Wednesday, July 16, 2008

മലബാറിന്റെ വിദ്യഭ്യാസ പ്രശ്നങ്ങള്‍ സമരങ്ങള്‍ക്കപ്പുറത്തേക്ക്‌ ഒരുനോട്ടം

മലബാറിന്റെ വിദ്യഭ്യാസ പ്രശ്നങ്ങള്‍, സമരങ്ങള്‍ക്കപ്പുറത്തേക്ക്‌ ഒരുനോട്ടം
എ.പി.കുഞ്ഞാമു


വിദ്യാഭ്യാസരംഗത്ത്‌ മലബാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പിന്നാക്കാവസ്ഥക്കെതിരായി ജനവികാരം തിളച്ചുമറിയുകയാണ്‌. പിന്നാക്ക പ്രദേശമായ വടക്കന്‍ ജില്ലകളിലെ വിദ്യാഭ്യാസ പ്രതിസന്ധി പരിഹരിക്കാന്‍ സച്ചാര്‍കമ്മിററി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ മലബാര്‍ വിദ്യാഭ്യാസ സംരക്ഷണസമിതി രംഗത്തുവന്നിട്ടുണ്ട്‌. സമിതി മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍ ന്യായമാണെന്ന്‌ ഒററനോട്ടത്തില്‍ തന്നെ മനസ്സിലാവും. കേരളത്തില്‍ ഇക്കൊല്ലം 415744 വിദ്യാര്‍ത്ഥികളാണ്‌ എസ്‌എസ്‌എല്‍സി പരീക്ഷയില്‍ പ്ലസ്‌വണ്‍ പ്രവേശനത്തിന്‌ യോഗ്യത നേടി വിജയിച്ചത്‌. അതില്‍ 196473 പേര്‍ എട്ടുജില്ലകളടങ്ങുന്ന മലബാറില്‍ നിന്നുള്ളവരാണ്‌. എന്നാല്‍ ഒരുലക്ഷത്തിലധികം പ്ലസ്‌വണ്‍ സീററുകള്‍ മാത്രമേ മലബാറില്‍ ആകെക്കൂടിയുള്ളൂ. അതേസമയം തിരുവിതാംകൂര്‍ മേഖലയില്‍ രണ്ടരലക്ഷത്തിലേറെ പ്ലസ്‌വണ്‍ സീററുകളുണ്ട്‌. അതായത്‌ ജയിച്ച എല്ലാവിദ്യാര്‍ത്ഥികളെയും പ്രവേശിപ്പിച്ചാല്‍ തന്നെ അവിടെ പ്ലസ്‌വണ്‍ സീററുകള്‍ ഒഴിഞ്ഞുകിടക്കും. ഈ അസമത്വം ചൂണ്ടിക്കാണിച്ചുകൊണ്ട്‌ മലബാറിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നത്‌ ഒഴിവാക്കാനാണ്‌ മലബാറിലെ വിവിധ സംഘടനകള്‍ ചേര്‍ന്നു രൂപീകരിച്ച സമിതിയുടെ ശ്രമം. ഈ ശ്രമം തികച്ചും ന്യായവുമാണ്‌

