ഡോ: എ.പി. അബ്ദുൽ ഹകീം അസ്ഹരി
ടര്ക്കിഷ്എയര്ലൈന്സിന്റെ പടികളിറങ്ങി അറ്റാതുര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കാലുകുത്തുമ്പോള്‍ മനസ്സ് മുഴുവന്‍ ചരിത്രത്തിന്റെ സമ്മിശ്രമായ വികാരങ്ങളാല്‍ നിറഞ്ഞിരുന്നു. പുറത്ത് ടര്‍ക്കിഷ് സുഹൃത്ത് അബ്ദുല്‍ സലീം കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ടര്ക്കിഷ്ഭാഷയുടെ ചെരിഞ്ഞ സൌന്ദര്യമുള്ള സ്വരത്തില്‍ സലീം ഞങ്ങളെ അഭിവാദനം ചെയ്തു സ്വീകരിച്ചു. ഇസ്തംബൂള്‍ നഗരത്തിന്റെ ഐതിഹാസിക പ്രൌഢിയിലേക്ക് ലയിച്ചു ചേരുകയായിരുന്നു പിന്നീട് ഞങ്ങള്‍, പതിയെപ്പതിയെ.
യൂറോപ്പും ഏഷ്യയും- നാഗരികതകളുടെ രണ്ടു എതിര്‍ധ്രുവങ്ങള്‍. ഇസ്തംബൂള്‍ നഗരത്തില്‍ നിന്നു മാത്രം ലഭിക്കുന്ന കാഴ്ചയുടെ അപൂര്‍വതയിലേക്കാണ് ഞങ്ങള്‍ സഞ്ചരിച്ചത്. ഇവിടെ ഈ രണ്ട് ഭൂഖണ്ഡങ്ങളും കൈപിടിച്ചു നില്ക്കുന്നു. ഒരു മധ്യവര്‍ത്തിയുടെ റോള്‍ നിര്‍വഹിച്ചുകൊണ്ട് ബോസ്ഫറസ് പാലം. മാര്‍മറ കടലിനെയും കരിങ്കടലിനെയും ബന്ധിപ്പിക്കുന്ന ബോസ്ഫറസ് കടലിടുക്കിനു മുകളിലൂടെ ഏഷ്യയിലേക്കും യൂറോപ്പിലേക്കും ഈ പാലം ആളുകളെയും ചരക്കുകളെയും വഹിക്കുന്നു. ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും അനുഗൃഹീതമായ ഇസ്താംബൂള്‍ നിറഞ്ഞുതുളുമ്പുന്ന ചരിത്രത്തിന്റെ മണിച്ചെപ്പാണ്. വശങ്ങളിലേക്ക് ചിതറുകയും ഇടയ്ക്കുവച്ചു മുറിയുകയും ചെയ്യുന്ന നഗരങ്ങളും ചത്വരങ്ങളും നേര്‍ത്ത അലകളുള്ള സമൃദ്ധമായ ചെറുപുഴകളും സൌന്ദര്യത്തിന്റെ ദീപ്തിലേക്ക് നയിക്കുന്നു. ഈ പുഴകളില്‍ ചിലത് മാര്‍മറ കടലിലേക്ക് ചേരുമ്പോള്‍ ചിലത് കരിങ്കടലിലേക്ക് മറിയുന്നു. ഇസ്തംബൂളിന്റെ സാമൂഹികത പ്രകൃതിയുടെ ഈ നാനാത്വത്തെ സ്വാംശീകരിച്ചിട്ടുണ്ടെന്നു തോന്നും.
പുരാവസ്തുശാസ്ത്രത്തിന്റെ ഗവേഷണങ്ങള്‍ ബി.സി. രണ്ടായിരം മുതലുള്ള ജനവാസം കണ്ടെത്തിയിട്ടുണ്ടിവിടെ. ത്രേഷ്യന്സ് ഗോത്രത്തിന്റെ അധ്വാനമാണ് ഇസ്തംബൂളിന്റെ നിര്‍മാണത്തില്‍ കലാശിച്ചതെന്ന് പ്രാചീന യുഗത്തിന്റെ ചരിത്രകാര•ാര്‍ ഹെറഡോട്ടസും പോളി ബയോസും രേഖപ്പെടുത്തുന്നുണ്ട്. ഗ്രീക്ക് അന്ധവിശ്വാസങ്ങളും ബൈസന്റയിന്‍ സാമ്രാജ്യത്തിന്റെ കിരാതത്തങ്ങളും നേര്‍ക്കുനേര്‍ കണ്ട മണ്ണാണിത്. പേര്‍ഷ്യയിലെ ദാരിയസും റോമന്‍ സാമ്രാജ്യത്തിന്റെ കുലപതികളും മോഹിക്കുകയും ആക്രമിക്കുകയും ചെയ്ത നഗരമാണിത്. എ.ഡി. 340-ലാണ് റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റന്റൈന്‍ ഇസ്തംബൂളിനെ തന്റെ തലസ്ഥാനമാക്കുന്നത്. പിന്നീട് കോണ്‍സ്റാന്റിനോപ്പിള്‍ എന്നായിരുന്നു നഗരം വിളിക്കപ്പെട്ടത്.
