൻ മർകസിലേക്ക് ക്ഷണിക്കുന്നു. അവിടെ ശഅ്റേ മുബാറക്കുമായി ബന്ധപ്പെട്ട് രണ്ട് സനദുകളുണ്ട്. സാക്ഷരതയുടെ കമ്മി കാര്യമാക്കേണ്ട, അതുള്ളവർ അവിടെ ധാരാളമുണ്ട്. നേരിട്ട് കണ്ട് ബോധ്യപ്പെടുക. പത്രക്കാരെ അവിടേക്ക് വിളിക്കാം, ബോധ്യപ്പെട്ട കാര്യം അവിടെ വെച്ചു തന്നെ പ്രഖ്യാപിക്കുകയും ചെയ്യാം. ഇനി ഒരു സനദും സ്വീകാര്യമല്ല എന്നാണ് നിലപാടെങ്കിൽ അബ്ദുല്ലയുടെ കാര്യം പോക്കാ. കാരണം, ഇയാളെങ്ങനെ ഖുർആൻ അംഗീകരിക്കും? തിരൂരങ്ങാടിയിലെയോ മുംബൈയിലെയോ പ്രസിൽ അച്ചടിച്ചു വരുന്ന മുഷഫിലെ വരികൾ അല്ലാഹുവിന്റെ വചനമായ ഖുർആനാണെന്ന് ആര് പറഞ്ഞു? ഓരോ ഖുർആൻ പ്രതിയിലും അല്ലാഹുവിന്റെ കയ്യൊപ്പുണേ്ടാ? നബി(സ) സാക്ഷ്യപ്പെടുത്തിയിട്ടുണേ്ടാ? അതുമല്ലെങ്കിൽ പടച്ച തമ്പുരാൻ നേരിട്ടു വന്നു അബ്ദുല്ലയോടു പറഞ്ഞോ? ബുദ്ധിക്കും യുക്തിക്കും ചേരുന്ന ഒരു മറുപടി വേണമല്ലോ? പറ, ശഅറേ മുബാറകിനു പിൻബലമേകുന്ന അതേ പോലൊരു സനദ് കൊണ്ടാണ് പൊന്നു കാക്കാ, മുഷഫിലെ വരികൾ അല്ലാഹുവിന്റെ വചനങ്ങളാകുന്നത്. സനദുകളും പാരമ്പര്യവും തള്ളിക്കളഞ്ഞാൽ ഇസ്ലാം, സ്വന്തം ഇനീഷ്യൽ പോലെയാവും; വട്ടപ്പൂജ്യം! ഇയാളുടെ ഒരു കാര്യം.
ശഅ്റേ മുബാറക് മസ്ജിദിനെക്കുറിച്ചുള്ള അറിയിപ്പ് വന്നപ്പോഴാണ് പലർക്കും സമുദായത്തിന്റെ ദാരിദ്ര്യത്തേയും പട്ടിണിയേയും കുറിച്ചുള്ള വിചാരം കലശലായത്. എന്തേ ഈ അറിയിപ്പിനു തൊട്ടു മുമ്പ് പോലും ഇങ്ങനെയൊരു സമുദായസ്നേഹം തോട് പൊളിച്ചു ചാടിയില്ല? കുറ്റിപ്പുറത്ത് കോടിയോളം മുടക്കി ഒരു പെൺ ചന്ത നടത്തിയല്ലോ, അതിനു തൊട്ടു മുമ്പെങ്കിലും ഇങ്ങനെയൊരു കാരുണ്യ ചിന്ത ഉണ്ടായിരുന്നെങ്കിൽ എത്ര കുടുംബങ്ങളുടെ പട്ടിണി മാറ്റാമായിരുന്നു? അതിനും മുമ്പ് കേരളത്തിലെ മെട്രോ സിറ്റികളിൽ മറ്റൊരു വിഭാഗത്തിന്റെ ഫ്ളക്സ് പ്രദർശന മഹാമഹം നടന്നല്ലോ. എത്ര ലക്ഷങ്ങളാണ് പ്ളാസ്റ്റിക് മാലിന്യമാക്കി ചുട്ടുകളഞ്ഞത്. ഒരു നിമിഷം; അന്നീ വിചാരമുണെ്ടങ്കിൽ നൂറുകണക്കിന് കുടുംബങ്ങൾക്ക് കിടപ്പാടവും ജീവിത മാർഗവും ഉണ്ടാകുമായിരുന്നില്ലേ? അതു കൊണ്ട് സുന്നികളേയും ശഅ്റേ മുബാറക് മസ്ജിദിനേയും തത്കാലം വെറുതെ വിട്. ഞങ്ങളെക്കുറിച്ച് പണേ്ടക്കും പണേ്ട ഒരു ആക്ഷേപം നിലനില്ക്കുന്നുണ്ട്; സുന്നികൾ ശാപ്പാട്ടുരാമന്മാരാണെന്ന്. മൗലിദ് `കഴിക്കും,` റാത്തീബ് `കഴിക്കും,` ആണ്ടും നേർച്ചയും `കഴിക്കും.