Tuesday, March 01, 2011

മതമോ ഭൗതികവാദമോ?


part-2 >> കൈവെട്ടുകാരുടെ പരമനിന്ദ


ഒ അബ്ദുല്ലയുടെതു തികഞ്ഞ ഭൗതിക വാദമാണ്‌. ഇവരുടെ കേവല യുക്തിക്ക്‌ കുറുകെ കിടക്കുന്ന ചില ആശയങ്ങൾ ഇനിയുമുണ്ടല്ലോ ഖുർആനിൽ. അൽ ബഖറ അധ്യായം വചനം 248ൽ ഇസ്‌റാഈല്യരുടെ വിജയ പേടകത്തെക്കുറിച്ചാണ്‌ പറയുന്നത്‌. മൂസാ-ഹാറൂൻ നബിമാരുടെ തിരുശേഷിപ്പുകളായിരുന്നു അതിലെന്നും മലക്കുകൾ അത്‌ ചുമന്നുകൊണ്ട്‌ വരുമെന്നുമാണ്‌ വചനത്തിലുള്ളത്‌. ഒരു ജനതയുടെ നിരന്തര വിജയത്തിന്‌ ഹേതുവായ (ഖാലിദ്‌(റ)ന്റെ തൊപ്പി പോലെ) മലക്കുകൾ ചുമന്നു കൊണ്ടുവരാൻ മാത്രം ആദരുവുള്ള ഈ പേടകത്തിന്റെ ഉള്ളടക്കമെന്തായിരുന്നു? പ്രമുഖ ഖുർആൻ വ്യാഖ്യാതാക്കളെല്ലാം വിവരിച്ചതനുസരിച്ച്‌ മൂസാ(അ)ന്റെ വടിയും മൂസാ-ഹാറൂൺ(അ) എന്നിവർ ഉപയോഗിച്ച വസ്ത്രങ്ങളും ചെരിപ്പും അതിലുണ്ടായിരുന്നു. അബ്ദുല്ലയും കൂട്ടരും എന്തു ചെയ്യും? താലൂത്തിന്റെ പേടകം ചാടിക്കടക്കാൻ സ്പോർട്ട്സിലെ പോൾവാൾട്ട്‌ കുന്തം തന്നെ വേണ്ടി വരുമല്ലോ! പക്ഷേ ചാട്ടം പുറത്തെത്തുമ്പോൾ നേരത്തെ പറഞ്ഞതുപോലെ അബ്ദുല്ലയുണ്ടാകില്ല. ഒ മാത്രമേ ഉണ്ടാകുകയുള്ളൂ. സംഗതി ഖുർആനാണ്‌. കാന്തപുരത്തോട്‌ വൈരാഗ്യം തീർക്കാൻ വേറെ വഴി നോക്കണം സാർ.

ഒരു വ്യക്തിയുടെ ഉണങ്ങിയ യുക്തിക്കു പാകം മതത്തിന്റെ സമുദ്രസമാന ആശയങ്ങളെ ചുരുക്കിക്കെട്ടാൻ ശ്രമിക്കുക എന്നു പറഞ്ഞാൽ ശുദ്ധ മണ്ടത്തരമാണ്‌. മതത്തിൽ യുക്തിയുണ്ടാകാം. എന്നാൽ മതം യുക്തിയല്ല. വിശ്വാസമാണ്‌. മതത്തിലെ യുക്തി ചിലപ്പോൾ നമുക്ക്‌ ബോധ്യപ്പെട്ടെന്നും ഇല്ലെന്നും വരാം. അതേതായാലും മതത്തിന്റെ താങ്ങ്‌ വിശ്വാസമാണ്‌. അതങ്ങനെത്തന്നെ വിശ്വസിക്കാൻ തയ്യാറില്ലാത്തവർക്ക്‌ മതം ഹഡിൽസ്‌ മത്സരം പോലെയിരിക്കും. ചാടിക്കടന്നുകൊണേ​‍്ടയിരിക്കേണ്ടതായി വരും. ഒടുവിൽ ചാടി ഔട്ടാകും. ഒറ്റ ഉദാഹരണം: ഹജ്ജ്‌ കർമങ്ങളുടെ യുക്തിയെന്താണ്‌? ബുദ്ധിയുടെ ഏതു മൂശയിലിട്ടാണ്‌ ഈ കർമങ്ങളെ വിശ്വാസത്തിന്‌ പാകപ്പെടുത്തുക? മറഞ്ഞ കാര്യങ്ങളിൽ വിശ്വസിക്കുന്നവർ എന്ന്‌ സത്യവിശ്വാസികളെ ഖുർആൻ പ്രകീർത്തിക്കുന്നുണ്ട്‌. ഇത്‌ അല്ലാഹുവിലുള്ള വിശ്വാസം മാത്രമായിരിക്കാൻ തരമില്ല. കേവല യുക്തിക്കും സ്വയംകൃത ന്യായങ്ങൾക്കും നിരക്കാത്ത ചിലതുകൂടി വിശ്വസിക്കുന്നതുകൊണ്ടുമാകാം. അല്ലെങ്കിൽ ചില വചനങ്ങൾ ഏറ്റുപറയുമ്പോഴേക്ക്‌ അതുവരെ കണ്ടുകൂടാതിരുന്ന, തൊട്ടുകൂടാതിരുന്ന ഒരു മാന്യ വനിത എങ്ങനെയാണ്‌ ഒരാളിന്റെ ഇണയും തുണയുമാകുന്നത്‌? ഇത്‌ മികച്ചൊരു അന്ധവിശ്വാസമല്ലേ? ഒരു സാധു സ്ത്രീ “ഇതു നിന്റെ വാപ്പയാണെ”ന്നു പറഞ്ഞപ്പോൾ മി. അബ്ദുല്ല കണ്ണടച്ചു വിശ്വസിച്ചില്ലേ? പഴയ കാലം പോകട്ടെ, തനിക്കാം പോന്നപ്പോഴെങ്കിലും ഒരു ഡി എൻ എ ടെസ്റ്റ്‌ നടത്തി ഒരു പിതൃത്വത്തിന്‌ യുക്തിയുടെയും ബുദ്ധിയുടെയും പിൻബലം ഉണ്ടാക്കാമായിരുന്നില്ലേ? അന്ധമായി ഉമ്മ പറഞ്ഞത്‌ അംഗീകരിച്ചുവെന്നതു മാത്രമല്ല കുറച്ചിലായത്‌; ആ അന്ധവിശ്വാസത്തിന്റെ ബലത്തിൽ പിതൃത്വത്തിന്റെ അനന്തരാവകാശം കൈപ്പറ്റുകയും ചെയ്തിരിക്കുമല്ലോ? യുക്തിയുടെ കരുത്ത്‌ കാണിക്കേണ്ടത്‌ ഇവിയടെയായിരുന്നു. മോശമായിപ്പോയി.

