Thursday, July 24, 2008

സ്ത്രീധനത്തിലൂടെ നാം പതനത്തിലേക്ക്‌


‌അബൂദബിയിലെ പൂങ്കാവനം വായനക്കാരന്റെ മെയില്‍ പരസ്യപ്പെടുത്താതെ വയ്യ. 'സര്‍, താങ്കള്‍ പൂങ്കാവനത്തിലൂടെ സ്ത്രീധനത്തിനെതിരെ നടത്തുന്ന ജിഹാദ്‌ സമുദായത്തെ മുഴുവന്‍ ചിന്തിപ്പിക്കുന്നുണ്ട്‌. സ്ത്രീധനം ഒരു മഹാ ദുരന്തമാണെന്ന്‌ മനസ്സിലാക്കാന്‍ അതി ബുദ്ധിയൊന്നും ആവശ്യമില്ല. നാട്ടിലെ ആഭരണ ശാലകള്‍ സമുദായത്തിന്റെ ഖബറിടങ്ങളായിത്തീരുകയാണ്‌. പെണ്‍ ഭ്രൂണങ്ങള്‍ സമര്‍ഥമായി നശിപ്പിക്കപ്പെടുന്നു. സ്ത്രീധനം സമുദായത്തെ ഒന്നാകെ കടക്കെണിയിലകപ്പെടുത്തിയിരിക്കുന്നു. സ്ത്രീകള്‍ പുര നിറഞ്ഞു നില്‍ക്കുന്നു. ഗത്യന്തരമില്ലാതെ അനാശാസ്യ പ്രവര്‍ത്തനങ്ങളിലേക്ക്‌ വലിച്ചെറിയപ്പെടുന്നു. ദീനി പ്രസ്ഥാനങ്ങള്‍ ഇതൊന്നും കാണാത്തതെന്ത്‌ കൊണ്ട്‌? ശരീഅത്തും മത പണ്ഡിതന്‍മാരും സ്ത്രീധനം തീര്‍ത്തും വര്‍ജിക്കപ്പെടേണ്ടതാണെന്ന്‌ അര്‍ഥ ശങ്കക്കിടമില്ലാത്ത വിധം വ്യക്തമാക്കുന്നു. എന്നിട്ടും മത സംഘടനകളും മത പണ്ഡിതന്‍മാരും മഹല്ലു ജമാഅത്തുകാരും ഇക്കാര്യത്തില്‍ മിണ്ടാതിരിക്കുന്നു. പൂങ്കാവനം ആത്മാര്‍ഥതയോടെയാണ്‌ ഈ ദൗത്യം ഏറെറടുത്തിരിക്കുന്നതെങ്കില്‍ മത നേതൃത്വത്തിന്നകത്ത്‌ ഏറെ സ്വാധീനം ചെലുത്താന്‍ കഴിയുന്ന താങ്കള്‍ എന്ത്‌ കൊണ്ട്‌ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ ഈ പ്രശ്നം കൊണ്ടു വരുന്നില്ല.? ചുരുങ്ങിയ പക്ഷം ഏററവും വലിയ മുസ്ലിം വിദ്യാര്‍ഥി സംഘടനയായ എസ്‌.എസ്‌.എഫിനെക്കൊണെ്ടങ്കിലും ഈ ജിഹാദ്‌ ഏറെറടുപ്പിക്കാന്‍ താങ്കള്‍ക്ക്‌ കഴിയില്ലേ? സ്ത്രീ ധനത്തിനെതിരെയുള്ള ജിഹാദ്‌ പ്രസ്ഥാനം ഏറെറടുക്കുന്ന പക്ഷം മുഴുവന്‍ സമുദായത്തിന്റേയും പിന്തുണ പ്രസ്ഥാനത്തിനുണ്ടാവും."