` ഈ ചീത്തപ്പേരൊന്നു മാറ്റിക്കിട്ടാൻ ഞങ്ങളൊരു മസ്ജിദ് ഉണ്ടാക്കട്ടെ. ഒന്നും കഴിക്കാത്തവർ വേറെയുമുണ്ടല്ലോ. അവർ ഹിറാ സെന്റർ വിറ്റ് സമുദായത്തിലെ പട്ടിണിക്കാരുടെ പട്ടിണി മാറ്റി മാതൃക കാണിക്കട്ടെ. കോടികൾ വില കിട്ടുന്ന ജംഗമ സ്വത്താണ്. സി ഡി ടവർ വിറ്റ് ഉടുക്കാത്തവരെ ഉടുപ്പിക്കുകയും പാവപ്പെട്ടവർക്ക് അന്തിത്തണൽ നൽകുകയും ചെയ്യട്ടെ. അതൊരു നല്ല മാതൃകയാകും. നല്ല മാതൃക ആരിൽ നിന്നായാലും സുന്നികൾ സ്വീകരിക്കും. അല്ലാതെ രാജ്യത്തിന്റെ തന്നെ ഇസ്ലാമിക ചരിത്രത്തിന് മുതല്ക്കൂട്ടാകാൻ പോകുന്ന ഒരു സംരംഭത്തിനെതിരെ നാണം കെട്ട പ്രസ്താവന ഇറക്കുകയല്ല വേണ്ടത്. നിങ്ങളുടെ ബേജാറ്, കണ്ടുനില്ക്കുന്നവർക്കു മനസ്സിലാകുന്നതേയുള്ളൂ; കാലിന്നടിയിലെ മണ്ണൊലിച്ചുപോകുന്നതിന്റെ തിരിച്ചറിവ്, അതിന്റെ വെപ്രാളം. ശബരിമലയിലെ ദുരന്തം പോലെ കാരന്തൂരിലും ദുരന്തമുണ്ടാകുമെന്നും അപ്പോൾ സർക്കാറും കോടതിയും ഇടപെട്ട് അതൊക്കെ അവസാനിപ്പിച്ചു കൊളളുമെന്നുമുള്ള അബ്ദുല്ലയുടെ സമാശ്വാസ്വമുണ്ടല്ലോ; മുന്തിയ മനപ്പായസമാണ്. പഞ്ചസാര കുറച്ചേറെ ചേർത്തു കൊള്ളാൻ പറയണം. മനപ്പായസമാകയാൽ വി ഐ പി രോഗികൾക്കും കഴിക്കാമല്ലോ.
നബിമാരുടെ ബോഡിവേസ്റ്റിനെ ചൊല്ലി അബ്ദുല്ലക്ക് വലിയ ആശയക്കുഴപ്പമുണ്ട്. അതു മലിനമല്ലെങ്കിൽ അവരെന്തിന് ശുചീകരിച്ചു എന്നാണ് ലേഖകനറിയേണ്ടത്. ദൈവ ശാസ്ത്രജ്ഞൻമാരുടെ നിഗമനങ്ങൾ ശരിയാണെങ്കിൽ നബിമാർക്കതിന്റെ ആവശ്യമുണ്ടാകണമെന്നില്ല. ഇത് ചെയ്തത് അത് മാതൃകയാക്കി അബ്ദുല്ലമാർ നാട് നാറ്റാതിരിക്കാൻ വേണ്ടിയാകണം. മനസ്സിലാകുന്നുണ്ടല്ലോ?
ശഅ്റേ മുബാറക്കും അതിനോടുള്ള ആദരവും തബർറുകും മതമാണ്. എന്നാലതു മാത്രമാണ് മതം എന്നു പറഞ്ഞു ബഹളമുണ്ടാക്കി ആരും കുളം കലക്കാൻ നോക്കേണ്ട. അനാചാരം അന്ധവിശ്വാസം എന്നൊക്കെപ്പറഞ്ഞു പേടിപ്പിച്ചു കാര്യം നേടാവുന്ന കാലവും കഴിഞ്ഞു പോയിരിക്കുന്നു. ഇനി പുതിയ വല്ല നമ്പറും നോക്ക്. ഇസ്ലാം ഇങ്ങനെ ചില അന്ധവിശ്വാസങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ്. ചിലതൊക്കെ കണ്ണടച്ചു വിശ്വസിക്കണം. ബുദ്ധിക്കും യുക്തിക്കും ചേരുന്നില്ലെന്നു പറഞ്ഞു തള്ളിക്കളയുന്നവർ എന്തിനു പ്രശ്നമുണ്ടാക്കണം? അവർക്ക് ഇസ്ലാമിനെ വെറുതെ വിടാം. ബുദ്ധിക്കും യുക്തിക്കും ചേരുന്ന മറ്റു മാർഗങ്ങൾ അന്വേഷിക്കാം. അക്ബർ `ദീൻ ഇലാഹി` ഉണ്ടാക്കിയിട്ട് ആകാശം ഇടിഞ്ഞു വീണതൊന്നുമില്ലല്ലോ?
നബിനിന്ദ പാപമാണ്. ഇത്തരം പാപകൃത്യങ്ങൽ ചെയ്യുന്നവരെ ശിക്ഷിക്കാൻ നമ്മുടെ നാട്ടിൽ വകുപ്പില്ല. ഈ കേസുകൾ നാം അല്ലാഹുവിലേക്കും റസൂലിലേക്കും വിടുക. എൻ ഡി എഫിന്റെ കൈവെട്ടു വിധി ഇസ്ലാമികമല്ല; താന്തോന്നിത്തരമാണ്. രാജ്യത്തെ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. മതേതരത്വത്തിനും ബഹുസ്വരതക്കുമെതിരായുള്ള യുദ്ധപ്രഖ്യാപനമാണ്. രാജ്യദ്രോഹപരമായ ഇത്തരം നിലപാടുകളെ കൂടി നാം നബി നിന്ദക്കൊപ്പം തള്ളിപ്പറയുകയും ചെയ്യുക. അതാണ് നബിസ്നേഹം. (അവസാനിച്ചു)
siraj news daily
No comments:
Post a Comment