നബി(സ) ഒരു സാധാരണ മനുഷ്യനാണെന്നു കാണിക്കാൻ ലേഖകൻ കിണഞ്ഞു ശ്രമിച്ചു കണ്ടു. ഈയാവശ്യത്തിന്‌ ഇത്ര മസിലു പിടിക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു. ആദം നബി(അ)യുടെ കാലം സാമൂഹിക ക്രമം രൂപപ്പെട്ടിരുന്നില്ല. നൂഹ്‌(അ)ന്റെ കാലം മുതൽ മുഹമ്മദ്‌ നബി(സ) നിയുക്തനാകുന്നതു വരെയുള്ള സകല നബിമാരും നേരിട്ട വിമർശമാണിത്‌. ഖുർആനിൽ നിന്നു തന്നെ വായിക്കാം: നൂഹ്‌ നബി(അ)ന്റെ ജനതയുടെ നേതാക്കൾ അവരുടെ നബിക്കു കണ്ട ഏറ്റവും വലിയ പോരായ്മ അദ്ദേഹം ഒരു സാധാരണ മനുഷ്യനായിപ്പേയി എന്നതായിരുന്നു.(ഹൂദ്‌:27) `ഞങ്ങളെപ്പോലെ ഒരാളെ ഞങ്ങൾ അനുസരിക്കുകയോ?` എന്നാണ്‌ സാമൂദ്‌ ഗോത്രനായകന്മാർ അവരുടെ പ്രവാചകനോട്‌ ചോദിച്ചത്‌. (അശ്ശുഅറാഅ​‍്‌:154). യഅ​‍്ഖൂബ്‌ നബി (അ)നോട്‌ തന്റെ ജനതയിലെ ധിക്കാരികൾ `ഞങ്ങളെപ്പോലെയല്ലാതെ നീയാര്‌?` എന്നാണ്‌ ചോദിച്ചത്‌. (അശ്ശൂറാഅ​‍്‌;182), മൂസാ(അ)യും ഈസാ(അ)യും ഇതേ ആക്ഷേപം നേരിട്ടിട്ടുണ്ട്‌. (അൽ മുഅ​‍്മിനൂൻ; 47). മുഹമ്മദ്‌ നബി(സ)യുടെ കാര്യം പറയാനുമില്ല. ഒ അബ്ദുല്ലയുടെയും എൻ ഡി എഫിന്റെയും ചോദ്യവും ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല.

കാശ്മീരിലെ ഹസ്‌റത്ത്‌ ബാൽ മസ്ജിദിനു പുറത്ത്‌ തിരുകേശം സംബന്ധിച്ച്‌ പ്രദർശിപ്പിച്ച സനദ്‌(പരമ്പര) പരിശോധിച്ചു നോക്കിയിട്ട്‌ ഒ അബ്ദുല്ല സാഹിബിന്‌ ഒന്നും മനസ്സില്ലായില്ലത്രെ. അതെങ്ങനെ മനസ്സിലാകാനാ? എത്ര ചെറിയ എഴുത്തും വായിക്കാനുള്ള കണ്ണട വില്ക്കുന്നു എന്നു പരസ്യം ചെയ്ത കടയിലേക്ക്‌ പണെ​‍്ടാരു കാരണവർ കയറിച്ചെന്നത്രെ. നന്നേ ചെറുതു മുതൽ മത്തങ്ങ വലിപ്പത്തിലുള്ള വരികൾ വരെ കടക്കാരൻ കാണിച്ചു നോക്കി. കണ്ണട പല ആംഗിളിൽ വെച്ചിട്ടും കാരണവർക്ക്‌ ഒന്നും വായിക്കാൻ കഴിയുന്നില്ല. ഒടുവിൽ കടക്കാരൻ ഒരു സംശയം ചോദിച്ചു: സ്കൂളിൽ പോയിട്ടില്ലേ? കാരണവർ മോണ കാട്ടിച്ചിരിച്ചു കൊണ്ട്‌ പറഞ്ഞു: ഇല്ല! സാക്ഷരത വിശ്വാസത്തിന്റെ കാര്യത്തിലും വേണം. അതില്ലാത്ത അബ്ദുല്ല സനദ്‌ വായിച്ചാൽ മനസ്സിലാകുന്നത്‌ എങ്ങനെ? ഇനിയൊരു കാര്യം ചെയ്യാം; അബ്ദുല്ല സാഹിബിനെ ഞാൻ മർകസിലേക്ക്‌ ക്ഷണിക്കുന്നു. അവിടെ ശഅ​‍്‌റേ മുബാറക്കുമായി ബന്ധപ്പെട്ട്‌ രണ്ട്‌ സനദുകളുണ്ട്‌. സാക്ഷരതയുടെ കമ്മി കാര്യമാക്കേണ്ട, അതുള്ളവർ അവിടെ ധാരാളമുണ്ട്‌. നേരിട്ട്‌ കണ്ട്‌ ബോധ്യപ്പെടുക. പത്രക്കാരെ അവിടേക്ക്‌ വിളിക്കാം, ബോധ്യപ്പെട്ട കാര്യം അവിടെ വെച്ചു തന്നെ പ്രഖ്യാപിക്കുകയും ചെയ്യാം. ഇനി ഒരു സനദും സ്വീകാര്യമല്ല എന്നാണ്‌ നിലപാടെങ്കിൽ അബ്ദുല്ലയുടെ കാര്യം പോക്കാ. കാരണം, ഇയാളെങ്ങനെ ഖുർആൻ അംഗീകരിക്കും? തിരൂരങ്ങാടിയിലെയോ മുംബൈയിലെയോ പ്രസിൽ അച്ചടിച്ചു വരുന്ന മുഷഫിലെ വരികൾ അല്ലാഹുവിന്റെ വചനമായ ഖുർആനാണെന്ന്‌ ആര്‌ പറഞ്ഞു? ഓരോ ഖുർആൻ പ്രതിയിലും അല്ലാഹുവിന്റെ കയ്യൊപ്പുണേ​‍്ടാ? നബി(സ) സാക്ഷ്യപ്പെടുത്തിയിട്ടുണേ​‍്ടാ? അതുമല്ലെങ്കിൽ പടച്ച തമ്പുരാൻ നേരിട്ടു വന്നു അബ്ദുല്ലയോടു പറഞ്ഞോ? ബുദ്ധിക്കും യുക്തിക്കും ചേരുന്ന ഒരു മറുപടി വേണമല്ലോ? പറ, ശഅറേ മുബാറകിനു പിൻബലമേകുന്ന അതേ പോലൊരു സനദ്‌ കൊണ്ടാണ്‌ പൊന്നു കാക്കാ, മുഷഫിലെ വരികൾ അല്ലാഹുവിന്റെ വചനങ്ങളാകുന്നത്‌. സനദുകളും പാരമ്പര്യവും തള്ളിക്കളഞ്ഞാൽ ഇസ്ലാം, സ്വന്തം ഇനീഷ്യൽ പോലെയാവും; വട്ടപ്പൂജ്യം! ഇയാളുടെ ഒരു കാര്യം.

