Monday, February 22, 2010

ഇസ്തബൂൾ യാത്ര-ഭാഗം-2

യാത്രാ വിവരണം
ഡോ.എ.പി. അബ്ദുൽ ഹകീം അസ്‌ഹരി

(ഭാഗം ഒന്ന് ഇവിടെ വായിക്കാം )

ഉസ്മാനിയ്യാ ഖിലാഫത്തിന്റെ ചില സ്മാരകങ്ങള്‍ വാസ്തുവിദ്യയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചു. വന്ദ്യവയോധികനായ ആയാ സോഫിയാ മ്യൂസിയം, എഴുന്നു നില്‍ക്കുന്ന സിനാലിനെ പള്ളി, ടോപ്പ്കാപ്പി കൊട്ടാരം... ഇവയില്‍ ഉസ്മാനിയ്യാ അധികാരത്തിന്റെ തലസ്ഥാനകേന്ദ്രം ടോപ്പ്കാപ്പിയായിരുന്നു. ടര്‍ക്കിഷ് ഭാഷയില്‍ 'സറായ്' എന്നാണ് കൊട്ടാരത്തിനു പറയുക. ടോപ്പ്കാപ്പിയിലേക്ക് പ്രവേശിക്കുമ്പോള്‍ ഗതകാലചരിത്രത്തിന്റെ പ്രതാപചിഹ്നങ്ങള്‍ നമ്മെ സ്വീകരിച്ചിരുത്തും. പഴയ സാമ്രാജ്യത്തിന്റെ മൂല്യങ്ങളും അഭിരുചികളും തെളിഞ്ഞുകാണുന്ന ചില മുദ്രകള്‍ കാലാതിപാതത്തില്‍ മാഞ്ഞുപോയെങ്കിലും 600 വര്‍ഷത്തോളം നീണ്ടുനിന്ന ഉസ്മാനിയ്യഭരണത്തിന്റെ 400വര്‍ഷവും ഹെഡ്ക്വാര്‍ട്ടേഴ്സ് സ്ഥിതിചെയ്ത ടോപ്പ്കാപ്പിയില്‍ ഇപ്പോഴും പ്രൌഢമായി തെളിഞ്ഞുനില്‍ക്കുന്നുണ്ട്. കാലത്തിനു തോല്‍പ്പിക്കാനാവാത്ത ചില ഐതിഹാസിക മുദ്രകള്‍.

"അല്ലാഹുവിന്റെ അനുഗ്രഹത്താലും അംഗീകാരത്താലും ഈ മഹനീയ കോട്ടക്ക് തറക്കല്ലിട്ടു. ഇതിന്റെ ഓരോ ഭാഗവും ശാന്തിയും സമാധാനവും ശക്തിപ്പെടുത്താനായി ഇണക്കിച്ചേര്‍ത്തു.'' അവന്‍ ഈ സാമ്രാജ്യത്തെ ശാശ്വതമാക്കട്ടേ, ആകാശത്തിലെ ഏറ്റവും പ്രസന്നമായ നക്ഷത്രത്തെക്കാളും അവന്റെ വസതിയെ വാഴ്ത്തട്ടേ. 'സുല്‍താനാ കാപിസി' (സുല്‍ത്താന്റെ കവാടം) എന്നു വിളിക്കുന്ന കൊട്ടാരത്തിലേക്ക് നയിക്കുന്ന തെരുവിന്റെ അറ്റത്ത് പ്രധാനകവാടത്തില്‍ തങ്കലിപിയില്‍ ഓട്ടോമന്‍ കാലിഗ്രാഫിയില്‍ കൊത്തിവച്ച ഒരു ലിഖിതം ഇങ്ങനെയാണ്: ഉസ്മാനീ ഭരണാധികാരികള്‍ സൂക്ഷിച്ച ഇലാഹീഭയത്തിന്റെ ചാതുര്യമാര്‍ന്ന അടയാളമാണിത്.