എന്നാല്‍ ഒരു കൗതുകം ഈ ശ്രമത്തില്‍ പ്രകടമാണ്‌. മലബാര്‍ വിദ്യാഭ്യാസ സംരക്ഷണ സമിതിയില്‍ അണിനിരന്നിട്ടുള്ള സംഘടനകള്‍ മുഴുവനും മുസ്ലിംകളുടേതാണ്‌ എന്നത്‌. കൂടുതലും മുസ്ലിംലീഗിനോട്‌ അടുപ്പമുള്ള കൂട്ടര്‍. ഈ സമിതിയുടെ നേതൃത്വം ഏറെക്കുറെ മുസ്ലിംലീഗിനാണെന്ന്‌ അതിന്റെ ഘടന പരിശോധിക്കുമ്പോള്‍ വ്യക്തമാവുകയും ചെയ്യും. മൊത്തത്തില്‍ സംരക്ഷണസമിതിയ്ക്കും അതിന്റെ പ്രക്ഷോഭത്തിനും മുസ്ലിം സ്വഭാവമുണ്ട്‌. സച്ചാര്‍കമ്മിററി ശിപാര്‍ശകളെപ്പററി ഊന്നിപ്പറയുന്നതിലൂടെ ഈ സ്വഭാവം തെളിച്ചുപറയുകയും ചെയ്യുന്നുണ്ട്‌ സമിതി. മുസ്ലിംകള്‍ കൂടുതലുള്ള പ്രദേശമാണ്‌ മലബാര്‍ എന്നതിനാല്‍ പ്രസ്തുത പ്രദേശത്തിന്റെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥയുടെ ദോഷഫലങ്ങളനുഭവിക്കേണ്ടിവരുന്നവരില്‍ കൂടുതല്‍ പേരും മുസ്ലിംസമുദായത്തില്‍ നിന്നുള്ളവരായിരിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. തന്മൂലം മലബാറിന്റെ പിന്നാക്കാവസ്ഥയെ മുസ്ലിം പിന്നാക്കാവസ്ഥയില്‍ നിന്നു വേര്‍പെടുത്തിക്കൂടാ. അതായത്‌ മലബാറിന്റെ പിന്നാക്കാവസ്ഥ മുസ്ലിംവിഷയം തന്നെയാണ്‌. മുസ്ലിം സംഘടനകള്‍ ഈ വിഷയം ഉയര്‍ത്തിപ്പിടിച്ച്‌ മുന്നോട്ടുപോവുകയും വേണം.