ശഅ​‍്‌റേ മുബാറക്‌ മസ്ജിദിനെക്കുറിച്ചുള്ള അറിയിപ്പ്‌ വന്നപ്പോഴാണ്‌ പലർക്കും സമുദായത്തിന്റെ ദാരിദ്ര്യത്തേയും പട്ടിണിയേയും കുറിച്ചുള്ള വിചാരം കലശലായത്‌. എന്തേ ഈ അറിയിപ്പിനു തൊട്ടു മുമ്പ്‌ പോലും ഇങ്ങനെയൊരു സമുദായസ്നേഹം തോട്‌ പൊളിച്ചു ചാടിയില്ല? കുറ്റിപ്പുറത്ത്‌ കോടിയോളം മുടക്കി ഒരു പെൺ ചന്ത നടത്തിയല്ലോ, അതിനു തൊട്ടു മുമ്പെങ്കിലും ഇങ്ങനെയൊരു കാരുണ്യ ചിന്ത ഉണ്ടായിരുന്നെങ്കിൽ എത്ര കുടുംബങ്ങളുടെ പട്ടിണി മാറ്റാമായിരുന്നു? അതിനും മുമ്പ്‌ കേരളത്തിലെ മെട്രോ സിറ്റികളിൽ മറ്റൊരു വിഭാഗത്തിന്റെ ഫ്ളക്സ്‌ പ്രദർശന മഹാമഹം നടന്നല്ലോ. എത്ര ലക്ഷങ്ങളാണ്‌ പ്ളാസ്റ്റിക്‌ മാലിന്യമാക്കി ചുട്ടുകളഞ്ഞത്‌. ഒരു നിമിഷം; അന്നീ വിചാരമുണെ​‍്ടങ്കിൽ നൂറുകണക്കിന്‌ കുടുംബങ്ങൾക്ക്‌ കിടപ്പാടവും ജീവിത മാർഗവും ഉണ്ടാകുമായിരുന്നില്ലേ? അതു കൊണ്ട്‌ സുന്നികളേയും ശഅ​‍്‌റേ മുബാറക്‌ മസ്ജിദിനേയും തത്കാലം വെറുതെ വിട്‌. ഞങ്ങളെക്കുറിച്ച്‌ പണേ​‍്ടക്കും പണേ​‍്ട ഒരു ആക്ഷേപം നിലനില്ക്കുന്നുണ്ട്‌; സുന്നികൾ ശാപ്പാട്ടുരാമന്മാരാണെന്ന്‌. മൗലിദ്‌ `കഴിക്കും,` റാത്തീബ്‌ `കഴിക്കും,` ആണ്ടും നേർച്ചയും `കഴിക്കും.` ഈ ചീത്തപ്പേരൊന്നു മാറ്റിക്കിട്ടാൻ ഞങ്ങളൊരു മസ്ജിദ്‌ ഉണ്ടാക്കട്ടെ. ഒന്നും കഴിക്കാത്തവർ വേറെയുമുണ്ടല്ലോ. അവർ ഹിറാ സെന്റർ വിറ്റ്‌ സമുദായത്തിലെ പട്ടിണിക്കാരുടെ പട്ടിണി മാറ്റി മാതൃക കാണിക്കട്ടെ. കോടികൾ വില കിട്ടുന്ന ജംഗമ സ്വത്താണ്‌. സി ഡി ടവർ വിറ്റ്‌ ഉടുക്കാത്തവരെ ഉടുപ്പിക്കുകയും പാവപ്പെട്ടവർക്ക്‌ അന്തിത്തണൽ നൽകുകയും ചെയ്യട്ടെ. അതൊരു നല്ല മാതൃകയാകും. നല്ല മാതൃക ആരിൽ നിന്നായാലും സുന്നികൾ സ്വീകരിക്കും. അല്ലാതെ രാജ്യത്തിന്റെ തന്നെ ഇസ്ലാമിക ചരിത്രത്തിന്‌ മുതല്ക്കൂട്ടാകാൻ പോകുന്ന ഒരു സംരംഭത്തിനെതിരെ നാണം കെട്ട പ്രസ്താവന ഇറക്കുകയല്ല വേണ്ടത്‌. നിങ്ങളുടെ ബേജാറ്‌, കണ്ടുനില്ക്കുന്നവർക്കു മനസ്സിലാകുന്നതേയുള്ളൂ; കാലിന്നടിയിലെ മണ്ണൊലിച്ചുപോകുന്നതിന്റെ തിരിച്ചറിവ്‌, അതിന്റെ വെപ്രാളം. ശബരിമലയിലെ ദുരന്തം പോലെ കാരന്തൂരിലും ദുരന്തമുണ്ടാകുമെന്നും അപ്പോൾ സർക്കാറും കോടതിയും ഇടപെട്ട്‌ അതൊക്കെ അവസാനിപ്പിച്ചു കൊളളുമെന്നുമുള്ള അബ്ദുല്ലയുടെ സമാശ്വാസ്വമുണ്ടല്ലോ; മുന്തിയ മനപ്പായസമാണ്‌. പഞ്ചസാര കുറച്ചേറെ ചേർത്തു കൊള്ളാൻ പറയണം. മനപ്പായസമാകയാൽ വി ഐ പി രോഗികൾക്കും കഴിക്കാമല്ലോ.

നബിമാരുടെ ബോഡിവേസ്റ്റിനെ ചൊല്ലി അബ്ദുല്ലക്ക്‌ വലിയ ആശയക്കുഴപ്പമുണ്ട്‌. അതു മലിനമല്ലെങ്കിൽ അവരെന്തിന്‌ ശുചീകരിച്ചു എന്നാണ്‌ ലേഖകനറിയേണ്ടത്‌. ദൈവ ശാസ്ത്രജ്ഞൻമാരുടെ നിഗമനങ്ങൾ ശരിയാണെങ്കിൽ നബിമാർക്കതിന്റെ ആവശ്യമുണ്ടാകണമെന്നില്ല. ഇത്‌ ചെയ്തത്‌ അത്‌ മാതൃകയാക്കി അബ്ദുല്ലമാർ നാട്‌ നാറ്റാതിരിക്കാൻ വേണ്ടിയാകണം. മനസ്സിലാകുന്നുണ്ടല്ലോ?

ശഅ​‍്‌റേ മുബാറക്കും അതിനോടുള്ള ആദരവും തബർറുകും മതമാണ്‌. എന്നാലതു മാത്രമാണ്‌ മതം എന്നു പറഞ്ഞു ബഹളമുണ്ടാക്കി ആരും കുളം കലക്കാൻ നോക്കേണ്ട. അനാചാരം അന്ധവിശ്വാസം എന്നൊക്കെപ്പറഞ്ഞു പേടിപ്പിച്ചു കാര്യം നേടാവുന്ന കാലവും കഴിഞ്ഞു പോയിരിക്കുന്നു. ഇനി പുതിയ വല്ല നമ്പറും നോക്ക്‌. ഇസ്ലാം ഇങ്ങനെ ചില അന്ധവിശ്വാസങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ്‌. ചിലതൊക്കെ കണ്ണടച്ചു വിശ്വസിക്കണം. ബുദ്ധിക്കും യുക്തിക്കും ചേരുന്നില്ലെന്നു പറഞ്ഞു തള്ളിക്കളയുന്നവർ എന്തിനു പ്രശ്നമുണ്ടാക്കണം? അവർക്ക്‌ ഇസ്ലാമിനെ വെറുതെ വിടാം. ബുദ്ധിക്കും യുക്തിക്കും ചേരുന്ന മറ്റു മാർഗങ്ങൾ അന്വേഷിക്കാം. അക്ബർ `ദീൻ ഇലാഹി` ഉണ്ടാക്കിയിട്ട്‌ ആകാശം ഇടിഞ്ഞു വീണതൊന്നുമില്ലല്ലോ?