മാര്‍മറ കടലിനെയും ഗോള്‍ഡന്‍ ഹോണിനെയും ബോസ്ഫറസിനെയും നോക്കിനില്‍ക്കുന്ന കടല്‍മുനമ്പില്‍ ടോപ്പ്കോപ്പിയുടെ നില്‍പ്പ് അതീവസുന്ദരമാണ്. മാസ്മരികമായ പ്രകാശവലയാലംകൃതമായ ഈ വിസ്മയം ഒരു നീണ്ട സന്ദര്‍ശനത്തിനു കെഞ്ചുന്നുണ്ട്. പക്ഷേ, ഷെഡ്യൂല്‍ ഞങ്ങളെ പിറകോട്ടു വലിക്കുന്നു. ആധുനിക അംബരചുംബികളുടെയും നക്ഷത്രഹോട്ടലുകളുടെയും വൃത്തിയില്ലാത്ത വ്യൂഹങ്ങളില്‍നിന്നും ഇസ്താംബൂളിന്റെ ഗതാഗതക്കുരുക്കില്‍നിന്നും പുറത്തുകടന്ന് പ്രാചീനമായ ബൈസന്റയിന്‍കോട്ടകളുള്ള മേഖലയിലെത്തുമ്പോള്‍ നമ്മുടെ ചരിത്ര

മനഃസാക്ഷി വീണ്ടും കാലങ്ങള്‍ക്കപ്പുറത്തേക്ക് പര്യടനം നടത്തുന്നു. ടോപ്പ്കാപ്പിയില്‍നിന്ന് ബഹിര്‍ഗമിക്കുമ്പോള്‍ റോമന്‍ ഹിപ്പോഡാമുകളുടെ പുല്‍തകിടിയിലിരുന്ന് ചായ മോന്തുന്നവരെ കാണാം. പതിനായിരത്തിലേറെ സന്ദര്‍ശകര്‍ ഒരു ദിവസം ടോപ്പ്കാപ്പിയിലൂടെ ഉലാത്താറുണ്ട്. ടൂറിസ്റ് ഗൈഡുകളുടെ ചറപറാ വിവരണവും സന്ദര്‍ശകരുടെ ആരവങ്ങളും ചേര്‍ന്നു പ്രാചീനമായ ശാന്തതയെ കവര്‍ന്നുകൊണ്ടുപോകുന്ന വല്ലാത്തൊരു പ്രക്ഷുബ്ധാവസ്ഥ തീര്‍ക്കുന്നു.

ഈ മേഖലയിലെ മറ്റെല്ലാറ്റിനെയും പോലെ സറായ് പിറന്നത് ചരിത്രത്തിലെ ഏറ്റവും മഹത്തായ വഴിത്തിരിവിലായിരുന്നു. 1453 ലെ കോണ്‍സ്റാന്റിനോപ്പിള്‍ ദിഗ്വിവിജയം. ഫാതിഹ് മുഹമ്മദാണ് നിര്‍മാണമാരംഭിച്ചത് 1460-73 കാലയളവില്‍. പിന്നീട് ഓരോ ചക്രവര്‍ത്തിയും അതിനെ നവീകരിച്ചു. പറഞ്ഞല്ലോ, ഓട്ടോമന്‍ അധികാരത്തിന്റെ കേന്ദ്രമായിരുന്നു സറായ്. മന്ത്രിമാരും നിയമപാലകരും അധ്യാപകരും സേവകരും എല്ലാ താമസിച്ചിരുന്നതും ഇവിടെയാണ്. എത്യോപ്യ മുതല്‍ മധ്യേഷ്യ വരെയും ബോസ്നിയ വരെയും പടര്‍ന്നു പിടിച്ച വിശാലമായ സാമ്രാജ്യത്തിന്റെ ഖജനാവ് ഇവിടെയായിരുന്നു. റെക്കോര്‍ഡുകള്‍ ഇവിടെ സൂക്ഷിക്കപ്പെട്ടു. അകലെനിന്നുള്ള കല്‍പനകള്‍ ഇവിടെ നിര്‍വഹിക്കപ്പെട്ടു. 16-ാം ശതകത്തിന്റെ ആദ്യത്തില്‍ സുല്‍താന്‍ സലീം ഒന്നാമന്‍ സ്ഥാനാവരോഹിതനായപ്പോഴേക്കും ഈ ഖിലാഫത്ത് മുസ്ലിം ലോകമാകെ വ്യാപിച്ചു കഴിഞ്ഞിരുന്നു. നൂറ്റാണ്ടുകള്‍ പിന്നെയും കടന്നുപോയി. ടോപ്പ്കാപ്പി സമ്മാനങ്ങളും അലങ്കാരങ്ങളും യുദ്ധമുതലുകളുംകൊണ്ട് നിറഞ്ഞുകവിഞ്ഞു.

