Wednesday, February 25, 2009

സാംസ്‌കാരിക ലോട്ടറി. ഇനി സാംസ്‌കാരിക മോഷണം സാംസ്‌കാരിക പിടിച്ചുപറി

original article here

സാംസ്‌കാരിക ലോട്ടറി. ഇനി സാംസ്‌കാരിക മോഷണം സാംസ്‌കാരിക പിടിച്ചുപറി
പ്രേക്ഷകന്‍

സാംസ്‌കാരിക രംഗത്ത്‌ അവശതയനുഭവിക്കുന്നവരെ സഹായിക്കാനാണത്രെ, കേരളസര്‍ക്കാര്‍ സാംസ്‌കാരികലോട്ടറി ആരംഭിച്ചിരിക്കുന്നു! കൊള്ളാം, സംസ്‌കാരത്തിനു ചേര്‍ന്ന ഏര്‍പ്പാട്‌. ഇനി വേറെ ചിലതുകൂടിയാവാം. പണത്തിനു വേറെ മേഖലയിലുമുണ്ടല്ലോ ആവശ്യം. അതുകൊണ്ട്‌ സാംസ്‌കാരികമോഷണം, സാംസ്‌കാരിക പിടിച്ചുപറി, സാംസ്‌കാരിക കൊള്ള തുടങ്ങിയ മഹത്തായ ധനാഗമനമാര്‍ഗങ്ങള്‍ സര്‍ക്കാറിന്‌ ആലോചിക്കാവുന്നതാണ്‌. പണമുണ്ടാക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗം ഏതാവട്ടെ, അതു സാംസ്‌കാരികം എന്നപദം ചേര്‍ത്തു വിശദമാക്കണമെന്നേയുള്ളൂ. സാധാരണക്കാരന്റെ പോക്കറ്റിലെ പണം അടിച്ചെടുത്തു ഖജനാവില്‍ കൊണ്ടുവന്നു തട്ടണം. അതിനുവേണ്ടി സ്വീകരിക്കുന്ന മാര്‍ഗം കൊലപാതകമാണെങ്കില്‍ അതിനെ സാംസ്‌കാരിക കൊലപാതകം എന്നു പേരുചൊല്ലി വിളിച്ചാല്‍മതി. ദൈവം തമ്പുരാനേ, ഈ നാടിനെ കാത്തുകൊള്ളേണമേ!

കുറച്ചുമുമ്പ്‌ സഹകരണ ലോട്ടറി വന്നു. സഹകരണ മേഖലയിലെ അത്യാവശ്യങ്ങള്‍ക്കു പണമുണ്ടാക്കാന്‍ വേണ്ടിയായിരുന്നു ഇത്‌. ഈ തട്ടിപ്പിനു വേണ്ടത്ര അനുകൂല പ്രതികരണമുണ്ടായില്ല. അങ്ങനെ ലോട്ടറിടിക്കറ്റുകള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിപ്പറ്റി. അത്യാവശ്യ കാര്യങ്ങള്‍ക്കുവേണ്ടി ഓഫീസിലെത്തുന്നവരെ പശവച്ചുപിടിക്കുന്ന നൂറാംകിട ഏര്‍പ്പാട്‌. കൊളളക്കാരെക്കാളും ചീപ്പ്‌ പരിപാടി. ഒരു വഴിയില്‍ പിടിച്ചുപറിക്കാരുണ്ടെന്നറിഞ്ഞാല്‍ ആ വഴി ഉപേക്ഷിച്ച്‌ മറുവഴി തെരഞ്ഞെടുക്കാന്‍ കഴിയും. സര്‍ക്കാര്‍ ആപ്പീസില്‍ ഇമ്മാതിരി പിടിച്ചുപറി സംഘടിപ്പിച്ചാലോ? അതിനെ മസില്‍പവറുപയോഗിച്ചാണു തടയേണ്ടത്‌. ഇതു സാംസ്‌കാരിക തെമ്മാടിത്തമാണ്‌.ഓരോ ഓഫീസിനും സര്‍ക്കാര്‍ ടാര്‍ജറ്റ്‌ കൊടുക്കുകയാണു ചെയ്‌തത്‌. വില്‍ക്കേണ്ട ടിക്കറ്റുകളുടെ എണ്ണവും നിശ്ചയിച്ചുനല്‍കി. നിയമപരമായി അവകാശപ്പെട്ട സേവനങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ഓഫീസില്‍ വന്നവരെ ഉദ്യോഗസ്ഥന്മാര്‍ ഭീഷണിപ്പെടുത്തുന്ന അവസ്ഥയുണ്ടായി. അല്ലെങ്കില്‍തന്നെ നമ്മുടെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതു സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നതുകൊണ്ടല്ല; ജനങ്ങള്‍ കൈമടക്കുന്നതുകൊണ്ടാണ്‌. അതിനുപുറമെയാണ്‌ സര്‍ക്കാര്‍വക ഈ ഊറ്റ്‌. പല സര്‍ക്കാര്‍ഓഫീസുകളിലും ഇതേചൊല്ലി വഴക്കുണ്ടായി. ലോട്ടറി എടുക്കാത്തവര്‍ക്കു സേവനങ്ങള്‍ നിഷേധിക്കുന്ന അവസ്ഥ പോലുമുണ്ടായി. പൊതുഖജനാവില്‍ പണമെത്തിക്കാന്‍ എന്തും ആവാം എന്ന നിലയില്‍ സര്‍ക്കാര്‍ അധഃപതിക്കുന്നത്‌ ലജ്ജാകരമാണ്‌- ഭിക്ഷാടനം ഇതേക്കാള്‍ സാംസ്‌കാരികമാണ്‌.