നബിനിന്ദ പാപമാണ്‌. ഇത്തരം പാപകൃത്യങ്ങൽ ചെയ്യുന്നവരെ ശിക്ഷിക്കാൻ നമ്മുടെ നാട്ടിൽ വകുപ്പില്ല. ഈ കേസുകൾ നാം അല്ലാഹുവിലേക്കും റസൂലിലേക്കും വിടുക. എൻ ഡി എഫിന്റെ കൈവെട്ടു വിധി ഇസ്ലാമികമല്ല; താന്തോന്നിത്തരമാണ്‌. രാജ്യത്തെ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്‌. മതേതരത്വത്തിനും ബഹുസ്വരതക്കുമെതിരായുള്ള യുദ്ധപ്രഖ്യാപനമാണ്‌. രാജ്യദ്രോഹപരമായ ഇത്തരം നിലപാടുകളെ കൂടി നാം നബി നിന്ദക്കൊപ്പം തള്ളിപ്പറയുകയും ചെയ്യുക. അതാണ്‌ നബിസ്നേഹം. (അവസാനിച്ചു)


siraj news daily

Friday, February 25, 2011

കൈവെട്ടുകാരുടെ പരമ നിന്ദ

കേവല യുക്തിയിൽ കൂടു കൂട്ടുന്നവർ ഭാഗം -02
ഒ.എം തരുവണ

ഭാഗം -01 ഇവിടെ വായിക്കുക

തിരുകേശം ദർശിക്കുന്നതിനും പുണ്യജലം സ്വീകരിക്കുന്നതിനും മർകസിൽ വന്നുചേർന്നവരെ പുലഭ്യം പറഞ്ഞവർ, ഉസ്മാനുബ്നു അബ്ദുല്ലാഹിൽ മൗഹിബിൽ നിന്ന്‌ ഇമാം ബുഖാരി നിവേദനം ചെയ്ത ഈ ഹദീസ്‌ ഒന്നു കാണുക: `എന്റെ കുടുംബം എന്നെ ഒരു വെള്ളപ്പാത്രവുമായി ഉമ്മുസലമ(റ) യുടെ അടുത്തേക്കയച്ചു. അവർ `ജുൽ ജുൽ` എന്നു പേരായ ഒരു വെള്ളിച്ചെപ്പുമായി വന്നു. അതിൽ തിരുനബി(സ) യുടെ പുണ്യകേശം സൂക്ഷിച്ചിരുന്നു. ആർക്കെങ്കിലും കണ്ണേറോ മറ്റോ പറ്റിയാൽ ഉമ്മുസലമയുടെ അടുത്തേക്കു വെള്ളപ്പാത്രവുമായി അയക്കുന്ന പതിവ്‌ അന്നുണ്ടായിരുന്നു. ഞാനാ വെള്ളിച്ചെപ്പിലേക്ക്‌ സൂക്ഷിച്ചു നോക്കി. അതൊരു ചെമ്പിച്ച മുടിയായിരുന്നു.` അപ്പോൾ എൻ ഡി എഫ്‌ പത്രം ഉയർത്തുന്ന വിമർശത്തിന്റെ കുന്തമുന നീളുന്നത്‌ ആർക്കു നേരെയാണ്‌? നബിപത്നിയായ ഉമ്മുസലമ (റ) നു നേരെ! ഉമ്മുസലമ ബീവിയെ നബിപത്നി എന്നു വെറുതെ പറഞ്ഞാൽ പോര, ഇസ്ലാമിക ചരിത്രത്തിൽ ത്യാഗത്തിന്റെ പ്രതീകമായി വാഴ്ത്തപ്പെട്ട മാന്യ വനിതയാണവർ. രണ്ട്‌ ഹിജ്‌റ ചെയ്തവർ, സ്വന്തം കുഞ്ഞിനെ മാറോടു ചേർത്ത്‌ ഏകാകിനിയായി മരുഭൂമി താണ്ടി മദീനയിൽ ചെന്നു നബി(സ) യെയും അനുചരന്മാരെയും വിസ്മയിപ്പിച്ചവർ. ഇഷ്ടം മൂത്ത്‌ നീയും നിന്റെ മക്കളും എന്റെ അഹ്ലുബൈത്താണെന്ന്‌ നി(സ) പ്രകീർത്തിച്ചവർ. തിരുകേശം കൊണ്ട്‌ രോഗശമനത്തിന്‌ ഇവരുടെ അടുത്തേക്ക്‌ ഉസ്മാൻ(റ) പോയത്‌ ഒറ്റപ്പെട്ട സംഭവമല്ല; അതൊരു പതിവു കാഴ്ചയായിരുന്നു! ആരായിരുന്നു ഈ പതിവുകാർ? മുഹാജിറുകളും അൻസാറുകളും. `ഞാൻ ഇവരെയും ഇവർ എന്നെയും തൃപ്തിപ്പെട്ടു`വെന്ന്‌ അല്ലാഹുവിന്റെ സാക്ഷിപത്രം വാങ്ങിയ (സൂറ: തൗ: 100) തിരുനബിയുടെ പ്രിയപ്പെട്ടവർ. മർകസിനു മുമ്പിൽ കന്നാസുമായി ക്യൂ നിന്നവരെ വിടുക; ഉമ്മുൽ മുഅ​‍്മിനീന്റെ അടുക്കൽ ക്യൂ നിന്നവരെ എന്തുചെയ്യും. അവർ അല്ലാഹു തൃപ്തിപ്പെട്ടവരാണെന്ന്‌ വിശുദ്ധ ഖുർആൻ സാക്ഷ്യപ്പെടുത്തിയവരാണല്ലോ. ഒ അബ്ദുല്ലയെയും എൻ ഡി എഫ്‌ പത്രത്തെയും ഇനി എന്തുചെയ്യണം? കൈവെട്ടു മുഫ്തിമാർ തന്നെ വിധിക്കട്ടെ!