മുസ്ലിം പ്രശ്നമല്ല, പൊതുവിഷയം

അതേ സമയം, മലബാറിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ 'മുസ്ലിം വിഷയ'മായി ചുരുങ്ങിപ്പോകുന്നതിന്റെ അനൗചിത്യം നാം കാണാതിരിക്കുകയും അരുത്‌; പ്ലസ്‌വണ്‍ സീററുകളുടെ ലഭ്യതക്കുറവടക്കമുള്ള നിരവധി പ്രശ്നങ്ങളുയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ മുസ്ലിം സംഘടനകള്‍ ഒററക്കൊററക്ക്‌ പ്രക്ഷോഭങ്ങള്‍ നടത്തുമ്പോള്‍ വിശേഷിച്ചും. ഇത്തരം പ്രക്ഷോഭങ്ങളില്‍ പലതും അക്രമങ്ങളില്‍ കലാശിച്ചിട്ടുണ്ട്‌. (ഉദാ. ക്യാംപസ്‌ ഫ്രണ്ടിന്റെ ഡിഡിഇ ആപ്പീസ്‌ ഉപരോധങ്ങള്‍). അതായത്‌ മലബാറിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ മുസ്ലിംവികാരങ്ങള്‍ക്ക്‌ ചൂട്ടുപിടിക്കുന്ന പ്രശ്നമായി പൊതുസമൂഹത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ള അവസ്ഥയില്‍ അതിനെ കൂടുതല്‍ 'സമുദായ കേന്ദ്രീകൃത'മാക്കാതിരിക്കുകയാണ്‌ വിവേകം. മറിച്ച്‌ പ്രശ്നത്തിന്റെ പൊതുസ്വഭാവം കൂടി കണക്കിലെടുത്തുകൊണ്ട്‌ രാഷ്ട്രീയപാര്‍ട്ടികളെയും ഇതരസമുദായത്തിലെ സാംസ്കാരിക രാഷ്ട്രീയ സംഘടനകളെയും പൊതുസമൂഹത്തെ മുഴുവന്‍ ഉള്‍പ്പെടുത്തി ഒരു ജനകീയ പ്രശ്നമായി അതിനെ ഉയര്‍ത്തിക്കൊണ്ടുവരികയാണ്‌ വേണ്ടത്‌. അതുണ്ടായിട്ടില്ല. എന്നാല്‍ ഇനിയും സമയമുണ്ട്‌. ഭാവിയില്‍ പ്രശ്നവുമായി മുന്നോട്ടു പോകുമ്പോള്‍ മുസ്ലിംവിഷയം എന്ന അവസ്ഥയില്‍ നിന്ന്‌ വിമുക്തമാക്കിയായിരിക്കണം നാം അതിനെ കാണേണ്ടത്‌. ഒരു ബഹുമതസമൂഹത്തില്‍ അത്തരം നീക്കങ്ങള്‍ മാത്രമേ വേണ്ടരീതിയില്‍ ഉപകാരപ്പെടുകയുള്ളൂ. എന്നുമാത്രമല്ല, മലബാറിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയുടെ ഇരകളില്‍ വലിയൊരു വിഭാഗം ആളുകള്‍ ദളിതുകള്‍, ആദിവാസികള്‍, ഭാഷാന്യൂനപക്ഷങ്ങള്‍, മററു പിന്നാക്ക സമുദായക്കാര്‍ തുടങ്ങിയവരാണു താനും. തീര്‍ച്ചയായും അവരുടെ പ്രാതിനിധ്യം പ്രക്ഷോഭത്തിനുണ്ടായേ തീരൂ. ഇപ്പോഴത്തെ അവസ്ഥയില്‍ മലബാര്‍ വിദ്യാഭ്യാസസംരക്ഷണ സമിതി, സംഘടനകളുടെ ഒരു കൂട്ടായ്മയാണ്‌. പരസ്പരബന്ധിതമായ സംഘടനകളാണ്‌ പലതും. ചിലതൊക്കെ ജനകീയാടിത്തറയില്ലാത്തവ. ഈ സംഘടനകള്‍ ചേര്‍ന്ന്‌ ഒരു സംഘടനാ പ്രശ്നമാക്കി മലബാറിന്റെ പിന്നാക്കാവസ്ഥയെ ചുരുക്കിക്കളഞ്ഞാല്‍ കാര്യങ്ങള്‍ എവിടെയുമെത്തുകയില്ല.മലബാറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആവശ്യമായ തോതില്‍ പ്ലസ്‌വണ്‍ സീററുകള്‍ അനുവദിക്കണമെന്നാണ്‌ മലബാര്‍ വിദ്യാഭ്യാസ സംരക്ഷണസമിതിയുടെ ആവശ്യം.

മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും സമിതി നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്‌. അനുഭാവപൂര്‍വ്വമായ സമീപനമാണ്‌ അവര്‍ പുലര്‍ത്തുന്നത്‌ എന്ന കാര്യത്തിലും സംശയമില്ല. എന്നാല്‍ പ്രശ്നം ഈ അനുഭാവം പ്രയോഗരംഗത്ത്‌ എങ്ങനെ സാധ്യമാക്കാം എന്നതാണ്‌. സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളിലാണ്‌ കൂടുതല്‍ സീററുകള്‍ അനുവദിക്കേണ്ടത്‌. കൂടുതല്‍ സീററുകള്‍ അനുവദിക്കുക എന്നുപറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം കൂടുതല്‍ ക്ലാസ്‌ മുറികള്‍, അഥവാ കൂടുതല്‍ കെട്ടിടങ്ങള്‍, കൂടുതല്‍ ലബോറട്ടറികള്‍, കൂടുതല്‍ ലൈബ്രറികള്‍, കൂടുതല്‍ അധ്യാപകര്‍ എന്നൊക്കെയാണര്‍ത്ഥം; ചുരുക്കത്തില്‍ കൂടുതല്‍ പണച്ചെലവ്‌ എന്നുപറയാം. മലബാറിലെ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ കൂടുതല്‍ സീററുകള്‍ അനുവദിക്കുക എന്നു പറഞ്ഞാല്‍ വിദ്യാഭ്യാസ രംഗത്ത്‌ സര്‍ക്കാര്‍ വന്‍തോതില്‍ പണം മുടക്കുക എന്നാണ്‌. പ്ലസ്‌വണ്‍ ക്ലാസുകളില്‍ പ്രവേശനം കൊതിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷവും സയന്‍സ്‌വിഷയങ്ങള്‍ പഠിക്കാനാഗ്രഹിക്കുന്നവരായിരിക്കും. പുതുതായി സയന്‍സ്‌ വിഷയങ്ങളില്‍ പ്ലസ്‌വണ്‍ കോഴ്സുകള്‍ അനുവദിക്കണമെങ്കില്‍ ലബോറട്ടികള്‍ക്കും മററുംവന്‍തുക മുടക്കേണ്ടിവരും. കൂടുതല്‍ അധ്യാപകരെ നിയോഗിക്കേണ്ടിവരും. അതായത്‌ വിദ്യാഭ്യാസരംഗത്ത്‌ സര്‍ക്കാര്‍ വന്‍മൂലധനനിക്ഷേപം നടത്തേണ്ടിവരും. ഇത്രയും പണം മുടക്കുവാന്‍ സര്‍ക്കാറിനു ശേഷിയുണേ്ടാ എന്നതാണ്‌ പ്രധാന പ്രശ്നം.ഈ നിലയില്‍ എയ്ഡഡ്സ്കൂളുകളില്‍ പ്ലസ്‌വണ്‍ കൂടുതല്‍ കോഴ്സുകള്‍ ആരംഭിക്കുകമാത്രമാണ്‌ ബദല്‍മാര്‍ഗം. പല എയ്ഡഡ്‌ സ്കൂളുകളും കെട്ടിടങ്ങളുടെയും, ലബോറട്ടറികളുടെയും കാര്യത്തില്‍ സര്‍ക്കാര്‍ സ്കൂളുകളെക്കാളും മോശമായ അവസ്ഥയിലാണ്‌. പുതിയ അധ്യാപകരെ നിയമിച്ച്‌ അതുവഴി കാശുണ്ടാക്കി കെട്ടിടങ്ങള്‍ പണിയുന്ന; സ്വകാര്യമാനേജ്മെന്റുകളും അത്തരം കാര്യങ്ങളില്‍ വേണ്ടപോലെ തല്‍പരരല്ല. അതിന്ന്‌ അവര്‍ക്ക്‌ അവരുടേതായ കാരണങ്ങളുണ്ട്‌. അതിനാല്‍ വന്‍തുക മുടക്കി പുതിയ ബാച്ചുകള്‍ തുടങ്ങാനും മററും സ്വകാര്യമാനേജ്മെന്റുകള്‍ ഇപ്പോള്‍ ചാടിപ്പുറപ്പെടുമെന്ന്‌ തോന്നുന്നില്ല. പുതിയ കോഴ്സുകള്‍ക്ക്‌ വേണ്ടി മൂലധനനിക്ഷേപം നടത്താന്‍ മാനേജ്മെന്റുകള്‍ താല്‍പര്യം കാണിക്കാത്ത അവസ്ഥയില്‍, സീററുകള്‍ വര്‍ദ്ധിപ്പിക്കുകയും പുതിയ കോഴ്സുകള്‍ തുടങ്ങുകയും ചെയ്യുകയെന്ന ബാധ്യത സര്‍ക്കാറിന്റെ തലയില്‍ വന്നുവീഴുകയാവും ഉണ്ടാവുക. സര്‍ക്കാര്‍ ഇതെങ്ങനെ കൈകാര്യം ചെയ്യുമെന്നത്‌ വലിയൊരു പ്രശ്നമാണ്‌. സ്വാഭാവികമായും കൂടുതല്‍ പണച്ചെലവുള്ള സയന്‍സ്‌ ഗ്രൂപ്പുകള്‍ ആരംഭിക്കുന്നതിനു പകരം മാനവികവിഷയങ്ങളില്‍ പുതിയ കോഴ്സുകള്‍ ഏര്‍പ്പെടുത്തിയും സീററുകള്‍ വര്‍ദ്ധിപ്പിച്ചും തടിയൂരാനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുക. യഥാര്‍ത്ഥത്തില്‍ ഇത്‌ മലബാറിന്റെ ആവശ്യങ്ങളോട്‌ നീതി പുലര്‍ത്തലാവുകയില്ല.