ചത്വരങ്ങളും കൊത്തളങ്ങളും നിരവധി കവാടങ്ങളും നിറഞ്ഞ സങ്കീര്‍ണമായ ഘടനയാണ് ടോപ്പ്കാപ്പിയുടേത്. സമയമില്ലാത്തവര്‍ക്ക് ടോപ്പ്കാപ്പി ഒന്നുഴിഞ്ഞു നോക്കാനുള്ള ഒരു വിദ്യയുണ്ട്; തുടരെത്തുടരെയുള്ള ടോപ്പ്കാപ്പിയുടെ വലിയ നാല് ചത്വരങ്ങള്‍ മുറിച്ചുകടന്നാല്‍ കൊട്ടാരം ഏതാണ്ട് കാണാന്‍ കഴിയും. ഈ നാലില്‍ ഓരോന്നിനും വ്യത്യസ്തമായ ദൌത്യമാണുണ്ടായിരുന്നത്. പ്രദര്‍ശനവസ്തുക്കളെല്ലാം നോക്കി നില്‍ക്കാന്‍ സമയമില്ല. മികച്ച ചിലത് കാണാതെ പോവാനും കഴിയില്ല. അതു മഹാനഷ്ടമായിരിക്കും.

പ്രവേശനകവാടം കഴിഞ്ഞാലുടന്‍ ഒന്നാം ചത്വരമായി. പഴയ രാജകീയപ്രദക്ഷിണങ്ങള്‍ ഇവിടെ വച്ചായിരുന്നു. സുല്‍ത്താന്റെ ജനകീയ സമ്പര്‍ക്കങ്ങളുടെ ആശയവിനിമയ കേന്ദ്രവും ഇവിടെയായിരുന്നു. ഒന്നാം ചത്വരത്തിലേക്ക് തുറക്കുന്ന ബാബുസ്സലാം കവാടത്തില്‍ ഇസ്ലാമികവിശ്വാസത്തിന്റെ സാക്ഷ്യമായ കലിമത്തുത്തൌഹീദ് കൊത്തിവച്ചിട്ടുണ്ട്. അതിനു താഴെ സുല്‍താന്‍ മുഹമ്മദ് രണ്ടാമന്റെ മുദ്രയുമുണ്ട്. ഇടുങ്ങിയ ദ്വാരത്തിലൂടെ കാണുന്നു ഒരു രണ്ടുനില ബില്‍ഡിംഗ്. അവിടെയായിരുന്നു വധശിക്ഷകള്‍ നടപ്പിലാക്കിയിരുന്നത്. രണ്ടാം ചത്വരത്തിലേക്കു പ്രവേശിച്ചാല്‍ പിന്നെ കൌണ്‍സില്‍ ഡിബേറ്റുകളുടെയും ഉന്നതചര്‍ച്ചകളുടെയും സ്ഥാനങ്ങള്‍ കാണാം. ആയുധശാലയും ഈ ചത്വരത്തിലാണ്. ഒരു വന്‍സാമ്രാജ്യം മുഴുവന്‍ കാല്‍കീഴിലാക്കിയ ആയുധങ്ങള്‍, മുത്തുകളുമുണ്ട് ധാരാളം.