കാന്തപുരവും മർകസും ചെയ്തത്‌ മഹാ അപരാധമാണെങ്കിൽ ഇതേ അപരാധം ചെയ്ത മറ്റൊരാളെ കൂടി ചൂണ്ടിക്കാണിക്കട്ടെ- ഇരുട്ടിന്റെ മറവിൽ നീതി നടപ്പാക്കുന്ന ചുണക്കുട്ടികൾ ഈയാളിനെ എന്തു ചെയ്യുമെന്നു കാണാമല്ലോ- ഖാലിദ്ബ്നു വലീദ്‌(റ). യർമുക്ക്‌ യുദ്ധം കൊടുമ്പിരികൊള്ളുന്നതിനിടെ ഖാലിദ്‌ (റ) ന്റെ ഒരു തൊപ്പി കാണാതായി. അതു കണെ​‍്ടത്താൻ അദ്ദേഹം സൈനികരെ നിയോഗിച്ചു. നേതാവിന്റെ പരിഭ്രമം കണ്ടപ്പോൾ സൈനികർ ഊർജിതമായി അന്വേഷിച്ചു തൊപ്പി കണെ​‍്ടത്തി; പഴകി കീറിത്തുടങ്ങിയ വെറുമൊരു തൊപ്പി! അനുയായികൾ വിസ്മയിച്ചപ്പോൾ ഖാലിദ്‌(റ) തൊപ്പിയുടെ മഹത്വം വെളിപ്പെടുത്തി: തൊപ്പിക്കകത്ത്‌ നബി(സ) യുടെ പുണ്യകേശങ്ങളിൽ രണെ​‍്ടണ്ണം തുന്നിച്ചേർത്തു വെച്ചിട്ടുണ്ട്‌. നബി(സ) ഉംറ നിർവഹിച്ചു ശിരോമുണ്ഡനം ചെയ്തപ്പോൾ ആ മുടിയിഴകൾക്കു വേണ്ടി അനുചരന്മാർ തിരക്കുകൂട്ടി. നെറുകയിലെ രണ്ട്‌ കേശങ്ങൾ ഖാലിദ്‌(റ)നും കിട്ടി. അത്‌ ഈ തൊപ്പിയുടെ നെറുകെയിൽ തുന്നിച്ചേർത്തു. ഈ തൊപ്പി ധരിച്ചുകൊണ്ട്‌ ഞാൻ പങ്കെടുത്ത യുദ്ധങ്ങളിലെല്ലാം എനിക്കു വിജയമേ ഉണ്ടായിട്ടുള്ളൂവെന്ന്‌ ഖാലിദ്‌(റ) പ്രസ്താവിക്കുകയും ചെയ്തു. പ്രമുഖ ഹദീസ്‌ ഗ്രന്ഥങ്ങൾ തർക്കമില്ലാതെ ഉദ്ധരിച്ച ഹദീസാണേ ഇത്‌, തൊട്ടു കളിക്കേണ്ട; പൊള്ളും. ഒ അബ്ദുല്ലയോ എൻ ഡി എഫുകാരോ യർമുക്ക്‌ പടക്കളത്തിൽ ഇല്ലാതിരുന്നത്‌ ഖാലിദ്‌(റ)ന്റെ ഭാഗ്യം. ` അന്ധവിശ്വാസ`ത്തിനെതിരെ ഒരു പ്രതിവി പ്ളവം അവിടെ പൊട്ടിപ്പുറപ്പെട്ടേനെ! ഖാലിദ്‌(റ) ന്റെ സംഭവത്തിന്‌ നെറ്റിൽ ഒരു വിരുതന്റെ കുനിഷ്ട്‌ മറുപടി: രണ്ട്‌ മുടിയിഴകൾ കൊണ്ട്‌ മുഴുവൻ യുദ്ധവും ജയിച്ചെങ്കിൽ മുഴുവൻ മുടിയും തലയും ഉടലും ഒന്നാകെ ഉണ്ടായിട്ടും-നബി(സ)യുടെ സാന്നിധ്യം-എന്തേ ഉഹ്ദിൽ സംഭവിച്ചതെന്ന്‌! വിഡ്ഢിക്കൂഷ്മാണ്ഡം! കാൽച്ചെറുവിരലുകൊണ്ട്‌ ചിന്തിക്കുന്ന ഈ സാധുമനുഷ്യനു മറുപടി കണെ​‍്ടത്താൻ ഒരു വഴി പറഞ്ഞുകൊടുക്കാം- ഈ മുടിയും തലയും ഉടലും, ഇമ്മാതിരി ലക്ഷത്തിൽപരം തലയും ഉടലുമുള്ള നബിമാരെ വേറെയും നിയോഗിക്കുകയും ഇസ്ലാമിന്റെ രക്ഷക്കു വേണ്ടി ഉഹ്ദിലേക്ക്‌ നബി (സ) യെ അയക്കുകയും ചെയ്ത സാക്ഷാൽ പടച്ചതമ്പുരാന്റെ സാന്നിധ്യവും ഉഹ്ദിൽ ഉണ്ടായിരുന്നല്ലോ- എന്നിട്ടും എന്തേ തിരിച്ചടി ഉണ്ടായി? ചെന്ന്‌ തലകീഴായിക്കിടന്ന്‌ ആലോചിച്ചുനോക്ക്‌. കിട്ടുന്ന മറുപടിയിൽ ഖാലിദ്‌ (റ)ന്റെ പ്രശ്നത്തിനും മറുപടിയുണ്ടാകും; വെറുതെ മെനക്കെടുത്താൻ.

