Sunday, February 28, 2010

നബിദിനാഘോഷം, ഒരു പഠനം.

നബിദിനം അടുക്കുന്നതോടെ ലോക മുസ്ലിംങ്ങൾ അതിനെ വരവേൽക്കാൻ മനസ്സും ശരീരവും ഒരുക്കുന്നു. മതത്തിന്റെ പരിധിക്കുള്ളിൽ നിന്നുള്ള ആഘോഷ പരിപാടികളോടെ അത്യുത്സാഹത്തോടെ ഈ വർഷവും റബീഉൽ അവ്വൽ പരിപാടികൾ നടക്കുന്നു. ലോകത്തിന്റെ നാനാഭാഗത്തും .എന്നാൽ ഒരു വിഭാഗം അതിനെ അനാചാരമാക്കി ചിത്രികരിക്കാൻ ലോകത്തിന്റെ പലഭാഗത്തും നബിദിനാഘോഷത്തിന്റെ പേരിലോ അല്ലാതെയോ നടക്കുന്ന ,പണ്ഡിതന്മാരുടെയോ അംഗീകൃത സുന്നീ സംഘടനകളൂടെയോ കീഴിലല്ലാതെ നടക്കുന്ന പല പേക്കൂത്തുകളുടെയും വീഡിയോ ,ഫോട്ടോ തുടങ്ങിയവ സംഘടിപ്പിച്ച് അതെല്ലാം നബിദിനമാഘോഷിക്കുന്ന സുന്നികൾ ചെയ്യുന്നതാണെന്ന് വരുത്തി തീർത്ത അഥവാ ആടിനെ പട്ടിയാക്കി പിന്നെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാൻ ശ്രമിക്കുന്നത് തുടരുമ്പോൾ അമുസ്ലിം പൊതു സമൂഹം പോലും അമ്പരപ്പോടെ നോക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്.

എന്താണ് നബിദിനാഘോഷം എന്നും എന്തല്ല ആഘോഷം എന്നും എന്താണ് ബിദ്‌അത്ത് അഥവാ ദീനിനെതിരായി പുതുതായി ഉണ്ടാക്കിയത് എന്നും .നബിദിനമാഘോഷിക്കുന്നതിനെ സംബന്ധിച്ചു പണ്ഡിതരുടെ അഭിപ്രായമെന്താണ് എന്നുമെല്ലാം വിശദമായി വിവരിക്കുന്ന ലേഖനങ്ങൾ നിരിക്ഷണങ്ങൾ പ്രതികരണങ്ങൾ ചിലത് ഇവിടെ ചേർക്കുന്നു.

- എന്താണ് മൌലിദ് /തെളിവുകൾ (തുടങ്ങീ നിരവധി ലേഖനങ്ങൾ )



2) മീലാദും മൌലിദും ( യു.എ.ഇ മതകാര്യമന്ത്രാലയം ലഘുലേഖയുടെ വിവർത്തനം-മലയാളം)


3) ഔഖാഫ് ഫത്‌വ-അറബിക്

6) നബിദിനാഘോഷം പ്രമാണങ്ങളിലൂടെ (പ്രഭാഷണം- കെ.കെ.എം.സ‌അദി)

7) more than 25 articles in Engilsih about our beloved




നല്ലത് പിൻപറ്റാനും തിന്മ കൈവെടിയാനും അല്ലാഹു അനുഗ്രഹിക്കട്ടെ
(ഈ പോസ്റ്റ് അപ്ഡേറ്റ് ചെയ്യപ്പെടുന്നതാണ് -ഇൻശാ അല്ലാഹ്)

updated on 3-3-2010

Monday, February 22, 2010

ഇസ്തബൂൾ യാത്ര-ഭാഗം-2

യാത്രാ വിവരണം
ഡോ.എ.പി. അബ്ദുൽ ഹകീം അസ്‌ഹരി

(ഭാഗം ഒന്ന് ഇവിടെ വായിക്കാം )

ഉസ്മാനിയ്യാ ഖിലാഫത്തിന്റെ ചില സ്മാരകങ്ങള്‍ വാസ്തുവിദ്യയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചു. വന്ദ്യവയോധികനായ ആയാ സോഫിയാ മ്യൂസിയം, എഴുന്നു നില്‍ക്കുന്ന സിനാലിനെ പള്ളി, ടോപ്പ്കാപ്പി കൊട്ടാരം... ഇവയില്‍ ഉസ്മാനിയ്യാ അധികാരത്തിന്റെ തലസ്ഥാനകേന്ദ്രം ടോപ്പ്കാപ്പിയായിരുന്നു. ടര്‍ക്കിഷ് ഭാഷയില്‍ 'സറായ്' എന്നാണ് കൊട്ടാരത്തിനു പറയുക. ടോപ്പ്കാപ്പിയിലേക്ക് പ്രവേശിക്കുമ്പോള്‍ ഗതകാലചരിത്രത്തിന്റെ പ്രതാപചിഹ്നങ്ങള്‍ നമ്മെ സ്വീകരിച്ചിരുത്തും. പഴയ സാമ്രാജ്യത്തിന്റെ മൂല്യങ്ങളും അഭിരുചികളും തെളിഞ്ഞുകാണുന്ന ചില മുദ്രകള്‍ കാലാതിപാതത്തില്‍ മാഞ്ഞുപോയെങ്കിലും 600 വര്‍ഷത്തോളം നീണ്ടുനിന്ന ഉസ്മാനിയ്യഭരണത്തിന്റെ 400വര്‍ഷവും ഹെഡ്ക്വാര്‍ട്ടേഴ്സ് സ്ഥിതിചെയ്ത ടോപ്പ്കാപ്പിയില്‍ ഇപ്പോഴും പ്രൌഢമായി തെളിഞ്ഞുനില്‍ക്കുന്നുണ്ട്. കാലത്തിനു തോല്‍പ്പിക്കാനാവാത്ത ചില ഐതിഹാസിക മുദ്രകള്‍.

"അല്ലാഹുവിന്റെ അനുഗ്രഹത്താലും അംഗീകാരത്താലും ഈ മഹനീയ കോട്ടക്ക് തറക്കല്ലിട്ടു. ഇതിന്റെ ഓരോ ഭാഗവും ശാന്തിയും സമാധാനവും ശക്തിപ്പെടുത്താനായി ഇണക്കിച്ചേര്‍ത്തു.'' അവന്‍ ഈ സാമ്രാജ്യത്തെ ശാശ്വതമാക്കട്ടേ, ആകാശത്തിലെ ഏറ്റവും പ്രസന്നമായ നക്ഷത്രത്തെക്കാളും അവന്റെ വസതിയെ വാഴ്ത്തട്ടേ. 'സുല്‍താനാ കാപിസി' (സുല്‍ത്താന്റെ കവാടം) എന്നു വിളിക്കുന്ന കൊട്ടാരത്തിലേക്ക് നയിക്കുന്ന തെരുവിന്റെ അറ്റത്ത് പ്രധാനകവാടത്തില്‍ തങ്കലിപിയില്‍ ഓട്ടോമന്‍ കാലിഗ്രാഫിയില്‍ കൊത്തിവച്ച ഒരു ലിഖിതം ഇങ്ങനെയാണ്: ഉസ്മാനീ ഭരണാധികാരികള്‍ സൂക്ഷിച്ച ഇലാഹീഭയത്തിന്റെ ചാതുര്യമാര്‍ന്ന അടയാളമാണിത്.

മാര്‍മറ കടലിനെയും ഗോള്‍ഡന്‍ ഹോണിനെയും ബോസ്ഫറസിനെയും നോക്കിനില്‍ക്കുന്ന കടല്‍മുനമ്പില്‍ ടോപ്പ്കോപ്പിയുടെ നില്‍പ്പ് അതീവസുന്ദരമാണ്. മാസ്മരികമായ പ്രകാശവലയാലംകൃതമായ ഈ വിസ്മയം ഒരു നീണ്ട സന്ദര്‍ശനത്തിനു കെഞ്ചുന്നുണ്ട്. പക്ഷേ, ഷെഡ്യൂല്‍ ഞങ്ങളെ പിറകോട്ടു വലിക്കുന്നു. ആധുനിക അംബരചുംബികളുടെയും നക്ഷത്രഹോട്ടലുകളുടെയും വൃത്തിയില്ലാത്ത വ്യൂഹങ്ങളില്‍നിന്നും ഇസ്താംബൂളിന്റെ ഗതാഗതക്കുരുക്കില്‍നിന്നും പുറത്തുകടന്ന് പ്രാചീനമായ ബൈസന്റയിന്‍കോട്ടകളുള്ള മേഖലയിലെത്തുമ്പോള്‍ നമ്മുടെ ചരിത്ര

മനഃസാക്ഷി വീണ്ടും കാലങ്ങള്‍ക്കപ്പുറത്തേക്ക് പര്യടനം നടത്തുന്നു. ടോപ്പ്കാപ്പിയില്‍നിന്ന് ബഹിര്‍ഗമിക്കുമ്പോള്‍ റോമന്‍ ഹിപ്പോഡാമുകളുടെ പുല്‍തകിടിയിലിരുന്ന് ചായ മോന്തുന്നവരെ കാണാം. പതിനായിരത്തിലേറെ സന്ദര്‍ശകര്‍ ഒരു ദിവസം ടോപ്പ്കാപ്പിയിലൂടെ ഉലാത്താറുണ്ട്. ടൂറിസ്റ് ഗൈഡുകളുടെ ചറപറാ വിവരണവും സന്ദര്‍ശകരുടെ ആരവങ്ങളും ചേര്‍ന്നു പ്രാചീനമായ ശാന്തതയെ കവര്‍ന്നുകൊണ്ടുപോകുന്ന വല്ലാത്തൊരു പ്രക്ഷുബ്ധാവസ്ഥ തീര്‍ക്കുന്നു.

