Monday, March 14, 2011

ഇത്‌ അസുഖം വേറെയാണ്‌

ഭാഗം ഒന്ന് ഇവിടെ >> ഇനിയെന്ത് പറയാനുണ്ട് ?


ഒ അബ്ദുല്ല തന്റെ നിലപാടിൽ നിന്നും പുറകോട്ടുപോയി എന്നാണ്‌ അയാൾ നൽകിയ പോലീസ്‌ പരാതിയിൽ നിന്നും പത്രക്കുറിപ്പിൽ നിന്നും മനസ്സിലാകുന്നത്‌. എന്നാൽ ഇയാളുടെ വിഷലിപ്തമായ ലേഖനം പുറത്തുവിട്ട എൻ ഡി എഫും പത്രവും ഒട്ടും മാറിയില്ല. സംസ്ഥാന പ്രസിഡന്റ്‌ കരമന മൗലവി പാർട്ടി പത്രത്തിൽ എഴുതിയ ലേഖനത്തിൽ അബ്ദുല്ലയെ തള്ളിപ്പറയുകയും `ആസാറുന്നബിയ്യ്‌` പ്രാമാണികമാണെന്നു സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്‌. എന്നാൽ, ഇതൊന്നും മതത്തിൽ വലിയ കാര്യമല്ലെന്നു പറഞ്ഞുകൊണ്ട്‌ മൗലവി പരോക്ഷമായി അബ്ദുല്ലയെ അനുകൂലിച്ചു. ലേഖനത്തിന്‌ `അനുകൂലമായും പ്രതികൂലമായും` പ്രതികരണങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ട്‌ ഈ നിലപാടിനെ പത്രം നിരന്തരമായി ന്യായീകരിക്കുകയും ചെയ്തു. പാർട്ടിയുടെ സുപ്രീം കൗൺസിൽ അംഗവും ബുദ്ധികേന്ദ്രവും പാർട്ടി പത്രത്തിന്റെ എഡിറ്ററുമായ പ്രൊഫസർ പി. കോയ, കരമന മൗലവിയുടെ അനുകൂല നിലപാടിനെ പൂർണമായും തള്ളിപ്പറഞ്ഞു. കടുത്ത അന്ധവിശ്വാസവും ചൂഷണവും ഉൾക്കൊള്ളുന്ന വിഷയമായതു കൊണ്ടാണ്‌ അബ്ദുല്ലയുടെ ലേഖനം പ്രസിദ്ധീകരിച്ചെതെന്നും പാർട്ടിയുടെയും പത്രത്തിന്റെയും ഉറച്ച നിലപാടാണിതെന്നും മി.കോയ വിശദീകരിച്ചിട്ടുണ്ട്‌. അതായത്‌, ജമാഅത്തിനോ വഹാബിസത്തിനോ ഇല്ലാത്തത്ര കടുത്ത ബിദ്അത്തും മതവിരുദ്ധ നിലപാടുമാണ്‌ തങ്ങളുടെതെന്ന്‌ ഏതാണ്ട്‌ പരസ്യമായി തന്നെ പ്രഖ്യാപിക്കുകയാണ്‌ എൻ ഡി എഫ്‌ ചെയ്തിരിക്കുന്നത്‌! എൻ ഡി എഫ്‌ എന്താണെന്നും അതിനെ നയിക്കുന്നവരുടെ നിലപാടുകൾ എത്ര അപകടകരമാണെന്നും ഈ നിലപാടുകളിൽ നിന്നു വ്യക്തമാണ്‌. കരമന മൗലവി കഥയറിയാത്ത പാവം തെക്കൻ മൊല്ലയാണ്‌, അയാളെ വിട്ടേക്കുക.