ഇസ്ലാമിലെ ആധികാരിക പ്രമാണങ്ങൾ ശക്തമായി പിന്തുണക്കുന്ന ഒരാശയത്തെ ഇത്ര നഗ്നമായി പരിഹസിക്കാൻ ഇടവന്ന സാഹചര്യം കൂടി പരിശോധിക്കേണ്ടതുണ്ട്‌. അപ്പോഴാണ്‌ മുമ്പ്‌ എൻ പി ഹാഫിസ്‌ മുഹമ്മദ്‌ എഴുതിയത്‌ ഓർമ വരുന്നത്‌. ഏതോ മുസ്ലിംവിരുദ്ധ ശക്തിയുടെ സൃഷ്ടിയാണ്‌ എൻ ഡി എഫ്‌ എന്നായിരുന്നു ഹാഫിസ്‌ സമർഥിച്ചിരുന്നത്‌. അന്നത്‌ അവിശ്വസനീയമായി തോന്നി. പ്രൊ. കോയയുടെ മറുകുറി വായിച്ചതോടെ ഹാഫിസിനെ അപ്പാടെ തള്ളി. പക്ഷേ, ഇടക്കാലത്ത്‌ ഈ നിഗൂഢ സംഘത്തിന്റെ നീക്കങ്ങൾ കാണുമ്പോൾ ഹാഫിസിന്റെ കണെ​‍്ടത്തലുകൾ ശരിയായിരുന്നു എന്നു സമ്മതിക്കേണ്ടതായി വരുന്നു. നാലോലപ്പടക്കവും പാക്കുവെട്ടുന്ന പേനക്കത്തിയും കൊണ്ട്‌ ഒരു ബഹുസ്വര സമൂഹത്തിൽ മുസ്ലിം സമുദായത്തിന്റെ താത്പര്യങ്ങൾ വേവിച്ചെടുക്കാമെന്നു കരുതുന്ന വെറും അവിവേകികളുടെ കൂട്ടമല്ല ഇത്‌. ഇവർക്ക്‌ ഹിഡൻ അജൻഡകളുണ്ട്‌. അതു പുറത്തേക്കു കാണുന്നതിലും ഭീകരമാണ്‌. പ്രവാചക നിന്ദക്കു കാരണമായ സ്പാനിഷ്‌ കാർട്ടൂൺ അതേപടി പുന:പ്രസിദ്ധം ചെയ്ത്‌ നിന്ദ ആവർത്തിച്ച ലോകത്തെ ഒരേയൊരു മുസ്ലിം പത്രം ഇവരുടെതാണ്‌. ന്യൂമാൻസ്‌ കോളജ്‌ അധ്യാപകന്റെ വികൃത ചിന്തകൾ ഒരു ചോദ്യപേപ്പറിൽ അവസാനിക്കേണ്ടതായിരുന്നു. ആ നിന്ദാഭാഗങ്ങൾ അരയും മുറിയുമായി നിരന്തരം പ്രസിദ്ധീകരിച്ച്‌ അതൊരു ഇലക്ഷൻ വിജയത്തിലെത്തിച്ചതിനു പിന്നിൽ ഒരിക്കലും നബിസ്നേഹം ഇല്ല. നബിദിനത്തിനു കീർത്തന ക്യാമ്പയിൻ. വിഷയമാകട്ടെ, നബിചരിത്രത്തിലെ സംഘർഷത്തിന്റെ അരികുപിടിച്ചുകൊണ്ടും. സ്വന്തം ഹിഡൻ അജൻഡ നടപ്പാക്കുന്നതിനു ചരിത്രത്തിൽ സ്നേഹവഴികളല്ല, ചോരച്ചാലുകളാണിവർ തിരയുന്നത്‌. മറ്റൊന്നു കൂടി പറയണം; ഇത്‌ കടുത്ത ബിദ്അത്ത്‌ പ്രസ്ഥാനമാണ്‌. ജമാഅത്തെ ഇസ്ലാമിക്കോ വഹാബി പ്രസ്ഥാനത്തിനോ നടപ്പാക്കാൻ കഴിയാതെപോയ മതനവീകരണം സാധ്യമാക്കാൻ ശാസ്ത്രീയവും ബുദ്ധിപരവുമായ മാർഗങ്ങൾ പരീക്ഷിക്കുന്ന പുത്തൻ നാസിസം. മർകസോ കാന്തപുരമോ മാത്രമല്ല ഇവരുടെ ലക്ഷ്യം. സമുദായത്തിന്റെ മുഖ്യധാരാ സംഘശക്തികളെ ദുർബലപ്പെടുത്തുകയാണ്‌. ഇങ്ങനെ തുറന്നുകിട്ടുന്ന ഇടം അബുൽ അഅ​‍്ലാ മൗദൂദി വിഭാവനം ചെയ്യുന്ന അക്രമോത്സുക ഇസ്ലാമിനെ പ്രതിഷ്ഠിക്കുകയാണ്‌ ലക്ഷ്യം. ഇത്‌ മുസ്ലിംകളെയോ ഇസ്ലാമിനെയോ മാത്രം ബാധിക്കുന്ന കാര്യമല്ല, നമ്മുടെ മതേതരത്വത്തെയും ബഹുസ്വരതയെയും ബാധിക്കുന്നതാണ്‌. ഇതിനെതിരെ പൊതുജാഗ്രത ഉണ്ടാകണം.

സ്വന്തം അജൻഡകൾ നടപ്പാക്കുന്നതിന്‌ എന്തൊക്കെയാണിവർ ഇസ്ലാമിൽ നിന്ന്‌ വെട്ടിമാറ്റുക! ബുഖാരിയിൽ നിന്ന്‌ അറുപത്‌ ഹദീസുകൾ വെട്ടിമാറ്റിക്കൊണ്ട്‌ ഇവിടെയൊരു വഹാബി വൃദ്ധശിങ്കം കറങ്ങിനടക്കുന്നുണ്ട്‌. തന്റെ ശുഷ്കമായ മസ്തിഷ്കത്തിനു പാകമാകാത്ത ഹദീസുകൾ ചാടിക്കടന്നുപോകുകയാണ്‌ പതിവെന്ന്‌ അബ്ദുല്ലയും എഴുതുന്നു. കൊള്ളാം, ഇങ്ങനെ ചാടിയാൽ, ഹദീസുകൾ മാത്രം ചാടിക്കടന്നാൽ മതിയാകില്ലല്ലോ; വിശുദ്ധ ഖുർആനും ചാടിക്കടക്കേണ്ടതായി വരില്ലേ? ശഅ​‍്‌റെ മുബാറകിന്‌ പിൻബലമായി വരുന്ന അതേ ആശയം വരുന്നല്ലോ അധ്യായം യൂസുഫിൽ. അതെന്തു ചെയ്യും? വൃദ്ധപിതാവിനു കാഴ്ച തിരികെക്കിട്ടാൻ യുസുഫ്‌ (അ) ഒരു കുപ്പായം കൊടുത്തയക്കുന്ന കഥയാണ്‌ വിശുദ്ധ ഖുർആൻ അധ്യായം 93-​‍ാം വചനത്തിൽ പറയുന്നത്‌. ആ കുപ്പായം കൊണ്ടുപോയി മുഖത്തോടു ചേർത്തപ്പോൾ യഅ​‍്ഖൂബ്‌ (അ)നു കാഴ്ച തിരികെ കിട്ടിയെന്ന്‌ 96-​‍ാം വചനത്തിലും പറയുന്നു. അതിലേറെ അതിശയം, ഈ കുപ്പായം ഈജിപ്തിൽ നിന്ന്‌ പുറപ്പെട്ടപ്പോഴേക്കും നാനൂറ്‌ മൈൽ അകലെ കൻആനിൽ കഴിയുന്ന യഅ​‍്ഖൂബ്‌ (അ)ന്‌ കുപ്പായത്തിന്റെ ഉടമയുടെ വാസന കിട്ടിത്തുടങ്ങിയതാണ്‌ (വചനം 94). ജൗളിക്കടയിൽ പോയി ബ്രാൻഡഡ്‌ ഷർട്ട്‌ വാങ്ങി കൊടുത്തയക്കുകയല്ല യൂസുഫ്‌ നബി (അ) ചെയ്തത്‌. ഉപയോഗിച്ചിരുന്ന ഒരു പഴങ്കുപ്പായം കൊടുത്തയക്കുകയായിരുന്നു. അത്‌ സ്പർശിക്കേണ്ട താമസം, യഅ​‍്ഖൂബ്‌ (അ)നു കാഴ്ചശക്തി തിരികെ കിട്ടുകയും ചെയ്തു. തലയ്ക്കകത്തെ ഉണക്കച്ചാണകത്തിൽ തെളിയുന്ന യുക്തികൊണ്ട്‌ മി. അബ്ദുല്ലക്ക്‌ പറയാമോ ഈ കുപ്പായത്തിലടങ്ങിയ മെഡിക്കൽ എത്തിക്സ്‌ എന്താണെന്ന്‌? നാനൂറ്‌ മൈൽ സഞ്ചരിച്ചെത്തിയ പുത്രഗന്ധത്തിന്റെ ശാസ്ത്രയുക്തിയെ കുറിച്ച്‌? കേവല യുക്തികൊണ്ട്‌ മതസംജ്ഞകളെ വ്യാഖ്യാനിച്ചാൽ പിന്നെ അബ്ദുല്ലയുണ്ടാകില്ല. ഒരു ബിഗ്‌ സീറോ ആയി `ഒ` മാത്രം ബാക്കിയുണ്ടാകുകയും ചെയ്യും. (തുടരും)