മൂന്നാം ചത്വരം കലാശേഖരങ്ങളുടെ മഹാനിധിയായി പരിഗണിക്കപ്പെടുന്നു. കണ്ണഞ്ചിപ്പിക്കുന്ന പേര്‍ഷ്യന്‍-ടര്‍ക്കിഷ് ചെറുചിത്രങ്ങളുടെ പതിനായിരത്തിലേറെ വരുന്ന സമാഹാരം ഇവിടെയുണ്ട്. കാലിഗ്രാഫികളും മറ്റു കൈയെഴുത്തു പ്രതികളും കൂട്ടത്തിലുണ്ട്.

മൂന്നാം ചത്വരത്തിലെ അടുത്ത പവലിയന്‍ എങ്ങനെ വിവരിക്കണമെന്നറിയില്ല. അക്ഷരാര്‍ത്ഥത്തില്‍ അത് നമ്മുടെ മനം കവര്‍ന്നെടുക്കുന്നു. അന്ത്യപ്രവാചകന്‍ (സ)യുടെ തിരുശേഷിപ്പുകളുടെ സമൃദ്ധമായ ശേഖരം, മുസ്ലിംലോകത്തിന്റെ ഹൃദയഭാജനമായ തിരുഹബീബിന്റെ വിശുദ്ധ മേല്‍ക്കുപ്പായമാണ് അതില്‍ പ്രധാനം. 'ഹിര്‍ക്കയേ സാദാത്ത്' എന്നാണ് അതിനെ അവര്‍ വിളിക്കുന്നത്. 1.24 മീറ്റര്‍ നീളമുള്ള, വിശാലമായ കൈയോടുകൂടിയ, കറുത്ത കമ്പിളിയില്‍നിന്നും തുന്നിയെടുത്ത ഒരു വസ്ത്രം. ജാഹിലിയ്യാ കാലത്തെ ഇസ്ലാമിന്റെ തുടക്കകാലങ്ങളില്‍ തിരുനബിയെ അധിക്ഷേപിച്ച് കവിത രചിച്ച പ്രമുഖകവി കഅ്ബ് ബ്നു സുഹൈറിന് ഇസ്ലാമാശ്ളേഷണത്തിനു ശേഷം പ്രവാചകര്‍ നല്‍കിയ സമ്മാനമാണ് ഈ കുപ്പായം. 'ബാനത് സുആദ്' പോലുള്ള ഉല്‍കൃഷ്ടമായ ആവിഷ്കാരത്തിന്റെ കര്‍ത്താവിന് ഭൂമുഖത്ത് ലഭിച്ച ഏറ്റവും വലിയ സൌഭാഗ്യം. അതു നേര്‍മുമ്പില്‍ കാണുമ്പോള്‍ ഒരു വിശ്വാസിയനുഭവിക്കുന്ന വികാരതീവ്രത വിവരണാതീതമാണ്. ഓട്ടോമന്‍ സുല്‍താ•ാര്‍ ഈ കുപ്പായത്തെ അങ്ങേയറ്റം ആദരിച്ചു. അന്ന് തുര്‍ക്കിയില്‍ ഉണ്ടായിരുന്ന ഏറ്റവും വിലപിടിപ്പുള്ള മുത്തുകളും പവിഴങ്ങളുംകൊണ്ട് ഈ കുപ്പായം സൂക്ഷിച്ച ചേംബറിനെ അലങ്കരിച്ചു. എല്ലാ വര്‍ഷവും ഇവിടെ റമളാന്‍മാസത്തിലെ പതിനഞ്ചാം ദിനം കൊട്ടരാത്തിലെ ഉന്നത വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന ആത്മീയസദസ്സ് സംഘടിപ്പിച്ചിരുന്നു. ആ ദിവസം വിശുദ്ധ കുപ്പായത്തെ ആദരിക്കാനായി ആ ചേമ്പര്‍ മുഴുവനും പനിനീര്‍വെള്ളം മുക്കിയ സ്പോഞ്ചുപയോഗിച്ച് സുല്‍താന്‍ തന്നെ തുടച്ചുവൃത്തിയാക്കും. അടുത്ത ദിവസം, ളുഹ്റിനു മുമ്പുള്ള രണ്ടു മണിക്കൂറുകളില്‍ ഈ ചേംബറിലേക്കുള്ള സന്ദര്‍ശക പ്രവാഹം ആരംഭിക്കും. സുല്‍താന്‍ എത്തിക്കഴിഞ്ഞാല്‍ വിശുദ്ധ മേല്‍ക്കുപ്പായം സൂക്ഷിച്ച വലിയ സുവര്‍ണപേടകം സ്വര്‍ണംപതിച്ച വലിയ മേശക്കുമേല്‍ എടുത്തുവയ്ക്കും. വിശുദ്ധ സ്തോത്രങ്ങളും ദിക്റുകളും ചൊല്ലി സുല്‍താനാണ് ആ പേടകത്തിന്റെ പൂട്ടുതുറക്കുക. അപ്പോള്‍ ഏഴു കെട്ടുകളുള്ള പവിഴമുത്തുകള്‍ കൊണ്ട് കെട്ടിവച്ച വിശുദ്ധകുപ്പായം പുറത്തെടുക്കും. പിന്നീട് സന്ദര്‍ശകരെല്ലാം അതില്‍ ചുംബിക്കും. ഹൃദയത്തോട് ചേര്‍ത്തുവച്ചുള്ള ചുംബനം. കുപ്പായത്തിന്റെ വലതു ചുമലിലാണ് എല്ലാവരും ചുംബിക്കുക. ചുംബിക്കുന്നവരെല്ലാവരും ഒരു തുണി കൈയില്‍ കരുതിയിട്ടുണ്ടാവും. ആ തുണിവച്ചാണ് ചുംബനം. നനവ് വന്ന് കേടുവരാതിരിക്കാന്‍ വേണ്ടിയാണിത്. എല്ലാവരും അവരുടെ സ്നേഹം കൈമാറുമ്പോള്‍ സുല്‍താനും പ്രധാനമന്ത്രിയും ഇടത്തും വലത്തുമായി നില്‍ക്കുന്നുണ്ടാകും. ആ പേടകത്തിനരികില്‍ അപ്പോള്‍ പ്രീവി ചേംബറിലെ ഗാര്‍ഡുകള്‍ ഉറക്കെയുറക്കെ ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കും. സന്ദര്‍ശനം കഴിയുമ്പോള്‍ സുല്‍താന്‍തന്നെ ആ കുപ്പായം തിരികെ പേടകത്തിനുള്ളില്‍ പഴയപടി പൂട്ടിവയിക്കും. ഓട്ടോമന്‍ സുല്‍താ•ാരുടെ പ്രവാചകസ്നേഹം ഇത്രത്തോളം വര്‍ണശബളമായിരുന്നു. ആ ഐശ്വര്യം ഇപ്പോഴും കാണാന്‍ കഴിയും.