`ശഅ​‌റെ മുബാറക്‌` ചർച്ചക്ക്‌ ഇപ്പോൾ ഏകീകരണം വന്നിട്ടുണ്ട്‌. നബി(സ)യുടെ തിരുശേഷിപ്പുകൾക്കു യാതൊരു പ്രത്യേകതയുമില്ലെന്ന ഒ അബ്ദുല്ലയുടെ ഭൗതികവാദത്തിനൊപ്പമാണ്‌ എൻ ഡി എഫ്‌ നിലകൊള്ളുന്നതെങ്കിൽ, മർകസിലെ `ശഅ‌റെ മുബാറകി`ലേക്ക്‌ ചുരുങ്ങിയിരിക്കുന്നു വഹാബി ഗ്രൂപ്പുകളുടെയും ചേളാരി സമസ്തയുടെയും വിമർശങ്ങൾ-നല്ല കൂട്ടുകെട്ട്‌! അടിസ്ഥാന വിഷയം പുറത്തു പറയാതെയാണ്‌ വഹാബി ഗ്രൂപ്പുകൾ കലമ്പുന്നതെങ്കിൽ അടിസ്ഥാന വിഷയം അംഗീകരിച്ചുകൊണ്ടാണ്‌ ചേളാരി സമസ്തക്കാർ ബഹളം വെച്ചു നടക്കുന്നത്‌. ജമാഅത്തെ ഇസ്ലാമി പ്രത്യക്ഷമായി രംഗത്തില്ല. പരോക്ഷമായി അവർ വെറുതെയിരിക്കുമെന്നും കരുതിക്കൂടാ. അവരുടെ പത്രം കിട്ടുന്ന അവസരങ്ങൾ മുതലെടുക്കുന്നുണ്ട്‌. സാധാരണയിൽ ഇങ്ങനെയൊരു വിവാദമുണ്ടായാൽ മുൻപിൻ നോക്കാതെ ഇടപെടാറുള്ള `ചന്ദ്രിക`യും പാർട്ടിയും അന്തസ്സ്‌ പാലിച്ചു. സമുദായത്തിന്റെ പൊതുവേദിയാണെന്ന സന്ദേശമാണ്‌ ലീഗ്‌ നൽകുന്നത്‌, നല്ല കാര്യം.

ഇനിയിപ്പോൾ മർകസിലെ `ശഅ‌റെ മുബാറക്‌` മാത്രമാണ്‌ വിവാദം. എങ്കിലത്‌ തീർക്കുക എളുപ്പമാണ്‌. ഇതിനു ഖുർആനും സുന്നത്തും മറ്റു പ്രമാണങ്ങളും തിരയേണ്ട കാര്യമില്ല; വിമർശകർ മർകസിലേക്ക്‌ ഒന്നു വന്നാൽ മാത്രം മതി. മർകസ്‌ അന്റാർട്ടിക്കയിലോ അറ്റ്ലാന്റിക്കിലോ അല്ല. കോഴിക്കോട്‌ നഗരത്തിൽ നിന്ന്‌ വെറും അര മണിക്കൂർ കിഴക്കോട്ട്‌ സഞ്ചരിച്ചാൽ എത്താവുന്നത്ര അടുത്താണ്‌. ബന്ധപ്പെട്ടവർ പലതവണ വിമർശകരെ അങ്ങോട്ടു ക്ഷണിച്ചതാണ്‌, ആരും തെളിവ്‌ കാണാൻ തയാറല്ല. കണ്ടാൽ വിമർശം അവസാനിപ്പിക്കേണ്ടതായി വരും, അതോടെ കഥ തീരും.