25-02-2011
siraj news daily

അന്ധവിശ്വാസത്തിന്റെ ആട്ടമല്ല; സത്യവിശ്വാസത്തിന്റെ പ്രകടനമാണ്‌

എ എ ഹകീം സഅദി


`അജ്ഞതക്ക്‌ കൈയും കാലും മുളച്ചു` എന്ന്‌ കേട്ടിട്ടുണ്ട്‌. ഫെബ്രുവരി 20ന്റെ പോപ്പുലർ ഫ്രണ്ട്‌ പത്രം കണ്ടപ്പോഴാണ്‌ അത്‌ ബോധ്യപ്പെട്ടത്‌. പ്രവാചകൻ (സ)യുടെ കാലത്ത്‌ തന്റെ കൂടെ സഹകരിച്ചു നടന്ന കപടൻമാരും ആധുനിക ലോകത്തെ സയണിസ്റ്റുകളുമാണ്‌ തിരുനബി (സ)യുടെ വ്യക്തിത്വമംഗീകരിക്കാത്തവർ. കപടവിശ്വാസികൾ തിരുനബി (സ)യെക്കുറിച്ച്‌ പറയുന്ന രണ്ട്‌ പ്രസ്താവനകൾ വിശുദ്ധ ഖുർആൻ 63?​‍ാം അദ്ധ്യായം സൂക്തം 1,8 എന്നിവയിൽ പരാമർശിക്കുന്നുണ്ട്‌. മുഹമ്മദ്‌ നബി (സ) അല്ലാഹുവിന്റെ പ്രവാചകനാണെന്നത്‌ ഒന്നാമത്തേത്‌. മുഹമ്മദ്‌ നബി(സ്വ) നിസ്സാരനാണെന്നത്‌ രണ്ടാമത്തേതും. ലേഖനത്തിൽ കുറിപ്പുകാരനടക്കം തിരുനബി (സ്വ) യെ കേവലം സാധാരണ മനുഷ്യൻ മാത്രമാക്കുന്നവരൊക്കെ പ്രസ്തുത രണ്ട്‌ പ്രസ്താവനക്കാരുടെ മാലയിലെ കണ്ണികളാണ്‌.

വിശുദ്ധ ഖുർആൻ 18:110, 41: 6 എന്നീ രണ്ട്‌ സൂക്തങ്ങളിലാണ്‌ സാധാരണക്കാരൻ എന്ന ആശയം ഉള്ളതായി പറയപ്പെടുന്ന വാചകമുള്ളത്‌. കൃത്യമായിപ്പറഞ്ഞാൽ അഞ്ച്‌ പദങ്ങൾ ഉൾക്കൊള്ളുന്ന `ഇന്നമാ അന ബഷറുൻ മിസ്ലുക്കും` എന്നതാണ്‌ ഈ വാചകം. ഇന്നമാ= മാത്രമാണ്‌, അന= ഞാൻ, ബഷറുൻ= മനുഷ്യൻ, മിസ്ലുകും= നിങ്ങളെപ്പോലെ എന്നതാണ്‌ ഈ പഞ്ചപദങ്ങളുടെ വാക്കർഥം. `ഞാൻ നിങ്ങളെപ്പോലെ മനുഷ്യൻ മാത്രമാണ്‌` എന്നത്‌ ഇതിന്റെ പൂർണ അർഥം. ലേഖകന്റെ വക ഖുർആന്റെ പേരിൽ കേവലം, സാധാരണ എന്നീ രണ്ട്‌ പദങ്ങൾ കടത്തിക്കൂട്ടിയത്‌ ബോധ്യപ്പെടുമെങ്കിൽ ബോധ്യപ്പെടുത്താനാണ്‌ ഇത്രയും ലളിതമായി വിശദീകരിച്ചത്‌. ചുരുക്കത്തിൽ തിരുനബി(സ) മനുഷ്യനാണ്‌ എന്നതാണ്‌ ഖുർആനിന്റെ പാഠം. ഈ കപടന്മാരുടെ ഭാഷയിൽ തിരുനബി (സ) കേവലം സാധാരണ മനുഷ്യനും `നിങ്ങളെപ്പോലെ ഞാനും മനുഷ്യൻ മാത്രമാണ്‌, ഞാൻ നിങ്ങളെപ്പോലെ കേവലം സാധാരണ മനുഷ്യൻ മാത്രമാണ്‌` എന്നീ പ്രസ്താവനകൾക്കിടയിൽ അജഗജാന്തരമുണെ​‍്ടന്നത്‌ മലയാളമറിയുന്നവർക്കറിയാം.

മനുഷ്യവർഗത്തിൽപ്പെട്ടവർക്ക്‌ പ്രവാചകത്വം നൽകപ്പെടുകയില്ല എന്ന മക്കാ മുശ്‌രിക്കുകളുടെ വിശ്വാസത്തെ ഖണ്ഡിച്ചുകൊണ്ട്‌ `നിങ്ങളെപ്പോലെ മനുഷ്യനായ എനിക്ക്‌ തന്നെ`യാണ്‌ പ്രവാചകത്വം നൽകപ്പെട്ടിട്ടുള്ളതെന്ന്‌ പഠിപ്പിക്കുകയാണ്‌ സൂക്തത്തിന്റെ ലക്ഷ്യമെന്ന്‌ ഖുർആൻ വ്യാഖ്യാനങ്ങളിലൊക്കെ വിശദീകരിച്ചിട്ടുണ്ട്‌. അതായത്‌, തിരുനബി(സ) ദൈവാവതാരമോ മാലാഖയോ മറ്റോ അല്ല പ്രത്യുത മനുഷ്യനാണെന്നർഥം. ഖുർആനിന്റെ പ്രസ്താവനയിൽ ഇത്‌ വ്യക്തം. എന്നാൽ, ഈ കപടൻമാരുടെ വാചകത്തിന്റെ കേവലം, സാധാരണ എന്നീ രണ്ട്‌ പദങ്ങൾ തിരുനബി (സ) ക്കുള്ള വ്യക്തിമഹത്വങ്ങളും പദവികളും നിഷേധിക്കുകയാണ്‌ ചെയ്യുന്നത്‌. സാധാരണ മനുഷ്യരെപ്പോലെ ഉറങ്ങുകയും ഉണരുകയും ചെയ്തു എന്നതാണ്‌ തിരുനബി (സ) യുടെ മേൽ കെട്ടിവെച്ച ബീഭത്സ നുണ. `ഞാൻ നിങ്ങളെപ്പോലെയല്ല`, `ഞാൻ നിങ്ങളുടെ അവസ്ഥയിലും പ്രകൃതിയിലുമല്ല.` എന്ന തിരുനബി (സ) യുടെ അസാധരണത്വം പഠിപ്പിക്കുന്ന ഹദീസ്‌ പ്രസ്താവം സ്വഹീഹുൽ ബുഖാരി നിരവധി തവണ ഉദ്ധരിച്ചിട്ടുണ്ട്‌. `എന്റെ ഇരു നയനങ്ങൾ മാത്രമാണ്‌ ഉറങ്ങുന്നത്‌. എന്റെ ഹൃദയം ഉറങ്ങുന്നില്ല` എന്ന തിരുനബി (സ) നിദ്രയെ ഇതര മനുഷ്യന്റെ നിദ്രയിൽ നിന്നും വ്യക്തമായി വ്യതിരിക്തമാണെന്ന്‌ പഠിപ്പിക്കുന്ന ഹദീസും ഇമാം ബുഖാരി പല തവണ ഉദ്ധരിച്ചിട്ടുണ്ട്‌. മറ്റു ഹദീസ്‌ ഗ്രന്ഥങ്ങളിലൊക്കെ പരശതം തവണ ഇത്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.