പ്രവചിക്കപ്പെട്ട ദ്വിഗ്വിജയം
'കോണ്‍സ്റാന്റിനോപ്പിള്‍ കീഴടക്കപ്പെടും, അതിലെ യുദ്ധ നായകന് എന്തൊരു നല്ല നായകനാണ്! ആ സൈന്യം എന്തൊരു നല്ല സൈന്യമാണ്!'” തിരുനബി (സ)യുടെ പ്രശസ്തമായൊരു പ്രവചനമായിരുന്നു ഇത്. സമ്പല്‍സമൃദ്ധിയുടെയും ഭൌതികവികാസത്തിന്റെയും പൊങ്ങച്ചത്തിലാറാടിയിരുന്ന റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനം, അന്ന് ഒന്നുമല്ലാതിരുന്ന മുസ്ലിം സൈന്യം കീഴടക്കുന്നത് സങ്കല്പിക്കാവുന്നതിലപ്പുറമായിരുന്നു. പിന്നീട് ഇസ്ലാമിന്റെ പ്രതാപകാലങ്ങളില്‍ ‘ആ 'നല്ല സൈന്യം, നല്ല യുദ്ധനായകന്' എന്ന തിരുവിശേഷണങ്ങള് തനിക്കു ലഭിക്കണം എന്ന വാശിയില്‍ ധീരരായ പല സ്വഹാബികളും കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് പട നയിച്ചിട്ടുണ്ട്. അബൂ അയ്യൂബുല്‍ അന്‍സ്വാരി അവരില്‍ പ്രമുഖനായിരുന്നു. മദീനയിലേക്കുള്ള തിരുനബിയുടെ പലായനത്തിനന്ത്യം കുറിച്ച് നബി (സ) യുടെ ഒട്ടകം മുട്ടു കുത്തിയത് ഈ അന്സ്വാരിയുടെ വീടിനു മുമ്പിലായിരുന്നല്ലോ. അദ്ദേഹത്തിന്റെ കോണ്‍സ്റാന്റിനോപ്പിള്‍ മോഹം നിറവേറ്റപ്പെട്ടില്ലെങ്കിലും പില്ക്കാലത്ത് ഇസ്തംബൂളിലെ ഒരു പ്രധാന ഇടമായി അദ്ദേഹത്തിന്റെ അന്ത്യവിശ്രമ കേന്ദ്രം മാറി. ‘അയ്യൂബ് ’ എന്നാണ് അവിടെ ഇപ്പോള്‍ അറിയപ്പെടുന്നത്.
തിരുനബി (സ) യുടെ പ്രവചനത്തിലെ നല്ല നായകന് എന്ന വിശേഷണം നേടിയെടുത്തത് സുല്ത്വാന് മുഹമ്മദ് ഫാത്വിഹ് രണ്ടാമനാണ്. ഫാത്വിഹ് എന്നാല്‍ കീഴടക്കിയവന് (ഠവല ഇീിൂൌലൃീൃ) എന്നര്‍ഥം. പ്രചകളെ അടിമത്തത്തിലേക്കു തള്ളി സുഖങ്ങളിലാറാടിയിരുന്ന റോമാ സാമ്രാജ്യതിന്റെ ഉരുക്കുകോട്ടകളെ വിറപ്പിച്ചുകൊണ്ടാണ് ഫാത്വിഹ് മുഹമ്മദ് ഈ ദ്വിഗ്വിജയം നേടിയത്.
