Monday, May 11, 2009

ചന്ദ്രികയുടെ സവര്‍ണഭാഷ്യങ്ങള്‍


article by :ഡോ. അസീസ്‌ തരുവണ
http://www.risalaonline.com/


`മാസ്‌ കമ്യൂണിക്കേഷനും മനഃശാസ്‌ത്രവും' എന്ന പ്രബന്ധത്തില്‍ ഉബര്‍ട്ടോ എക്കോ ദൃശ്യശ്രാവ്യ മാധ്യമങ്ങള്‍ രൂപകങ്ങളേയും വാര്‍പ്പു മാതൃകകളേയും സൃഷ്‌ടിക്കുന്നതിനെപ്പറ്റി പറയുന്നുണ്ട്‌. അതിലെ ശ്രദ്ധേയമായ ഒരു നിരീക്ഷണം ഇങ്ങനെയാണ്‌: ഒരേ കാര്യം പലതവണ ദൃശ്യശ്രാവ്യമാധ്യമങ്ങളിലൂടെ കാണുകയോ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ നമ്മുടെ അബോധതലത്തില്‍ ഒരു `സബ്‌ലിമിനല്‍ ക്യൂസ്‌' ഉണ്ടാകുന്നു. ഉദാഹരണമായി, ഒരു സിനിമയില്‍ നാം ഒരു വില്ലന്‍ കഥാപാത്രത്തെ കാണുന്നു. കറുത്ത നിറം, കുറിയരൂപം, ചുവന്ന കണ്ണുകള്‍, കഷണ്ടി തുടങ്ങിയവയാണ്‌ ആ വില്ലന്റെ രൂപമെന്ന്‌ കരുതുക. തുടര്‍ന്ന്‌ നിരവധി സിനിമകളില്‍ ഇതേ വില്ലന്‍ കഥാപാത്രത്തെ, ഇതേ രൂപത്തില്‍ കാണുന്നുവെങ്കില്‍ നമ്മുടെ മനസ്സില്‍ വില്ലന്‍ എന്നതിന്റെ പ്രതീകമായി ആ കഥാപാത്രം മാറും. ഇനി ഇതേ രൂപമുള്ള, വില്ലത്തരമൊന്നുമില്ലാത്ത ഒരു നാട്ടുമ്പുറത്തുകാരനെ കാണുമ്പോള്‍ പെട്ടെന്ന്‌ ചിന്തിക്കുക `ഇയാളൊരു വില്ലനാണല്ലോ' എന്നാണ്‌.

മാധ്യമങ്ങള്‍ സൃഷ്‌ടിച്ച ഇത്തരം നിരവധി രൂപകങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്‌. ചില സമുദായങ്ങളെ തിരിച്ചറിയാന്‍ ചില രൂപകങ്ങള്‍ മുമ്പേ സൃഷ്‌ടിച്ചുവച്ചിട്ടുണ്ട്‌. പഴയ നാടകങ്ങളിലും സിനിമകളിലും, അരപ്പട്ടയും കള്ളിത്തുണിയും ബനിയനും അതിലൊരു കത്തിയും മൊട്ടത്തലയും മുസ്‌ലിമിന്റെ രൂപമായിരുന്നു. അക്ഷരശുദ്ധിയില്ലായ്‌മ, പരുക്കന്‍ പ്രകൃതം എന്നിവ ഈ കഥാപാത്രങ്ങളുടെ സഹജ ഭാവങ്ങളും. പലിശക്ക്‌ പണം നല്‍കുന്ന, ഈ രൂപഭാവങ്ങളുള്ള കഥാപാത്രമാണെങ്കില്‍ അതൊരു `ഹാജിയാര്‍' കൂടിയായിരിക്കും. ഇപ്പറഞ്ഞതൊക്കെ ആഗോളതലത്തില്‍ മുസ്‌ലിംകളെ തീവ്രവാദികളെന്നും ഭീകരവാദികളെന്നും ചാപ്പകുത്തുന്നതിന്‌ മുമ്പുള്ള കാര്യമാണ്‌.ഇപ്പോള്‍ ഇത്തരം മുദ്രകളും രൂപകങ്ങളും സൃഷ്‌ടിക്കുന്നത്‌ സാമ്രാജ്യത്വവും അവരുടെ കൈപ്പിടിയിലുള്ള മാധ്യമങ്ങളുമാണ്‌. മുസ്‌ലിംചിഹ്നങ്ങള്‍ സമം ഭീകരത എന്നത്‌ അതിലൊന്നാണ്‌. താടി, തൊപ്പി, ഹിജാബ്‌, നിസ്‌കാരത്തഴമ്പ്‌ തുടങ്ങിയവ ഭീകരവാദിയുടെയും തീവ്രവാദിയുടെയും ലക്ഷണങ്ങളായി മാധ്യമങ്ങള്‍ ബോധപൂര്‍വം പ്രക്ഷേപിക്കുന്നു.എന്നാല്‍ എല്ലാ താടിയും എല്ലാ തലപ്പാവുകളും ഭീകരതയായി കാണാറില്ല എന്ന വൈരുദ്ധ്യം ശ്രദ്ധിക്കേണ്ടതാണ്‌.

മന്‍മോഹന്‍ സിംഗിന്റെ തലപ്പാവും താടിയും ഭീകരതയല്ല; വിശ്വാസത്തിന്റെ ചിഹ്നമാണ്‌. അബ്‌ദുന്നാസിര്‍ മഅ്‌ദനിക്ക്‌ ഈ ആനുകൂല്യം ബാധകമല്ല. കാരണം മന്‍മോഹന്‍ സിംഗ്‌ സിക്കുകാരനും മഅ്‌ദനി മുസ്‌ലിമുമാണ്‌. അപ്പോള്‍ പ്രശ്‌നം താടിയും തലപ്പാവുമല്ല, പിറന്ന സമുദായമാണ്‌.ഇത്‌ ചിഹ്നങ്ങളുടെ മാത്രം പ്രശ്‌നമല്ല, യഥാസ്ഥിതികം/ പുരോഗമനം, മിതവാദം/ തീവ്രവാദം തുടങ്ങി നിരവധി ദ്വന്ദ്വങ്ങള്‍ക്കും ഇത്‌ ബാധകമാണ്‌. താലിബാന്‍ സമം മുസ്‌ലിം എന്നിങ്ങനെയുള്ള സമവാക്യങ്ങളുമുണ്ട്‌. താലിബാന്‍ ചെയ്യുന്ന കാര്യങ്ങള്‍ (അവയില്‍ പലതും ഇസ്‌ലാമിന്റെ അന്തഃസത്തയ്‌ക്ക്‌ അനുയോജ്യമാണോ എന്ന്‌ പരിശോധിക്കേണ്ടതുണ്ട്‌) മുത്തലിക്കിയുടെ രാമസേന ചെയ്‌താല്‍ അതിനെ വിശേഷിപ്പിക്കാന്‍ യാഥാസ്ഥിതികം, പിന്തിരിപ്പത്തം, മൂരാച്ചികള്‍ തുടങ്ങിയ വിശേഷണങ്ങളല്ല, പാരമ്പര്യ സംരക്ഷണം, മൂല്യസംരക്ഷണം, പാശ്ചാത്യ സംസ്‌കാരികാധിനിവേശത്തെ തടയല്‍ തുടങ്ങിയ പരികല്‍പ്പനകളാണ്‌ ദേശീയ മാധ്യമങ്ങള്‍ വരികള്‍ക്കിടയില്‍ ചാര്‍ത്തികൊടുക്കാറുള്ളത്‌.സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും മാത്രമല്ല, രാഷ്‌ട്രങ്ങള്‍ക്കും ഇത്തരം മുദ്രകള്‍ സാമ്രാജ്യത്വവും അവരുടെ വാര്‍ത്താമാധ്യമങ്ങളും ഒരുക്കിവച്ചിട്ടുണ്ട്‌. ഇറാന്‍ ഭീകരരാഷ്‌ട്രവും തീവ്രവാദം കയറ്റി അയക്കുന്ന രാജ്യവുമാണ്‌. ഫലസ്‌തീനും ഏറെക്കുറെ അങ്ങനെ തന്നെ. എന്നാലോ, അമേരിക്കയും ഇസ്രയേലും സമാധാനത്തിന്റെ സംരക്ഷകരും ഭീകരവാദികളുടെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട സംരക്ഷണം അത്യാവശ്യമായ രാജ്യങ്ങളുമാണ്‌. അതുകൊണ്ട്‌ ഇറാന്‍ അണ്വായുധം നിര്‍മിക്കുന്നത്‌ ലോകസമാധാനത്തിന്‌ ഭീഷണിയും ഇസ്രയേലും അമേരിക്കയും അണ്വായുധം കുന്നുകൂട്ടിവയ്‌ക്കുന്നത്‌ സമാധാനത്തിന്റെ സംരക്ഷണത്തിന്‌ അനിവാര്യവുമാണ്‌. ഇപ്പറഞ്ഞതില്‍ പലതും പച്ചയായി പറയാറില്ലെങ്കിലും അബോധതലത്തിലെ അടിയുറച്ച ധാരണകളാണ്‌. ശശി തരൂരിനെ പോലുള്ളവര്‍ ചിലപ്പോഴെങ്കിലും വിളിച്ചു പറഞ്ഞിട്ടുള്ളത്‌ ഈ പൊതുബോധമാണ്‌. അവര്‍ക്ക്‌ ഇസ്രയേലിന്റെ ബോംബുകളെക്കാള്‍ ഭീകരവും മാരകവും ഫലസ്‌തീനികളുടെ കല്ലേറാണ്‌. പതിനഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മോസ്റ്റ്‌ ടെയ്‌ഞ്ചറസ്‌ സ്ഥാനാര്‍ത്ഥിയായ ശശിതരൂരിന്റെ കുപ്രസിദ്ധമായ ഇസ്രയേല്‍ അനുകൂലലേഖനം വേണ്ടവിധം വിശകലനം ചെയ്യപ്പെടാതെ പോയതിന്റെ അനേകം കാരണങ്ങളിലൊന്ന്‌ മേല്‍പറഞ്ഞ പൊതുബോധത്തിന്റെ ശക്തമായ മേല്‍ക്കോയ്‌മ മൂലം കൂടിയാണ്‌.

മഅ്‌ദനി എന്ന ഇരഅബ്‌ദുന്നാസര്‍ മഅ്‌ദനിയുടെയോ പിഡിപിയുടെയോ ആശയാദര്‍ശങ്ങളുമായി യോജിപ്പുള്ള ആളല്ല ഈ ലേഖകന്‍. ചില കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ എതിര്‍ചേരിയിലുമാണ്‌. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ മഅ്‌ദനിയുടെയും പിഡിപിയുടെയും ആശയാദര്‍ശങ്ങള്‍ എന്റെ വിഷയമല്ല. അതേസമയം, മഅ്‌ദനി ഒഴിവാക്കാനാവാത്ത വിഷയമാണ്‌, പഴയശൈലിയില്‍നിന്ന്‌ പൂര്‍ണമായി പിന്‍വാങ്ങി എന്ന്‌ പറയുന്ന മഅ്‌ദനിയോട്‌, `സോറി നിങ്ങള്‍ മാറിയിട്ടില്ല, മാറിയിട്ടില്ല' എന്നാവര്‍ത്തിക്കുന്ന മുഖ്യധാരാ പാര്‍ട്ടികളുടെയും മാധ്യമങ്ങളുടെയും പല്ലവി വിശകലന വിധേയമാക്കേണ്ടതുണ്ട്‌. മഅ്‌ദനിയുടെ ഒമ്പതര വര്‍ഷത്തെ ജയില്‍വാസത്തിന്‌ ശേഷമുള്ള, മാനസാന്തരപ്പെടുകയും പഴയ പാളിച്ചകള്‍ ഏറ്റുപറഞ്ഞ്‌ മുഖ്യധാരയോടൊപ്പം നിലകൊള്ളുകയും ചെയ്യുന്ന പുതിയകാലം തീര്‍ച്ചയായും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്‌. എന്നാല്‍ പ്രശ്‌നം ഇതൊന്നുമല്ല. മഅ്‌ദനി പിന്‍തുണച്ചത്‌ ഇടതുപക്ഷത്തെയാണ്‌. അദ്ദേഹം എതിര്‍ക്കുന്നത്‌ സംഘ്‌പരിവാറിനെയും ആഗോള സാമ്രാജ്യത്വത്തെയും അവരുടെ ഇന്ത്യന്‍ ദല്ലാളുകളെയുമാണ്‌. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ മാനസാന്തരം സ്വീകാര്യമല്ല എന്നാണ്‌ സവര്‍ണ മുഖ്യധാരാ മാധ്യമങ്ങളുടെയും വലതുപക്ഷ പാര്‍ട്ടികളുടെയും നിലപാട്‌. മഅ്‌ദനി സാമ്രാജ്യത്വ വിരുദ്ധ നിലപാട്‌ മാറ്റി, ഹിന്ദുത്വത്തോട്‌ മൃദുസമീപനം സ്വീകരിച്ച്‌ വലത്തോട്ട്‌ ചാഞ്ഞിരുന്നെങ്കില്‍ മഅ്‌ദനി ഇപ്പോള്‍ ആരാകുമായിരുന്നു? മതേതരത്വത്തിന്റെ മിശിഹാപട്ടം സ്വയം അലങ്കരിക്കുന്നവര്‍ അദ്ദേഹത്തെ തോളിലേറ്റുമായിരുന്നില്ലേ? അദ്ദേഹം സുചിന്തിതമായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇടതുപക്ഷത്തെ പിന്തുണച്ചതല്ലേ വീണ്ടും ഭീകരവാദിയും തീവ്രവാദത്തിന്റെ ഹോള്‍സെയിലറുമാവാന്‍ കാരണം?തൊണ്ണൂറുകളില്‍ ഇന്ദിരയേയും രാജീവിനേയും സോണിയയേയും അധിക്ഷേപിച്ച്‌ ഗ്രന്ഥരചന നടത്തിയ ശശി തരൂരിന്റെ നിലപാടുകളെ മറക്കാന്‍ (ഗ്രന്ഥങ്ങള്‍ ഇപ്പോഴും നിലനില്‍ക്കെ തന്നെ) കോണ്‍ഗ്രസിനും രമേശ്‌ ചെന്നിത്തലക്കും കഴിയും. പറഞ്ഞതൊന്നും ഇപ്പോഴും തള്ളിപ്പറഞ്ഞിട്ടില്ലെങ്കിലും തരൂര്‍ അവര്‍ക്ക്‌ മികച്ച സ്ഥാനാര്‍ത്ഥിയുമാണ്‌. എന്നാല്‍ കോണ്‍ഗ്രസിന്റെ ഒത്താശയോടെ ബാബരി മസ്‌ജിദ്‌ തച്ചുതകര്‍ത്ത 1992ല്‍ സംഘ്‌പരിവാറിനെതിരെ മഅ്‌ദനി നടത്തിയ പ്രസംഗങ്ങള്‍ രമേശ്‌ ചെന്നിത്തലക്ക്‌ മറക്കാനാവുന്നില്ല. മാറിയ മഅ്‌ദനിയെ കാണുമ്പോഴെല്ലാം പഴയഓര്‍മകള്‍ തികട്ടിവരുന്നതിന്റെ പിന്നിലെ രാഷ്‌ട്രീയം തുറന്നുകാട്ടപ്പെടേണ്ടതുണ്ട്‌.

നാം ചോദിക്കുവാന്‍ മറന്നുപോയ ഒരു പ്രധാനചോദ്യം `മാനസാന്തരപ്പെട്ടു' എന്നതിന്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കേണ്ടത്‌ ആരാണ്‌? സംഘ്‌പരിവാറാണോ? രമേശ്‌ ചെന്നിത്തല അടക്കമുള്ള സവര്‍ണ മേധാവികളാണോ? സവര്‍ണമേല്‍ക്കോയ്‌മയല്ല, മതേതരസമൂഹമാണ്‌ അദ്ദേഹത്തെ സ്വീകരിക്കേണ്ടത്‌. ജയില്‍മോചിതനായി വന്നപ്പോള്‍ അദ്ദേഹത്തോടൊപ്പം വേദി പങ്കിട്ടുകൊണ്ട്‌ ഇടതു വലതു മതേതര പ്രസ്ഥാനങ്ങളില്‍പെട്ടവര്‍ അതു ചെയ്‌തിട്ടുമുണ്ട്‌. അദ്ദേഹത്തിന്റെ വേദനകളില്‍ പങ്കുകൊണ്ടിട്ടുണ്ട്‌. മാറിയ മഅ്‌ദനിയെ അന്നാരും പഴയത്‌ പറഞ്ഞ്‌ ആക്രമിച്ചിട്ടുമില്ല. മാറിയ മഅ്‌ദനിക്ക്‌ താന്‍ സ്വീകരിക്കുന്ന മതേതര ജനാധിപത്യ നിലപാടിന്‌ ഏറ്റവും അനുയോജ്യം ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്‌ എന്ന തിരിച്ചറിവുണ്ടായതാണ്‌ പുതിയ അസ്‌ക്യതക്ക്‌ ഹേതു. അതോടെ സവര്‍ണ മുഖ്യധാരയുടെ നെറ്റി ചുളിഞ്ഞു. മഅ്‌ദനി ജയിലിലായിരുന്ന കാലത്തും മോചിതനായ നാളുകളിലും സംഘ്‌പരിവാര്‍ ശക്തികള്‍മാത്രം അദ്ദേഹത്തിനെതിരെ വിഷനാവുകള്‍ കൊണ്ട്‌ ചൊരിഞ്ഞ അപവാദങ്ങളെല്ലാം സവര്‍ണ മാധ്യമങ്ങളുടെയും പാര്‍ട്ടികളുടെയും വാദമുഖങ്ങളായി മാറി. സംഘ്‌പരിവാറിനും സവര്‍ണ പൊതുബോധത്തിനുമിടയിലെ അതിര്‍വരമ്പ്‌ എത്രമാത്രം നേര്‍ത്തതാണ്‌ എന്ന്‌ ഇതിലൂടെ വായിച്ചെടുക്കാവുന്നതാണ്‌. വലതുപക്ഷത്തിനും സവര്‍ണഫാസിസത്തിനും ആശ്ലേഷബദ്ധരാവാന്‍ എത്ര എളുപ്പമാണെന്ന്‌ മഅ്‌ദനി എന്ന പ്രതീകം കാണിച്ചുതന്നു.

മാനസാന്തരപ്പെട്ടു എന്നു വിളിച്ചുപറഞ്ഞ രാമന്‍പിള്ള എന്തുകൊണ്ട്‌ മഅ്‌ദനിയോളം ആക്രമിക്കപ്പെട്ടില്ല. രാമന്‍പിള്ള പണ്ട്‌ വര്‍ഗീയവാദിയായിരുന്നു എന്നും ഇന്ന്‌ മതേതര ചേരിയോടൊപ്പമാണെന്നും സമ്മതിക്കുന്ന പൊതുസമൂഹം രാമന്‍പിള്ള പണ്ടുള്‍പ്പെട്ടിരുന്ന മാനസാന്തരപ്പെടാത്ത ബിജെപി നേതാക്കളെ എന്തുകൊണ്ട്‌ വര്‍ഗീയവാദികള്‍ എന്ന്‌ വിളിക്കാന്‍ ധൈര്യപ്പെടുന്നില്ല? ഒ രാജഗോപാലിനെയും കൃഷ്‌ണദാസിനെയും എന്തുകൊണ്ട്‌ പൊതുമണ്‌ഡലത്തില്‍ അയിത്തം കല്‍പ്പിച്ച്‌ മാറ്റിനിര്‍ത്തുന്നില്ല? മുഖ്യധാരാ പത്രങ്ങള്‍ മുമ്പ്‌ പി പരമേശ്വരനെ ബുദ്ധിജീവിയാക്കി മാറ്റിയതുപോലെ അഡ്വ. പിഎസ്‌ ശ്രീധരന്‍പിള്ള എന്ന കാവി രാഷ്‌ട്രീയ നേതാവിന്‌ പേജുകളും സ്റ്റേജുകളും അനുവദിച്ച്‌ പൊതുമണ്‌ഡലത്തിലേക്ക്‌ ആനയിക്കുമ്പോള്‍ എന്തുകൊണ്ട്‌ ആരും അസ്വസ്ഥരാവുന്നില്ല? കാരണം വ്യക്തം. ഇവരാരും മതന്യൂനപക്ഷങ്ങളിലോ ദലിതുകളിലോ പെട്ടവരല്ല. സവര്‍ണമേധാവികളാണ്‌. പോതുബോധം സവര്‍ണ മേല്‍ക്കോയ്‌മക്ക്‌ അനുകൂലവും അതിനു പുറത്തുള്ളവര്‍ക്ക്‌ എതിരുമാണ്‌. വ്യക്തമായിപ്പറഞ്ഞാല്‍ സവര്‍ണപൊതുബോധമാണ്‌ നമ്മുടെ മേല്‍ക്കോയ്‌മാ സംസ്‌കാരം. മഅ്‌ദനിക്ക്‌ അവരുടെ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുക ഒരിക്കലും സാധ്യമല്ല. അതിനുവേണ്ടി എവിടെയെങ്കിലും അപേക്ഷ നല്‍കി കാത്തിരിക്കുന്ന വ്യക്തിയുമല്ല മഅ്‌ദനിമഅ്‌ദനിയെ സമുദായം വേട്ടയാടിയ വിധംസവര്‍ണ മീഡിയയെ ചാണിന്‌ ചാണായും മുഴത്തിന്‌ മുഴമായും അനുകരിക്കുക എന്നത്‌ മുസ്‌ലിം മീഡിയയുടെ പതിവുരീതിയാണ്‌. എന്നാല്‍ ഒറ്റുകാരുടെ റോളിലെത്തുമ്പോള്‍ കേരളത്തിലെ മുസ്‌ലിം പത്രമാസികള്‍ക്ക്‌ കൈവിറക്കാറുണ്ട്‌. പദപ്രയോഗങ്ങളിലും ടെര്‍മിനോളജിയിലും ബദല്‍ അന്വേഷിക്കാന്‍ പുതിയ ചില പത്രങ്ങളെങ്കിലും തുനിഞ്ഞത്‌ സമീപകാലത്താണ്‌. ഭീകരവാദി, തീവ്രവാദി തുടങ്ങിയ പ്രയോഗങ്ങള്‍ക്ക്‌ പകരം പോരാളികള്‍ എന്ന്‌ പ്രയോഗിക്കുന്ന മുസ്‌ലിം പത്രങ്ങള്‍ പോലുമുണ്ട്‌. ഇതൊക്കെ ഫലസ്‌തീന്‍, ചെച്‌നിയ, ഇറാഖ്‌, ഇറാന്‍ തുടങ്ങിയ രാജ്യക്കാര്‍ക്ക്‌ മാത്രം ബാധകമായ കാര്യം. കണ്‍മുമ്പിലുള്ള മഅ്‌ദനി ചിലപ്പോഴെങ്കിലും തീവ്രവാദിയാണ്‌.

മഅ്‌ദനിക്കെതിരെ സവര്‍ണമീഡിയ ആവര്‍ത്തിക്കുന്ന കള്ളക്കഥകള്‍ അവരും നൂറ്റൊന്നാവര്‍ത്തിക്കുന്നു. മഅ്‌ദനിയെ കോടതി കുറ്റവിമുക്തനാക്കിയിട്ടും സമുദായപ്പത്രങ്ങള്‍ സംഘ്‌പരിവാറിനൊപ്പം പഴയത്‌ ആവര്‍ത്തിക്കുന്നു. വസ്‌തുതാപരമായി തെളിയിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ പത്രത്താളുകളിലെ കാര്‍ട്ടൂണ്‍ ആഭാസങ്ങളിലൂടെ പരിഹാസ്യമായി ചിത്രീകരിച്ചുകൊണ്ട്‌ സ്വന്തം മുഖത്തേക്കുതന്നെ കാര്‍ക്കിച്ചു തുപ്പുന്നു.ഏപ്രില്‍ 3-ാം തിയ്യതി ചന്ദ്രികാ പത്രത്തില്‍ പ്രസിദ്ധീകരിച്ച `നാട്ടിലെങ്ങും ഫ്‌ളാഷായി' എന്ന കാര്‍ട്ടൂണ്‍ എന്തുതരം രാഷ്‌ട്രീയത്തിന്റെ പേരിലായാലും പ്രതിലോമപരമാണ്‌. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ നേതാവ്‌ എന്ന നിലയ്‌ക്ക്‌ മഅ്‌ദനിയെ എതിര്‍ക്കാന്‍ ആര്‍ക്കും അര്‍ഹതയുണ്ട്‌. കാര്‍ട്ടൂണിസ്റ്റുകള്‍ക്ക്‌ ആത്മാവിഷ്‌കരണം നടത്താന്‍ തീര്‍ച്ചയായും സ്വാതന്ത്ര്യം അനുവദിക്കേണ്ടതുമാണ്‌. ജമാല്‍ കൊച്ചങ്ങാടിയുടെ ഭാഷയില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ``നേരുപറയുന്ന നുണയന്മാരാണ്‌'' പ്രവചന സ്വഭാവമുള്ള നിരവധി കാര്‍ട്ടൂണുകള്‍ പ്രതിഭാധനന്മാരായ കാര്‍ട്ടൂണിസ്റ്റുകള്‍ മുമ്പ്‌ വരച്ചതായി നമുക്കറിയാം. എന്നാല്‍ അവയെ വിശകലനം ചെയ്യാനും പ്രതിലോമപരമായിത്തന്നെ തുറന്നുകാട്ടാനും ആര്‍ക്കും അവകാശമുണ്ട്‌. ഈ കാര്‍ട്ടൂണ്‍ പ്രക്ഷേപിക്കുന്ന ആശയ പരിസരം സവര്‍ണഫാസിസത്തിന്റേതാണ്‌. താടിയും തൊപ്പിയുമുള്ള ഒരാള്‍ ടിവിക്കുള്ളില്‍ നിന്നുകൊണ്ട്‌ (വാര്‍ത്താ സമ്മേളനത്തിലോ പ്രസംഗത്തിലോ മറ്റോ നടത്തുന്ന ക്ഷമാപണമാണ്‌) പറയുന്ന ഡയലോഗാണ്‌: ``ബോംബ്‌ വെച്ചിട്ടുണ്ട്‌.. ബസ്‌ കത്തിച്ചിട്ടുണ്ട്‌... തെറ്റുപറ്റി... മാപ്പ്‌ മക്കളേ..'' എന്ന വിളിയില്‍ നിന്ന്‌, പറയുന്ന ആള്‍ മഅ്‌ദനിയാണെന്ന്‌ വ്യക്തമാണ്‌. ടിവിയുടെ പുറത്ത്‌ ഒരു ഭാഗത്ത്‌ ഇതേ തൊപ്പിയും താടിയുമുള്ള വ്യക്തിയും മറുഭാഗത്ത്‌ കണ്ണുകള്‍ മാത്രം പുറത്തു കാണിച്ചുകൊണ്ട്‌ ഹിജാബ്‌ ധരിച്ച ഒരു സ്‌ത്രീയുമുണ്ട്‌. മഅ്‌ദനിയും ഭാര്യ സൂഫിയയുമാണ്‌ ഇവരെന്ന്‌ വ്യക്തം. ``മാധ്യമങ്ങളേ.. തെണ്ടികളെ'' എന്ന ഫ്‌ളാഷ്‌ വാര്‍ത്ത ടിവിക്കടിഭാഗത്തിലൂടെ ഒരു നീണ്ടപേപ്പറിലൂടെ മഅ്‌ദനി കടത്തിവിടുന്നു. സൂഫിയ അത്‌ വലിച്ചെടുക്കുന്നു. ഇതാണ്‌ കാര്‍ട്ടൂണ്‍.

ചോദ്യം ഇതാണ്‌. മഅ്‌ദനി ബോംബ്‌ വെച്ചു എന്ന്‌ കോടതികള്‍ തെളിയിച്ചിട്ടുണ്ടോ? മഅ്‌ദനി അത്തരമൊരു ക്ഷമാപണം നടത്തിയിട്ടുണ്ടോ? ബസ്‌ കത്തിച്ചതില്‍ മഅ്‌ദനിയോ സൂഫിയയോ പ്രതിയാണോ? ഇവയൊക്കെ ചെയ്‌തു കൊണ്ടിരിക്കുന്നവര്‍ സംഘ്‌പരിവാര്‍ ശക്തികള്‍ അല്ലേ?കേരള ചരിത്രത്തില്‍ ആദ്യമായി ബസ്സുകത്തിക്കല്‍ നടന്നത്‌ കളമശ്ശേരിയിലാണോ? ബന്ദുദിനങ്ങളില്‍ ബസ്സു കത്തിക്കാത്ത എത്ര പാര്‍ട്ടികള്‍ കേരളത്തിലുണ്ട്‌? ബസ്സുകത്തിക്കുന്നവരെല്ലാം ഭീകരരാണോ? സംഘ്‌പരിവാര്‍ മുസ്‌ലിംകള്‍ക്ക്‌ എതിരെ ആവര്‍ത്തിക്കുന്ന കള്ളക്കഥകള്‍ മുസ്‌ലിംപത്രങ്ങള്‍ ആവര്‍ത്തിക്കേണ്ടതുണ്ടോ?

കാര്‍ട്ടൂണില്‍ ഉപയോഗിച്ച ചിഹ്നങ്ങളാണ്‌ പ്രശ്‌നം. സൂഫിയയുടെ രൂപം, അബോധപൂര്‍വ്വം സാമാന്യവത്‌കരിച്ചുകൊണ്ടിരിക്കുന്ന ഭീകരതയുടെ അടയാളങ്ങളായ മഅ്‌ദനിയുടെ താടി, തലപ്പാവ്‌... `മഅ്‌ദനിയുടെ താടിക്കുള്ളില്‍ ഒളിപ്പിക്കാന്‍ കഴിയുന്നതല്ല ലാവ്‌ലിന്‍ കേസ്‌' എന്ന ഒരു രാഷ്‌ട്രീയ നേതാവിന്റെ പ്രസ്‌താവനയും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്‌. `താടിക്കുള്ളില്‍' എന്നതിന്റെ അര്‍ത്ഥതലം എന്താണ്‌? ഭീകരതയുടെ മറവില്‍ എന്നുതന്നെയല്ലേ?അബോധപൂര്‍വ്വമാവാം ഇത്തരം പ്രയോഗങ്ങള്‍. തീര്‍ച്ചയായും ഇവ സഹായിക്കുന്നത്‌ സവര്‍ണ ഫാസിസത്തെയാണ്‌. ആത്യന്തികമായി മഅ്‌ദനിയും ചന്ദ്രികയും ഉള്‍പ്പെട്ട സമുദായം ആയിരം തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നതിലും ഭീകരമാണ്‌ സാംസ്‌കാരിക രംഗത്തെ ഫാസിസത്തിന്റെ മേല്‍ക്കോയ്‌മക്ക്‌ തലവെച്ചുകൊടുക്കല്‍. തിരഞ്ഞെടുപ്പില്‍ ജയിച്ചാലും തോല്‍പ്പിക്കാനാവാത്തതാണ്‌ സവര്‍ണമേല്‍ക്കോയ്‌മയുടെ അധിശ്വാധിപത്യം. ഫാസിസത്തിന്റെ ഇരകളായ മുസ്‌ലിംകള്‍ വേട്ടക്കാരനെയും ഇരകളെയും തിരിച്ചറിയുന്നതില്‍ എവിടെയൊക്കെയോ പരാജയപ്പെടുകയും സവര്‍ണ ഭീകരതയ്‌ക്ക്‌ മുമ്പില്‍ തലകുനിച്ചു കൊടുക്കുകയും ചെയ്യുന്ന ചിത്രം ഈ തെരഞ്ഞെടുപ്പിലെ ദയനീയ ദൃശ്യമാണ്‌. ശശി തരൂരിനെ എതിര്‍ക്കുന്നതിന്‌ ഉപയോഗിച്ച ഊര്‍ജത്തേക്കാള്‍ എത്രയോ കൂടുതല്‍ അബ്‌ദുന്നാസിര്‍ മഅ്‌ദനിയെ ആക്രമിക്കുന്നതിന്ന്‌ ഉപയോഗിക്കപ്പെട്ടു. അങ്ങനെ മഅ്‌ദനി സമം ഭീകരത എന്ന സംഘ്‌പരിവാര്‍ വാദം അരക്കിട്ടുറപ്പിക്കുന്നതിന്‌ സമുദായ പത്രങ്ങള്‍ പോലും കൂട്ടുനിന്നു. സമുദായത്തെയും രാജ്യത്തെയും ബാധിക്കുന്ന മുഖ്യവിഷയങ്ങള്‍ മറച്ചുവയ്‌ക്കേണ്ടത്‌ ആരുടെയൊക്കെ ആവശ്യമായിരുന്നുവോ അതു വിജയിക്കുകയും ചെയ്‌തു. അങ്ങനെ ഒരിക്കല്‍ കൂടി നാം ഒരു തോറ്റ ജനതയാണെന്ന്‌ തെളിയിക്കപ്പെട്ടു.
published in http://www.risalaonline.com/
link here

1 comment:

prachaarakan said...

മാസ്‌ കമ്യൂണിക്കേഷനും മനഃശാസ്‌ത്രവും' എന്ന പ്രബന്ധത്തില്‍ ഉബര്‍ട്ടോ എക്കോ ദൃശ്യശ്രാവ്യ മാധ്യമങ്ങള്‍ രൂപകങ്ങളേയും വാര്‍പ്പു മാതൃകകളേയും സൃഷ്‌ടിക്കുന്നതിനെപ്പറ്റി പറയുന്നുണ്ട്‌. അതിലെ ശ്രദ്ധേയമായ ഒരു നിരീക്ഷണം ഇങ്ങനെയാണ്‌: ഒരേ കാര്യം പലതവണ ദൃശ്യശ്രാവ്യമാധ്യമങ്ങളിലൂടെ കാണുകയോ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ നമ്മുടെ അബോധതലത്തില്‍ ഒരു `സബ്‌ലിമിനല്‍ ക്യൂസ്‌' ഉണ്ടാകുന്നു.

തുടർന്ന് വായിക്കുക ഡോ.അസീസ് തരുവണയുടെ ലേഖനം : ചന്ദികയുടെ സവർണഭാഷ്യങ്ങൾ