Sunday, February 15, 2009

ശ്രീരാമസേന മാത്രമാണോ താലിബാന്‍?

ഫാത്വിമ നഈമ കെ. എ
www.risalaonline.com
original here

മംഗലാപുരത്തെ അംനേഷ്യ എന്നുപേരുള്ള പബ്ബിലെത്തിയ പെണ്‍കുട്ടികളെ ശ്രീരാമസേനയില്‍പെട്ട ആളുകള്‍ ചേര്‍ന്ന്‌ ആക്രമിച്ച സംഭവം ഏറെ ഒച്ചപ്പാടുണ്ടാക്കി. ദേശീയമാധ്യമങ്ങളടക്കം നമ്മുടെ പത്രമാധ്യമങ്ങളും ടെലിവിഷന്‍ ചാനലുകളും പ്രസ്‌തുത സംഭവത്തെ `ഒരാഘോഷമാക്കി'മാറ്റി എന്നു പറയുന്നതാകും ശരി. ദക്ഷിണേന്ത്യയില്‍ എന്തു സംഭവിച്ചാലും അങ്ങനെയൊന്ന്‌ നടന്നിട്ടേയില്ലെന്ന ഭാവത്തില്‍ പുറത്തിറങ്ങുന്ന ഉത്തരേന്ത്യന്‍ പത്രമാധ്യമങ്ങളും പബ്ബിലെ കയ്യേറ്റത്തില്‍ വേണ്ടുംവിധം ഇടപെട്ടു. ദ്രാവിഡരോട്‌ പുച്ഛമുള്ള ഹിന്ദുസ്ഥാന്‍ ടൈംസിനെപ്പോലുള്ള മാധ്യമങ്ങളെ മംഗലാപുരത്തെ അനിഷ്‌ടസംഭവം തെല്ലൊന്നുമല്ല വേദനിപ്പിച്ചത്‌. ജനുവരി 26 ഒന്നാം പേജിലെ രണ്ടാമത്തെ മുഖ്യവാര്‍ത്തയായിരുന്നു ഹിന്ദുസ്ഥാന്‍ടൈംസിന്‌ മംഗലാപുരം സംഭവം. പുറമെ ദേശീയം പേജില്‍ മറ്റൊരു വാര്‍ത്തയും എഡിറ്റോറിയലും എഴുതി അവര്‍ തങ്ങളുടെ രോഷം രാഷ്‌ട്രത്തോട്‌ പങ്കുവച്ചു. കേരളത്തിലും സ്ഥിതി വ്യത്യസ്‌തമായിരുന്നില്ല. വാര്‍ത്താ ചാനലുകളും രാഷ്‌ട്രീയ- സാംസ്‌കാരിക വിമര്‍ശകരും ഇടത്‌ വലത്‌ രാഷ്‌ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും ഒരു രാത്രി ഉറക്കമൊഴിച്ചാണ്‌ മംഗലാപുരത്ത്‌ പെണ്‍കുട്ടികള്‍ അക്രമിക്കപ്പെട്ടതിനെക്കുറിച്ച്‌ ചര്‍ച്ചചെയ്‌തത്‌. മലയാളിയുടെ സായാഹ്ന വാര്‍ത്തകളില്‍ ശ്രീരാമസേനയുടെ തല്ലുകൊണ്ട്‌ പുറത്തിറങ്ങിയോടുന്ന പെണ്‍കുട്ടികള്‍ നിറഞ്ഞുനിന്നു.തീര്‍ച്ചയായും മാധ്യമങ്ങളില്‍ വാര്‍ത്തയാകേണ്ട ഒരു സംഭവം തന്നെയായിരുന്നു മംഗലാപുരത്തെ `അംനേഷ്യ'യില്‍ നടന്നത്‌. സാമൂഹികമായും സാംസ്‌കാരിക-രാഷ്‌ട്രീയ പരിസരങ്ങളില്‍ നിന്നും ഇത്തരം സംഭവങ്ങള്‍ വിലയിരുത്തപ്പെടുകയും ചെയ്യേണ്ടതുണ്ട്‌. പക്ഷേ, മംഗലാപുരം സംഭവവും അതുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിശകലനങ്ങളും സംസ്‌കാരം, രാഷ്‌ട്രീയം, മാധ്യമപ്രവര്‍ത്തനം തുടങ്ങിയവയെക്കുറിച്ച്‌ ആശങ്കാജനകമായ ചില ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്‌. അത്തരം ചോദ്യങ്ങളെ ഒരു മുസ്‌ലിംസ്‌ത്രീ എന്ന നിലയില്‍ വിലയിരുത്താനാണ്‌ ഞാന്‍ ശ്രമിക്കുന്നത്‌.`ആണ്‍കുട്ടികള്‍' മാത്രം പോകാനനുവദിക്കപ്പെട്ട പബ്ബില്‍ `പെണ്‍കുട്ടികള്‍' പോയതിന്റെ നൈതികതയോ, പബ്ബുകളുടെ നേരും നെറികേടുമോ എന്റെ വിഷയമല്ല. അതിന്റെ മതപരവും ധാര്‍മികവും, സാംസ്‌കാരികവുമായ ശരിതെറ്റുകള്‍ പലര്‍ക്കും പലതായിരിക്കാം. അതുകൊണ്ടു തന്നെ അത്തരം ചര്‍ച്ചകളില്‍ ഒരു പൊതുധാരണയില്‍ എത്തിച്ചേരലോ, തീര്‍പ്പ്‌കല്‍പിക്കലോ തീര്‍ത്തും അപ്രായോഗികമാണ്‌. പക്ഷേ, എന്നെ കുഴക്കുന്ന ചോദ്യം