ഉസ്മാനിയ ഖിലാഫത്തിന്റെ തീര്ത്ഥസ്മൃതികളിലൂടെയാണ് യാത്രയിലുടനീളം ഞങ്ങള്‍ കടന്നുപോയത്. അഹ്ലുസ്സുന്ന:യുടെ പ്രൌഢ ചിഹ്നങ്ങളുടെ തെളിച്ചം ഉസ്മാനിയ പൈതൃകങ്ങളില്‍ കാണാനായി. വിശുദ്ധരും ജനസേവകരും എന്ന് കീര്‍ത്തിപെറ്റ ഉസ്മാനിയ ചക്രവര്‍ത്തിമാരില്‍ പ്രമുഖനായിരുന്നു ഫാത്വിഹ് മുഹമ്മദ്. അദ്ദേഹത്തിന്റെ ഭരണകാലം മതസഹിഷ്ണുതയുടെ പുകള്‍പെറ്റ ഈടുവയ്പ്പുകള്ക്ക് ജ•ം നല്കി. ഓര്‍ത്തഡോക്സ് ചര്‍ച്ച് അദ്ദേഹത്തിന്റെ വരുതിയിലായി. അഹ്ലുസ്സുന്ന:യും മുഅ്തസിലയുമായി നടന്ന ആശയ സംവാദങ്ങളില്‍ സത്യത്തിന് ഉപോല്‍ബലകമായി സുന്നികള്‍ ഈ പ്രവാചകപ്രവചനം ഉദ്ധരിക്കാറുണ്ട്. അശ്അരിയ്യാ മദ്ഹബ് പിന്‍പറ്റുന്ന സുന്നിയാണല്ലോ ഫാത്വിഹ് മുഹമ്മദ്. നല്ല നായകന്, നല്ല സൈന്യം എന്ന വിശേഷണങ്ങള്‍ അഹ്ലുസ്സുന്ന:യിലേക്കാണ് ചേരുന്നത് എന്നാണ് സുന്നികളുടെ ഖണ്ഡിതമായ വാദം.
* * * * *
‘അയ്യൂബ്... ഇസ്തംബൂളിന്റെ മഹിമകളിലൊന്നാണ് ഈ സ്ഥലം. മനോഹരമായി അലങ്കൃതമായ മസ്ജിദും അബൂ അയ്യൂബുല്‍ അന്സ്വാരിയുടെ മഖാംശരീഫ് സമുച്ചയവും സഞ്ചാരികളുടെ പ്രധാന സന്ദര്‍ശനകേന്ദ്രമാണ്. ഇത് അന്സ്വാരിയുടെ തീക്ഷ്ണമായ ആഗ്രഹത്തിന്റെ പ്രതിഫലനം പോലെ തോന്നിച്ചു. ഒരു ദിവസം ഞങ്ങളുടെ സുബ്ഹി നമസ്കാരം അയ്യൂബിലായിരുന്നു. വളരെ ദൂരെ നിന്നുപോലും ആളുകളിവിടെ സുബ്ഹി നിസ്കാരത്തിനെത്തുന്നത് ഒരത്ഭുതമായി തോന്നി. ഫജ്റിനുമുമ്പ് തന്നെ എത്തുകയും ഖുര്‍ആന്‍ പാരായണം ആരംഭിക്കുകയും ചെയ്യുന്നു. എത്തിച്ചേരുന്നവരെല്ലാം തഹജ്ജുദ് നിസ്കരിച്ച് ഖുര്‍ആന്‍ പാരായണം ശ്രദ്ധിച്ചിരിക്കുകയും ഉത്തരം ചെയ്യുകയും ചെയ്യുന്നു. തുടര്‍ന്ന് ഒരാള്‍ സുന്നത്ത് നിസ്കാരത്തിനായി വിളിച്ചു പറയുന്നു. എല്ലാവരും എഴുന്നേറ്റ് സുന്നത്ത് നിസ്കരിക്കുന്നു. പിന്നീട് മുത്ത്നബി(സ)യുടെയും ബിലാല്‍ (റ)ന്റെയും പേരില്‍ ഫാത്വിഹയും മുഅവ്വിദതൈനിയും ഓതിയതിനു ശേഷം ഇമാം മിഹ്റാബില്‍ കയറിയിരിക്കുന്നു. ഇഖാമത്ത് കൊടുക്കുമ്പോള്‍ ഇമാം എഴുന്നേല്ക്കുന്നു. അപ്പോള്‍ എല്ലാവരും എഴുന്നേല്ക്കുന്നു.