ഈ മേഖലയിലെ മറ്റെല്ലാറ്റിനെയും പോലെ സറായ് പിറന്നത് ചരിത്രത്തിലെ ഏറ്റവും മഹത്തായ വഴിത്തിരിവിലായിരുന്നു. 1453 ലെ കോണ്‍സ്റാന്റിനോപ്പിള്‍ ദിഗ്വിവിജയം. ഫാതിഹ് മുഹമ്മദാണ് നിര്‍മാണമാരംഭിച്ചത് 1460-73 കാലയളവില്‍. പിന്നീട് ഓരോ ചക്രവര്‍ത്തിയും അതിനെ നവീകരിച്ചു. പറഞ്ഞല്ലോ, ഓട്ടോമന്‍ അധികാരത്തിന്റെ കേന്ദ്രമായിരുന്നു സറായ്. മന്ത്രിമാരും നിയമപാലകരും അധ്യാപകരും സേവകരും എല്ലാ താമസിച്ചിരുന്നതും ഇവിടെയാണ്. എത്യോപ്യ മുതല്‍ മധ്യേഷ്യ വരെയും ബോസ്നിയ വരെയും പടര്‍ന്നു പിടിച്ച വിശാലമായ സാമ്രാജ്യത്തിന്റെ ഖജനാവ് ഇവിടെയായിരുന്നു. റെക്കോര്‍ഡുകള്‍ ഇവിടെ സൂക്ഷിക്കപ്പെട്ടു. അകലെനിന്നുള്ള കല്‍പനകള്‍ ഇവിടെ നിര്‍വഹിക്കപ്പെട്ടു. 16-ാം ശതകത്തിന്റെ ആദ്യത്തില്‍ സുല്‍താന്‍ സലീം ഒന്നാമന്‍ സ്ഥാനാവരോഹിതനായപ്പോഴേക്കും ഈ ഖിലാഫത്ത് മുസ്ലിം ലോകമാകെ വ്യാപിച്ചു കഴിഞ്ഞിരുന്നു. നൂറ്റാണ്ടുകള്‍ പിന്നെയും കടന്നുപോയി. ടോപ്പ്കാപ്പി സമ്മാനങ്ങളും അലങ്കാരങ്ങളും യുദ്ധമുതലുകളുംകൊണ്ട് നിറഞ്ഞുകവിഞ്ഞു.

ചത്വരങ്ങളും കൊത്തളങ്ങളും നിരവധി കവാടങ്ങളും നിറഞ്ഞ സങ്കീര്‍ണമായ ഘടനയാണ് ടോപ്പ്കാപ്പിയുടേത്. സമയമില്ലാത്തവര്‍ക്ക് ടോപ്പ്കാപ്പി ഒന്നുഴിഞ്ഞു നോക്കാനുള്ള ഒരു വിദ്യയുണ്ട്; തുടരെത്തുടരെയുള്ള ടോപ്പ്കാപ്പിയുടെ വലിയ നാല് ചത്വരങ്ങള്‍ മുറിച്ചുകടന്നാല്‍ കൊട്ടാരം ഏതാണ്ട് കാണാന്‍ കഴിയും. ഈ നാലില്‍ ഓരോന്നിനും വ്യത്യസ്തമായ ദൌത്യമാണുണ്ടായിരുന്നത്. പ്രദര്‍ശനവസ്തുക്കളെല്ലാം നോക്കി നില്‍ക്കാന്‍ സമയമില്ല. മികച്ച ചിലത് കാണാതെ പോവാനും കഴിയില്ല. അതു മഹാനഷ്ടമായിരിക്കും.

പ്രവേശനകവാടം കഴിഞ്ഞാലുടന്‍ ഒന്നാം ചത്വരമായി. പഴയ രാജകീയപ്രദക്ഷിണങ്ങള്‍ ഇവിടെ വച്ചായിരുന്നു. സുല്‍ത്താന്റെ ജനകീയ സമ്പര്‍ക്കങ്ങളുടെ ആശയവിനിമയ കേന്ദ്രവും ഇവിടെയായിരുന്നു. ഒന്നാം ചത്വരത്തിലേക്ക് തുറക്കുന്ന ബാബുസ്സലാം കവാടത്തില്‍ ഇസ്ലാമികവിശ്വാസത്തിന്റെ സാക്ഷ്യമായ കലിമത്തുത്തൌഹീദ് കൊത്തിവച്ചിട്ടുണ്ട്. അതിനു താഴെ സുല്‍താന്‍ മുഹമ്മദ് രണ്ടാമന്റെ മുദ്രയുമുണ്ട്. ഇടുങ്ങിയ ദ്വാരത്തിലൂടെ കാണുന്നു ഒരു രണ്ടുനില ബില്‍ഡിംഗ്. അവിടെയായിരുന്നു വധശിക്ഷകള്‍ നടപ്പിലാക്കിയിരുന്നത്. രണ്ടാം ചത്വരത്തിലേക്കു പ്രവേശിച്ചാല്‍ പിന്നെ കൌണ്‍സില്‍ ഡിബേറ്റുകളുടെയും ഉന്നതചര്‍ച്ചകളുടെയും സ്ഥാനങ്ങള്‍ കാണാം. ആയുധശാലയും ഈ ചത്വരത്തിലാണ്. ഒരു വന്‍സാമ്രാജ്യം മുഴുവന്‍ കാല്‍കീഴിലാക്കിയ ആയുധങ്ങള്‍, മുത്തുകളുമുണ്ട് ധാരാളം.

മൂന്നാം ചത്വരം കലാശേഖരങ്ങളുടെ മഹാനിധിയായി പരിഗണിക്കപ്പെടുന്നു. കണ്ണഞ്ചിപ്പിക്കുന്ന പേര്‍ഷ്യന്‍-ടര്‍ക്കിഷ് ചെറുചിത്രങ്ങളുടെ പതിനായിരത്തിലേറെ വരുന്ന സമാഹാരം ഇവിടെയുണ്ട്. കാലിഗ്രാഫികളും മറ്റു കൈയെഴുത്തു പ്രതികളും കൂട്ടത്തിലുണ്ട്.

മൂന്നാം ചത്വരത്തിലെ അടുത്ത പവലിയന്‍ എങ്ങനെ വിവരിക്കണമെന്നറിയില്ല. അക്ഷരാര്‍ത്ഥത്തില്‍ അത് നമ്മുടെ മനം കവര്‍ന്നെടുക്കുന്നു. അന്ത്യപ്രവാചകന്‍ (സ)യുടെ തിരുശേഷിപ്പുകളുടെ സമൃദ്ധമായ ശേഖരം, മുസ്ലിംലോകത്തിന്റെ ഹൃദയഭാജനമായ തിരുഹബീബിന്റെ വിശുദ്ധ മേല്‍ക്കുപ്പായമാണ് അതില്‍ പ്രധാനം. 'ഹിര്‍ക്കയേ സാദാത്ത്' എന്നാണ് അതിനെ അവര്‍ വിളിക്കുന്നത്. 1.24 മീറ്റര്‍ നീളമുള്ള, വിശാലമായ കൈയോടുകൂടിയ, കറുത്ത കമ്പിളിയില്‍നിന്നും തുന്നിയെടുത്ത ഒരു വസ്ത്രം. ജാഹിലിയ്യാ കാലത്തെ ഇസ്ലാമിന്റെ തുടക്കകാലങ്ങളില്‍ തിരുനബിയെ അധിക്ഷേപിച്ച് കവിത രചിച്ച പ്രമുഖകവി കഅ്ബ് ബ്നു സുഹൈറിന് ഇസ്ലാമാശ്ളേഷണത്തിനു ശേഷം പ്രവാചകര്‍ നല്‍കിയ സമ്മാനമാണ് ഈ കുപ്പായം. 'ബാനത് സുആദ്' പോലുള്ള ഉല്‍കൃഷ്ടമായ ആവിഷ്കാരത്തിന്റെ കര്‍ത്താവിന് ഭൂമുഖത്ത് ലഭിച്ച ഏറ്റവും വലിയ സൌഭാഗ്യം. അതു നേര്‍മുമ്പില്‍ കാണുമ്പോള്‍ ഒരു വിശ്വാസിയനുഭവിക്കുന്ന വികാരതീവ്രത വിവരണാതീതമാണ്. ഓട്ടോമന്‍ സുല്‍താ•ാര്‍ ഈ കുപ്പായത്തെ അങ്ങേയറ്റം ആദരിച്ചു. അന്ന് തുര്‍ക്കിയില്‍ ഉണ്ടായിരുന്ന ഏറ്റവും വിലപിടിപ്പുള്ള മുത്തുകളും പവിഴങ്ങളുംകൊണ്ട് ഈ കുപ്പായം സൂക്ഷിച്ച ചേംബറിനെ അലങ്കരിച്ചു. എല്ലാ വര്‍ഷവും ഇവിടെ റമളാന്‍മാസത്തിലെ പതിനഞ്ചാം ദിനം കൊട്ടരാത്തിലെ ഉന്നത വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന ആത്മീയസദസ്സ് സംഘടിപ്പിച്ചിരുന്നു. ആ ദിവസം വിശുദ്ധ കുപ്പായത്തെ ആദരിക്കാനായി ആ ചേമ്പര്‍ മുഴുവനും പനിനീര്‍വെള്ളം മുക്കിയ സ്പോഞ്ചുപയോഗിച്ച് സുല്‍താന്‍ തന്നെ തുടച്ചുവൃത്തിയാക്കും. അടുത്ത ദിവസം, ളുഹ്റിനു മുമ്പുള്ള രണ്ടു മണിക്കൂറുകളില്‍ ഈ ചേംബറിലേക്കുള്ള സന്ദര്‍ശക പ്രവാഹം ആരംഭിക്കും. സുല്‍താന്‍ എത്തിക്കഴിഞ്ഞാല്‍ വിശുദ്ധ മേല്‍ക്കുപ്പായം സൂക്ഷിച്ച വലിയ സുവര്‍ണപേടകം സ്വര്‍ണംപതിച്ച വലിയ മേശക്കുമേല്‍ എടുത്തുവയ്ക്കും. വിശുദ്ധ സ്തോത്രങ്ങളും ദിക്റുകളും ചൊല്ലി സുല്‍താനാണ് ആ പേടകത്തിന്റെ പൂട്ടുതുറക്കുക. അപ്പോള്‍ ഏഴു കെട്ടുകളുള്ള പവിഴമുത്തുകള്‍ കൊണ്ട് കെട്ടിവച്ച വിശുദ്ധകുപ്പായം പുറത്തെടുക്കും. പിന്നീട് സന്ദര്‍ശകരെല്ലാം അതില്‍ ചുംബിക്കും. ഹൃദയത്തോട് ചേര്‍ത്തുവച്ചുള്ള ചുംബനം. കുപ്പായത്തിന്റെ വലതു ചുമലിലാണ് എല്ലാവരും ചുംബിക്കുക. ചുംബിക്കുന്നവരെല്ലാവരും ഒരു തുണി കൈയില്‍ കരുതിയിട്ടുണ്ടാവും. ആ തുണിവച്ചാണ് ചുംബനം. നനവ് വന്ന് കേടുവരാതിരിക്കാന്‍ വേണ്ടിയാണിത്. എല്ലാവരും അവരുടെ സ്നേഹം കൈമാറുമ്പോള്‍ സുല്‍താനും പ്രധാനമന്ത്രിയും ഇടത്തും വലത്തുമായി നില്‍ക്കുന്നുണ്ടാകും. ആ പേടകത്തിനരികില്‍ അപ്പോള്‍ പ്രീവി ചേംബറിലെ ഗാര്‍ഡുകള്‍ ഉറക്കെയുറക്കെ ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കും. സന്ദര്‍ശനം കഴിയുമ്പോള്‍ സുല്‍താന്‍തന്നെ ആ കുപ്പായം തിരികെ പേടകത്തിനുള്ളില്‍ പഴയപടി പൂട്ടിവയിക്കും. ഓട്ടോമന്‍ സുല്‍താ•ാരുടെ പ്രവാചകസ്നേഹം ഇത്രത്തോളം വര്‍ണശബളമായിരുന്നു. ആ ഐശ്വര്യം ഇപ്പോഴും കാണാന്‍ കഴിയും.

വിശുദ്ധ മേല്‍ക്കുപ്പായം എങ്ങനെയാണ് ഉസ്മാനികള്‍ക്ക് ലഭിച്ചത്? കഅ്ബ്ബ്നു സുഹൈറിന്റെ കൈയില്‍നിന്ന് മുആവിയ(റ) വാങ്ങാന്‍ ശ്രമിച്ചിരുന്നു ഇത്. അന്നത്തെ വന്‍തുകയായ 4000 ദിര്‍ഹം വാഗ്ദത്തം ചെയ്തിട്ടും കഅ്ബ് സമ്മതിച്ചില്ല. അവിടത്ത മരണശേഷം, അനന്തരാവകാശികളാണ് 1000 ദിര്‍ഹമിന് അതുവിറ്റത്. പിന്നീട് ഉമവിയ്യ ഖലീഫമാരും അബ്ബാസീ ഖലീഫമാരും മംലൂക്കുകളും അതു പിടിച്ചെടുത്തു. പക്ഷേ, ഈജിപ്ത്വിജയത്തിനു ശേഷം യവ്സ് സുല്‍ത്താന്‍ സലീം അത് ഇസ്താബൂളിലേക്ക് കൊണ്ടുവന്നു. ഈ കുപ്പായമിരിക്കുന്ന റൂമില്‍ തിരുശേഷിപ്പുകള്‍ മറ്റു പലതുമുണ്ട്. ഉഹ്ദ് യുദ്ധത്തില്‍ പൊട്ടിപ്പോയ തിരുദന്തത്തിന്റെ ഒരു കഷ്ണം, അവരോഹണ സമയത്ത് പ്രവാചകര്‍ കയറിനിന്ന് പാദമുദ്ര പതിഞ്ഞ ഒരു കല്ല്, (നകസി കദമേ ശരീഫ് എന്നാണ് തുര്‍ക്കിയില്‍ വിളിക്കുന്നത്), കറുത്ത വിശുദ്ധപതാക, കഅ്ബയിലെ വെള്ളമൊഴുക്കാന്‍ വേണ്ടി നിര്‍മിച്ച മഴച്ചാലുകള്‍, ബാഗ്ദാദില്‍ കണ്ടെത്തി ഇസ്തംബൂളിലേക്ക് കൊണ്ടുവന്ന പ്രവാചകരുടെ മുദ്ര, പ്രവാചകര്‍ തയമ്മുമിനായി ഉപയോഗിച്ച തയമ്മുംകല്ല്, ഇറാന്‍, ഈജിപ്ത്, ബൈസന്റയിന്‍ സാമ്രാജ്യങ്ങളുടെ മേല്‍വിലാസത്തില്‍ ഇസ്ലാമിന്റെ ആദ്യകാലങ്ങളില്‍ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രവാചകരയച്ച കത്തുകള്‍, മെസ്ഹഫേ ശരീഫ് എന്ന് വിളിക്കപ്പെടുന്ന ഖുര്‍ആന്‍ കയ്യെഴുത്തു പ്രതികള്‍, സുയൂഫേ-മുബാറക് എന്നറിയപ്പെടുന്ന എട്ടു വാളുകള്‍- ഇങ്ങനെ തിരുശേഷിപ്പുകളുടെ ഇസ്ലാമിക ചരിത്രത്തിന്റെ മഹാകലവറ കൂടിയാണ് ടോപ്പ്കോപ്പി കൊട്ടാരം.

നൂറ്റാണ്ടുകളുടെ വ്യതിയാനത്തില്‍ ഒരു വന്‍ സാമ്രാജ്യത്തിന്റെ ഉത്ഥാനപതനങ്ങള്‍ക്ക് സാക്ഷ്യം നിന്ന വല്ലാത്തൊരു മനസ്സാക്ഷിയുടെ കരുത്തുമായാണ് ഈ കൊട്ടാരത്തിന്റ നില്‍പ്പ്. ഇതിന്റെയോരോ മൂലയിലും കുന്നുകൂടിക്കിടക്കുന്ന മഹദ്സ്മാരകങ്ങള്‍ ഇസ്ലാമിന്റെ സുവര്‍ണകാലത്തിന് വെളിച്ചം പകര്‍ന്നവയാണ് സന്ദര്‍ശകരുടെ തിരക്കുപിടിച്ച ആരവങ്ങള്‍ക്ക് നടുവില്‍ ഇന്നും അവയെല്ലാം തലയുയര്‍ത്തി ജീവിക്കുന്നുണ്ടല്ലോ. ഞങ്ങള്‍ ടോപ്പ്കോപ്പിയില്‍ നിന്നിറങ്ങി നടന്നു.

(തുടരും)



രിസാല ഓൺലൈൻ പ്രസിദ്ധീകരിച്ചത്

ലേഖനം ഇവിടെ

Wednesday, February 17, 2010

മദിനയിലേക്കുള്ള വഴി ; മദീനയുടെ വഴിയും


റബീഉല്‍ അവ്വല്‍ 1 (ഫെബ്രുവരി 15, 2010) ന് മാധ്യമം ദിനപത്രം നബി തങ്ങളോടുള്ള സ്നേഹത്തെ കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനം

മദിനയിലേക്കുള്ള വഴി ; മദീനയുടെ വഴിയും



1968ലാണ് ഞാന്‍ ആദ്യമായി മദീനയിലെത്തിയത്. മുഹമ്മദ്നബിയുടെ അന്ത്യവിശ്രമസ്ഥാനമായ വിശുദ്ധറൌദയും മദീനയും സൃഷ്ടിച്ച ആത്മീയാനുഭൂതി ഇന്നും മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നു. തിരുനബി ജീവിക്കുകയും ഒരു ജനതയെ സമ്പൂര്‍ണമായി സംസ്കരിക്കുകയും ചെയ്ത മദീനയുടെ മണ്ണ് ഒരുപാട് കഥകള്‍ നമ്മോട് പറയുന്നു. വിശ്വസ്തന്‍ (അല്‍അമീന്‍) ആയി സര്‍വരാലും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്ത മുത്തുനബി നടന്നുനീങ്ങിയ വഴിയും സഞ്ചരിച്ച പാതയും അവിടത്തെ വിശുദ്ധജീവിതം തൊട്ടറിഞ്ഞ മരുഭൂമിയും ആ വസന്തകുസുമത്തിന്റെ സൌരഭ്യം നുകര്‍ന്ന ഈത്തപ്പനത്തോട്ടങ്ങളും മനസ്സില്‍ സൃഷ്ടിക്കുന്ന വൈകാരികത അവര്‍ണനീയമാണ്. ഇന്നും ദിനംപ്രതി പതിനായിരക്കണക്കിന് വിശ്വാസികളാണ് മക്കയിലും മദീനയിലും എത്തിച്ചേരുന്നത്. തിരുനബിയോടുള്ള അടങ്ങാത്ത സ്നേഹവും അതിരറ്റ ബഹുമാനവും അവിടത്തോടുള്ള പ്രതിബദ്ധതയുംതന്നെ കാരണം.

പ്രവാചകസ്നേഹത്താല്‍ തരളിതരായി മദീനയിലൂടെ കുതിരപ്പുറത്ത് യാത്ര ചെയ്യാന്‍ മടിച്ചവര്‍, ആ തിരുനാമം കേള്‍ക്കുമ്പോള്‍ കണ്ണീര്‍ വാര്‍ത്തവര്‍, തിരുശരീരം കണ്ടമാത്രയില്‍ ബോധരഹിതരായവര്‍, റസൂലിന്റെ പേരെഴുതാന്‍ ശ്രമിച്ചപ്പോള്‍ കൈവിറച്ചവര്‍. ഇങ്ങനെ ചരിത്രത്തിന്റെ ചുമരില്‍ പതിഞ്ഞ ഒട്ടേറെ ചിത്രങ്ങളുണ്ട്.


സ്നേഹത്തിന്റെ ഉദാത്തവും ഉല്‍കൃഷ്ടവുമായ ജീവിതപാഠങ്ങളാണ് സ്വജീവിതത്തിലൂടെ തിരുനബി ലോകത്തിന് പകര്‍ന്നത്. സാംസ്കാരികവും ധാര്‍മികവുമായി മനുഷ്യസമൂഹം ധര്‍മച്യുതിയില്‍ അഭിരമിച്ച ഒരു കാലത്ത് നിയതവും നീതിനിഷ്ഠവുമാര്‍ന്ന ഒരു ദര്‍ശനത്തിലൂടെ പ്രവാചകന്‍ ലോകത്തെ ധാര്‍മികമായി സംസ്കരിച്ചെടുത്തു. മനുഷ്യഹൃദയത്തില്‍ സ്നേഹത്തിന്റെ കൈത്തിരി കൊളുത്തിയാണ് തിരുനബി ജനതയെ നേര്‍വഴിയിലേക്ക് നയിച്ചത്.നന്മയെ സ്നേഹിക്കുകയും തിന്മയെ വെറുക്കുകയും ചെയ്യുക എന്ന ഇസ്ലാമികദര്‍ശനത്തിന്റെ സമ്പൂര്‍ണപാഠങ്ങളെ നെഞ്ചിലേറ്റിയപ്പോള്‍ തിന്മയുടെ വാഹകരായിരുന്ന ഒരു സമൂഹം നന്മയുടെയും സത്യത്തിന്റെയും വക്താക്കളായി മാറി. മനുഷ്യന്റെ മനോഭാവത്തില്‍ മൌലികമാറ്റം വരുത്തിയാണ് റസൂല്‍(സ) ഈ സ്നേഹവിപ്ലവം സൃഷ്ടിച്ചത്.

ഗോത്രങ്ങളെയും കുലങ്ങളെയും സമൂഹകൂട്ടായ്മകളെയും അതിന്റെ പാഥേയങ്ങളില്‍ നിലനിറുത്തുകയും മനസ്സിനെ വിമലീകരിക്കുകയുമാണ് മുഹമ്മദ് നബി ചെയ്തത്. ഇതോടെ ഇസ്ലാമികദര്‍ശനത്തിലേക്ക് ജനങ്ങള്‍ ഒന്നൊന്നായി ഒഴുകിയെത്തി. സത്യവിശ്വാസികള്‍ക്ക് അഭയവും ആശ്വാസകേന്ദ്രവുമായി പ്രവാചകന്‍. എല്ലാറ്റിനെയും എല്ലാവരെയും അവിടുന്ന് സ്നേഹിച്ചു. സഹവര്‍ത്തിത്വത്തോടെ പെരുമാറുകയും സാന്ത്വനത്തിന്റെയും കാരുണ്യത്തിന്റെയും കരസ്പര്‍ശംകൊണ്ട് അവരെ അനുഗ്രഹിക്കുകയും ചെയ്തു. തങ്ങള്‍ ഉന്നതമായ സ്വഭാവത്തിന്റെ ഉടമയാണെന്ന ഖുര്‍ആനികവചനം സ്വജീവിതത്തിലൂടെ അന്വര്‍ഥമാക്കി. സ്നേഹം നല്‍കിയവര്‍ക്ക് സ്നേഹം തിരിച്ചുകിട്ടുമെന്ന് അരുള്‍ ചെയ്തു. ഈ സ്നേഹപാഠങ്ങളാണ് എന്നും മാനവരാശിയുടെ വിമോചനമന്ത്രവും വിജയനിദാനവും.ഒരാള്‍, മറ്റൊരാളെ സ്നേഹിക്കുന്നതിന് കാരണമായി മൂന്ന് കാര്യങ്ങളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സൌന്ദര്യം തുടങ്ങിയ ബാഹ്യഗുണങ്ങള്‍, വിജ്ഞാനം തുടങ്ങിയ ആന്തരികഗുണങ്ങള്‍, അയാളില്‍നിന്ന് ലഭിക്കുന്ന നന്മകളും ഉപകാരങ്ങളും. ഒരു വ്യക്തിയില്‍ ഒത്തുചേരുന്ന ഗുണങ്ങളുടെ എണ്ണത്തിന്റെയും വണ്ണത്തിന്റെയും അനുപാതമനുസരിച്ചായിരിക്കും സ്നേഹത്തിന്റെ ഏറ്റക്കുറച്ചില്‍. സുന്ദരനോടും അതിസുന്ദരനോടുമുള്ള സ്നേഹം തുല്യമല്ല. പണ്ഡിതനോടും, മഹാപണ്ഡിതനോടുമുള്ള സ്നേഹങ്ങള്‍ തമ്മിലുമുണ്ട് അന്തരം. അപ്രകാരം തന്നെ ചെറിയ ഗുണം ചെയ്തവരോടുള്ള സ്നേഹമാവില്ല വലിയ ഗുണം ചെയ്തവരോട്.

എന്നാല്‍, സ്നേഹത്തിനുള്ള എല്ലാ നിമിത്തങ്ങളും സമഗ്രമായി ഒരു വ്യക്തിയില്‍ ഒത്തുചേര്‍ന്നാലോ? ആ വ്യക്തി ലോകത്ത്, എല്ലാവരാലും, എപ്പോഴും, ഏറ്റവും സ്നേഹിക്കപ്പെടാന്‍ അര്‍ഹനായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അങ്ങനെ ഒരു വ്യക്തി പക്ഷേ ഉണ്ടാകുമോ? അതു സംഭവ്യമാണോ? അതേ, സംഭവ്യമാണ്. ലോകം ആ വ്യക്തിയെ നേര്‍ക്കണ്ണില്‍ കണ്ടു. ആ അതുല്യമായ വ്യക്തിപ്രഭാവത്തെ ശത്രുമിത്ര ഭേദമെന്യേ രേഖപ്പെടുത്തി. ബുദ്ധി, സൌന്ദര്യം, പ്രസന്നത, പ്രതിഭാശക്തി, സദാചാരം, സദ്സ്വഭാവം, സഹനം, സഹിഷ്ണുത, വിശാലമനസ്കത, വിശാലവീക്ഷണം, ദീര്‍ഘദര്‍ശനം, കാരുണ്യം, മഹാമനസ്കത, ധൈര്യം, സ്ഥൈര്യം, സാഹസികത, ഭരണം, നേതൃത്വം, സ്വാധീനം, നയതന്ത്രം, നീതിന്യായം, യുദ്ധപാടവം, സൈന്യാധിപത്യം, അധ്യാപനം, സംസ്കരണം, സമുദ്ധാരണം, പ്രസംഗം, ഉപദേശം, ശിക്ഷണം, സ്ഥിരോത്സാഹം, ആത്മാര്‍ഥത, പ്രവര്‍ത്തനം, സേവനം, സംഘാടനം, എല്ലാ മഹദ് ഗുണങ്ങളിലും അക്ഷരാര്‍ഥത്തില്‍ അതുല്യമായ ഒരു മഹാവ്യക്തിത്വത്തെ നാം ചരിത്രത്തില്‍ കാണുന്നു. അതാണ് ലോക പ്രവാചകനായ മുഹമ്മദ്നബി (സ).

മനുഷ്യസമൂഹത്തിന്റെ മോക്ഷത്തിനും സമുദ്ധാരണത്തിനും നബി ചെയ്ത ഏറ്റവും വലിയ സേവനമാണ് ഏറ്റം ശ്രദ്ധേയം. ഏതൊരു പരിഷ്കര്‍ത്താവിനും അസാധ്യമായ വിപ്ലവമാണ് തിരുനബി സാധിച്ചത്. പ്രവാചകരുടെ പ്രഥമസംബോധിതരായ അറബികളുടെ ദുരവസ്ഥയേക്കാള്‍ ദയനീയമായിരുന്നു റോമാ പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളുടെയും യൂറോപ്പിന്റെയും സ്ഥിതി. എച്ച്.ജി.വെല്‍സിന്റെ വരികളില്‍: 'ബൈസാന്റിയന്‍ സാമ്രാജ്യവും പേര്‍ഷ്യന്‍സാമ്രാജ്യവും നശീകരണപോരാട്ടങ്ങളിലായിരുന്നു. ഇന്ത്യയാകട്ടെ തദവസരം ഛിദ്രതയിലും ദുഃസ്ഥിതിയിലുമായിരുന്നു' (A Short History of the World p. 244). അഞ്ചാം നൂറ്റാണ്ടുമുതല്‍ പത്താം നൂറ്റാണ്ടുവരെ യൂറോപ്പിലുടനീളം തമോരാത്രി വ്യാപിച്ചിരുന്നുവെന്ന് റോബര്‍ട്ട് ബ്രിഫോള്‍ട്ട്. നാഗരിക ലോകം മുഴുവന്‍ അക്കാലത്ത് നാശവക്ത്രത്തിലെത്തിയിരുന്നുവെന്നാണ് ജെ. എച്ച്. ഡെനിസന്‍ പറയുന്നത്.ഈ തലതിരിഞ്ഞ ലോകത്തിന്റെ ഗതിക്കു മാറ്റം വരുത്തി ഒരു വിശ്വോത്തര സമുദായത്തെ വാര്‍ത്തെടുക്കുക ക്ഷിപ്രസാധ്യമല്ല.

പ്രസിദ്ധ ഫ്രഞ്ച്സാഹിത്യകാരനായ ലാമാര്‍ട്ടിന്‍ നബിയുടെ നിരുപമവിജയത്തിനു മുമ്പില്‍ തലകുനിക്കുന്നു: 'ഇത്രയും മഹോന്നതമായ ഒരു ലക്ഷ്യത്തിനായി ഒരു മനുഷ്യനും ഇറങ്ങിത്തിരിച്ച ചരിത്രമില്ല. കാരണം ഈ ലക്ഷ്യം മനുഷ്യ കഴിവിന് അതീതമായിരുന്നു. മനുഷ്യന്റെയും സ്രഷ്ടാവിന്റെയും ഇടയ്ക്കു സൃഷ്ടിക്കപ്പെട്ട മിഥ്യാഭിത്തികള്‍ തകര്‍ക്കുകയും മനുഷ്യനെ കൈപിടിച്ച് നാഥന്റെ പടിവാതില്‍ക്കലേക്ക് ആനയിക്കുകയും ഉജ്വലവും സംശുദ്ധവുമായ ഏകദൈവസിദ്ധാന്തം, സര്‍വവ്യാപകമായ വിഗ്രഹാരാധനയുടെയും ഭൌതികദൈവങ്ങളുടെയും കാര്‍മേഘാന്തരീക്ഷത്തില്‍, യാഥാര്‍ഥ്യമാക്കുകയുമായിരുന്നു ആ പരമോന്നത ലക്ഷ്യം. ചെറുതും നിസ്സാരവുമായ ഉപാധികളുമായി ഇവ്വിധം ദുര്‍വഹവും എന്നാല്‍, അതിപ്രധാനവും അത്യുദാത്തവുമായ ഉത്തരവാദിത്തം മറ്റൊരു മനുഷ്യനും ഏറ്റെടുത്ത സംഭവമുണ്ടായിട്ടില്ല'.

ഇക്കാരണം കൊണ്ടു തന്നെയാണ് ഇരുനൂറ് വര്‍ഷംമുമ്പ് തോമസ് കാര്‍ലൈല്‍ സകല പ്രവാചകന്മാരുടെയും കൂട്ടത്തില്‍ നിന്ന് മുഹമ്മദ് നബിയെ ഏറ്റവും വലിയ ചരിത്രപുരുഷനായി തിരഞ്ഞെടുത്തത്. ഇരുപതാംനൂറ്റാണ്ടിന്റെ അന്ത്യത്തില്‍ മൈക്കല്‍ എച്ച്. ഹാര്‍ട്ട് ചരിത്രത്തില്‍ ഏറ്റം സ്വാധീനം ചെലുത്തിയ നൂറ് മഹാന്മാരുടെ ചരിത്ര പട്ടികയുള്‍ക്കൊള്ളിച്ചു ഗ്രന്ഥമെഴുതിയപ്പോള്‍ നബിക്ക് പ്രഥമസ്ഥാനം നല്‍കിയതിന്റെ കാരണവും മറ്റൊന്നല്ല.വിശ്വവിമോചകനായ മുഹമ്മദ്നബിയെ സ്നേഹിക്കാന്‍ ലോകം മുഴുവന്‍ കടപ്പെട്ടിരിക്കുന്നു. 'സകലലോകത്തിനും അനുഗ്രഹമായിട്ടു മാത്രമാണ് താങ്കളെ നിയോഗിച്ചിട്ടുള്ളത്' എന്നാണ് ഖുര്‍ആന്റെ പ്രസ്താവന. മനുഷ്യന്റെ പ്രഥമമായ പരമസ്നേഹം സ്രഷ്ടാവായ അല്ലാഹുവോടായിരിക്കണം. അടുത്ത പടി അല്ലാഹുവിന്റെ പ്രവാചകരായ തിരുനബിയോട്. അഥവാ സൃഷ്ടികളില്‍ ഏറ്റം വലിയ സ്നേഹം പ്രവാചകരോട്. ഈ സ്നേഹം സത്യവിശ്വാസത്തിന്റെ മൌലികഘടകമാണ്. 'പറയുക, നിങ്ങളുടെ പിതാക്കളും പുത്രന്മാരും സഹോദരങ്ങളും ഇണകളും കുടുംബങ്ങളും സമ്പാദിച്ച സ്വത്തുക്കളും മാന്ദ്യം ഭയപ്പെടുന്ന കച്ചവടച്ചരക്കുകളും ഇഷ്ടപ്പെട്ട മണിമാളികകളുമാണ്, അല്ലാഹുവേക്കാളും പ്രവാചകനേക്കാളും അവന്റെ മാര്‍ഗത്തിലെ ധര്‍മസമരത്തേക്കാളും നിങ്ങള്‍ക്ക് പ്രിയങ്കരമെങ്കില്‍ അല്ലാഹു അവന്റെ കല്‍പന നടപ്പില്‍ വരുത്തുന്നതുവരെ നിങ്ങള്‍ കാത്തിരിക്കുക. അതിക്രമികളായ ജനതയെ അല്ലാഹു സന്മാര്‍ഗത്തിലാക്കുകയില്ല' (ഖുര്‍ആന്‍ 9:24).