ചോദിച്ചത്‌ ഇന്ത്യയിലെ വനിതാമാധ്യമപ്രവര്‍ത്തകരില്‍ പ്രമുഖയും ഇപ്പോള്‍ ജന്മഭൂമി പത്രാധിപയുമായ ലീലാമേനോനാണ്‌. അമൃതാ ടിവിയുടെ വാര്‍ത്താ വിശകലനത്തില്‍ പങ്കെടുത്തുകൊണ്ട്‌, മംഗലാപുരം സംഭവങ്ങളുടെ പശ്ചാതലത്തില്‍ സ്‌ത്രീ സ്വാതന്ത്ര്യം, സമത്വം, ഇന്ത്യന്‍സംസ്‌കാരം എന്നിവയെക്കുറിച്ചും ലീലാമേനോന്‍ സംസാരിച്ചു. `ആണ്‍കുട്ടികള്‍' പോകുന്ന (പോകേണ്ട) ഇടത്തേക്ക്‌ പെണ്‍കുട്ടികള്‍ പോയതിനെക്കുറിച്ചും ഇത്തരം അശ്ലീലങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നതിനെക്കുറിച്ചും ലീലാമേനോന്‍ തുറന്നടിച്ചു. `പെണ്‍കുട്ടികള്‍' പോയില്ലായിരുന്നെങ്കില്‍ സുഖമായി നടന്നുപോകുമായിരുന്ന ഒരു പബ്ബ്‌ മാത്രമായിരുന്നു ലീലാമേനോന്‌ അംനേഷ്യ. അതുകൊണ്ടു തന്നെ `ഇന്ത്യന്‍ സംസ്‌കാര'ത്തിന്‌ മുറിവേല്‍പിച്ചതും പബ്ബില്‍ പോയ പെണ്‍കുട്ടികളാണ്‌. `ആണ്‍കുട്ടികള്‍' മാത്രം പോയിരുന്നെങ്കില്‍ തല ഉയര്‍ത്തി നില്‍ക്കാനായില്ലെങ്കിലും നാണം കെടാതിരിക്കുകയെങ്കിലും ചെയ്യുമായിരുന്നു നമ്മുടെ പവിത്രമായ ആര്‍ഷഭാരത സംസ്‌കാരം!നമ്മുടെ സ്‌ത്രീപക്ഷസംവാദങ്ങളുടെ പരിമിതി വ്യക്തമാക്കുന്നതായിരുന്നു, എന്നെ സംബന്ധിച്ചിടത്തോളം ലീലാമേനോന്റെ പ്രതികരണം. ഉമ്മമാരില്‍നിന്ന്‌ സങ്കടഹരജി പിടിച്ചുവാങ്ങി (നേരിട്ട്‌ ഹരജി കൊടുക്കാന്‍മാത്രം തിരിവും വകതിരിവും ഉമ്മമാര്‍ക്കില്ലല്ലോ) മുസ്‌ലിം സ്‌ത്രീയെ മലയാളി മുഖ്യധാരയില്‍ പ്രതിനിധീകരിക്കുന്ന കാരശ്ശേരി പുരുഷന്റെയും മറ്റും പ്രതികരണമില്ലായ്‌മയും എന്നെ ആശങ്കാകുലയാക്കി.സ്‌ത്രീ കാരണം അപമാനിക്കപ്പെടുന്ന സംസ്‌കാരം എന്താണ്‌? സംസ്‌കാരത്തിന്റെ രക്ഷാകര്‍തൃത്വം സ്‌ത്രീയുടെ മാത്രം ചുമതലയായി മാറുന്നതെന്തുകൊണ്ട്‌? സംസ്‌കാരത്തിന്റെ താക്കോല്‍ സ്‌ത്രീയെ ഏല്‍പിച്ച്‌ അംനേഷ്യയിലേക്ക്‌ പോയ ആണ്‍ശരീരങ്ങള്‍ ആര്‍ഷഭാരതത്തിന്റെ ഭാഗമാണെന്നാണോ നാം വിശ്വസിക്കേണ്ടത്‌? ആണുങ്ങള്‍ മദ്യപിക്കുന്നത്‌ വിലക്കുന്നത്‌ തന്റെ `സാംസ്‌കാരിക' വളര്‍ച്ചയില്ലായ്‌മയെ കാണിക്കുമെന്നതിനാലാണോ പബ്ബില്‍ പുരുഷന്മാരോടൊപ്പം ആടിത്തിമര്‍ക്കലല്ല സ്‌ത്രീ സമത്വം എന്ന്‌ മേനോനെക്കൊണ്ട്‌ പറയിപ്പിച്ചത്‌? പബ്ബില്‍ പോകാന്‍ പാടില്ലാത്തവളാണ്‌ പെണ്ണെങ്കില്‍ പുരുഷന്‍ മാത്രം പോയി ശീലിച്ച പള്ളിയില്‍ അവളെ കയറ്റാന്‍ എന്തിനാണിത്ര ശൗര്യമെടുക്കുന്നത്‌? സ്‌ത്രീകള്‍ക്ക്‌ പോകാന്‍ പറ്റുന്ന/പറ്റാത്ത ഇടങ്ങളെ നമ്മുടെ സ്‌ത്രീവാദികള്‍ വിഭജിക്കുന്നതിന്റെ മാനദണ്ഡങ്ങളെന്തൊക്കെയാണ്‌? സ്‌ത്രീ പോകാന്‍പറ്റാത്ത ഇടങ്ങളെക്കുറിച്ച്‌ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറയുന്നത്‌ സ്‌ത്രീവിരുദ്ധവും ലീലാമേനോന്‍ പറയുന്നത്‌ പുരോഗമനപരവുമാകുന്നതിന്റെ യുക്തി ഏത്‌ സ്‌ത്രീപക്ഷചിന്താപദ്ധതികൊണ്ടാണ്‌ ന്യായീകരിക്കുന്നത്‌?