തിരുകേശത്തെക്കുറിച്ച്‌ ശഅ​‍്‌റേ മുബാറക്ക്‌ എന്ന്‌ പ്രയോഗിച്ചത്‌ മുതലാണത്രെ നിഗൂഢതകൾ ആരംഭിക്കുന്നത്‌. ജനങ്ങൾ അവർക്കറിയാത്തതിന്റെ ശത്രുക്കളാണെന്നാണല്ലോ ആപ്തവാക്യം. വിശുദ്ധ കേശത്തെക്കുറിച്ച്‌ `ബാൽ ശരീഫ` എന്നാണ്‌ ഉറുദു ഭാഷയിൽ പറയുന്നത്‌. അപ്രകാരം അറബിഭാഷയിൽ നിന്നും കടന്നുവന്ന ശഅ​‍്ര് എന്ന പദത്തിനോട്‌ ചേർത്ത്‌ ശഅ​‍്‌റെ മുബാറക്‌ എന്ന്‌ അറബിഭാഷ വശമുള്ള ഉറുദുക്കാർ വ്യാപകമായി പറയാറുണ്ട്‌. അതില്ലെങ്കിൽ തന്നെ തിരുകേശം, വിശുദ്ധ കേശം, പുണ്യകേശം എന്നൊക്കെ പലതവണ പ്രയോഗിച്ചതു പോലെ ശഅ​‍്ര് മുബാറക്‌ എന്ന അറബി ശൈലിയും ശഅ​‍്‌റേ മുബാറക്‌ എന്ന ഉറുദു ശൈലിയും പ്രയോഗിച്ചതിൽ എന്ത്‌ നിഗൂഢതയാണാവോ?

മർകസിൽ സൂക്ഷിപ്പുള്ള തിരുകേശം പുണ്യറസൂൽ (സ) യുടെതായാൽ തന്നെ പുണ്യറസൂൽ (സ)യുടെ നഖവും മുടിയും എടുത്ത്‌ സൂക്ഷിക്കാനും അത്‌ കഴുകിയ വെള്ളം കുടിക്കാനും വിശ്വാസി അനുശാസിക്കപ്പെട്ടിട്ടുണേ​‍്ടാ എന്നാണത്രേ ലേഖകന്‌ അറിയേണ്ടത്‌. അനുശാസിക്കപ്പെട്ടിട്ടുണ്ട്‌ എന്നത്‌ തീർച്ച. വിശ്വാസികൾക്കിടയിൽ ഇക്കാര്യം അവിതർക്കിതവുമാണ്‌. `തിരുനബി (സ)യുടെ പടയങ്കി, ഊന്നുവടി, വാൾ, കോപ്പ, മോതിരം, പുണ്യറസൂൽ (സ)യുടെ വഫാത്തിന്‌ ശേഷം ഓഹരി ചെയ്യാതെ ഖുലഫാക്കൾ ഉപയോഗിച്ചിരുന്ന ശേഷിപ്പുകൾ, തിരുകേശം, പാദുകം, പാത്രങ്ങൾ തുടങ്ങി നബി (സ)യുടെ അനുചരന്മാരും മറ്റുള്ളവരും തിരുനബി (സ)യുടെ വഫാത്തിന്‌ ശേഷം ബറക്കത്തെടുക്കുകയും അനുഗ്രഹം തേടുകയും ചെയ്ത വസ്തുക്കളെക്കുറിച്ച്‌ പരാമർശിക്കുന്ന അധ്യായം എന്ന പേരിൽ സ്വഹീഹുൽ ബുഖാരിയിൽ തന്നെ ഒരു അധ്യായമുണ്ട്‌.

ഹജ്​‍്‌ കർമത്തിന്റെ ഭാഗമായി തലമുണ്ഡനം ചെയ്തപ്പോൾ തലമുടി വിശ്വാസികളിൽ ചിലർ വാരിയെടുത്തതായും അവ മറ്റുള്ളവർക്കിടയിൽ വീതിച്ചുനൽകാൻ പ്രവാചകർ അരുളിയതായും റിപ്പോർട്ട്‌ ചെയ്തിട്ടുണെ​‍്ടന്നത്‌ നേരാണത്രെ. എങ്കിൽ എന്തിന്‌ അവർ വാരിയെടുത്തു? എന്തിന്‌ മറ്റുള്ളവർക്കിടയിൽ വിതരണം ചെയ്യാൻ കൽപ്പിച്ചു? ഉമ്മുസലമത്ത്‌ (റ) തിരുനബി (സ)യുടെ തിരുകേശങ്ങൾ കൈവശപ്പെടുത്തുകയും അവ ഭദ്രമായി ആദരവോടെ സൂക്ഷിക്കുകയും, തന്നെ സമീപിക്കുന്നവർക്ക്‌ അവ മുക്കിയ പുണ്യജലം നൽകുകയും ചെയ്തിരുന്നുവെന്നത്‌ സ്വഹീഹുൽ ബുഖാരിയിൽ തന്നെയുണ്ട്‌.

തിരുനബി (സ)യുടെ മലം, മൂത്രം, രക്തം എന്നിവയൊക്കെ നജസല്ലെന്ന്‌ പറഞ്ഞത്‌ ഗ്രന്ഥങ്ങളിൽ കണ്ടിട്ട്‌ അത്തരം വരികൾ ചാടിക്കടക്കുകയാണ്‌ ലേഖകനെപ്പോലുള്ളവർ. എന്നാൽ, വിശ്വാസികൾക്ക്‌ ഈ വരികൾ തന്നെയാണ്‌ അവലംബം. കഴുകി എന്നത്‌ അവ നജസായി പരിഗണിക്കാനുള്ള മാനദണ്ഡമല്ലെന്നവർക്കറിയാം. കാരണം, പാലോ, തേനോ, സാക്ഷാൽ അമൃതം തന്നെയോ കഴിച്ചാലും അവരൊക്കെ വായ കഴുകുന്നവരാണ്‌. സംസ്കാരസമ്പന്നരായ മനുഷ്യരൊക്കെ ഭക്ഷണം കഴിച്ചാൽ വായ കഴുകാറുണ്ട്‌. അതുകൊണ്ട്‌ ഭക്ഷണം നജസാണോ?

23/02/2011
siraj news daily