അടിസ്ഥാനവിദ്യാഭ്യാസത്തിന്റെ പ്രശ്നങ്ങള്‍

മലബാറിലെ പ്രൈമറി, സെക്കന്‍ഡറി വിദ്യാലയങ്ങള്‍ പല അസൗകര്യങ്ങളും നിറഞ്ഞു നില്‍ക്കുന്നവയാണ്‌. മിക്ക സ്കൂളുകള്‍ക്കും ആവശ്യമായ സ്ഥലസൗകര്യമോ സുരക്ഷിതമായ കെട്ടിടങ്ങളോ ഇല്ല. ഈ വിദ്യാലയങ്ങളോടനുബന്ധിച്ചാണ്‌ ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളും പ്രവര്‍ത്തിക്കുന്നത്‌. ഉന്നതനിലവാരം പുലര്‍ത്തുന്ന തരത്തില്‍ ഹയര്‍സെക്കന്‍ഡറി കോഴ്സുകള്‍ സംവിധാനം ചെയ്യണമെങ്കില്‍, ഈ അടിസ്ഥാനഘടനയില്‍ കാര്യമായ പൊളിച്ചെഴുത്തു നടത്തേണ്ടിവരും. മിക്കമാനേജ്മെന്റുകളും ഇന്ന്‌ അതിന്നാവശ്യമായ മാനസികാവസ്ഥയിലല്ല. അതിന്നു പ്രധാനകാരണം എയ്ഡഡ്‌ വിദ്യാഭ്യാസരംഗത്തു നിലനില്‍ക്കുന്ന ഭയാശങ്കകളാണ്‌. സ്വകാര്യവിദ്യാഭ്യാസമാനേജ്മെന്റുകള്‍ എന്ന പാണ്ടന്‍ നായക്ക്‌ ഇപ്പോള്‍ പഴയ ശൗര്യമില്ലല്ലോ. പല്ലും നഖവും അനുദിനം കൊഴിഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ്‌ സ്വകാര്യ മാനേജ്മെന്റുകള്‍. അതിനുകാരണം മലയാളം മീഡിയത്തില്‍, പ്രാദേശികപേരുകളോടെ പ്രവര്‍ത്തിക്കുന്ന 'പഴഞ്ചന്‍' പ്രൈമറി സ്കൂളുകളെ തള്ളിമാററി ആധുനിക ഹൈടെക്‌ പബ്ലിക്സ്കൂളുകള്‍ സ്ഥാനംപിടിക്കുന്നതാണ്‌. ഇത്തരം പബ്ലിക്‌ (യഥാര്‍ത്ഥത്തില്‍ ഇത്‌ തികച്ചും പ്രൈവററാണ്‌). സ്കൂളുകളില്‍ കുട്ടികളെ പറഞ്ഞയച്ചു പഠിപ്പിക്കാനാണ്‌ രക്ഷിതാക്കള്‍ക്കും കമ്പം.