ഈ ലേഖനത്തിന്റെ വിഷയമതല്ലെങ്കിലും മേല്‍ പ്രസ്‌താവിച്ച ചോദ്യങ്ങളുടെ പശ്ചാത്തലത്തില്‍ എന്റെയൊരു അനുഭവം പങ്കുവയ്‌ക്കാം.സ്‌ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച്‌ ഒരു സാംസ്‌കാരിക സംഘടന സംഘടിപ്പിച്ച ചര്‍ച്ചാ വേദിയില്‍ പങ്കെടുക്കാന്‍ ഈ ലേഖികക്ക്‌ അവസരമുണ്ടായി. കേരളത്തിലെ വിവിധ `പുരോഗമന' മുസ്‌ലിം സ്‌ത്രീസംഘടനകളുടെ പ്രതിനിധികള്‍ ചര്‍ച്ചക്കെത്തിയിരുന്നു. ഞങ്ങള്‍ പന്ത്രണ്ട്‌ സ്‌ത്രീകളും മുപ്പതിലധികം പുരുഷന്മാരുമുണ്ട്‌ സദസ്സില്‍. സ്‌ത്രീകള്‍ക്ക്‌ യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്ന്‌ പറഞ്ഞായിരുന്നു മുജാഹിദ്‌ വനിതാനേതാവ്‌ തന്റെ സംസാരമാരംഭിച്ചത്‌. സ്‌ത്രീ പ്രശ്‌നങ്ങള്‍ സ്‌ത്രീകളെക്കാളേറെ താല്‍പര്യത്തിലും ആവേശത്തിലും മനസ്സിലാക്കുന്ന പുരുഷന്മാരെ അഭിനന്ദിക്കാനാണ്‌ മറ്റൊരു മുസ്‌ലിം സ്‌ത്രീവിമോചക സമയം കണ്ടെത്തിയത്‌. ചര്‍ച്ച ചൂടു പിടിച്ചുകൊണ്ടിരിക്കെ, സദസ്സിലുണ്ടായിരുന്ന ഒരു പുരുഷന്‍ ബഹുഭാര്യത്വത്തെക്കുറിച്ച്‌ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളെ പരാമര്‍ശിച്ചു. `കാന്തപുരത്തിന്റെ അഭിപ്രായ പ്രകടനങ്ങള്‍ ശരിയോ തെറ്റോ എന്തുമാകട്ടെ' എന്നായിരുന്നു അയാള്‍ സംസാരിച്ചുതുടങ്ങിയത്‌. അതോടെ സ്‌ത്രീകള്‍ യാതൊരു പ്രശ്‌നവും അനുഭവിക്കുന്നില്ലെന്ന്‌ കണ്ടെത്തിയ പുരോഗമന സ്‌ത്രീ ഇടപ്പെട്ടു. കാന്തപുരം പറഞ്ഞത്‌ തെറ്റാണെന്ന്‌ പറയണമെന്ന്‌ വാശിപിടിച്ചു. `ശരിയാണോ തെറ്റാണോ എന്നെനിക്കറിയില്ലെന്നും, കാന്തപുരത്തിന്റെ അഭിപ്രായം തെറ്റാണെന്ന്‌ വിശ്വസിക്കുന്ന ഒരു സമൂഹം ഉള്ളതുപോലെ അത്‌ ശരിയാണെന്ന്‌ വിശ്വസിക്കുന്ന സമൂഹവുമുണ്ടെന്നും, അതുകൊണ്ടു തന്നെ തെറ്റ്‌ തീര്‍ച്ചപ്പെടുത്തുന്നതിനെക്കാള്‍ നല്ലത്‌ ശരി/തെറ്റ്‌ എന്ന നിലപാടാണ്‌ എന്നും ചെറുപ്പക്കാരന്‍ പറഞ്ഞു നോക്കി. അക്കാദിമക്കായി സത്യസന്ധമായൊരു നിലപാടാണ്‌ ആ ചെറുപ്പക്കാരന്റേതെന്ന്‌ എനിക്കും തോന്നി. പക്ഷേ, കാന്തപുരം പറഞ്ഞതിനെ തള്ളിപ്പറയണമെന്ന വാശിയിലായിരുന്നു `പുരോഗമന സ്‌ത്രീ വിമോചകര്‍'. ഇവര്‍ മുന്നോട്ടു വയ്‌ക്കുന്ന സ്‌ത്രീ വിമോചനത്തിന്റെ സ്വപ്‌നങ്ങള്‍ എത്രമാത്രം ഇടുങ്ങിയതാണെന്ന്‌ ബോധ്യപ്പെടുത്തുന്നതായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം പ്രസ്‌തുത സംഭവം. സ്‌ത്രീകള്‍ക്ക്‌ യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്ന്‌ കണ്ടെത്തിയവരാണ്‌ ഈ വാശിപിടിച്ചിരുന്നതെന്നോര്‍ക്കണം. സ്‌ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി വ്രതമെടുക്കുന്ന ഈ വിമോചകരെക്കാള്‍ മികച്ച സ്‌ത്രീ പക്ഷ ചിന്തകനാണ്‌, സ്‌ത്രീകള്‍ക്ക്‌ പ്രശ്‌നങ്ങളുണ്ട്‌ എന്ന്‌ (അതെന്തൊക്കെയാണ്‌ എന്ന കാര്യത്തില്‍ വിയോജിക്കാം, എങ്കില്‍ പോലും) സമ്മതിക്കുന്ന കാന്തപുരം പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്ന്‌ തോന്നിപ്പോകുന്നു.