സാംസ്‌കാരിക തെണ്ടല്‍.

സാംസ്‌കാരികലോട്ടറിയുമായി മന്ത്രിമാര്‍ തെണ്ടാന്‍ തുടങ്ങിയെന്നാണു വാര്‍ത്ത. തെണ്ടാന്‍ പൂതിയുണ്ടെങ്കില്‍ അതിനെന്തിനാണ്‌ ഒരുലോട്ടറി ടിക്കറ്റിന്റെ മറ? വക്കുപൊട്ടിയ ചട്ടിയോ തകരപ്പാട്ടയോ പഴന്തുണിയോ കരുതിയാലും മതിയല്ലോ. മാനംവിറ്റും പണമുണ്ടാക്കുന്ന തരത്തിലേക്കു ഭരണകൂടങ്ങള്‍ അധഃപതിക്കുന്നതിന്‌ ഇതൊന്നു മാത്രമല്ല ഉദാഹരണം. പുതുക്കിയ മദ്യനയം കണ്ടില്ലേ; പാവപ്പെട്ടവന്റെ സര്‍ക്കാരാണത്രെ! പകലന്തിയോളം കഷ്‌ടപ്പെട്ടുണ്ടാക്കുന്നതു കള്ളുഷാപ്പുവഴിയും ലോട്ടറി വഴിയും തട്ടിപ്പറിച്ചെടുക്കുന്നതിലും ഭേദം തലക്കടിച്ചും കൊന്നും കവര്‍ച്ച ചെയ്യുന്നതാണ്‌. നമ്മുടെ ഭരണാധികാരികള്‍ക്ക്‌ ഇതെന്താണു പറ്റിയത്‌? ഇത്‌ അധര്‍മത്തിന്റെ തേര്‍വാഴ്‌ചയാണ്‌. എവിടെ ഇന്നാട്ടിലെ ഹാലിളകുന്ന സാംസ്‌കാരികനായകന്മാര്‍? എവിടെ ധര്‍മരോഷം പതയുന്ന വിപ്ലവപ്രസ്ഥാനങ്ങള്‍?ലോട്ടറി എന്നുപറഞ്ഞാല്‍ അതപ്പാടെ തന്നെ തട്ടിപ്പാണ്‌. കൊടിയ സാമ്പത്തികചൂഷണം. പരിഷ്‌കൃതസമൂഹത്തിന്‌ ചേരാത്ത കാടത്തം. ലോകത്ത്‌ മറ്റൊരു രാജ്യത്തും ഇവ്വിധം കൊടിയ ചൂഷണം ദേശസാല്‍ക്കരിക്കപ്പെട്ടതായി കാണുകയില്ല. മിക്കരാജ്യങ്ങളും ലോട്ടറി നിരോധിച്ചുകഴിഞ്ഞു. ഇവിടെയിതാ പാവപ്പെട്ടവന്റെയും പണിയെടുക്കുന്നവന്റെയും സര്‍ക്കാര്‍ പച്ചക്കുതന്നെ അടിസ്ഥാനവര്‍ഗത്തിനെ പോക്കറ്റടിച്ചു പാപ്പരാക്കുന്നു. സ. എം എ ബേബിക്ക്‌ എങ്ങനെയാണ്‌ ഇവ്വിധം ചിരിക്കാനാവുന്നത്‌!പട്ടിണികിടന്നു മരിക്കേണ്ടതായി വന്നാലും സാംസ്‌കാരികരംഗത്തെ ഒരു മാന്യനും ഈ അധര്‍മത്തിന്റെ ശമ്പളത്തില്‍ നിന്നു പങ്കുപറ്റരുത്‌. ഒരു ലോട്ടറിയും പണക്കാരനെ ബാധിക്കുന്നില്ല. സാധാരണക്കാരും കൂലിവേലക്കാരും പട്ടിണിക്കാരുമാണ്‌ ലോട്ടറി വ്യാമോഹത്തില്‍ പെട്ട്‌ കഞ്ഞിക്കുള്ള വക കളഞ്ഞുകുളിക്കുന്നത്‌. ഈ പണം പാപത്തിന്റെയും ശാപത്തിന്റെയും ശമ്പളമാണ്‌. ഇങ്ങനെ ഓരോന്നും വിജയിപ്പിച്ചാല്‍ ഇടതു സര്‍ക്കാര്‍ സാംസ്‌കാരിക വ്യഭിചാരശാല തുറന്നും വിപ്ലവം സൃഷ്‌ടിക്കും? വെറുതെ പറയിപ്പിക്കുകയാണ്‌.

3 comments:

prachaarakan said...

സാംസ്‌കാരിക രംഗത്ത്‌ അവശതയനുഭവിക്കുന്നവരെ സഹായിക്കാനാണത്രെ, കേരളസര്‍ക്കാര്‍ സാംസ്‌കാരികലോട്ടറി ആരംഭിച്ചിരിക്കുന്നു! കൊള്ളാം, സംസ്‌കാരത്തിനു ചേര്‍ന്ന ഏര്‍പ്പാട്‌. ഇനി വേറെ ചിലതുകൂടിയാവാം. പണത്തിനു വേറെ മേഖലയിലുമുണ്ടല്ലോ ആവശ്യം. അതുകൊണ്ട്‌ സാംസ്‌കാരികമോഷണം, സാംസ്‌കാരിക പിടിച്ചുപറി, സാംസ്‌കാരിക കൊള്ള തുടങ്ങിയ മഹത്തായ ധനാഗമനമാര്‍ഗങ്ങള്‍ സര്‍ക്കാറിന്‌ ആലോചിക്കാവുന്നതാണ്‌

Manu Varghese said...

kollam nalla post

prachaarakan said...

manu

thanks