ഈ സാഹചര്യത്തില്‍ ഊര്‍ദ്ധ്വശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന പ്രൈമറി സ്കൂളുകള്‍ കൊണ്ടുനടക്കുന്ന സ്വകാര്യമാനേജ്മെന്റുകള്‍ക്ക്‌ ഈ രംഗത്ത്‌ ഇനിയും മുതല്‍മുടക്കാന്‍ താല്‍പര്യമുണ്ടാവുകയില്ല. ഇപ്പോള്‍ തന്നെ പലപ്രൈമറി സ്കൂളുകളിലും കുട്ടികളെ കിട്ടാനില്ല. പല ഇന്‍സെന്റീവുകളും കൊടുത്ത്‌ കടുത്ത മത്സരങ്ങളിലേര്‍പ്പെട്ടാണ്‌, ഇപ്പോഴവര്‍ പ്രൈമറി സ്കൂളുകള്‍ പിടിച്ചുനില്‍ക്കുന്നത്‌. അണ്‍എയ്ഡഡ്‌ വിദ്യാലയങ്ങളുടെ തള്ളിക്കയററത്തില്‍ ഈ സ്കൂളുകള്‍ക്ക്‌ എത്രകാലം പിടിച്ചുനില്‍ക്കാനാവും? അതിനാല്‍ ക്ഷയിച്ചു കൊണ്ടിരിക്കുന്ന ബിസിനസ്സാണ്‌ എയ്ഡഡ്‌ മേഖലയിലെ സ്വകാര്യവിദ്യാഭ്യാസം. അതുകൊണ്ടാണ്‌ കൂടുതല്‍ സീററുകളും കോഴ്സുകളും അനുവദിച്ചുകിട്ടണമെന്ന കാര്യമായ താല്‍പര്യം സ്വകാര്യമാനേജ്മെന്റുകള്‍ക്ക്‌ കാര്യമായി ഇല്ലാത്തത്‌. ഈ നിലയില്‍ ഹ്യൂമാനിററീസ്‌ വിഷയങ്ങളില്‍ കൂടുതല്‍ സീററുകള്‍ അനുവദിക്കപ്പെടുക എന്ന മുട്ടുശാന്തിവഴി പ്രശ്നം പരിഹരിച്ചുവെന്ന്‌ വരുത്തിത്തീര്‍ക്കുകയാവും ഗവണ്‍മെന്റ്‌ ചെയ്യുക. മലബാറിലെ വിദ്യാഭ്യാസ രംഗത്തുള്ള പിന്നാക്കാവസ്ഥക്ക്‌ ഇത്‌ പരിഹാര മാര്‍ഗമാവുകയില്ലല്ലോ.

കാര്യങ്ങള്‍, കാരണങ്ങള്‍

‍ഇതേക്കുറിച്ച്‌ ചര്‍ച്ചചെയ്യുമ്പോള്‍ ഇങ്ങനെയൊരു പ്രതിസന്ധിയില്‍ മലബാര്‍ മേഖലയിലെ വിദ്യാഭ്യാസം എത്തിച്ചേരാനിടയായ കാരണങ്ങളെക്കുറിച്ചു കൂടി ആലോചിക്കേണ്ടതുണ്ട്‌. മലബാറിലെ മുസ്ലിംവിദ്യാഭ്യാസ പിന്നാക്കാവസ്ഥയെപ്പററി വേവലാതിപ്പെടുന്നവരുടെ കൂട്ടത്തില്‍ മുസ്ലിം മുഖ്യധാര ഒന്നടങ്കമുണ്ട്‌. ഈ മുഖ്യധാരക്ക്‌ സ്വാധീനമുള്ള ഭരണമാണ്‌ ഇതേവരെ പലപ്പോഴും സംസ്ഥാനത്തിലുണ്ടായത്‌. അല്ലാത്ത സന്ദര്‍ഭങ്ങളിലും മുസ്ലിംസാമുദായികശക്തിയെ അവഗണിക്കാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു ഭരണകൂടങ്ങള്‍. എന്നിട്ടും എന്തുകൊണ്ട്‌ മുസ്ലിംകള്‍ക്ക്‌ വേണ്ടത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളും മെച്ചപ്പെട്ട വിദ്യാഭ്യാസസൗകര്യങ്ങളും ഉണ്ടായില്ല എന്നതൊരു ആലോചനാ വിഷയം തന്നെയാണ്‌. ശരിയായ ഉള്‍ക്കാഴ്ചയോടെ മുസ്ലിംകളുടെ വിദ്യാഭ്യാസപ്രശ്നങ്ങളെ സമീപിക്കാന്‍ മുസ്ലിം രാഷ്ട്രീയത്തിനും സാമുദായിക സംഘടനകള്‍ക്കും കഴിഞ്ഞില്ല എന്നതാണ്‌ സത്യം. എന്നുമാത്രമല്ല സങ്കുചിതമായ രാഷ്ട്രീയ കാഴ്ചപ്പാടുകളുടെ പേരില്‍ പലപ്പോഴും മുസ്ലിംകള്‍ക്ക്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചുകിട്ടുന്നതിന്നെതിരായ നീക്കങ്ങള്‍ മുസ്ലിംകള്‍ക്കിടയില്‍ നിന്നുതന്നെ യുണ്ടാവുകയും ചെയ്തു. ഇക്കാര്യത്തില്‍ ഒന്നാംപ്രതി മുസ്ലിം മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനമായ മുസ്ലിംലീഗു തന്നെയാണ്‌.