നിസ്കാരത്തിനു ശേഷം ദിക്റും ദുആയും കഴിഞ്ഞ് വീണ്ടും ഫാത്വിഹ ഓതുന്നു. ശേഷം മഖാമില്‍ ഇമാമിന്റെ നേതൃത്വത്തില്‍ സമൂഹസിയാറത്ത് നടക്കുന്നു. അഹ്ലുസ്സുന്നയുടെ പവിത്രമായ പാരമ്പര്യങ്ങള്‍. മസ്ജിദുകളില്‍ മിമ്പറിനു പുറമെ, മറ്റു സമയങ്ങളില്‍ ക്ളാസുകളും പ്രസംഗങ്ങളും നടത്തുന്നതിനായി പ്രത്യേകപീഠം സജ്ജീകരിച്ചിട്ടുണ്ട്. ബാങ്ക് വിളിക്കാനും ഖുര്‍ആന്‍ പാരായണം ചെയ്യാനും മറ്റുമായി മറ്റൊരു സ്റേജ് പിന്‍ഭാഗത്ത് വേറെയും കാണാം. മഹാ•ാരുടെ ഖബറുകളില്‍ മാര്‍ബിള്‍ കല്ലുകള്‍കൊണ്ടു നിര്‍മിച്ച വലിയ ഉയരമുളള നിശാന്‍ കല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പണ്ഡിത•ാരുടെ ഖബറുകളില്‍ തലപ്പാവ് മാര്‍ബിളില്‍ തന്നെ കൊത്തിയതും കാണാം. ഖബര്‍ ഉയര്‍ത്തലും ഖുബ്ബകള്‍ സ്ഥാപിക്കലും എല്ലാം ഇവിടത്തെ പതിവ് തന്നെയാണ്. ഇതെല്ലാം കാണുമ്പോള്‍ നാട്ടിലെ ഉല്പതിഷ്ണുക്കളെ സഹതാപപൂര്‍വം ഓര്‍മയില്‍ വന്നു. വിശാലവും പുഷ്കലവുമായ പാരമ്പര്യത്തിന്റെ മുറിയാത്ത ഈ കണ്ണികളില്‍ നിന്നാണ് ഇക്കൂട്ടര്‍ ഒളിച്ചോടുന്നത്. മുഹമ്മദ് എന്നു പേരു വച്ച വ്യക്തികളെ അവര്‍ ആ പേരില്‍ അഭിസംബോധന ചെയ്യാറില്ല. മെഹ്മദ് എന്നാണ് അവര്‍ക്ക് വഴക്കം. മുഹമ്മദ് മുത്തുനബി(സ)യെ മാത്രം വിളിക്കാനുള്ളതാണ്. അല്ലാത്ത പക്ഷം അത് അനാദരവായിപ്പോകും എന്നാണ് അവരുടെ ഭയം. ഭാഷയില്‍ സൌകര്യപൂര്‍വം വരുത്തുന്ന ഈ പകര്‍ച്ചയെക്കുറിച്ച് കേരളത്തിലെ പ്രമുഖ പണ്ഡിതനും മുഫ്തിയുമായിരുന്ന അഹമ്മദ്കോയ ശാലിയാതിയുടെ ഫത്വയുണ്ട്. ഫതാവല്‍ അസ്ഹരിയ്യയില്‍. കേരളത്തില്‍ ചില ഭാഗങ്ങളില്‍ മുഹമ്മദിനെ മയമ്മദ്, മമ്മദ് എന്നു മാറ്റം വരുത്തി വിളിക്കുന്നത് പ്രവാചക ആദരവിന്ന് അഭികാമ്യമാണെന്നാണ് ശാലിയാത്തിയുടെ പക്ഷം. തുര്‍ക്കിയില്‍ കാണാന്‍ കഴിഞ്ഞ പാരമ്പര്യവും ഇതുതന്നെ.
പ്രസിദ്ധമായ ആയസോഫിയ മ്യൂസിയത്തിലെ സുന്ദരമായ വൃത്ത പാനലുകളും ശ്രദ്ധേയമാണ്. ഇസ്ലാമിക കലകളുടെ ആവിഷ്കാര സാധ്യതകള്‍ പ്രയോഗിച്ച കാലയളവായിരുന്നു ഉസ്മാനിയ ഭരണം. ‘അല്ലാഹു, മുഹമ്മദ്, അബൂബക്കര്‍, ഉമര്‍, ഉസ്മാന്, അലി, ഹസ്സന്, ഹുസൈന്’എന്നീ പേരുകള്‍ വൃത്തപാനലുകളില് കൊത്തിവച്ചിരിക്കുന്നു. 7.5 മീറ്റര്‍ ആരത്തിലുള്ള വലിയ വൃത്തങ്ങള്‍. പ്രസിദ്ധനായിരുന്ന കാലിഗ്രാഫര്‍ മുസ്ത്വഫ ഇസ്സത്ത് അഫന്ദിയാണ് ഈ മഹല്‍ സൃഷ്ടിയുടെ രചയിതാവ്. ഇസ്ലാമിക ലോകത്തുതന്നെ ഏറ്റവും വലിയ ലിഖിതമായി കണക്കാക്കപ്പെടുന്നത് ഈ സൃഷ്ടിയാണ്. ആയാസോഫിയയുടെ താഴികക്കുടത്തിനു നടുവിലായി വിസ്മയകരമാം വിധം സൂറത്തുന്നൂറിലെ 35-ാം വചനം എഴുതിച്ചേര്‍ത്തതും ഇതേ കലാകാരനാണ്. ആധ്യാത്മികത സ്ഫുരിക്കുന്ന പരിസരങ്ങളില്‍ നിന്നുത്ഭവിക്കുന്നതാണ് ഈ അനുഗൃഹീത ശില്പങ്ങള്. കുളിര്മയുള്ള ഈ കാഴ്ചകളില്‍ കണ്ണുപതിപ്പിച്ചു ഞങ്ങള്‍ മുന്നോട്ടുപോയി.