തന്റെ സന്താനങ്ങള്‍, മാതാപിതാക്കള്‍, മറ്റു ജനങ്ങള്‍ ഇവരെല്ലാവരേക്കാളും എന്നെ സ്നേഹിക്കുന്നതുവരെ ഒരാളും സത്യവിശ്വാസിയാവുകയില്ലെന്ന തിരുനബിയുടെ പ്രസ്താവന സുപ്രസിദ്ധമാണ്. ഉമര്‍ ഫാറൂഖ് ഒരിക്കല്‍ നബിയോട് പറഞ്ഞു: 'അല്ലാഹുവാണ്, ഞാന്‍ അങ്ങയെ, എന്റെ ശരീരത്തിലെ ആത്മാവൊഴിച്ചുള്ള മറ്റെല്ലാ വസ്തുക്കളെക്കാളും പ്രിയങ്കരമായി കാണുന്നു.' അപ്പോള്‍ നബി പറഞ്ഞു: സ്വന്തം ആത്മാവിനേക്കാളും ഞാന്‍ ഒരാള്‍ക്ക് പ്രിയങ്കരനാകുന്നതുവരെ ഒരാളും സത്യവിശ്വാസിയാവുകയില്ല. ഉടനെ ഉമര്‍ ഇങ്ങനെ പ്രതികരിച്ചു: അങ്ങേക്ക് വിശുദ്ധഗ്രന്ഥം അവതരിപ്പിച്ചവന്‍ തന്നെ സത്യം, എന്റെ ശരീരത്തിലെ ആത്മാവിനേക്കാളും അങ്ങ് എനിക്ക് പ്രിയങ്കരനാണ്.'

എന്താണ് സ്നേഹത്തിന്റെ ലക്ഷണം?

പ്രവാചകസ്നേഹത്തിന്റെ പ്രഥമ ലക്ഷണം അനുസരണവും അനുകരണവുമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: 'നബീ, പറയുക, നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ അനുഗമിക്കുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കും.'

അപ്പോള്‍, നബിചര്യ ജീവിതത്തില്‍ പകര്‍ത്തണം. മനോധര്‍മങ്ങളില്‍ നബിയെ അനുകരിക്കണം. അതാണ് സ്നേഹത്തിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷണം. തിരുനബി അനസുബ്നു മാലിക് എന്ന ശിഷ്യനു നല്‍കിയ ഉപദേശം കാണുക: 'കുഞ്ഞുമകനേ, നിന്റെ മനസ്സില്‍ ഒരാളോടും അസൂയയും പകയുമില്ലാതെ, പ്രഭാതത്തെയും പ്രദോഷത്തെയും അഭിമുഖീകരിക്കാന്‍ ശ്രമിക്കുക. അതെന്റെ ചര്യയില്‍പെട്ടതാണ്. എന്റെ ചര്യ വല്ലവനും ജീവിപ്പിച്ചാല്‍ അവന്‍ എന്നെ സ്നേഹിച്ചു. എന്നെ ആരെങ്കിലും സ്നേഹിച്ചാല്‍ അവന്‍ എന്നോടൊപ്പം സ്വര്‍ഗത്തിലായി'


Monday, February 15, 2010

വീണ്ടും വസന്തം വന്നണഞ്ഞു !


പുണ്യ റസൂലിന്റെ പിറവിയാൽ അനുഗ്രഹീതമായ റബീ‌ഉൽ അവ്വൽ മാസം വീണ്ടും ആഗതമായിരിക്കുന്നു. നബിദിനാഘോഷത്തെ പറ്റിയും മറ്റും വിശദമായി വിവരിക്കുന്ന നിരവധി ലേഖനങ്ങൾ മുസ്ലിം‌പാത്ത്.കോം പ്രസിദ്ധീകരിച്ചിരിക്കുന്നു


ഇവിടെ ക്ലിക് ചെയ്ത് വായിക്കാം

Wednesday, February 10, 2010

ഇസ്‌തംബൂൾ -യാത്രാ വിവരണം-1

ഇസ്തംബൂൾ ;പാദമുദ്രകളുടെ ആലിംഗനം
ഡോ: എ.പി. അബ്ദുൽ ഹകീം അസ്‌ഹരി


ടര്‍ക്കിഷ്എയര്‍ലൈന്‍സിന്റെ പടികളിറങ്ങി അറ്റാതുര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കാലുകുത്തുമ്പോള്‍ മനസ്സ് മുഴുവന്‍ ചരിത്രത്തിന്റെ സമ്മിശ്രമായ വികാരങ്ങളാല്‍ നിറഞ്ഞിരുന്നു. പുറത്ത് ടര്‍ക്കിഷ് സുഹൃത്ത് അബ്ദുല്‍ സലീം കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ടര്‍ക്കിഷ്ഭാഷയുടെ ചെരിഞ്ഞ സൌന്ദര്യമുള്ള സ്വരത്തില്‍ സലീം ഞങ്ങളെ അഭിവാദനം ചെയ്തു സ്വീകരിച്ചു. ഇസ്തംബൂള്‍ നഗരത്തിന്റെ ഐതിഹാസിക പ്രൌഢിയിലേക്ക് ലയിച്ചു ചേരുകയായിരുന്നു പിന്നീട് ഞങ്ങള്‍, പതിയെപ്പതിയെ.

യൂറോപ്പും ഏഷ്യയും- നാഗരികതകളുടെ രണ്ടു എതിര്‍ധ്രുവങ്ങള്‍. ഇസ്തംബൂള്‍ നഗരത്തില്‍ നിന്നു മാത്രം ലഭിക്കുന്ന കാഴ്ചയുടെ അപൂര്‍വതയിലേക്കാണ് ഞങ്ങള്‍ സഞ്ചരിച്ചത്. ഇവിടെ ഈ രണ്ട് ഭൂഖണ്ഡങ്ങളും കൈപിടിച്ചു നില്‍ക്കുന്നു. ഒരു മധ്യവര്‍ത്തിയുടെ റോള്‍ നിര്‍വഹിച്ചുകൊണ്ട് ബോസ്ഫറസ് പാലം. മാര്‍മറ കടലിനെയും കരിങ്കടലിനെയും ബന്ധിപ്പിക്കുന്ന ബോസ്ഫറസ് കടലിടുക്കിനു മുകളിലൂടെ ഏഷ്യയിലേക്കും യൂറോപ്പിലേക്കും ഈ പാലം ആളുകളെയും ചരക്കുകളെയും വഹിക്കുന്നു. ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും അനുഗൃഹീതമായ ഇസ്താംബൂള്‍ നിറഞ്ഞുതുളുമ്പുന്ന ചരിത്രത്തിന്റെ മണിച്ചെപ്പാണ്. വശങ്ങളിലേക്ക് ചിതറുകയും ഇടയ്ക്കുവച്ചു മുറിയുകയും ചെയ്യുന്ന നഗരങ്ങളും ചത്വരങ്ങളും നേര്‍ത്ത അലകളുള്ള സമൃദ്ധമായ ചെറുപുഴകളും സൌന്ദര്യത്തിന്റെ ദീപ്തിലേക്ക് നയിക്കുന്നു. ഈ പുഴകളില്‍ ചിലത് മാര്‍മറ കടലിലേക്ക് ചേരുമ്പോള്‍ ചിലത് കരിങ്കടലിലേക്ക് മറിയുന്നു. ഇസ്തംബൂളിന്റെ സാമൂഹികത പ്രകൃതിയുടെ ഈ നാനാത്വത്തെ സ്വാംശീകരിച്ചിട്ടുണ്ടെന്നു തോന്നും.

പുരാവസ്തുശാസ്ത്രത്തിന്റെ ഗവേഷണങ്ങള്‍ ബി.സി. രണ്ടായിരം മുതലുള്ള ജനവാസം കണ്ടെത്തിയിട്ടുണ്ടിവിടെ. ത്രേഷ്യന്‍സ് ഗോത്രത്തിന്റെ അധ്വാനമാണ് ഇസ്തംബൂളിന്റെ നിര്‍മാണത്തില്‍ കലാശിച്ചതെന്ന് പ്രാചീന യുഗത്തിന്റെ ചരിത്രകാര•ാര്‍ ഹെറഡോട്ടസും പോളി ബയോസും രേഖപ്പെടുത്തുന്നുണ്ട്. ഗ്രീക്ക് അന്ധവിശ്വാസങ്ങളും ബൈസന്റയിന്‍ സാമ്രാജ്യത്തിന്റെ കിരാതത്തങ്ങളും നേര്‍ക്കുനേര്‍ കണ്ട മണ്ണാണിത്. പേര്‍ഷ്യയിലെ ദാരിയസും റോമന്‍ സാമ്രാജ്യത്തിന്റെ കുലപതികളും മോഹിക്കുകയും ആക്രമിക്കുകയും ചെയ്ത നഗരമാണിത്. എ.ഡി. 340-ലാണ് റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റന്റൈന്‍ ഇസ്തംബൂളിനെ തന്റെ തലസ്ഥാനമാക്കുന്നത്. പിന്നീട് കോണ്‍സ്റാന്റിനോപ്പിള്‍ എന്നായിരുന്നു നഗരം വിളിക്കപ്പെട്ടത്.

പ്രവചിക്കപ്പെട്ട ദ്വിഗ്വിജയം

'കോണ്‍സ്റാന്റിനോപ്പിള്‍ കീഴടക്കപ്പെടും, അതിലെ യുദ്ധ നായകന്‍ എന്തൊരു നല്ല നായകനാണ്! ആ സൈന്യം എന്തൊരു നല്ല സൈന്യമാണ്!'” തിരുനബി (സ)യുടെ പ്രശസ്തമായൊരു പ്രവചനമായിരുന്നു ഇത്. സമ്പല്‍സമൃദ്ധിയുടെയും ഭൌതികവികാസത്തിന്റെയും പൊങ്ങച്ചത്തിലാറാടിയിരുന്ന റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനം, അന്ന് ഒന്നുമല്ലാതിരുന്ന മുസ്ലിം സൈന്യം കീഴടക്കുന്നത് സങ്കല്പിക്കാവുന്നതിലപ്പുറമായിരുന്നു. പിന്നീട് ഇസ്ലാമിന്റെ പ്രതാപകാലങ്ങളില്‍ ‘ആ 'നല്ല സൈന്യം, നല്ല യുദ്ധനായകന്‍' എന്ന തിരുവിശേഷണങ്ങള്‍ തനിക്കു ലഭിക്കണം എന്ന വാശിയില്‍ ധീരരായ പല സ്വഹാബികളും കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് പട നയിച്ചിട്ടുണ്ട്. അബൂ അയ്യൂബുല്‍ അന്‍സ്വാരി അവരില്‍ പ്രമുഖനായിരുന്നു. മദീനയിലേക്കുള്ള തിരുനബിയുടെ പലായനത്തിനന്ത്യം കുറിച്ച് നബി (സ) യുടെ ഒട്ടകം മുട്ടു കുത്തിയത് ഈ അന്‍സ്വാരിയുടെ വീടിനു മുമ്പിലായിരുന്നല്ലോ. അദ്ദേഹത്തിന്റെ കോണ്‍സ്റാന്റിനോപ്പിള്‍ മോഹം നിറവേറ്റപ്പെട്ടില്ലെങ്കിലും പില്‍ക്കാലത്ത് ഇസ്തംബൂളിലെ ഒരു പ്രധാന ഇടമായി അദ്ദേഹത്തിന്റെ അന്ത്യവിശ്രമ കേന്ദ്രം മാറി. ‘അയ്യൂബ് ’ എന്നാണ് അവിടെ ഇപ്പോള്‍ അറിയപ്പെടുന്നത്.

തിരുനബി (സ) യുടെ പ്രവചനത്തിലെ നല്ല നായകന്‍ എന്ന വിശേഷണം നേടിയെടുത്തത് സുല്‍ത്വാന്‍ മുഹമ്മദ് ഫാത്വിഹ് രണ്ടാമനാണ്. ഫാത്വിഹ് എന്നാല്‍ കീഴടക്കിയവന്‍ (ഠവല ഇീിൂൌലൃീൃ) എന്നര്‍ഥം. പ്രചകളെ അടിമത്തത്തിലേക്കു തള്ളി സുഖങ്ങളിലാറാടിയിരുന്ന റോമാ സാമ്രാജ്യതിന്റെ ഉരുക്കുകോട്ടകളെ വിറപ്പിച്ചുകൊണ്ടാണ് ഫാത്വിഹ് മുഹമ്മദ് ഈ ദ്വിഗ്വിജയം നേടിയത്.

ഉസ്മാനിയ ഖിലാഫത്തിന്റെ തീര്‍ത്ഥസ്മൃതികളിലൂടെയാണ് യാത്രയിലുടനീളം ഞങ്ങള്‍ കടന്നുപോയത്. അഹ്ലുസ്സുന്ന:യുടെ പ്രൌഢ ചിഹ്നങ്ങളുടെ തെളിച്ചം ഉസ്മാനിയ പൈതൃകങ്ങളില്‍ കാണാനായി. വിശുദ്ധരും ജനസേവകരും എന്ന് കീര്‍ത്തിപെറ്റ ഉസ്മാനിയ ചക്രവര്‍ത്തിമാരില്‍ പ്രമുഖനായിരുന്നു ഫാത്വിഹ് മുഹമ്മദ്. അദ്ദേഹത്തിന്റെ ഭരണകാലം മതസഹിഷ്ണുതയുടെ പുകള്‍പെറ്റ ഈടുവയ്പ്പുകള്‍ക്ക് ജ•ം നല്‍കി. ഓര്‍ത്തഡോക്സ് ചര്‍ച്ച് അദ്ദേഹത്തിന്റെ വരുതിയിലായി. അഹ്ലുസ്സുന്ന:യും മുഅ്തസിലയുമായി നടന്ന ആശയ സംവാദങ്ങളില്‍ സത്യത്തിന്‍ ഉപോല്‍ബലകമായി സുന്നികള്‍ ഈ പ്രവാചകപ്രവചനം ഉദ്ധരിക്കാറുണ്ട്. അശ്അരിയ്യാ മദ്ഹബ് പിന്‍പറ്റുന്ന സുന്നിയാണല്ലോ ഫാത്വിഹ് മുഹമ്മദ്. നല്ല നായകന്‍, നല്ല സൈന്യം എന്ന വിശേഷണങ്ങള്‍ അഹ്ലുസ്സുന്ന:യിലേക്കാണ് ചേരുന്നത് എന്നാണ് സുന്നികളുടെ ഖണ്ഡിതമായ വാദം.

* * * * *

‘അയ്യൂബ്... ഇസ്തംബൂളിന്റെ മഹിമകളിലൊന്നാണ് ഈ സ്ഥലം. മനോഹരമായി അലങ്കൃതമായ മസ്ജിദും അബൂ അയ്യൂബുല്‍ അന്‍സ്വാരിയുടെ മഖാംശരീഫ് സമുച്ചയവും സഞ്ചാരികളുടെ പ്രധാന സന്ദര്‍ശനകേന്ദ്രമാണ്. ഇത് അന്‍സ്വാരിയുടെ തീക്ഷ്ണമായ ആഗ്രഹത്തിന്റെ പ്രതിഫലനം പോലെ തോന്നിച്ചു. ഒരു ദിവസം ഞങ്ങളുടെ സുബ്ഹി നമസ്കാരം അയ്യൂബിലായിരുന്നു. വളരെ ദൂരെ നിന്നുപോലും ആളുകളിവിടെ സുബ്ഹി നിസ്കാരത്തിനെത്തുന്നത് ഒരത്ഭുതമായി തോന്നി. ഫജ്റിനുമുമ്പ് തന്നെ എത്തുകയും ഖുര്‍ആന്‍ പാരായണം ആരംഭിക്കുകയും ചെയ്യുന്നു. എത്തിച്ചേരുന്നവരെല്ലാം തഹജ്ജുദ് നിസ്കരിച്ച് ഖുര്‍ആന്‍ പാരായണം ശ്രദ്ധിച്ചിരിക്കുകയും ഉത്തരം ചെയ്യുകയും ചെയ്യുന്നു. തുടര്‍ന്ന് ഒരാള്‍ സുന്നത്ത് നിസ്കാരത്തിനായി വിളിച്ചു പറയുന്നു. എല്ലാവരും എഴുന്നേറ്റ് സുന്നത്ത് നിസ്കരിക്കുന്നു. പിന്നീട് മുത്ത്നബി(സ)യുടെയും ബിലാല്‍ (റ)ന്റെയും പേരില്‍ ഫാത്വിഹയും മുഅവ്വിദതൈനിയും ഓതിയതിനു ശേഷം ഇമാം മിഹ്റാബില്‍ കയറിയിരിക്കുന്നു. ഇഖാമത്ത് കൊടുക്കുമ്പോള്‍ ഇമാം എഴുന്നേല്‍ക്കുന്നു. അപ്പോള്‍ എല്ലാവരും എഴുന്നേല്‍ക്കുന്നു.

നിസ്കാരത്തിനു ശേഷം ദിക്റും ദുആയും കഴിഞ്ഞ് വീണ്ടും ഫാത്വിഹ ഓതുന്നു. ശേഷം മഖാമില്‍ ഇമാമിന്റെ നേതൃത്വത്തില്‍ സമൂഹസിയാറത്ത് നടക്കുന്നു. അഹ്ലുസ്സുന്നയുടെ പവിത്രമായ പാരമ്പര്യങ്ങള്‍. മസ്ജിദുകളില്‍ മിമ്പറിനു പുറമെ, മറ്റു സമയങ്ങളില്‍ ക്ളാസുകളും പ്രസംഗങ്ങളും നടത്തുന്നതിനായി പ്രത്യേകപീഠം സജ്ജീകരിച്ചിട്ടുണ്ട്. ബാങ്ക് വിളിക്കാനും ഖുര്‍ആന്‍ പാരായണം ചെയ്യാനും മറ്റുമായി മറ്റൊരു സ്റേജ് പിന്‍ഭാഗത്ത് വേറെയും കാണാം. മഹാ•ാരുടെ ഖബറുകളില്‍ മാര്‍ബിള്‍ കല്ലുകള്‍കൊണ്ടു നിര്‍മിച്ച വലിയ ഉയരമുളള നിശാന്‍ കല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പണ്ഡിത•ാരുടെ ഖബറുകളില്‍ തലപ്പാവ് മാര്‍ബിളില്‍ തന്നെ കൊത്തിയതും കാണാം. ഖബര്‍ ഉയര്‍ത്തലും ഖുബ്ബകള്‍ സ്ഥാപിക്കലും എല്ലാം ഇവിടത്തെ പതിവ് തന്നെയാണ്. ഇതെല്ലാം കാണുമ്പോള്‍ നാട്ടിലെ ഉല്‍പതിഷ്ണുക്കളെ സഹതാപപൂര്‍വം ഓര്‍മയില്‍ വന്നു. വിശാലവും പുഷ്കലവുമായ പാരമ്പര്യത്തിന്റെ മുറിയാത്ത ഈ കണ്ണികളില്‍ നിന്നാണ് ഇക്കൂട്ടര്‍ ഒളിച്ചോടുന്നത്. മുഹമ്മദ് എന്നു പേരു വച്ച വ്യക്തികളെ അവര്‍ ആ പേരില്‍ അഭിസംബോധന ചെയ്യാറില്ല. മെഹ്മദ് എന്നാണ് അവര്‍ക്ക് വഴക്കം. മുഹമ്മദ് മുത്തുനബി(സ)യെ മാത്രം വിളിക്കാനുള്ളതാണ്. അല്ലാത്ത പക്ഷം അത് അനാദരവായിപ്പോകും എന്നാണ് അവരുടെ ഭയം. ഭാഷയില്‍ സൌകര്യപൂര്‍വം വരുത്തുന്ന ഈ പകര്‍ച്ചയെക്കുറിച്ച് കേരളത്തിലെ പ്രമുഖ പണ്ഡിതനും മുഫ്തിയുമായിരുന്ന അഹമ്മദ്കോയ ശാലിയാതിയുടെ ഫത്വയുണ്ട്. ഫതാവല്‍ അസ്ഹരിയ്യയില്‍. കേരളത്തില്‍ ചില ഭാഗങ്ങളില്‍ മുഹമ്മദിനെ മയമ്മദ്, മമ്മദ് എന്നു മാറ്റം വരുത്തി വിളിക്കുന്നത് പ്രവാചക ആദരവിന്ന് അഭികാമ്യമാണെന്നാണ് ശാലിയാത്തിയുടെ പക്ഷം. തുര്‍ക്കിയില്‍ കാണാന്‍ കഴിഞ്ഞ പാരമ്പര്യവും ഇതുതന്നെ.

പ്രസിദ്ധമായ ആയസോഫിയ മ്യൂസിയത്തിലെ സുന്ദരമായ വൃത്ത പാനലുകളും ശ്രദ്ധേയമാണ്. ഇസ്ലാമിക കലകളുടെ ആവിഷ്കാര സാധ്യതകള്‍ പ്രയോഗിച്ച കാലയളവായിരുന്നു ഉസ്മാനിയ ഭരണം. ‘അല്ലാഹു, മുഹമ്മദ്, അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി, ഹസ്സന്‍, ഹുസൈന്‍’എന്നീ പേരുകള്‍ വൃത്തപാനലുകളില്‍ കൊത്തിവച്ചിരിക്കുന്നു. 7.5 മീറ്റര്‍ ആരത്തിലുള്ള വലിയ വൃത്തങ്ങള്‍. പ്രസിദ്ധനായിരുന്ന കാലിഗ്രാഫര്‍ മുസ്ത്വഫ ഇസ്സത്ത് അഫന്ദിയാണ് ഈ മഹല്‍ സൃഷ്ടിയുടെ രചയിതാവ്. ഇസ്ലാമിക ലോകത്തുതന്നെ ഏറ്റവും വലിയ ലിഖിതമായി കണക്കാക്കപ്പെടുന്നത് ഈ സൃഷ്ടിയാണ്. ആയാസോഫിയയുടെ താഴികക്കുടത്തിനു നടുവിലായി വിസ്മയകരമാം വിധം സൂറത്തുന്നൂറിലെ 35-ാം വചനം എഴുതിച്ചേര്‍ത്തതും ഇതേ കലാകാരനാണ്. ആധ്യാത്മികത സ്ഫുരിക്കുന്ന പരിസരങ്ങളില്‍ നിന്നുത്ഭവിക്കുന്നതാണ് ഈ അനുഗൃഹീത ശില്പങ്ങള്‍. കുളിര്‍മയുള്ള ഈ കാഴ്ചകളില്‍ കണ്ണുപതിപ്പിച്ചു ഞങ്ങള്‍ മുന്നോട്ടുപോയി.

* * * * * * * * * * * * *

സുല്‍ത്വാന്‍ അഹമ്മദ് ചത്വരം

ഇസ്തംബൂളിലെ ഏറ്റവും പ്രധാനപ്പെട്ട മേഖല. തിരക്കുകൂട്ടിയോടുന്ന ജനസഞ്ചയങ്ങള്‍. ചരിത്രവും പുരാവസ്തുശാസ്ത്രവും കലയും നല്‍കിയ സങ്കീര്‍ണമായ ഘടന. ‘ചരിത്രപ്രധാനമായ ഉപദ്വീപ് ’എന്നാണ് ഇതേക്കുറിച്ച് പരാമര്‍ശിക്കപ്പെടുന്നത്. കിഴക്കന്‍ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഇവിടം. ബൈസന്റൈന്‍ കാലഘട്ടത്തില്‍ നിര്‍മ്മിച്ച കെട്ടിടങ്ങളും ക്ഷേത്രങ്ങളും കൊട്ടാരങ്ങളും നഗരചുമരുകളും വലിയ കുളിപ്പുരകളും അവശിഷ്ടങ്ങളായി കാണാം. ആയാസൂഫിയയും സുല്‍ത്വാന്‍ അഹമ്മദ് ചത്വരവും ടോപ്കാപ്പി പാലസും ഇസ്തംബൂളിന്റെ ഹൃദയഭാഗങ്ങളാണ്.

ഒരു ദിവസം ഉച്ച ഭക്ഷണത്തിനായി ഞങ്ങള്‍ ഏഷ്യന്‍ ഭാഗത്തുള്ള ‘ചംല്ജ’എന്ന കുന്നിന്‍ മുകളിലെ റസ്റോറന്റില്‍ പോയി. ഇസ്തംബൂള്‍ നഗരം മുഴുവനും ഇവിടെ നിന്ന് കാണാന്‍ സാധിക്കും. നഗരത്തിലെ ഏറ്റവും ഉയരംകൂടിയ ഇടമാണിത്. ഒരാകാശദൃശ്യം പോലെ താഴെ ഇസ്തംബൂള്‍. നിരത്തുകളുടെ കറുത്തവരകള്‍ക്കിടയില്‍ ഒരു പച്ചപ്പ്. ഉയര്‍ന്നു നില്‍ക്കുന്ന മിനാരങ്ങള്‍ ഭൂതകാലത്തിന്റെ മഹദ്സ്മരണകളെ വിളിച്ചറിയിക്കുന്നു. രമ്യഹര്‍മ്യങ്ങളുടെ വര്‍ണച്ചായം പോലെ പൌരാണികത! അവയില്‍ ഒരു വൃദ്ധന്റെ നിഷ്കളങ്ക മുഖഭാവം, ദേവദാരുവിന്റെ കാടുതീര്‍ത്ത കുന്നുകള്‍, മധ്യത്തില്‍ പച്ചകലര്‍ന്ന നീലനിറത്തില്‍ കണ്ണഞ്ചിക്കുന്ന കപ്പല്‍ തലങ്ങും വിലങ്ങുമായി ബോസ്ഫറസിലൂടെ കടന്നുപോകുന്നു. ചംലജയില്‍ വിദേശ ടൂറിസ്റുകളെയും അങ്ങിങ്ങായി കാണാന്‍ കഴിഞ്ഞു. മാറിയ കാലത്തിന്റെയും ചരിത്രത്തിന്റെയും പ്രതിനിധികളെപ്പോലെ അവര്‍ ഉല്ലസിക്കുന്നു.

(തുടരും....)

കടപ്പാട്
www.risalaonline.com

article here