വിശുദ്ധ മേല്‍ക്കുപ്പായം എങ്ങനെയാണ് ഉസ്മാനികള്‍ക്ക് ലഭിച്ചത്? കഅ്ബ്ബ്നു സുഹൈറിന്റെ കൈയില്‍നിന്ന് മുആവിയ(റ) വാങ്ങാന്‍ ശ്രമിച്ചിരുന്നു ഇത്. അന്നത്തെ വന്‍തുകയായ 4000 ദിര്‍ഹം വാഗ്ദത്തം ചെയ്തിട്ടും കഅ്ബ് സമ്മതിച്ചില്ല. അവിടത്ത മരണശേഷം, അനന്തരാവകാശികളാണ് 1000 ദിര്‍ഹമിന് അതുവിറ്റത്. പിന്നീട് ഉമവിയ്യ ഖലീഫമാരും അബ്ബാസീ ഖലീഫമാരും മംലൂക്കുകളും അതു പിടിച്ചെടുത്തു. പക്ഷേ, ഈജിപ്ത്വിജയത്തിനു ശേഷം യവ്സ് സുല്‍ത്താന്‍ സലീം അത് ഇസ്താബൂളിലേക്ക് കൊണ്ടുവന്നു. ഈ കുപ്പായമിരിക്കുന്ന റൂമില്‍ തിരുശേഷിപ്പുകള്‍ മറ്റു പലതുമുണ്ട്. ഉഹ്ദ് യുദ്ധത്തില്‍ പൊട്ടിപ്പോയ തിരുദന്തത്തിന്റെ ഒരു കഷ്ണം, അവരോഹണ സമയത്ത് പ്രവാചകര്‍ കയറിനിന്ന് പാദമുദ്ര പതിഞ്ഞ ഒരു കല്ല്, (നകസി കദമേ ശരീഫ് എന്നാണ് തുര്‍ക്കിയില്‍ വിളിക്കുന്നത്), കറുത്ത വിശുദ്ധപതാക, കഅ്ബയിലെ വെള്ളമൊഴുക്കാന്‍ വേണ്ടി നിര്‍മിച്ച മഴച്ചാലുകള്‍, ബാഗ്ദാദില്‍ കണ്ടെത്തി ഇസ്തംബൂളിലേക്ക് കൊണ്ടുവന്ന പ്രവാചകരുടെ മുദ്ര, പ്രവാചകര്‍ തയമ്മുമിനായി ഉപയോഗിച്ച തയമ്മുംകല്ല്, ഇറാന്‍, ഈജിപ്ത്, ബൈസന്റയിന്‍ സാമ്രാജ്യങ്ങളുടെ മേല്‍വിലാസത്തില്‍ ഇസ്ലാമിന്റെ ആദ്യകാലങ്ങളില്‍ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രവാചകരയച്ച കത്തുകള്‍, മെസ്ഹഫേ ശരീഫ് എന്ന് വിളിക്കപ്പെടുന്ന ഖുര്‍ആന്‍ കയ്യെഴുത്തു പ്രതികള്‍, സുയൂഫേ-മുബാറക് എന്നറിയപ്പെടുന്ന എട്ടു വാളുകള്‍- ഇങ്ങനെ തിരുശേഷിപ്പുകളുടെ ഇസ്ലാമിക ചരിത്രത്തിന്റെ മഹാകലവറ കൂടിയാണ് ടോപ്പ്കോപ്പി കൊട്ടാരം.