മൂന്ന്‌ തിരുകേശങ്ങളാണ്‌ മർകസിൽ സൂക്ഷിച്ചിരിക്കുന്നത്‌. രണ്ടെണ്ണം ബറകാതീ സാദാത്തീങ്ങളിൽ നിന്നു ലഭിച്ചതും മറ്റൊന്ന്‌ അബൂദബി ഖസ്‌റജീ കുടുംബത്തിൽ നിന്നു ലഭിച്ചതും. രണ്ടിനും ആവശ്യമായ തെളിവുകളും രേഖകളും മർകസ്‌ സൂക്ഷിച്ചിട്ടുണ്ട്‌. ആദ്യത്തേതിന്റെ പരമ്പര(സനദ്‌) ഈ ലേഖകൻ നേരിട്ടു കണ്ടതാണ്‌. രണ്ടാമത്തേതിന്റെത്‌ ലക്ഷങ്ങൾ പങ്കെടുത്ത പൊതുവേദിയിൽ വായിച്ചു കേട്ടതുമാണ്‌. വഹാബി ഗ്രൂപ്പിന്റെ നേതാക്കൾക്കും ഒപ്പം കൂടിയ ചേളാരി സമസ്തക്കാർക്കും മർകസിൽ വന്ന്‌ തെളിവ്‌ പരിശോധിക്കുന്നതിന്‌ ഒരു പ്രയാസവും തോന്നേണ്ട കാര്യമില്ല. കാരണം, ഇത്‌ മതത്തിലെ വിശ്വാസവും അനുഷ്ഠാനവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഗൗരവതരമായ വിഷയമാണ്‌. മിഥ്യാഭിമാനത്തിന്റെ പേരിൽ മതത്തിന്റെ ചിഹ്നങ്ങളെ നിരാകരിക്കുന്നതും വിമർശിക്കുന്നതും നബിനിന്ദ മാത്രമല്ല; മതനിന്ദ കൂടിയാണ്‌. ഇത്‌ നിന്ദക്കാരുടെ കൈവെട്ടുന്ന കാലവുമാണ്‌. ഇനി തെളിവുമായി മർകസ്‌ ഇവരുടെ വീട്ടുപടിക്കലേക്കു ചെല്ലണമെന്നാണെങ്കിൽ പൊന്നു തമ്പുരാക്കന്മാർ അതൊന്നു തുറന്നു പറയണം. മർകസും കാന്തപുരവുമല്ല; നാൽപ്പത്‌ കോടിയുടെ `ശഅ്‌റെ മുബാറക്‌ മസ്ജിദാ`ണ്‌ കാര്യമെങ്കിൽ രക്ഷയില്ല. വിഷയം പച്ചക്കു പറയാം; ഇത്‌ അസൂയയാണ്‌; കത്തുന്ന അസൂയ. കഷണ്ടിക്ക്‌ പണെ്ടാരു വൈദ്യർ മരുന്ന്‌ കണ്ടുപിടിച്ചിരുന്നത്രെ. ഇവർ അയാളെയൊന്നു കാണണം. വല്ല പരിഹാരവും നിർദേശിച്ചേക്കാം.

പരിഷ്കരണ പ്രസ്ഥാനങ്ങളാണ്‌, ജ്ഞാനികളാണ്‌, വമ്പിച്ച ഭൗതിക പിടിപാടുകളുണ്ട്‌, പാരമ്പര്യത്തിന്റെ ചിതലരിച്ച ശേഷിപ്പുകളുടെ മന്ദബുദ്ധികളായ അവകാശികളാണ്‌. പറഞ്ഞിട്ടെന്ത്‌, ഈ മാന്യമഹാജനങ്ങളുടെ സ്വപ്നങ്ങൾക്കും പ്രജ്ഞക്കും ഇടുങ്ങിയ ചിന്തകൾക്കും പിടികിട്ടാത്തത്ര അപ്പുറത്തു ചെന്നു നിന്നിട്ടാണ്‌ കാന്തപുരം സൗമ്യമായി ചിരിക്കുന്നത്‌. വെറുതെ ഭ്രാന്തെടുത്തിട്ടെന്തു കാര്യം; നിശ്ചയം അല്ലാഹുവിന്റെതാണ്‌, ആർക്കെന്ത്‌ ചെയ്യാനാകും?

നാൽപ്പത്‌ കോടിയുടെ മസ്ജിദ്‌ എന്നു കേട്ടപ്പോൾ പലരും ഹൃദയസ്തംഭനത്തിന്റെ വക്കിൽ ചെന്നു നിന്നുവെന്നതാണു നേര്‌. പള്ളിയല്ല; പള്ളയാണിപ്പോൾ ചിലർക്കു പ്രശ്നം. കോഴിക്കോട്ടുകാർക്കു നിസ്കരിക്കാൻ ഇത്ര വലിയ പള്ളി വേണോ എന്നു ചിലരൊക്കെ ഹൃദയംപൊട്ടി ചോദിക്കുന്നു. കോഴിക്കോട്ടുകാരാരും ഇങ്ങനെ ചോദിക്കില്ല. പള്ളികളിലെ തിരക്കും പാർക്കിംഗ്‌ പ്രശ്നവും നിരന്തരമായി അനുഭവിക്കുന്നവരാണവർ. പള്ളിമുറ്റത്തും റോഡിലുമായി നീളുന്ന സ്വഫ്ഫുകളിൽ പൊരിവെയിൽകൊണ്ട്‌ നിസ്കരിക്കുന്നവർക്കു കാര്യമറിയാം. ഇരിക്കട്ടെ; ഇരുപത്‌ വർഷം മുമ്പ്‌ കാന്തപുരം ഇങ്ങനെ വിചാരിച്ചിരുന്നെങ്കിൽ ഇപ്പറയുന്നവർ ഇപ്പോൾ നടപ്പാതയിലും നടുറോട്ടിലും ജുമുഅഃയും ജമാഅത്തും നടത്തേണ്ടതായി വരുമായിരുന്നില്ലേ? വിമർശത്തിന്റെ മനോവിഹ്വലതയുമായി മണ്ടിനടക്കുന്ന പലരും അഞ്ച്‌ നേരം തിരുമുഖം പടിഞ്ഞാറോട്ടു കുമ്പിടുന്നത്‌ കാന്തപുരം നിർമിച്ച പള്ളികളിലാണെന്നോർക്കണം. നഗരപരിധിയിൽ മാത്രം ഇരുപ്പതിൽപരം പള്ളികളാണ്‌ കഴിഞ്ഞ പത്തുപതിനഞ്ച്‌ വർഷം കൊണ്ട്‌ കാന്തപുരം നിർമിച്ചത്‌. കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമായി ആയിരത്തോളം പള്ളികൾ, അഖിലേന്ത്യാതലത്തിൽ ഇതു രണ്ടായിരത്തോളം വരും! വായിൽ നാല്‌ മുഴം നാക്ക്‌ മാത്രം സ്വന്തമായുള്ള ഈ വിമർശകർക്ക്‌ എന്തു പറയാനുണ്ട്‌? ഇതിന്‌ ഒരു താരതമ്യം കൂടി ആവശ്യമാണെന്നു തോന്നുന്നു. രണ്ടായി വഴിപിരിഞ്ഞ ശേഷം കോഴിക്കോട്ട്‌ കാന്തപുരം ഇരുപതിൽ പരം പള്ളി നിർമിച്ചുവെന്ന്‌ പറഞ്ഞല്ലോ. അവശിഷ്ട സമസ്തക്കാർ എന്തു ചെയ്തു? കുറ്റം പറയരുതല്ലോ ഇവരും ഒന്ന്‌ ഉണ്ടാക്കിയിട്ടുണ്ട്‌, റയിൽവേ സ്റ്റേഷൻ ലിങ്ക്‌ റോഡിൽ സ്വന്തം ആസ്ഥാനത്ത്‌. കെട്ടിടം തെക്ക്‌ പടിഞ്ഞാറോട്ടും പള്ളി പടിഞ്ഞാറോട്ടും! അതായാത്‌, ചുമരോ തൂണോ മറയാക്കി നിസ്കരിക്കാൻ ഒരാളിനുപോലും ഇടമില്ലാത്ത ഒരു പള്ളി! വെറുതെ പറയിപ്പിക്കല്ലേ; ഐക്യപ്പെടാനുള്ളതാണ്‌.

നാൽപ്പത്‌ കോടിയുടെ പള്ളി നിർമിച്ചാൽ അവിടെ ആരാധിക്കപ്പെടുക `ശഅ്‌റെ മുബാറക്‌` ആയിരിക്കുമെന്നാണ്‌ പാവം വഹാബി ശിങ്കങ്ങളുടെ പ്രചാരണം. കൊള്ളാം, അനേകം കോടികൾ ചെലവഴിച്ചു വികസിപ്പിച്ച മസ്ജിദുന്നബവിയുടെ അകത്താണ്‌ ഈ തിരുകേശങ്ങളുടെ സാക്ഷാൽ ഉടമ അന്ത്യവിശ്രമം കൊള്ളുന്നത്‌. സുന്നികളുടെ കാര്യമിരിക്കട്ടെ; ഇവർ അവിടെ ചെന്നാൽ ആരെയാണ്‌ ആരാധിക്കാറുള്ളത്‌? വിവരക്കേട്‌ പറഞ്ഞോളൂ; പക്ഷേ അതുതന്നെയേ പറയൂ എന്നു ശാഠ്യം പിടിക്കല്ലേ!

ഇവരായിട്ടു തുടങ്ങിവെച്ച ഖുർആൻ ക്ളാസുണ്ടല്ലോ; അതു ശരിക്കും ഫലിച്ചിട്ടുണ്ട്‌. സമുദായം നന്നായി ഖുർആൻ പഠിച്ചുകൊണ്ടിരിക്കുന്നു. അതാണിവർക്ക്‌ വിനയായിരിക്കുന്നത്‌. വിശ്വാസികൾ തങ്ങളുടെ നിലനിൽപ്പിനുള്ള ധനം തങ്ങൾക്കിടയിലെ പോഴന്മാരുടെ കൈയിൽ ഏൽപ്പിക്കരുതെന്നാണ്‌ വിശുദ്ധ ഖുർആനിന്റെ ശാസന(അന്നിസാഅ‍്‌:5). രാജ്യത്തിന്റെ തന്നെ ചരിത്രത്തിൽ സംഭവമാകാൻ പോകുന്ന ഒരു മഹത്തായ സംരംഭത്തിനുള്ള വക ആരുടെ കൈയിൽ കൊടുക്കണം എന്ന്‌ സമുദായവും സമൂഹവും തിരിച്ചറിഞ്ഞിരിക്കുന്നു. കൊള്ളില്ല എന്ന്‌ അടയാളപ്പെടുത്തിയവരുടെ കൈയാൽ ഒന്നും നടക്കുന്നുമില്ല; അതവരുടെ പോരായ്മ. സ്വന്തം കഴിവുകേടുകൾ തിരിച്ചറിയുകയാണ്‌ വിമർശകർ ആദ്യം ചെയ്യേണ്ടത്‌. ഉദ്ദേശിച്ചവർക്ക്‌ അല്ലാഹു കണക്കില്ലാതെ കൊടുക്കുമെന്നും അവിചാരിതമായ മാർഗത്തിലൂടെ കൊടുക്കുമെന്നും അല്ലാഹു പറയുന്നുണ്ട്‌. ഇതൊന്നും സഹിക്കാനാകുന്നില്ലേ?

വേദക്കാരോടു പറഞ്ഞത്‌ ഇവരോടും പറയാം. വചനത്തിന്റെ പച്ചമലയാളം ഇങ്ങനെ: `നബീ പറയുക, നിങ്ങളുടെ ദേഷ്യം കാരണമായി നിങ്ങൾ മരിച്ചുകൊള്ളുക.` (വി.ഖുർആൻ-3:119)
ഒ.എം. തരുവണ
സിറാജ് ന്യൂസ്

3 comments:

BIG B said...

ഇവരായിട്ടു തുടങ്ങിവെച്ച ഖുർആൻ ക്ളാസുണ്ടല്ലോ; അതു ശരിക്കും ഫലിച്ചിട്ടുണ്ട്‌. സമുദായം നന്നായി ഖുർആൻ പഠിച്ചുകൊണ്ടിരിക്കുന്നു. അതാണിവർക്ക്‌ വിനയായിരിക്കുന്നത്‌. വിശ്വാസികൾ തങ്ങളുടെ നിലനിൽപ്പിനുള്ള ധനം തങ്ങൾക്കിടയിലെ പോഴന്മാരുടെ കൈയിൽ ഏൽപ്പിക്കരുതെന്നാണ്‌ വിശുദ്ധ ഖുർആനിന്റെ ശാസന(അന്നിസാഅ‍്‌:5).
so.. ...............
moulavikal kuzhangiyathu thanne...

പുലരി said...

>>>സംസ്ഥാന പ്രസിഡന്റ്‌ കരമന മൗലവി പാർട്ടി പത്രത്തിൽ എഴുതിയ ലേഖനത്തിൽ അബ്ദുല്ലയെ തള്ളിപ്പറയുകയും `ആസാറുന്നബിയ്യ്‌` പ്രാമാണികമാണെന്നു സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്‌. എന്നാൽ, ഇതൊന്നും മതത്തിൽ വലിയ കാര്യമല്ലെന്നു പറഞ്ഞുകൊണ്ട്‌ മൗലവി പരോക്ഷമായി അബ്ദുല്ലയെ അനുകൂലിച്ചു<<<

നല്ല ചേർച്ച..

പുന്തര കാന്തര said...

വിദ്യാലയം നടത്താനും അഗതികളെ സേവിക്കാനും വ്യാജകേശങ്ങള്‍ സ്നാനം ചെയ്ത്‌ മനുഷ്യബുദ്ധിയെ വ്യഭിചരിച്ച്‌ ഒരു വരുമാനാലയം സ്താപിക്കണമോ ഹേ..

ചൂഷണങ്ങള്‍ക്കെതിരെ വന്ന നിങ്ങളുടെ പ്രവാചകന്‍മാര്‍ ഇകഴത്തപ്പെടുന്നത്‌ ഇത്തരം മന്ദബുദ്ധികളായ മുടിപൂജകരിലൂടെയായാല്‍ നിങ്ങള്‍ക്ക്‌ അവര്‍ മാപ്പുനല്‍കുമോ.