മുഖ്യധാരാ ഫെമിനിസം ഇസ്‌ലാംവിരുദ്ധം തന്നെയാകണമെന്ന്‌ ലീലാമേനോന്‍മാരിലും സലഫീഫെമിനിസ്റ്റുകളിലും ഒരു വാശി ഒളിഞ്ഞിരിപ്പുണ്ടോ?നമുക്ക്‌ വിഷയത്തിലേക്ക്‌ തിരിച്ചുവരാം.അംനേഷ്യയിലെ സംഭവവികാസങ്ങള്‍ ഉയര്‍ത്തുന്ന രണ്ടാമത്തെ ചോദ്യം മാധ്യമനൈതികതയുടേതാണ്‌. സംഭവത്തെക്കുറിച്ച്‌ നേരത്തെ വിവരം ലഭിച്ച മാധ്യമപ്രവര്‍ത്തകര്‍ അംനേഷ്യയിലെത്തി ചൂടന്‍രംഗങ്ങള്‍ ലൈവായി വായനക്കാരിലെത്തിച്ചു എന്നാണ്‌ പറയപ്പെടുന്നത്‌. അങ്ങനെയങ്കില്‍ അതൊരു മഹാഅപരാധം തന്നെ. അതിനെക്കാള്‍ അപകടകരമാണ്‌ പെണ്‍കുട്ടികളുടെ സ്വകാര്യതയില്‍ അതിക്രമിച്ചു കയറിയ മാധ്യമങ്ങളുടെ നടപടി. പക്ഷേ, മറ്റൊരു കാര്യമാണ്‌ എന്നെയേറെ അസ്വസ്ഥയാക്കിയത്‌. നമ്മുടെ രാജ്യത്ത്‌ സ്‌ത്രീകള്‍ ആക്രമിക്കപ്പെടുന്നത്‌. ഇതാദ്യമായിട്ടൊന്നുമല്ല. കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ മംഗലാപുരത്തു തന്നെ സമാനമായ നിരവധി അതിക്രമങ്ങളുണ്ടായിട്ടുണ്ട്‌. എല്ലാറ്റിലും പ്രതികള്‍ ബജ്‌റഗ്‌ദളും ശ്രീരാമസേനയും.മാതാ എജ്യുക്കേഷണല്‍ ട്രസ്റ്റ്‌ പിയു കോളജില്‍നിന്നു പഠനയാത്രക്ക്‌ മൈസൂരിലേക്ക്‌ പോയ കുട്ടികളെ ബസ്സില്‍വച്ച്‌ ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ അക്രമിക്കുകയുണ്ടായി. മുസ്‌ലിം-ക്രിസ്‌ത്യന്‍ ആണ്‍കുട്ടികളോടൊപ്പം യാത്ര ചെയ്‌തതായിരുന്നു ഹിന്ദുകുട്ടികള്‍ ചെയ്‌ത കുറ്റം. നിയമപാലനത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ മംഗലാപുരത്ത്‌ മാത്രം ഇത്തരം ഇരുപതോളം അതിക്രമങ്ങള്‍ നടത്തുകയുണ്ടായി. മുസ്‌ലിം- ക്രിസ്‌ത്യന്‍ ആണ്‍കുട്ടികളോട്‌ ഹിന്ദു പെണ്‍കുട്ടികള്‍ സംസാരിക്കുകയും കൂട്ടുകൂടുകയും ചെയ്‌തതിന്റെ പേരില്‍ 200ലധികം കുട്ടികളെ ശിക്ഷിച്ച കാര്യം ബജ്‌റംഗ്‌ദള്‍ മംഗലാപുരം ജില്ലാ പ്രസിഡന്റ്‌ സുദര്‍ശന്‍മുദാബിരി തെല്ലഭിമാനത്തോടെയാണ്‌ മാധ്യമങ്ങളോട്‌ വിവരിച്ചത്‌.ഇത്തരം `മര്യാദകേടുകള്‍' പുറത്തു കൊണ്ടുവരാന്‍ പരിവാര്‍സംഘടനകള്‍ കാണിക്കുന്ന താല്‍പര്യത്തെ കര്‍ണാടകആഭ്യന്തരവകുപ്പ്‌ മന്ത്രി പ്രശംസിക്കുകയുണ്ടായി. എന്നിട്ടുമെന്തായിരുന്നു, ഹിന്ദുസ്ഥാന്‍ ടൈംസില്‍ ഒരു തലക്കെട്ടാവാന്‍, ഏഷ്യാനെറ്റിന്റെ ന്യൂസ്‌അവറില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍, ലീലാമേനോന്‌ ആശങ്കപ്പെടാന്‍ യദിയൂരപ്പക്കു പ്രതികളെ അറസ്റ്റ്‌ ചെയ്യാന്‍ - മാധ്യമങ്ങളോട്‌ കാര്യങ്ങള്‍ വിശദീകരിക്കാന്‍ മാത്രം ആ സംഭവങ്ങളൊന്നും നിമിത്തമാകാതിരുന്നത്‌?മാധ്യമങ്ങളുടെ മംഗലാപുരം ആഘോഷംഇന്ത്യന്‍ മാധ്യമങ്ങളുടെ ഉപരിവര്‍ഗ സ്‌നേഹത്തെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നു. ആക്രമിക്കപ്പെട്ടത്‌ പിയു കോളേജിലേതു പോലുള്ള ദരിദ്രവാസികളല്ല, പണവും പത്രാസുമുള്ള വീടുകളിലെ പെണ്‍കിടാങ്ങളാണ്‌. അവര്‍ക്കിനിയും അംനേഷ്യകളില്‍ സ്വസ്ഥമായി പോകണം, നൃത്തംചെയ്യണം, അവരുടെ സുരക്ഷ ഹിന്ദുസ്ഥാന്‍ടൈംസിനെ മുതല്‍ ലീലാമേനോന്‍വരെയുള്ളവരെ അസ്വസ്ഥരാക്കും. ഏഷ്യാനെറ്റിലെ വേണുവിന്‌ നാല്‌ ചോദ്യങ്ങള്‍ ചോദിക്കാതെ പറയാമെന്നാകും.കണ്ണൂരിലൊരിടത്ത്‌ പീടികത്തിണ്ണയില്‍ ഉറങ്ങുകയായിരുന്ന നാടോടിസംഘത്തിലെ പെണ്‍കുട്ടി കൂട്ടബലാല്‍സംഘം ചെയ്യപ്പെട്ടപ്പോള്‍ കണ്ണൂര്‍ക്കാരനായ നികേഷ്‌കുമാറിനു പോലും അജിതയെ കോഴിക്കോട്‌സ്റ്റുഡിയോയില്‍ വിളിച്ചിരുത്തി ഒരഭിപ്രായം ചോദിച്ചുകളയാം എന്നു തോന്നിയിട്ടില്ല. ആരെങ്കിലും അക്രമിക്കപ്പെട്ടാലൊന്നും നമ്മുട മാധ്യമങ്ങള്‍ ജാഗരൂകരാവില്ല. തറവാടും താന്‍ പോരിമയുള്ളവരുമാകണം ഇരകള്‍. മംഗലാപുരംസംഭവത്തെക്കുറിച്ചുള്ള വിശകലനങ്ങളും അഭിപ്രായങ്ങളും മുന്നോട്ടു വച്ച ഏറെ അപകടകരമായ മറ്റു രാഷ്‌ട്രീയ കാഴ്‌ചപ്പാടിനെക്കുറിച്ചുകൂടി വിശദമാക്കി ഈ കുറിപ്പ്‌ അവസാനിപ്പിക്കാം.അംനേഷ്യയില്‍പോയി ബിയര്‍ കുടിച്ച്‌ നൃത്തംചെയ്‌ത്‌ ഒടുവില്‍ ശ്രീരാമസേനയില്‍ നിന്ന്‌ തല്ലു വാങ്ങിക്കൂട്ടിയ പെണ്‍കുട്ടിക്ക്‌ ഒട്ടും സംശയമുണ്ടായിരുന്നില്ല; ഭാരത്‌ മാതാ കീജയ്‌, ജയ്‌ ശ്രീരാം, ബജ്‌റംഗ്‌ദള്‍ കീജയ്‌, ശ്രീരാം സേന കീജയ്‌ എന്നിങ്ങനെ മുദ്രാവാക്യം വിളിച്ച്‌ ആര്‍ത്തട്ടഹസിച്ചു വന്ന സംഘപരിവാര്‍ അനുകൂലികള്‍ ഹിന്ദുത്വത്തിന്റെയും ഹൈന്ദവ രാഷ്‌ട്രത്തിന്റെയും പേരിലാണ്‌ തങ്ങളെ അപമാനിച്ചതെന്ന്‌. (ദ ഹിന്ദുവിന്റെ മംഗലാപുരം റിപ്പോര്‍ട്ടര്‍ സുദിപ്‌തോ മണ്‌ഡലിനോട്‌ ആക്രമിക്കപ്പെട്ട പെണ്‍കുട്ടികളിലൊരാള്‍ പറഞ്ഞത്‌). ഈ പെണ്‍കുട്ടിക്ക്‌ മറ്റൊരു കാര്യത്തിലും സംശയമുണ്ടായിരുന്നില്ല. പബ്ബില്‍ പോകാനുള്ള തന്റെ അവകാശം പ്രഖ്യാപിച്ചു കൊണ്ടവള്‍ പറഞ്ഞു: ``ഇത്തരം സംഭവങ്ങളോടുള്ള വിയോജിപ്പ്‌ വ്യക്തമാക്കിക്കൊണ്ട്‌ ഉടനെത്തന്നെ സമരപരിപാടികളാരംഭിക്കും. മഗലാപുരത്തെ താലിബാനാക്കാന്‍ അനുവദിക്കില്ലെന്ന്‌ ഞങ്ങള്‍ക്ക്‌ ലോകത്തോടു പറയണം''മഗംലാപുരം എങ്ങനെയാണ്‌ താലിബാനാകുന്നത്‌? നമ്മുടെ ലീലാമേനോന്മാര്‍ക്കും ഈ അഭിപ്രായമായിരുന്നു. മാധ്യമചര്‍ച്ചകളിലെ ചോദ്യങ്ങളിലും ഉത്തരങ്ങളിലും താലിബാന്‍ നിറഞ്ഞുനിന്നു. കര്‍ണ്ണാടകയെ താലിബാന്‍ വല്‍ക്കരിക്കാന്‍ ബിജെബിഗവണ്‍മെന്റും കൂട്ടുനില്‍ക്കുന്നുവെന്നും സോഷ്യല്‍ താലിബാനൈസേഷനെ ചെറുത്തു തോല്‍പ്പിക്കണമെന്നുമാണ്‌ എനിക്ക്‌ ഫോര്‍വേഡ്‌ ചെയ്‌തുകിട്ടിയ മെയ്‌ലില്‍ ഒരു സ്‌നേഹിത എഴുതിയിരിക്കുന്നത്‌.സ്‌ത്രീകള്‍ക്കുള്ള ഇത്തരം അതിക്രമങ്ങള്‍ക്ക്‌ മറ്റ്‌ ഇന്ത്യന്‍ മാതൃകകളില്ലേ? ഇന്ത്യ അതിലെ സ്‌ത്രീകളോടും ന്യൂനപക്ഷങ്ങളോടും നീതി നിഷ്‌ഠവുമായി മാത്രമാണോ പെരുമാറിയിട്ടുള്ളത്‌? സ്‌ത്രീപീഡനത്തിന്റെ ഒരുദാഹരണം പോലും നല്‍കാന്‍കഴിയാത്തവിധം സമ്പുഷ്‌ടമാണോ രാമരാജ്യത്തിന്റെയും ഭൂരിപക്ഷ ഹൈന്ദവരുടെയും ചരിത്ര വര്‍ത്തമാനങ്ങള്‍?2001ലാണ്‌ ബാമിയാനിലെ ബുദ്ധപ്രതിമകള്‍ തകര്‍ക്കാന്‍ അഫ്‌ഗാനിസ്ഥാനിലെ താലിബാന്‍ തീരുമാനമെടുക്കുന്നത്‌.

അപ്പോള്‍ ലോകത്തിനു മുമ്പിലുണ്ടായിരുന്ന ഒരേയൊരു മാതൃക 1992 ഡിസംബര്‍ 6ന്‌ സംഘപരിവാര്‍ ശക്തികളാല്‍ തകര്‍ക്കപ്പെട്ട ബാബരിമസ്‌ജിദിന്റെതായിരുന്നു. എന്നിട്ടും താലിബാന്റെ പ്രവൃത്തിയെ സംഘപരിവാറിസമെന്ന്‌ ആരും പേരിട്ടു വിളിച്ചിട്ടില്ല. പക്ഷേ ഇന്ത്യയിലൊരിടത്ത്‌ ഒരു സ്‌ത്രീ ആക്രമിക്കപ്പെട്ടാല്‍ അത്‌ താലിബാനിസമായി. കോഴിക്കോട്ടെ ഹുര്‍ലിന്‍ഷോപ്പില്‍നിന്നു തുണിവാങ്ങി തയ്‌ച്ചെടുത്ത പര്‍ദ്ദയിട്ടാലും അത്‌ താലിബാന്‍ വത്‌കരണമായി. (പര്‍ദ്ദയുടെ കേരളത്തിലേക്കുള്ള വരവിനെ ചരിത്രവല്‍ക്കരിക്കാനുള്ള സാമൂഹികബോധം മലയാളമവാധ്യാന്മാര്‍ക്ക്‌ മാത്രമല്ല ഇല്ലാതെപോയത്‌. ശ്‌ളഥകാകളിയും കേകയും ചൊല്ലിപ്പഠിപ്പിക്കാന്‍ വിധിക്കപ്പെട്ട കിണറ്റിലെ തവളകളുടെ ചരിത്ര ബോധത്തോടു നമുക്കു പൊറുക്കുകയെങ്കിലും ചെയ്യാം.മംഗലാപുരം സംഭവങ്ങളെ സംഘ്‌പരിവാറിസം എന്നു വിളിച്ചുകൂടേ എന്ന ചോദ്യം കേവലം ഒരു പേരിടലിനെക്കുറിച്ചു മാത്രമുള്ള ആശങ്കയല്ല. ഇന്ത്യയിലെ ഭൂരിപക്ഷ വര്‍ഗ്ഗീയത രാജ്യത്തെ മുസ്‌ലിം-ദളിത്‌ സ്‌ത്രീകളോട്‌ കാട്ടിയ അനീതിയെ/അക്രമങ്ങളെ മറക്കാന്‍ ചരിത്രബോധമുള്ളവര്‍ക്ക്‌ കഴിയില്ല. ഗുജറാത്തും ഒറീസയും നമ്മുടെ തൊട്ടടുത്തു കിടക്കുന്ന ഉദാഹരണങ്ങളാണ്‌.ഇന്ത്യയില്‍ നടക്കുന്ന അക്രമ പ്രവര്‍ത്തനങ്ങളെല്ലാം പുറമേ നിന്ന്‌ ഇറക്കുമതി ചെയ്യുന്നതാണെന്ന താത്‌പര്യവും ഈ വാദത്തില്‍ ഒളിഞ്ഞു കിടപ്പുണ്ട്‌. ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചുള്ള ഒരുതരം മിധ്യാഭിമാനബോധമാണ്‌ ഇതിന്റെ അടിസ്ഥാനം. സംസ്‌കാരങ്ങളെ സ്വയം വിവരണാത്മകമായി കാണാനുള്ള ഇത്തരം ആളുകളുടെ വ്യഗ്രത അപകടം നിറഞ്ഞ ഭാവിയെക്കുറിച്ച്‌ ജാഗ്രരൂകരാകാന്‍ ജനാധിപത്യവാദികളെ ഉദ്‌ബോധിപ്പിക്കുന്നുണ്ട്‌.സംഘ്‌പരിവാര്‍ സ്‌ത്രീകളോട്‌ കാട്ടുന്ന അക്രമങ്ങളെ ലോ ആന്റ്‌ ഓര്‍ഡര്‍ പ്രശ്‌മനായും താലിബാന്റേത്‌ സാംസ്‌കാരികപ്രശ്‌നമായും വിലയിരുത്തുകയാണ്‌ ഇത്തരക്കാര്‍ ചെയ്യുന്നത്‌. സംഘ്‌പരിവാറിന്റേത്‌ ഒരു യദിയൂരപ്പക്ക്‌ നന്നാക്കിയെടുക്കാവുന്ന പ്രശ്‌നങ്ങളാണ്‌. അമേരിക്ക വന്ന്‌ ബോംബിട്ടാലും തീരാത്തതാണ്‌ താലിബാന്‍ബോധം. ഇവ്വിധം ഹൈന്ദവത ഉല്‍പാദിപ്പിക്കുന്ന അക്രമപ്രവര്‍ത്തനങ്ങളെ ലളിതവത്‌കരിക്കാനാണ്‌ നമ്മുടെ മാധ്യമ സാംസ്‌കാരിക വിമര്‍ശകര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. അതുകൊണ്ടുതന്നെ താലിബാനല്ല ശ്രീരാമസേന എന്നു പറയുന്നതില്‍ ഭാവിയെ നിര്‍ണ്ണയിക്കുന്ന ഒരു രാഷ്‌ട്രീയബോധം ഒളിച്ചിരിപ്പുണ്ട്‌

6 comments:

prachaarakan said...

അക്രമപ്രവര്‍ത്തനങ്ങളെ ലളിതവത്‌കരിക്കാനാണ്‌ നമ്മുടെ മാധ്യമ സാംസ്‌കാരിക വിമര്‍ശകര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. അതുകൊണ്ടുതന്നെ താലിബാനല്ല ശ്രീരാമസേന എന്നു പറയുന്നതില്‍ ഭാവിയെ നിര്‍ണ്ണയിക്കുന്ന ഒരു രാഷ്‌ട്രീയബോധം ഒളിച്ചിരിപ്പുണ്ട്‌

വെള്ളെഴുത്ത് said...

കണ്ണു തുറപ്പിക്കുന്നരീതിയിലാണോ കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രതിഷേധങ്ങള്‍ക്കപ്പുറം മംഗലാപുരം സംഭവവും അതിന്റെ വിശകലനങ്ങളും ചില വിശകലനങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്ന് തോന്നാതിരുന്നില്ല. ധാരണകള്‍ക്കകത്തു കയറ്റി നിര്‍ത്തി കാലുമുറിക്കുമ്പോള്‍, ശരിയാണ്, രാഷ്ട്രീയം നഷ്ടമാവുന്നുണ്ട്.
“ലീലാമേനോന്‍ പറയുന്നത്‌ പുരോഗമനപരവുമാകുന്നതിന്റെ യുക്തി ഏത്‌ സ്‌ത്രീപക്ഷചിന്താപദ്ധതികൊണ്ടാണ്‌ ന്യായീകരിക്കുന്നത്‌?”
- ലീലാമേനോന്റെ പ്രതികരണം പുരോഗമനമാവുന്നത് ഏതു വഴിക്കാണെന്ന് മാത്രം ചിന്തിച്ചിട്ട് പിടികിട്ടിയില്ല. അങ്ങനെ ആരു പറഞ്ഞു?

സൂരജന്‍ | Soorajan said...

"അപ്പോള്‍ ലോകത്തിനു മുമ്പിലുണ്ടായിരുന്ന ഒരേയൊരു മാതൃക 1992 ഡിസംബര്‍ 6ന്‌ സംഘപരിവാര്‍ ശക്തികളാല്‍ തകര്‍ക്കപ്പെട്ട ബാബരിമസ്‌ജിദിന്റെതായിരുന്നു."

നളന്ദ സര്‍വകലാശാല കത്തിച്ചതും, ഹൈദര്‍ അലിയും ടിപ്പുവും മാപ്പിള ലഹളക്കാരും കൂടി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രങ്ങള്‍ തകര്‍ത്തതും ലോകത്തിന്റെ മുന്നില്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാക്കി നമ്മള്‍ ഇല്ലാതാകിയിരുന്നല്ലോ.

ചരിത്രം എത്ര പെട്ടന്നാണ് ഇല്ലതാകുന്നത്...

Unknown said...

ശ്രീരാമ സേനയേയും താലിബാനെയും ഒരുപോലെ എതിര്‍ക്കുവാനുള്ള ആര്‍ജവം പ്രകടിപ്പിക്കൂ സുഹൃത്തേ.... വര്‍ഗീയതയുടെയും അസഹിഷ്ണുതയുടെയും ലോക രാജാക്കന്മാരെ പിന്തുണച്ചു കൊണ്ടു, മറ്റൊരു വര്‍ഗീയതക്കെതിരെ എങ്ങനെ പോരാടാന്‍ കഴിയും?.

ente gandarvan said...

ഞാന്‍ എന്റെ ഇഷ്ടത്തിന് മധ്യപിക്കും നൃത്തം ചെയ്യും എന്ന് പറയുന്നതിനെ എതിര്‍ക്കാന്‍ നിങ്ങള്‍ ആരാണ്

prachaarakan said...

vellezhuth,
soorajan,
ajith,
ente gandarvan,

thanks for sharing your view on this article