* * * * * * * * * * * * *
സുല്ത്വാന് അഹമ്മദ് ചത്വരം
ഇസ്തംബൂളിലെ ഏറ്റവും പ്രധാനപ്പെട്ട മേഖല. തിരക്കുകൂട്ടിയോടുന്ന ജനസഞ്ചയങ്ങള്‍. ചരിത്രവും പുരാവസ്തുശാസ്ത്രവും കലയും നല്കിയ സങ്കീര്‍ണമായ ഘടന. ‘ചരിത്രപ്രധാനമായ ഉപദ്വീപ് ’എന്നാണ് ഇതേക്കുറിച്ച് പരാമര്‍ശിക്കപ്പെടുന്നത്. കിഴക്കന്‍ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഇവിടം. ബൈസന്റൈന്‍ കാലഘട്ടത്തില്‍ നിര്‍മ്മിച്ച കെട്ടിടങ്ങളും ക്ഷേത്രങ്ങളും കൊട്ടാരങ്ങളും നഗരചുമരുകളും വലിയ കുളിപ്പുരകളും അവശിഷ്ടങ്ങളായി കാണാം. ആയാസൂഫിയയും സുല്ത്വാന് അഹമ്മദ് ചത്വരവും ടോപ്കാപ്പി പാലസും ഇസ്തംബൂളിന്റെ ഹൃദയഭാഗങ്ങളാണ്.
ഒരു ദിവസം ഉച്ച ഭക്ഷണത്തിനായി ഞങ്ങള്‍ ഏഷ്യന്‍ ഭാഗത്തുള്ള ‘ചംല്ജ’എന്ന കുന്നിന് മുകളിലെ റസ്റോറന്റില്‍ പോയി. ഇസ്തംബൂള്‍ നഗരം മുഴുവനും ഇവിടെ നിന്ന് കാണാന്‍ സാധിക്കും. നഗരത്തിലെ ഏറ്റവും ഉയരംകൂടിയ ഇടമാണിത്. ഒരാകാശദൃശ്യം പോലെ താഴെ ഇസ്തംബൂള്‍. നിരത്തുകളുടെ കറുത്തവരകള്ക്കിടയില് ഒരു പച്ചപ്പ്. ഉയര്‍ന്നു നില്ക്കുന്ന മിനാരങ്ങള്‍ ഭൂതകാലത്തിന്റെ മഹദ്സ്മരണകളെ വിളിച്ചറിയിക്കുന്നു. രമ്യഹര്‍മ്യങ്ങളുടെ വര്‍ണച്ചായം പോലെ പൌരാണികത! അവയില്‍ ഒരു വൃദ്ധന്റെ നിഷ്കളങ്ക മുഖഭാവം, ദേവദാരുവിന്റെ കാടുതീര്‍ത്ത കുന്നുകള്‍, മധ്യത്തില്‍ പച്ചകലര്‍ന്ന നീലനിറത്തില്‍ കണ്ണഞ്ചിക്കുന്ന കപ്പല്‍ തലങ്ങും വിലങ്ങുമായി ബോസ്ഫറസിലൂടെ കടന്നുപോകുന്നു. ചംലജയില് വിദേശ ടൂറിസ്റുകളെയും അങ്ങിങ്ങായി കാണാന്‍ കഴിഞ്ഞു. മാറിയ കാലത്തിന്റെയും ചരിത്രത്തിന്റെയും പ്രതിനിധികളെപ്പോലെ അവര്‍ ഉല്ലസിക്കുന്നു.
(തുടരും....)
കടപ്പാട്
www.risalaonline.com
www.risalaonline.com
article here
2 comments:
ഇസ്തംബൂൾ ;പാദമുദ്രകളുടെ ആലിംഗനം
ഡോ: എ.പി. അബ്ദുൽ ഹകീം അസ്ഹരി
യാത്രാ വിവരണം-1
ആശംസകൾ
Post a Comment