നൂറ്റാണ്ടുകളുടെ വ്യതിയാനത്തില്‍ ഒരു വന്‍ സാമ്രാജ്യത്തിന്റെ ഉത്ഥാനപതനങ്ങള്‍ക്ക് സാക്ഷ്യം നിന്ന വല്ലാത്തൊരു മനസ്സാക്ഷിയുടെ കരുത്തുമായാണ് ഈ കൊട്ടാരത്തിന്റ നില്‍പ്പ്. ഇതിന്റെയോരോ മൂലയിലും കുന്നുകൂടിക്കിടക്കുന്ന മഹദ്സ്മാരകങ്ങള്‍ ഇസ്ലാമിന്റെ സുവര്‍ണകാലത്തിന് വെളിച്ചം പകര്‍ന്നവയാണ് സന്ദര്‍ശകരുടെ തിരക്കുപിടിച്ച ആരവങ്ങള്‍ക്ക് നടുവില്‍ ഇന്നും അവയെല്ലാം തലയുയര്‍ത്തി ജീവിക്കുന്നുണ്ടല്ലോ. ഞങ്ങള്‍ ടോപ്പ്കോപ്പിയില്‍ നിന്നിറങ്ങി നടന്നു.

(തുടരും)



രിസാല ഓൺലൈൻ പ്രസിദ്ധീകരിച്ചത്

ലേഖനം ഇവിടെ

No comments: