എന്‍ ഡി എഫിന്റെ രൂപവത്കരണ കാലത്ത് ആ സംഘടനയെക്കുറിച്ച് ഉയര്‍ന്ന സംശയങ്ങളിലൊന്ന് അത് നവീന വാദത്തിലേക്ക് ആളെച്ചേര്‍ക്കുന്ന ഒന്നാണോ എന്നതായിരുന്നു. പരമ്പരാഗത മുസ്ലിംകളിലേക്ക് പുതിയ ആശയങ്ങള്‍ കടത്തിവിടാനുള്ള വേദിയായി ഇതിന്റെ പരിപാടികള്‍ പിന്നീട് പലപ്പോഴും മാറുകയും ചെയ്തു. സ്ത്രീകളുടെ പൊതു പ്രവര്‍ത്തനമടക്കം മുഖ്യധാരാ മുസ്ലിം സംഘടനകളുടെ നിലപാടുകളെ തള്ളിക്കളഞ്ഞുകൊണ്ടാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. മതരാഷ്ട്ര വാദമുയര്‍ത്തിയ മൌദൂദിയുടെയും നവീനവാദിയായ ഇബ്നു ഖുതുബിന്റെയും ആശയങ്ങളില്‍ നിന്നുയര്‍ന്നു വന്ന മുസ്ലിം ബ്രദര്‍ഹുഡിന്റെ കേരള മാതൃക തനിനിറം കാണിച്ചു തുടങ്ങുന്നു. സമുദായത്തിലെ ഭൂരിപക്ഷം വരുന്ന വിഭാഗത്തിന്റെ വിശ്വാസാചാരങ്ങള്‍ക്ക് നേരെ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് 'പ്രിയപ്പെട്ട നബി'യുടെ തിരുശേഷിപ്പുകളെ പോലും വളരെ മോശമായി ചിത്രീകരിക്കാന്‍ വാടകയെഴുത്തുകാരെ ഉപയോഗപ്പെടുത്തുന്നവര്‍, ഇവരെക്കുറിച്ചുള്ള സംശയങ്ങളൊന്നും തെറ്റായിരുന്നില്ലെന്നാണ് തെളിയിക്കുന്നത്.
മുസ്ലിം സമുദായം വിവിധ വിഭാഗങ്ങളായി തിരിഞ്ഞ് പ്രവര്‍ത്തിക്കുന്നത് സമുദായത്തിന് ദോഷം മാത്രമാണ് ചെയ്യുന്നതെന്നും സമുദായത്തിന് പൊതുവായ ഒരു പ്ളാറ്റ്ഫോം വേണമെന്നും പറഞ്ഞ് സമുദായത്തിന്റെ കര്‍ത്തൃത്വം സ്വയം അവകാശപ്പെടുന്ന എന്‍ ഡി എഫും വകഭേദം വന്ന മറ്റ് ഘടകങ്ങളും തങ്ങളുടെ അടിസ്ഥാനമെന്താണെന്ന് ബോധ്യപ്പെടുത്തുന്നതാണ് സ്വന്തം പത്രത്തില്‍ വഴിത്തിരിവ് പത്രത്തില്‍ നിന്നും ഇറക്കി വിട്ടയാളെക്കൊണ്ട് എഴുതിച്ച ലേഖനം. പ്രവാചകന്‍ മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു പുണ്യമുണ്ടെന്ന വസ്തുത ഹദീസുകളിലും സഹാബിമാരുടെ ചരിത്രത്തിലും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. പ്രവാചകന്റെ തിരുകേശമുപയോഗിച്ച് പുണ്യം നേടിയ സ്വഹാബത്തിന്റെ പ്രവര്‍ത്തനങ്ങളും തിരുശരീരത്തില്‍ നിന്നും വിയര്‍പ്പ് ശേഖരിച്ച് മക്കളുടെ അസുഖങ്ങള്‍ക്ക് മരുന്നായി ഉപയോഗിച്ച സഹാബി വനിതകളുടെ ചരിത്രവുമെല്ലാം സുപരിചിതമാണ്്. തിരുകേശം തുന്നിപ്പിടിപ്പിച്ച തൊപ്പി നഷ്ടപ്പെട്ടപ്പോള്‍ ഏറ്റവും വില പിടിച്ച വസ്തു നഷ്ടപ്പെട്ടുപോയത് പോലെ ദുഃഖിതനായ ഖാലിദ് ബിന്‍ വലീദിന്റെ ചരിത്രം പുരോഗമനവാദികള്‍ക്ക് ദഹിച്ചെന്നുവരില്ല.
പശ്ചിമേഷ്യയില്‍ നടക്കുന്ന ഭരണവിരുദ്ധ സമരങ്ങള്‍ക്ക് പിന്നില്‍ നിന്ന്, ഈസോപ്പ് കഥകളിലെ കുറുക്കനെപ്പോലെ ലാഭം കൊയ്യാന്‍ കാത്തിരിക്കുന്ന മുസ്ലിം ബ്രദര്‍ഹുഡിന്റെ നയമാണ് ഇവിടെയും എന്‍ ഡി എഫും അനുബന്ധ സംഘടനകളും അനുവര്‍ത്തിക്കുന്നതെന്ന് കാണാം. പാരമ്പര്യ ഇസ്ലാം തെറ്റാണെന്നും തങ്ങള്‍ പ്രതിനിധാനം ചെയ്യുന്നതാണ് ശരിയെന്നുമാണ് ബ്രദര്‍ഹുഡിന്റെ വാദം. മഹാത്മാക്കളെ ആദരിക്കുന്നതും അവരില്‍ നിന്നും അവരുടെ ശേഷിപ്പുകളില്‍ നിന്നും പുണ്യം കരസ്ഥമാക്കുന്നതും തെറ്റാണെന്നാണ് ഇവരുടെയും വാദം. നിലവിലുള്ള ഭരണകൂടങ്ങളെ ഇല്ലാതാക്കി തങ്ങളാഗ്രഹിക്കുന്ന ഭരണ സംവിധാനം കൊണ്ട് വരികയെന്നതാണ് ഇവരുടെ ദീര്‍ഘ ലക്ഷ്യം. ഇതിന് അക്രമ വഴിയും അതിനായുള്ള മാര്‍ഗങ്ങളും ഇവര്‍ തയ്യാറാക്കുന്നു.
പ്രവാചകന്റെ തിരുശേഷിപ്പുകളെ അപഹസിക്കുന്നവര്‍ പ്രവാചകസ്നേഹത്തിന്റെ പേരില്‍ തെരുവില്‍ നടത്തുന്ന ക്യാമ്പയിനിന്റെ അടിസ്ഥാനമെന്താണെന്ന് കൂടി ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഭൂരിപക്ഷ മുസ്ലിം സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കാനുള്ള ഇത്തരം കോപ്രായങ്ങളിലെ വൈരുധ്യമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.
പ്രവാചകന്‍(സ)യെ ചോദ്യപ്പേപ്പറില്‍ മോശമായി ചിത്രീകരിച്ചതിന്റെ പേരില്‍ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ. ജോസഫിന്റെ കൈവെട്ടി മാറ്റിയവര്‍, പ്രവാചകര്‍ എല്ലാ ദുര്‍ബലതയില്‍ നിന്നും മോചിതനാണെന്ന വിശ്വാസത്തിന് പകരം മനുഷ്യസഹജമായ ദുര്‍ബലതയുള്ളവരായിരുന്നുവെന്ന ലേഖനം എഴുതിയയാള്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കും. എഴുതാന്‍ അവസരം കൊടുത്ത പത്രം ബഹിഷ്കരിക്കാന്‍ കൈവെട്ടുകാര്‍ തയ്യാറാകുമോ? ഇല്ലെങ്കില്‍ പ്രവാചകനെക്കുറിച്ച് മറ്റുള്ളവര്‍ കുറ്റം പറയാന്‍ പാടില്ല, തങ്ങള്‍ക്ക് എന്തും പറയാമെന്ന് സമൂഹം അര്‍ഥമാക്കണമോ? പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് ഉത്തരവാദിത്തമുള്ള ഒരാളെങ്കിലും സംഘടനയിലുണ്ടാകില്ലേ? അവരോടുള്ള നിലപാട് ജോസഫിനോടുള്ളത് തന്നെയായിരിക്കുമോ?
ഡാനീഷ് കാര്‍ട്ടൂണിസ്റിന്റെ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച തേജസ് പത്രം തന്നെയാണ് ഇപ്പോള്‍ പ്രവാചകനെയും തിരുശേഷിപ്പുകളെയും പൊതുസമൂഹത്തില്‍ ഇടിച്ചുതാഴ്ത്താന്‍ ശ്രമിക്കുന്നത് എന്നത് കേവലം യാദൃച്ഛികമായിരിക്കില്ല. സമുദായം പ്രതിരോധത്തിലായാലും വേണ്ടിയില്ല, വൈകാരികവിഷയങ്ങളില്‍ പിടിച്ച് വിദ്വേഷവും വെറുപ്പും സൃഷ്ടിച്ച് സ്വന്തം ഇടം കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ മുസ്ലിം മുഖ്യധാരാ വിശ്വാസികളെയും അവരുടെ വിശ്വാസങ്ങളെയും അവഹേളിക്കുന്നതില്‍ അത്ഭുതമില്ല. പൊതു പ്ളാറ്റ്ഫോം രൂപപ്പെടുത്താന്‍ വന്നവര്‍ക്ക് ഇവിടുത്തെ ഭൂരിപക്ഷ വിശ്വാസി സമൂഹത്തെ മാറ്റി നിര്‍ത്തി ഒരു പ്ളാറ്റ്ഫോം സാധ്യമാകുമോ? എങ്കില്‍ അത് ഏത് മുസ്ലിമിനെ പ്രതീനിധാനം ചെയ്യുന്നതായിരിക്കുമെന്ന് കൂടി വിശദീകരിക്കേണ്ടതുണ്ട്.
അന്ധവിശ്വാസമായതുകൊണ്ടാണ് എതിര്‍ക്കുന്നത് എന്നാണല്ലോ പത്രം ഓഫീസില്‍ നിന്ന് ലഭിക്കുന്ന മറുപടി. ഇവിടെ എന്‍ ഡി എഫുകാര്‍ വ്യക്തമാക്കേണ്ട ഒരു കാര്യമുണ്ട്. എന്തൊക്കെയാണ് അന്ധവിശ്വാസങ്ങള്‍? കേരളത്തിലെ വിവിധ വിഭാഗങ്ങളില്‍ ഒരു കൂട്ടര്‍ക്ക് വിശ്വാസമായത് മറ്റുള്ളവര്‍ക്ക് അന്ധവിശ്വാസമായിരിക്കും. മുജാഹിദുകളില്‍ തന്നെ ഔദ്യോഗിക പക്ഷത്തിന് വിശ്വാസമായത് മടവൂര്‍ വിഭാഗത്തിന് അന്ധവിശ്വാസമാണ്. സുന്നികള്‍ക്ക് വിശ്വാസത്തിന്റെ ഭാഗമായത് ഇരു കൂട്ടര്‍ക്കും അന്ധവിശ്വാസമായതുമുണ്ട്. തിരിച്ചുമുണ്ടാകാം. ഇതില്‍ ഏത് പക്ഷത്താണ് എന്‍ ഡി എഫ്? എല്ലാറ്റിലും ലേഖനത്തില്‍ പ്രതിപാദിച്ചപോലെ സുന്നീവിരുദ്ധ പക്ഷത്താണെങ്കില്‍ അത് തുറന്നുപറയാനുള്ള ചങ്കൂറ്റമാണ് ഇവര്‍ കാണിക്കേണ്ടത്.
പതിറ്റാണ്ടുകളായി മൌദൂദിയന്‍ ആശയങ്ങളിലൂടെ തങ്ങളുടെ ലക്ഷ്യ സ്ഥാനത്തെത്താന്‍ കഴിയാത്തവര്‍ ഇവിടെയിരിക്കുമ്പോള്‍ ആയുധബലം കൂടി ഉപയോഗപ്പെടുത്തി വിജയിക്കാനുള്ള നീക്കം ലക്ഷ്യം കാണില്ലെന്നേ പറയാന്‍ കഴിയൂ. ഇസ്ലാമിക ചിഹ്നങ്ങള്‍ ഇല്ലായ്മ ചെയ്ത് പ്രവാചകസ്നേഹം നഷ്ടപ്പെട്ട നാമമാത്ര മുസ്ലിംകളെയും രാഷ്ട്രീയ ഇസ്ലാമും പ്രതിഷ്ഠിക്കാനുള്ള നീക്കത്തിന്റെ പ്രഖ്യാപനം കൂടി ആയിരിക്കാം എന്‍ ഡി എഫ് തങ്ങളുടെ ലേഖനങ്ങളിലൂടെ ലക്ഷ്യം വെക്കുന്നത്.
അബ്ദുല്ല എന്‍
Siraj Daily 22/02/2011
3 comments:
പ്രവാചകന്‍(സ)യെ ചോദ്യപ്പേപ്പറില്‍ മോശമായി ചിത്രീകരിച്ചതിന്റെ പേരില്‍ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ. ജോസഫിന്റെ കൈവെട്ടി മാറ്റിയവര്‍, പ്രവാചകര്‍ എല്ലാ ദുര്‍ബലതയില്‍ നിന്നും മോചിതനാണെന്ന വിശ്വാസത്തിന് പകരം മനുഷ്യസഹജമായ ദുര്‍ബലതയുള്ളവരായിരുന്നുവെന്ന ലേഖനം എഴുതിയയാള്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കും. എഴുതാന്‍ അവസരം കൊടുത്ത പത്രം ബഹിഷ്കരിക്കാന്‍ കൈവെട്ടുകാര്‍ തയ്യാറാകുമോ? ഇല്ലെങ്കില്‍ പ്രവാചകനെക്കുറിച്ച് മറ്റുള്ളവര്‍ കുറ്റം പറയാന്‍ പാടില്ല, തങ്ങള്‍ക്ക് എന്തും പറയാമെന്ന് സമൂഹം അര്‍ഥമാക്കണമോ? പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് ഉത്തരവാദിത്തമുള്ള ഒരാളെങ്കിലും സംഘടനയിലുണ്ടാകില്ലേ? അവരോടുള്ള നിലപാട് ജോസഫിനോടുള്ളത് തന്നെയായിരിക്കുമോ ?
പ്രവാചകനെ ലോകത്തിലെ ഏറ്റവും നികൃഷ്ട ജീവിയോടുപമിച്ച ജോസഫിനെതിരെ ക-മ എന്നൊരക്ഷരം ഉരിയാടാന്‍ സാധിക്കാത്തവരാണോ, ഒരു ലേഖനത്തില്‍ പ്രവാചകന്റെ മുടിയെകുറിച്ച് (അദ്ദേഹത്തിന്റെ സ്വാഭാവിക സംശയം മാത്രം, അത് തെളിയിച്ചു കൊടുക്കേണ്ട ബാധ്യത ബന്തപ്പെട്ടവര്‍ക്കുണ്ട്) എന്തെങ്കിലും എഴുതിയതിന്റെ പേരില്‍ ഉറഞ്ഞു തുള്ളാന്‍ വന്നിരിക്കുന്നത്? ലേഖകന്‍ ചേറൂര്‍ എന്‍.അബ്ദുല്ല മുസ്ലിയാരാണോ? ആണെങ്കില്‍ അദ്ദേഹം എന്റെ ഒരു ബന്തുവാണ് അഥവാ എന്റെ ഉമ്മയുടെ ഇളയ സഹോദരന്‍
നികൃഷ്ടരും നീചരും ആരാണെന്ന് സമൂഹം മനസിലാക്കിയിരിക്കുന്നു.
Post a Comment