ഇന്ന്‌ വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്കെതിരായി സമരം ചെയ്യുന്നതില്‍ പ്രകടിപ്പിക്കുന്ന ഉഷാര്‍ മുമ്പേതന്നെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചെലവഴിച്ചിരുന്നുവെങ്കില്‍ മറെറാന്നാകുമായേനെ ചിത്രം; ദീര്‍ഘകാലം മുസ്ലിംകള്‍, വിദ്യാഭ്യാസ വകുപ്പ്‌ ഭരിച്ചു, ഇന്ന്‌ മുസ്ലിംകള്‍ വിദ്യാഭ്യാസ രംഗത്തു കൈവരിച്ചു കൊണ്ടിരിക്കുന്ന പുരോഗതിയില്‍ ഈ ഭരണത്തിന്‌ എത്രത്തോളം പങ്കുണ്ട്‌ എന്നത്‌ പഠനവിധേയമാക്കേണ്ടതാണ്‌.ഇന്ന്‌ മുസ്ലിംകള്‍ക്കിടയില്‍ വലിയൊരു വിദ്യാഭ്യാസ വിപ്ലവം തന്നെ നടക്കുന്നുണ്ട്‌. ഇത്തരം വിപ്ലവങ്ങള്‍ക്ക്‌ പല കാരണങ്ങളുമുണ്ടാവും. സര്‍ക്കാര്‍ പിന്തുണ അവയിലൊന്നാണ്‌. പ്രധാനമായും അടിസ്ഥാന വിദ്യാഭ്യാസ രംഗത്താണ്‌ ഈ പിന്തുണക്ക്‌ കൂടുതല്‍ പ്രസക്തമായ പങ്ക്‌ വഹിക്കാനാവുക. കേരളത്തിലെ മുസ്ലിം വിദ്യാഭ്യാസരംഗത്ത്‌ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുന്നില്ല. ഉന്നത വിദ്യാഭ്യാസ രംഗത്തെ മുന്നേററങ്ങള്‍ക്ക്‌ 'ഗവണ്‍മെന്റിന്റെ പിന്തുണയെക്കാള്‍ പ്രബലമായ കാരണങ്ങള്‍ പലതുമുണ്ട്‌. സമുദായം സമാര്‍ജ്ജിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക മുന്നേററമടക്കം പലതും വിദ്യാഭ്യാസത്തെപ്പററിയും അതുവഴി സാധ്യമാക്കാന്‍ വന്ന സാമൂഹ്യ മാററങ്ങളെക്കുറിച്ചുള്ള അവബോധമാണ്‌ വളരെ പ്രധാനം. എന്നാല്‍ അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ മണ്ഡലത്തില്‍ ഈ അവബോധം വേണ്ടരീതിയില്‍ ഫലപ്രദമാണെന്നു പറഞ്ഞുകൂടാ. പ്ലസ്‌വണ്‍ സീററുകളെക്കുറിച്ചുള്ള വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ വേവലാതികള്‍ തീര്‍ത്തും ന്യായമാണ്‌. എന്നാല്‍ ഇതേ അളവില്‍ അടിസ്ഥാന വിദ്യാഭ്യാസരംഗത്ത്‌ ഗുണനിലവാരം പുലര്‍ത്തണമെന്ന നിഷ്കര്‍ഷ മുസ്ലിം വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കോ സമുദായ സംഘടനകള്‍ക്കോ മുസ്ലിം മുഖ്യധാരാ രാഷ്ട്രീയത്തിനോ ഉണെ്ടന്ന്‌ തോന്നുന്നില്ല. സ്ഥാപനങ്ങളില്‍ മര്‍മ്മമൂന്നുന്ന ഒരുതരം വിദ്യാഭ്യാസ സങ്കല്‍പമാണ്‌ മിക്ക ആളുകള്‍ക്കുള്ളത്‌. സ്വാശ്രയവിദ്യാഭ്യാസം വ്യാപകമായതോടെ ഊന്നല്‍ എയ്ഡഡ്‌ സ്ഥാപനങ്ങളിലായി. അതേ സമയം വിദ്യാഭ്യാസപരമായി പിന്നാക്കമായ പലമേഖലകളും അവഗണിക്കപ്പെടുകയുമാണ്‌.