സ്ത്രീധനത്തിനെതിരെ മതസംഘടനകളുണരണമെന്ന്‌ അഭ്യര്‍ഥിച്ച്‌ കൊണ്ട്‌ നിരവധി കത്തുകള്‍ ഓഫീസിലെത്തുന്നുണ്ട്‌. ഇത്‌ സമുദായത്തിന്റെ പരിദേവനമായി ഞങ്ങള്‍ കാണുന്നു. ഈ ജിഹാദ്‌, സുന്നീ പ്രസ്ഥാനം നേരിട്ട്‌ ഏറെറടുക്കണമെന്നത്‌ സമുദായത്തിന്റെ മുഴുവന്‍ ആവശ്യമായി ത്തീന്നിരിക്കുന്നു. സ്ത്രീധനത്തിനെതിരായ നിയമം അറുപതുകളില്‍ തന്നെ ഇന്ത്യയിലുണ്ട്‌. വിവാഹ സമയത്തോ അതിന്‍ശേഷമോ ഭാര്യ ഭര്‍ത്താവിനോ മറിച്ചോ കൊടുക്കുന്നതെല്ലാം സ്ത്രീധനത്തിന്റെ പരിധിയില്‍ വരും. മുസ്ലിം സമുദായത്തില്‍ ഭാര്യക്ക്‌ ഭര്‍ത്താവ്‌ കൊടുക്കുന്ന മഹര്‍ ഇതില്‍ പെടുന്നില്ല. സ്ത്രീധനം വാങ്ങിയെന്ന്‌ പരാതി കിട്ടിയാല്‍ അഞ്ചു കൊല്ലം വരെ തടവിലിടാം. പുറമേ പതിനയ്യായിരം രൂപ പിഴയും. സ്ത്രീധനത്തുക അതിലുമധികമാണെങ്കാലോ അത്രയും തന്നെ പിഴയായി ഒടുക്കണം. ഇഷ്ടമുള്ളത്‌ കൊടുക്കുന്നതിന്‌ ഈ നിയമം ബാധകമല്ലെന്ന്‌ വാദമുണെ്ടങ്കിലും സൂക്ഷിക്കണം. സര്‍ക്കാരും കോടതിയും ഈ നിയമത്തിന്‌ വലിയ വിലയൊന്നും കൊടുക്കാറില്ലെന്ന്‌ തോന്നുന്നു. പാപം ചെയ്താലും പശ്ചാതപിക്കാന്‍ മടിക്കുന്ന കാലമാണിത്‌. ഒരാള്‍ സ്ത്രീ ധനം ചോദിച്ചു എന്നാരെങ്കിലും പരാതിപ്പെട്ടാലും അയാളെ അറസ്‌ററ്‌ ചെയ്യാം. ആറ്‌ മാസം ജയിലില്‍ കിടക്കണം. ഇതൊക്കെ നിയമം. നമുക്ക്‌ നിയമത്തിന്റെ വഴിക്കൊന്നും പോവേണ്ട കാര്യമില്ല. മതത്തില്‍ സ്ത്രീധനമന്നെ ഒരു ആചാരമില്ലെന്നുറപ്പാണല്ലോ? സ്ത്രീ സമുദായത്തിന്റെ ഉത്തമ സ്വത്താണ്‌. അവരെ സംരക്ഷിക്കേണ്ടത്‌ പുരുഷന്റെ ബാധ്യതയുമാണ്‌. സ്ത്രീ വിഷമിച്ചാല്‍ സ്ത്രീ മാത്രമല്ല; കുടുംബവും സമുദായവും നശിക്കും. പിന്നെ സമുദായമില്ല. അത്‌ കൊണ്ട്‌ ഹൃദയത്തിന്റെ ഭാഷയില്‍ അപേക്ഷിക്കുന്നു: സ്ത്രീധനത്തിന്നെതിരെയുള്ള ജിഹാദില്‍ വീരമ്യത്യു വരിക്കാന്‍ യുവാക്കള്‍ സമര സജ്ജരാകണം. ഈ സമരം പ്രസ്ഥാനം ഏറെറടുക്കുകയും വേണം

by:
Dr. ഹുസൈന്‍ രണ്ടത്താണി
drhussaink@gmail.com

6 comments:

പ്രചാരകന്‍ said...

മതത്തില്‍ സ്ത്രീധനമന്നെ ഒരു ആചാരമില്ലെന്നുറപ്പാണല്ലോ? സ്ത്രീ സമുദായത്തിന്റെ ഉത്തമ സ്വത്താണ്‌. അവരെ സംരക്ഷിക്കേണ്ടത്‌ പുരുഷന്റെ ബാധ്യതയുമാണ്‌. സ്ത്രീ വിഷമിച്ചാല്‍ സ്ത്രീ മാത്രമല്ല; കുടുംബവും സമുദായവും നശിക്കും. പിന്നെ സമുദായമില്ല. അത്‌ കൊണ്ട്‌ ഹൃദയത്തിന്റെ ഭാഷയില്‍ അപേക്ഷിക്കുന്നു: സ്ത്രീധനത്തിന്നെതിരെയുള്ള ജിഹാദില്‍ വീരമ്യത്യു വരിക്കാന്‍ യുവാക്കള്‍ സമര സജ്ജരാകണം. ഈ സമരം പ്രസ്ഥാനം ഏറെറടുക്കുകയും വേണം

ഭൂമിപുത്രി said...

അഭിനന്ദങ്ങള്‍!
‘ജിഹാദ്’എന്ന വാക്കിന്റെ ഏറ്റവും വികലമായ ആവിഷ്ക്കാരങ്ങളാണ്‍ നമ്മളിന്ന് കാണുന്നത്.
സ്ത്രീധനത്തിനും,അതനുബന്ധിച്ചുണ്ടാകുന്ന മറ്റ് മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കുമെതിരെയുള്ളൊരു
‘ജിഹാദ്’-ഇങ്ങിനെയൊന്ന് കേള്‍ക്കുന്നതില്‍ വളരെ സന്തോഷം തോന്നുന്നു.എല്ലാ ആശംസകളും

പ്രചാരകന്‍ said...

Thanks for your reading and comment

റഫീക്ക് കിഴാറ്റൂര്‍ said...

കുറച്ചു മുബ് ചില മഹലുകളിലെങ്കിലും വീഡിയോ
കല്ല്യാണത്തിനു പയോഗിച്ചാല്‍ നിക്കാഹ് നടത്തി
തരില്ലാന്ന് ചില മഹല്ലുകാര്‍ പ്രഖ്യാപിച്ചിരുന്നു.
അതിലും എത്രയോ മോശം പ്രവണതയായ സ്തീധനം വാങ്ങുന്നവര്‍ക്ക് നിക്കാഹ് നടത്തികൊടുക്കൂലാന്ന് പറഞ്ഞു കൂടേ..?
ഇതില്‍ വലിയ പ്രശ്നമുള്ളത് എത്ര പള്ളികമ്മറ്റിക്കാര്‍ക്കും,മുസ്ലിയാര്‍ക്കും,ഉള്ളില്‍ തട്ടി ഇതിനെതെരെ പ്രതികരിക്കാന്‍ കഴിയും എന്നുള്ളതാണ്. കാരണം ഇവരൊക്കെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സ്ത്രീധനത്തെ പോത്സാഹിപ്പിച്ച് കൊണ്ടിരിക്കുന്നു.

പ്രചാരകന്‍ said...

>റഫിഖ്‌

ഞങ്ങളുടെ മഹല്ല് അത്തരം തീരുമാനം നടപ്പിലാക്കിയിട്ടുണ്ട്‌. പക്ഷെ ആ തീരുമാനം മറികടന്ന് പ്രമാണികള്‍ വിവാഹം നടത്തുന്ന് ഇടയ്ക്കെങ്കിലും. അതിനായി നിക്കാഹ്‌ എന്ന കര്‍മ്മം മുന്നെ നടത്തും ഇവര്‍..

ഇനി ഇങ്ങിനെ കമ്മിറ്റിനിയമം ലംഘിക്കുന്നവര്‍ക്കെതിരെ പള്ളിക്കമ്മിറ്റിക്ക്‌ എന്ത്‌ നടപടിയെടുക്കാന്‍ പറ്റും ? ജനാധിപത്യ രാജ്യത്ത്‌ നിയമങ്ങള്‍ മറി കടന്ന് ഒരു തീരുമാനമെടുക്കുക എന്നത്‌ ശരിയല്ല അതൊട്ട്‌ നടക്കുകയുമില്ല. പിന്നെ പലയിടത്തും നടക്കുന്ന ഊരു വിലക്കുകളുടെയും കോലാഹലങ്ങളുടെയും കഥകള്‍ അറിവുള്ളതാണല്ലോ .അ തിനോട്‌ പ്രചാരകനു യോജിപ്പില്ല.

തലയെണ്ണി ഭൂരിപക്ഷം കണക്കാക്കുന്ന (തലയില്‍ എന്താണെന്ന് നോട്ടമില്ല ) ജനാധിപത്യ പ്രകിയയുടെ ഒരു പതിപ്പായ പള്ളിക്കമിറ്റികളും അതിന്റെ പോരായ്മകളോടെയാണു നില കൊള്ളുന്നത്‌ . അവിടെ പണ്ഡിതരുടെ തീരുമാനങ്ങളല്ല. അവരെ ഭരിക്കുന്ന (പലപ്പോഴും നാട്ടുപ്രമാണിമാരായ പാമരന്മാരുടെ ) വരുടെ തീര്‍പ്പുകളാണു നടപ്പിലാവുന്നത്‌. എതിര്‍ത്താല്‍ പിറ്റെന്ന് പിരിച്ചു വിടും. അപ്പോള്‍ അധികപേരും നിശബ്ദരാവുന്നു. അനീതിക്കെതിരെ ശബ്ദിച്ചവര്‍ വീട്ടിലിരിക്കുന്നു.

പിന്നെ തന്റെ മകളെ വിവാഹം ചെയ്ത്‌ അയക്കുമ്പോള്‍ തന്റെ സാമ്പത്തിക തോതനുസരിച്ച്‌ മകള്‍ക്ക്‌ /മകളുടെ ഭര്‍ത്താവിനു എന്തും കൊടുക്കാം അതില്‍ തെറ്റുണ്ടെന്ന് പറയാന്‍ പറ്റില്ല. എന്നല്‍ ഇന്ന് കാണുന്ന പിടിച്ചു പറി ആ ഗണത്തില്‍ അല്ലാത്തതു കൊണ്ട്‌ തീര്‍ച്ചയായും ഒരു ധര്‍മ്മ സമരം അനിവാര്യമായിരിക്കുന്നു.

പുറമെയ്ക്ക്‌ സ്ത്രീധനത്തിനെതിരെ എന്ന് മുദ്രാവാക്യം മുഴക്കി ഉള്ളിലൂടെ പൊന്നും പണവും കൈപറ്റുന്ന സമരനായകര്‍ അല്ല വേണ്ടത്‌.

എസ്‌.എസ്‌. എഫ്‌ പ്രസ്ഥാനത്തിനു തീര്‍ച്ചയായും ഒരു വിപ്ലവം ഈ വിഷയത്തില്‍ നടത്താനാവുമെന്ന് തന്നെ പ്രചാരകന്‍ കരുതുന്നു.

താങ്കളുടെ അഭിപ്രായത്തിനു നന്ദി

അനില്‍@ബ്ലോഗ് said...

ഏട്ടിലെ പശു പുല്ലു തിന്നിരുന്നെങ്കില്‍ !!!