വിദ്യാഭ്യാസ സംരക്ഷണസമിതി ഒരു പ്രക്ഷോഭ സംവിധാനമെന്ന നിലയില്‍ സര്‍ക്കാറില്‍ നിന്ന്‌ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പരിശ്രമിക്കുന്നത്‌ നല്ലതു തന്നെ. അതോടൊപ്പം മലബാറിന്റെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‌ ക്രിയാത്മകമായി എന്തുചെയ്യണം എന്നതിനെക്കുറിച്ച്‌ അവര്‍ക്ക്‌ കൃത്യമായ ദിശാബോധമുണ്ടാവണം.മലബാര്‍ മേഖലയില്‍ വിദ്യാഭ്യാസ രംഗത്ത്‌ ഏററവും പിന്നാക്കാവസ്ഥയില്‍ കഴിയുന്നത്‌ തീരദേശങ്ങളും, ആദിവാസികളും ദളിതരും താമസിക്കുന്ന മലമ്പ്രദേശങ്ങളുമാണ്‌. ഈ പ്രദേശങ്ങളില്‍ സ്വകാര്യസ്ഥാപനങ്ങള്‍ താരതമ്യേന കുറവാണ്‌. സര്‍ക്കാര്‍സ്കൂളുകളില്‍ സീററുകള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടും പുതിയ കോഴ്സുകള്‍ ഏര്‍പ്പെടുത്തിക്കൊണ്ടും പഠനനിലവാരം മെച്ചപ്പെടുത്തിക്കൊണ്ടും മററുമാവണം ഈ പ്രദേശങ്ങളുടെ വിദ്യാഭ്യാസപുരോഗതി ഉറപ്പിക്കുവാന്‍. മലബാര്‍ വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കേവല രാഷ്ട്രീയസമരങ്ങളില്‍ മാത്രം ഒതുങ്ങിയാല്‍ ഇത്തരം മേഖലകള്‍ അവഗണിക്കപ്പെടുന്നു എന്ന ദുരവസ്ഥ വേണ്ടതുപോലെ തടയാനാവുകയില്ല. പ്രശ്നത്തിന്റെ മര്‍മം മനസ്സിലാക്കി പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തരം പല മണ്ഡലങ്ങളിലേക്കും കടന്നുചെല്ലേണ്ടിവരും. അതിന്നുള്ള ഊര്‍ജ്ജമുണേ്ടാ മലബാര്‍ വിദ്യാഭ്യാസ സംരക്ഷണ സമിതിക്ക്‌?
to access artilce from site

ഇവിടെ
http://www.risalaonline.com/

4 comments:

റഫീക്ക് കിഴാറ്റൂര്‍ said...

ബാക്കി വായിക്കാന്‍ കഴിയുന്നില്ല സുഹൃത്തെ.

പ്രചാരകന്‍ said...

You mean the link is not working or any problem with fonts ?

പ്രചാരകന്‍ said...

മുഴുവന്‍ ലേഖനം ഇപ്പോള്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്‌.. വായിക്കുക

റഫീക്ക് കിഴാറ്റൂര്‍ said...

നന്ദി,